Saturday, April 27, 2024
Novel

വേളി: ഭാഗം 28

Spread the love

രചന: നിവേദ്യ ഉല്ലാസ്‌

Thank you for reading this post, don't forget to subscribe!

പ്രിയാ… നമ്മൾക്ക് കാലത്തെ മടങ്ങാം… തന്റെ ചെറിയമ്മയെ ഒന്ന് പോയി കാണണ്ടേ… ഇന്ന് കോവിലകത്തു എത്തിയിട്ട് മറ്റന്നാൾ നമ്മൾക്ക് തന്റെ വീട്ടിലേക്ക് പോകാം… എന്തെ… ” “ഒക്കെ ഏട്ടന്റെ ഇഷ്ടം…” “മ്മ്…. എങ്കിൽ ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ… താൻ വെയിറ്റ് ചെയൂ…” “ഹോസ്പിറ്റലിൽ ഇനിയും പോണുണ്ടോ ഏട്ടാ…” “ഇല്ല്യ…. ഇനി ഇപ്പോൾ അവിടേക്ക് പോകുന്നില്ല.. നീലിമയുടെ സങ്കടം കാണാൻ വയ്യ…” അതും പറഞ്ഞു കൊണ്ട് ഇളം നീല നിറം ഉള്ള ബാത്ത് ടവൽ എടുത്തു കൊണ്ട് നിരഞ്ജൻ ഫ്രഷ് ആവാനായി പോയി.. പ്രിയ, ജനാലയുടെ അടുത്തേക്ക് പോയി നിന്നു.. ചെറിയ തണുപ്പോടുകുടി ഇളം കാറ്റു വീശുന്നുണ്ട്…മുറ്റത്തു നിൽക്കുന്ന മരത്തിൽ നിറയെ ഗുൽമോഹർ പൂക്കൾ ചുവപ്പ് പുതച്ചു കിടക്കുന്നു…

പ്രിയ വെറുതെ വെളിയിലേക്ക് നോക്കി നിന്ന്.. മനസ്സിൽ എന്ത് വികാരം ആണ് ഉള്ളത് എന്ന് അറിഞ്ഞു കൂടാ… ആകെ എല്ലാം മൂടി കെട്ടി കിടക്കുക ആണ്… ഏട്ടന്റെ ഹൃദയം കവർന്ന പെൺകുട്ടിയോട്, അവളുടെ കാലു പിടിച്ചു ആണേലും തന്റെ ഏട്ടനെ തനിക്ക് തരണം എന്ന് പറയുവാൻ ഇരുന്ന മനസ് ആയിരുന്നു തന്റെത്…… പക്ഷെ ഇപ്പോൾ… എല്ലാം മരവിച്ചു പോയി…. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു…. ജീവിതത്തിൽ എന്നും തനിച്ചായാവളുടെ വേദന… അത് മറ്റാരോടും പറഞ്ഞാൽ മനസിലാവില്ല…. അനുഭവിച്ചു അറിയണം…. സ്നേഹം…. അത് ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല….അവൾ ഓർത്തു.. പ്രിയാ…… നിരഞ്ജൻ വിളിച്ചതും അവൾ ഞെട്ടി തിരിഞ്ഞു..

“താൻ റെഡി ആയില്ലേ….ഇറങ്ങാം നമ്മൾക്ക്…” മിഴികൾ നിറഞ്ഞു നിൽക്കുന്നത് അപ്പോൾ ആണ് അവൻ ശ്രെദ്ധിക്കുന്നത്.. “പ്രിയാ… ഇയാൾ കരയുക ആണോ… എന്ത് പറ്റി…” “ഹേയ്… ഒന്നുല്ല ഏട്ടാ… കണ്ണിലെന്തോ പൊടി പോയത് ആണ്…” അവൾ ബാഗ് എടുത്തു ബെഡിൽ വെച്ച് കൊണ്ട് പറഞ്ഞു.. “താനും കൂടെ ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും പ്രിയ….” “എനിക്ക് ഒന്നുല്ല ഏട്ടാ…. ഞാൻ വെറുതെ ഓരോന്ന് ഓർത്തു പോയി… നമ്മൾക്ക് ഇറങ്ങാം.. മടങ്ങും വഴി ഏതെങ്കിലും ഒരു മാളിൽ കയറാം.. കുട്ടികൾക്ക് എന്തെങ്കിലും മേടിക്കണം… രേണുവും ദേവും ഒക്കെ വിളിച്ചിരുന്നു….” അവൻ പ്രിയയെ നോക്കി… ഉള്ളിലെ സങ്കടം സമൃദ്ധമായി മറച്ചു കൊണ്ട് അവൾ നിരഞ്ജന്റെ അടുത്തേക്ക് വന്നു….

