Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 9

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


സ്വപ്നമാണോ അതൊ മിഥ്യയാണോ കണ്മുന്നിൽ നടക്കുന്നതെന്ന് മനസ്സിലാകാതെ സിദ്ധു മിഴിച്ചിരുന്നു.

അവന്റെ വിവാഹനിശ്ചയം നടന്നുകൊണ്ടിരിക്കുകയാണ്. തനിക്ക് വേണ്ടി തന്റെ അമ്മ കണ്ടെത്തിയ പെൺകുട്ടി ശ്രീലക്ഷ്മിയാണെന്ന് അറിഞ്ഞത് മുതൽ അവൻ ഒരു അപ്പൂപ്പൻ താടി പോലെ വായുവിൽ പറന്നു കൊണ്ടിരിക്കുകയാണ്.

പെണ്ണ് വീട്ടുകാരുടെ ക്ഷണനപ്രകാരം ബന്ധു മിത്രാതികളെയും കൂട്ടി നിശ്ചയവിരുന്നിന് വന്നിരിക്കുകയാണ് സിദ്ധു.

മയിൽ‌പീലിയുടെ നിറമുള്ള പട്ടുസാരിയണിഞ്ഞ് മുടി നിറയെ മുല്ലപ്പൂ ചൂടി
മിതമായ അലങ്കാരങ്ങളോടെ ഒരു ദേവതയെ പോലെ ശ്രീലക്ഷ്മി അവർക്ക് മുന്നിൽ വന്ന് നിന്നു..

“സിദ്ധുവേട്ടാ, ഒന്ന് തലയുയർത്തി നോക്കൂന്നേ..”

മൃദുലയുടെ കളിയാക്കികൊണ്ടുള്ള വാക്കുകൾ ഏറ്റ് പിടിച്ച് മറ്റ് കുട്ടികളും അവനെ നോക്കി കളിയാക്കി ചിരിച്ചു.
സിദ്ധുവിന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു..

“ഹേ… ദേ സിദ്ധുവേട്ടൻ നാണിക്കുന്നത് നോക്കിയേ..”

നിശ അവനെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു..അത് കണ്ട് മറ്റുള്ളവരും പൊട്ടിചിരിയുതിർത്തു..എന്ത് പറയണമെണെന്നറിയാതെ അവൻ ഒരു പുഞ്ചിരിയോടെ മൗനമായിരുന്നു.

മുന്നിരിക്കുന്ന മുതിർന്നവരെ ബഹുമാനത്തോടെ വണങ്ങിക്കൊണ്ട് ശ്രീലക്ഷ്മി അവർക്ക് മുന്നിൽ തലകുനിച്ചു നിന്നു..

“അമ്മായിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്ക് മോളെ..”

ശ്രീലക്ഷ്മിയുടെ അച്ഛൻ ശ്രീനിവാസന്റെ വാക്കുകൾ അനുസരിച്ചു കൊണ്ട് അവൾ മീനാക്ഷിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങി..

“നന്നായി വരട്ടെ…”

മീനാക്ഷി അവളെ അനുഗ്രഹിച്ചികൊണ്ട് അവളുടെ തോളിൽ പിടിച്ച് ഉയർത്തി തന്റെ അരികിലേക്ക് ചേർത്ത് നിർത്തി.

“ചെമ്പകശ്ശേരിയിൽ പരേതനായ ശ്രീ.സദാശിവൻ നായരുടെയും ശ്രീമതി. മീനാക്ഷി സദാശിവൻ നായരുടെയും സീമന്ത പുത്രൻ ശ്രീമാൻ സിദ്ധാർത്ഥനും ശ്രീവത്സത്തിൽ ശ്രീ.ശ്രീനിവാസൻ നായരുടെയും ശ്രീമതി. ബിന്ദു ശ്രീനിവാസൻ നായരുടെയും മകൾ ശ്രീമതി.ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹം അടുത്ത മാസം പതിനഞ്ചാം തീയതി മലയാളമാസം ചിങ്ങം ഒന്നിന് രാവിലെ 10.30നും 11നും മദ്ധ്യേ ഉള്ള ശുഭ മുഹൂർത്തത്തിൽ നാരായണ കല്യാണമണ്ഡപത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.. ”

പൂജാരി നിശ്ചയപത്രം വായിച്ചു കഴിഞ്ഞതും മീനാക്ഷിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. കുടുംബങ്ങൾ സന്തോഷത്തോടെ അതിനെ അംഗീകരിച്ചു.. സിദ്ധുവിന്റെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി.. താൻ മനസിൽ ആഗ്രഹിച്ച പെണ്ണ് തന്നെ തന്റെ ഭാര്യയായി വരാൻ പോകുന്നു എന്നോർത്ത് അവൻ പുളകിതനായി.

