Tuesday, January 21, 2025
Novel

പ്രിയനുരാഗം – ഭാഗം 22

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഗൗതം ഉറക്കം എഴുന്നേറ്റത് . നോക്കിയപ്പോൾ സാവിത്രി യും കൃഷ്ണനും ഉണർന്നു കിടക്കുകയാണ് .

“സിസ്റ്റർ ആയിരിക്കും കണ്ണാ . നീ പോയി വാതിൽ തുറക്ക് ” സാവിത്രി പറഞ്ഞു .

ഗൗതം പോയി വാതിൽ തുറന്നതും പ്രിയ കാറ്റ് പോലെ അകത്തേക്ക് പോയി . എന്താപ്പോ നടന്നത് എന്ന് കണ്ണ് തിരുമ്മി നോക്കിയപ്പോൾ ആണ് പ്രിയ സാവിത്രിയുടെയും കൃഷ്ണന്റെയും ബെഡുകൾക്ക് നടുക്ക് നിൽക്കുന്നത് ഗൗതം കണ്ടത് . അവന്റെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു .

“നേരം വെളുക്കുന്നല്ലേ ഉള്ളു ദേവു മോളെ. കുറച്ചു കഴിഞ്ഞു വന്നാൽ പോരായിരുന്നോ ” സാവിത്രി ചോദിച്ചു .

“ഞാൻ ഇങ്ങു പോന്നു . എന്താ തിരിച്ചു പോവാണോ ” പ്രിയ പരിഭവം നടിച്ചു പറഞ്ഞു . ഗൗതം പ്രിയയെ നോക്കികൊണ്ട് നിൽക്കുന്നത് പ്രിയ അതിനിടക്ക് ശ്രദ്ധിച്ചു .

“അവള് ഓരോന്ന് പറയുന്നതാ എന്റെ മോള് അതൊന്നും ശ്രദ്ധിക്കേണ്ട ” കൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഞാൻ ഒന്നും പറഞ്ഞില്ലേ ” സാവിത്രി പറഞ്ഞു .

“അതൊക്കെ പോട്ടെ രണ്ടാൾക്കും എങ്ങനുണ്ട് ” പ്രിയ രണ്ടുപേരെയും നോക്കി ചോദിച്ചു .

“ഒരു കുഴപ്പവും ഇല്ല മോളേ ” സാവിത്രി പറഞ്ഞു

“ഉച്ചക്ക് മുൻപ് ഡിസ്ചാർജ് ആവും ദേവു ” കൃഷ്ണൻ പറഞ്ഞു .

അവരുടെ സംസാരം കേട്ട് കൊണ്ട് നിന്ന ഗൗതം പ്രിയയെ നോക്കി ചിരിച്ചിട്ട് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി .പ്രിയയും തിരിച്ചു ചിരിച്ചു .

“കിച്ചു എവിടെ അച്ഛാ ” പ്രിയ ചോദിച്ചു .

“എല്ലാരും കൂടെ ഇവിടെ നിൽക്കണ്ടല്ലോ അവനെ ഇന്നലെ രാത്രി വീട്ടിലേക്ക് പറഞ്ഞു വിട്ടു .” കൃഷ്ണൻ പറഞ്ഞു .

അവര് ഓരോന്ന് പറഞ്ഞു സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഗൗതം ഫ്രഷ് ആയി ഇറങ്ങി വന്നത് .

“അമ്മേ ഞാൻ ബ്രേക്ക് ഫാസ്റ്റ് വാങ്ങി വരണോ അതോ കിച്ചുവിനോട് വീട്ടിൽ നിന്ന് കൊണ്ട് വരാൻ പറയണോ ” ഗൗതം ചോദിച്ചു .

“ബ്രേക്ക് ഫാസ്റ്റ് ഞാൻ കൊണ്ട് വന്നിട്ടുണ്ട് ” പ്രിയ ഗൗതമിനെ നോക്കി പറഞ്ഞു .

“രാവിലെ എഴുന്നേറ്റു അതൊക്കെ ഉണ്ടാക്കിയിട്ടാണോ വന്നത് .?” സാവിത്രി ചോദിച്ചു .

“ആ .. രാധു ആന്റി ഉണ്ടായിരുന്നു ഹെല്പ് ചെയ്‌യാൻ .ആന്റിയോട് ഞാൻ വീട്ടിൽ പൊക്കോളാൻ പറഞ്ഞു . അമ്മയുടെ കയ്യ് ശെരിയായിട്ടേ ഞാൻ അങ്ങോട്ട് പോവുന്നുള്ളു ” പ്രിയ പറഞ്ഞു .
അത് കേട്ടതും ഗൗതമിന്റെ മനസ്സിൽ ലഡു പൊട്ടി .

“മോള് പതുക്കെ പോയാൽ മതി . കുറച്ചു ദിവസം വീട്ടിൽ നിൽക്കലോ ” സാവിത്രി സന്തോഷത്തോടെ പറഞ്ഞു .

“കൈ പൊട്ടിയപ്പോൾ ഇത്രയും സന്തോഷം ഉള്ള ആദ്യത്തെ ആള് നീ ആയിരിക്കും ” കൃഷ്ണൻ സാവിത്രിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

സാവിത്രിയും പ്രിയയും അത് കേട്ട് ചിരിച്ചു .പ്രിയ ചിരിച്ചു കൊണ്ട് ഗൗതമിനെ നോക്കിയപ്പോൾ ഗൗതം പ്രിയയെ തന്നെ നോക്കി നിൽക്കുവായിരുന്നു . പ്രിയ ശ്രദ്ധിക്കുന്നു എന്നറിഞ്ഞിട്ടും ഗൗതം നോട്ടം മാറ്റിയില്ല . പ്രിയ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു . ഗൗതം കണ്ണ് ചിമ്മി ഒരു കള്ള ചിരി ചിരിച്ചു .