എന്തൊരു ശാലീനത ആണ് അവൾക്ക്… മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല… ഡോറിൽ ആരോ തട്ടി.. “റൂം ബോയ് ആണ്.. ബാഗ് ഒക്കെ എടുത്തോളും…”അവൻ ഡോർ തുറന്നു.. രണ്ടാളും ചെക്ക് ഔട്ട്‌ ചെയ്തിട്ട് ഇറങ്ങി… കാറിന്റെ ഡിക്കിയിൽ അവരുടെ ബാഗുകൾ ഒക്കെ എടുത്തു വെച്ചു. അങ്ങനെ രണ്ടാളും കൂടെ പട്ടാമ്പിയിലേക്ക് തിരിച്ചു. ഇടയ്ക്ക് ഒന്ന് രണ്ടു വട്ടം അരുന്ധതി വിളിച്ചിരുന്നു.. പ്രിയ ആണ് സംസാരിച്ചത്.. ഒരു നല്ല ഷോപ്പിംഗ് മാൾ കണ്ടപ്പോൾ നിരഞ്ജൻ, വണ്ടി ഒതുക്കി.. ” പ്രിയ ആവശ്യമുള്ളതെല്ലാം വാങ്ങാം… ഇത് തരക്കേടില്ലാത്ത ഒരു മാളാണ്… ” രണ്ടാളും ചേർന്ന് ഷോപ്പിംഗ് ഒക്കെ നടത്തുക ആണ് .. പീകോക്ക് ബ്ലൂ കളർ ഒരു കാഞ്ചീപുരം സാരി എടുത്ത് നിരഞ്ജൻ പ്രിയയുടെ അരികിലേക്ക് വന്നു…

” പ്രിയ ഇത് ഇഷ്ടമായോ എന്ന് നോക്കിക്കേ…. ” അവൻ അത് അവളുടെ തോളത്തേക്ക് വെച്ച് നോക്കി… എന്നിട്ട് മിററിൽ നോക്കുവാൻ അവളോട് പറഞ്ഞു… അവൾ നോക്കിയപ്പോൾ നിരഞ്ജൻ ഇരു കൈകളും മാറിൽ പിണഞ്ഞുകൊണ്ട് പ്രിയയെ നോക്കി നിൽക്കുകയാണ്.. സൂപ്പർ എന്ന് അവൻ കൈകൊണ്ട് അവളെ കാണിച്ചു… അവൾക്കും അത് ഒരുപാട് ഇഷ്ടമായി… അവളുടെ ഇഷ്ടപ്പെട്ട നിറമായിരുന്നു അത്. ” ഇത് എടുക്കട്ടെ സാർ ” സാരി കാണിച്ചു കൊണ്ട് നിൽക്കുന്ന പെൺകുട്ടി നിരഞ്ജനോട് ചോദിച്ചു ” ഓക്കേ എടുത്തോളൂ” ” ഇതിനൊരുപാട് റേറ്റ് ആയോ! ഏട്ടാ..” ” 25000 മാഡം ” ആ പെൺകുട്ടി മറുപടി പറഞ്ഞു ” അയ്യോ ഏട്ടാ ഇത്രയും വിലയുള്ള സാരി ഒന്നും എനിക്ക് വേണ്ട…. ”

