Thursday, January 9, 2025
Novel

ഋതു ചാരുത : ഭാഗം 6

എഴുത്തുകാരി: സേഷ്മ ധനേഷ്‌


ചുണ്ടിലൂടെ ഊർന്നിറങ്ങിയ രക്തം പുറം കൈകൾ കൊണ്ടു തുടച്ചു ശ്രീക്കുട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ കണ്ടു ഈ രംഗങ്ങൾ വീക്ഷിച്ചു കൊണ്ടു നിൽക്കുന്ന അരുൺ ഡോക്ടറിനെ… അവളുടെ കണ്ണുകൾ അവനെ കണ്ടപ്പോൾ ഒന്നു തിളങ്ങി… അവന്റെയുള്ളിൽ കെണിയൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആ നിമിഷം…!

“ഫ്രീയായി ഒരു കെട്ടി പിടുത്തം കിട്ടിയല്ലേ…” അനന്തു അനുവിനെ ചേർത്തു പിടിച്ചു ചോദിച്ചു.

“അനന്തു എന്റെ കയ്യിൽ നിന്നും വാങ്ങിക്കേണ്ടെങ്കിൽ പൊക്കോ നീയ്യു എന്റെ കണ്മുന്നിൽ നിന്നു…. ഒരു കെട്ടി പിടുത്തക്കാരൻ വന്നേക്കുന്നു.” അനന്തുവിനെ തള്ളി കൊണ്ടു ദേഷിച്ചു അനു നടന്നകന്നു.

“ശെടാ… ബാക്കിയുള്ളോരെ കെട്ടി പിടിക്കാൻ പോയിട്ടു ഒരു ഐ ലൗ യു പറയാൻ പോലും ഒരാളെ കിട്ടുന്നില്ലലോ” അവൻ നിന്നു ആത്മഗതം പറഞ്ഞു.

“കെട്ടിപിടിച്ചു തന്നെ ഐ ലൗ യു പറയണോ… ഞാൻ പറഞ്ഞാൽ മതിയോ”

അശരീരി പോലുള്ള ശബ്ദം കേട്ടു അനന്തു മേലേക്ക് നോക്കി… പിന്നെ രണ്ടു ഭാഗത്തേക്കും… മാറിൽ കൈകൾ പിണച്ചു കെട്ടി അമ്മു നിൽക്കുന്നു… ഒരു കുസൃതി ചിരിയോടെ.

ചിരി മുഖത്തു ഉണ്ടെങ്കിലും കണ്ണുകളിൽ ദേഷ്യത്തിന്റെ ലാഞ്ചന.

അനന്തു ഒന്നും പറയാതെ അവളെ കടന്നു പോകാൻ തുടങ്ങി. അമ്മു ഓടി അവന്റെ മുന്നിൽ തടസമായി നിന്നു.

“എത്ര ദിവസമായി ഞാൻ വിളിക്കുന്നു. എന്താ ഫോൺ എടുക്കാതെ… ഇപ്പൊ കണ്ടു കഴിഞ്ഞാൽ മിണ്ടാട്ടവും ഇല്ലാലോ”.

അവളെ മനസും കണ്ണുകളും നിറച്ചു നോക്കിയതല്ലാതെ ഒരു മറുപടി അവൻ കൊടുത്തില്ല.

കുറച്ചു നിമിഷങ്ങൾ നിന്നു… പിന്നീട് അവളെ കടന്നു മുന്നോട്ടു നടന്നു. അവളെ അവഗണിച്ചു കൊണ്ട്.

“അനന്തു…” അമ്മുവിന്റെ ശബ്ദം കാതിൽ പതിച്ചെങ്കിലും….. മുന്നോട്ടു തന്നെ കാലുകൾ നീട്ടി വച്ചു നടന്നു…

“അനന്തുവേട്ടാ…” ആ വിളിയിൽ… ശബ്ദത്തിൽ ഒരു തേങ്ങലും ഇടർച്ചയും… കരച്ചിലിന്റെ വക്കോളമെത്തിയ വിതുമ്പലുമുണ്ടായിരുന്നു.

