Sunday, December 22, 2024
Novel

പ്രിയനുരാഗം – ഭാഗം 21

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


പ്രിയയെ അകത്തേക്ക് വലിച്ചതിനോടൊപ്പം തന്നെ ഡോർ അടഞ്ഞു താഴ് വീണിരുന്നു .

“കൈ വിടെടോ ” ഒച്ച വെച്ചുകൊണ്ട് പ്രിയ നോക്കിയപ്പോൾ ഗൗതം അതാ ചിരിച്ചോണ്ട് അവളെ നോക്കി നിൽക്കുന്നു .

“ശൂ … മിണ്ടല്ലേ പെണ്ണെ ” അവൻ അവളെ ഒന്ന് കൂടെ അടുത്തേക്ക് അടുപ്പിച്ചു അവളുടെ ചുണ്ടിന്മേൽ വിരൽ വെച്ച് കൊണ്ട് പറഞ്ഞു .
പ്രിയ കണ്ണും തള്ളി അവനെ നോക്കുന്നുണ്ട് . ഗൗതം ആണെങ്കിൽ നല്ല അസ്സലായി ചിരിച്ചോണ്ട് നിൽക്കുന്നുണ്ട് . അവന്റെ ഒരു കൈ അവളുടെ വലത്തേ കൈ തണ്ടയിലും മറ്റേത് ചുണ്ടിലും ആയിരുന്നു പ്രിയ കണ്ണുകൊണ്ട് അവനോട് കൈ എടുക്കാൻ പറഞ്ഞു .

“കിടന്ന് ഒച്ച വെക്കരുത് . ആരേലും കേട്ടോണ്ട് വന്നാൽ ഞാൻ നിന്നെ വല്ലതും ചെയ്തെന്നു വിചാരിക്കും ” ഒരു കള്ള ചിരിയോടെ അതും പറഞ്ഞു ഗൗതം കൈ എടുത്തു .

“എന്തിനാടോ എന്നെ പിടിച്ചു വലിച്ചത് ” പ്രിയ ദേഷ്യത്തോടെ കുറച്ചു ശബ്ദത്തോടെ ആണ് ചോദിച്ചത് .

“എടി പതുകെ പറ ഞാൻ നിന്റെ അടുത്തു തന്നെ ഇല്ലേ . വേണമെങ്കിൽ കുറച്ചൂടെ അടുത്തേക്ക് നിലക്ക് . “അതും പറഞ്ഞു ഗൗതം അവളെ അടുത്തേക്ക് വലിച്ചതും പ്രിയ അവന്റെ നെഞ്ചിൽ വന്നു തട്ടി നിന്നു . പ്രിയ ഒന്ന് ഞെട്ടി . ഗൗതമിന്റെ ചുണ്ടിൽ ഒരു കള്ള ചിരി തത്തി കളിച്ചു . പ്രിയയുടെ ചുണ്ടുകളിൽ നാണത്താൽ തീർത്തൊരു പുഞ്ചിരി വിരിഞ്ഞെങ്കിലും അവൾ അത് മറച്ചു പിടിച്ചു ഗൗരവത്തോടെ അവന്റെ നെഞ്ചിൽ നിന്നും മാറി അവനെ നോക്കി .

“സോറി ” ആ കള്ള ചിരി മായാതെ ആയിരുന്നു അവൻ അത് പറഞ്ഞത് .

“താൻ എന്താടോ ഈ കാണിക്കുന്നത് ” ഇത്തവണ പ്രിയ കുറച്ചു പതിഞ്ഞ സ്വരത്തിൽ ആണ് പറഞ്ഞത് .

“കാണിക്കാൻ പോവുന്നതല്ലേ ഉള്ളു ” ഗൗതം പതിഞ്ഞ സ്വരത്തിൽ അവൾ കേൾക്കാതെ ഒരു ചിരിയോടെ പറഞ്ഞു .

“ങേ ..എന്താ ” പ്രിയ കുറച്ചു ശബ്ദത്തിൽ ചോദിച്ചു .

“കിടന്നു അലറാതെ പെണ്ണെ. ഞാൻ നിന്നോട് സംസാരിക്കാൻ വന്നതാ . നേരെ വന്നു വിളിച്ചപ്പോൾ നിനക്കു വല്യ ജാഡ . അതിന്റെ കൂടെ അവളുടെ ഒരു താങ്ക്സ് .അതാ ഞാൻ ഇങ്ങനെ ഒരു മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു വിളിപ്പിച്ചത് ” ഗൗതം കള്ള ചിരിയോടെ പറഞ്ഞു .

“എനിക്ക് ജാഡ ഒന്നും അല്ല . എന്നെ തല്ലിയിട്ടല്ലേ .” പ്രിയ ചെറിയകുട്ടിയുടെ പരിഭവത്തോടെ പറഞ്ഞു .

“വെറുതെ അല്ലല്ലോ . അവള് വിളിച്ചപ്പോഴേക്കും കൂടെ പോയിട്ടല്ലേ ഈ പ്രശ്നത്തിൽ പോയി ചാടിയത് . ഞാൻ വന്നില്ലായിരുന്നെങ്കിലോ . ആ ദേഷ്യത്തിൽ തല്ലി പോയതാ . സോറി ” ഗൗതം പറഞ്ഞു . പ്രിയ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു .

“ഇപ്പഴും ദേഷ്യം ആണോ . നീ നല്ല ബോൾഡ് ആണെന്നാ ഞാൻ വിചാരിച്ചേ . ഇതൊക്കെ വല്യ പ്രശനമാക്കും എന്ന് വിചാരിച്ചില്ല .

അതാണ് പ്രശ്നമെങ്കിൽ എന്നെ വേണമെങ്കിൽ തിരിച്ചു തല്ലിക്കോ . ഇപ്പോൾ ആണെങ്കിൽ ആരും കാണില്ല .” ഗൗതം ചിരിയോടെ പറഞ്ഞു .

അത് കേട്ടതും പ്രിയ ചിരിച്ചുകൊണ്ട് അവനെ നോക്കി .

