Wednesday, January 22, 2025
Novel

പ്രണയവിഹാർ: ഭാഗം 28

നോവൽ: ആർദ്ര നവനീത്‎

ഓടിയലച്ച് വിഹാൻ ഹോസ്പിറ്റലിൽ എത്തുമ്പോൾ നവിയുടെ ചുമലിൽ ചാരിയിരിക്കുകയായിരുന്നു അമ്മ. കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട്. നവിയുടെ കണ്ണുകളും കലങ്ങിയിട്ടുണ്ട്. നിഹാർ ഐ സി യുവിന് മുൻപിൽ തന്നെ നിൽക്കുന്നുണ്ട്. അവന്റെ മുഖം ആകെ അസ്വസ്ഥമായിരുന്നു. വിഹാന് പിന്നാലെ ആവണിയും ഓടിയെത്തി. അമ്മേ.. അമ്മയ്ക്ക് മുൻപിലായി മുട്ടുകുത്തി തളർന്നവൻ ഇരുന്നു. കണ്ണുകൾ ഒന്ന് ചിമ്മിത്തുറന്നു. മോനേ.. അച്ഛൻ.. കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു വീണു.

എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൻ പകച്ചിരുന്നു. എന്റെ മോളെ കൊണ്ടുപോയെടാ അവന്മാർ.. അവർ സാരിത്തലപ്പാൽ വായ അമർത്തി കരഞ്ഞു. വിഹാന്റെ മുഖം വലിഞ്ഞു മുറുകി. ഞാൻ മോനെ വിളിച്ചുകൊണ്ട് വന്നപ്പോൾ അമ്മ റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ശബ്ദം കേട്ട് അമ്മ ഓടിവന്നപ്പോഴേക്കും വണ്ടി ഗേറ്റ് കടന്നിരുന്നു. അച്ഛൻ രക്തത്തിൽ കുളിച്ച്… തരുണി ആന്റിയും ഇടർച്ചയോടെ നവിയുടെ വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയി. എല്ലാം നഷ്ടമായവനെപ്പോലെ പതറിപ്പോയി വിഹാൻ. അവന്റെ ചുവടുകൾ നിഹാരിനടുത്തേക്ക് ചലിച്ചു.

ഏട്ടാ.. ഡോക്ടർ എന്താ പറഞ്ഞത്.. സ്വരം ഇടറിയിരുന്നു. തല ശക്തമായി ഇടിച്ചിട്ടുണ്ട്. സ്കാനിങ് കഴിഞ്ഞു. മറ്റൊന്നും പറഞ്ഞിട്ടില്ല.. വിഹാൻ തളർച്ചയോടെ ചുവരിലേക്ക് ചാരി. കണ്ണുകളടച്ചതും പുറത്തേക്ക് ഒഴുകാൻ വെമ്പൽകൊണ്ട് നിന്നെന്നപോലെ കണ്ണുനീർ കുതിച്ചെത്തി. ആവണി അവന്റെ ആശ്വാസമെന്നോണം അവന്റെ ചുമലിൽ തട്ടി. ഒരു സുഹൃത്തിനോടെന്നപോലെ മാത്രമേ നാളിതുവരെ അച്ഛൻ പെരുമാറിയിട്ടുള്ളൂ. സ്നേഹിക്കാൻ മാത്രമറിയാവുന്ന മനുഷ്യൻ. ഇന്നുവരെയും കലഹങ്ങളോ വഴക്കോ ഒന്നുമില്ലാതെ സ്വൈര്യമുള്ള അന്തരീക്ഷമേ ഉണ്ടായിരുന്നുള്ളൂ.

