തൈരും ബീഫും: ഭാഗം 25
നോവൽ: ഇസ സാം
മമ്മ….എന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്നു…മമ്മയുടെ മുടിയൊക്കെ നരച്ചിരിക്കുന്നു. …മമ്മയെ കണ്ടതും ഞാൻ ചാടി എണീക്കാൻ ഒരു വിഫല ശ്രമം നടത്തി……മമ്മയും സാൻഡിയും ഓടി വന്നു എന്നെ പിടിച്ചു…. മമ്മ എന്നെ കെട്ടി പിടിച്ചു…ഞാനും …മമ്മ എൻ്റെ നെറ്റിയിലും കവിളിലും ഒക്കെ മാറി മാറി ഉമ്മ വെചു…….. ഞങ്ങളുടെ വികാര പ്രകടനങ്ങളും മറ്റും കണ്ടു സാൻട്ര മോളെയും കൊണ്ട് പുറത്തിറങ്ങി……. അവളും കരയുന്നുണ്ടായിരുന്നു…… എത്ര നേരം ഞങ്ങൾ കെട്ടി പിടിച്ചു കരഞ്ഞു എന്ന് അറിയില്ല…… കരച്ചിൽ ഒന്നടങ്ങിയപ്പോൾ മമ്മ ഇരു കൈകളും എൻ്റെ കവിളിൽ വെചു…… “ഒന്ന് വിളിക്കെടാ എബിച്ചാ……..
ഞാനൊന്ന് കേൾക്കട്ടെ………” മമ്മയുടെ ചുണ്ടുകൾ വിറയ്ക്കുന്നു…… ഞാൻ മമ്മയുടെ കൈകളിൽ അധരങ്ങൾ ചേർത്തു…. “ഈ തലോടലിനു ഞാൻ എത്ര കൊതിച്ചു മമ്മ……….. ” എന്റെ സ്വരം ഇടറിയിരുന്നു……. മമ്മ വീണ്ടും എന്നെ ചേർത്തു പിടിച്ചു…….വീണ്ടും കരച്ചിൽ തന്നെ……..കരഞ്ഞു കരഞ്ഞു അവസാനം അത് നേർത്ത ചിരി ആയി മാറി……. “ഇത്രയും നേരം നമ്മൾ ഏതോ സീരിയൽ സെറ്റിലായിരുന്നോ……?” ഞാനാണേ …. “പോടാ അവിടന്ന്…അതൊക്കെ പണ്ട്…ഇപ്പൊ സീരിയലിൽ എല്ലാം പ്രതികാരം ആണ്……. ” മമ്മയാണേ….. “ഹ…ഹ……ഹ…… അപ്പൊ ഇപ്പോഴും സീരിയൽ ഒക്കെ കാണാറുണ്ട്……..” ഞാനാണേ…പണ്ടേ മമ്മയ്ക്കു സീരിയൽ ഒരു ബലഹീനതയാണ്.
“പിന്നേ…..എനിക്കതിനു എവിടാ സമയം….. ഞാൻ കേൾക്കാറേയുള്ളു….. ” മമ്മയാണ്….. ആ നിഷ്‌കു ഭാവത്തിലെ ഇരുപ്പു കണ്ടപ്പോൾ ഞാൻ വീണ്ടും ചിരിച്ചു…. “അപ്പന് എങ്ങനെ ഉണ്ട്…… എന്നെ പോലെ ..കിടപ്പാണോ?… ഇതിലും മെച്ചമാണോ ….?” ഞാൻ കുറുമ്പൊടെയും അല്പം കാര്യത്തിലും ചോദിച്ചു… അപ്പൻ എന്നും എന്നോട് അകലം പാലിച്ചിട്ടേയുള്ളു…. അത് മനസ്സിൽ പതിഞ്ഞു പോയി… എന്നാലും മമ്മയെ ആ ചോദ്യം വേദനിപ്പിച്ചു…. ” കിടപ്പാ….ഓർമ്മയും കുറവാ….. ഇടയ്ക്കു എബിചൻ വന്നില്ലേ?…എന്നൊക്കെ ചോദിക്കും…….” അത് പറഞ്ഞപ്പോൾ മമ്മയുടെ കണ്ണിൽ വേദന തെളിഞ്ഞു….. “മമ്മ…… അപ്പനെ നോക്കാൻ ആരേലും ഉണ്ടോ? ആരേലും മമ്മയെ സഹായിക്കുമോ?”