“എന്നെ തല്ലിക്കോളാൻ പറഞ്ഞപ്പോ ഇത്ര സന്തോഷമോ ! നീ ശെരിക്കും തല്ലുവോ ?!” ഗൗതം ഒരു പുരികം പൊക്കി ചിരിയോടെ ചോദിച്ചു .

“ഞാൻ ചുമ്മാ ഒന്ന് ജാഡ ഇട്ടതാ . എനിക്ക് അറിയാം . ഞാൻ ബോൾഡ് ഒക്കെ ആണ് . ഇയാളെ തിരിച്ചു തല്ലൊന്നും വേണ്ട ” പ്രിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഓ വല്യ ബോൾഡ്നെസ്സ് ഉള്ള ആള് .. ഈ പിണക്കവും നേരത്തെ വീർപ്പിച്ചു വെച്ച മുഖവും കണ്ടാൽ കുഞ്ഞു പിള്ളേർ മാറി നിൽക്കും ” ഗൗതം അവളെ കളിയാക്കി കൊണ്ട് പറഞ്ഞു .

‘ഈ പൊട്ടന്റെ മുന്നിൽ മാത്രാ ഇങ്ങനെ കുഞ്ഞു കളിക്കുന്നെന്നു ഈ പൊട്ടനു മാത്രം എന്താ മനസിലാവാത്തെ . ‘ പ്രിയ മനസ്സിൽ പറഞ്ഞു .

“നീ എന്താ ഒന്നും മിണ്ടാതെ ” ഗൗതം അവളുടെ ചിന്തിച്ചുള്ള നിൽപ്പ് കണ്ടു ചോദിച്ചു .

“താൻ ഒന്ന് പോടോ .. ഞാൻ മുഖം വീർപ്പിച്ചിട്ടൊന്നും ഇല്ല . എനിക്ക് അവളെ ..ജെനിയെ ഒന്ന് കാണണം .” പ്രിയ ഗൗരവത്തോടെ പറഞ്ഞു .

“അത് ഇനി വേണോ ? അവള് ഇന്ന് കോഴ്സ് ഡിസ്കണ്ടിന്യു ചെയിതു ” ഗൗതം പറഞ്ഞു .

“അതെപ്പോൾ ?കോളേജിൽ അറിഞ്ഞോ . ?” പ്രിയ ആശ്ചര്യത്തോടെ ചോദിച്ചു .

“ഇല്ല . അവളുടെ വീട്ടിൽ അറിഞ്ഞു .അവളുടെ പേരെന്റ്സ് അവളേ സിംഗപ്പൂർ പറഞ്ഞു വിടാൻ പോവാണ് . ഇനി തിരിച്ചു വരില്ല ” ഗൗതം പറഞ്ഞു .

“അമ്മ പറഞ്ഞു ഗൗതം വീട്ടിൽ പോയി പറഞ്ഞുന്നു . ബട്ട് അമ്മ എന്നോട് ഡീറ്റൈൽ ആയി ഒന്നും പറഞ്ഞില്ല . എന്താ നടന്നത് ” പ്രിയ ചോദിച്ചു .

“അവിടെ പോയി നടന്ന കാര്യം പറഞ്ഞു . ആദ്യം അവള് സമ്മതിച്ചു തന്നില്ല പിന്നെ അവള് തന്നെ അതൊക്കെ സമ്മതിച്ചു തന്നു . അവൾടെ പേരെന്റ്സ് ഒരു പാവം പിടിച്ചവർ ആണ് .

കേസ് ഒന്നും ആകരുത് എന്ന് പറഞ്ഞു കെഞ്ചി . അവൾ ഇനി നമ്മുടെ കൺമുന്നിൽ വരില്ല എന്ന് ഉറപ്പ് തന്നു . ഇന്നാണ് അവൾ കോളേജിൽ വന്നത് .

ഡിസ്‌കണ്ടിന്യു ചെയിതു പോയി . ഞാൻ കണ്ടിരുന്നു . നിന്നോട് സോറി പറയാൻ പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത് . ഇനിയും അവള് ഇതേ സ്വഭാവം കൊണ്ട് വന്നാൽ വിവരം അറിയിക്കും ഞാൻ ” ഗൗതം പറഞ്ഞു .

“എനിക്കൊന്നു പൊട്ടിക്കണം എന്നുണ്ടായിരുന്നു .ഇതിനു മാത്രം എന്നോട് ദേഷ്യം തോന്നാൻ ഞാൻ എന്ത് ചെയ്തിട്ടാണ് ..” പ്രിയ പറഞ്ഞു .

“അതിന്റെ കാരണം ഒക്കെ ഞാൻ പറഞ്ഞു തരാം ബട്ട് ഇപ്പോഴല്ല . പിന്നെ അവൾക്കിട്ട് ഒന്ന് കൊടുക്കുന്നതിനേക്കാൾ വലുതാണ് ഇപ്പോൾ അവൾക്ക് ഉണ്ടായ നഷ്ട്ടം .

അവളുടെ പപ്പയും മമ്മയും അവള് കാരണം എത്രത്തോളും നാണം കെട്ടു എന്നവൾക്ക് ഇപ്പോൾ നല്ല ബോധ്യം വന്നിട്ടുണ്ട് . മാത്രവുമല്ല അവളുടെ പപ്പയെയും മമ്മയെയും വിട്ടു നിൽക്കേണ്ട അവസ്ഥ വരുത്തി വെച്ചതിൽ ഇപ്പോൾ അവൾക്ക് നല്ല കുറ്റബോധം ഉണ്ട് ” ഗൗതം പറഞ്ഞു .

“ആ അതും ശെരിയാണ് . അതിന്റെ കാരണം പറ . അതെന്താ പറഞ്ഞാൽ ” പ്രിയ ചോദിച്ചു . .

“അത് പറയാലോ … ടൈം ഉണ്ടല്ലോ .” ഗൗതം ഒരു കള്ള ചിരിയോടെ പറഞ്ഞു .

” പറയെടോ ” പ്രിയ രണ്ടു കൈയും കെട്ടി നിന്ന് ഗൗതമിനെ നോക്കി .