ഇരു കുടുംബങ്ങളിലേയും കാരണവന്മാർ ആ വിവാഹ നിശ്ചയത്തിന് ആക്കം കൂട്ടാനെന്നോണം തട്ടുകൾ കൈമാറി വാക്കുറപ്പിച്ചു…

അവൻ മെല്ലെ തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കി.. മീനാക്ഷിയുടെ അരുകിൽ തലകുനിച്ച് ഇരിക്കുകയാണ് ശ്രീലക്ഷ്മി.സ്വർഗ്ഗലോകത്തെ ഒരപ്സരസിനെ പോലെ ഇരിക്കുന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു..

“ഹാവൂ… ഇപ്പഴെങ്കിലും തലപൊക്കി ഒന്ന് നോക്കിയല്ലോ..? ”

മൃദുല തന്റെ കുസൃതി നിറഞ്ഞ വാക്കുകൾ കൊണ്ട് ആ രംഗത്തെ കൂടുതൽ രസകരമാക്കി.

“ശ്രീലക്ഷ്മി എന്റെ ഒറ്റമോളാണ്..അവൾക്ക് വേണ്ടി ഞാൻ അധികം സാമ്പത്തിച്ചൊന്നും ഇട്ടിട്ടില്ല.. എങ്കിലും അവളെ വെറും കയ്യോടെ അയക്കില്ല..”

ശ്രീനിവാസൻ അല്പം നിരാശ കലർന്ന സ്വരത്തിൽ പറഞ്ഞു..

“സ്ത്രീധനത്തിന്റെ കാര്യമാണോ അമ്മാവൻ പറയുന്നത്..എങ്കിൽ എനിക്കത് വേണ്ട.. അധ്വാനിക്കാതെ കിട്ടുന്നതൊന്നും നിലനിൽക്കില്ല അമ്മാവാ..ഇത്രയും നാൾ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തി വലുതാക്കിയ നിങ്ങളുടെ മകളെ എനിക്ക് വിവാഹം ചെയ്ത് തരാം എന്ന് സമ്മതിച്ചത് തന്നെ എന്റെ ഭാഗ്യമാണ്..ഞാൻ വിവാഹം ചെയ്ത് എന്റെ കൂടെ ജീവിക്കാൻ പോകുന്ന പെണ്ണിന് ഞാൻ തന്നെയാണ് എല്ലാം ചെയ്യേണ്ടത്..അതാണ് ന്യായം..”

അത് വരെ മൗനമായ് നിന്നിരുന്ന സിദ്ധുവിന്റെ സ്വരം എല്ലാവരെയും അതിശയിപ്പിച്ചു. അത് കേട്ട് മീനാക്ഷിയുടെ മനസ്സും നിറഞ്ഞു..

“ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്റെ മകൻ തന്നെ പറഞ്ഞു.സ്ത്രീധനമായി ഞങ്ങൾക്ക് ഒന്നും വേണ്ട.. ഈ മഹാലക്ഷ്മിയെ ഞങ്ങൾക്ക് തന്നാൽ മാത്രം മതി..”

മീനാക്ഷിയും തന്റെ മനസ്സ് തുറന്നപ്പോൾ ശ്രീനിവാസൻ അവരെ ബഹുമാനത്തോടെ നോക്കി നിന്നു.

ഒരു ഇടത്തരം കുടുംബമാണ് ശ്രീലക്ഷ്മിയുടേത്…അന്നന്നത്തെ ചിലവുകൾ കഴിച്ച് മകളെ പഠിക്കാൻ അയക്കാൻ തന്നെ ആ പിതാവ് പെടാപാട് പെടുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
മീനാക്ഷിയാണെങ്കിലും ശരി, സിദ്ധുവാണെങ്കിലും ശരി, രണ്ട് പേർക്കും പൊന്നിനോടും ഭൂമിയോടും ആഗ്രഹമില്ലാത്തവരാണ്.