” പ്രിയക്ക് ഈ സാരി ഇഷ്ടമായോ ” നിരഞ്ജൻ വീണ്ടും അവളോട് ചോദിച്ചു ” എനിക്കിഷ്ടമായി ഏട്ടാ പക്ഷേ ഇത്രയും വിലയുള്ള സാരി വേണ്ട. ഈ സെയിം കളർ കുറച്ചുകൂടി പ്രൈസ് കുറഞ്ഞ സാരി മതി” ” അതൊന്നും പ്രിയ അറിയേണ്ട.. തനിക്ക് സാരി ഇഷ്ടമായോ ഇല്ലയോ എന്ന് പറഞ്ഞാൽ മതി ” അവൻ അത് എടുത്തു കൊള്ളുവാൻ അവരോട് പറഞ്ഞു അതേ നിറമുള്ള ഒരു കുർത്ത കൂടി വേണമെന്ന് അവൻ സെയിൽസ് സ്റ്റാഫിനോട് ആവശ്യപ്പെട്ടു. അരുന്ധതിക്കും ഭാമയ്ക്കും പത്മിനിക്കും ഒക്കെ മേടിച്ചു ഓരോ കാഞ്ചീപുരം സാരി… മുത്തശ്ശിക്ക് ഒരു കൈത്തറിയുടെ സെറ്റ് മുണ്ട് ആണ് വാങ്ങിയത്. കുട്ടികൾക്ക് എല്ലാവർക്കും പ്രിയ തന്നെയാണ് ഡ്രസ്സുകൾ സെലക്ട് ചെയ്തത്…

ദിയക്ക് പ്രിയ ഒരു സോഫ്റ്റ് സിൽക്ക് സാരിയാണ് തെരഞ്ഞെടുത്തത്.. ആദിക്ക് അതേ കളർ കുർത്തയും.. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും അവർ ഡ്രസ്സ് എടുത്തു… പെൺകുട്ടികൾക്ക് എല്ലാവർക്കും പ്രിയ ഡ്രസ്സിന് ചേരുന്ന ആക്സസറീസ് കൂടെ എടുത്തിരുന്നു.. പ്രിയക്ക് ഒരുപാട് സന്തോഷം തോന്നി ആദ്യമായിട്ടാണ് താൻ തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ആര്യ ചേച്ചിയുടെയും ഹേമയുടെയും പഴയ ഡ്രസ്സുകൾ ആയിരുന്നു എന്നും ചെറിയമ്മ തനിക്കുവേണ്ടി തന്നിരുന്നത്. ചെറിയച്ഛൻ പുതിയ ഡ്രസ്സ് വാങ്ങി തരാൻ ഒന്നും ചെറിയമ്മ ഒരിക്കലും സമ്മതിക്കുകയില്ലായിരുന്നു.. പ്രിയ അതിനൊന്നും ഒരു പരാതിയും പറയുകയും ഇല്ലായിരുന്നു. കാരണം ചെറിയച്ഛനെ വിഷമിപ്പിക്കാൻ അവൾക്ക് ഇഷ്ടമല്ലായിരുന്നു…

” ഏട്ടാ സമയം പോകുന്നു… നമ്മൾക്ക് ഇറങ്ങിയാലോ” ” ആഹാ… ഇത് ഇപ്പോൾ നന്നായത്… താനല്ലേ കുട്ടികൾക്ക് എല്ലാവർക്കും ഡ്രസ്സ് സെലക്ട് ചെയ്തുകൊണ്ട് നിന്ന് സമയം കളഞ്ഞത്.. ഞാനെപ്പോഴേ കഴിഞ്ഞു ” നിരഞ്ജൻ പുഞ്ചിരിച്ചുകൊണ്ട് പ്രിയയോട് പറഞ്ഞു. അങ്ങനെ രണ്ടാളും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു.. കോവിലകത്ത് എത്തിയപ്പോൾ രാത്രി 10 മണിയോളം ആയിരുന്നു. എല്ലാവരും ഉറങ്ങാതെ അവരെ കാത്തിരിക്കുകയായിരുന്നു.. ” എന്റെ ഏട്ടത്തി രണ്ടുമൂന്നു ദിവസ0 മാറി നിന്നത് എങ്കിലും ഏട്ടത്തി പോയിട്ട് ഒരുപാട് നാളായതു പോലെ ഞങ്ങൾക്ക് തോന്നി…. ” രേണു ഓടിവന്ന് പ്രിയയുടെ കയ്യിൽ പിടിച്ചു… നിരഞ്ജൻ ഡിക്കി തുറക്കാൻ തുടങ്ങുകയായിരുന്നു..