അവന്റെ ശരീരം മുന്നോട്ടു ആഞ്ഞെങ്കിലും അവളുടെ ശബ്ദത്തിലെ ഇടർച്ച മനസു കാലുകളെ ബന്ധിച്ചു നിർത്തി.

“അനന്തുവേട്ടാ… എന്നോട് ദേഷ്യമാണോ… എന്തെങ്കിലുമൊന്നു പറയു”

“എനിക്ക് എന്തിനാ അമ്മു തന്നോട് ദേഷ്യം… പിന്നെ മിണ്ടാത്തത് മനഃപൂർവ്വമല്ല സമയമില്ലത്തതുകൊണ്ടാണ്…. ഞാൻ പോട്ടെ”

“എന്നോട് മിണ്ടാൻ മാത്രമല്ലേ സമയക്കുറവ് ഉള്ളു. ഇവിടെയുള്ള സകലമാന പെണ്ണുങ്ങളോട് മിണ്ടാൻ നല്ല സമയം ഉണ്ടല്ലോ”

അമ്മുവിന്റെ വാക്കുകളിൽ തന്നെ അവഗണിക്കുന്ന ദേഷ്യത്തിനു ഒപ്പം തന്നോട് മാത്രം മിണ്ടാതെ ഇരിക്കുന്നതിലുള്ള പരിഭവവും മറ്റുള്ളവരോട് നന്നായി സംസാരിക്കുന്നത് കൊണ്ടുള്ള അസൂയയും ആയിരുന്നു.

“അമ്മു… പ്ളീസ്” അനന്തു ഒരു ക്ഷമാപണത്തോടെ പറഞ്ഞു കൊണ്ട് ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി. അമ്മുവിന് കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാം അമ്മുവിന് അനന്തുവിനെ.

സ്കൂളിൽ എല്ലാത്തിലും മുന്നിൽ നിൽക്കുന്ന ഹീറോയോട് തോന്നുന്ന ഒരു അട്രക്ഷൻ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽ അവൾക്കു തോന്നിയത്. പിന്നീട് കാലം അതല്ല എന്നു തെളിയിച്ചു.

ഒരുപാട് ഇഷ്ടമായിരുന്നു അനന്തുവിനെ.

പഠിക്കുന്ന സമയങ്ങളിൽ പലപ്പോഴും കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും അനന്തു അവളുടെ മനസിന്റെ ഏതോ ഒരു കോണിലുണ്ടായിരുന്നു.

പിന്നീട് വീണ്ടും ഇവിടെ വന്നതിനു ശേഷമാണ് നേരിട്ടു കാണുന്നത്.

പക്ഷെ പല കൂട്ടുകാർ വഴിയും അവന്റെ എല്ല വിശേഷങ്ങളും അവളറിയാറുണ്ടായിരുന്നു.

ആദ്യമൊക്കെ സംസാരിക്കുമെങ്കിലും ഇപ്പൊ… ഇപ്പൊ കുറച്ചായി അനന്തു വല്ലാതെ അവഗണിക്കുന്നു…

അവൻ മിണ്ടാതെ ഇരുന്നിരുനെങ്കിൽ കൂടി അവൾക്കു ഇത്രയും വിഷമമുണ്ടാകില്ലായിരുന്നു… ഇതിപ്പോ… അമ്മു ഈറൻ കണ്ണുകളോടെ പതുക്കെ നടന്നു നീങ്ങി.

ഹോസ്പിറ്റലിൽ സ്റ്റോർ റൂമിൽ കലുഷിതമായ മനസുമായി നിൽക്കുകയായിരുന്നു ശ്രീക്കുട്ടി.

അതിനിടയിൽ കയ്യിലിരിക്കുന്ന മൊബൈലിൽ മെസേജ് വരികയും ശ്രീക്കുട്ടി വായിച്ചു മറുപടിയും കൊടുക്കുന്നുണ്ട്. ഋതു അവളെ അന്വേഷിച്ചു അവിടേക്കെത്തി.

“നിനക്കറിയാലോ അനുവിനെ… അവന്റെയുള്ളിൽ നിന്നോട് അങ്ങനെയൊരു ഇഷ്ടമില്ലായെന്നു പലപ്പോഴും പറയാതെ ഞാൻ പറഞ്ഞിരുന്നതല്ലേ… നീ മോഹിച്ചു വിഷമിക്കണ്ടയെന്നു കരുതിയാണ് അന്ന് ഞാൻ വിലക്കിയത്.