തന്റെ ഭാര്യയായി വരാൻ പോകുന്ന പെൺകുട്ടി ഒരു പണക്കാരി ആയിരിക്കണമെന്നോ അവൾക്ക് കിട്ടുന്ന സ്ത്രീധനം മുന്നിൽ കണ്ട് ജീവിതം മെച്ചപ്പെടുത്തണമെന്ന് സിദ്ധുവും മരുമകളായി വന്ന് കയറുന്നവൾ കഴുത്തിലും കാതിലും നിറയെ സ്വർണം ഉണ്ടാവണമെന്ന് മീനാക്ഷിയും ഒരിക്കലും ചിന്തിച്ചിട്ടില്ല..

നല്ല സ്വഭാവഗുണമുള്ള പെൺകുട്ടിയെ തന്റെ മകന് കല്യാണം കഴിച്ച് കൊടുക്കണം എന്ന് മാത്രമേ ആ പാവം അമ്മ ആഗ്രഹിച്ചിരുന്നുള്ളു.. സിദ്ധുവിനും തന്റെ അമ്മയെ പൊന്ന് പോലെ നോക്കുന്ന പെണ്ണ് മതി എന്നും മാത്രമായിരുന്നു ആഗ്രഹം.

“എന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിക്ക് ഞാനാണ് ആഭരണങ്ങൾ വാങ്ങി കൊടുക്കേണ്ടത്… അവൾ ആഗ്രഹിക്കുന്ന സ്വർണ്ണം ഞാൻ എന്റെ സമ്പാദ്യത്തിൽ നിന്നും അവൾക്ക് വാങ്ങി കൊടുക്കാം…അതിട്ടു വേണം അവൾ മണ്ഡപത്തിലേക്ക് വരാൻ… ”

സിദ്ധു വ്യക്തമാക്കി പറഞ്ഞു… പെൺ വീട്ടുകാർക്ക് അവനോടുള്ള മതിപ്പ് കൂടി.

**********
സമയം സന്ധ്യ കഴിഞ്ഞിരുന്നു.. മീനാക്ഷിയുടെ മടിയിൽ കിടക്കുകയാണ് സിദ്ധു.. മീനാക്ഷി അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു..

“മോനെ നിനക്ക് പെണ്ണിനെ ഇഷ്ടപ്പെടായ്ക ഒന്നുമില്ലല്ലോ..”

മീനാക്ഷി സിദ്ധുവിനോട് ചോദിച്ചു.

“എനിക്ക് ഇഷ്ട്ടായി അമ്മേ..”

അവൻ മനസ്സിലെ സന്തോഷം പുറത്ത്‌ കാണിച്ചുകൊണ്ട് ചിരിച്ചു.

“ഈ കല്യത്തിലാണ് എന്റെ സന്തോഷം മുഴുവനും.. ദേവിയായിട്ട് കാണിച്ചു തന്നതാ… ശ്രീലക്ഷ്മിയെ.. അവളെ ഇപ്പൊ നിനക്കും ഇഷ്ടമായീന്ന് ഓർക്കുമ്പോ സന്തോഷമായി..
കല്യാണം കഴിഞ്ഞാൽ അമ്പലത്തിൽ ഒരു ചുറ്റ് വിളക്ക് കത്തിക്കണം..”

മീനാക്ഷി ഭക്തിയോടെ പറഞ്ഞു..

“അമ്മ പറഞ്ഞാൽ പിന്നെ എനിക്ക് മറുവാക്കുണ്ടോ.. നമുക്ക് ചെയ്യാം..”

അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

“ആഹാ.. അമ്മയും മോനും ഇവിടെ ഇരിക്കുവാണോ… ടാ സിദ്ധു… കെട്ടാൻ പോകുന്ന പെണ്ണിനെ ഫോൺ ചെയ്യാതെ നീ ഇവിടെ അമ്മയോട് എന്ത് പറഞ്ഞോണ്ടിരിക്കുവാ..”

മഹേന്ദ്രൻ പുഞ്ചിരിയോടുകൂടി മുറിയിലേക്ക് കയറി..

“അതമ്മാവാ… അമ്മ അമ്പലത്തിൽ പോകുന്ന കാര്യം പറയുവായിരുന്നു..”

സിദ്ധു മെല്ലെ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു..

