മഴപോൽ : ഭാഗം 23
നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ
സ്ക്രീൻ ഓഫായി… പ്രിയാ… കിച്ചു നേർത്ത തേങ്ങലോടെ ഉരുവിട്ടു….
ഗൗരി മോളെയുമെടുത്ത് തറഞ്ഞു നിന്നുപോയി…. കിച്ചുവിന്റെ മുഖത്തെ ഭാവമപ്പോൾ ആർക്കും മനസിലാക്കാനായില്ല….
കിച്ചുവേട്ടാ…. തോളിൽ കൈവച്ച് ഗൗരി വിളിച്ചപ്പോൾ അവൻ പതിയെ അത് എടുത്തുമാറ്റി നേരെ നടന്നുപോയി…
ഗൗരി നിർവികാരയായി നിന്നു…. പിന്നെ അമ്മൂട്ടിയെ എടുത്ത് ആരെയും നോക്കാതെ പിന്നാലെ നടന്നു….
റിസെപ്ഷനിൽന്ന് കീ വാങ്ങി അവൻ റൂമിൽ കയറി കതകടച്ചു…
ഗൗരി കുറച്ച് നേരം കതകിനുമുന്നിൽ നിന്നു….. ഉള്ളിൽ നിന്നുള്ള കിച്ചുവിന്റെ തേങ്ങൽ ഗൗരിടെ കണ്ണുകളെ ഈറനാക്കാൻ തുടങ്ങിയിരുന്നു……
കിച്ചുവേട്ടാ…. കിച്ചുവേട്ടാ…. കതക് തുറക്ക്
കിച്ചുവേട്ടാ….
അച്ഛേ….. അച്ഛേ…. അമ്മൂട്ടിയും കുഞ്ഞുകൈകൾ തട്ടി വിളിച്ചോണ്ടിരുന്നു…
ഗൗരി….
അവൻ കുറച്ച് നേരം ഒറ്റയ്ക്കിരുന്നോട്ടെ….
നീ ഇത് മോൾക്ക് കൊടുക്ക് വിശക്കുന്നുണ്ടാകും…. അടച്ചിട്ട കതകിലേക്ക് തന്നെ നോക്കി നിൽക്കുന്ന ഗൗരിയുടെ കയ്യിൽനിന്നും ശരൺ അമ്മൂട്ടിയെ വാങ്ങി ദയയെ ഏല്പിച്ചു….
ഗൗരി വാ… എനിക്ക് കുറച്ച് സംസാരിക്കണം…
ശരണേട്ടാ….
വാ ഗൗരീ….
ഇരിക്ക് നീ…. അവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ അവന്റെ പ്രിയയെ കുറിച്ച്…..???
ഗൗരി ശരണിനെ നോക്കി നിർവികാരയായിത്തന്നെ ഇല്ലാന്ന് തലയനക്കി…..
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
പ്രിയാ… പ്രിയ അലക്സാണ്ടർ… ഒരു കോട്ടയംകാരി തനി അച്ചായത്തി കൊച്ച്….
ഡിഗ്രിക്ക് SN ൽ പടിക്കുമ്പോഴാണവൾ ഞങ്ങളിലേക്ക് എത്തിച്ചേർന്നത്….
അന്ന് നിന്റെ കിച്ചുവേട്ടൻ സാരംഗ് ചന്ദ്രദാസ് കോളേജിന്റെ റാങ്ക് സ്വപ്നം ആയിരുന്നു.. പോരാത്തതിന് ഒരു കിടിലം ഗായനകനും..
ഇത്രയും പോരെ കോളേജിലെ പെൺപിള്ളേർ മൊത്തം അവന്റെ ആരാധകരായിരുന്നു…
ഒരു കോളേജ് ആർട്സിന്റെ അന്നാണ് പ്രിയയെ ഞങ്ങൾ ശ്രദ്ധിക്കുന്നത്…
അന്നും പതിവുപോലവൻ അവന്റെ മാസ്റ്റർപീസ് “നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ” പാട്ട് പാടുകയായിരുന്നു…
ഓഡിറ്റോറിയം മൊത്തം നിശബ്ദമായി ഇരുന്ന് അതിൽ ലയിച്ച് മറ്റേതോ ലോകത്തായിരുന്നു….
