Wednesday, December 18, 2024
Novel

രുദ്രഭാവം : ഭാഗം 6

നോവൽ
എഴുത്തുകാരി: തമസാ

അവിടെ നിന്നും ഞങൾ പിന്നേ ഞങ്ങളുടെ പ്രണയത്തിന്റെ യഥാർത്ഥ പ്രയാണം തുടങ്ങുകയായിരുന്നു…. ട്യൂഷൻ ഇല്ലാത്ത ദിവസങ്ങളിൽ SAT യുടെ മുൻപിൽ എന്നെയും കാത്ത് രുദ്രനുണ്ടാവും…

ദിവ്യയുടെ വല്യച്ഛൻ മരിച്ചത്കൊണ്ട് അവൾക്ക് നാട്ടിലേക്ക് പോവേണ്ടിയും വന്നു…….

അവളുടെ നാട്ടിൽ മരണത്തിനു ഞങ്ങളും പോയിരുന്നു…

ഞാനും എന്റെ രുദ്രനും….. അവൾ രുദ്രനെ കണ്ടില്ല….

അതിനുള്ളൊരു അവസ്ഥയിലല്ല അവളെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാ ഞങ്ങൾ ഒരുമിച്ച് പോയത്….

കോട്ടയം കോടിമതയിൽ ആണ് അവളുടെ വീട്…

ബസിൽ കേറി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര കൊണ്ട് സത്യത്തിൽ ഞങ്ങൾ ആ മരണം പോലും ആഘോഷിക്കുകയായിരുന്നു എന്ന് ഇടയ്ക്ക് കുറ്റബോധത്തോടെ ഓർത്തു…

അങ്ങനെ ഞങ്ങളുടെ പ്രണയം കര കവിഞ്ഞൊഴുകി കൊണ്ടിരുന്നു….

രണ്ടു ദിവസം കഴിഞ്ഞ് ഞാൻ അമ്പലത്തിൽ എത്തി….

നേരിട്ട് കണ്ടുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു….

ദേവനോട് ഫോൺ നമ്പർ ചോദിക്കുന്നത് മോശമാകുമോ എന്ന് ഓർത്തു ഞാൻ അത് വേണ്ടെന്ന് വെച്ചു…

രുദ്രൻ കളിയാക്കാൻ മിടുക്കനാ…. അതിന്റെ കൂടെ വേറൊന്ന് കൂടി കൊടുക്കണ്ടല്ലോ…

ഇടയ്ക്ക് കാണുമ്പോൾ ഇനിയെന്നു കാണുമെന്നു പറയും… അല്ലെങ്കിൽ പ്രതീക്ഷിക്കാതെ മുന്നിൽ ചിരിച്ചു കൊണ്ട് വന്നു നില്കും….

രുദ്രനെ പ്രണയിച്ചു തുടങ്ങിയതിൽ പിന്നേ ഞാനൊരു പച്ചക്കറി ആയി… അമ്പലത്തിൽ പോവാൻ തോന്നിയാൽ ആ കാരണം കൊണ്ട് മുടങ്ങരുതല്ലോ…

അമ്പലത്തിൽ നിന്നിറങ്ങി വരുന്ന ഓരോ മുഖങ്ങളിലും ഞാൻ അവനെ തേടി…വലിയ തിരുമേനി എന്നെ കണ്ടപ്പോൾ തന്നെ വന്നു മിണ്ടി…

എവിടെയായിരുന്നു കുട്ടീ… രണ്ടു ദിവസം കണ്ടില്ലല്ലോ….

ഒരു മരണം കൂടാൻ പോയിരുന്നു തിരുമേനീ… പിന്നേ ക്ഷേത്രത്തിൽ കേറാൻ വയ്യല്ലോ… അതാണ് വരാതിരുന്നത്…

എന്നോട് തിരുമേനി ട്യൂഷൻ എടുക്കുന്ന വീട് ഏതാണെന്നും അവിടത്തെ കാര്യങ്ങളൊക്കെ ചോദിച്ചു…

തിരുമേനിയുടെ കുട്ടിക്ക് സംഗീതത്തിൽ റാങ്ക് കിട്ടി എന്ന് കേട്ടുലോ…. ഇന്ന് ഇവിടെ ഉണ്ടോ ആള്….?