ഞാൻ പലപ്പോഴും അവനോടു സംസാരിച്ചിരുന്നതാണ് ശ്രീ… മോളത് മറന്നേക്കൂ… വിഷമിക്കല്ലേ നീ”.

ശ്രീകുട്ടിയുടെ അടികൊണ്ട കവിളിൽ തഴുകി തലോടി ഋതു അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

ഋതുവിന്റെ വാക്കുകൾ അവൾ നിർനിമേഷയായി കേട്ടെങ്കിലും അവളുടെ മനസിൽ ഋതുവിനോട് പുച്ഛം തോന്നി.

ശ്രീക്കുട്ടി തന്റെ മനസിനെ ഒന്നുകൂടി പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.

തന്നെ അവൻ സ്നേഹിക്കത്തതിന് കാരണം ഋതു തന്നെയാണെന്ന്.

അതു ഊട്ടി ഉറപ്പിക്കാൻ എന്ന വണ്ണം അനു ഋതുവിനെ തോളിൽ ചേർത്തു അവളുടെ മുന്നിലൂടെ കൊണ്ടുപോയി.

തന്റേയുള്ളിലെ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ ഒരു വിധത്തിൽ കടിച്ചമർത്തി നിന്നു.

അനുവിന്റെയും ശ്രീകുട്ടിയുടെയും ഇടയിലുണ്ടായ പ്രശ്നം ഒരു വിധം എല്ലാവരും അറിഞ്ഞിരുന്നു.

ശ്രീകുട്ടിക്ക് അതു വീണ്ടും ഒരു നാണക്കേടായി മാറി. എല്ലാവരുടെ മുന്നിലൂടെയും തല താഴ്ത്തി നടക്കാൻ മാത്രമേ അവൾക്കായുള്ളൂ.

ഇതിനെല്ലാം കാരണക്കാരി ഒരാൾ മാത്രമാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.

അരുണും വാക്കുകൾകൊണ്ട് കുറച്ചേറെ അവളുടെ ദേഷ്യത്തെ പൊലിപ്പിച്ചെടുത്തിരുന്നു തന്റെ ഉദിഷ്ട കാര്യ സാധ്യത്തിനു വേണ്ടി.

അനു ശ്രീകുട്ടിയെ കൈ നീട്ടി അടിച്ചത് മാനേജർ മുൻപാകെ എത്തി. പക്ഷെ അനുവിന്റെ ഭാഗത്തല്ല… തന്റെ ഭാഗത്താണ് തെറ്റെന്നു ശ്രീക്കുട്ടി തുറന്നു സമ്മതിച്ചു കൂടെ അവളുടെ റീസൈൻ ലെറ്റർ കൂടി കൊടുത്തു.

അനുവിന് വലിയ അത്ഭുതം ഒന്നും തോന്നിയില്ല.

ഇനി ശല്യം സഹിക്കേണ്ടി വരില്ലല്ലോ എന്നൊരു സമാധാനമായിരുന്നു. ശ്രീകുട്ടിയെ നോക്കി ഒന്നു പുച്ഛിച്ചു അവൻ നടന്നകന്നു. അവന്റെയ പോക്ക് കത്തുന്ന മിഴികളോടെ അവൾ നോക്കി നിന്നു.

“ശ്രീ… നീയെന്തിനാ റീസൈൻ ചെയ്യുന്നേ…

ഇപ്പൊ ആളുകൾ കളിയാക്കുന്നത് കാര്യമാക്കണ്ട… അടുത്ത ഒരു കാരണം കിട്ടുമ്പോൾ അവർ അതിന്റെ പുറകെ പോകും… അതിനു നീയിങ്ങനെ ജോലി ഉപേക്ഷിക്കുക എന്നൊക്കെ പറഞ്ഞാൽ”

ശ്രീക്കുട്ടി റീസൈൻ ചെയ്യുകയാണെന്ന് കേട്ടിട്ടു വന്നതാണ് ഋതു. ഋതുവിനും അതു സങ്കടമായി.