“അതൊക്കെ നമുക്ക് പോകാം.. ഇപ്പൊ രണ്ട് പേരും ഭക്ഷണം കഴിക്കാൻ… ഞങ്ങൾ പുലർച്ചെ തന്നെ മടങ്ങും.. ഇനി നിന്റെ കല്യത്തിന് വരേണ്ടതല്ലേ..”

മഹേന്ദ്രൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..

അവർ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു.. മൃദുലയുടെ കൊച്ചുകൊച്ചു തമാശകൾ കൂടിയായപ്പോൾ എല്ലാവരുടെയും വയറ് നിറഞ്ഞു.

കഴിച്ച് കഴിഞ്ഞതും സിദ്ധു ടെറസിലേക്ക് നടന്നു.. കറുത്തിരുണ്ട ആകാശത്ത് മിന്നിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെ ആസ്വാദനത്തോടെ അവൻ നോക്കി നിന്നു..

“അളിയാ… നീ ഇവിടിരുന്നു സ്വപ്നം കാണുവാണോ..”

വിജയ് ടെറസിലേക്ക് കയറികൊണ്ട് ചോദിച്ചു.

“ഏയ് ഇല്ലടാ.. ഞാൻ ചുമ്മാ നക്ഷത്രങ്ങളെ നോക്കി ഇരിക്കുവായിരുന്നു..”

സിദ്ധു മുഖത്തെ പ്രണയഭാവം മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

“ഓഹ് പിന്നെ.. നിന്റെ മുഖം കണ്ടാൽ അറിയില്ലേ… നീ നിന്റെ പെണ്ണിനെ ആലോചിച്ച് ഇരിക്കുവാണെന്ന്.. എന്തായാലും എനിക്ക് സന്തോഷമായി.. അമ്മയ്ക്കും മോനും ഇഷ്ടപ്പെട്ടത് നമ്മുടെ ശ്രീലക്ഷ്മിയെ തന്നെ ആണല്ലോ… ചിലവുണ്ട് മോനെ..”

വിജയുടെ വാക്കുകൾ സിദ്ധുവിന്റെ മുഖത്ത് നാണം വിടർത്തി.

“അതൊക്കെ ഇരിക്കട്ടെ.. നീ അവളോട്‌ സംസാരിച്ചോ..”

വിജയ് ആകാംഷയോടെ ചോദിച്ചു..

“ഇല്ല.. എന്താ സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല.. ആകെ ഒരു ചമ്മൽ.. അതാണ്..”

സിദ്ധു പറഞ്ഞതും വിജയ് അവനെ കടുപ്പിച്ച് നോക്കി..

“നീ ശെരിക്കും മണ്ടനാണോടാ… അതൊ അങ്ങനെ അഭിനയിക്കുകയാണോ… നിശ്ചയോം കഴിഞ്ഞ് അടുത്ത മാസം കല്യാണമാണ്.. എന്നിട്ടും നീ അവളോട്‌ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞാൽ വല്ല്യ കഷ്ടമാണ്..”

“അത്.. അവൾ എന്നെ കുറിച്ച് എന്ത് കരുതുമെടാ..”

സിദ്ധുവിന്റെ മുഖത്തെ പരിഭ്രമം വിജയ് തിരിച്ചറിഞ്ഞു…

“ഇത് ഇങ്ങനെ പോയാൽ ശരിയാവില്ല.. നീ നിന്റെ ഫോണിങ് തന്നേ…”

അവൻ സിദ്ധുവിന്റെ ഫോൺ പിടിച്ചു വാങ്ങി..

“വേണ്ടടാ…”

സിദ്ധു അവനെ തടയാൻ ശ്രമിച്ചു..

“S…r..e..e… ആഹ് നമ്പറൊക്കെ സേവ് ചെയ്ത് വെച്ചിട്ടുണ്ടല്ലോ..”

വിജയ് കാളിങ് ബട്ടണിൽ അമർത്താൻ തുടങ്ങിയതും ഫോൺ റിംഗ് ചെയ്തു..

“ദേ… അവളിങ്ങോട്ട് വിളിക്കുന്നു..”

ഫോൺ സിദ്ധുവിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് വിജയ് പറഞ്ഞു…

“എടുത്ത് സംസാരിക്കട പൊട്ടാ..”