“എൻ്റെ കെട്ടിയോനെ ഞാൻ നോക്കിക്കൊള്ളാം…വേറാരും വേണ്ടാ…….എന്നാലും സെബാൻ്റെ മക്കൾ സഹായിക്കും……. ” എനിയ്‌ക്കൊരുപാട് വേദന തോന്നി…ഞാൻ സംരക്ഷിക്കണം എന്ന് വിചാരിച്ചുരുന്ന മമ്മ……എനിക്ക് എന്നോട് പുച്ഛം തോന്നി……എൻ്റെ ഈ അവസ്ഥയോർത്തു എനിക്ക് നിരാശയും വേദനയും കൂടി കലർന്നു ഒരു വീർപ്പുമുട്ടലായി…. “ചേച്ചിമാരൊക്കെ എങ്ങനാ…….? ഇപ്പോഴും പോരാണോ?” ചേച്ചിമാർക്കു എന്നെ ഭയങ്കര പേടി ആയിരുന്നു…..’ മമ്മ ഒരു പാവം ആയിരുന്നത് കൊണ്ട് കുറച്ചു പോരൊക്കെ ഉണ്ടായിരുന്നു മമ്മിയോട്…….. ഞാൻ പ്രശ്നം ഉണ്ടാക്കി അപ്പൻ ഇടപെട്ടു ഒതുക്കിയതായിരുന്നു…..
ഇപ്പൊ ഞങ്ങൾ രണ്ടും വീണല്ലോ….. ഇനി ചേച്ചിമാർക്കു എന്തും ആവാലോ….. “സാൻട്ര തരകൻ ഉള്ളപ്പോ ഒരു ചേച്ചിമാരും തലപൊക്കുകേല……. ” മമ്മയുടെ ദൃഢ സ്വരം എന്നെ ഞെട്ടിച്ചു……. “സാൻട്രയോ….. അവൾ കുരിശിങ്കലിൽ വരാറുണ്ടോ……?” ഞാനാണേ ……ഞാൻ ഞെട്ടി തകർന്നു പോയി….ഇവൾ കുമ്പിടി ആണോ…. “ആള് എന്തിനാ ആഗ്ഞ പോരെ…….” മമ്മയാണ് … “ഒന്ന് തെളിച്ചു പറ….മമ്മ …..” “അവൾ പള്ളി കമ്മറ്റിയിൽ എല്ലാരുടെയും മുന്നിൽ വെച്ച് പറഞ്ഞു….എന്നെ കഷ്ടപ്പെടുത്തുവാണ് എന്ന്….. അലക്സിയും സെബാനും മറുപടിയില്ലായിരുന്നു…. അച്ഛനും കമ്മറ്റിക്കാരും അറിഞ്ഞതോടെ അവന്മാർ ഒതുങ്ങി……
പിന്നെ പള്ളിയിൽ വെച്ച് കണ്ടപ്പോൾ സാൻട്ര നേരിട്ട് ചേച്ചിമാരോട് പറഞ്ഞു എവിടെയൊക്കെയോ പരാതി കൊടുക്കും….വനിതാ പോലീസിനെയും കൊണ്ട് വരും എന്നൊക്കെ…. അവളുമാരും ഒതുങ്ങി….. പിന്നെ എന്നാ….. ഞാൻ ഇട്ടേച്ചും പോയ…അപ്പനെ നോക്കാൻ വേറെ ആളെ വെക്കണ്ടായോ…..അതാ പ്രധാന കാരണം……” ഈശോയെ എൻ്റെ സാൻഡി….നീ പൊളിച്ചല്ലോ പെണ്ണേ……… ഞാൻ പോലുമറിയാതെ എന്നിൽ വിരിഞ്ഞ ചിരി മമ്മയിലും വിരിഞ്ഞു….. “അവൾ ഇല്ലായിരുന്നു എങ്കിൽ നീ ഇല്ല എബിച്ചാ…… ഈ എബിച്ചനു മേൽ അവകാശം ഈ ലോകത്തു സാന്ഡിക്ക് മാത്രമേയുള്ളു……