പെട്ടന്നായിരുന്നു പിന്നിൽനിന്നും ഒടുക്കത്തെ കൂക്കി വിളി…
“കൂ… ക്കൂ… കൂയ്….. പാട്ട് മാറ്റി പാടേടോ മാഷേ…
പ്രിയ അടങ്ങി നില്കക്കെടി ഒന്ന് ….
ഒന്ന് മിണ്ടാതിരിക്കെടി ഇവനിതെന്തോന്നാ ഈ പാടണെ…
ചേട്ടാ വല്ല ധപ്പാൻ കൂത്തും പാടെടോ… ”
പാട്ട് നിർത്തി കിച്ചു പ്രിയയെ നോക്കി എല്ലാവരും അവളെ ഒരു അത്ഭുത ജീവിയെപ്പോലെ നോക്കികൊണ്ടിരിക്കുകയായിരുന്നു…..
ഡാ ഗായകാ തന്നോട് പാട്ട് മാറ്റി പിടിക്കാൻ… അവള് അലച്ചുകൂവി….
പിന്നെ അവിടന്ന് മൊത്തം ഒരു ഇളകിമറിയൽ ആയിരുന്നു….
ഇവളാണെങ്കിൽ നോൺ സ്റ്റോപ്പ് തുള്ളലും ആർപ്പും കൂക്കി വിളിയും…
ഇന്നുവരെ ഞങ്ങളാരും കാണാത്ത ഒരു മോഡൽ സാധനം…..
പാടികഴിയുന്നതുവരെ കിച്ചു അവളിലായിരുന്നു… “പ്രിയ അലക്സാണ്ടറിൽ…. ”
പിന്നെ കാണുമ്പോഴൊന്നും ഇവള് ആലുവ മണപ്പുറത്തുവച്ച് കണ്ട പരിജയം കാണിക്കില്ല….
ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് ഇറങ്ങുമ്പോളൊക്കെ ഇവളെ ഇവള്ടെ ക്ലാസിനു പുറത്ത് കാണാം അകത്തെന്തേലും കുരുത്തക്കേട് ഒപ്പിച്ച് വച്ച് സർ പിടിച്ച് പുറത്താക്കും…
ഞങ്ങൾ അവൾടെ മുന്നിലൂടെ പോകുമ്പോ ഏറുകണ്ണിട്ടൊരു നോട്ടമുണ്ടവൾക്ക് കിച്ചു എന്നും നിറഞ്ഞ പുഞ്ചിരിയോടെ ആസ്വദിക്കുന്ന ഒരു നോട്ടം…..
ടാ ശരണെ…. എനിക്കവളെയങ്ങ് വല്ലാതെ ഇഷ്ടായി..
ഏതവളെ…???
ദേ പുറത്ത് നിന്ന് മാനത്തോട്ട് നോക്കുന്നില്ലേ അവളെ….
അത്രേള്ളൂ….???
ഡീ കൊച്ചേ… നിന്നോടിതാ ഈ ഭാവഗായകന് മുടിഞ്ഞ പ്രേമമാണെന്ന്…..
കേൾക്കേണ്ട താമസം അവള് ചാടിത്തുള്ളി വന്നു….
ഏഹ് ആണോ…??? ശെരിക്കും….?? ആ പിന്നെ എനിക്കെ രണ്ട് തടിമാടന്മാരായ ഇച്ചായന്മാരുണ്ട്…. പോരാത്തേന് അവരെ വളർത്തി ആ കോലത്തിൽ എത്തിച്ച ഒരു അപ്പയും…. താൻ തല്ലുകൊള്ളാൻ റെഡിയാണെങ്കിൽ ഞാനും റെഡി…
എന്തിന്… ശരൺ കണ്ണുമിഴിച്ചുകൊണ്ട് ചോദിച്ചു…
തല്ലുകൊള്ളാൻ തന്നെ വേറെന്തിനാ.. അവന്റെ വയറിനിട്ടൊന്ന് കിഴുക്കിക്കൊണ്ടവൾ പറഞ്ഞു… കിച്ചു ഇതെല്ലാം പുഞ്ചിരിയോടെ ചുമര് ചാരി നിന്ന് നോക്കികൊണ്ടിരുന്നു….