അന്താളിപ്പോടെ നിൽക്കുന്ന സിദ്ധുവിനെ നോക്കി അവൻ പറഞ്ഞു..

വിറയ്ക്കുന്ന കൈകളോടെ അവൻ ഫോൺ എടുത്തു.

“ഹലോ..”

“ഹലോ… സിദ്ധുവേട്ടാ.. ഞാനാ ശ്രീലക്ഷ്മി..”

“ആഹ്.. ശ്രീ.. നീ ഭക്ഷണം കഴിച്ചോ…”

“കഴിച്ചു… അതില്ലേ… എനിക്ക് സിദ്ധുവേട്ടനെ ഒന്ന് നേരിൽ കാണാൻ പറ്റോ..”

“എപ്പോ…? ”

“നാളെ…”

“ശരി… നാളെ അമ്പലത്തിനടുത്തുള്ള ആൽത്തറയിൽ വെച്ചു കാണാം…”

“ഉം..”

“Good night..”

“Good night..”

നെഞ്ചിനുള്ളിലെ ഒരു ഭാരം ഇറക്കി വെച്ചത് പോലെ ഒരു പുഞ്ചിരിയോടെ അവൻ ഫോൺ കട്ട് ചെയ്തു.

“ടാ..അളിയാ…അവളെന്ത് പറഞ്ഞു..”

വിജയ് ആകാംഷയോടെ ചോദിച്ചു..

“നാളെ കാണാൻ പറ്റുമോ എന്ന്..”

അവൻ ചെറു നാണത്തോടെ പറഞ്ഞു..

“ഹമ്പട കേമാ.. സിദ്ധു കുട്ടാ…നിശ്ചയം കഴിഞ്ഞതും പെണ്ണിന് നിന്നെ കാണാതിരിക്കാൻ പറ്റാതെയായോ.. അത്രയ്ക്ക് ഇഷ്ടമായോ അവൾക്ക് നിന്നെ…

അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. നിന്നെ ആർക്കാ ഇഷ്ടമാവാത്തത്.. എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അവളെ നിനക്ക് കെട്ടിച്ച് തന്നിട്ട് നിന്നെ എന്റെ ശെരിക്കുള്ള അളിയനാക്കിയേനെ.. അതിനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി..”

വിജയ് സംസാരിച്ചുകൊണ്ടേ ഇരുന്നെങ്കിലും സിദ്ധുവിന്റെ ചിന്ത മുഴുവൻ നാളെ അവളെ കാണാൻ പോകുന്നതിനെ കുറിച്ചായിരുന്നു..

പിറ്റേന്ന്,

“ഈ നാട്ടിലെ പെണ്ണിന്റെ പുറകെ നടക്കാൻ നിനക്ക് അത്രക്ക് ധൈര്യമോ…”

സിദ്ധു ഒരുവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് കോപത്തോടെ ചോദിച്ചു..

“ഇവനെ പോലുള്ളവന്മാരെ വെറുതെ വിടരുത്.. അവന്റെ മോറടിച്ച് പരത്തളിയാ..”

വിജയും കോപത്തോടെ പറഞ്ഞു..

“എനിക്ക് അവളെ ഇഷ്ടമാണ്..”

അവൻ പറഞ്ഞു തീരും മുൻപേ സിദ്ധുവിന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞു..

“മിണ്ടി പോകരുത് നീ.. ഇഷ്ടമാണ് പോലും..”

സിദ്ധു അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു..വിജയും അവനെ നന്നായി തന്നെ പെരുമാറി.. ഇതൊന്നും ആരും കാണുന്നില്ലെന്നാണ് ഇരുവരും കരുതിയിരുന്നതെങ്കിലും രണ്ട് കണ്ണുകൾ ഭയപ്പാടോടെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

“ഇനി നിന്നെ ഈ നാട്ടിൽ കണ്ട് പോകരുത്.. അഥവാ കണ്ടാൽ.. പിന്നെ നീ ജീവനോടെ തിരിച്ച് പോവില്ല..”

സിദ്ധുവിന്റെ ഭീഷിണിയിൽ ഭയന്ന് അവൻ ഓടി രക്ഷപ്പെട്ടു.