ഒരു നാൾ നീയത് തിരിച്ചറിയും…….” മമ്മയതും പറഞ്ഞു എൻ്റെ നെറുകയിൽ തലോടി…… രാത്രി എന്നിലേക്ക് നടന്നു അടുക്കുന്ന കാൽ പെരുമാറ്റത്തിലും ആ സ്പർശനത്തിലും എന്നെ കുളിപ്പിക്കുമ്പോഴും നടത്തിക്കുമ്പോഴും വീഴാതെ ചേർത്ത് പിടിക്കുമ്പോഴും ദേഷ്യ പെടുമ്പോഴും എപ്പോഴും ഞാൻ അറിയുന്നു ………. “നിനക്ക് എന്നോട് മറ്റൊന്നും ചോദിക്കാനില്ലേ എബിച്ചാ……?” മമ്മയാണ്…സൂക്ഷ്മമായി എന്നെ നോക്കുന്നു……മുഖത്തു നിറച്ചു ഗൗരവം……………… “ഉണ്ട്……” ഞാൻ തലയാട്ടി….. “സാൻഡിയും ഡേവിസും തമ്മിലുള്ള കെട്ട് നടന്നോ?” ഞാനാണ്….എനിക്ക് ഈ ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു……
എൻ്റെ സംശയങ്ങളുടെ മറുപടി ഈ ഉത്തരത്തിലാണ്. “ഇല്ല……” “കാരണം ഞാനാണോ?” ഞാൻ മമ്മയെ തന്നെ നോക്കി……ആ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ട്….. “ആവാം…… സാൻട്ര പിന്മാറി…… വലിയ പ്രശ്നമായിരുന്നു…… ഇടവകയിലെ മറ്റും….. ആ കൊച്ചിനെ എല്ലാരും ഒറ്റപ്പെടുത്തി……പക്ഷേ …അവള് മാത്യുച്ചായൻ്റെ മോളല്ലായോ…… പിടിച്ചു നിന്നു….. ഇപ്പൊ എല്ലാം മാറിയില്ലേ…….” ഞാൻ കണ്ണടച്ച് ചാരി ഇരുന്നു….. എൻ്റെ മുന്നിൽ മനസമ്മതത്തിനു എന്നെ തിരയുന്ന സാൻഡിയെ ഓർമ്മ വന്നു. എന്നോട് ദേഷ്യപ്പെടുമ്പോഴും നിറഞ്ഞിരുന്ന അവളുടെ കണ്ണുകൾ തെളിഞ്ഞു വന്നു….. “എബീ………………….. ” മമ്മയാണ്… ഞാൻ പെട്ടന്ന് കണ്ണ് തുറന്നു …. ..
ഞാൻ മമ്മയെ നോക്കി ചിരിച്ചു…..ജന്നലിൽ കൂടെ പുറത്തേക്കു നോക്കി……. “ഈവ…… എൻ്റെ മോളാണ് അല്ലേ മമ്മ ….?” അത് പറയുമ്പോ എന്റെ ശബ്ദം ഇടറിയിരുന്നു….ഞാൻ മമ്മയെ നോക്കി……. കണ്ണുകൾ നിറഞ്ഞിരിക്കുന്നു….. .”മ്മ്…….. ” മമ്മ എന്റെ നെറുകയിൽ തലോടി……” ഞാൻ അന്വേഷിച്ച ഉത്തരം ഇതാണ്……. ഞാൻ വിദൂരതയിലേക്ക് നോക്കി…….ഓർമ്മ വന്നപ്പോ ഒരു പൂച്ച കുഞ്ഞിനെ പോലെ ഉരുണ്ടു ഉരുണ്ടു എൻ്റെ ശരീരത്തിലൂടെ മേലോട്ടു കയറി വന്ന കുറുമ്പി…എൻ്റെ കണ്ണ് കുത്തി പൊട്ടിക്കുന്നത് പോലെ കാണിച്ചത്…..എന്നോട് കരയണ്ട എന്ന് പറഞ്ഞത്……….ഞാൻ ചിരിച്ചു പോയി…….