ചോദ്യം കേട്ട ഭാഗത്തേക്ക്‌ ഞാൻ തിരിഞ്ഞു നോക്കി…

ഏതോ ഒരു ചേട്ടൻ ഒരു കയ്യിൽ മാത്രം ഷർട്ട് ഇട്ട് നിന്ന് വിളിച്ചു ചോദിച്ചതാണ്…

ഇല്ല ഗോപാ… സ്വരൂപ്‌ ഇന്ന് വന്നിട്ടില്ല .. തറവാട്ടിൽ ചെറിയൊരു ആഘോഷം ഉണ്ടേ… റാങ്ക് കിട്ടിയതിന്റെ… മക്കളും അവരുടെ അമ്മയും നേരത്തെ പോയി… ഇവിടത്തെ നട അടച്ചിട്ടേ ഞാൻ പോവുള്ളു….

ഉത്തരം കിട്ടിയ സംതൃപ്തിയിൽ അയാൾ പോയി..

തിരുമേനിയുടെ മോൻ വരാറുണ്ടോ ഇവിടെ…?

ഉണ്ട് മോളേ… ഞങ്ങൾ പാരമ്പര്യമായി ഇവിടെ പൂജ ചെയുന്നവരാ…ഇടയ്ക്ക് എന്റെ കൂടെ മക്കളും വരാറുണ്ട്… ഇപ്പോ പറഞ്ഞവൻ ഇത്തിരി സംഗീതപ്പ്രിയനാ…

നന്നായി പാടും… ചില സന്ധ്യകളിൽ ഇവിടിരുന്നു പാടാറുണ്ട്… ഭജന പാടാറുണ്ട്… അമ്മയുടെ കഴിവാണ് അവനു കിട്ടിയിരിക്കുന്നത്…

എന്നോട് പറഞ്ഞു ചിരിച്ചുകൊണ്ട് തിരുമേനി കോവിലിനുള്ളിലേക്ക് കേറി…

തിരുമേനീ… മോന്റെ പേരെന്താ?

ഞാനുറക്കെ ചോദിച്ചു…

ശാന്തിസ്വരൂപ്…. എന്താ കുഞ്ഞേ.. നീ കണ്ടിട്ടുണ്ടോ.?

ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള അർത്ഥത്തിൽ ഞാൻ തലയാട്ടി….

അന്ന് അവിടെ രുദ്രനുണ്ടായിരിന്നില്ലെന്ന് തോന്നി… എന്തോ മനസറിഞ്ഞു പ്രാർത്ഥിക്കാൻ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല….

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു…. വീട്ടിലിരുന്നു മുഷിഞ്ഞു…

എങ്കിൽ പിന്നേ മ്യൂസിയം പോകാമെന്നു കരുതി…

ചുരിദാർ എടുത്തിട്ട് ബസ് സ്റ്റോപ്പിൽ ചെന്നപ്പോൾ അവിടെ തൂണിൽ ചാരി നില്കുന്നു – രുദ്രൻ…

പിന്നെ ഞങ്ങളൊരുമിച്ചു കൈ കോർത്തു പിടിച്ചു മ്യൂസിയത്തിൽ എത്തി…

കൂടെ നടക്കാനൊരാളുണ്ടെങ്കിൽ ചുറ്റുമുള്ള ഓരോന്നിനും ഭംഗി കൂടുമെന്ന് അന്ന് മനസിലായി..

നീയെങ്ങനെയാ രുദ്രാ സ്റ്റോപ്പിൽ ഞാൻ വരുന്ന സമയത്ത് എത്തിയത്?

അത് ചെറിയ കാര്യമല്ലേ.. രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു നിന്നെ…. പുറത്തിറങ്ങിയപ്പോൾ ഞാനും കൂടെ കൂടി എന്ന് മാത്രം….

ശരിക്കും നീ മനുഷ്യനാണോ അതോ ദേവനാണോ രുദ്രാ.?

മുഖത്തു നോക്കി അത് ചോദിക്കുമ്പോൾ ഞാൻ മറുപടിയെ ഭയന്നു…

“ദേവരിൽ ദേവനും… മനുഷ്യരിൽ മനുഷ്യനും…. മറയില്ലാതെ ചോദിച്ചു കൂടേ നിനക്ക് എന്നെപ്പറ്റി അറിയണമെങ്കിൽ… എന്തിനാ വെറുതെ…… ”

ഞാൻ റിയൽ ആയിട്ട് രുദ്രൻ എന്ന് പേരുള്ള ആരെയും കണ്ടിട്ടില്ല… കഥകളിൽ വായിച്ചിട്ടെ ഉള്ളു… ഇടയ്ക്കെനിക്ക് തോന്നും നീ മനുഷ്യനാണെന്ന്…

ഇടയ്ക്കു ദേവനാണെന്ന് തോന്നും…. പക്ഷേ നിന്നോട് ചോദിക്കുമ്പോഴൊന്നും ശരിയായ ഉത്തരം കിട്ടാറില്ലല്ലോ… അറ്റ്ലീസ്റ്റ് ഈ പേരിൽ പോലും എനിക്ക് ഭയമാണ്… (ഭാവ )

ഒരുറപ്പ് നിനക്ക് ഞാൻ തരാം…. നീ ഒരിക്കലും രുദ്രൻ എന്നല്ലാതെ മറ്റൊരുപേരിൽ എന്നെ വിളിക്കാൻ ഇടവരില്ല….