എന്നാലിന്ന് താൻ കാരണമാണോ അച്ഛനീ അവസ്ഥ വന്നതെന്ന് ഓർത്ത് അവന് ഹൃദയം ഒരുവേള നിലയ്ക്കുന്നതായി പോലും തോന്നി. അത്രമേൽ ഗാഢമായ ബന്ധം അതായിരുന്നു ആ അച്ഛനും മകനും. ഏകാന്തത മാത്രമിഷ്ടപ്പെട്ട് ശ്രീക്കുട്ടിയുടെ ഓർമ്മകളിൽ കഴിയുന്ന സമയങ്ങളിൽ എത്രയോ പ്രാവശ്യം വാതിൽക്കൽ വന്ന് തന്നെ ഉറ്റുനോക്കി കണ്ണുനീർ നനവ് മുണ്ടിന്റെ കോന്തല കൊണ്ട് തുടച്ചുമാറ്റി അകന്നു പോകുന്ന ആ മനുഷ്യനെ കണ്ടിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ മുറ്റത്തുകൂടി ഉലാത്തുന്ന മനുഷ്യനായിരുന്നില്ലേ തന്റെ അച്ഛൻ.

ഉറങ്ങിക്കിടക്കുന്ന തന്നെ വാത്സല്യത്തോടെ തഴുകുന്ന അച്ഛൻ. നഷ്ടപ്പെട്ടേക്കുമെന്ന അവസ്ഥയിൽ എത്തുമ്പോഴാണല്ലോ പലതിന്റെയും വില മനസ്സിലാക്കുവാൻ സാധിക്കുന്നതും. ഐ സി യുവിന്റെ ഡോർ തുറന്ന് ഡോക്ടർ ഇറങ്ങി വന്നപ്പോഴാണ് താൻ കരയുകയായിരുന്നുവെന്ന ബോധ്യം അവനുണ്ടായത്. ഡോക്ടർ എന്റെ അച്ഛൻ.? തന്റെ മുൻപിൽ വ്യാകുലതയോടെ പതറി നിൽക്കുന്ന അവനെ അദ്ദേഹം അലിവോടെ നോക്കി. കണ്ണുനീരാൽ മുഖം പശപ്പണിഞ്ഞിരുന്നു. സ്കാൻ ചെയ്തു. ഇന്റേർണൽ ഇഞ്ചുറീസ് ഒന്നും കാണാനില്ല. സ്റ്റിച്ച് ഉണ്ട് ഫോർഹെഡിൽ. ബ്ലഡ് പോയതിനാൽ പേടിക്കാനില്ലെന്ന് പറയാം. ഭാഗ്യത്തിന് വൊമിറ്റ് ചെയ്തിട്ടില്ല ഇതുവരെയും.

എങ്കിലും ഇരുപത്തിനാല് മണിക്കൂർ ഒബ്സർവേഷൻ വേണം. പേടിക്കേണ്ടെടോ.. പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഡോക്ടർ വിഹാന്റെ ചുമലിൽ തട്ടി. ഞാനൊന്ന് കണ്ടോട്ടെ ഡോക്ടർ. ഇപ്പോൾ മയക്കത്തിലാണ്. അൽപ്പം കഴിയുമ്പോൾ രണ്ട് പേർക്ക് കയറാം. പതറിപ്പിടഞ്ഞ് അപ്പോഴാണ് തരുണി വിഹാനരികിലേക്ക് ഓടിയെത്തിയത്. അവരുടെ ചുവന്ന് വീങ്ങിയ കവിളും ഉലഞ്ഞ സാരിയും കണ്ടവൻ പകച്ചു. പിന്നാലെ നിരഞ്ജനും എത്തി. വിഹാൻ.. എന്റെ മോൾ. എന്റെ ശ്രാവണി. അവളെ അവൻ കൊണ്ടുപോയി. മൗലി അവനാ. തടയാൻ ഞങ്ങൾ നോക്കിയതാ. പക്ഷേ കഴിഞ്ഞില്ല.. എന്റെ മോളെ വേണം വിഹാൻ എനിക്ക്.. അവനെന്റെ കുഞ്ഞിനെ എന്തെങ്കിലും… വാക്കുകൾ തുടരാനാകാതെ അവർ വിങ്ങിപ്പൊട്ടി.