“ഈ പ്രശ്‌നത്തിന്റെ പേരിൽ അല്ല ഋതു ഞാൻ പോകുന്നത്. ഞാൻ അബ്രോഡ് പോകാൻ ട്രൈ ചെയ്തിരുന്നത് നിനക്കറിയാലോ. അതു ഏകദേശം ശരിയായിട്ടുണ്ട്.

അതിന്റെ ഏജൻസിയിൽ നിന്നും കോൾ വന്നിരുന്നു…

ഈ ശനിയാഴ്ച നന്ദനം ഹോട്ടലിൽ വച്ചാണ് ഇന്റർവ്യൂ. എനിക്കുറപ്പുണ്ട് അതു കിട്ടുമെന്ന്… അതുകൊണ്ടാ” ശ്രീക്കുട്ടി നിഷ്കളങ്കമായി പറഞ്ഞു… “അന്ന് നീ പറഞ്ഞിട്ടു ഞാനും നിന്റെ പേരു കൊടുത്തിരുന്നു… നീ വരുന്നുണ്ടോ… ശനിയാഴ്ച നിനക്കു ഓഫ് അല്ലെടാ… അങ്ങനെയെങ്കിൽ നമുക്ക് ഒരുമിച്ചുപോകാം…

ഏടത്തിയുടെകുത്തുവാക്കുകൾ ഇപ്പോഴും ഉണ്ടല്ലേ… നീ എത്ര നാളുകൾ പിടിച്ചു നിൽക്കും…

അന്ന് നിന്റെ പേരു കൂടി റെജിസ്ട്രർ ചെയ്യാൻ തോന്നിയത് ഭാഗ്യമായി…

ഒരുമിച്ചു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാമല്ലോ…” ഋതു ഒരു സംശയതോടെയാണ് നിന്നിരുന്നത്.

ശ്രീക്കുട്ടി ഇരയെ കോർത്തു വലിക്കുന്ന ഒരു ചൂണ്ടയാണെന് അറിയാതെ ഋതുവിന്റെ പാതി സമ്മതം അവളുടെ നിൽപ്പിൽ നിന്നും തന്നെ കിട്ടി…

“അല്ല ശ്രീ.. അതെന്താ ഈ ഹോട്ടലിൽ വച്ചു…” ഋതു തന്റെ സംശയത്തോടെയുള്ള മനസിൽ ഉടലെടുത്ത ചോദ്യം തുറന്നു ചോദിച്ചു.

“നന്ദനം ഗ്രൂപ്‌സ് ഈ ഏജൻസി ആയിട്ട് കണക്ട് ആണ്. അവർക്ക് ജോബ് റിക്രൂട്ട്മെന്റ് ഏജൻസി കൂടിയുണ്ട്. അതുകൊണ്ട് അവരുടെ ഹോട്ടലിൽ വച്ചു തന്നെ ഇന്റർവ്യൂ നടക്കുന്നു.

ബയോഡാറ്റ നോക്കിയും പിന്നെ സർട്ടിഫിക്കറ്റ് പാസ്പ്പോര്ട് പിന്നെ കുറെ പേപ്പേഴ്‌സ് എല്ലാം നമ്മുടെ റേഡിയണല്ലോ…

അങ്ങനെ എല്ലാം കൃത്യമായിട്ടുള്ള കുറച്ചു പേർക്കുമാത്രമാണ് ഫൈനൽ ഇന്റർവ്യൂ…

പിന്നെ നിന്റെ ആത്മമിത്രത്തോട് പറയണ്ട… എന്നെ അവനു കണ്ണിനു ദൃഷ്ട്ടി കണ്ടുകൂടാ…

പോരാത്തതിന് എന്റെ കൂടെ നടക്കുന്നത് കൂടി കണ്ടാൽ അവന്റെ ദേഷ്യം തിളച്ചു പൊന്തും”

ശ്രീക്കുട്ടി മുഖം വക്രിചു പറഞ്ഞതും ഋതു ചിരിച്ചു കൊണ്ടു തലയാട്ടി. ശനിയാഴ്ച ഒരുമിച്ചു പോകാമെന്നവൾ പറഞ്ഞു തിരികെ ഡ്യൂട്ടിക്ക് കയറി.

