Sunday, December 22, 2024
Novel

തുലാമഴ : ഭാഗം 13

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

സൂരജും അമ്മുവും ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി. കാറിൽ ഇരുന്ന് സൂരജ്
അമ്മുവിനോട് ചോദിച്ചു ഒരുപാട് വിഷമം ആയോ തനിക്ക്.

ഹേയ് സാരമില്ല സൂരജേട്ടാ പെട്ടെന്ന് വഴക്ക് പറയുന്നത് കേട്ടപ്പോ ഒരു ചെറിയ വിഷമം അത്രയേ ഉള്ളൂ.

ദേവീക്ഷേത്രത്തിലേക്കാണ് അവർ പോയത് ശ്രീകോവിലിനു മുൻപിൽ ചെന്ന് സൂരജിനോട് ചേർന്നുനിന്ന് അമ്മു പ്രാർത്ഥിച്ചു എന്നും ഇങ്ങനെ ചേർന്നു നിൽക്കാൻ കഴിയണേ എന്ന്.

അകത്തുനിന്നും കിട്ടിയ പ്രസാദത്തിൽ നിന്ന് സിന്ദൂരം എടുത്ത് സൂരജ് അമ്മുവിന്റെ നിറുകയിൽ ചാർത്തി നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.

അമ്മു തിരികെ സൂരജിനും ചന്ദനം തൊട്ട് കൊടുത്തു.
അമ്മുവിനെയും കൊണ്ട് സൂരജ് കുളക്കരയിലെക്കാണ് പോയത്.

നിറയെ നീല ആമ്പൽ പൂക്കൾ നിറഞ്ഞ
കുളം കണ്ട അമ്മുവിന് ആകെ സന്തോഷം തോന്നി.

അമ്മുവിനെയും കൊണ്ട് അവൻ കുറച്ചുനേരം ആ കൽപ്പടവിൽ ഇരുന്നു.

അമ്മുസെ….
അവൻ വിളിച്ചു..

എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവിടെ വന്നിരിക്കാൻ ഞാൻ എപ്പോൾ ഇവിടെ വന്നാലും കുറച്ചുനേരം ഇവിടെ ഇരുന്നിട്ടെ മടങ്ങുകയുള്ളൂ.
തനിക്ക് ഇഷ്ടമായോ ഇവിടെ.

ഒരുപാട് ഇഷ്ടമായി സൂരജ് ചേട്ടാ
എന്തു പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത് കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല. രണ്ടാളും കുറച്ചു നേരം അവിടെ
ഇരുന്നിട്ടാണ് മടങ്ങിയത്.

ഉച്ച കഴിഞ്ഞപ്പോൾ മുതൽ റിസപ്ഷന്
ഉള്ള ഒരുക്കങ്ങൾ തുടങ്ങി ബന്ധുക്കൾ ഓരോരുത്തരായി എത്തി തുടങ്ങി.

വൈകിട്ട് അഞ്ചുമണിയോടുകൂടി അമ്മുവിന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തി മുത്തശ്ശനും മുത്തശ്ശിയും അവളെ കെട്ടിപ്പിടിച്ചു.

പിറകെ എത്തിയ അമ്മച്ഛനും അമ്മമ്മയും അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.

അവൾ അമ്മമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
ശീതളും കുടുംബവും ഇന്നലെ തന്നെ മടങ്ങിയിരുന്നു. റിസപ്ഷന് സതീഷിന്റെ ഹോസ്പിറ്റലിൽ നിന്നും സ്റ്റാഫുകൾ എല്ലാവരും എത്തിയിരുന്നു.

ഡോക്ടേഴ്സും ബിസിനസ് കാരും എല്ലാവരും ചേർന്ന ഒരു വലിയ പാർട്ടി ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത്.

7 മണിയോടുകൂടി അമ്മുവിന്റെ വീട്ടിൽ നിന്നും എത്തിയവർ തിരികെ പോയി. അമ്മുവിന് എല്ലാവരും പോയപ്പോൾ ആകെ സങ്കടം തോന്നി.

ഏകദേശം 11 മണിയോടുകൂടി ആണ് പാർട്ടി അവസാനിച്ചത്.

സൂരജും അമ്മുവും ആകെ തളർന്നിരുന്നു. റൂമിലേക്ക് കയറിയ അമ്മു ഡ്രസ്സ്പോലും മാറാതെ കട്ടിലിലേക്ക് വീണു.

അതുകണ്ട് സൂരജ് ചിരിയോടെ അവളുടെ അടുത്തേക്ക് ഇരുന്നു.
അമ്മൂസെ താൻ ഫ്രഷ് ആകുന്നില്ലേ.

