തുലാമഴ : ഭാഗം 7
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
അമ്മു രാവിലെ എഴുന്നേറ്റ്
കോളേജിൽ പോകാൻ റെഡി ആകാൻ തുടങ്ങി…
സൂരജിന്റെ ഇഷ്ടപ്രകാരം ബ്ലൂ കളർ അനാർക്കലി ചുരിദാർ ആണ് ഇട്ടത്..
താഴേക്കിറങ്ങി ചെന്നപ്പോൾ
അമ്മമ്മയും മുത്തശ്ശിയും അവളെ
നോക്കി നിന്നു….
അമ്മമ്മ അരികിലേക്ക് വന്നു
നെറുകയിൽ തലോടി…
സുന്ദരി ആയിട്ടുണ്ട്… അമ്മമ്മയുടെ പൊന്നൂസ്…
മുത്തശ്ശി തലയാട്ടി സമ്മതിച്ചു…
നന്നായി ചേരുന്നുണ്ട് അമ്മൂട്ടിയെ നിനക്ക്….
അമ്മു ഇരുവരുടെയും കവിളിൽ
ചുംബിച്ചു…
പ്രാതൽ കഴിച്ചതിനുശേഷം പോകാനായി ഇറങ്ങി….
അമ്മൂട്ടിയെ സൂക്ഷിച്ചു പോകണം കേട്ടോ…
ശരി മുത്തശ്ശി…
അല്ല അമ്മച്ഛനും മുത്തശ്ശനും എവിടെ?
രണ്ടാളും അമ്പലത്തിലേക്ക് പോയി…
സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ്
മുത്തശ്ശനും അമ്മച്ചനും എത്തിയത്…
ആഹാ അമ്മുട്ടൻ ഇന്ന് സുന്ദരികുട്ടി ആയിട്ടുണ്ടല്ലോ….
ഇന്നലെ സൂരജ് ഏട്ടൻ എടുത്തു
തന്ന ഡ്രസ്സ് ആണ് ഇത്…
അമ്മു ചിരിയോടെപറഞ്ഞു…
ആണോ നന്നായിട്ടുണ്ട്…
ഞാൻ ഇറങ്ങട്ടെ…
ശരി അമ്മുട്ടാ….
അമ്മു കോളേജിൽ ചെന്നപ്പോൾ ശീതൾ എത്തിയിട്ടുണ്ടായിരുന്നില്ല ….
സ്കൂട്ടർ സ്റ്റാൻഡിൽ വച്ചതിനുശേഷം ഫോണെടുത്തു കോൾ ചെയ്തു….
ശീതൾ ഫോൺ കുറെ അടിച്ചതിനു ശേഷമാണ് എടുത്തത്…
അവളുടെ സ്വരം നന്നായി അടഞ്ഞിരുന്നു..
എന്തുപറ്റി നിനക്ക് …
എനിക്ക് ഭയങ്കര വയറുവേദനയാടി…
എന്തു പറ്റി.?
അറിയില്ല..
വേദനയുടെ ടാബ്ലറ്റ് കഴിച്ചു..
കുറവുണ്ട് ഇപ്പോൾ..
ഞാൻ അങ്ങോട്ട് വരട്ടെ..
വേണ്ടെടീ ഞാൻ ഒന്ന് ഉറങ്ങട്ടെ. മാറിക്കോളും…
കുറവില്ലെങ്കിൽ ഞാൻ വിളിക്കാം നിന്നെ..
എന്നാൽ ശരിയെടീ ..
ഫോൺ കട്ട് ചെയ്തശേഷം
ക്ലാസ്സിലേക്ക് നടന്നു…
ഇന്നലെ സൂരജേട്ടന്റെ കൂടെ പുറത്തുപോയ വിശേഷം ശീതളിനോട് പറയാൻ ഇന്ന് നേരത്തെ എത്തിയതാണ്…
കുട്ടികളൊക്കെ എത്തുന്നതെ ഉള്ളൂ…
അപ്പോഴാണ് തനിക്ക് തടസ്സമായി എന്തോ മുന്നിൽ നിന്നത് അമ്മു അറിഞ്ഞത്..
അവൾ മുഖമുയർത്തി നോക്കി…
അർജുൻ…
അവൾക്ക് ആകെ പേടി തോന്നി…
അർജുൻ അവളുടെ മുഖത്തിനരികിലേക്ക് തന്റെ മുഖം കൊണ്ടുവന്നു….