നിരഞ്ജൻ തരുണിയെ ചേർത്തു പിടിച്ചു. എന്റെ ഫ്രണ്ട് എസ് ഐ കിഷോർ ഇവിടുത്തെ സ്റ്റേഷനിലെയാണ്. ന്യൂസ്‌ ലീക്ക് ആകാതിരിക്കാൻ പറഞ്ഞിട്ടുണ്ട്. അവൻ അന്വേഷിക്കുന്നുണ്ട്. പക്ഷേ.. ഇതുവരേക്കും.. നിരഞ്ജന്റെ കണ്ണുകൾ നിറഞ്ഞു. ഒരു വശത്ത് ജന്മം നൽകിയ മനുഷ്യൻ.. മറുവശത്ത് തന്റെ പെണ്ണ്. എന്ത് ചെയ്യണമെന്നറിയാതെ ഉൾക്കിടിലത്തോടെ അവൻ നിന്നു. അവൾക്ക് ഓർമ്മയില്ലാത്തതാണെന്ന് മൗലിക്കോ അത് മൗലിയാണെന്ന് ശ്രീക്കുട്ടിക്കോ അറിയില്ല. അവനാകെ ഭ്രാന്ത്‌ പിടിക്കുന്നതായി തോന്നി. വിഹാൻ ആരാ..? പേഷ്യന്റ് അന്വേഷിക്കുന്നുണ്ട്.. ഡോർ തുറന്ന് നഴ്സ് അറിയിച്ചു. അമ്മയെ ഒന്ന് നോക്കിക്കൊണ്ട് ഏട്ടന്റെ കൈയിൽ അമർത്തിയശേഷം അവൻ അകത്തേക്ക് കടന്നു.

എസിയുടെ അരിച്ചു കയറുന്ന തണുപ്പിൽ ഒരുകൂട്ടം വയറുകൾക്ക് നടുവിൽ വെള്ളനിറത്തിലെ ബെഡ്ഷീറ്റ് നെഞ്ചൊപ്പം പുതച്ചുകൊണ്ട് അച്ഛൻ കിടക്കുന്നത് അവൻ കണ്ടു . നെഞ്ചിലും കൈയിലുമായി എന്തൊക്കെയോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. തലയിൽ വലിയൊരു കെട്ടുണ്ട്. രക്തത്തിന്റെ നേർത്ത നനവ് ചെറുതായി കാണാം. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഇറ്റ് ആ കൈകളിലേക്ക് വീണു. നനവ് തട്ടിയത് കൊണ്ടാകാം കണ്ണുനീർ പശപ്പണിഞ്ഞ കണ്ണ് അദ്ദേഹം വലിച്ച് തുറന്നു. ശ്രീമോൾ.. സ്വരം നന്നേ ചിലമ്പിച്ചിരുന്നു. വിഹാന്റെ കണ്ണുനീർ അതിനുള്ള ഉത്തരമായിരുന്നു. അച്ഛൻ തടയാൻ ശ്രമിച്ചതാ മോനേ. പക്ഷേ ന്റെ മോളെ എനിക്ക് രക്ഷിക്കാനായില്ല അല്ലേ.. കണ്ണുനീർ ചെന്നിയിലൂടെ ഒഴുകിയിറങ്ങി. വിഹാൻ വല്ലാതെ വേദനിച്ചു.