ടോ ഭാവഗായകാ തന്നോട്… തല്ല് കൊള്ളാൻ റെഡി അല്ലേന്ന്…??? മറുപടിയായവൻ പ്രിയയെ ഒരുവലിക്ക് നെഞ്ചോട് ചേർത്തു…
അയ്യടാ… അതൊക്കെ ആവാം അതിനുമുൻപ് എനിക്കൊരു കാര്യം പറയാനുണ്ട്…
അന്ന് പാടിയില്ലേ ആർട്സ് ഡേയ്ക്ക് അമ്മാതിരി പാട്ട് പാടിയാൽ കാമുകനാണ് കെട്യോനാണ്
എന്നൊന്നും നോക്കൂല ഞാൻ ഇനിയും ചറപറാ കൂക്കി വിളിക്കും ഓക്കെ അല്ലേ….???
ചുണ്ട് കടിച്ച് പിടിച്ച ചിരിയുമായവൻ തലയൊന്നനക്കി…
എന്നാ പിടിച്ചോ….
എന്ത്….???
കെട്ടിപിടിച്ചോ മനുഷ്യാ…….
അന്ന് അവിടെ നിന്ന് തുടങ്ങുകയായിരുന്നു ആ തലതെറിച്ചവളോടുള്ള അവന്റെ പ്രണയം….
മലയാള അക്ഷരം എഴുതാനും വായിക്കാനും അറിയാത്ത അവളെ അത് പഠിപ്പിച്ചും, പെണ്ണിന്റെ കോലത്തിൽ കാണാനുള്ള മോഹം കൊണ്ട് സാരിയും ചുരിദാറും മേടിച്ചു കൊടുത്തും, അവൻ ആർട്സന് മനഃപൂർവ്വം അവളെ വെറുപ്പിക്കാൻ വേണ്ടി കണ്ട മേലോഡീസ് ഒക്കെ പാടും അവളാണേൽ അലച്ചുകൂവി കൂക്കുവിളിക്കും അങ്ങനെ 24 മണിക്കൂറും തമ്മിൽ തമ്മിൽ വെറുപ്പിച്ച് സ്നേഹിക്കുന്ന രണ്ട് സാധനങ്ങൾ….,
ഞങ്ങൾക്കെല്ലാം എന്തോ ഒരു കൗതുകമായിരുന്നു അവര് രണ്ടുപേരും….
ഞങ്ങൾ കോളേജ് ഒക്കെ കഴിഞ്ഞ് MBA യ്ക്ക് ചേർന്നപ്പോഴേക്കും അവൾക്ക് അവളുടെ അപ്പനും ഇച്ചായന്മാരും പറ്റിയ ഒരു മണവാളനെ തേടി തുടങ്ങിയിരുന്നു…
കുറെ അത് എങ്ങനെയൊക്കെയോ പിടിച്ചു നിന്നു… ഒ
ടുക്കം ഞങ്ങൾ MBA കഴിഞ്ഞ് കിച്ചു ഇന്ന് ഈ കാണുന്ന സ്ഥാപനം ഒന്ന് തുടങ്ങി വച്ച സമയത്താണവൾ…
നട്ടപ്പാതിരയ്ക്ക് ശ്രീനിലയത്തിന്റെ കതകിൽ മുട്ടുന്നത്…
കതക് തുറന്ന അവന്റെ അമ്മയെ ഒന്ന് കെട്ടിപിടിച്ച് ഉമ്മവച്ചവൾ നേരെ അവന്റടുത്തേക്ക് ചെന്നു….