ഞാൻ ഒന്ന് ഉറങ്ങിക്കോട്ടെ സൂരജേട്ടാ
പിന്നെ ഫ്രഷായിക്കൊള്ളാം.

സൂരജ് ചിരിയോടെ ബാത്റൂമിലേക്ക് കയറി. ഫ്രഷായി ഇറങ്ങിവന്ന സൂരജ് അമ്മുവിനെ തട്ടിവിളിച്ചു നല്ല ഉറക്കത്തിലായിരുന്ന
അമ്മു ഒന്നുകൂടി ചുരുണ്ടുകൂടി.

അവൻ കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു. അവൾ ചാടി എഴുന്നേറ്റ് മുഖം കൂർപ്പിച്ചു സൂരജിനെ നോക്കി.
വേഗം പോയി ഫ്രഷാവ് പെണ്ണേ.

മടിയോടെ വീണ്ടും കിടക്കാൻ
ഒരുങ്ങിയ അമ്മുവിനെ സൂരജ്
വലിച്ച് എഴുന്നേൽപ്പിച്ചു.

സൂരജേട്ടാ കഷ്ടം ഉണ്ട് കേട്ടോ
അവൾ ചിണുങ്ങി.

സൂരജ് അവളെ ഉന്തിത്തള്ളി ബാത്ത്റൂമിലേക്ക് കയറ്റി. കബോഡിൽനിന്നും ഡ്രസ്സ് എടുത്തു അവളുടെ കയ്യിലേക്ക് കൊടുത്തു.

അവിടെനിന്ന് ഉറങ്ങരുത് കേട്ടോ.

കുളിച്ചിട്ട് വേഗം വാ കൊച്ചേ
അവൻ ബെഡിലേക്ക് വന്ന് ഇരുന്നു
ഫോൺ എടുത്തു നോക്കി
വരുണും ജോബിയും വിളിച്ചിരിക്കുന്നു ജോബിയെ ഓൺലൈനിൽ കണ്ട് അവൻ തിരികെ വിളിച്ചു. ജോബിയോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ
അമ്മു വെളിയിലേക്ക് ഇറങ്ങി.

തണുത്ത് വിറച്ച് വന്ന അവൾ പെട്ടെന്ന് തന്നെ ബെഡിലേക്ക് കയറി
മൂടിപ്പുതച്ചു കിടന്നു.
ജോബിയോട് സംസാരിച്ചതിനുശേഷം ഫോൺ കട്ട് ചെയ്ത് സൂരജ് അമ്മുവിന്റെ അടുത്തേക്ക് വന്നു കിടന്നു.

തന്റെ അരികിൽ സൂരജ് കിടന്നത്
അറിഞ്ഞ അമ്മു തലവഴി പുതപ്പിട്ടു മൂടി.

അതു കണ്ട സൂരജ് ചിരിയോടെ തലചരിച്ച്അവളെ നോക്കി.

പിന്നെ അവളെ തന്നെ നോക്കി കിടന്നു വീണ്ടും പുതപ്പിനടിയിൽ കൂടി
നോക്കിയ അമ്മുസൂരജ് തന്നെ നോക്കിയാണ് കിടക്കുന്നതെന്ന്
കണ്ട് ചമ്മലോടെ ചിരിച്ചു.

അവൾ മെല്ലെ സൂരജിന്റെ അടുത്തേക്ക് നീങ്ങി അവനോട് ചേർന്നു കിടന്നു.
അവൻ തന്റെ കൈയ്യിലേക്ക് അവളുടെ തല എടുത്ത് വച്ച് അവളെ നെഞ്ചോട്
ചേർത്തു കിടത്തി. അമ്മുവിന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

എന്റെ പെണ്ണെ നിന്റെ ഹൃദയം ഇപ്പോൾ പൊട്ടി പോകുമല്ലോ. എന്തിനാ ഇത്ര പേടി.അമ്മുവിന്റെ കാതിൽ സൂരജ് മെല്ലെ മന്ത്രിച്ചു.

അവൻ അമ്മുവിന്റെ മുഖം മെല്ലെ ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ നോട്ടം നേരിടാനാവാതെ അവൾ അവന്റെ നെഞ്ചിലേക്ക്മുഖം അമർത്തി.

സൂരജ് ചിരിയോടെ വീണ്ടും
അവളുടെ മുഖം ഉയർത്തി.
സൂരജേട്ടാ വേണ്ടാ….. അവൾ അവനെ ചുറ്റിപ്പിടിച്ചു കൊണ്ട് വീണ്ടും ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
രണ്ടു കൈ കൊണ്ടും അവളെ ഇറുകെ പുണർന്നു കൊണ്ട് അവൻ കണ്ണുകൾ
മെല്ലെ അടച്ചു.