ആ ചിരി പ്രിയയുടെ ചുണ്ടിലേക്കും പടർന്നു . വാക്കുകൾക്കതീതമായി ഗൗതമിന്റെ പ്രണയം അവന്റെ കണ്ണിൽ തെളിഞ്ഞു . പ്രിയയും അത് മനസിലാക്കി തുടങ്ങുകയായിരുന്നു .

ഹോസ്പിറ്റലിൽ ചിലവഴിച്ച സമയങ്ങളിൽ മുഴുവൻ ഗൗതം പ്രിയയെ ഒളികണ്ണിട്ടു നോക്കുന്നത് പ്രിയ ശ്രദ്ധിച്ചിരുന്നു പക്ഷേ അവൾ അതറിഞ്ഞ ഭാവം നടിച്ചില്ല .

പ്രിയ ശ്രദ്ധിച്ചതിനേക്കാൾ ഗൗതമിനെ വീക്ഷിച്ച വേറെ രണ്ടു കണ്ണുകൾ അവിടെ ഉണ്ടായിരുന്നു , കിച്ചു . കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയെ കയ്യോടെ പിടിക്കാൻ ഉള്ള പദ്ധതികളുടെ പണിപ്പുരയിൽ ആയിരുന്നു കിച്ചു .

ഉച്ചക്ക് മുൻപ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയിതു . ഗൗതവും പ്രിയയും കൃഷ്ണനും സാവിത്രിയും ഗൗതമിന്റെ കാറിലും കിച്ചു പ്രിയയുടെ കാറിലും ആയാണ് വീട്ടിലേക്ക് പോയത് .

വീട്ടിൽ എത്തിയത് മുതൽ പ്രിയയാണ് സാവിത്രിയുടെയും കൃഷ്ണന്റെയും കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചത് . അത് കൊണ്ട് തന്നെ പ്രിയയോട് തനിച്ചു സംസാരിക്കാൻ ഗൗതമിനു സാഹചര്യങ്ങൾ ഒന്നും കിട്ടിയില്ല .

കൃഷ്ണനോട് ഗൗതം രണ്ടു ദിവസം കഴിഞ്ഞു ഓഫീസിൽ പോയാൽ മതി എന്ന് പറഞ്ഞതു കൊണ്ട് ഗൗതം ആണ് ആ ദിവസങ്ങളിൽ ഓഫീസിലെ കാര്യങ്ങൾ ശ്രദ്ധിച്ചത് .

പ്രിയയെ കാണുമ്പോഴെല്ലാം ഉള്ള ഗൗതമിന്റെ കണ്ണിലെ തിളക്കം അവനു പ്രിയയോടുള്ള ഇഷ്ട്ടം പറയാതെ പറഞ്ഞു കൊണ്ടിരുന്നു .

സൺ‌ഡേ ടെക്സറ്റൈസിൽ സ്റ്റോക്ക് വരുന്നതിനാൽ ഗൗതം വീട്ടിൽ എത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞിരുന്നു . കൃഷ്ണനും സാവിത്രിയും നേരത്തെ ഉറങ്ങിയിരുന്നു .

കിച്ചു അവന്റെ ഫ്രണ്ടിന്റെ ചേട്ടന്റെ കല്യാണം ഉണ്ടായിരുന്നതിനാൽ റിസപ്ഷൻ കഴിഞ്ഞു വൈകിയേ വരൂ എന്ന് പറഞ്ഞിരുന്നു .

പുറത്തു ഗൗതമിന്റെ കാറിന്റെ ശബ്ദം കേട്ട് മുകളിലത്തെ മുറിയിൽ നിന്നും വാതിൽ തുറന്നു കൊടുക്കാൻ ഓടി വരികയായിരുന്ന പ്രിയ സ്റ്റെയർ കേറി വന്ന ഗൗതമിന്റെ മേലേക്ക് ബെല്ലും ബ്രേക്കും ഇല്ലാതെ ഇടിച്ചു കയറി .

വീണു പോകാതിരിക്കാൻ ഗൗതം പ്രിയയെ ഇടുപ്പിലൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു പക്ഷെ രണ്ടും കൂടെ അതാ കിടക്കുന്നു നിലത്ത് .

പെട്ടന്നു തന്റെ മേലുള്ള പിടുത്തം അയയുന്നത് അറിഞ്ഞ് പ്രിയ കണ്ണ് തുറന്നു നോക്കുമ്പോൾ ഗൗതം പ്രിയക്ക് ഇരുവശവും കൈ കുത്തി പ്രിയക്ക് അഭിമുഖമായി നിൽക്കുകയാണ് . പ്രിയ കണ്ണും മിഴിച്ചു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ഗൗതം അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു .

പ്രിയ വാ തുറന്നു പോയി . ആ ഞെട്ടലിൽ നിൽക്കുമ്പോൾ ആണ് ഗൗതമിന്റെ കൈ പ്രിയയുടെ കഴുത്തിനടുത്തേക്ക് വരുന്നത് പ്രിയ ശ്രദ്ധിച്ചത് .

‘അയ്യോ ഇങ്ങേരു കിസ്സടിക്കാൻ ഉള്ള പരിപാടി ആണോ .. ‘ പ്രിയ മനസ്സിൽ പറഞ്ഞു .

