Sunday, December 22, 2024
Novel

രുദ്രാക്ഷ : ഭാഗം 14

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

രണ്ടാഴ്ച വളരെ പെട്ടെന്നാണ് കടന്നു പോയത്. അതിനുശേഷം ഇതിനിടയിൽ ഒരിക്കൽ പോലും സിദ്ധുവും രുദ്രയും തമ്മിൽ കണ്ടില്ല.

സഞ്ജുവിനെ വാർഡിൽ ആക്കി. അവന്റെ എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ നോക്കി പോന്നിരുന്നത് രുദ്രയായിരുന്നു. ഓഫീസിലെ കാര്യങ്ങളെല്ലാം നരനും ഗോപിനാഥും കൈകാര്യം ചെയ്തിരുന്നു.
സിദ്ധു ഒരാഴ്ചയായി ലീവ് ആണെന്ന് അറിയാൻ കഴിഞ്ഞു.

സഞ്ജുവിനെ ഇനിയും അപകടപ്പെടുത്താൻ സിദ്ധു ശ്രമിക്കുമോ എന്ന ഭയം രുദ്രയുടെ മനസ്സിനെ അസ്വസ്ഥയാക്കിയിരുന്നു.

സഞ്ജു എന്നാൽ പഴയതുപോലെ തന്നെ കാണപ്പെട്ടു. സഞ്ജു സഹോദരനാണെന്ന് സിദ്ധുവിനെ അറിയിച്ചത് രുദ്ര അവരോട് പറഞ്ഞിരുന്നില്ല.

ഇതുപോലൊരു ഭാര്യയെ കിട്ടിയ താൻ ലക്കി ആടോ. ഇവരുടെ പ്രാർത്ഥന അതുകൂടി ഉള്ളതുകൊണ്ടാണ് താൻ ഇത്രയും പെട്ടെന്ന് റിക്കവർ ആയതുപോലും.
ഞാൻ വരുമ്പോഴെല്ലാം കണ്ടിരുന്നു ഒരുപോള കണ്ണടയ്ക്കാതെ കരഞ്ഞു കലങ്ങിയിരിക്കുന്ന ഇയാളെ. അച്ഛൻ വഴക്കുപോലും പറയുന്നുണ്ടായിരുന്നു അല്പം വെള്ളമെങ്കിലും കുടിക്കാൻ പറഞ്ഞ്.
എനിവേയ് നാളെ ഡിസ്ചാർജ് ചെയ്യാം. പത്തുദിവസം ആകുമ്പോൾ എന്നെ വന്ന് കാണണം. തല അധികം ഇളക്കേണ്ട… കേസ്ഷീറ്റ് നോക്കിക്കൊണ്ട് ഡോക്ടർ പോയി.

നിമിഷങ്ങളോളം അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു.
അവന്റെ കൈകൾ
ബെഡിനടുത്തുള്ള സ്റ്റൂളിൽ ഇരിക്കുകയായിരുന്ന രുദ്രയുടെ കൈകളിൽ അമർന്നു.
ആന്തലോടെ അവൾ മിഴികളുയർത്തി.
പരസ്പരം അവരുടെ മിഴികൾ ഇടഞ്ഞു.
ആദ്യമായി അവർ മിഴികളുടക്കി ഏതോ ഒരു ലോകത്ത് വിഹരിച്ചു.

രുദ്രയാണ് മിഴികൾ ആദ്യം പിൻവലിച്ചത്.
വലിച്ചെടുക്കാൻ പോയ അവളുടെ കൈകളിൽ സഞ്ജു വിടാതെ പിടിച്ചിരുന്നു.