രൂക്ഷമായി അവളെ നോക്കി..
പിന്നെ പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു…
നിശ്ചയം കഴിഞ്ഞപ്പോഴേക്ക്
സുന്ദരി ആയല്ലോ പതിവ്രതയായ
അമൃത കാരണവർ…
ഇന്നലെ നിന്റെ മറ്റവന്റെ കൂടെ നാടുമുഴുവൻ നിരങ്ങുന്നുണ്ടായിരുന്നല്ലോ…
അപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു
അല്ലേ…
അർജുന്റെ കൂടെ എവിടെയെങ്കിലും വരാനായിരുന്നു നിനക്ക് കുഴപ്പം അല്ലേ..
ഞാൻ നിന്നെ എന്റെ നെഞ്ചിൽ ഇട്ടല്ലെടി സ്നേഹിച്ചത്…
പറയുമ്പോൾ അവന്റെ സ്വരം
വല്ലാതെ ഇടറി…
കണ്ണിൽ നീർ പൊടിഞ്ഞു…
അമ്മു അമ്പരപ്പോടെ അതിലേറെ വേദനയോടെ അവനെനോക്കി…
നീ എത്ര പെട്ടെന്നാടി എന്നെ മറന്നത്..
പക്ഷേ എനിക്ക് അങ്ങനെ
മറക്കാൻ പറ്റില്ലടി നിന്നെ….
ഒരുത്തന്റെ കൂടെയും നീ സുഖമായി
വാഴില്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ…
അവൻ അമ്മുവിന്റെ കവിളിൽ കുത്തിപ്പിടിച്ചു…
അമ്മു വേദനകൊണ്ട് കണ്ണുകൾ
ഇറുകെ അടച്ചു…
അടച്ചുവെച്ച കണ്ണിൽനിന്നും
നീർമുത്തുകൾ ഇറ്റ് അർജുന്റെ കൈകളിലേക്ക് വീണു..
അവൻ പൊള്ളിയത് പോലെ കൈകൾ പിൻവലിച്ചു…
അവളെ പിടിച്ച് പുറകോട്ട് തള്ളിക്കൊണ്ട് കൊണ്ട് അവൻ ബുള്ളറ്റും എടുത്ത് പാഞ്ഞുപോയി…
അമ്മുവിന് പൊട്ടിക്കരയാൻ
തോന്നി.
അവൾ കരച്ചിലടക്കി കൊണ്ട് ചുറ്റും നോക്കി..
ഭാഗ്യം ആരും ഇല്ല..
അവൾ വിങ്ങൾ അടക്കി കൊണ്ട് ക്ലാസ് മുറിയിലേക്ക് പോയി…
ബാഗ് വെച്ച് ടേബിളിലേക്ക് മുഖം
കുനിച്ചു കിടന്നു..
അവൾക്ക് മനസ്സും ശരീരവും വല്ലാതെ തളരുന്നത് പോലെ തോന്നി..
പെട്ടെന്ന് ബാഗു തുറന്ന് ബോട്ടിൽ
എടുത്തു വെള്ളം കുടിച്ചു..
ശീതൾ ഉണ്ടായിരുന്നുവെങ്കിൽ…
ക്ലാസ്സിൽ കുട്ടികളൊക്കെ
എത്തിത്തുടങ്ങി..
അപ്പോഴാണ് ക്ലാസിലുള്ള അനുപമ അമ്മുവിന്റെ മുഖത്തേക്ക്
സൂക്ഷിച്ചു നോക്കിയത്…
എന്താ അമൃത മുഖത്ത്…
രണ്ടു കവിളും നന്നായി ചുവന്നു
കിടക്കുന്നുണ്ടല്ലോ…
എന്തുപറ്റി ?
അറിയില്ല അനുപമ…
അമ്മു മുഖം അമർത്തി തുടച്ചു..
എന്തെങ്കിലും അലർജി ആണോ…
ആവോ അറിയില്ല…
ഞാൻ ഒന്ന് മുഖം കഴുകിയിട്ട് വരട്ടെ..
അവൾ വെളിയിലേക്ക് ഇറങ്ങി…
ഉച്ചയ്ക്ക് ആഹാരം കഴിക്കാനും
തോന്നിയില്ല അമ്മുവിന്…
അവൾ ശീതളിനെ വിളിച്ചു..