എന്നെക്കൊണ്ടെങ്ങും വയ്യ തല്ല് കൊണ്ട് അവിടെ കഴിയാൻ…
നീയൊന്ന് നോക്ക് കിച്ചാ… ഞാൻ 10 കിലോയ കുറഞ്ഞത്…
മേലാണെങ്കിൽ മൊത്തം അടിച്ചതിന്റേം നുള്ളിപൊട്ടിച്ചെന്റെയും പാടാ…
കുളിക്കുമ്പോ എന്ത് നീറ്റലാണെന്നോ… ഞാനിങ്ങ് പോന്നു… ഇനി നീയെന്നെ നോക്ക്… പോയ 10കിലോ എനിക്ക് തിരിച്ച് പിടിക്കണം….
ഇതൊക്കെ കേട്ട് കിളിപോയി നിൽക്കണ ഉഷാന്റിയോട് അവൻ കാര്യങ്ങളൊക്കെ പറഞ്ഞു…. പിറ്റേന്ന് രാവിലെ അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും രണ്ടിനെയും ആന്റി പിടിച്ചങ്ങ് കെട്ടിച്ചു ……
പ്രിയേടെ അച്ഛനും വീട്ടുകാരും കുറെ പ്രശ്നം ഉണ്ടാക്കിയെങ്കിലും അവള് ഇവന്റെ കൂടെ പോയാമതിയെന്ന് പറഞ്ഞതോടെ ആ പ്രശ്നം അന്നവിടെ അവസാനിച്ചു…
പിന്നെ അവന്റെ എല്ലാം എല്ലാമായിരുന്നു പ്രിയ…
ശ്രീനിലയം ഗ്രൂപ്പിനെ ഇന്ന് കാണുന്ന ഈ നിലയിലാക്കാൻ അവളെടുത്ത എഫേർട്ട് ചെറുതൊന്നുമല്ല….
അവന്റെ എല്ലാ ഉയർച്ചയിലും ഒപ്പം അവളായിരുന്നു…
അവന്റെ ലോകമേ അവളായിരുന്നു…
അവളെ ഇവിടെ ഇരുത്തി ലോകം ചുറ്റലും, അല്ലറ ചില്ലറ കള്ളത്തരവും ഒക്കെ അവനുണ്ടായിരുന്നു….
അതെല്ലാം കയ്യോടെ പിടിച്ച് കഴിയുമ്പോൾ ഇവിടെ ഒരു ഭൂകമ്പം നടത്തും ആ കുരുത്തംകെട്ടവള്….
വിവാഹം കഴിഞ്ഞ് 2 വർഷം ആയിട്ടും കുഞ്ഞുങ്ങൾ ആവാഞ്ഞപ്പോൾ… അവര് രണ്ടുപേരും മെന്റലി ഒന്ന് ഡൌൺ ആയിരുന്നു…
കമ്പനിക്ക് നല്ലൊരു ഓഫർ കിട്ടിയ സമയത്താണ് പ്രിയ അമ്മൂട്ടിയെ പ്രെഗ്നന്റ് ആണെന്ന് അറിയുന്നതും ആ സന്തോഷം അന്ന് ഞങ്ങൾ നടത്തിയ പാർട്ടിയിൽ വച്ച് അവനോട് പറഞ്ഞതും….
പിന്നെ പ്രിയയെ അവൻ അനങ്ങാൻ വിട്ടിട്ടില്ല… കുനിഞ്ഞൊരു ഇലപോലും എടുക്കാൻ സമ്മതിക്കില്ലായിരുന്നു…. ഒരുതരം വല്ലാത്ത കെയറിങ്….
അങ്ങനെ കാത്തിരിപ്പിനൊടുവിൽ അവരുടെ ഇടയിലേക്ക് അമ്മൂട്ടി വന്നു…
അവളുടെ ഒന്നാം വയസ്സിലെ ബെർത്ഡേയും ഗംഭീരമായി ആഘോഷിച്ചു പ്രിയ……
അതൊക്കെ കഴിഞ്ഞാണ് 6 മാസത്തേക്ക് വിദേശത്തുള്ള കമ്പനിയുമായി ഒരു ഡീലിനു അവനു അമേരിക്കയിലേക്ക് പോകേണ്ടതായി വന്നത്…
പോവാൻ ഇഷ്ടമില്ലാഞ്ഞിട്ടും പ്രിയേടെ നിർബന്ധത്തിനു വഴങ്ങിയാണവൻ അന്ന് പോകാൻ തീരുമാനിച്ചത്….