രാവിലെ സൂരജ് ആണ് ആദ്യം ഉണർന്നത്.
തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന്

കിടന്നുറങ്ങുന്ന അമ്മുവിനെ കണ്ടു
അവന് അതിയായ വാത്സല്യം തോന്നി.

അവൻ മൃദുവായി അവളുടെ നെറുകയിൽ ചുംബിച്ചു. പിന്നെ അവളെ തന്നെ നോക്കി കുറെ നേരം കിടന്നു. തന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ മൃദുവായി തഴുകി.

അമ്മു ഒന്നു കുറുകി കൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു. അവൻ വീണ്ടും അവളെ ഇക്കിളി പെടുത്താൻ തുടങ്ങി. ചാടി എഴുന്നേൽക്കാൻ തുടങ്ങിയ അമ്മുവിനെ അവൻ രണ്ടുകൈകൊണ്ടും വരിഞ്ഞുമുറുക്കി.

കുസൃതിച്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. പിന്നെഅവളുടെകവിളിലമർത്തി
ചുംബിച്ചു.അവൾ ചിരിയോടെ എഴുനേൽക്കാൻ തുടങ്ങി.

അവൻ അവളുടെ കയ്യിൽ പിടിച്ചു.
അങ്ങോട്ട് മാത്രം വാങ്ങിച്ചാൽ മതിയോ.

ഇങ്ങോട്ട് ഒന്നുമില്ലേ.
അവളിലേക്ക് മുഖം അടുപ്പിക്കാൻ
തുടങ്ങിയ സൂരജിനെ തട്ടിമാറ്റിക്കൊണ്ട് അവൾ ബാത്ത്റൂമിലേക്ക് ഓടിക്കയറി. അവൻ ചിരിയോടെ ബെഡിലേക്ക് കിടന്നു.

കുളി കഴിഞ്ഞ് ഇറങ്ങിയ അമ്മു പെട്ടെന്നുതന്നെ റെഡിയായി
താഴേക്ക് ഇറങ്ങി.

ഗായത്രി കിച്ചണിൽ ഉണ്ടായിരുന്നു. അമ്മുവിനെ കണ്ട ഗായത്രി ചോദിച്ചു
മോളെന്തിനാ ഇത്ര നേരത്തെ എഴുന്നേറ്റത്.

കുറച്ചു കൂടെ കിടക്കാമായിരുന്നില്ലേ.
രണ്ടു ദിവസത്തെ നല്ല ക്ഷീണം കാണുമല്ലോ. സാരമില്ല അമ്മേ നേരത്തേ ഉണർന്നു അതുകൊണ്ട് എഴുന്നേറ്റ് പോരുന്നതാ. ഏട്ടത്തി എഴുന്നേറ്റില്ലേ.

ഇല്ല മോളേ എല്ലാവരും താമസിച്ചല്ലേ കിടന്നത്. മോൾ ഈ കാപ്പി കുടിക്ക്. അമ്മുവിന്റെ കൈയിലേക്ക് ഗായത്രി
കാപ്പി കൊടുത്തു.
അമ്മ ഇത് അച്ഛന് കൊടുത്തിട്ട് വരാം.

മോൾ കുടിച്ചിട്ട് ഈ കാപ്പി സൂരജിന്
കൊണ്ട് കൊടുക്കണം.

സതീഷേട്ടന് വേണ്ടേ അമ്മേ.
അവന് കാപ്പി ഇഷ്ടമല്ല മോളെ.

അവൾ കാപ്പി കുടിച്ചതിനു ശേഷം
സൂരജിനുള്ള കാപ്പിയും എടുത്തു കൊണ്ട് മുകളിലേക്ക് കയറി.

ഫ്രഷായി ഇറങ്ങിയ സൂരജ് താഴേക്ക് വരാനായി ഇറങ്ങുമ്പോഴാണ് അമ്മു കാപ്പിയുമായി മുകളിലേക്ക് വരുന്നത്
കണ്ടത്. അവൻ പെട്ടെന്ന് തന്നെ
റൂമിലേക്ക് ഓടിക്കയറി.

റൂമിൽനിന്നും വെളിയിലേക്ക് ഇറങ്ങിയ സതീഷ് കണ്ടത് റൂമിലേക്ക് ഓടിക്കയറുന്ന സൂരജിനെ ആണ്. ഇവന് ഇത് എന്തുപറ്റി എന്നാലോചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് കാപ്പിയും കൊണ്ട് അമ്മു കയറിവരുന്നത് കണ്ടത്.

ഇതാണല്ലേ കാര്യം.
അമ്മൂ….
സതീഷ് വിളിച്ചു.എന്താ ഏട്ടാ.
കാപ്പി ഇങ്ങുതന്നേക്ക്.
ഞാൻ കൊടുത്തേക്കാം.

