Wednesday, January 22, 2025
Novel

പ്രിയനുരാഗം – ഭാഗം 5

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


“ദേവു മോളെ കാണാതെ ഫോൺ ചെയ്‌യാൻ തുടങ്ങുവായിരുന്നു ഞാൻ .” ബൈക്ക് നിർത്തി ഇറങ്ങി വരുന്ന പ്രിയയെ നോക്കി രാധിക പറഞ്ഞു .

“അവിടെ എല്ലാരോടും സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല രാധു ആന്റി . അമ്മയും അച്ഛനും ആണെങ്കിൽ അവിടന്ന് വിടുന്നും ഇല്ല . രാധു ആന്റി ഫുഡ് ഒക്കെ കഴിച്ചില്ലേ .” പ്രിയ ചോദിച്ചു .

“ഞാൻ കഴിച്ചു മോളെ .മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ .” രാധിക പ്രിയയോടൊപ്പം അകത്തേക്ക് കയറികൊണ്ട് ചോദിച്ചു .

“ഇപ്പൊ ഒന്നും വേണ്ട . ഞാൻ ഒന്ന് ഫ്രഷ് ആയി വരാം .രാത്രി എനിക്ക് ഇനി ഒന്നും വേണമെന്ന് ഇല്ല്യ .വയറു ഫുൾ ആണ് .ജ്യൂസ് എന്തെങ്കിലും ഉണ്ടാക്കാം .” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു അവളുടെ മുറിയിലേക്ക് പോയി .

പുറത്തു നിന്ന് നോക്കിയാൽ പഴയ നാലുകെട്ടിന്റെ ലുക്ക് തരുന്ന എന്നാൽ അകത്തു മോഡേൺ രീതിയിൽ കോൺസ്ട്രക്ട് ചെയിത ഒരു വീടായിരുന്നു പ്രിയയുടേത് .

ഒരു വല്യ ഫാമിലിക്ക് താമസിക്കാൻ ഉള്ള വലിപ്പം ആ വീടിനു ഉണ്ടായിരുന്നു . ആ വീടിന്റെ വലിപ്പം തന്നെയാണ് പ്രിയയ്ക്ക് കൂടുതൽ ഒറ്റപ്പെടൽ തോന്നിപ്പിക്കുന്നത് .

കല്ലുപതിപ്പിച്ച മുറ്റത്തിന്റെ ഇരു വശത്തും ഒരുപാട് ചെടികൾ പ്രിയ വന്നതിനുശേഷം നട്ടുപിടിപ്പിച്ചിരുന്നു . വീടിന്റെ ഉള്ളിലെ നടുമുറ്റം ആണ് പ്രിയയുടെ ആ വീട്ടിലെ ഇഷ്ട്ട സ്ഥലം .

രാത്രി അവിടെ വന്നിരുന്നു മേലേക്ക് നോക്കി ഗ്ലാസ് ഇട്ട റൂഫിലെ ആകാശത്തേക്ക് നോക്കി കിടക്കാൻ അവൾക്ക് ഒരുപാട് ഇഷ്ട്ടമാണ് .

കുളിച്ചു വന്നു നടുമുറ്റത്തേക്ക് കാലിട്ടു വരാന്തയിൽ ഇരുന്നു രാധികയോട് സാവിത്രിയെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും പറയുകയായിരുന്നു പ്രിയ .

“മോൾക്ക് അവരെ ഒരുപാട് ഇഷ്ട്ടപെട്ടല്ലേ .

ഞാൻ മോളെ കാണാൻ തുടങ്ങിയിട്ട് ഒരു മാസം ആയിട്ടേ ഉള്ളു .പക്ഷെ അപ്പോഴൊക്കെയും എത്ര കളിച്ചു ചിരിച്ചു നടന്നാലും ഈ കണ്ണിൽ ഞാൻ എപ്പോഴും ഒരു സങ്കടം കാണാറുണ്ടായിരുന്നു .

ഇന്ന് മോളുടെ കണ്ണിൽ ഒരുപാട് തിളക്കം കാണുന്നുണ്ട് .സന്തോഷത്തിന്റെ തിളക്കം .” രാധിക അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു .

“എന്റെ അച്ഛനും അമ്മയും ഇപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും . അവര് ഒരുപാട് അന്വേഷിച്ചു നടന്നവരുടെ മുന്നിൽ ഞാൻ ഇന്ന് എത്തിയപ്പോൾ .

ഇത്രയും കാലം എനിക്ക് തരാൻ കഴിയാതെ പോയ സ്നേഹം മത്സരിച്ചു തരാൻ ശ്രമിക്കാണ് അവരുടെ ആത്മാർത്ഥ സുഹൃത്തുക്കൾ .” പ്രിയയുടെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു .

“നാളെയും പോവുന്നുണ്ടോ അങ്ങോട്ട് ” രാധിക ചോദിച്ചു .

“ആന്റി ഇവിടെ ഒറ്റക്കായി പോവുന്നുണ്ടല്ലേ .നാളെയും പോവണം എന്നുണ്ട് പോയിട്ട് വേഗം തിരിച്ചു വാരാംട്ടോ .അവിടെ പോവുമ്പോ എന്തോ ഒരു വല്ലാത്ത സന്തോഷം .” പ്രിയ പറഞ്ഞു .

“എന്നെ കുറിച്ചൊന്നും മോള് ചിന്തിക്കേണ്ട.മോള് പോയിട്ട് പതുകെ വന്നാൽ മതി .

രണ്ടാഴ്ച്ച കഴിഞ്ഞാൽ മോളുടെ ക്ലാസ് തുടങ്ങില്ലേ അപ്പഴും ഞാൻ തനിച്ചല്ലേ .അതോണ്ട് എനിക്ക് കുഴപ്പമൊന്നും ഇല്ല്യ .”. രാധിക പറഞ്ഞു .

“നാളെ എന്തായാലും രാവിലെ പോവില്ലാട്ടോ .നാളെ നമുക്കൊരുമിച്ചു ലഞ്ച് ഒക്കെ കഴിച്ചിട്ട് ഞാൻ പൊക്കോളാം .എന്നും ആന്റിനെ ഒറ്റക്ക് ആക്കാൻ പാടില്ലാലോ .” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

പ്രിയയെ ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ രാധികയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു . നാല്പത്തിനോട് അടുത്ത് പ്രായം ഉണ്ട് രാധികയ്ക്ക് .

സ്നേഹിച്ച ആൾ വീട്ടുകാരുടെ നിർബന്ധത്തിനു വേറെ കല്യാണം കഴിച്ചപ്പോൾ വേറെ ഒരു ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ അവർക്കായില്ല .അത്കൊണ്ട് ഇന്നും ഒറ്റക്ക് ജീവിക്കുന്നു .

കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു അവർ ഉറങ്ങാൻ പോയി .

രാവിലെ വിളിച്ചപ്പോൾ പ്രിയ ഇന്ന് വരില്ല നാളെ വരാം എന്ന് പറഞ്ഞതിന്റെ വിഷമത്തിലാണ് സാവിത്രിയും കൃഷ്ണനും .

ഉച്ചക്ക് ചെന്ന് സാവിത്രിയെ ഒന്ന് ഞെട്ടിക്കാനുള്ള പ്ലാനിൽ ആയിരുന്നു പ്രിയ .അവർക്ക് പ്രിയയെ കാണാതെ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല . ഗൗതമിനു ആ വാർത്ത പക്ഷെ ആശ്വാസം ആയിരുന്നു .

അത് കൊണ്ട് തന്നെ അവൻ ഇന്ന് ഓഫീസിൽ വരുന്നില്ല വീട്ടിൽ ഇരിക്കുവാണെന്നു കൃഷ്ണനോട് പറഞ്ഞു .

കിച്ചു ഇന്ന് അവന്റെ ഫ്രണ്ട് ന്റെ ചേച്ചിയുടെ എൻഗേജ്മെന്റ് ഉള്ളത്കൊണ്ട് രാവിലെ തന്നെ അങ്ങോട്ട് പോയി .