“അത് ഇപ്പോൾ അല്ല .. അത് അവിടെ നിൽക്കട്ടെ … നീ എന്റെ ഫ്രണ്ട്സിനെ ഒക്കെ ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കലോ .. എന്നെ മാത്രം എടോ , പോടോ , ഗൗതം എന്ന് മാത്രം . എനിക്കും അവരുടെ പ്രായം ആണ് .” ചെറിയ അസൂയ നിറഞ്ഞ മുഖത്തോടു കൂടെ ആണ് ഗൗതം അത് പറഞ്ഞത് .

“അത് … അത് .. പിന്നെ ..എന്തോ അങ്ങനെ വിളിച്ചു ശീലിച്ചു പോയി …” പ്രിയ തപ്പി തപ്പി പറഞ്ഞു .

‘ഈ പൊട്ടന് ഞാൻ ചേട്ടാ എന്ന് വിളിച്ചു പെങ്ങളായി തോന്നേണ്ട എന്ന് കരുതിയിട്ടാണെന്നു ഞാൻ എങ്ങനെ പറയും എന്റെ ഈശ്വര ‘ പ്രിയ മനസ്സിൽ പറഞ്ഞു .

“ശീലം മാറ്റൂലാ എന്നുണ്ടോ .. ?” ഗൗതം ചോദിച്ചു .

“ഈ ഗൗതം ചേട്ടാന്നൊക്കെ വിളിക്കാൻ വല്യ ബുദ്ധിമുട്ടാണ് .” പ്രിയ ഒഴിഞ്ഞു മാറാനായി പറഞ്ഞു .

“എനിക്ക് വേറെ പേരും ഉണ്ടല്ലോ ” ഗൗതം പറഞ്ഞു .

“അതൊക്കെ നമുക്ക് പിന്നെ ശെരിയാക്കാം. ഇപ്പോൾ എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ അത് പറ .” പ്രിയ പറഞ്ഞു .

“നീ ട്രിപ്പ് ഒന്നും പോവാറില്ലേ ഇപ്പോൾ ?” ഗൗതം ചോദിച്ചു .

“ഇതാണോ പറയാൻ ഉള്ളത് . ” പ്രിയ നിരാശയോടെ ചോദിച്ചു .

“നീ പറ ” ഗൗതം പറഞ്ഞു .

“ഇവിടെ വന്നത് മുതൽ പോകാൻ പറ്റാറില്ല . ബാംഗ്ലൂർ ആയിരുന്നപ്പോൾ ഒട്ടുമിക്ക വീക്കെൻഡ്‌സിലും പോകുമായിരുന്നു .” പ്രിയ പറഞ്ഞു .

“മറ്റന്നാൾ ..സാറ്റർഡേ ഞാൻ ഗോപാലസ്വാമി ഹിൽസ് പോവുന്നുണ്ട് . നീ വരുന്നോ ? ” ഗൗതം ചോദിച്ചു .

“സീരിയസ് ആയിട്ട് പറഞ്ഞതാണോ ” പ്രിയ ആശ്ചര്യത്തോടെ ചോദിച്ചു .

“അതെ ” ഗൗതം ചിരിച്ചു .

“പക്ഷേ കിച്ചു പറഞ്ഞത് ഗൗതമിനു സോളോ ട്രിപ്പ് ആണ് ഇഷ്ട്ടം എന്നാണല്ലോ ” പ്രിയ ആശ്ചര്യം മറച്ചു വെക്കാതെ ചോദിച്ചു .

“അത് … ആ ആയിരുന്നു .. ഇപ്പോൾ … എന്തോ നിന്നോട് ചോദിക്കാൻ തോന്നി . നീ വരുന്നുണ്ടോ അത് പറ .” ഗൗതം ചിരിയോടെ ചോദിച്ചു .

“എപ്പോ വന്നെന്നു ചോദിച്ചാൽ മതി . ” പ്രിയ ചിരിയോടെ പറഞ്ഞു .

“നീ ഇത് ആരോടും പറയണ്ട . വീട്ടിലും പറയണ്ട . അടുത്ത ആഴ്ച്ച ചിലപ്പോൾ എന്റെ ഇന്റേൺഷിപ് ജോയിനിംഗ് ഡേറ്റ് വരും . പൂനെയിൽ ആണ് . അത് കൊണ്ട് ട്രിപ്പ് ഇപ്പോൾ പോവുന്ന കാര്യം പറഞ്ഞാൽ സമ്മതിക്കില്ല .

രാവിലെ നേരത്തെ പോയാൽ രാത്രി ആകുമ്പോഴേക്കും എത്താം . നീ വേറെ എന്തെങ്കിലും പറഞ്ഞാൽ മതി .” നിറഞ്ഞ പുഞ്ചിരിയോടെ ആണ് ഗൗതം പറഞ്ഞത് .

“ഡൺ ” പ്രിയ ഹൈഫൈവ് അടിച്ചു .

“കിച്ചുനെ കൂടെ കൂട്ടാം ” പ്രിയ ചോദിച്ചു .

‘ഈ മണ്ണുണ്ണിക്ക് ഇനിയും മനസിലായില്ലേ . എന്റെ മനസ്സിൽ എന്താന്ന് . വിളഞ്ഞ വിത്താണ് ചിലപ്പോ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാണിക്കും .

പ്രൊപോസൽ നല്ല അമ്ബ്യൻസിൽ ആയിക്കോട്ടേന്നു വെച്ച് ഓരോന്ന് പ്ലാൻ ചെയ്ത് വരുമ്പോ കുരുപ്പ് ചോദിക്കുന്നത് കേട്ടില്ലേ . കിച്ചുനെ എന്തിനാ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വായിപ്പിക്കാനോ .’ ഗൗതം മനസ്സിൽ പറഞ്ഞു .

“എന്താ ഗൗതം ഒന്നും പറയാത്തെ ” പ്രിയ ഗൗതം ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് ചോദിച്ചു .