ഇങ്ങനൊരു പ്രതിസന്ധി അവൻ നിനച്ചിരുന്നില്ല. നിസ്സഹായനായി നിൽക്കേണ്ടി വന്നതിൽ അവന് പുച്ഛം തോന്നി. കരഞ്ഞു കൊണ്ടിരുന്നാൽ ഒന്നിനുമാകില്ല മോനേ. അച്ഛന് ഒന്നുമില്ല. നിന്നെപ്പോലെ തന്നെയാ എനിക്കവളും. ഒരു പൊടിക്കെങ്കിലും ഇഷ്ടക്കൂടുതലേയുള്ളൂ അവളോട്. നീ താലിചാർത്തിയ പെണ്ണാണവൾ. നിന്റെ ഭാര്യ. അവളെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നിനക്കാണ്. ഇനിയൊരു പരീക്ഷണകാലം നിനക്കില്ല. നഷ്ടമായെന്ന് കരുതിയപ്പോഴും നിന്നിലേക്ക് ചേർത്ത് വച്ചതാണവളെ. നിനക്ക് വേണ്ടി ജന്മം കൊണ്ടവൾ. ഒരു ഇന്ദ്രമൗലിക്കും അവളെയൊന്നും ചെയ്യാനാകില്ല. അച്ഛനെ കാണാൻ വരുമ്പോൾ നിന്റെ കൂടെ അവളുമുണ്ടാകണം.

അതുമാത്രം മതിയായിരുന്നു അവന്റെ സിരകളിലേക്ക് നഷ്ടമായെന്ന് കരുതിയ ഊർജ്ജം തിരികെ വരുന്നതിനായി. ഇന്ദ്രമൗലി ! അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു. കൈയിലെ ഞരമ്പുകൾ പിടച്ചുയർന്നു. പുറത്തേക്കിറങ്ങുമ്പോൾ അവൻ പഴയ വിഹാനാകുകയായിരുന്നു. സിരകളിൽ തന്റെ പെണ്ണിനോടുള്ള അടക്കാനാകാത്ത പ്രണയവും മൗലിയോട് ജ്വലിക്കുന്ന കോപവുമുള്ള വിഹാൻ. അച്ഛന് ഒന്നുമില്ലെന്ന് പറഞ്ഞ് അമ്മയെയും ഏടത്തിയെയും സമാധാനിപ്പിച്ചശേഷം അവൻ തരുണിയുടെ അരികിലേക്ക് നടന്നു. മകളെ കാണാനില്ലാത്ത നഷ്ടം അവരെ പാടേ തളർത്തിയെന്നവന് മനസ്സിലായി. അവരുടെ അരികിലേക്കിരുന്ന് ആ കൈകൾ അവൻ തന്റെ കൈക്കുള്ളിലാക്കി.

അമ്മയുടെ മകൾ മാത്രമല്ല അവൾ എന്റെ ഭാര്യ കൂടിയാണ്. ഒരു പോറൽ പോലുമേൽക്കാതെ ഞാൻ കൊണ്ടുവരും അവളെ. ആ ഉറപ്പ് മാത്രം മതിയായിരുന്നു അവളിലെ അമ്മയ്ക്ക്. പുറത്തേക്കിറങ്ങാൻ നിന്ന വിഹാന്റെ കൈയിൽ പിടിവീണു. നിഹാർ ! ഞാനുമുണ്ട് കൂടെ.. വിഹാൻ നെറ്റിചുളിച്ചു. അവൻ കൊണ്ടുപോയത് എന്റെ പെങ്ങളെയാണ്. അകത്ത് കിടക്കുന്നത് നമ്മുടെ അച്ഛനാണ്. ഇനിയവന്റെ നിഴൽപോലും നമ്മുടെ കുടുംബത്തിൽ പതിക്കാൻ പാടില്ല. ഇന്ന് എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരനായവനെ വെറുതെ വിടാൻ മാത്രം വിശാലമനസ്കനൊന്നുമല്ല നിഹാർ.. ഏട്ടന്റെ ആ ഭാവം വിഹാന് അപരിചിതമായിരുന്നു.