അമ്മു അവന്റെ കയ്യിലേക്ക് കാപ്പി കൊടുത്തു. തിരികെ അവൾ താഴേക്ക് പോയി. സതീഷ് കാപ്പിയുമായി
റൂമിലേക്ക് കയറി.

പെട്ടെന്നാണ് പുറകിൽ നിന്നും സൂരജ് അവനെ കയറിപ്പിടിച്ചത്. ചൂട് കാപ്പി സതീഷിന്റെ കയ്യിലൂടെ തെറിച്ചുവീണു.

സൂരജ് സതീഷിന്റെ മുഖത്തേക്ക് നോക്കി. ഏട്ടൻ എന്താ കാപ്പിയും കൊണ്ട്.
എന്താ എനിക്ക് വന്നുകൂടെ.
ഇങ്ങനെയൊരു സംഭവം ഇതുവരെ നടന്നിട്ടില്ല അതുകൊണ്ട് ചോദിച്ചതാ.

താഴേക്ക് ഇറങ്ങാൻ തുടങ്ങിയ നീ
റൂമിലേക്ക് ഓടി കയറുന്നത് കണ്ട്
എന്താ സംഭവം എന്ന് അറിയാൻ
വേണ്ടി വന്നതാ.

സൂരജ് തല വെളിയിലേക്ക് ഇട്ടുനോക്കി. നീആരെയാ നോക്കുന്നത്.
അല്ല അമ്മു…
അവൾ താഴേക്ക് പോയി.

വെറുതെയാണോ ആ കൊച്ച്
പാതിരാത്രിക്ക് കിടന്നു കാറുന്നത്.

ഇപ്പോൾ ഞാൻ വന്നതുകൊണ്ട് അത്
ഒരു കാറലിൽ നിന്നും രക്ഷപ്പെട്ടു.

അല്ല എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ.
ഏട്ടന് രാവിലെ ഒരു പണിയുമില്ലേ.
ഓ ഞാൻ പോയേക്കാം. സതീഷ് തലയാട്ടിക്കൊണ്ട് വെളിയിലേക്കിറങ്ങി.

എല്ലാവരും കൂടി ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് സൂരജിന്റെ അച്ഛൻ പറഞ്ഞത് നാളെ അമ്മുവിന്റെ വീട്ടിലേക്ക് വിരുന്ന് പോകേണ്ടതാണ് ഇന്ന് വൈകിട്ട് രണ്ടാളും കൂടെ പോയി കൊണ്ടുപോകാനുള്ള ഡ്രസ്സ് എടുക്കണമെന്ന്.

ആഹാരം കഴിച്ചതിനുശേഷം
ദീപ്തിയോടൊപ്പം കിച്ചൺ ക്ലീൻ ചെയ്യാൻ ആയി കൂടി അമ്മു. പിന്നീട് ദീപ്തിയോടൊപ്പം കുറച്ചു നേരം ടിവി കണ്ടു.

കുറച്ചു കഴിഞ്ഞു ഒന്നു കിടക്കട്ടെ എന്ന് പറഞ്ഞ് ദീപ്തി റൂമിലേക്ക് പോയി.

അമ്മു വെളിയിലേക്കിറങ്ങി ഗാർഡനിലേക്ക് കണ്ണോടിച്ചു കൂടുതലും റോസ് ആണ് പലനിറത്തിൽ ഉള്ളത് ഒരു സൈഡിലായി ഒരു ചെറിയ താമരക്കുളം ഉണ്ട് അതിൽ നിറയെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു അതിന്റെ ഒരു അരികിലായി സിമന്റ് ബഞ്ച്ഉണ്ട്.

അമ്മു അവിടേക്ക് നടന്നു അതിലേക്ക് ഇരുന്നുകൊണ്ട് കുളത്തിലേക്ക് നോക്കി കുളത്തിലൂടെ നീന്തിത്തുടിക്കുന്ന പലതരത്തിലുള്ള മീനുകൾ. അവൾ കൗതുകത്തോടെ അവയെ നോക്കി ഇരുന്നു.

കുറെ നേരം ആയിട്ടും റൂമിലേക്ക് അമ്മുവിനെ കാണാതിരുന്നത് കൊണ്ട്ആണ് സൂരജ് താഴേക്കിറങ്ങി വന്നത്.

താഴെ എങ്ങും ആരെയും കണ്ടില്ല. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അവൻ വെളിയിലേക്കിറങ്ങി. ഗാർഡനിലെ ബെഞ്ചിൽ ആലോചനയോടെ ഇരിക്കുന്ന അമ്മുവിനെ കണ്ടു അവൻ അങ്ങോട്ടേക്ക് ചെന്നു.