“നിനക്കു എന്താ എന്റെ കൂടെ തനിച്ചു വരാൻ പേടി ആണോ . ഞാൻ നിന്നെ പിടിച്ചു തിന്നൊന്നും ഇല്ല .” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു .

“അയ്യടാ ഞാൻ വരും എനിക്ക് ഇയാളെ പേടിയൊന്നും ഇല്ല്യ .“ പ്രിയ പറഞ്ഞു .

“അതെന്താടി നിനക്കു എന്നെ പേടി ഇല്ലാത്തത് ” ഗൗതം മീശ പിരിച്ചുകൊണ്ട് ചോദിച്ചു .

“പേടിക്കാൻ പറ്റിയ ഒരാള് . മീശ പിരിച്ചു കാണിച്ചാൽ ഒന്നും പ്രിയ പേടിക്കില്ല .” പ്രിയ അവനെ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

“വേറെ എന്ത് ചെയ്താൽ നിന്നെ പേടിപ്പിക്കാൻ പറ്റുമെന്ന് ഞാൻ നോക്കട്ടെ ” ഗൗതം പ്രിയയുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു .

ഗൗതം മുന്നോട്ടു നടക്കുന്നു . അത് കണ്ട് അവന്റെ കണ്ണിലേക്ക് നോക്കി പ്രിയ പിന്നോട്ടു നടക്കുന്നു . ഇതൊക്കെ പ്രതീക്ഷിച്ച ഗൗതം പ്രിയയുടെ ഒരു കുലുക്കവും ഇല്ലാത്ത നിൽപ്പ് കണ്ട് ഒന്ന് ഞെട്ടി . ഗൗതം അടുത്തു എത്തിയതും പ്രിയ അവന്റെ വയറ്റിനിട്ടു ഒരു കുത്തും കൊടുത്തു വാതിലിന്റെ അടുത്തേക്ക് ഒറ്റ ഓട്ടം .

എന്നിട്ട് ഗൗതമിനെ തിരിഞ്ഞു നോക്കി .ഗൗതമിനു പ്രതീക്ഷിക്കാതെ കിട്ടിയ കുത്ത് ആയത് കൊണ്ട് ഗൗതം ആ ഒരു ഷോക്കിൽ വയറ്റിൽ കയ്യും വെച്ച് നിൽക്കുവായിരുന്നു .

“ഇപ്പോൾ ആരാടോ പേടിച്ചത് ” അവൾ ചിരിച്ചുകൊണ്ട് തിരിഞ്ഞു വാതിലിന്റെ ലോക്ക് തുറക്കാൻ തുടങ്ങിയതും ഗൗതം അവളെ പിന്നിലൂടെ വന്നു അവന്റെ വലത്തെ കൈ അവളുടെ വയറിലൂടെ ചുറ്റി മേലേക്ക് അടുപ്പിച്ചു തിരിഞ്ഞു നിന്ന് ലോക്ക് ഇട്ടു ,. പ്രിയ പെട്ടന്ന് ഷോക്ക് അടിച്ച പോലെ നിന്നു . അവളൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല .

” ഇപ്പോൾ എന്താ ഉണ്ണിയാർച്ചക്ക് ഒന്നും പറയാനില്ലേ . ആരാ ഇപ്പോൾ പേടിച്ചു നിൽക്കുന്നത് ” അവൻ ആ പിടി വിടാതെ അവളുടെ കാതോരം വന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു . ഗൗതമിന്റെ മീശ ചെവിയിൽ തട്ടിയതും പ്രിയ ഒന്ന് പുളഞ്ഞു .

ഗൗതം കള്ള ചിരിയോടെ പിടിവിട്ടു അവളെ അവനു അഭിമുഖമായി തിരിച്ചു നിർത്തി . പ്രിയക്ക് ഗൗതമിന്റെ മുഖത്തു നോക്കാൻ വല്ലാത്ത ചമ്മൽ തോന്നി . അവൾ അവനെ നോക്കാതെ തിരിഞ്ഞു നിന്ന് അവനിൽ നിന്നും കുറച്ചു നീങ്ങി നിന്നു .

‘ഛേ .. അവൾക്ക് ദേഷ്യം വന്നോ . ഇഷ്ടപ്പെട്ടില്ല തോന്നുന്നു . ‘ ഗൗതം മനസ്സിൽ ചിന്തിച്ചു .
പക്ഷെ തന്റെ നാണം കലർന്ന മുഖം ഗൗതമിൽ നിന്ന് ഒളിപ്പിയ്ക്കാൻ ആണ് പ്രിയ തിരിഞ്ഞു നിന്നത് എന്നവന് മനസിലായില്ല .

“പ്രിയ സോറി … ഞാൻ പെട്ടന്ന് നീ എന്നെ കുത്തി ഓടിയപ്പോൾ അതിനു പകരം ചെയ്തതാണ് . റിയലി സോറി ” ഗൗതം പറഞ്ഞു .

പ്രിയ ഒന്നും മിണ്ടിയില്ല . ഗൗതം പ്രിയയുടെ മുന്നിലേക്ക് ചെന്നു അവളോട് സംസാരിക്കാൻ തുടങ്ങിയതും ഗൗതമിന്റെ ഫോൺ വൈബ്രേറ്റ് ചെയിതു .

അപ്പുറത്തു നിന്ന് കേൾക്കുന്ന സംസാരത്തിൽ നിന്നും ഗൗതമിന്റെ മുഖം വിവർണമാകുന്നത് പ്രിയ ശ്രദ്ധിച്ചു . അത് കണ്ട് പ്രിയയുടെ മുഖവും മാറി .

“എന്ത് പറ്റി ഗൗതം എന്താ ഒരു ടെൻഷൻ ” ഗൗതം ഫോൺ കട്ട് ആക്കിയതും പ്രിയ ചോദിച്ചു .

“ഹോസ്പിറ്റലിൽ ….നിന്നാണ് …. അച്ഛനും അമ്മയ്ക്കും …എന്തോ …ആക്സിഡന്റ് പറ്റി …” ഗൗതം വിറച്ചുകൊണ്ട് പറഞ്ഞു .

പ്രിയ ഒന്നും മിണ്ടാതെ ശില കണക്കെ നിന്നു .