അപ്പോഴേക്കും അരുന്ധതി അവന്റെ അരികത്തേക്ക് വന്നു.. ” മോനെ… അതൊക്കെ ഇനി നാളെ എടുക്കാം നേരം ഒരുപാട് ലേറ്റ് ആയി നിങ്ങൾ ആകെ ക്ഷീണിച്ചില്ലേ പോയി കുളിച്ചിട്ട് ഭക്ഷണം കഴിച്ചു കിടന്നുറങ്ങ്…” അവൻ അമ്മയോട് മറുതൊന്നും പറഞ്ഞില്ല. പക്ഷേ അവരെ ഒന്നും നോക്കുകപോലും ചെയ്യാതെ നിരഞ്ജൻ ഹാളിലേക്ക് വന്നു.. “മുത്തശ്ശനും മുത്തശ്ശിയും ഉറങ്ങിയിട്ടില്ല” വേണുഗോപാൽ പറഞ്ഞു. നിരഞ്ജൻ മേലെ പ്രിയയെയും വിളിച്ചുകൊണ്ട് അവരുടെ മുറിയിലേക്ക് പോയി… “മുത്തശ്ശി….” ” ആ പ്രിയ മോള് വന്നോ… താമസിച്ചല്ലോ കുട്ടി…..ആട്ടെ യാത്രയൊക്കെ സുഖകരമായിരുന്നു ” ” ഉവ്വ് മുത്തശ്ശി… “രണ്ടാളും അവരുടെ പാദത്തിൽ തൊട്ട് നമസ്കരിച്ചു.

” എന്റെ കുട്ടി വല്ലാണ്ട് ക്ഷീണിച്ചിരിക്കുന്നു….. ആകെ വലഞ്ഞോ നീ ” ” ഇല്ല മുത്തശ്ശി എനിക്ക് കുഴപ്പമൊന്നുമില്ല….. ” ” ഭക്ഷണം കഴിച്ചോ മോനെ നിങ്ങൾ ” “കഴിക്കണം മുത്തശ്ശി… ഫ്രഷ് ആയിട്ട് വേണം കഴിക്കാൻ.. ഇത്രയും യാത്ര ചെയ്തു വന്നതല്ലേ.. ആകെ മുഷിഞ്ഞു ” നിരഞ്ജൻ മുത്തശനോട്‌ പറഞ്ഞു… ” എങ്കിൽ മക്കളെ രണ്ടാളും പോയി കിടക്കുക… നാളെ കാലത്തെ കാണാം…” ” ഏടത്തി ഞങ്ങൾക്കൊന്നും കൊണ്ടുവന്നില്ലേ…. ഹാളിലേക്ക് വരികയായിരുന്ന പ്രിയയോട് മിത്രയും രേണവും കൂടി ആരാഞ്ഞു.. “അത് പിന്നെ മക്കളെ…” അത്രയും പറഞ്ഞു തുടങ്ങിയതും ” എന്തു മേടിക്കാനാണ് മോളെ അവിടെയൊന്നും നല്ല ഒരു മാളു പോലുമില്ലായിരുന്നു “എന്ന നിരഞ്ജൻ വേഗത്തിൽ മറുപടി പറഞ്ഞു. പ്രിയ അവനെ ഒന്ന് പാളി നോക്കി. നിരഞ്ജൻ പക്ഷേ അവളെ ശ്രദ്ധിച്ചതേയില്ല…..…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…