എന്നും സൗമ്യമായി പെരുമാറിയിരുന്ന പുഞ്ചിരിയോടെ കണ്ടിട്ടുള്ള ഏട്ടനാണ് പ്രതികാരദാഹിയായി നിൽക്കുന്നത്. ഫോൺ റിങ് ചെയ്യുന്നത് കണ്ടവൻ അതിലേക്ക് നോക്കി. സഞ്ജു ! ഫോൺ അവൻ ചെവിയോട് ചേർത്തു. ഫോൺ വയ്ക്കുമ്പോൾ അവന്റെ കണ്ണിൽ തീയായിരുന്നു. സർവ്വവും മുച്ചൂട് നശിപ്പിക്കാൻ ഉതകുന്ന അഗ്നി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ വിഹാന് പിറകിലായി നിഹാർ കയറിയിരുന്നു. ഇന്ദ്രമൗലിയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ലാസ്റ്റ് ടവർ ലൊക്കേഷൻ കോവളത്തിനടുത്താണ്. അതിനടുത്തായി ഒഴിഞ്ഞു കിടക്കുന്ന അവന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഒരു ബംഗ്ലാവ് ഉണ്ട്. ആൾത്താമസമില്ലാത്ത ബംഗ്ലാവ്. അവിടെ അവൻ കാണാൻ സാധ്യത കൂടുതലാണ്.

സഞ്ജുവിന്റെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി. സമയം ഇരുട്ടി തുടങ്ങിയിരുന്നു. അസ്തമയസൂര്യൻ കടലിലേക്ക് ആഴ്ന്നിറങ്ങാൻ വെമ്പൽ കൊള്ളുന്നു. കടൽത്തീരം തിരക്കേറിയതായിരുന്നു. തണുത്ത കാറ്റിൽ നിഹാറിന്റെ തലമുടി ഇളകിക്കൊണ്ടിരുന്നു. ആ കാറ്റിന്റെ കുളിർമ്മയ്ക്ക് പോലും അവരുടെ മനസ്സിലെ കനലിനെ അൽപ്പം പോലും തണുപ്പിക്കാനായില്ല. ബീച്ച് റോഡ് പിന്നിട്ടപ്പോൾ സഞ്ജുവും ദീപുവും നിൽക്കുന്നത് അവർ കണ്ടു. വിഹാനെ കണ്ടതും അവർ ബൈക്കെടുത്തു. ദൂരം പിന്നിടെ വഴി വിജനമാകുന്നത് അവർ അറിഞ്ഞു. തലയുയർത്തി നിൽക്കുന്ന കൂറ്റനൊരു ബംഗ്ലാവിന് അൽപ്പം പിന്നിലായി അവർ ബൈക്ക് ഒതുക്കി.

അരികിലൊന്നും അധികം വീടുകളില്ല . സീസൺ അല്ലാത്തതിനാൽ അടുത്തുള്ള ചെറിയ റെന്റഡ് വീടുകൾ വിജനമാകുമെന്ന് അവർക്ക് തോന്നി. കാരണം അവിടെയൊന്നും പ്രകാശമില്ലാതെ അന്ധകാരം തങ്ങിനിന്നിരുന്നു. മൗലിയുടെ വീട്ടിൽ പ്രകാശമുണ്ട്. വിശാലമായ മുറ്റം കടന്നാലേ വീടിലെത്തുള്ളൂ. സെക്യൂരിറ്റി ആണെന്ന് തോന്നുന്നു ഒരാൾ ഗേറ്റിനരികെ ഇരിപ്പുണ്ട്. മറ്റാരെയും പുറത്ത് കാണാനായില്ല. വഴി ചോദിക്കാനെന്ന വ്യാജേന സഞ്ജുവും ദീപുവും ബൈക്ക് ഒതുക്കി അയാളെ വിളിച്ചു. ഗേറ്റ് തുറന്ന് അയാൾ പുറത്ത് വന്നതും നിഹാർ പിന്നിൽനിന്നും അയാളുടെ വായ അമർത്തിയിരുന്നു. പിടിവിടാതെ അയാളുമായി അവർ മതിലിന്റെ മറവിലേക്ക് മാറി.