അപ്പൊ ഈവ തരകൻ ……എൻ്റെ മോളാണ്……എബിയുടെയും ശ്വേതയുടെയും മോള്…….. ഈ ലോകത്തു ഏറ്റവും ഭാഗ്യഹീനയായി ജനിച്ചു എന്നാൽ ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതിയായി മാറിയവൾ…….. സാൻട്രയുടെ അമൂല്യ നിധിയായി മാറിയവൾ…. “സാന്ട്ര പറഞ്ഞോ?…..” മമ്മയാണ് … “ഇല്ല…ഞാൻ കണ്ണ് തുറന്നപ്പോ ആദ്യം കണ്ടത് ഈവയാണ്……. എന്നെ അപ്പായി എന്ന് വിളിച്ചപ്പോൾ…ഞാൻ കുടിച്ച ചായയുടെ ബാക്കി കുടിച്ചപ്പോ…..എന്നോട് കൂട്ടു കൂടിയപ്പോ….പുലരികളിൽ എന്നോട് പറ്റി ചേർന്ന് കിടന്നപ്പോ…. സാൻട്രയോടൊപ്പം എനിക്കൊരോന്നു ചെയ്തു തരുമ്പോ…..
കുറുമ്പ് കാണിക്കുമ്പോ…..അപ്പായി എന്ന് കെട്ടിപിടിക്കുമ്പോ കൊതി തോന്നീട്ടുണ്ട് എൻ്റെ മോളായിരുന്നു എങ്കിൽ എന്ന് ……… എന്നെ ആരും അന്വേഷിച്ചു വരാത്തപ്പോ….ഒരു ഫോൺ പോലും വരാതായപ്പോ…. ആലോചിച്ചു. ….. ഈവയുടെ വയസ്സ് വെച്ച് നോക്കുമ്പോ ഒരിക്കലും സാൻഡിയുടെയും ഡേവിസിൻ്റെയും കുഞ്ഞാവാൻ സാധ്യതയില്ല…… പിന്നെ എല്ലാത്തിനുപരി മമ്മയുടെ ഛായ…………എന്നാലും…ഉറപ്പിച്ചത് ഇന്നാ………..” ഞാൻ ഒന്ന് നിർത്തി……..എനിക്ക് സന്തോഷം തോന്നി……. അവളുടെ അപ്പായി എന്ന വിളി ആദ്യമൊക്കെ അന്യമായി തോന്നിയെങ്കിലും…പിന്നീട് എനിക്കതു കേൾക്കാതിരിക്കാൻ കഴിയുകേല….. എനിക്ക് കൊതി തോന്നീട്ടുണ്ട്…….