“പ്രിയ ടെൻസ്ഡ് ആവണ്ട കൊഴപ്പോന്നും ഇല്ലാന്നാ പറഞ്ഞത് . താൻ വാ നമുക്ക് വേഗം ഹോസ്പിറ്റലിൽ പോകാം ” ഗൗതം അവളെ നോക്കി പറഞ്ഞെങ്കിലും പ്രിയ ഒന്നും മിണ്ടിയില്ല . ഗൗതം വേഗം പോയി വാതിൽ തുറന്നു പ്രിയ ഒന്നും മിണ്ടാതെ അവന്റെ പിന്നാലെ നടന്നു .

അവർ പോകുന്ന വഴിക്ക് പ്രിയയെ കാണാതെ അന്വേഷിച്ചു വന്ന ശിവാനിയെ കണ്ടു പ്രിയ പക്ഷെ അവളെ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല .

ഗൗതം ആണ് അവളോട് കാര്യങ്ങൾ പറഞ്ഞതും പ്രിയയുടെ ബാഗ് അവളോട് ഹോസ്റ്റലിൽ കൊണ്ട് പൊക്കോളാൻ പറഞ്ഞതും . പ്രിയയുടെ ആ പെരുമാറ്റം കണ്ടു ഗൗതമിനും ശിവാനിക്കും കൂടുതൽ ടെൻഷൻ ആയി .

ശിവാനി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളിൽ നിന്ന് ഒരു മറുപടിയും വന്നില്ല .

” വേഗം പോകാം ഗൗതം “എന്നും പറഞ്ഞു പ്രിയ അവളുടെ കാറിനടുത്തേക്ക് ഓടി . ഗൗതം അവൾക്കു പിന്നാലെയും .

“ഞാൻ ഡ്രൈവ് ചെയ്‌യാം . ” ഗൗതം പ്രിയയുടെ കയ്യിൽ നിന്നും കീ വാങ്ങി . പ്രിയ ഗൗതമിനെ നോക്കുക പോലും ചെയ്തിരുന്നില്ല . ഗൗതം കിച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞു .
അച്ഛനും അമ്മയ്ക്കും കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞെങ്കിലും ഗൗതമും ടെൻഷനിൽ ആയിരുന്നു . അത്കൊണ്ട് ഗൗതവും ഒന്നും സംസാരിച്ചില്ല .

ഹോസ്പിറ്റലിൽ എത്തി ഗൗതം പുറത്തു ഇറങ്ങി കൂടെ പ്രിയയും . ഗൗതം ഓടിച്ചെന്നു എൻക്വയറി സെക്ഷനിൽ അച്ഛനെയും അമ്മയെയും കുറിച്ച് അന്വേഷിച്ചു പ്രിയയെ നോക്കി തിരിഞ്ഞതും പ്രിയക്ക് നടക്കാൻ എന്തൊക്കെയോ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി .അവൾ ഹോസ്പിറ്റൽ എൻട്രൻസിൽ എത്തിയിട്ടേ ഉള്ളു . അവൻ അവളുടെ അടുത്തേക്ക് ചെന്നു .

“പ്രിയ ആർ യൂ ഓക്കേ ” ഗൗതം ചോദിച്ചു .

“അച്ഛനും ….അമ്മയും …. എനിക്ക് …” അതും പറഞ്ഞു പ്രിയ ഗൗതമിന്റെ മേലേക്ക് ബോധംകെട്ടു വീണു .

“പ്രിയ .. പ്രിയ … ” ഗൗതം അവളെ എത്ര വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല . ഗൗതം ആകെ പേടിച്ചു. അപ്പോഴേക്കും ഹോസ്പിറ്റൽ സ്റ്റാഫ്‌സ് എല്ലാവരും അങ്ങോട്ട് വന്നു . ഗൗതം പ്രിയയെ കോരിയെടുത്തു ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി .കൃഷ്ണന്റെ ഒരു ഫ്രണ്ടിന്റെ വൈഫ് ആയിരുന്നു ഡോക്ടർ ദേവിക .

“ഗൗതം .. ആരാ ഇത് ..എന്ത് പറ്റിയതാ ” ഡോക്ടർ ദേവിക പ്രിയയെ നോക്കുന്നതിനു ഇടയ്ക്കു ചോദിച്ചു .

“ആന്റി .. പ്രിയ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് .എന്റെ അച്ഛനും അമ്മയ്ക്കും ഒരു ആക്സിഡന്റ് പറ്റി ഇവിടെ ഉണ്ടെന്നു അറിഞ്ഞു വന്നതാണ് . അത് അറിഞ്ഞത് മുതൽ പ്രിയ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല . ഇവിടെ വന്നപ്പോൾ അൺകോൺഷ്യസ് ആയി .” ഗൗതം കിതപ്പോടെ ആണ് പറഞ്ഞത് .

“ഇവിടെയോ . ഞാൻ അറിഞ്ഞില്ലല്ലോ .” ഡോക്ടർ ദേവിക പറഞ്ഞു . .

“എനിക്ക് ഇവിടന്ന് ഫോൺ കോൾ വന്നതാണ് . കുഴപ്പമൊന്നും ഇല്ലെന്ന പറഞ്ഞത് . ഒബ്സർവേഷൻ റൂമിൽ ഉണ്ടെന്നു പറഞ്ഞു ” ഗൗതം പറഞ്ഞു .

“എന്നാൽ നീ അങ്ങോട്ട് പൊക്കൊളു .. ഇവിടെ ഈ കുട്ടിയെ നോക്കാൻ സ്റ്റാഫ്‌സ് ഉണ്ട് .” ദേവിക പറഞ്ഞു .

ഗൗതം പ്രിയയെ ഒന്ന് നോക്കിയതിനു ശേഷം കൃഷ്ണന്റെയും സാവിത്രിയുടെയും അടുത്തേക്ക് പോയി . അപ്പോഴേക്കും കിച്ചു അവിടെ എത്തിയിരുന്നു .
ചെറിയ ഒരു ആക്സിഡന്റ് ആയിരുന്നു .