വിഹാന്റെ മുഷ്ടി അയാളുടെ നാഭിയിൽ അമർന്നു. ഉയർന്നുവന്ന കരച്ചിലിനെ സ്വാതന്ത്രമാക്കാനാകാതെ അയാൾ പിടച്ചു. തലയ്ക്ക് അടിച്ചുകൊണ്ട് നിഹാർ അയാളുടെ കഴുത്ത് തിരിച്ചു. തണ്ടൊടിഞ്ഞതുപോലെ അയാൾ നിലത്തേക്ക് പതിച്ചു. ഇതേസമയം ശ്രാവണി മിഴികൾ തുറക്കാൻ ശ്രമിച്ചു. പതുപതുത്ത കട്ടിലിലാണ് താനെന്ന് അടുത്ത നിമിഷമവൾ തിരിച്ചറിഞ്ഞു. തല വേദനിക്കുംപോലെ. അടഞ്ഞു പോകാൻ പോയ കൺപോളകൾ അവൾ ചിമ്മിത്തുറന്നു. കഴിഞ്ഞുപോയ സംഭവങ്ങൾ അവൾക്ക് തെളിഞ്ഞുവന്നു. അച്ഛൻ.. കണ്ണുകൾ നിറഞ്ഞു. അടുത്ത നിമിഷം മൗലിയുടെ മുഖം തെളിഞ്ഞതും അവൾ പതറിപ്പിടഞ്ഞ് എഴുന്നേറ്റു. തല വല്ലാത്ത ഭാരം തോന്നി.

എന്നിട്ടും എഴുന്നേൽക്കാൻ ശ്രമിച്ചതും സോഫയിൽ കാലിന്മേൽ കാൽ കയറ്റി തന്നെത്തന്നെ നോക്കിയിരിക്കുന്ന മൗലിയെ കണ്ടവൾ കട്ടിലിലേക്ക് തന്നെ അമർന്നുപോയി. അവൻ ക്രൗര്യം നിറഞ്ഞ ചിരിയോടെ എഴുന്നേറ്റ് കൈകളുയർത്തി വിരലുകൾ മടക്കി. ഞൊട്ടയിടുന്ന ശബ്ദം അവിടെ മുഴങ്ങി. ഉണർന്നല്ലോ. ഞാൻ നിന്നെത്തന്നെ നോക്കിക്കൊണ്ട് ദേ ഇവിടെ ഇരിക്കുകയായിരുന്നു. അന്നും ഇന്നും അതുപോലെ തന്നെ. പറയത്തക്കമാറ്റമെന്ന് പറയാൻ ഈ മുടി മാത്രം. പനങ്കുലപോലെ അതിങ്ങനെ പിണഞ്ഞുകിടക്കുന്നത് കാണാൻ തന്നെ ശേലുണ്ട്. നിറം ഒരല്പംകൂടി കൂടിയിട്ടുണ്ട്. കടഞ്ഞെടുത്ത ആ രൂപത്തിന് യാതൊരു കോട്ടവുമില്ല. അതാണ് നിന്റെ പ്ലസ് പോയിന്റും..

അവൾ ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു. അവൾ അറപ്പോടെ മുഖം തിരിച്ചു. നാലുചുറ്റും തെന്നിപ്പാഞ്ഞശേഷം അവളുടെ മിഴികൾ വാതിൽക്കലേക്ക് പോയി. അത് ലോക്ക് ആയിരിക്കുമെന്ന് അവളുറപ്പിച്ചു. കിടുകിടെ വിറയ്ക്കുമ്പോഴും അവൾ ധൈര്യം ആവാഹിക്കാൻ ശ്രമിച്ചു. ദേ കണ്ടില്ലേ ഈ ശൗര്യത്തിന് ഒരു മാറ്റവുമില്ല. നിന്റെയീ പിടപ്പ് അത് മുൻപേയുള്ളതാണല്ലോ. ഞാൻ പറഞ്ഞിട്ടില്ലേ മോളേ ആഗ്രഹിച്ചതെന്തും സ്വന്തമാക്കി ശീലിച്ചവനാണ് ഞാൻ. കൈക്കുള്ളിലെത്തിയിട്ടും വഴുതിപ്പോയതാണ് നീ. ഇക്കഴിഞ്ഞ വർഷങ്ങളിൽ മൗലി കണ്ട പെണ്ണുങ്ങളിലൊന്നും നിന്നെ കാണാനായില്ല.