അവളുടെ അരികിലായി ഇരുന്നുകൊണ്ട് മടിയിലേക്ക് തല വെച്ചു. എന്റെ അമ്മൂസ് എന്താണ് ഇത്ര വലിയ ആലോചന.

ഒന്നുമില്ല സൂരജേട്ടാ ഈ ഗാർഡൻ കാണാൻ എന്തു ഭംഗിയാ പല കളറിൽ എന്ത് റോസ് ആണ് ഇവിടെനിൽക്കുന്നത്.

ഇതൊക്കെ വാങ്ങി നട്ടതാ അമ്മൂസെ.

ഇതൊക്കെ നല്ല ഭംഗി ആണ് കാണാൻ പക്ഷേ എനിക്കിഷ്ടം അമ്മൂസിന്റെ വീട്ടിലെ തെച്ചിയും മന്ദാരവും ചെമ്പകവും ഒക്കെയാണ് അവിടെ വരുമ്പോൾ ഒരു പ്രത്യേകതയാണ് ആ ചെമ്പകത്തിന്റെ മണം ആണ് എന്റെ അമ്മുസിന്.

അവൻ അവളുടെ വിരലുകളിൽ അമർത്തി ചുംബിച്ചു. താൻ എഴുന്നേൽക്ക് നമുക്ക് ഷോപ്പിൽ പോയിട്ട് വരാം അമ്മുവിന്റെ മടിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു അവർ റെഡിയായി ഗായത്രിയോട് യാത്ര പറഞ്ഞ് ഇറങ്ങി.

സൂരജിനെ കണ്ടയുടനെ ജോലിക്കാർ സൗഹൃദത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു.
സൂരജിന് എല്ലാവരോടുമുള്ള സൗഹൃദം കണ്ട് അമ്മു അൽഭുതത്തോടെ അവനെ നോക്കി.

അവളുടെ കയ്യും പിടിച്ച് അവൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി
അമ്മൂ എല്ലാവരോടും സൗഹൃദത്തോടെ ചിരിച്ചു. വീട്ടിലേക്ക് വേണ്ട ഡ്രസ്സ് എടുത്തതിനുശേഷം അമ്മുവിനെയും കൊണ്ട് അവൻ ഒരു ജ്വല്ലറിയിലെക്കാണ് പോയത്.

അമ്മുവിന് താലി ഇടാൻ വേണ്ടി ഒരു ചെറിയ മാല വാങ്ങി. പിന്നീട് ബില്ലടയ്ക്കാൻ ആയി ചെന്നപ്പോഴാണ് നീല കല്ലുവെച്ച മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടത്.

അവൻ അമ്മുവിന്റെ അരികിലേക്ക് നീങ്ങി നിന്നു അവളുടെ കാതിൽ പതിയെ പറഞ്ഞു അമ്മൂസെ എനിക്ക് ഒരുപാട് ഇഷ്ടമാണ് മൂക്കുത്തി ഇടുന്നത് ഞാൻ വാങ്ങി തരട്ടെ തനിക്ക് ഒരെണ്ണം.
അമ്മു പെട്ടെന്ന് ഭയത്തോടെ മൂക്കിൽ പിടിച്ചു. തനിക്ക് മൂക്ക് കുത്താൻ പേടിയാണെങ്കിൽ വേണ്ട കേട്ടോ.

അവൻ അങ്ങനെ പറഞ്ഞെങ്കിലും വീണ്ടും കണ്ണുകൾ മൂക്കുത്തി യിലേക്ക് പോകുന്നത് അവൾ കണ്ടു.

പക്ഷേ മൂക്ക് കുത്തുമ്പോൾ ഉള്ള വേദന ഓർത്ത് അവൾ ഒന്നും മിണ്ടാതെ അവന്റെ പിറകെ നടന്നു.

പിറ്റേന്ന് 2 കാറിൽആണ്എല്ലാവരുംപോയത്.

എല്ലാവരെയും പ്രതീക്ഷിച്ച് അമ്മച്ഛനും മുത്തശ്ശനും പൂമുഖത്തു തന്നെ ഉണ്ടായിരുന്നു മുത്തശ്ശിയും അമ്മമ്മയും അടുക്കളയിൽ സദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു.

ചെമ്പകശ്ശേരിയിൽ നിന്നും എത്തിയ എല്ലാവരെയും സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു മുത്തശ്ശൻ. സ്നേഹത്തോടെ അമ്മച്ഛന്റെയും മുത്തശ്ശന്റെയും കവിളിൽ ഓരോ ഉമ്മയും കൊടുത്തുകൊണ്ട് അമ്മു അകത്തേക്ക് ഓടി.

അടുക്കളയിൽ നിന്നിരുന്ന അമ്മമ്മയെയും മുത്തശ്ശിയെയും കെട്ടിപ്പിടിച്ചു. പിറകെ എത്തിയ ഗായത്രിയും ദീപ്തിയും അതുകണ്ട് പുഞ്ചിരിയോടെ നിന്നു.