ഞാൻ മുൻപൊരിക്കൽ നിന്നോടൊരു കാര്യം ചോദിച്ചിരുന്നു രുദ്രൂ. അന്ന് നിന്റെ വാക്കുകൾ ഞാൻ കേട്ടു.
എന്റെ പ്രണയത്തെ ഞാനെന്റെ ഉള്ളിൽ ആരുമറിയാതെ ഭദ്രമാക്കി സൂക്ഷിച്ചു.
ഞാൻ അത് ഒരിക്കൽ കൂടി ചോദിക്കുകയാ.
എനിക്ക് നിന്നെയും നിനക്ക് എന്നെയും നന്നായി അറിയാം.
നീ തന്നെ പറഞ്ഞിട്ടുണ്ട്. നിനക്ക് ഞാൻ ആരെല്ലാമോ ആണെന്ന്. ഒരച്ഛന്റെയും ഒരമ്മയുടെയും ഒരു കൂടപ്പിറപ്പിന്റെയും ഒരു സുഹൃത്തിന്റെയും മാത്രമല്ല എന്റെ മുഴുവൻ സ്നേഹവും നിന്നിലേക്ക് പ്രവഹിക്കാൻ ഒരവസരം തന്നുകൂടെ എനിക്ക്. എന്റെ എല്ലാമെല്ലാമായി എന്റെ പെണ്ണായി വരുമോ എന്റെ ജീവിതത്തിലേക്ക്. സന്തോഷം കൊണ്ടല്ലാതെ നിന്റെ മിഴികൾ നിറയില്ലെന്ന് ഉറപ്പ് തരാം ഞാൻ.. സഞ്ജു പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

വെപ്രാളത്തിനും പതർച്ചയ്ക്കും കടിഞ്ഞാൺ ഇട്ടുകൊണ്ട് രുദ്ര സംസാരിച്ചു തുടങ്ങി.
ഒരു പുരുഷന്റെ കൂടെ ഒൻപത് മാസം കഴിഞ്ഞവളാണ് സഞ്ജു ഞാൻ. എല്ലാ അർത്ഥത്തിലും അയാളുടെ ഭാര്യയായിരുന്നവൾ. ഗർഭപാത്രത്തിലേക്ക് അയാളുടെ ബീജത്തെ ഏറ്റുവാങ്ങിയവൾ. അയാൾ തളർത്തിയ മനസ്സും ഉപദ്രവിച്ചു രസിച്ച ഈ ശരീരവും മാത്രമേ എനിക്കുള്ളൂ. എന്നെക്കാളും സുന്ദരിയും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടിയെ നിനക്ക് കിട്ടും. എന്നെപ്പോലൊരുത്തി നിനക്ക് ചേരില്ല.

ഇതെല്ലാം എനിക്കറിയാവുന്നതല്ലേ രുദ്രൂ. നിനക്ക് തന്നെ വ്യക്തതയുള്ള കാര്യമല്ലേ നിന്റെ ശരീരത്തിനെ അല്ല ഞാൻ സ്നേഹിച്ചതെന്ന്.
ഒരു ആണും പെണ്ണും മാത്രമുള്ള ജീവിതത്തിൽ സെക്സിന് മാത്രമല്ല പ്രാധാന്യം കൊടുക്കേണ്ടത്. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും കെട്ടിപ്പടുക്കേണ്ടതാണ് ദാമ്പത്യത്തിന്റെ അടിത്തറ.
ഭർത്താവിന്റെ പ്രാണനാകണം ഭാര്യ. ആ പ്രാണൻ അവളിൽ പ്രണയത്തോടെ ചേരുമ്പോൾ അവളവനെ അതേ പ്രണയത്തോടെ തന്നിലേക്ക് ആവാഹിക്കുമ്പോൾ അവളുടെ ഗർഭപാത്രത്തിൽ അവന്റെ ബീജം വിക്ഷേപിക്കുമ്പോൾ അവർ രണ്ടുപേരുടെയും കരുതലിൽ രൂപം കൊള്ളേണ്ടതാണ് അവരുടെ ജീവാംശം.

ഒരേസമയം അവളുടെ ശരീരത്തിനെ മാത്രമല്ല അവളുടെ മനസ്സിനെയും സ്നേഹിക്കണം.
സഞ്ജു നിർത്തി.

ആശ്ചര്യത്തോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു രുദ്ര.

നീ വേറെ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ സഞ്ജു.. രുദ്ര ചോദിച്ചു.

എന്റെ ആദ്യപ്രണയം എന്റെ ഇരുപതാം വയസ്സിലായിരുന്നു. സഞ്ജുവിന്റെ വാക്കുകൾ കേട്ട് രുദ്രയുടെ മുഖം അല്പം വാടി.