ഗൗതമിന്റെ കൈ വിരൽ പ്രിയയുടെ കഴുത്തിൽ സ്പര്ശിച്ചതും പ്രിയ കണ്ണ് ഇറുക്കി അടച്ചു . കുറച്ചു നേരത്തേക്ക് ഒരു അനക്കവും കാണാത്തത് കൊണ്ട് കണ്ണും മിഴിച്ചു നോക്കുമ്പോൾ ആണ് ഗൗതം കയ്യിൽ പ്രിയയുടെ ചെയിനും പിടിച്ചു അവളെ നോക്കി ചിരിച്ചു നിൽക്കുന്നത് കണ്ടത് .

പ്രിയ കഴുത്തിൽ തപ്പി നോക്കി . വീഴ്ചയിൽ പ്രിയയുടെ ചെയിൻ അഴിഞ്ഞു വീണിരുന്നു .അപ്പോഴേക്കും ഗൗതം എഴുന്നേറ്റു നിന്നിരുന്നു . ഗൗതമിന്റെ ചിരിയിൽ ഒരു അവലക്ഷണം കണ്ട് പ്രിയ അവനെ കൂർപ്പിച്ചു നോക്കി .

“നീ ഇവിടെ തന്നെ കിടക്കുവാണോ . എഴുന്നേൽക്കുന്നില്ലേ . ഇനി ഞാൻ എടുത്ത് പൊക്കി നിർത്തേണ്ടി വരുമോ ..” അതും പറഞ്ഞു ഗൗതം കുനിഞ്ഞതും പ്രിയ ചാടി എഴുന്നേറ്റു .

“ആഹാ നിനക്കു ഒന്നും പറ്റിയില്ലേ . ഞാൻ വിചാരിച്ചു ഇനിയും നിന്നെ പൊക്കി എടുത്തോണ്ട് പോവേണ്ടി വരും എന്ന് . രണ്ടു തവണ പൊക്കി എടുത്തതിന്റെ നടുവേദന ഇതുവരെ മാറിയില്ല . നിനക്കു തീറ്റ ലേശം കുറച്ചൂടെ !” ഗൗതം നടുത്തിരുമ്മി കാണിച്ചു കൊണ്ട് പറഞ്ഞു .

“ഞാൻ പറഞ്ഞോ തന്നോട് എന്നെ എടുത്ത് പൊക്കാൻ .. ” പ്രിയ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു .

“ഉപകാര സ്മരണ വേണം കുട്ടി . ഇപ്പോൾ തന്നെ ബെല്ലും ബ്രേക്കും ഇല്ലാതെ വന്നു ഇടിച്ചിട്ടിട്ട് ഞാൻ നിന്നെ എന്തെങ്കിലും പറഞ്ഞോ ” ഗൗതം കള്ള ചിരിയോടെ പറഞ്ഞു .

“ഞാൻ ഓടി വരുമ്പോ ഇയാള് വഴിയിൽ വന്നു നിന്നിട്ടല്ലേ ” പ്രിയ കുറുമ്പൊടെ പറഞ്ഞു .

“ആഹാ ഇപ്പോൾ എനിക്കായോ കുറ്റം . ഞാൻ പിടിച്ചില്ലേൽ ഉരുണ്ട് താഴെ എത്തിയേനേ .. എന്നിട്ട് ഞാൻ വഴിയിൽ കയറി നിന്നതാണ് പോലും ” ഗൗതം പറഞ്ഞു .
പ്രിയ ഗൗതമിനെ നോക്കി ഇളിച്ചു കാണിച്ചു .

“അല്ല ഭവതി എന്തിനാണാവോ ഇങ്ങനെ തിരക്കിട്ടു ഓടി വന്നത് ” ഗൗതം ചോദിച്ചു .

“അത് … അച്ഛനും അമ്മയും നേരത്തെ ഉറങ്ങി .. ഗൗതം വരുന്നത് കണ്ടപ്പോൾ …. ഡോർ തുറന്നു തരാൻ വേണ്ടി ..” പ്രിയ പറഞ്ഞു .

“എനിക്ക് ഡോർ തുറന്നു താരനാണോ ഇങ്ങനെ ഓടി വന്നത് .. ഇത്ര വെപ്രാള പെട്ട് ഓടി വരാൻ നീ എന്താ എന്റെ ഭാര്യയാണോ ?!” ഗൗതം തിളക്കം നിറഞ്ഞ കണ്ണുകളോടെ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു .

പ്രിയ അവന്റെ ചോദ്യത്തിലും അവന്റെ കണ്ണിലെ തിളക്കത്തിന്റെ അർത്ഥത്തിലും കുഴങ്ങി നിൽക്കുകയായിരുന്നു . അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും ഗൗതം അവളുടെ കൈ പിടിച്ചു നിർത്തി .
പ്രിയ തിരിഞ്ഞു ഗൗതമിനെ നോക്കി .

“എങ്ങോട്ടാ തിരക്കിട്ടു പോകുന്നേ . മ്മ് ? നിന്റെ ചെയിൻ വേണ്ടേ ” ഗൗതം അവളെ നോക്കി ചോദിച്ചു .

“താ …” പ്രിയ കൈ നീട്ടി . ഗൗതം ചെയിൻ പ്രിയയുടെ കയ്യിൽ വെച്ച് കൊടുത്തു . പ്രിയ പോകാൻ ഒരുങ്ങിയതും ഗൗതം വീണ്ടും കൈ പിടിച്ചു വലിച്ചു .

“ഇനി എന്താ ” പ്രിയ കുറച്ചു ഗൗരവത്തോടെ ചോദിച്ചു .

“ഞാൻ ഒന്നും കഴിച്ചില്ലെടോ വിശക്കുന്നു .” ഗൗതം വയറിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു .

“ഫ്രഷ് ആയി വന്നോ ഞാൻ ഫുഡ് എടുത്ത് വെക്കാം ” പ്രിയ പറഞ്ഞു .

“എന്നാൽ ഞാൻ പോയി കുളിച്ചു വരാവേ … പ്രിയ കുട്ടി എനിക്ക് ഫുഡ് എടുത്ത് വെക്കുട്ടോ ” അതും പറഞ്ഞു പ്രിയയുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് ഗൗതം റൂമിലേക്ക് പോയി .

പ്രിയ കണ്ണും തള്ളി നിന്നു .

‘ഇങ്ങേരിതു എന്ത് ഭാവിച്ചാണ് ‘ പ്രിയ അന്തം വിട്ടു ആലോചിച്ചു .

പ്രിയ വേഗം താഴേക്ക് ചെന്നു . ഭക്ഷണം എടുത്ത് ഓവനിൽ വെച്ച് ചൂടാക്കി . പ്രിയ ഭക്ഷണം എടുത്ത് ഡൈനിങ്ങ് ഹാളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് ഗൗതം കുളികഴിഞ്ഞു വന്നത് . ഗൗതം പ്രിയയെ നോക്കി കണ്ണിറുക്കി കാണിച്ചു .

“ഞാൻ ഇവിടെ ഇരുന്നു കഴിച്ചോളാം ” അതും പറഞ്ഞു ഗൗതം പ്രിയയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി കിച്ചണിലെ ചെറിയ ഡൈനിങ്ങ് ടേബിളിന്റെ അടുത്തേക്ക് നടന്നു .

പ്രിയ തന്നെ ആണ് ഗൗതമിനു വിളമ്പി കൊടുത്തത് . ഭക്ഷണം വിളമ്പുമ്പോൾ എല്ലാം ഗൗതമിന്റെ കണ്ണ് പ്രിയയിൽ ആയിരുന്നു .

” എന്താ നോക്കുന്നെ ” പ്രിയ രണ്ടും കൽപ്പിച്ചു ചോദിച്ചു .

“നീ എനിക്ക് പണി തരാൻ ഇതിൽ എന്തെങ്കിലും കലക്കിയിട്ടുണ്ടോ എന്നറിയില്ലല്ലോ . അതാ നിന്റെ മുഖഭാവം ഒന്ന് ശ്രദ്ധിച്ചത് ” ഗൗതം കൃത്രിമ ഗൗരവത്തോടെ പറഞ്ഞു .

“പിന്നെ എനിക്ക് വേറെ പണിയില്ലല്ലോ .. വിശ്വാസം ഉണ്ടെങ്കിൽ കഴിച്ചാൽ മതി .” പ്രിയ ദേഷ്യത്തോടെ പറഞ്ഞു .

“വിശപ്പ് സഹിക്കാൻ വയ്യ ഇല്ലെങ്കിൽ വേണ്ടെന്നു വെച്ചേനെ .നീ ആണോ ഫുഡ് ഉണ്ടാക്കിയത് . ” ഗൗതം കഴിച്ചുകൊണ്ട് ചോദിച്ചു .

“ആ ” പ്രിയ വല്യ താല്പര്യം ഇല്ലാതെ ആണ് പറഞ്ഞത് .

“ഇതെന്താ ചിക്കൻ കറിക്ക് സാമ്പാറിന്റെ ടേസ്റ്റ് ” കറി ടേസ്റ്റ് ചെയിതു കൊണ്ട് ഗൗതം പറഞ്ഞു .

“അത് ചിക്കൻ കറി ആടോ . അതെങ്ങനെയാ സാമ്പാർ ആവുന്നേ ” പ്രിയ പറഞ്ഞു .

“നീ അറിയാതെ സാമ്പാർ പൊടി എങ്ങാനും എടുത്തിട്ടോ ഇതിൽ .” ഗൗതം പറഞ്ഞു .

“ഒന്ന് പോടോ .. അച്ഛനും അമ്മയും ഞാനും കഴിച്ചതാണ് നന്നായിട്ടുണ്ട് എന്നാണല്ലോ അവര് പറഞ്ഞത് .” പ്രിയ സംശയത്തോടെ ഗൗതമിന്റെ പ്ലേറ്റിൽ നോക്കി പറഞ്ഞു .

“നീ ഇതൊന്നു ടേസ്റ്റ് ചെയിതു നോക്ക് ” ഗൗതം അതും പറഞ്ഞു അവൻ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് പ്രിയക്ക് നേരെ നീട്ടി .
പ്രിയ അതിൽ നിന്നും ഗൗതം കറിയിൽ മുക്കി വെച്ചിരുന്ന ഒരു കഷണം ചപ്പാത്തി എടുത്ത് കഴിച്ചു .

“കുഴപ്പൊന്നും ഇല്ലല്ലോ ഇയാൾക്ക് വെറുതെ ഓരോന്ന് തോന്നുന്നതാ .” അത് കഴിച്ചുകൊണ്ട് പറഞ്ഞു .

ഗൗതം ഒരു കഷ്ണം ചപ്പാത്തി എടുത്ത് കഴിച്ചു .
“ഇപ്പോൾ അങ്ങനെ തോന്നുന്നില്ല ” അതും പറഞ്ഞു ചിരിച്ചുകൊണ്ട് അവൻ കഴിക്കാൻ തുടങ്ങി . ഇടക്കിടക്ക് ഒളിഞ്ഞു പ്രിയയെ നോക്കി പതുക്കെയാണ് കഴിക്കുന്നത് .