കാര്യങ്ങൾ ഏകദേശം തങ്ങളുടെ വരുതിയിലാണെന്നു മനസിലാക്കിയ ശ്രീക്കുട്ടി അരുണിന് അപ്പപ്പോൾ തന്നെ വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു.

നാളെ കാണാം എന്നുള്ള ശ്രീകുട്ടിയുടെ അവസാന മെസ്സേജ് കണ്ടപ്പോൾ അരുണിന്റെ മുഖം കൂടുതൽ കൗശലത്തോടെ തെളിഞ്ഞു നിന്നു.

അരുൺ നേരത്തെ തന്നെ ഹോട്ടലിൽ സ്യുട്ട് റൂം ബുക് ചെയ്തിരുന്നു. ശ്രീകുട്ടിയും ഋതുവും എത്തും മുന്നേ അരുണും അവന്റെ രണ്ടു ഫ്രണ്ട്സ് കൂടി വന്നു റൂമിൽ പോയി.

റൂമിൽ പോകും മുന്നേ ചേതൻ അവിടെയുണ്ടോ എന്നു അന്വേഷിക്കാനും അരുൺ മറന്നില്ല.

ഭാഗ്യത്തിന് അപ്പോൾ അവിടെ ചേതൻ ഇല്ലായിരുന്നു.

അരുണും ചേതനും അത്യാവശ്യം നല്ല ഫ്രണ്ട്ഷിപ് ആയിരുന്നു. അരുണിന്റെ ഉള്ളിലെ മറ്റൊരു രൂപത്തെ ചേതന് ഒരിക്കലും പരിചിതമല്ലായിരുന്നു. ചേതന്റെ മുന്നിൽ അരുൺ എന്നും നല്ലൊരു ജന്റിൽ മാൻ ആയിരുന്നു.

ഋതുവും ശ്രീകുട്ടിയും പത്തു മണിയോടെ ഹോട്ടലിൽ എത്തിയിരുന്നു. ഋതുവിന് നല്ല ധൈര്യമായിരുന്നു.

നന്ദനം ഹോട്ടൽ ആണല്ലോ. അവിടെ വേറെ തരത്തിൽ ഉള്ള ഒന്നും സംഭവിക്കില്ല എന്ന ധൈര്യം അവൾക്ക് നന്നായിയുണ്ടായിരുന്നു.

ആ ഒരു മനോധൈര്യമാണ് ശ്രീകുട്ടിയുടെ കൂടെ പോരാൻ കാരണമായത്. ഹോട്ടലിൽ എത്തി ശ്രീക്കുട്ടി റൂമിലേക്ക് നേരെ നടന്നു.

ഡോർ ബെൽ അടിച്ചു ഉള്ളിലേക്ക് കടന്നപ്പോൾ അരുണിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ കണ്ടു. ഋതു ആകമാനം ഒന്നു കണ്ണോടിച്ചു….

ആ നിമിഷത്തിൽ എന്തോ ഒരു ഉത്ഭയം അവളിൽ ഉടലെടുത്തതായി അവളുടെ കണ്ണുകളിൽ നിന്നും ശ്രീക്കുട്ടി വായിച്ചു.

ഋതുവിന്റെ ധൈര്യം കൂടെ ശ്രീക്കുട്ടിയുണ്ടല്ലോ എന്നായിരുന്നു… പക്ഷെ അവൾക്കറിയാതെ പോയി.. അതേ ശ്രീകുട്ടിയാണ് അവളെ ഇപ്പൊ ഇരയാകുന്നതെന്നു…!

ആ റൂമിൽ അരുണും കൂട്ടുകാരും ഒരു ഇന്റർവ്യൂ സെറ്റ് അപ്പ് ഉണ്ടാക്കിയെടുത്തിരുന്നു. അരുൺ അതിനോട് ചേർന്നുള്ള റൂമിൽ ഋതു കാണാതെ ഇരുന്നിരുന്നു.