നീ മരിച്ചുവെന്നറിഞ്ഞപ്പോൾ വല്ലാത്ത നഷ്ടബോധമായിരുന്നു. ഇന്നലെ നിന്നെ മുൻപിൽ കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ വിശ്വസിക്കാനായില്ല. നിന്റെ തള്ളയെ വിളിച്ചപ്പോൾ എന്റെ ഭ്രമമാണെന്ന്. അവനൊന്ന് ആർത്തു ചിരിച്ചു . എന്റെ അടങ്ങാത്ത മോഹമാണ് നീ. ആ നീ വെറും ഭ്രമമാണെന്ന് പറഞ്ഞാൽ വിട്ടുകളയാൻ മാത്രം മണ്ടനല്ല ഈ ഇന്ദ്രമൗലി. അന്വേഷിച്ചു ആ വണ്ടി നമ്പർ വച്ച് നവനീത നിഹാർ.. ശ്രാവണവിഹാർ. അത് പോരേ നിന്നിലേക്കെത്താൻ. എന്നാലും നീ ജീവനോടെ ശരിക്കും സന്തോഷമായിരുന്നു. പക്ഷേ ആ വിഹാന്റെ വീട്ടിൽ നീ. അത് വേണ്ട.. നീ എന്റെ പെണ്ണാണ്.

ഇന്ദ്രമൗലിയുടെ പെണ്ണ്.. അപ്പോൾ നീ ജീവിക്കേണ്ടത് എന്റെ കൂടെയല്ലേ… അവന്റെ അട്ടഹാസം ആ നാല് ചുവരുകൾക്കുള്ളിൽ മുഴങ്ങി. കഴിഞ്ഞുപോയവ അവളുടെ മനസ്സിൽ അതീവഭംഗിയോടെ തെളിഞ്ഞു നിന്നു. ഒടുവിൽ വിഹാനോട് യാത്രാമൊഴി ചൊല്ലി ആ അലച്ചൊഴുകുന്ന ആറിലേക്ക് പതിച്ചതുമെല്ലാം. അവൾ കണ്ണുകൾ ഇറുകെയടച്ചു. പുറത്തേക്കൊഴുകാൻ വെമ്പൽകൊണ്ട കണ്ണുനീർത്തുള്ളി പീലിക്കിടയിൽ ഞെരിഞ്ഞമർന്നു. അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞു. പതിയെ അത് ശക്തി പ്രാപിച്ചു. അവനവളെ സാകൂതം നോക്കി. നിന്റെ പെണ്ണ്.. അതീ ജന്മമെന്നല്ല ഒരു ജന്മത്തിലും നടക്കാത്ത കാര്യമാണല്ലോ ഇന്ദ്രമൗലീ. ശ്രാവണി വിഹാനുള്ളതാണ്.