അപ്പോഴാണ് കൃഷ്ണൻ അടുക്കളയിലോട്ട് വന്നത് . ഗൗതം പ്രിയയെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടു കൊണ്ടാണ് കൃഷ്ണൻ അങ്ങോട്ട് കയറി വന്നത് .
പ്രിയയെ നോക്കുന്നതിനു ഇടയ്ക്ക് ഗൗതം അത് ശ്രദ്ധിച്ചിരുന്നില്ല .

“നീ എപ്പോഴാടാ വന്നത് ” കൃഷ്ണന്റെ ശബ്ദം കേട്ടതും ഗൗതം നെറുകയിൽ കയറി ചുമയ്ക്കാൻ തുടങ്ങി .

“ഇത്ര ആർത്തി പാടില്ല ! ” ഗൗതമിന്റെ തലയ്ക്കു തട്ടി കൊടുത്തു കൊണ്ട് കൃഷ്ണൻ പറഞ്ഞു .

പ്രിയ അത് കേട്ട് ചിരിച്ചു .

“ഞാൻ കുറച്ചു നേരായി അച്ഛാ വന്നിട്ട് . ഫുഡ് കഴിച്ചില്ലായിരുന്നു അതാ പ്രിയയോട് ഫുഡ് എടുത്തു തരാൻ പറഞ്ഞത് .” ഗൗതം പറഞ്ഞു .

“അതെന്താ നിനക്കു എടുത്ത് കഴിച്ചൂടെ “. കൃഷ്ണൻ ചോദിച്ചു .

“ഞാൻ പറഞ്ഞതാ അച്ഛാ എടുത്തു വെക്കാം എന്ന് .അച്ഛൻ എന്തിനാ എഴുന്നേറ്റു വന്നത് ” പ്രിയ പറഞ്ഞു .

“ഞാൻ തണുത്ത വെള്ളം വേണമെന്ന് തോന്നി അതാ വന്നേ .ദേവു മോള് പോയി കിടന്നോ. നാളെ കോളേജിൽ പോവേണ്ടതല്ലേ . പ്ലേറ്റ് ഒക്കെ അവൻ തന്നെ എടുത്ത് വെച്ചോളും .” കൃഷ്ണൻ പറഞ്ഞു .

“അത് കുഴപ്പമില്ല അച്ഛാ ” പ്രിയ പറഞ്ഞു .

“അവൻ ഒറ്റക്ക് ജീവിക്കാൻ ഇഷ്ട്ടപെടുന്ന ആളല്ലേ ദേവു അപ്പോൾ എല്ലാം തനിച്ചു ചെയ്യാനാവും ഇഷ്ട്ടം .! നീ പോയി കിടന്നോ ” ഗൗതമിനെ ഒന്ന് നോക്കി കൊണ്ടാണ് കൃഷ്ണൻ അത് പറഞ്ഞത് .

പ്രിയ ഗുഡ് നൈറ്റ് പറഞ്ഞു പോയതും . ഗൗതം എഴുന്നേറ്റു .

“നീ മതിയാക്കിയോ ” കൃഷ്‌ണൻ ചോദിച്ചു .

“വയറു നിറഞ്ഞു . ഇനി ഇപ്പോൾ എന്ത് കഴിക്കാനാ ! ” അതും പറഞ്ഞു പ്ലേറ്റ് കഴുകി വെച്ച് ഗൗതം റൂമിലേക്ക് നടന്നു . ഗൗതം റൂമിലേക്ക് കയറുമ്പോൾ പ്രിയയുടെ റൂമിലേക്ക് ഒന്ന് നോക്കി അവിടെ ലൈറ്റ് കാണുന്നില്ല എന്ന് കണ്ടപ്പോൾ അവനു നിരാശ തോന്നി .

റൂമിൽ ഇരുന്നിട്ട് ഗൗതമിനു ഒരു സമാധാനവും തോന്നിയില്ല .

‘അച്ഛനാണ് പോലും അച്ഛൻ പറഞ്ഞത് കേട്ടില്ലേ ഒറ്റക്ക് ജീവിക്കാൻ ഇഷ്ട്ടമുള്ള ആളല്ലേ ഞാൻ എന്ന് .

ഇവർക്ക് ഒക്കെ ഒന്ന് വന്നു പറഞ്ഞൂടെ മോനെ നിനക്കു പ്രിയ മോളെ കല്യാണം കഴിച്ചൂടെ ഞങ്ങൾക്ക് അവളെ പിരിഞ്ഞിരിക്കാൻ കഴിയില്ലെന്ന് . അപ്പോൾ എനിക്ക് ഒരു ചമ്മൽ ഇല്ലാതെ പരിപാടി ഒക്കെ നീക്കമായിരുന്നു .

ഇത് അവർക്ക് അങ്ങനെ ഒരു വിചാരമേ ഇല്ല . അവളോട് ഒറ്റക്ക് സംസാരിച്ചു വരുമ്പോഴേക്കും ആരെങ്കിലും കയറി വരും .’ ഗൗതം ഓരോന്ന് ചിന്തിച്ചു കൂട്ടി .

റൂമിൽ ഇരുന്നിട്ട് സമാധാനം ഇല്ലാഞ്ഞിട്ടാണ് ഗൗതം റൂമിൽ നിന്നും പുറത്തിറങ്ങിയത് പ്രിയയുടെ റൂമിലേക്ക് നോക്കിയപ്പോൾ ഡോർ തുറന്നു കിടന്നിരുന്നു . ബാൽക്കണിയിൽ ശബ്ദം കേട്ടു അങ്ങോട്ട് ചെന്നപ്പോൾ പ്രിയ ആകാശത്തേക്കും നോക്കി നിൽക്കുന്നതാണ് ഗൗതം കണ്ടത് .