ഊണ് കഴിഞ്ഞ് സൂരജും അമ്മുവും ഒഴികെ ബാക്കി എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി സൂരജിനെയും കൊണ്ട് അമ്മു തന്റെ മുറിയിലേക്ക് പോയി.

കുറച്ചു നേരം
കിടന്നോ സൂരജേട്ടാ എന്ന് പറഞ്ഞുകൊണ്ട് അവൾ വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി
താൻ ഇത് എവിടേക്കാ ഓടുന്നത് .താനും ഇവിടെ വന്ന് കിടക്ക്.

സൂരജ് അവളുടെ കയ്യിൽ പിടിച്ച് തന്റെ അരികിലേക്ക് വലിച്ചിട്ടു. പിടഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങിയ അവളെ രണ്ടുകൈകൊണ്ടും പൂട്ടി.

എന്റെപെണ്ണ് എന്റെ കൂടെ ഇവിടെ കിടന്നാൽ മതി.ശ്ശോ സൂരജേട്ടാ വാതിൽ തുറന്നു കിടക്കുകയാ ആരെങ്കിലും വരും
വാതിൽ ഞാൻ ലോക്ക് ചെയ്തോളാം.

അവൻ വാതിൽ ലോക്ക് ചെയ്തതിനുശേഷം അവളുടെ അരികിലേക്ക് വന്ന് കിടന്നു
മുഖം അവളുടെ കഴുത്തിന് അടിയിലേക്ക് വെച്ചു.

അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾ ഒന്നു പിടച്ചു

കുറെ കഴിഞ്ഞപ്പോൾ അവന്റെ ശ്വാസഗതി ഒരേ പോലെ ആയി. അവൾ അവന്റെ തലയിൽ കൂടി വിരലുകൾ മെല്ലെഓടിച്ചു.

അവൻ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അവൾ അവന്റെ തല മെല്ലെ താഴ്ത്തി വെച്ചു. അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പതുക്കെ എഴുന്നേറ്റ് താഴേക്ക് ഇറങ്ങി.

കിച്ചണിൽ നിന്നും മുത്തശ്ശിയുടെയും അമ്മമ്മയുടെയും ശബ്ദം കേട്ട് അങ്ങോട്ടേക്ക് ചെന്നു. ചെന്നപ്പോൾ ഇഡ്ഡലി ചെമ്പിൽ നിന്നും വെളിയിലേക്ക് വരുന്ന ചക്ക അടയുടെ മണം അവൾ മൂക്കിലേക്ക് വലിച്ചു കയറ്റി.

ആഹാ ഇന്ന് കാര്യം ആയിട്ടാണല്ലോ മുത്തശ്ശി. എന്റെ അമ്മൂട്ടന് ചക്കയട ഇഷ്ടമല്ലേ. ഇന്നലെ പടിഞ്ഞാറെ പ്ലാവിൽനിന്നും ഇട്ട തേൻവരിക്കയാ.
സൂരജ് മോന് ഇഷ്ടം ആകുമോ. കുറച്ച് ഉണ്ണിയപ്പം കൂടി ഉണ്ടാക്കിയിട്ടുണ്ട്. അമ്മമ്മ ചായ എടുക്കാം.

മോൾ പോയി സൂരജ് മോനെ വിളിച്ചു കൊണ്ടുവാ.
ശരി അമ്മമ്മേ അവൾ മുകളിലേക്ക് കയറി.

റൂമിൽ ചെന്നപ്പോൾ സൂരജ് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കിടക്കുകയാണ്.

കുറച്ചുകഴിഞ്ഞ് ഫോൺ കട്ട് ചെയ്തതിനുശേഷം അമ്മുവിനെ നോക്കി.

നല്ല ആളാ താൻ എന്നെ ഇവിടെ ഉറക്കി കിടത്തിയിട്ട് താഴേക്ക് പോയി അല്ലേ.
അമ്മു ചിരിയോടെ അവന്റെ അടുത്തേക്ക്
ഇരുന്നു.

ചായ എടുത്തുവെച്ചു സൂരജേട്ടാ താഴേക്കു വാ. ദാ വരുന്നു. അവൻ
ബാത്ത് റൂമിലേക്ക് കയറി.

ചായകുടിയും കഴിഞ്ഞ് ഇരിക്കുമ്പോഴാണ് മുത്തശ്ശി പറഞ്ഞത് വൈകിട്ട് ക്ഷേത്രത്തിൽ പോകണം.

രണ്ടാളുടെയും പേരിൽ കുറച്ചു വഴിപാട് ഉണ്ട്. അത് നടത്തണം. വിളിച്ചാൽ വിളിപ്പുറത്തുള്ള ആളാ മഹാദേവൻ.