ഋതുവിന്റെ മുന്നിൽ പെടാതെ… തുടക്കത്തിലേ സംസാരം ശരിക്കും ഒരു ഇന്റർവ്യൂ പോലെ തോന്നിച്ചപ്പോൾ ഋതുവിന് ആദ്യം ഉടലെടുത്ത സംശയവും പേടിയുമെല്ലാം പോയി കിട്ടി.

കുറച്ചു കഴിഞ്ഞു അവർക്ക് മുന്നിൽ രണ്ടു ഗ്ലാസ് ജ്യൂസ് കൊണ്ടു വച്ചു. ശ്രീക്കുട്ടി ഒരു സംശയവും കൂടാതെ കുടിച്ചു…. അതു കണ്ടു കൊണ്ടാണ് ഋതുവും ഗ്ലാസ് ചുണ്ടോട് ചേർത്തത്….!!

അപ്രതീക്ഷിതമായി ഒരു ക്ലയന്റ് മീറ്റിംഗ് വന്നതായിരുന്നു ചേതൻ. റിസപ്ഷൻ വഴി പോകുമ്പോൾ അവിടെയിരുന്ന സ്റ്റാഫ് അരുൺ ഡോക്ടർ തന്നെ അന്വേഷിച്ചുവെന്നു പറഞ്ഞു.

അരുൺ ഇവിടെയുള്ളത് അറിഞ്ഞില്ലല്ലോയെന്നു ആത്മഗതം പറഞ്ഞു കൊണ്ടു ചേതൻ വാച്ചിലേക്കു നോക്കി… സമയമുണ്ട് ക്ലയന്റ് വരാൻ…

എങ്കിൽ അരുണിനെ കണ്ടു കളയാം എന്നു കരുതി അവന്റെ റൂമിലേക്ക് നടന്നു…

ബോധം മറഞ്ഞ ഋതുവിനെ അരുൺ തന്നെ കൈകളിൽ കോരിയെടുത്തു റൂമിലേക്ക് കിടത്തി.

“ഡ… നിന്റെ ഊഴം കഴിഞ്ഞാൽ ഞങ്ങൾക്ക് വേണം കേട്ടോ” കൂട്ടുകാരിൽ ഒരാൾ ഋതുവിന്റെ ശരീരത്തിൽ ഉഴിഞ്ഞു കൊണ്ടു പറഞ്ഞു.

“ഊഴം കാത്തു നിൽക്കേണ്ട മോനെ… ഇവളെ വേറെ ആർക്കും തരില്ല എനിക്ക് മാത്രമേ ഇതിനു അവകാശം ഉള്ളു… ”

അരുൺ അവന്മാരെ പുറത്താക്കി കൊണ്ടു അവനും പുറത്തേക്കു ഇറങ്ങി. Ac യിൽ നിന്നിട്ട് കൂടി ശ്രീക്കുട്ടി നിന്നു വിയർക്കുന്നുണ്ടായിരുന്നു. കൂട്ടുകാരുടെയൊപ്പം അരുണും പുറത്തിറങ്ങി.

“ദേ… നിന്റെ ആവശ്യം കഴിഞ്ഞാൽ പിന്നെ അവളെ ഞങ്ങൾക്ക് തന്നൂടെ” കൂട്ടുകാരിൽ ഒരാൾ കെറുവിച്ചു കൊണ്ട് ചോദിച്ചു…

“അതിനു നിന്നോടാര പറഞ്ഞേ ഇന്നത്തേക്കൊണ്ടു അവളുടെ എന്റെ ആവശ്യം തീരുമെന്ന്… ആ ഉടലഴക് എനിക്ക് മാത്രമുള്ളതാണ്.

അവൾ എന്നും എന്റെ കാൽകീഴിൽ കിടക്കാനാണ് ഇന്നത്തെ ഈ ദിവസം..” അരുണിന്റെ കണ്ണുകളിൽ തെളിഞ്ഞ കുടിലതയിൽ നിന്നും മനസിലായി അവൻ വേറെ എന്തോ ഒന്നുകൂടി കണക്കു കൂട്ടിയിട്ടുണ്ടെന്നു…

അരുണിന്റെ കണ്ണുകളിൽ തെളിഞ്ഞ ഭാവമെന്തെന്നു വായിക്കാൻ ശ്രീകുട്ടിക്കായില്ല.