അതുകണ്ടുകൊണ്ട് തന്നെ പുഞ്ചിരിയോടെ അവൻ തുടർന്നു.
അവൾ പ്ലസ് ടുവിന് ആയതേയുള്ളൂ അപ്പോൾ.
ഇരുവശത്തും നീണ്ട മുടി മെടഞ്ഞിട്ട മിഴികളിൽ കുസൃതി തുളുമ്പുന്ന പെൺകുട്ടി. മറ്റുള്ള പെൺകുട്ടികളിൽ നിന്നൊക്കെ വ്യത്യസ്തയായിരുന്നു അവൾ. പിന്നെ ഞാൻ ആ സ്കൂളിന്റെ മുന്പിലെ സ്ഥിരം വായിനോക്കി ആയെന്ന് വേണമെങ്കിൽ പറയാം.

അവളറിയാതെ ഞാനവളെ പ്രണയിച്ചിരുന്നു.
പ്ലസ് ടു കഴിഞ്ഞവൾ ഡിഗ്രിക്കാരിയായി.
അവളെ എന്നും ഒരുനോക്ക് കാണുമെന്നല്ലാതെ എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചിരുന്നില്ല.
ഒടുവിൽ അവളെ ഇഷ്ടമാണെന്ന് ഞാൻ പറയാൻ പോയ നിമിഷം ഞാൻ കണ്ടതെന്താണെന്നോ മറ്റൊരാളുടെ പാതിയായി അവൾ മാറിയ ദിവസo.
ഒരുപാട് കരഞ്ഞു. കാരണം ഞാൻ ആദ്യമായി മനസ്സിൽ കൊണ്ടുനടന്ന പെൺകുട്ടി അല്ലേ അവൾ.
പിന്നീട് പ്രാർത്ഥിച്ചു. അവൾക്ക് നല്ലൊരു ജീവിതം കൊടുത്താൽ മതിയെന്ന്.
സഞ്ജു പറഞ്ഞ് നിർത്തി.

രുദ്രയുടെ മിഴികൾ നിറഞ്ഞു.
എന്തിനെന്നറിയാതെ അവളുടെ നെഞ്ച് വിങ്ങി.

അപ്പോഴാണ് നരൻ അകത്തേക്ക് വന്നത്.

ഇതെന്താ രണ്ടുപേരും കരയുന്നോ. എന്ത് പറ്റി. അയാൾ പരിഭ്രമത്തോടെ അന്വേഷിച്ചു.

ഏയ്‌.. ഒന്നുമില്ല സാർ.
ഞങ്ങൾ പഴയ കഥകൾ പറഞ്ഞിരുന്നതാ.
സഞ്ജു സംഭവത്തെ നിസ്സാരവൽക്കരിച്ചു.

നാളത്തെ ഡിസ്ചാർജിനെ പറ്റിയായിരുന്നു പിന്നത്തെ ചർച്ച. സഞ്ജുവിനെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയാൽ മതിയെന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു.
ഒടുവിൽ സഞ്ജു സമ്മതിച്ചു.

രാത്രി നരൻ തിരികെ പോയി.
സഞ്ജുവിന് പതിവുപോലെ ഭക്ഷണം വാരിക്കൊടുത്തത് രുദ്ര ആയിരുന്നു.

സഞ്ജുവിന്റെ നോട്ടം പലപ്പോഴും തന്നെ തേടിയെത്തുന്നത് അവൾ അറിഞ്ഞെങ്കിലും അത് കണ്ടതായി ഭാവിച്ചില്ല.

ലൈറ്റ് ഓഫ്‌ ചെയ്ത് സീറോ വാട്ടിന്റെ ബൾബ് ഇട്ടശേഷം രുദ്ര ബെസ്റ്റാൻഡർ ബെഡിൽ കിടന്നു.

അരണ്ട വെളിച്ചത്തിൽ ഇടയ്ക്കിടെ സഞ്ജുവിന്റെ നോട്ടം തന്നിലേക്ക് പ്രണയപൂർവ്വം നീളുന്നത് അവളറിഞ്ഞുവെങ്കിലും കണ്ണുകളടച്ചു കിടന്നു.