സൂരജ് മോന് വൈകിട്ട് കഴിക്കാൻ ചപ്പാത്തിയോ മറ്റോ ഉണ്ടാക്കണോ. എന്താ ഇഷ്ടം എന്ന് വച്ചാൽ പറഞ്ഞാൽ മതി ഉണ്ടാക്കാം. എനിക്ക് പ്രത്യേകിച്ച് ഇഷ്ടം ഒന്നുമില്ല മുത്തശ്ശി. എന്തായാലും മതി. അവൻ അമ്മുവിന്റെ കൈയും പിടിച്ച് വെളിയിലേക്കിറങ്ങി.

ചെമ്പക ചുവട്ടിലെക്കാണ് അവൻ പോയത്
അതിൽ നിന്നും ഒരു പൂവ് അടർത്തി അവൻ വാസനിച്ചു അതിനുശേഷം ആ പൂവ് എടുത്ത് അമ്മുവിന്റെ മുടികൾക്കിടയിൽ തിരുകി

അമ്മു ചിരിയോടെ സൂരജിനെ നോക്കി
സൂരജേട്ടന് ഇത്ര ഇഷ്ടമാണോ ചെമ്പകപൂവ് എനിക്ക് ഒരുപാട് ഇഷ്ടമാണ്.

എന്റെ അമ്മുസിനും ഇതിന്റെ മണമാണ്
അവളുടെ കവിളുകൾ ചുവന്നു അവൾ നാണത്തോടെ മുഖം കുനിച്ചു.
ഈ സൂരജേട്ടന്റെ ഒരു കാര്യം

സൂരജേട്ടനെ ഞാൻ ഒരുകൂട്ടം കാണിച്ചുതരാം അവൾ സൂരജിന്റെ കയ്യും പിടിച്ച് വീടിന്റെ വടക്ക് ഭാഗത്തേക്ക് നടന്നു കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ഉയർന്നുനിൽക്കുന്നകൽപ്പടവുകൾ ആണ് കണ്ടത് അടുത്തേക്ക് ചെന്ന സൂരജിന്റെ മനം കുളിർത്തു.

നിറയെ പച്ചപ്പ് നിറഞ്ഞകുളം അമ്മു അവന്റെ കയ്യിൽപിടിച്ച് താഴേക്കിറങ്ങി കൽപ്പടവിലേക്ക് ഇരുന്നു.

അവൻ കൈക്കുമ്പിളിൽ വെള്ളം നിറച്ചു മുഖത്തേക്ക് തളിച്ചു നല്ല തണുത്ത വെള്ളം.
അമ്മൂസെ ഇവിടെ ആരെങ്കിലും കുളിക്കാറുണ്ടോ .

ഉണ്ട് സൂരജേട്ടാ എങ്കിൽ ഇന്ന് ഞാനും ഇവിടെയാ കുളിക്കുന്നത് താൻ പോയി ഒരു ടവൽ എടുത്തു കൊണ്ടുവാ
സൂരജ് ഷർട്ട് അഴിച്ചു കൊണ്ട് പറഞ്ഞു.

ടവ്വൽ എടുത്തുകൊണ്ടുവന്ന അമ്മു
കണ്ടത് ഉടുത്തിരുന്ന മുണ്ടും ഉടുത്തു കൊണ്ട് കുളത്തിൽ നീന്തുന്ന സൂരജിനെയാണ്. അവൾ ചിരിയോടെ പടവിലേക്ക് ഇരുന്നു.

സൂരജ് അവളുടെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു ദേ സൂരജേട്ടാ വേണ്ടാട്ടോ. ഇങ്ങോട്ട് ഇറങ്ങി വാ പെണ്ണേ നമുക്ക് ഒരുമിച്ചു കുളിക്കാം.

അയ്യടാ അതങ്ങ് മനസ്സിൽ വെച്ചാൽ മതി. അമ്മു
2 സ്റ്റെപ്പ് മുകളിലേക്ക് കയറിഇരുന്നു.

കുറേനേരം കുളത്തിൽ മുങ്ങാംകുഴിയിട്ടും നീന്തിയും കിടന്ന സൂരജ് അമ്മുവിന്റെ വഴക്ക് കേട്ടാണ് കയറിവന്നത്.

അവളുടെ അടുത്ത് വന്ന അവൻ തലമുടിയിലെ വെള്ളം മുഴുവൻ അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു. അവൾ കപട ദേഷ്യത്തോടെ അവനെ നോക്കിക്കൊണ്ട് തിരിഞ്ഞു പോകാൻ തുടങ്ങി.