ഉച്ചക്ക് ഊണു കഴിഞ്ഞു ഗൗതം അവന്റെ റൂമിൽ ബെഡിൽ കണ്ണടച്ച് കിടക്കുകയായിരുന്നു . മനസിൽ വീണ്ടും പ്രിയയുടെ മുഖം നിറയുന്നത് അവൻ അറിഞ്ഞു .

അകറ്റാൻ ശ്രമിക്കുമ്പോഴും അവൾ അവന്റെ മനസിലേക്ക് അവൻ പോലും അറിയാതെ അടുക്കുകയായിരുന്നു .

‘ഇന്നലെ റൂമിൽ വെച്ച് ഉണ്ടായ കാര്യങ്ങൾ ആലോചിച്ചു അവനു ദേഷ്യവും അതെ സമയം പ്രിയയുടെ കുട്ടിക്കളി ആലോചിച്ചു ചിരിയും വരുന്നുണ്ടായിരുന്നു .

അവൾ എത്ര പെട്ടന്നാണ് ഇവിടെ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയത് . അമ്മയ്ക്കും അച്ഛനും ഇപ്പോൾ ദേവു ദേവു എന്നൊരു സംസാരമേ ഉള്ളു .

കിച്ചുവിനാണേൽ ഇപ്പോൾ തന്നെക്കാൾ പ്രിയം അവളോടാണ് .എന്നെ ഇതുവരെ മര്യാദക്ക് അവൻ ചേട്ടാന്ന് വിളിച്ചിട്ടില്യ .ആ അവൻ അവളുടെ പിന്നാലെ ദേവു ചേച്ചി ന്നു വിളിച്ചോണ്ട് നടക്കും .

രണ്ടു ദിവസം കൊണ്ട് ഒരു ആയുസിന്റെ അടുപ്പം അവൾ ഇവിടെ എല്ലാരോടും കാണിക്കുന്നുണ്ട് .തന്നോടൊഴിച്ചു .!!

ഇത് എന്തൊരു നാശം ആണ് .താൻ എന്തിനാ പിന്നേം പിന്നേം അവളെ കുറിച്ച് തന്നെ ചിന്തിച്ചു കൂട്ടുന്നത് .

പുറത്തേക്ക് എങ്ങോട്ടേലും പോവാം ഇവിടിരുന്നാൽ ശെരിയാവില്ല .’ തന്റെ ചിന്തകളെ കടിഞ്ഞാണിടാൻ ഗൗതം ശ്രമിച്ചുകൊണ്ടിരുന്നു .

പുറത്തേക്ക് പോവാൻ വേണ്ടി ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ ആണ് സാവിത്രി ഗൗതമിന്റെ റൂമിലേക്ക് ചെല്ലുന്നത് . എവിടെയോ പോകാൻ റെഡി ആയി വന്നു നിൽക്കുകയാണ് .

“നീ ഒന്ന് വേഗം റെഡി ആയി വാ കണ്ണാ എന്നെ ഒരു സ്ഥലം വരെ കൊണ്ട് പോവണം .” ഗൗതം എന്തേലും ചോദിക്കാൻ ഒരുങ്ങുന്നതിനു മുൻപ് ഇതും പറഞ്ഞു സാവിത്രി വേഗം താഴേക്ക് പോയി .

ഗൗതം താഴേക്ക് ചെല്ലുമ്പോൾ സിറ്റ് ഔട്ടിൽ അവനെ പ്രതീക്ഷിച്ചു ഇരിക്കയാണ് സാവിത്രി .
” വാ വേഗം പോവാം .” സാവിത്രി അതും പറഞ്ഞു വേഗം കാറിൽ കയറി .

“എങ്ങോട്ടാ പോവേണ്ടത് എന്ന് പറഞ്ഞാലേ വണ്ടി ഓടിക്കാൻ പറ്റു .” ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നുകൊണ്ട് ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു .

സാവിത്രി പറഞ്ഞു കൊടുത്ത അഡ്രസ് വെച്ച് അവൻ കാർ ഓടിച്ചു . എത്ര ചോദിച്ചിട്ടും ആരുടെ വീടാണെന്ന് സാവിത്രി പറഞ്ഞില്ല .