“പ്രിയ … ഉറങ്ങിയില്ലേ ” ഗൗതം ചോദിച്ചു . അത് കേട്ട് പ്രിയ തിരിഞ്ഞു നോക്കി ഗൗതമിനെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു .

“എന്തേലും പ്രോബ്ലം ഉണ്ടോ പ്രിയ ” ഗൗതം അവളുടെ അടുത്തേക്ക് നിന്ന് ചോദിച്ചു .

“ഞാൻ അച്ഛനോടും അമ്മയോടും സംസാരിക്കുവായിരുന്നു .” ആകാശത്തേക്ക് ചൂണ്ടി കാണിച്ചു പ്രിയ പറഞ്ഞു .

“സോറി ഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല ” ഗൗതം പറഞ്ഞു .

” നോ ഇഷ്യൂ ഗൗതം .. പോവേണ്ട കാര്യം ഒന്നും ഇല്ല . ” പ്രിയ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു .
ഗൗതവും അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അടുത്തേക്ക് നിന്നു .

“അച്ഛനെയും അമ്മയെയും ഒരുപാട് മിസ് ചെയ്യുന്നുണ്ടല്ലേ ” ഗൗതം പ്രിയയെ നോക്കി ചോദിച്ചു .

“അറിയില്ല . അവരിപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് ഗൗതം . കണ്ണുകൊണ്ട് കാണാൻ കഴിയില്ലന്നേ ഉള്ളു . അത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ സന്തോഷായിട്ട് ഇരിക്കുന്നത് .

അവരായിരിക്കും എന്നെ ഇവിടെ എത്തിച്ചതും . അവര് പോയപ്പോഴും വേറൊരു അച്ഛനെയും അമ്മയെയും എനിക്ക് തന്നില്ലേ . ഇവരെ വിട്ടു ഞാൻ പോവേണ്ടി വന്നാൽ ഞാൻ വീണ്ടും ഒറ്റപ്പെട്ടു പോവില്ലേ .” പ്രിയ പറഞ്ഞു .

“നീ എങ്ങോട്ടും പോവണ്ട . ഇവിടെ തന്നെ നിന്നോ ” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു .

” എനിക്ക് നിങ്ങളെയൊന്നും വിട്ടു എവിടേം പോകാനില്ല ഗൗതം ” പ്രിയ എവിടെക്കോ നോക്കി പറഞ്ഞു .

ഗൗതം കുറച്ചുകൂടെ പ്രിയയുടെ അടുത്തേക്ക് നീങ്ങി നിന്നു . പ്രിയ എന്താ എന്ന് കണ്ണുകൊണ്ട് ചോദിച്ചു .

“നീ എങ്ങോട്ടും പോകണ്ടന്നേ .. ഇവിടെ എന്റെ പെ …” ഗൗതം പറഞ്ഞു തുടങ്ങിയതും പ്രിയയുടെ കയ്യിലെ ഫോൺ റിങ് ചെയിതു . ഗൗതവും പ്രിയയും ഒരേ സമയം ഫോൺ സ്ക്രീനിലേക്ക് നോക്കി .സ്‌ക്രീനിൽ ‘രുദ്രേട്ടൻ calling ‘ എന്ന് തെളിഞ്ഞു വന്നു .

“നീ സംസാരിക്ക് ” അതും പറഞ്ഞു ഗൗതം തിരിഞ്ഞു നടന്നു . പറയാൻ വന്നത് മുഴുമിപ്പിക്കാൻ പറ്റാത്തതിൽ അവനു നിരാശ തോന്നി .

“ഹലോ രുദ്രാ … കുറച്ചു ദിവസായിട്ട് ഒരു വിവരവും ഇല്ലല്ലോ .. എന്താ മോനെ ഞാൻ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട് എത്തിയപ്പോ എന്റെ വിശേഷങ്ങൾ ഒന്നും എപ്പഴും അറിയണ്ടേ ” പ്രിയ ഫോണിൽ പരിഭവത്തോടെ സംസാരിക്കുന്നത് കേട്ട് കൊണ്ടാണ് ഗൗതം റൂമിലേക്ക് പോയത് .

തിങ്കളാഴ്ച്ച മുതൽ പ്രിയയോടും ഗൗതമിനോടും ക്ലാസിനു പോകണം എന്ന് കൃഷ്ണൻ പറഞ്ഞിരുന്നു . പക്ഷെ സാവിത്രിയെ ഒറ്റക്കാക്കി പോകാൻ പ്രിയയ്ക്ക് വിഷമം ആയിരുന്നു . ക്ലാസ്സിൽ പോകുന്ന സമയത്തു സഹായത്തിനു ലക്ഷ്മി ഉണ്ടല്ലോ എന്ന് പറഞ്ഞു ഒരു വിധം സമാധാനിപ്പിച്ചാണ് സാവിത്രി പ്രിയയെ കോളേജിൽ പറഞ്ഞു വിട്ടത് . കോളേജിൽ പോയാലും പ്രിയ ഇടവിട്ട് ഇടവിട്ട് സാവിത്രിയെ വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്നു . പ്രിയക്ക് അച്ഛനോടും അമ്മയോടും ഉള്ള സ്നേഹവും കരുതലും ഗൗതമിനെ പ്രിയയിലേക്ക് കൂടുതൽ അടുപ്പിച്ചു .