രണ്ടുപേർക്കും സാരമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല . സാവിത്രിയുടെ വലത്തേ കൈയുടെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ടായിരുന്നതിനാൽ പ്ലാസ്റ്റർ ഇട്ടിരുന്നു . കൃഷ്ണനു നെറ്റി ഇടിച്ചു മുറിഞ്ഞു സ്റ്റിച്ച് ഇട്ടിരുന്നു . വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .

വേദന ഉണ്ടായിരുന്നതിനാൽ മയക്കി കിടത്തിയിരിക്കുകയാണ് രണ്ടു പേരെയും മയക്കം തെളിഞ്ഞാൽ റൂമിലേക്ക് മാറ്റം എന്ന് പറഞ്ഞു . ഗൗതവും കിച്ചുവും ഡോക്ടറേ കണ്ടു കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു .

ഇന്നൊരു ദിവസം ഒബ്സെർവഷനിൽ കിടന്നിട്ട് നാളെ ഡിസ്ചാർജ് ചെയ്‌യാം എന്ന് ഡോക്ടർ പറഞ്ഞു .
കിച്ചുവിനോട് ഗൗതം പ്രിയക്ക് സംഭവിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞു .

“ഞാൻ ഇവിടെ നിൽക്കാം ഏട്ടൻ പോയി ദേവു ചേച്ചിന്റെ കാര്യം നോക്ക് .എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ” കിച്ചു പറഞ്ഞു .

“ശെരി . റൂമിലേക്ക് മാറ്റിയാൽ എന്നെ വിളിച്ചു പറയണം .” ഗൗതം പറഞ്ഞു .

ഗൗതം ഡോക്ടർ ദേവികയുടെ കൺസൾട്ടിങ് റൂമിലേക്ക് ചെന്നു .

“ഗൗതം വാ ഇരിക്ക് ” ഡോക്ടർ ദേവിക പറഞ്ഞു .

ഗൗതം ഡോക്ടറുടെ ടേബിളിനു മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു .
“അച്ഛനും അമ്മയ്ക്കും കുഴപ്പമൊന്നും ഇല്ലാട്ടോ . ഞാൻ രാജീവ് ഡോക്ടറെ വിളിച്ചു ചോദിച്ചിരുന്നു ” ഡോക്ടർ പറഞ്ഞു .

“ഡോക്ടർ രാജീവിനെ കണ്ടിരുന്നു .ആന്റി പ്രിയക്ക് ” ഗൗതം ചോദിച്ചു .

“പ്രിയദർശിനിയുടെ അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിച്ചതാണ് അല്ലേ .” ഡോക്ടർ ദേവിക ചോദിച്ചു .

“അതെ ആന്റി . അങ്ങിനെ ആണ് അവൾ പറഞ്ഞത് ” ഗൗതം പറഞ്ഞു .

“അത് അന്ന് ആ കുട്ടിക്ക് മെന്റലി വല്യ ഷോക്ക് ആയിരുന്നു . ഒരു വർഷം എടുത്തിട്ടാണ് പ്രിയ അത് ഓവർകം ചെയ്തത് .

ഡിപ്രെഷനിലേക്ക് പോകാതെ അവൾ എങ്ങനെയോ രക്ഷപെട്ടതാണ് . ഇപ്പോൾ അവൾക്ക് സാവിത്രിയും കൃഷ്ണേട്ടനും അവളുടെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു ആണ് .

അത് കൊണ്ട് ആണ് അവർക്ക് ആക്‌സിഡന്റ് എന്ന് കേട്ടപ്പോൾ അവളുടെ അച്ഛനും അമ്മയ്ക്കും സംഭവിച്ച ആക്സിഡന്റ് അവൾക്ക് ഓർമ വന്നത് .

ഇവരും പ്രിയയെ വിട്ടു പോകുമോ എന്നൊരു ഭയം പ്രിയയെ അതറിഞ്ഞത് മുതൽ കീഴ്പ്പെടുത്താൻ തുടങ്ങി .

അവളുടെ മനസിന് അത് സഹിക്കാൻ കഴിയാഞ്ഞിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചത് . പ്രിയയോട് സംസാരിച്ചപ്പോൾ ഞാൻ അറിഞ്ഞ കാര്യങ്ങൾ ആണ് .

അവൾക്ക് കരയാൻ പോലും കഴിയാതെ അവൾ ഒരു മെന്റൽ ഷോക്കിൽ ആയി പോയി . ” ഡോക്ടർ പറഞ്ഞു .

“ഇപ്പോൾ എങ്ങനുണ്ട് ആന്റി .? ഇനി ഇങ്ങനെ ഉണ്ടാകുമോ ?” ഗൗതം ചോദിച്ചു .

“ഇപ്പോൾ ചെറിയൊരു മയക്കത്തിൽ ആണ് . അവർക്ക് കുഴപ്പമൊന്നും ഇല്ല എന്ന് ഞാൻ പറഞ്ഞത് അവള് വിശ്വസിച്ചിട്ടില്ല എന്നാണ് തോന്നുന്നത് . നീ ഒന്ന് സംസാരിച്ചു നോക്ക് . സ്വന്തമായിട്ട് ആരും ഇല്ല എന്നൊരു തോന്നൽ ഉണ്ട് ആ കുട്ടിക്ക് . ഇപ്പോൾ സ്വന്തമായുള്ള ഇവരെ കൂടി നഷ്ടപ്പെട്ടാൽ ഒറ്റപെട്ടു പോകും എന്നൊരു ചിന്ത .അതൊക്കെ മാറ്റി എടുക്കണം . ഞാൻ ഇതുവരെ ഇങ്ങനെ ഒരു കുട്ടിയെ കുറിച്ച് നിങ്ങളാരും പറഞ്ഞു കേട്ടിട്ടില്ലല്ലോ ” ഡോക്ടർ പറഞ്ഞു .

ഗൗതം പ്രിയയെ കുറിച്ചുള്ള കാര്യങ്ങൾ ഒക്കെ ഡോക്ടറിന് പറഞ്ഞു കൊടുത്തു .