ഒരു വലിയ വീടിന്റെ ഗേറ്റ് കടന്നു കാർ നിർത്തി .
“ഇത് തന്നെ ആയിരിക്കും വീട് .” അതും പറഞ്ഞു സാവിത്രി കാറിൽ നിന്നും ഇറങ്ങി കാളിങ് ബെൽ അടിച്ചു .

ഗൗതമിനു അപ്പോഴും ഇത് ആരുടെ വീടാണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു .
കാറിൽ നിന്ന് ഇറങ്ങി വന്ന ഗൗതം കാണുന്നത് ഡോർ തുറന്നു ഇറങ്ങി വരുന്ന പ്രിയയെ ആണ് .

പ്രിയയെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി . അതേ ഞെട്ടലായിരുന്നു സാവിത്രിയേയും ഗൗതമിനെയും കണ്ടപ്പോൾ പ്രിയക്കും .

“ഇതെന്താ അമ്മേ ഒരു സർപ്രൈസ് വിസിറ്റ് .” പ്രിയ ചോദിച്ചു .

“എനിക്ക് മോളെ കാണാതെ ഇരിക്കാൻ വയ്യ .അപ്പോ ഞാൻ മോള് പറഞ്ഞു തന്ന അഡ്രസ് വെച്ച് ഇങ്ങോട്ട് പോന്നു . ” സാവിത്രി പറഞ്ഞു .

“ഞാൻ അമ്മക്ക് ഒരു സർപ്രൈസ് തരാൻ അങ്ങോട്ട് വരാൻ തുടങ്ങുവായിരുന്നു .അമ്മ അകത്തേക്ക് വരൂ . ”

പ്രിയ അതും പറഞ്ഞു സാവിത്രിയെ കൂട്ടി അകത്തേക്ക് നടന്നു .സാവിത്രി അകത്തേക്ക് വരാൻ പറഞ്ഞിട്ടും ഗൗതം അപ്പോഴും പുറത്ത് നിൽക്കുകയായിരുന്നു .

പ്രിയ സാവിത്രിക്ക് രാധികയെ പരിചയപ്പെടുത്തി കൊടുത്തു .അവരോട് സംസാരിക്കാൻ പറഞ്ഞു അവൾ കുടിക്കാൻ ജ്യൂസ് മായി വന്നു .

“ഗൗതം ഇങ്ങോട്ട് വന്നില്ലേ .” ജ്യൂസ് സാവിത്രിക്കും രാധികയ്ക്കും കൊടുത്തുകൊണ്ട് അവൾ ചോദിച്ചു .

“അവനു ചിലപ്പോൾ ഇങ്ങനെ ഒരു സ്വഭാവം ആണ് . ഇങ്ങോട്ടാണെന്ന് പറയാതെ ആണ് കൂട്ടി കൊണ്ട് വന്നത് . അതിന്റെ ഗൗരവം ആവും .ഞാൻ പോയി വിളിച്ചു കൊണ്ട് വരാം .” സാവിത്രി പറഞ്ഞു .

“അമ്മ ഇവിടിരുന്നു സംസാരിക്കു ഞാൻ പോയി വിളിച്ചു വരാം .” പ്രിയ അതും പറഞ്ഞു പുറത്തേക്ക് പോയി .

സിറ്റ് ഔട്ടിൽ ഇരുന്നു ആലോചനയിൽ ആയിരുന്നു ഗൗതം . ‘ ഇത്രേം വല്യ വീട്ടിൽ ഇവൾ എങ്ങനെയാ ഒറ്റക്ക് ജീവിക്കുന്നെ .

വെറുതെ അല്ല ഇന്നലെ വീട്ടിൽ വന്നപ്പോൾ അവൾക്ക് ഇത്ര സന്തോഷം .ഇന്നലെ വീട് മുഴുവൻ അവളുടെ കളിചിരികൾ ആയിരുന്നു .’

അപ്പോഴാണ് പ്രിയ അങ്ങോട്ട് വന്നത് .അവളെ കണ്ടതും ഗൗതം ഫോണിൽ എന്തോ തിരയാൻ തുടങ്ങി .