കുറച്ചു ദിവസം പ്രിയയോട് സംസാരിക്കാൻ കഴിയാത്തതുകൊണ്ട് വാതോരാതെ സംസാരിക്കുകയായിരുന്നു ശിവാനി . സംസാരത്തിന്റെ ഇടക്ക് ശ്വാസം എടുത്തുകൊണ്ട് പ്രിയയെ നോക്കിയപ്പോൾ ആണ് പ്രിയ ഈ ലോകത്തു ഒന്നും അല്ലെന്നു ശിവക്ക് മനസിലായത് .

“ഡി പ്രിയ .. പ്രിയ … ” ശിവ പ്രിയയെ കുലുക്കി വിളിച്ചു . പ്രിയ പെട്ടന്ന് ഞെട്ടി ഒരു ഭാവവും ഇല്ലാതെ ശിവാനിയെ നോക്കി നിന്നു .

“എന്താടി നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ” ശിവ ചിരിച്ചുകൊണ്ട് പറഞ്ഞു .

പ്രിയ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു .

“എന്താടി നിന്റെ പ്രിയതമൻ പച്ചക്കൊടി കാട്ടിയോ .. കണ്ടിട്ട് ആ ലക്ഷണം ഒക്കെ ഉണ്ടല്ലോ ” ശിവാനി പുരികം പൊക്കിക്കൊണ്ട് ചോദിച്ചു .

പ്രിയ കണ്ണിറുക്കി കാണിച്ചു ഒരു കള്ള ചിരി ചിരിച്ചു .

“എന്താടി ഒരു ഒരു കള്ള ചിരി ” ശിവാനി ചോദിച്ചു .

“പച്ചക്കൊടി ആണോന്ന് അറിഞ്ഞൂടാ .. പക്ഷെ അങ്ങനെ ഒരു തോന്നൽ ” പ്രിയ പറഞ്ഞു .

“നീ തെളിച്ചു പറ ” ശിവ ആകാംഷയോടെ ചോദിച്ചു .

പ്രിയ ഗൗതമിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള നോട്ടവും ചിരിയും . അവന്റെ കണ്ണിൽ കഴിഞ്ഞ രാത്രി അവൾ കണ്ട പ്രണയവും ശിവാനിയോട് പറഞ്ഞു .

“എടി മണ്ടി നിനക്കു ഇനിയും മനസിലായില്ലേ അങ്ങേർക്കും നിന്നോട് നിന്നെ നിനക്കു അങ്ങേരോട് ഉള്ളത് പോലെ മുടിഞ്ഞ പ്രേമം ആണ് .രണ്ടും അത് തുറന്നു പറയാതെ ഇങ്ങനെ നടന്നോ ” ശിവാനി തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു .

പ്രിയ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു .

“ആയിരിക്കും അല്ലേ . എന്നെ നോക്കുമ്പോൾ എല്ലാം ആ കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് ഒരു സ്പാർക് . ഞങ്ങൾ ഇങ്ങനെ ആ മോളെ .. വാക്കുകൾക്ക് അതീതമായി ഞങ്ങളുടെ പ്രണയം കണ്ണിൽ തെളിയും . ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഇനിയും തുറന്നു പറയാൻ ആയില്ലേ നിനക്കൊക്കെ ഭ്രാന്താ .. പോയി പറയെടി ” ശിവാനി പറഞ്ഞു .

“ആ പറയണം .. എന്റെ കണ്ണ് മുന്നിൽ തന്നെ ഇല്ലേ ഒരു നല്ല സാഹചര്യം ഒത്തു വരട്ടെ പറയാം ..പറയാതെ അറിയുന്നതാണ് പ്രണയം ..” പ്രിയ പറഞ്ഞു .

” നീ സസ്പെൻസ് ഇട്ടു കളിക്കാതെ ഒന്ന് പറയുന്നുണ്ടോ . ഇല്ലേൽ ഞാൻ പോയി പറയും ഗൗതം ചേട്ടനോട് ” ശിവാനി അക്ഷമയായി പറഞ്ഞു .

“എന്ത് ” പ്രിയ ചോദിച്ചു .

“നിനക്കു അങ്ങേരോട് മുടിഞ്ഞ പ്രേമം ആണെന്ന് ” ശിവാനി പറഞ്ഞു .

“എന്നാൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാവും ” പ്രിയ കൈ ചുരുട്ടി കൊണ്ട് പറഞ്ഞു .

“അത് വേണ്ട .. എന്റെ മഹിയേട്ടന് പിന്നെ ആരാ ഉണ്ടാവാ .. നീ തന്നെ പറഞ്ഞോ ” ശിവാനി പത്തി താഴ്ത്തി കൊണ്ട് പറഞ്ഞു .

ആ ആഴ്ച്ച മുഴുവൻ ഗൗതം കോളേജിൽ പ്രൊജക്റ്റ് വർക്കിന്റെ തിരക്കിൽ ആയതിനാൽ കോളേജിൽ വന്നാൽ പോലും പ്രിയക്ക് ഗൗതമിനെ കാണാൻ കഴിയാറില്ല . കോളേജ് കഴിഞ്ഞു അച്ഛന്റെ കൂടെ ഓഫീസിൽ കാര്യങ്ങൾ എല്ലാം നോക്കിയാണ് ഗൗതം വീട്ടിലേക്ക് വരാറ് . അത് കൊണ്ട് തന്നെ രണ്ടും പേർക്കും തമ്മിൽ കാണാൻ സമയം കിട്ടാറില്ല . കാണുമ്പോഴൊക്കെ രണ്ടുപേരുടെയും കണ്ണുകൾ എന്തൊക്കെയോ പറയാതെ പറഞ്ഞു കൊണ്ടിരുന്നു .