അവളുടെ സംസാരത്തിൽ
ഇപ്പോൾ ഉഷാർ ആയതു പോലെ തോന്നി..
എങ്ങനെയുണ്ട് ശീതു..
കുറവുണ്ട് അമ്മു..
കുറവെന്നല്ല നന്നായി മാറി..
അമ്മു കുറെ നേരം ഒന്നും മിണ്ടാതെ നിന്നു..
അമ്മൂ എന്തുപറ്റി നിനക്ക്..
എന്താ ഒന്നും മിണ്ടാത്തത് നീ..
നീ ഓക്കേ അല്ലേ
ഒന്നും ഇല്ല ഞാൻ ഒക്കെയാണ്..
ശരി എന്നാൽ വെക്കട്ടെ..
അമ്മ ഫോൺ കട്ട് ചെയ്തു..
എന്തിനാ വെറുതെ അവളെയും കൂടി വിഷമിപ്പിക്കുന്നത്..
അവൾ ക്ലാസ്സിലേക്ക് നടന്നു..
വൈകിട്ട് കോളേജ് വിട്ടതിനു ശേഷം
സ്കൂട്ടിയും എടുത്ത് വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് സൂരജിന്റെ കാർ സൈഡിൽ നിർത്തിയിട്ടിരിക്കുന്നത്
കണ്ടത്..
അവൾ സ്കൂട്ടർ സൈഡിലേക്ക് ഒതുക്കി..
സൂരജ് അരികിലേക്ക് വന്നു കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളോട് പറഞ്ഞു അമ്മൂസ് ക്യൂട്ട് ആയിട്ടുണ്ട് കേട്ടോ…
അവൾ മങ്ങിയ ചിരിയോടെ അവനെ നോക്കി..
എന്തുപറ്റി തനിക്ക് എന്താ മുഖം വല്ലാതെ ഇരിക്കുന്നത്..
ഒന്നുമില്ല സൂരജേട്ടാ ചെറിയ
തലവേദന പോലെ..
അമ്മു മുഖം കുനിച്ചു…
സൂരജിന് എന്നിട്ടും എന്തോ വിശ്വാസം വരാത്തത് പോലെ…
അവൻ കണ്ണുകളിലേക്ക് സൂക്ഷിച്ചു
നോക്കി…
അമ്മുസേ നിനക്ക് എന്തെങ്കിലും
വിഷമം ഉണ്ടോ…
ഒന്നുമില്ല..
എനിക്ക് പക്ഷേ അങ്ങനെ
തോന്നുന്നില്ലല്ലോ..
സംശയത്തോടെ അവളുടെ
മുഖത്തേക്ക് നോക്കി.
ശരി വാ നമുക്ക് ഓരോ
ചായ കുടിക്കാം അപ്പോൾ തലവേദന പമ്പകടക്കും..
അവൻ സ്കൂട്ടി ഒതുക്കി വച്ചു കൊണ്ട് പറഞ്ഞു..
റോഡ് ക്രോസ് ചെയ്യാൻ ആയി അവളുടെ കയ്യിലേക്ക് പിടിച്ചുകൊണ്ട് തിരിഞ്ഞപ്പോഴാണ് അർജുൻ ബുള്ളറ്റ് അവരുടെ മുൻപിൽ കൊണ്ടുവന്ന് നിർത്തിയത്…
അവൻ സൂരജിനെയും അമ്മുവിനെയും
മാറി മാറി നോക്കി…
പിന്നീട് സൂരജ് ചേർത്തുപിടിച്ച് ഇരിക്കുന്ന അമ്മുവിന്റെ കൈകളിലേക്കും…
പിന്നീട് അമ്മുവിനെ ഒന്ന് തറപ്പിച്ചു
നോക്കിയ ശേഷം ബുള്ളറ്റും ആയി പാഞ്ഞു..
സൂരജ് അമ്മുവിന്റെ മുഖത്തേക്ക് നോക്കി അവൾ മുഖം കുനിച്ച് നിൽക്കുകയായിരുന്നു…
അമ്മൂസെ വാ അവൻ അവളുമായി
കോഫീ ഷോപ്പിലേക്ക് കയറി..
ഒഴിഞ്ഞ ടേബിളിലേക്ക് ഇരുന്നു.