അമ്മൂട്ടിയെ ഉഷാന്റിടെ കയ്യിൽ ഏൽപ്പിച്ച് അവനെ അന്ന് എയർപോർട്ടിൽ ആക്കാൻ പോയതും പ്രിയ തന്നെ ആയിരുന്നു…..
മടങ്ങിയുള്ള യാത്രയിലാണ് ഒരു ടൂറിസ്റ്റ് ബസ് ഇടിച്ച് പ്രിയ ലോകത്തോട് വിടപറഞ്ഞത്…. നാലുവർഷത്തെ പ്രണയത്തിനും നാല് വർഷത്തെ ദാമ്പത്യത്തിനും ഒടുക്കം അവൻ വീണ്ടും തനിച്ചായി….
അന്ന് പ്രിയേടെ വീട്ടിൽനിന്നും ആരൊക്കെയോ വന്ന് വല്യ ബഹളം ഉണ്ടാക്കി ഇവന്റെ പീഡനം കാരണം അവള് ആത്മഹത്യ ചെയ്തതാണെന്നും, ഇവൻ കൊന്നതാണെന്നും ഒക്കെ ആരോപിച്ച് കുറേകാലം കോടതിയും പോലീസ്‌സ്റ്റേഷനും കയറി ഇറങ്ങി….
അമ്മൂട്ടിയെയും അവര് കൊണ്ടോവാൻ ശ്രമിച്ചു അതിനെ അവൻ നിയമപരമായി വാശിയോടെ നേരിട്ടു……
കുറച്ച് കാലം,മനോനില കൈവിട്ട് പോകുമെന്ന് കരുതി അവൻതന്നെ സ്വമേധയാ കൗൺസിലിംങ്ങിനും പോയി.. ഒരുതരം ഭ്രാന്തുപോലെ ആയിരുന്നു….
അവന്റെ തന്നെ ശ്രമം കൊണ്ടവൻ അവന്റെ ജീവിതം തിരിച്ചുപിടിച്ചു…
അവള് മരിച്ച് ഒരുവർഷം കഴിഞ്ഞ് കർമങ്ങളൊക്കെ കഴിഞ്ഞ് തിരിച്ചുവരുന്ന ആ യാത്രയിലായിരുന്നു നീ അവന്റെ ലൈഫിലേക്ക് കടന്ന് വന്നത്….
അവന്റെ പ്രിയപ്പെട്ടവൾ മരിച്ച് ഒന്നര വർഷമേ ആയിട്ടുള്ളു ഗൗരി അമ്മൂട്ടിക്ക് വേണ്ടി നിന്റെ കഴുത്തിലവൻ താലിചാർത്തുമ്പോൾ……
ശരൺ പറഞ്ഞവസാനിപ്പിച്ച് എഴുന്നേറ്റുപോകുമ്പോൾ ഗൗരി അനക്കമില്ലാതെ അവിടെത്തന്നെ ഇരുന്നു…
കണ്ണുനീർത്തുള്ളി നേർത്തമഴപോലെ കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങി….
ഗൗരീ… മോളുറങ്ങി…
കണ്ണുനീർതുടച്ചവൾ ദയേടെ കയ്യിൽനിന്നും മോളെ വാങ്ങി റൂമിലേക്ക് നടന്നു….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
അവനിതുവരെ കതക് തുറന്നില്ലേ…?? ശരൺ ചോദിച്ചപ്പോൾ ഗൗരി തലകുനിച്ചുകൊണ്ട് ഇല്ലായെന്ന് മൂളി…
ഒന്ന് തുറക്കാൻ പറ ശരണെട്ടാ….
എത്ര നേരായെന്നോ ഞാൻ വിളിക്കുന്നു… മോളെ എടുത്ത് നിന്നിട്ടെനിക്ക് കൈകടഞ്ഞിട്ട് വയ്യ… അവള് നിറകണ്ണുകളോടെ പറഞ്ഞു….