സൂരജ് ഒരു കൈ കൊണ്ട് അവളെ വലിച്ച് തന്റെ നെഞ്ചോട് ചേർത്തു എന്റെ അമ്മൂസ് പിണങ്ങിയോ.

അപ്പോഴാണ് മുത്തശ്ശിയുടെ വിളി കേട്ടത്. അമ്മൂട്ടിയെ സൂരജ് മോനോട് കുളത്തിൽ നിന്നും കയറാൻ പറ. പരിചയമില്ലാത്തതല്ലേ നീർവീഴ്ച ഉണ്ടാകും

അമ്മു സൂരജിൽ നിന്നും കുതറിമാറി കൊണ്ട് പറഞ്ഞു ശരി മുത്തശ്ശി. അമ്മു തോർത്തെടുത്ത് സൂരജിന്റെ കയ്യിലേക്ക് കൊടുത്തു തല നന്നായി തോർത്ത്
സൂരജേട്ടാ.

വൈകിട്ട് ദീപാരാധന കണ്ടുതൊഴാൻ എല്ലാവരും കൂടിയാണ് പോയത് എന്തൊക്കെയോ പ്രത്യേക വഴിപാടുകൾ മുത്തശ്ശിയുടെ വകയായി ഉണ്ടായിരുന്നു.

രാത്രിയിൽ ആഹാരവും കഴിഞ്ഞു എല്ലാവരുടെയും ഒപ്പം ഉമ്മറത്ത് സംസാരിച്ചിരുന്നു സൂരജ്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മുവിന് ഉറക്കം വന്ന് അവൾ മുത്തശ്ശിയുടെ തോളിലേക്ക് ചാഞ്ഞു.

അപ്പോൾ മുത്തശ്ശൻ പറഞ്ഞു നിങ്ങൾ റൂമിലേക്ക് പൊയ്ക്കോ മക്കളെ
അമ്മൂട്ടൻ ഉറക്കം തൂങ്ങുന്നു.
കേൾക്കാൻ കാത്തിരുന്നതുപോലെ

സൂരജ് പെട്ടെന്ന് എഴുന്നേറ്റു. രണ്ടാളും റൂമിലേക്ക് നടന്നു. ബെഡിലേക്ക് വന്നു കിടന്ന അമ്മുവിനെ വലിച്ച് നെഞ്ചോട് ചേർത്തു.

അമ്മു കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി. അമ്മൂസെ ഇങ്ങോട്ട് നോക്കടി പെണ്ണേ.

എന്റെ മുഖത്തു നോക്കാനും നിനക്ക് നാണം ആണോ. സൂരജ് ചിരിയോടെ ചോദിച്ചു.

പിന്നെ വരുൺ വിളിച്ചിട്ടുണ്ടായിരുന്നു. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. ഞായറാഴ്ച നമ്മൾ ശീതളിന്റെ വീട്ടിലേക്ക് പോകുന്നുണ്ട് വരുണിനു വേണ്ടി ശീതളിനെ ചോദിക്കാൻ.

ശീതളിന്റെ വീട്ടുകാരോട് വരുണിന്റെ അമ്മ സംസാരിച്ചിട്ടുണ്ട്. എല്ലാവർക്കും താല്പര്യം ഉണ്ട്. അമ്മു അൽഭുതത്തോടെ സൂരജിന്റെ മുഖത്തേക്ക് നോക്കി.

സത്യമാണോ
സൂരജേട്ടാ പറഞ്ഞത്. ആണെടീ പെണ്ണേ… ശീതൾ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല ആരോ പെണ്ണുകാണാൻ ചെല്ലും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നീ ആയിട്ട് ഒന്നും പറയാൻ പോകണ്ട.

അമ്മു അത്യധികം സന്തോഷത്തോടെ സൂരജിന്റെ കവിളിലമർത്തിചുംബിച്ചു.
ഒരു നിമിഷം കഴിഞ്ഞാണ് താൻ എന്താണ് ചെയ്തതെന്ന് അവൾക്ക് ഓർമ വന്നത്.

സൂരജ് കള്ളച്ചിരിയോടെ അമ്മുവിനെ നോക്കി സന്തോഷം വന്നാൽ ഇങ്ങനെയൊക്കെ കിട്ടുമെങ്കിൽ ഞാൻ റെഡിയാ കേട്ടോ
അവൻ ചിരിയോടെ പറഞ്ഞു….

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3

തുലാമഴ : ഭാഗം 4

തുലാമഴ : ഭാഗം 5

തുലാമഴ : ഭാഗം 6

തുലാമഴ : ഭാഗം 7

തുലാമഴ : ഭാഗം 8

തുലാമഴ : ഭാഗം 9

തുലാമഴ : ഭാഗം 10

തുലാമഴ : ഭാഗം 11

തുലാമഴ : ഭാഗം 12