എനിക്ക് ആ വിളി സ്വന്തമായെങ്കിൽ എന്ന്….. ” ഞാൻ സാൻഡിയോട് പറയട്ടേ…….” അതും പറഞ്ഞു മാമ്മ എണീറ്റതും ഞാൻ തടഞ്ഞു….. “നോ…… പറയരുത് മമ്മ….. വേണ്ട……അവൾ അറിയണ്ട……. അവളുടെ സ്വന്തം ഈവ അല്ലേ…… അത് അങ്ങനെ മതി…….. ” മമ്മ എന്നെ സംശയിച്ചു നോക്കി….. ഞാൻ പറഞ്ഞത് പുള്ളിക്കാരിക്ക് അത്രയ്ക്ക് മനസ്സിലായില്ല എങ്കിലും ഒന്നും മിണ്ടിയില്ല….. അപ്പോഴേക്കും ഈവ്‌സും സാൻഡിയും എത്തി…… ഒരു ട്രേ നിറച്ചും മമ്മ കൊണ്ട് വന്ന പലഹാരം……എല്ലാം എൻ്റെ ഇഷ്ടവിഭവങ്ങൾ…….. ഞാനൊരു ചക്ക അട എടുത്തു…..ഈവയെ നോക്കി….. അവൾ മമ്മയുടെ മടിയിലാണ്…. രണ്ടും കൂടെ അട രുചിക്കുന്നു… ഇപ്പോൾ നോക്കുമ്പോ രണ്ടും ഒരേ അച്ചിൽ കൊത്തിയതു പോലെ ഉണ്ട്….
എനിക്ക് ചിരി വന്നു…… ഇതൊക്കെ കണ്ടു ചിരിച്ചു നിൽക്കുന്ന സാൻഡിയെ കണ്ടപ്പോൾ……ഈശോയെ ഇവൾ എന്നെ ഞെട്ടിക്കുകയാണല്ലോ…… എപ്പോഴും അതേ…… അവൾ മമ്മയെ വിളിച്ചു കൊണ്ട് പോയി…….അവരുടെ പൊട്ടി ചിരികൾ എനിക്കിവിടെ കേൾക്കാം…..കുറച്ചു നേരം കൂടെ നിന്നിട്ടു മമ്മ പോയി….. സാൻഡി മമ്മയെ കാറിൽ കൊണ്ടാക്കിയിട്ടു വന്നു……ഈവയും കൂടെ പോയി…… മമ്മ പോയപ്പോൾ കരഞ്ഞിരുന്നു…… പോകാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല….. അവിടത്തെ ജീവിതം അങ്ങനാണല്ലോ….. ഈവ തിരിച്ചു ഓടി വന്നു എൻ്റെ മടിയിൽ കയറി ഇരുന്നിട്ട് ചോദിക്കുവാണു … “അപ്പയ്ക്ക് ഒറ്റയ്ക്ക് ഇരുന്നപ്പോൾ പേടി ആയോ……?” എൻ്റെ മോള്……ഞാൻ എത്രയോ തവണ അവളുടെ ചവിട്ടു അനക്കം ഒക്കെ ശ്വേതയുടെ വയറിൽ കൈവെച്ചു അറിഞ്ഞിട്ടുണ്ട്….
ഞാനവളുടെ നെറ്റിയിൽ ഉമ്മ വെച്ചു…. എൻ്റെ കണ്മുന്നിൽ ഉണ്ടായിട്ടും ഞാൻ അറിയാതെ പോയ അഞ്ചു വർഷങ്ങൾ…… “ഇല്ലല്ലോ……എന്നാത്തിനാ പേടിക്കുന്നെ……?” ഞാനാണേ….. എനിക്കവളെ സമ്മാനിച്ച കർത്താവിനോടു ഒരുപാട് സ്നേഹം തോന്നി……പക്ഷേ അതിലും