“നീ ഇനി ഇവിടെ നിൽക്കേണ്ട… പൊയ്ക്കോ… ഇപ്പൊ തന്നെ നാട്ടിലേക്ക്” അരുൺ അവളുടെ കൈകളിൽ കുറച്ചു കാശു കൂടി പിടിപ്പിച്ചു.

അവൾക്കു ഒന്നുകൂടി ഋതുവിനെ കാണണം എന്നു തോന്നി.

ചെയ്യുന്നത് വാശിക്കാനാണെങ്കിലും എന്തോ ഒന്നു അവളെ പിൻ വിളിക്കും പോലെ… അവളുടെ തുടർന്നുള്ള നിൽപ് കണ്ടപ്പോൾ അരുൺ രൂക്ഷമായി അവളെ നോക്കി. അവൾ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പോയി.

“അവൾ ഇനി ബോധത്തിലേക്കു വരാൻ എത്ര സമയം എടുക്കും..”

“ഒരു രണ്ടു രണ്ടര മണിക്കൂർ… നിങ്ങൾ ഇവിടെയിരിക്കു… ഞാൻ ഇപ്പൊ വരാം” അരുൺ ഗ്ലാസിലൊഴിചു വച്ച ഒരു പെഗ് ഒറ്റ വലിക്ക് കുടിച്ചു കൊണ്ടു അകത്തേക്ക് കയറി. ഡോർ വലിച്ചടച്ചു അരുൺ ഋതുവിനരികിലേക്കു നീങ്ങി.

ചേതൻ ഡോർ ബെൽ അമർത്തി അരുണിന്റെ റൂമിനു മുൻപിൽ കാത്തു നിന്നു.

ഷർട്ട് ഊരി ഋതുവിന്റെ മേലേക്ക് അമരാൻ തുടങ്ങുമ്പോഴാണ് ബെൽ ശബ്ദം കേൾക്കുന്നത്.

ഉള്ളിൽ പൊന്തിയ ആധിയോടെ ഷർട്ട് ഇട്ടു അരുൺ വേഗം ഡോറിനടുത്തെത്തി പീപ് ഹോളിലൂടെ നോക്കിയപ്പോൾ അക്ഷമനായി നിൽക്കുന്ന ചേതനെ കണ്ടു.

ഒരു നിമിഷംകൊണ്ടു തന്റെ വികാരങ്ങളെല്ലാം കെട്ടടങ്ങി വെട്ടി വിയർക്കാൻ തുടങ്ങി അരുൺ.

Ac യുടെ തണുപ്പൊന്നും പോര എന്നു തോന്നി.. ചെന്നിയിലൂടെ വിയർപ്പൊഴുക്കി…

കൂട്ടുകാരും അവനും കുറച്ചു നിമിഷങ്ങൾ ചിന്തയിലാണ്ട് നിന്നു. ഒരുത്തന്റെ തലയിൽ ഉദിച്ച ബുദ്ധി…

അരുൺ വേഗം ഋതുവിനെ കിടത്തിയ റൂം അടച്ചു. ശേഷം മുഖമൊക്കെ അമർത്തി തുടച്ചു തന്റെ ഉള്ളിലെ ഭയം പുറമെ കാണാതിരിക്കാൻ ചിരിയുടെ മൂടുപടം മുഖത്തണിഞ്ഞു.

ഒന്നുകൂടി ബെൽ അമർത്തി ചേതൻ കാത്തു നിന്നു. ചിരിച്ച മുഖവുമായി അരുൺ വാതിൽ തുറന്നു.

“ഹായ്… ചേതൻ”

അരുൺ ചേതനെ പുണർന്നു… അവനെ അകത്തേക്ക് കൂട്ടി.

“എന്താണ് ഡോക്ടർ സർ… ഇവിടെ ആഘോഷം ആണെന്ന് തോന്നുന്നുവല്ലോ” കൂട്ടുകാരെയും അവിടെയിരിക്കുന്ന വിലകൂടിയ മദ്യത്തെയും നോക്കി കൊണ്ട് ഒരു ചെറു ചിരിയോടെ ചേതൻ ചോദിച്ചു.