“ഈ കാരണങ്ങൾ ഒക്കെ കൊണ്ടാവും . അച്ഛൻ അമ്മ എന്ന രണ്ടു പേര് മാത്രം ഉള്ള ഒരു ലോകം ആയിരുന്നല്ലോ ആ കുട്ടിക്ക് . വേറെ റിലേറ്റീവ്സ് ഒന്നും ഇല്ലല്ലോ . അവരെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു നഷ്ടപ്പെട്ടപ്പോൾ അവൾക്ക് ഒറ്റപ്പെടൽ തോന്നുന്നത് സ്വാഭാവികം ആണ് . നീ ഒന്ന് സംസാരിക്ക് അവളോട് . എന്നിട്ട് അച്ഛനെയും അമ്മയേയും കൊണ്ട് കാണിക്ക് .ആ കുട്ടി കരയുക ആണെങ്കിൽ കരഞ്ഞോട്ടെ . മനസ്സിൽ ഉള്ള വിഷമം പുറത്തേക്ക് എക്സ്പ്രസ്സ് ചെയ്യാതെ ഇരിക്കുമ്പോൾ ആണ് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാവുന്നത് . ” ഡോക്ടർ പറഞ്ഞു .

ഗൗതം ദേവിക ഡോക്ടറിന്റെ കൂടെ പ്രിയയുടെ അടുത്തേക്ക് പോയി . ഗൗതം മയങ്ങി കിടന്ന പ്രിയയെ തട്ടി വിളിച്ചു . കണ്ണ് തുറന്നു നോക്കിയ പ്രിയ ഗൗതമിനെ കണ്ടതും കുറച്ചു നേരത്തേക്ക് നോക്കി നിന്നു .

പെട്ടന്ന് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു ഗൗതമിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി . ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചോടു ചേർന്ന് നിന്ന് കരയുന്ന പ്രിയയെ കണ്ടപ്പോൾ ഗൗതമിനു വല്ലാത്ത വാത്സല്യം തോന്നി .

ഗൗതം ഡോക്ടറേ നോക്കിയപ്പോൾ പ്രിയ കരഞ്ഞോട്ടെ എന്ന് ഡോക്ടർ കണ്ണ് കൊണ്ട് ഗൗതമിനോട് പറഞ്ഞു . ഗൗതം അവളെ ഒന്ന് കൂടെ നെഞ്ചോടു ചേർത്ത് പിടിച്ചു .

കുറച്ചു സമയത്തിന് ശേഷം ഡോക്ടർ അവനോട് പ്രിയയോട് സംസാരിക്കാൻ പറഞ്ഞു . പ്രിയ അപ്പോഴും ഗൗതമിന്റെ നെഞ്ചിൽ ചാരി നിന്ന് കരയുകയായിരുന്നു .

“പ്രിയ… പ്രിയ .. ദേവു ..” ഗൗതം വിളിച്ചു .

പ്രിയ തല ഉയർത്തി ഗൗതമിനെ നോക്കി .

“എന്തിനാ ദേവു ഇങ്ങനെ കരയുന്നത് . അച്ഛനും അമ്മയ്ക്കും ഒന്നും പറ്റിട്ടില്ല . നീ എന്തിനാ ഇങ്ങനെ കരയുന്നത് . കണ്ണ് തുടച്ചു വായോ . നമുക്കു അവരെ കാണാൻ പോകാം ” ഗൗതം അവളെ നോക്കി പറഞ്ഞു .

“സത്യാണോ … കുഴപ്പൊന്നും ഇല്ലല്ലോ . ഡോക്ടറും പറഞ്ഞു . സത്യാണോ ഗൗതം ” പ്രിയ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചോദിച്ചു .

“അതെ .. നീ വാ .. കണ്ണ് തുടക്ക് . അമ്മ നിന്നെ ഇങ്ങനെ കണ്ടാൽ എനിക്ക് ആയിരിക്കും വഴക്ക് കിട്ടുന്നത് . ഞാൻ നിന്നോട് വഴക്കിട്ടിട്ട് ആണെന്നു പറയും . അവിടെ പോയി കരയരുത് .” ഗൗതം പറഞ്ഞു .

പ്രിയ വേഗം കണ്ണുതുടച്ചു . അവന്റെ കൂടെ പോകാൻ ഒരുങ്ങി . ഗൗതം പ്രിയയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു .

“ആന്റി ഞങ്ങള് അച്ഛന്റേം അമ്മയുടേം അടുത്തു പോയിട്ട് വരാം ” ഗൗതം ഡോക്ടർ ദേവികയോട് പറഞ്ഞു .

“ഇപ്പോൾ പ്രിയക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ . ഇങ്ങനെ വിഷമിക്കരുത് കേട്ടോ . ” ഡോക്ടർ പ്രിയയെ നോക്കി പറഞ്ഞു .

ഗൗതം ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തു ഇറങ്ങി കിച്ചുവിനെ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് കിച്ചു അവരെ അന്വേഷിച്ചു അങ്ങോട്ട് വന്നത് .

“നീ ഇങ്ങോട്ട് വന്നോ . അപ്പോൾ അവിടെ ആരാ ” ഗൗതം ചോദിച്ചു .

“അച്ഛനേം അമ്മയെയും റൂമിലേക്ക് മാറ്റി . ദേവു ചേച്ചിന്റെ കാര്യം പറഞ്ഞപ്പോൾ മുതൽ രണ്ടാൾക്കും സമാധാനം ഇല്ല .എന്നെ നിങ്ങളെ കാണാത്തത് കൊണ്ട് ഓടിച്ചു വിട്ടതാ . ചേച്ചി ഇപ്പോൾ ഓക്കേ ആണോ ” കിച്ചു പ്രിയയെ നോക്കി പറഞ്ഞു .

“കുഴപ്പൊന്നും ഇല്ല കിച്ചു . ” പ്രിയ പറഞ്ഞു .

“എന്നാൽ വാ അങ്ങോട്ട് പോകാം ” ഗൗതം പറഞ്ഞു .