ആദ്യം സ്നേഹിച്ച പെൺകുട്ടിയെ വിധി നഷ്ടപ്പെടുത്തി. സിദ്ധു അവനെ വിശ്വസിക്കാൻ പറ്റില്ല. ഉള്ളിന്റെയുള്ളിൽ സഞ്ജുവിനോട് ഒരിഷ്ടം തനിക്കുണ്ടോ.?
അവൾ സ്വയം ആത്മപരിശോധന നടത്തി.
വേണ്ട സിദ്ധുവിന്റെ പകയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതേയുള്ളൂ സഞ്ജു. ഇനിയും അവനെ അപകടത്തിലാക്കാൻ വയ്യ.
എല്ലാ പുരുഷന്മാരിലും സിദ്ധുവിന്റെ പ്രതിച്ഛായ ദർശിച്ചിരുന്ന തന്നെ യഥാർത്ഥ പുരുഷനെന്നാൽ എന്താണെന്ന് മനസ്സിലാക്കി തന്നവനാണവൻ. അവന്റെ മിഴികളിൽ കരുതലിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും ഭാവം ദർശിച്ചിട്ടുണ്ട്. കാമം അതവന് അന്യം നിൽക്കുന്ന ഭാവമാണ്. അവൻ പറഞ്ഞതുപോലെ ഒരു നനുത്ത പ്രണയമായ് മനസ്സിനെ തൊട്ടുണർത്തി അവളിൽ ചൊരിയേണ്ട ഭാവമാണ് കാമം. എന്തിനെന്നറിയാതെ അവളിൽ നിന്നും തേങ്ങലുയർന്നു.

ഉണർന്നു കിടക്കുകയായിരുന്ന സഞ്ജു അത് കേട്ടു.

രുദ്രൂ.. ലൈറ്റ് ഇട്ടേ.. അവന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് അവനെന്തെങ്കിലും പറ്റിയോ എന്നുള്ള പരിഭ്രാന്തിയിൽ അവളോടിച്ചെന്ന് ലൈറ്റ് ഓൺ ചെയ്തു.
എന്താടാ അവളവന്റെ തലയും കൈയുമൊക്കെ പിടിച്ചു നോക്കി.

കുസൃതി നിറഞ്ഞ അവന്റെ ഭാവം കണ്ട് അവളവനെ കൂർപ്പിച്ചു നോക്കി.

നീയെന്തിനാ കരഞ്ഞത്.. അവളോടായി അവൻ ചോദിച്ചു.

ഞാൻ കരഞ്ഞില്ല ഒരുമിഴികളും അമർത്തി തുടച്ചു കൊണ്ടവൾ പറഞ്ഞു.

തിരികെ കിടക്കാനായി തിരിഞ്ഞ അവളോട് അവൻ ചോദിച്ചു.

നിനക്കറിയേണ്ടേ രുദ്രൂ സഞ്ജു സ്നേഹിച്ച പെൺകുട്ടി ആരാണെന്ന്. നീ അറിയും അവളെ..
അവളവനെ തല ചരിച്ചു നോക്കി.

സഞ്ജുവിന്റെ മനസ്സിൽ ആദ്യമായും അവസാനമായും കയറിക്കൂടിയ ഒരു പെണ്ണേയുള്ളൂ . എന്റെ മനസ്സിന്റെ ശ്രീകോവിലിൽ ഞാൻ അന്നുമുതലിന്നോളം വച്ചു പൂജിക്കുന്ന ഒരു സ്ത്രീയേയുള്ളൂ.
അന്നത്തെ പ്ലസ് ടുകാരിയിൽ നിന്നും അവളൊരുപാട് വളർന്നു.
സഞ്ജുവിന് എന്നും പ്രണയം ഒരാളോടെയുള്ളൂ. അവളാണ് ” രുദ്രാക്ഷ “..
എന്റെ രുദ്രു..

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 9

രുദ്രാക്ഷ : PART 10

രുദ്രാക്ഷ : PART 11

രുദ്രാക്ഷ : PART 12

രുദ്രാക്ഷ : PART 13