സ്നേഹവും നന്ദിയും കർത്താവിനോടു തോന്നിയത് ഞങ്ങൾക്ക് സാൻഡിയെ തന്നതിലായിരുന്നു….. “എന്നാലേ നമുക്കു ഒരു ഗോസ്ട് സിനിമ കണ്ടാലോ…..? മമ്മയ്ക്കു ഭയങ്കര പേടിയാ…..? പ്ളീസ്…… നമുക്ക് കാണാം അപ്പായി” ഈശോയെ…… ഈ കുരുപ്പിനെ കൊണ്ട് ഞാൻ തോറ്റല്ലോ…… “അയ്യോ എനിക്ക് ഗോസ്റ്റിനെ പേടിയാ…… …..” ഞാനാന്നെ……
ഇവൾ എങ്ങാനും രാത്രി പേടിച്ചു കരഞ്ഞാൽ സാൻഡി എന്നെ കൊല്ലും…. ചുണ്ടും കൂർപ്പിച്ചു എന്നെ നോക്കി…… “മമ്മയെ പേടി ആണ് അല്ലേ…..?” വാപൊത്തി ചിരിച്ചു കൊണ്ട് ചോദിക്കുവാ ആ കാന്താരി….. “അയ്യടാ…. നിൻ്റെ മമ്മയെ ഞാൻ എന്നാത്തിനാ പേടിക്കുന്നേ….. വി ബോയ്സ് ആർ നോറ്റ് സ്കയേർഡ് ഓഫ് ഗേൾസ് ………” ഞാൻ വലിയ സ്റ്റൈലിൽ പറഞ്ഞു…. ശബ്ദം ഒക്കെ മാറ്റി…… അവൾ എന്നെ തുറിച്ചു നോക്കി…..കയ്യിലിരുന്ന പാവ നിലത്തു വെച്ചു….. ആരംഭിച്ചില്ലേ അംഗം….. “ആയ്ന സൂപ്പർ സീന ….. ലേസീ ബോയ്സ് ആക്റ്റീവ് ഗേൾസ് ഗേൾസ് ഗോ ടു സ്‌കൂൾ ടു ഗെറ്റ് സം നോലജ്
ബോയ്‌സ് ഈറ്റ് ലഡ്ഡു ബിക്കോസ് ദേ ആർ ബുദ്ദു” പാടി തകർക്കുന്ന എൻ്റെ കൊച്ചു ഫെമിനിച്ചി ഈവ……. ഞാൻ വായും പൊളിച്ചിരുന്നു…..ഈശോയെ നിർത്തുന്നില്ല…..പുച്ഛം വാരി വിതറി നൃത്തവും പാട്ടും…അടിക്കുന്നു ചവിട്ടുന്നു…ഒരു താണ്ഡവം തന്നെ …. ബഹളം കേട്ട് സാൻഡിയും വന്നു…. എനിക്കൊപ്പം വന്നിരുപ്പായി…..അവളും ചിരിക്കുന്നു…..ഒടുവിൽ തളർന്നു നർത്തകി എനിക്കൊപ്പം വന്നു കിടന്നു….. “തളർന്നു അപ്പായീ……….” വിയർത്തു കുളിച്ചു കിടപ്പുണ്ട്….. ഞാൻ എൻ്റെ ടവൽ എടുത്തു വിയർപ്പു തുടച്ചു കൊടുത്തു….. സാൻഡി വെള്ളം കൊണ്ട് വന്നു കുടിപ്പിച്ചു…… “ഡീ നീ കോച്ചിനെ ഒരു ഫെമിനിച്ചി ആക്കിയാണോ വളർത്തി വെച്ചിരിക്കുന്നേ ദുഷ്‌ടെ ……” എൻ്റെ സ്വരം ദയനീയമായിരുന്നു…… “പിന്നാല്ലാതേ….. ഞങ്ങൾക്ക് ജീവിക്കണ്ടായോ….. അല്ലേ ഈവകുട്ടി…….”