“ഇനി അവൻ നിന്റെ പുറകെ വരില്ല കുട്ടി.. ഇനി നിനക്ക് ധൈര്യമായി കോളേജിൽ പോയിട്ട് വരാം.. ഇവമ്മാരെ പോലുള്ളവരെ പേടിച്ച് പഠിപ്പ് നിർത്താൻ പോവാണെന്നൊന്നും ഇനി പറയരുത്… നമ്മുടെ നാട്ടില് പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് തന്നെ വല്ല്യ കാര്യമാണ്..ആദ്യം നീ നന്നായി പഠിക്ക്.. കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അച്ഛനും അമ്മയും നാളെ നിന്നെ കുറിച്ചോർത്ത് അഭിമാനിക്കണം.

ഇനി എന്തേലും പ്രശ്നം ഉണ്ടേൽ എന്നോട് പറഞ്ഞാൽ മതി.. ഒരു ഏട്ടന്റെ സ്ഥാനത്ത് ഞാനുണ്ട്..”

പറഞ്ഞുകൊണ്ടിരിക്കുന്ന ആ പെൺകുട്ടിയെ അവൻ ആശ്വസിപ്പിച്ചു.. അവൾ അവനെ തൊഴുകയ്യോടെ വാങ്ങിക്കൊണ്ട് നടന്നകന്നു..

“ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന്.. റാസ്കൽ…”

സിദ്ധു പല്ലുകൾ കടിച്ചുകൊണ്ട് പറഞ്ഞു..

“വിടളിയാ..നീ ഇടിച്ചവന്റെ പരിപ്പ് ഇളക്കിയില്ലേ… അവൻ ഓടിയ വഴിയിലൂടെ ഇനി പുല്ല് പോലും മുളക്കില്ല..”

വിജയ് അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.ശേഷം ആൽത്തറയിലേക്ക് നടന്നു..

“സമയം ഒരുപാട് വൈകി.. അവള് പോയെന്ന് തോന്നുന്നു..”

അല്പം വിഷമത്തോടെ സിദ്ധു പറഞ്ഞു.

“നീ വിഷമിക്കണ്ട.. ഫോൺ ചെയ്തു നോക്ക്..”

വിജയ് പറഞ്ഞത് പോലെ സിദ്ധു ശ്രീലക്ഷ്മിയുടെ നമ്പറിലേക്ക് കാൾ ചെയ്തു..

സ്വിച്ച് ഓഫ്‌…

അവൻ ഉടനെ അവളുടെ അച്ഛന്റെ നമ്പറിലേക്ക് വിളിച്ചു..

ആദ്യം കല്യാണ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ച ശേഷം അവൻ ശ്രീലക്ഷ്മിയെ അന്വേഷിച്ചു..

“ഇപ്പൊ അമ്പലത്തിൽ നിന്ന് വന്നേ ഉള്ളൂ മോനെ… ക്ഷീണമാണെന്ന് പറഞ്ഞ് കിടക്കുവാ..”

ശ്രീനിവാസൻ മറുപടി പറഞ്ഞു.. പിന്നെയും കുറച്ചു നേരം സംസാരിച്ചതിന് ശേഷം അവൻ ഫോൺ കട്ട് ചെയ്തു..

“അവൾ വീട്ടിലെത്തി.. ക്ഷീണമാണെന്ന്…ഇനി ഞാൻ വരാൻ വൈകിയതിന്റെ ദേഷ്യമായിരിക്കുമോ..? ”

സിദ്ധു വിജയുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..

“കുറച്ച് മുൻപല്ലേ ആക്ഷൻ ഹീറോയെ പോലെ ഡയലോഗ് വിട്ടത്.. ഇപ്പൊ കൊച്ചു കുഞ്ഞിനെ പോലെ കരയുന്നോ..”

വിജയ് അവനെ കളിയാക്കി,

“ടാ… നീയും ഇങ്ങനെ എന്നെ കളിയാക്കിയാൽ എങ്ങനാ.. അവളെന്നെക്കുറിച്ച് എന്ത് കരുതി കാണും എന്ന് വിഷമിച്ചിരിക്കുവാ ഞാൻ..”

സിദ്ധുവിന്റെ മുഖം വാടി..

“അവളൊന്നും കരുതി കാണില്ല.. നീ വെറുതെ അതോർത്ത് മനസ്സ് വിഷമിപ്പിക്കണ്ട…”

വിജയ് അവന്റെ തോളത്ത് കയ്യിട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8