ശരൺ അമ്മൂട്ടിയെ അവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു…
കതകിൽ ആഞ്ഞടിച്ചു…
കിച്ചു കതക്‌തുറന്ന് നേരെ ബാൽക്കണിയിലേക്ക് നടന്നു…
ശരൺ മോളെ ഉള്ളിൽ കിടത്തി ഗൗരിയെ ഒന്ന് നോക്കി തിരികെ നടന്നു…..
കുറച്ച് നേരം കിച്ചുവിന്റെ പിറകിൽ പോയി നിന്നെങ്കിലും അവൻ തിരിഞ്ഞുനോക്കിയില്ല… തിരിഞ്ഞ് നടന്ന് അമ്മൂട്ടിടെ അരികിൽ പോയിരുന്നു…
അവളെ പുതപ്പിച്ച് ലൈറ്റണച്ച് അരികിൽ കിടക്കാൻ തുടങ്ങിയപ്പോഴേക്കും കിച്ചു അവളെ വിളിച്ചു…
ഗൗരീ…
മ്മ്ഹ്… കിടക്കാതെ തന്നെയവൾ നിവർന്നിരുന്നു… കിച്ചു പുറത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു….
ഞാൻ… ഞാനിന്ന് തനിച്ച് മോളോടൊപ്പം കിടന്നോട്ടെ…..???
ഗൗരി മനസിലാവാത്തതുപോലെ അവനെ നോക്കി…
താൻ വേറെ റൂമിൽ കിടക്കാമോ…??? അവനൊന്നുകൂടെ വ്യക്തമായി ചോദിച്ചു….
ഗൗരി ആദ്യമൊന്ന് ഞെട്ടി….
കരയില്ലെന്ന വാശിപോലെ അവള് സങ്കടം കടിച്ച് പിടിച്ച് ചിരിച്ചു….
അമ്മൂട്ടിയെ ഒന്ന് തലോടി നെറ്റിയിലും രണ്ട് കവിളിലും മാറി മാറി മുത്തിയവൾ കിടക്കയിൽനിന്നും എഴുന്നേറ്റു….
ഗൗരീ….
റൂമിന്റെ ലോക്ക് തുറക്കാൻ നേരം അവൻ വിളിച്ചു… നിർവികാരയായിത്തന്നെ തിരിഞ്ഞുനോക്കി… ഡ്രസിങ് ടേബിളിൽ അടുത്ത മുറിയുടെ കീ ഉണ്ട് …
കേട്ടയുടൻ ഉള്ളിലെ അടക്കിവച്ച സങ്കടം പുറത്തേക്ക് ചെറിയ വിങ്ങലായി വന്നു… വേഗത്തിൽ ചാവിയെടുത്തവൾ മുറിതുറന്നിറങ്ങി….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
കിടക്കയിലേക്ക് ചെന്ന് വീഴുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു..
“താൻ വേറെ റൂമിൽ കിടക്കാമോ” അവൻ പറഞ്ഞ വാക്കുകളവളുടെ കാതുകളിലൂടെ കുത്തിതുളച്ച് കയറാൻ തുടങ്ങി…
“എന്തിനാ കിച്ചുവേട്ടാ….” അവള് കഴുത്തിൽ കിടന്ന താലിയിൽ മുറുകെ പിടിച്ചു വിതുമ്പിക്കൊണ്ട് ചോദിച്ചു…
കണ്ണുനീർ തലയിണയെ നനച്ചു തുടങ്ങി… കുറച്ച് നേരം കഴിഞ്ഞെന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കണ്ണുനീർ തുടച്ചുമാറ്റി…
താലിമാലയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു….
ഇതേസമയം കിച്ചു പ്രിയയുടെ ഓർമകളിൽ ആയിരുന്നു….
അവളുടെ കളിയും ചിരിയും അവന്റെ അടച്ചുപിടിച്ച കണ്ണിനുമുന്പിൽ വ്യക്തതയിൽ തെളിഞ്ഞുവന്നു….
തുടരും…
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