അവൾ ഈവയുടെ കവിളിൽ പിടിച്ചു ചോദിച്ചു… “വി ആർ ഓസ്‌മോ മമ്മ…..” തളർന്ന സ്വരം …നർത്തകിയാണേ…. “ഓസ്മോയോ….അതെന്നതാ……” ഞാനാന്നെ….. മിഴിച്ചു സാൻട്രയെ നോക്കി…അവൾ ചിരി അടക്കാൻ പാട് പെടുന്നുണ്ട്…… “പറഞ്ഞു കൊടുക്ക് മമ്മാ…. അപ്പായി സ്കൂളിൽ പോയിട്ടില്ലല്ലോ?” വീണ്ടും നർത്തകി…… “ഓസം…….. എന്നാ ഈവ്സ് പറഞ്ഞേ………” സാൻട്ര ചിരിക്കിടയിൽ പറഞ്ഞു…… ഈശോയെ……. ഈവയ്ക്കു തുല്യം ഈവ മാത്രം…… ഞാൻ തലയിൽ കൈവെച്ചു പോയി……. അന്ന് രാത്രി…..എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല…… എൻ്റെ മമ്മ….. ദൂരെ ……അപ്പനെയും നോക്കി….ഒറ്റപ്പെട്ടു ജീവിക്കുന്നു…..എന്നെ സ്കൂളിലാക്കിയത്…ഞാൻ പഠിച്ചു ഡോക്‌ടറാവുമ്പോ അമ്മയുടെ കണ്ണീർ മാറ്റണം എന്ന് പ്രതീക്ഷിച്ച ഞാൻ ചെയ്തതോ…… സ്വന്തം ഇഷ്ട പ്രകാരം കുടുംബം വിട്ടു..എല്ലാം തെറ്റുകൾ……
ഇന്ന് എന്നെ പൊന്നു പോലെ നോക്കുന്ന സാൻഡിയെ പോലും…… ഞാൻ കണ്ണടച്ചിരുന്നു എങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി….. എന്നും എന്നിലേക്ക് എത്തുന്ന കാൽ പെരുമാറ്റം ഇന്ന് എന്തെ വൈകുന്നു…… ഞാൻ കണ്ണ് തുറന്നു നോക്കി…… സാൻഡി അവളുടെ കട്ടിലിൽ എണീറ്റിരുന്നു എന്നെ നോക്കുന്നു….. “കിടന്നില്ലേ സാൻഡി…….” ഞാനാണു….അവൾ എണീറ്റ് എൻ്റെ അടുത്ത് വന്നു……എൻ്റെ കട്ടിലിൽ ഇരുന്നു…..എൻ്റെ നെറുകയിൽ തലോടി…… “എന്നതാ എബിച്ചാ……. ……. എന്തിനാ വിഷമിക്കുന്നെ…… മമ്മയെ ഓർത്താണോ…… അപ്പനെ ഓർത്താണോ….. ?” ഞാൻ അല്ല എന്ന് തലയാട്ടി….അവൾ എൻ്റെ കണ്ണുനീർ തുടച്ചു….. “ഞാൻ ശ്വേതയെ വിളിക്കാം….. നിന്നെ കാണാൻ വരാൻ പറ………..” അവൾ പൂർത്തിയാക്കിയില്ല……
അതിനു മുന്നേ എൻ്റെ കാവിളിലിരുന്ന അവളുടെ കൈ എടുത്തു ഒരു നല്ല കടി വെച്ച് കൊടുത്തു……അവൾ നിലവിളിയോടെ കൈ വലിച്ചു. “പോയി കിടന്നു ഉറങ്ങു പെണ്ണേ….. അവള് അർദ്ധ രാത്രി അവളുടെ അപ്പാപ്പനെ കെട്ടിക്കാൻ വന്നിരിക്കുന്നു……” അവൾ അന്തം വിട്ടു എന്നെ നോക്കുന്നു…..എന്നിട്ടു എൻ്റെ രണ്ടു കവിളിലും മാന്തി പറിച്ചു…. ഞാൻ അവളെ കയ്യിൽ എത്തി പിടിക്കുന്നതിനു മുന്നേ ഓടി പോയി അവളുടെ കട്ടിലിൽ കിടന്നു…. എന്നിട്ടു വിളിച്ചു പറഞ്ഞു….. “മോങ്ങാണ്ട് കിടന്നു ഉറങ്ങടാ എബിച്ചാ….. കാട്ടു മാക്കൻ…..എന്നാ കടിയാ ഈശോയെ….?” എൻ്റെ കവിളുകൾ നീറിയെങ്കിലും എൻ്റെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശുകയായിരുന്നു. (കാത്തിരിക്കണംട്ടോ)
ഇസ സാം…..