എന്നും ഞാൻ രുദ്രനാണ്… മാറ്റിപ്പറഞ്ഞു പറ്റിച്ചിട്ടില്ല ഞാൻ…. നിനക്കെന്നെ കുറിച്ച് ഒന്നുമറിയില്ലെന്നോർത്തു വിശ്വസിക്കാതിരിക്കരുത് ഇനി എന്നെ…

നിന്റെ ചുറ്റും നീ കാണുന്നവരിൽ ഞാനുണ്ട്… എന്റെ രക്തത്തെ നീ പലവട്ടം കണ്ടിട്ടുണ്ട്… മിണ്ടിയിട്ടുണ്ട്…. എന്റെ ആൾക്കാരെ നീ കണ്ടു കഴിഞ്ഞു…. (രുദ്രൻ )

നിന്റെ ആൾക്കാരെ ഞാൻ കണ്ടുകഴിഞ്ഞെന്നോ….

അതിനർത്ഥം ഞാൻ ആരാധിച്ച രുദ്രൻ നീയല്ലെന്നാണോ…. ഞാൻ വരമായി കരുതിയ അരിയന്നൂർ രുദ്രന്റെ പാതിയല്ലേ ഞാൻ….

രുദ്രനായ് വന്നെന്നെ പറ്റിക്കുകയായിരുന്നുവോ നീ… എന്റെ പ്രണയത്തെ പരീക്ഷിക്കുകയായിരുന്നുവോ…. പറയ്‌….

ഇത്ര നാളും ഞാൻ നെഞ്ചിൽ ചുമന്ന എന്റെ രുദ്രൻ നീയല്ലായിരുന്നോ…….

അലറിക്കൊണ്ട് രുദ്രന്റെ കുർത്തയുടെ കോളറിൽ പിടിച്ചുലച്ചുകൊണ്ടിരുന്നു ഭാവയാമി…

ഭാവ…. നീ….നീയെന്താ ഇങ്ങനെ…. ഞാൻ പറയുന്നതൊന്ന് കേൾക്ക്… എന്നിട്ട് പറയ്‌….

എനിക്കൊന്നും കേൾക്കണ്ട… നീയെന്റെ ഭഗവാൻ ആണോ അല്ലയോ എന്ന് മാത്രം അറിഞ്ഞാൽ മതിയെനിക്ക്… പറയ്‌….

ഇത്രയും നാൾ വേറൊരാളെ മനസ്സിലിട്ട് എന്റെ ഭഗവാനോടുള്ള പ്രണയത്തെ മലിനമാക്കിയോ ഞാനെന്ന് എനിക്ക്

അറിയണം… പറയ്‌…. നീ എന്റെ രുദ്രനാണോ.?….

ഭാവ….നിന്റെ മാത്രം രുദ്രനാണ് ഞാൻ .. നിന്റെ മാത്രം…. എന്റെ പ്രണയം സത്യമാണ്….

നിന്നോടുള്ള വാത്സല്യത്തിലും പ്രണയത്തിലും ഞാൻ സ്വാർത്ഥനാണ്…. ആർക്കും കൊടുക്കാൻ പറ്റാത്ത വണ്ണം നിന്നെ ഞാൻ പ്രണയിക്കുന്നു….

അതിൽ ഞാനൊരു തരി പോലും മായം ചേർത്തിട്ടില്ല…. വിശ്വസിക്കില്ലേ നീ എന്നെ?

എന്റെ രുദ്രനാണെങ്കിൽ നിന്നെ ഞാൻ വിശ്വസിക്കാം… കളവാണെന്ന് തോന്നിയാൽ …….

തോന്നില്ല…… അതിനൊരവസരം പോലും തരില്ല ഞാൻ…..

രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു… എന്റെ സംശയങ്ങൾ ഒരു വിധം തീർത്ത സമാധാനത്തിൽ ഞാനവന്റെ നെഞ്ചോട് ചേർന്ന് നടന്നു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5