മൂന്ന് പേരും കൂടെ കൃഷ്ണനും സാവിത്രിയും കിടക്കുന്ന റൂമിലേക്ക് പോയി .

പ്രിയയെ കണ്ടതും കൃഷ്ണൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു .

“എന്താ മോളെ പറ്റിയത് ” കൃഷ്ണൻ ചോദിച്ചു .

“എനിക്ക് ഒന്നും ഇല്ല അച്ഛാ അച്ഛനും അമ്മയ്ക്കും കുഴപ്പൊന്നും ഇല്ലല്ലോ ” പ്രിയ ചോദിച്ചു .

“ഞങ്ങൾക്ക് ഒന്നും ഇല്ല മോള് ഇങ്ങു വാ .” സാവിത്രി അവളെ അടുത്തേക്ക് വിളിച്ചു .
പ്രിയ പോയി സാവിത്രിയുടെ അടുത്തിരുന്നു .

“വേദന ഉണ്ടോ രണ്ടാൾക്കും ” ഗൗതം ചോദിച്ചു .

“ഇല്ലെടാ ” കൃഷ്ണൻ പറഞ്ഞു .

“അമ്മക്കോ ?” ഗൗതം സാവിത്രിയുടെ അടുത്തു വന്നു നിന്നു ചോദിച്ചു .

“എനിക്ക് കുഴപ്പം ഒന്നും ഇല്ലെടാ . മോൾക്കെന്താ പറ്റിയത് ” സാവിത്രി ചോദിച്ചു .

“നിങ്ങള്ക്ക് ആക്സിഡന്റ് ആയി എന്നറിഞ്ഞു ബോധംകെട്ടു വീണതാ .” ഗൗതം പറഞ്ഞു .

” അതിനാണോ .ഞങ്ങള് പയറു പോലെ ഇരിക്കുന്നത് കണ്ടില്ലേ . ” കൃഷ്ണൻ പ്രിയയെ നോക്കി പറഞ്ഞു

“എന്താ അച്ഛാ പറ്റിയത് . “ഗൗതം ചോദിച്ചു .

“അത് പോക്കറ്റ് റോഡിൽ നിന്ന് ഒരു കാർ കേറി വന്നതാ . ഞാൻ ശ്രദ്ധിച്ചില്ല .ഞാൻ അത് വെട്ടിച്ചപ്പോൾ നമ്മുടെ കാർ ഡിവൈഡറിൽ ഇടിച്ചു നിന്നു ” കൃഷ്ണൻ പറഞ്ഞു .

“നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞിട്ട് ഇവിടെ ഒരാൾക്ക് മാത്രം വിശ്വാസം ഇല്ലായിരുന്നു . എന്നെ പേടിപ്പിച്ചില്ലേ . ബോധംക്കെട്ടു വീണു .

എഴുന്നേറ്റപ്പോൾ കരച്ചിലും ബഹളവും .ഇപ്പോൾ കണ്ടില്ലേ മിണ്ടാപൂച്ചയെ പോലെ ഇരിക്കുന്നത് ” ഗൗതം പ്രിയയെ നോക്കി പറഞ്ഞു .

“നീ എന്റെ മോളെ ഒന്നും പറയണ്ട .” സാവിത്രി പറഞ്ഞു .

“ഓ ഇപ്പോൾ നമ്മള് പുറത്തു ” ഗൗതം പറഞ്ഞു .

പ്രിയ അത് കേട്ട് ചിരിച്ചു .

“നീ വാ കിച്ചു നമുക്ക് കോഫി വാങ്ങി വരാം . വിശക്കുന്നില്ലേ അച്ഛനും അമ്മയ്ക്കും ” ഗൗതം പറഞ്ഞു .

“ഞാൻ പറയാൻ വരുവായിരുന്നു ..നിങ്ങള് പോയി വാ ” കൃഷ്ണൻ പറഞ്ഞു .

കിച്ചുവും ഗൗതവും പുറത്തേക്ക് ഇറങ്ങി . ഗൗതം കിച്ചുവിനോട് ദേവിക ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു .

കിച്ചുവും ഗൗതവും കോഫി വാങ്ങി തിരിച്ചു വരുമ്പോഴേക്കും പ്രിയ സാവിത്രിയോടും കൃഷ്ണനോടും ചിരിച്ചു കളിച്ചു സംസാരിച്ചു തുടങ്ങിയിരുന്നു . അത് കണ്ടപ്പോൾ ആണ് ഗൗതമിനു സമാധാനം ആയത് .

അവരെല്ലാവരും ചേർന്ന് സംസാരിച്ചിരുന്നു . കിച്ചുവിന്റെ സ്ഥാനത്തും അസ്ഥാനത്തും ഉള്ള കോമഡികൾ പ്രിയയെ പഴയ പ്രിയ ആക്കി മാറ്റിയിരുന്നു . കിച്ചുവിന്റെയും പ്രിയയുടെയും സംസാരം കേട്ടിരിക്കുക ആയിരുന്നു ബാക്കി മൂന്ന് പേരും .

രാധിക അവിടെ ഒറ്റക്കായത് കൊണ്ട് പ്രിയ മനസില്ല മനസോടെ ആണ് വീട്ടിൽ പോയത് . പ്രിയ വീട്ടിൽ പോയതിനു ശേഷം ഗൗതം ദേവിക ഡോക്ടർ പറഞ്ഞതെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞു .

അത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ദേവിക ഡോക്ടർ അവരെ കാണാൻ വന്നു . ദേവിക ഡോക്ടറും പ്രിയയെ കുറിച്ച് അവരോട് പറഞ്ഞു .

പ്രിയ വീട്ടിൽ എത്തിയിട്ടും ഓരോ മണിക്കൂറും സാവിത്രിയെ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15

പ്രിയനുരാഗം – ഭാഗം 16

പ്രിയനുരാഗം – ഭാഗം 17

പ്രിയനുരാഗം – ഭാഗം 18

പ്രിയനുരാഗം – ഭാഗം 19

പ്രിയനുരാഗം – ഭാഗം 20