‘ജാട തെണ്ടി ..! ഞാൻ വന്നത് അറിയാഞ്ഞിട്ടൊന്നും അല്ല .പക്ഷെ കണ്ട ഭാവം ഇല്ല .വീട്ടിൽ വന്ന ആളോട് മര്യാദ കാണിക്കാണല്ലോന്ന് വിചാരിച്ചിട്ടാണ് .

അല്ലേൽ ആ ഫോൺ എടുത്ത് ഞാൻ എറിഞ്ഞേനേ .’ പ്രിയ മനസ്സിൽ പറഞ്ഞു .

“ഹലോ എന്താ ഗൗതം പുറത്ത് തന്നെ ഇരുന്നത് .അകത്തേക്ക് വരൂ .” പ്രിയ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .

“ഞാൻ ഇവിടെ ഇരുന്നോളാം .അമ്മയോട് വേഗം ഒന്ന് വരാൻ പറഞ്ഞാൽ മതി .” ഗൗതം ഫോണിൽ നിന്ന് കണ്ണെടുക്കാതെ ഗൗരവത്തിൽ പറഞ്ഞു .

“വീട് വരെ വന്നിട്ട് അകത്തു കയറാതെ എങ്ങനെയാ .അമ്മ അകത്തിരുപ്പുണ്ട് .വരൂ ജ്യൂസ് കുടിച്ചിട്ട് പോവാം .” പ്രിയ പിന്നേം പറഞ്ഞു .

“ഞാൻ നിന്റെ ജ്യൂസ് കുടിക്കാൻ വന്നതൊന്നും അല്ല .അമ്മ ഇങ്ങോട്ടാണെന്ന് പറഞ്ഞെങ്കിൽ ഞാൻ വരില്ലായിരുന്നു .നീ ഒന്ന് പോവുന്നുണ്ടോ .” ഗൗതം ദേഷ്യപ്പെട്ടു .

‘ഇതൊരു നടക്ക് പോകില്ല .’ പ്രിയ മനസ്സിൽ ചിന്തിച്ചു .

“ഗൗതമിനു എന്നെ പേടിയാണോ .” പ്രിയ ചിരിച്ചുകൊണ്ട് ചോദിച്ചു .

“ങേ …!! എന്ത് ?” ഗൗതം കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു .

“താൻ എന്നെ തന്റെ റൂമിൽനിന്നു ഇറക്കി വിട്ട പോലൊന്നും ഞാൻ ചെയ്യില്ല .ധൈര്യമായി കേറി വരാം. ഞാൻ തന്നെ പോലെ അല്ല .

പിന്നെ വല്ലാണ്ട് ഇങ്ങോട്ട് ദേഷ്യപ്പെടാൻ നിൽക്കണ്ട .ഞാൻ ഇന്നലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ .

തനിക്കു പേടിയാണേൽ വരണ്ട .ഇവിടെ തന്നെ നിന്നോ .” അതും പറഞ്ഞു പ്രിയ അവന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ അകത്തേക്ക് പോയി .

ഗൗതം നിന്ന് ഉറഞ്ഞു തുള്ളുവായിരുന്നു .

“എനിക്ക് അവളെ പേടിയാണെന്ന് .എന്റെ ഒരു കൈക്ക് ഇല്ല്യ .കൊടുക്കുന്നുണ്ട് ഞാൻ അവൾക്ക് .അവളുടെ ഒരു ജ്യൂസ് ..

ഇനി അകത്തേക്ക് പോവാത്തത് അവളെ പേടിച്ചാണെന്നു വിചാരിക്കണ്ട .പോയേക്കാം .നാശം .” മുറുമുറുത്തുകൊണ്ട് ഗൗതം അകത്തേക്ക് ചെന്നു .

അകത്തേക്ക് വരുന്ന ഗൗതമിനെ കണ്ടപ്പോൾ പ്രിയ ഒരു വിജയചിരി ചിരിച്ചു .പക്ഷെ ഗൗതം അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല .

ഗൗതമിനെ സാവിത്രി രാധികയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു .അവരുടെ മുഖത്തു നോക്കി അവൻ ഒന്നു പുഞ്ചിരിച്ചു .

‘അപ്പോ ഈ കാട്ടുമാകാന് ചിരിക്കാൻ ഒക്കെ അറിയാം .’പ്രിയ മനസിൽ പറഞ്ഞു ജ്യൂസ് ട്രേ കയ്യിൽ എടുത്ത് അവന്റെ അടുത്തേക്ക് ചെന്നു .

“നിന്നെ പേടി ഇല്ലാത്തോണ്ടാണ് അകത്തേക്ക് വന്നത് .” ജ്യൂസ് എടുക്കുന്നതിനിടക്ക് പ്രിയക്ക് മാത്രം കേൾക്കാൻ പാകത്തിന് എന്നാൽ നല്ല ഗൗരവത്തിലും ഗൗതം പറഞ്ഞു .
പ്രിയ അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു .

ജ്യൂസ് വേഗം കുടിച്ചു ഗ്ലാസ് അവിടെ കുറച്ചു ശബ്ദത്തോടെ വെച്ച് പ്രിയയുടെ മുഖത്തേക്ക്‌ നോക്കി ” അമ്മേ പോവാം .” എന്നും പറഞ്ഞു ഗൗതം പുറത്തേക്ക് നടന്നു . പ്രിയക്ക് ചിരിയാണ് വന്നത് .

കുറച്ചു സമയത്തിന് ശേഷം ആണ് സാവിത്രി പുറത്തേക്ക് വന്നത് കൂടെ പ്രിയയും രാധികയും ഉണ്ടായിരുന്നു .അവർ രണ്ടുപേരുടെ കയ്യിലും ഓരോ ബാഗും ഉണ്ടായിരുന്നു .

ഗൗതം സംശയത്തോടെ നോക്കി .അവർ നാല് പേരും വന്നു കാറിൽ കയറി .

ഗൗതമിന്റെ ചിന്ത മുഴുവൻ ഇവരിതെങ്ങോട്ടാ എന്നുള്ളതായിരുന്നു .അവൻ ചോദിക്കാൻ തുടങ്ങിയതും
“നീ ആദ്യം റെയിൽവേ സ്റ്റേഷനിലേക്ക് വണ്ടി എടുക്ക് .” സാവിത്രി പറഞ്ഞു .

പ്രിയയും രാധികയും എങ്ങോട്ടോ പോവുകയാണ് കുറച്ചു ദിവസം അവളെ വീട്ടിൽ കാണണ്ടല്ലോ എന്നുള്ള സമാധാനം ആയിരുന്നു ഗൗതമിനു .!

റെയിൽവേ സ്റ്റേഷൻ എത്തിയതും യാത്ര പറഞ്ഞു രാധിക പോയി .പ്രിയ ഇറങ്ങാത്തതു കണ്ടു ഗൗതമിനു വീണ്ടും സംശയമായി .

“ഇവൾ ഇറങ്ങുന്നില്ലേ ?!” ഗൗതം ചോദിച്ചു .

“എങ്ങോട്ട് ?! അവള് വീട്ടിലേക്കാണ് .ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ രാധികയുടെ അമ്മയ്ക്ക് സുഖമില്ല എന്നും പറഞ്ഞു കോൾ വന്നു .

അവരങ്ങോട്ട് പോയതാ .മോളെ ഞാൻ എങ്ങനെയാ അവിടെ ഒറ്റക്ക് നിർത്തുന്നത് .അതോണ്ട് അവര് വരുന്ന വരെ മോള് വീട്ടിൽ നിന്നോളും .” സാവിത്രി പറഞ്ഞു .

“നമ്മുടെ വീട്ടിലോ .അതൊക്കെ എന്തിനാ .ഇവൾ അവിടെ ഒറ്റക്ക് നിന്നോളും .പിന്നെ….” ഗൗതം പറഞ്ഞു കൊണ്ട് നിന്നതും സാവിത്രി അവനെ തടഞ്ഞു .