ഞായറാഴ്ച്ച ദിവസം അവരെല്ലാവരുംബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങുമ്പോൾ ആണ് പുറത്തു കാളിങ് ബെൽ അടിച്ചത് . പ്രിയ വേഗം പോയി വാതിൽ തുറന്നു .

“ഹായ് പ്രിയ .. കുറെ ആയി അല്ലേ കണ്ടിട്ട് ” അഭി വേഗം പ്രിയയുടെ അടുത്തേക്ക് വന്നു സംസാരിച്ചു .

“ഹായ് അഭിയേട്ട .. ഹായ് ആദി ” പ്രിയ അവരെ നോക്കി പറഞ്ഞു .

“അമ്മേ അച്ഛാ .. ഇതാണ് പ്രിയ ” അഭി ആവേശത്തോടെ അവന്റെ അച്ഛനെയും അമ്മയെയും നോക്കി പറഞ്ഞു .

“ആന്റി ,അങ്കിൾ എല്ലാവരും കയറി വരൂ . അവരൊക്കെ ഡിനൈനിങ് ഹാളിൽ ഉണ്ട് ” പ്രിയ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .

ഇത് നമ്മുടെ അഭിഷേകും ആദിത്യനും അവരുടെ അച്ഛൻ ശേഖരനും അമ്മ രേവതിയും ആണ് .

അപ്പോഴേക്കും കൃഷ്ണൻ അങ്ങോട്ട് വന്നിരുന്നു . കൃഷ്ണൻ അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി . രേവതി പോയി സാവിത്രിയോട് സുഖവിവരങ്ങൾ അന്വേഷിച്ചു . അഭി ആണെങ്കിൽ പ്രിയയോട് ഓരോന്ന് സംസാരിച്ചു കൊണ്ടേ ഇരിക്കുകയാണ് . ഗൗതമിനു അത് ഒട്ടും പിടിച്ചില്ല . അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു കിച്ചുവിന് ചിരി വരുന്നുണ്ടായിരുന്നു .ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നത് കൊണ്ട് അവർക്ക് കോഫി മാത്രം മതിയെന്ന് പറഞ്ഞു .

“പ്രിയ മോളുടെ കുക്കിംഗ് ആണ് രേവതി ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ല ” സാവിത്രി പറഞ്ഞു .

“ഇപ്പോൾ കഴിച്ചു ഇറങ്ങിയതേ ഉള്ളു സാവിത്രി . ഉച്ചക്ക് കഴിക്കാലോ ” രേവതി പറഞ്ഞു .

“പ്രിയ കുക്ക് ചെയ്തതാണോ എന്നാൽ ഞാൻ കഴിക്കാം ” അഭി അതും പറഞ്ഞു ഇരുന്നു .

ഗൗതം അഭിയെ അരച്ച് കലക്കി കുടിക്കാൻ പാകത്തിന് ദേഷ്യത്തിൽ ഇരിക്കുകയാണ് .

പ്രിയയാണ് സാവിത്രിക്ക് ഭക്ഷണം വാരി കൊടുത്തത് . രേവതി അതൊക്കെ ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു .

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു എല്ലാവരും ലിവിങ് റൂമിലേക്ക് ഇരുന്നു . ആദിയും കിച്ചുവും സിറ്റ് ഔട്ടിൽ ഇരിക്കുകയായിരുന്നു .

പ്രിയ സാവിത്രിയുടെ കൂടെ നിൽക്കുന്നത് കൊണ്ട് അഭി അവിടെ തന്നെ പൂച്ച മത്തി തല കണ്ടത് പോലെ പ്രിയയെ നോക്കി നിന്നു . അവന്റെ ആ നോട്ടം കണ്ടത് കൊണ്ട് തന്നെ ഗൗതമിനും അവിടെ നിന്ന് പോകാൻ മനസ് വന്നില്ല .

രേവതിക്ക് പ്രിയയെ ഒത്തിരി ഇഷ്ട്ടപെട്ടു അടുത്തിരുത്തി ഒരുപാട് സംസാരിക്കുന്നുണ്ട് . ഇടക്കിടക്ക് അവര് അഭിയെ നോക്കി ചിരിക്കുന്നും ഉണ്ട് അതൊക്കെ കണ്ടപ്പോൾ ഗൗതമിന്റെ മനസ്സിൽ ഒരു ടെൻഷൻ കയറി .

അപ്പോഴാണ് പുറത്തൊരു കാറിന്റെ ശബ്ദം കേട്ടത് . ആരാണെന്നു നോക്കാൻ കൃഷ്ണൻ പുറത്തേക്ക് പോയി . ദേവു മോളെ എന്നുള്ള കൃഷ്ണന്റെ വിളി കേട്ടാണ് പ്രിയ അങ്ങോട്ട് ചെന്നത് കൂടെ ഗൗതവും അഭിയും .

പുറത്തു നിൽക്കുന്നവരെ കണ്ടു പ്രിയ സന്തോഷത്തോടെ അങ്ങോട്ട് ഓടി ചെന്നു .

ദുബൈയിൽ ഉള്ള പ്രിയയുടെ ഫാമിലി ഫ്രണ്ട്‌സ്. ദേവരാജൻ അങ്കിളും ഭാര്യ ഹിമ ആന്റിയും മകൻ രുദ്രദേവുമായിരുന്നു വന്നത് . പ്രിയയുടെ രുദ്രേട്ടൻ .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15

പ്രിയനുരാഗം – ഭാഗം 16

പ്രിയനുരാഗം – ഭാഗം 17

പ്രിയനുരാഗം – ഭാഗം 18

പ്രിയനുരാഗം – ഭാഗം 19

പ്രിയനുരാഗം – ഭാഗം 20

പ്രിയനുരാഗം – ഭാഗം 21