കഴിക്കാൻ എന്താ പറയേണ്ടത് തനിക്ക്..
ഒന്നും വേണ്ട.. അവൻ രണ്ടു ചായക്ക് ഓർഡർ ചെയ്തു…
അമ്മുവിന്റെ മുഖത്തേക്ക് നോക്കി..
തനിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..
അമ്മു അവന്റെ മുഖത്തേക്ക് നോക്കി..
ഒന്നൂല്ല സൂരജേട്ടാ അവൾ മുഖം കുനിച്ചു..
അവൾക്ക് ആകെ ഒരു ഭയം തോന്നി..
എങ്ങനെയെങ്കിലും അവിടെ നിന്നും ഒന്ന് പോയാൽ മതി എന്നായിരുന്നു അവൾക്ക്..
സൂരജിന്റെ മുഖം മങ്ങി..
അമ്മു തന്നിൽ നിന്ന് എന്തോ ഒളിപ്പിക്കുന്നു ചോദിച്ചിട്ട് പറയുന്നുമില്ല ..
എല്ലാം മൂഡും പോയി..
നാളെ രാവിലെ താൻ മടങ്ങുകയാണ്..
അതിനുമുൻപ് അമ്മുവുമായി കുറച്ചുനേരം സ്പെൻഡ് ചെയ്യാൻ ആണ് വന്നത്…
പക്ഷേ..
സൂരജ് അമ്മുവിനെ നോക്കി.
അവൾ ടെൻഷനിലാണ് മുഖം കണ്ടാലറിയാം..
ചോദിച്ചിട്ട് പറയുന്നില്ലല്ലോ..
അമ്മൂ….
അവൻ വിളിച്ചു…
അവൾ ഞെട്ടലോടെ മുഖമുയർത്തി.. എന്തുപറ്റി തനിക്ക്..
ഒന്നുമില്ല സുരജേട്ടാ…
തലവേദനയുടെയാ വീട്ടിൽ ചെന്ന് ഒന്നു കിടന്നാൽ മാറുമായിരിക്കും..
ചായ കുടിച്ചതിനുശേഷം അവർ ഇറങ്ങി..
സ്കൂട്ടിയിലേക്ക് കയറുന്ന അമ്മുവിനെ നോക്കി അവൻ പറഞ്ഞു ഞാൻ നാളെ പോകും കേട്ടോ…
അമ്മു അവന്റ മുഖത്തേക്ക് ഒരു നിമിഷം നോക്കിനിന്നു…
അവളുടെ മുഖം വാടി…
ഞാൻ എത്തിയിട്ട് വിളിക്കാം കേട്ടോ..
പൊയ്ക്കോ…
വൈകിയില്ലേ…
അവൾ അവനെ നോക്കി കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു…
കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അർജുൻ ബുള്ളറ്റ് കൊണ്ടുവന്നു കാറിന് അരികിൽ നിർത്തിയത്…
ഹലോ… ഞാൻ അർജുൻ.
സൂരജ് അവന്റെ മുഖത്തേക്ക് നോക്കി..
പിന്നെ കൈകൾ നീട്ടി
ഹലോ…. സൂരജ്..
വളച്ചുകെട്ടില്ലാതെ കാര്യം പറയാം..
ഞാനും അമ്മുവും തമ്മിൽ കഴിഞ്ഞ രണ്ടുവർഷമായി ഇഷ്ടത്തിലാണ്….
തലയിൽ ശക്തമായ പ്രഹരം
കിട്ടിയപോലെ സൂരജ് മരവിച്ചു നിന്നു…
അവൻ അമ്പരപ്പോടെ അർജുനെ
നോക്കി..
എന്നോടുള്ള ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ പേരിലാണ്
അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്…
അവൾക്ക് ഒരിക്കലും എന്നെ
മറക്കാൻ പറ്റില്ല…
വെറുതെ ഇതിന്റെ ഇടയിൽ നിന്ന് വിഡ്ഢി ആകരുത്…
സൂരജിന് തന്റെ നാവ് താണ് പോയ
പോലെ തോന്നി…
അവന് മറുത്ത് ഒരക്ഷരം സംസാരിക്കാൻ കഴിഞ്ഞില്ല…
ഒന്നും സംസാരിക്കാതെ നിൽക്കുന്ന സൂരജിനെ നോക്കി അർജുൻ
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…
(തുടരും )