“ഇതിലൊന്നും നീ അഭിപ്രായം പറയണ്ട .ഇത് എന്റെ തീരുമാനം ആണ് .” സാവിത്രി ഉറപ്പിച്ചു പറഞ്ഞു .ഗൗതമിനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല .

സാവിത്രിക്ക് പ്രിയക്ക് ഗൗതം പറഞ്ഞത് വിഷമം ആയിട്ടുണ്ടാകുമോന്ന് തോന്നി അവര് പ്രിയയെ നോക്കിയപ്പോൾ അവൾ കണ്ണിറുക്കി കാണിച്ചു ചിരിച്ചു .സാവിത്രിക്ക് അതൊരു ആശ്വാസം ആയിരുന്നു .

ഗൗതം ഫ്രന്റ് മിറർ വഴി പുറകിൽ ഇരിക്കുന്ന പ്രിയയെ നോക്കിയപ്പോൾ അവളൊന്നു ഇളിച്ചു കാണിച്ചു . അത് കണ്ടപ്പോൾ ഗൗതമിനു പിന്നേം ദേഷ്യം വന്നു .അവൻ മുഖം വീർപ്പിച്ചു പിടിച്ചു ഡ്രൈവ് ചെയിതു .

വീട്ടിൽ എത്തിയതും ഗൗതം വേഗം കാർ പാർക്ക് ചെയ്ത് അകത്തേക്ക് പോയി . പ്രിയയും സാവിത്രിയും അകത്തേക്ക് കടന്നതും “ഞാൻ പുറത്തു പോവാണ് .”

എന്നൊരു അശരീരി കേട്ടു കൂടെ മിന്നല് പോലെ എന്തോ ഒന്ന് പുറത്തേക്ക് പോവുന്നതും കണ്ടു .

പുറത്തേക്ക് വന്ന പ്രിയയും സാവിത്രിയും കാണുന്നത് തന്റെ ഇന്റർസെപ്റ്റർ ബൈക്കിൽ പുറത്തേക്ക് പോവുന്ന ഗൗതമിനെ ആണ് .

“മോളൊന്നും വിചാരിക്കണ്ട കേട്ടോ .അവന്റെ സ്വഭാവം ഇടക്ക് ഇങ്ങനെ ആണ് .” സാവിത്രി പ്രിയയോട് പറഞ്ഞു .

“എനിക്കൊരു കുഴപ്പവും ഇല്ല സാവിത്രികുട്ടി കിച്ചു എന്നോട് പറഞ്ഞിരുന്നു ഗൗതം ഇങ്ങനെ ആണെന്ന് .

പിന്നെ ഇത് പോലത്തെ ചീള് ഞെട്ടിക്കൽ ഒന്നും പ്രിയക്ക് ഏൽക്കില്ല .” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

സാവിത്രിയും പ്രിയയും കുറെ നേരം സംസാരിച്ചിരുന്നു .പിന്നെ രാത്രിയിലേക്കുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി പുറത്തു വന്നിരിക്കുമ്പോൾ ആണ് .കിച്ചു അങ്ങോട്ട് വന്നത് .

കിച്ചുവിന് പ്രിയ കുറച്ചു ദിവസം ഇവടെ ഉണ്ടാവും എന്നറിഞ്ഞതും വല്യ ഉത്സാഹം ആയി .കൃഷ്ണൻ വന്നപ്പോൾ കൃഷ്ണനും പ്രിയയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി .

രാത്രി ഭക്ഷണം കഴിക്കാൻ ഗൗതമിനെ കാണാത്തത് കൊണ്ട് കിച്ചു വിളിച്ചു നോക്കി.
“കണ്ണൻ വരാൻ ലേറ്റ് ആവും നമ്മളോട് ഒക്കെ ഫുഡ് കഴിച്ചു കിടന്നോളാൻ .

അവന്റെ കയ്യിൽ കീ ഉണ്ട് അവൻ തുറന്ന് കയറിക്കോളാം എന്ന് പറഞ്ഞു .” കിച്ചു പറഞ്ഞത് കേട്ടതും പ്രിയയ്ക്ക് എന്തോ ഒരു വിഷമം തോന്നി .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4