“ഹേയ്… അങ്ങനെയൊന്നുമില്ല മാൻ… ഞാൻ കുടിക്കില്ല. ഇവന്മാർക്ക് ഒരു കമ്പനിക്ക് വന്നതാണ്. പിന്നെ ചെറിയ ഒരു ട്രീറ്റ്…

കല്യാണം ഏതാണ്ട് ഉറപ്പിച്ചതല്ലേ… അതിന്റെയാണ്” അരുൺ അതു പറഞ്ഞു കൊണ്ടു ഒരു ഗ്ലാസിൽ പകർന്നു വച്ച ജ്യൂസ് എടുത്തു ചേതന് നേരെ നീട്ടി… ചേതൻ അതു വാങ്ങി കയ്യിൽ വചതല്ലാതെ കുടിച്ചില്ല….

ചേതൻ ഇതിനിടയിൽ വിശേഷങ്ങളൊക്കെ പറയുന്നുണ്ട്…

അവന്റെ ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ട് തന്നെ അരുൺ മറുപടി പറഞ്ഞു കൊണ്ടിരുന്നു…

ചേതൻ ജ്യൂസ് കുടിക്കാൻ അക്ഷമരായി കാത്തിരുന്ന കൂട്ടുകാർക്ക് സമാധാനം ആയി…

ചേതൻ സംസാരത്തിനൊപ്പം ജ്യൂസ് ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു കുടിക്കാൻ തുടങ്ങിയിരുന്നു….

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു ചേതന് തന്റെ കണ്ണുകളിൽ ഇരുട്ടു കയറുന്ന പോലെ തോന്നി…

ബോധം മറയും മുന്നേ ചേതന്റെ കണ്ണുകളിൽ തന്നെ കുടിലതയോടെ നോക്കുന്ന അരുണിന്റെ മുഖം നിറവോടെ മനസിൽ തെളിഞ്ഞു നിന്നു.

സൂര്യയുമായി ചെറിയ ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു പോകും വഴി ചാരുവിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. അതു വായിച്ച അവളുടെ കണ്ണുകൾ വേവലാതിയോടെ നീങ്ങുന്നത് സൂര്യ അറിഞ്ഞു.

“എന്താ ചാരു… ആരുടെയ messege… എന്തെങ്കിലും പ്രേശ്നമുണ്ടോ… പെട്ടന്ന് ടെൻഷൻ ആയപ്പോലെ” സൂര്യ ചാരുവിന്റെ കൈകളിൽ തന്റെ കൈകൾ പൊതിഞ്ഞു…

ചാരുവിന്റെ ഹൃദയമിടിപ്പിന്റെ താളം പോലും വ്യത്യാസപ്പെടുന്നത് സൂര്യ അറിഞ്ഞു. ചാരു കാർ നേരെ വിട്ടത് നന്ദനം ഹോട്ടലിലേക്ക് ആയിരുന്നു.

ഇതെന്താ ഇവിടെ… ചേതനെ കാണാൻ ആണോ… സൂര്യയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ചാരു കാർ പാർക്ക് ചെയ്യാൻ കീ സെക്യൂരിറ്റി കൈവശം കൊടുത്തു വേഗം തന്നെ അരുണിന്റെ റൂമിലേക്ക് നടന്നു.

സൂര്യ ചാരുവിന്റെ ഒപ്പമെത്താൻ കുറച്ചു പാടുപെട്ടു. ബെൽ അടിച്ചിട്ട് കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു ഡോർ തുറക്കതായപ്പോൾ ചാരു ഡോർ തള്ളി നോക്കി. അതു മലർക്കെ തുറന്നു വന്നു… സൂര്യക്കു ഒന്നും മനസിലായില്ല.

വല്ലാത്തൊരു ഉൾകിടിലത്തോടെയാണ് ചാരു റൂമിന്റെ വാതിൽ തുറന്നതു… അവിടെ കണ്ട കാഴ്ച… സൂര്യയും ചാരുവും ഒരു നിമിഷം ഹൃദയം നിലച്ചപോലെ നിന്നു… ചാരുവിന്റെ കണ്ണിൽ നീർ മണികൾ ഉരുണ്ടു കൂടി….!!

 

തുടരും

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5