മറ്റൊരുത്തന്റെ പെണ്ണിനുമേൽ അവകാശം പറയാൻ മാത്രം ഗതികെട്ടവനായിപ്പോയല്ലോ നീ.. അവളുടെ ഭാവവും സംസാരവും അവനെ ദേഷ്യം പിടിപ്പിക്കാനേ ഉതകിയുള്ളൂ. പാഞ്ഞവന്നവൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു. വേദനിച്ചുവെങ്കിലും അവൾ കുതറിയില്ല. മിണ്ടരുത് നീ. വിഹാൻ ഞാനേറ്റവും വെറുക്കുന്ന പേര്. പ്രണയിച്ചുവെന്ന ഒരൊറ്റ കാരണത്താൽ വിഹാനെന്ന നാമം ഉരുവിടുന്നത് നിർത്താറായില്ലേ നിനക്ക്. നീ മരിച്ചെന്ന് കരുതിയപ്പോൾ അവനും തോറ്റല്ലോ എന്ന് കരുതി സമാധാനിക്കാൻ ശ്രമിച്ചവനാണ് ഞാൻ. നമുക്കിടയിലേക്ക് അവന്റെ പേര് വലിച്ചിടാൻ ശ്രമിക്കരുത് ശ്രാവണീ.. മുഖം അടുപ്പിച്ച് അവൻ പല്ലുകൾ ഞെരിച്ച് പറഞ്ഞു. അവളവനെ പിന്നിലേക്ക് തള്ളി. പെട്ടെന്നായതിനാൽ അവൻ സോഫയിലേക്ക് മലച്ചു വീണു. അവൾ കൈകൾ മാറിൽ പിണച്ചുകെട്ടി.

അവന്റെ പേര് അത് ഞാനെങ്ങനെ പറയാതിരിക്കും. എനിക്ക് നിറഞ്ഞുനിൽക്കുന്നവനല്ലേ അവൻ. ശ്രാവണിയുടെ ശ്വാസം പോലും അവനെ കേന്ദ്രീകരിച്ചാകുമ്പോൾ അവനെ ഒഴിവാക്കാൻ പോയിട്ട് അകറ്റാൻ പോലുമാകില്ല. അവനില്ലാതെ അപൂർണ്ണയാണ് ഞാൻ. എന്നിൽ അവകാശമുള്ളവനാണ് വിഹാൻ. എന്റെ പ്രണയം മാത്രമല്ല.. എന്റെ കഴുത്തിലെ താലിയുടെ അവകാശി.. കഴുത്തിലെ താലി പിടിച്ചുയർത്തി വിജയിച്ചിരിയോടെ അവൾ പറഞ്ഞു. അവനത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വിജയം മാത്രം സ്വപ്നം കാണുന്നവന് ലഭിച്ച കനത്ത പ്രഹരം. ആഗ്രഹിച്ചതെല്ലാം നേടിയെടുത്തവന് തോൽവി എന്നത് എപ്പോഴും ആഘാതം തന്നെയായിരിക്കുമല്ലോ.

അവൻ അവളുടെ കഴുത്തിലെ താലിയിലേക്ക് തുറിച്ചുനോക്കി. കാറ്റുപോലവൻ പാഞ്ഞ് അവൾക്കരികിലേക്ക് വന്നു. എന്തോ ആലോചിച്ചെന്നപോലെ ഒരുനിമിഷമവൻ നിന്നു. അവന്റെ കൈ താടിയിൽ ഉഴിഞ്ഞു കൊണ്ടേയിരുന്നു. പിന്നെ ആ ആലോചന ചിരിയിലേക്ക് മാറി. ഇന്ദ്രമൗലി തോറ്റുപോയെന്ന് കരുതി അഹങ്കരിക്കാതെടീ. വിഹാൻ അവൻ തോറ്റാൽ മതിയെനിക്ക്. അവൻ കരയുന്നത് എനിക്ക് കാണണം. അവന്റെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ എനിക്ക് കേൾക്കണം. അവൾ മനസ്സിലാകാതെ അവനെ പകച്ചു നോക്കി. അവൻ താടിയുഴിഞ്ഞുകൊണ്ട് അവളെ ആകമാനമൊന്ന് നോക്കി. താലി കെട്ടിയ പെണ്ണിനെ മറ്റൊരുത്തൻ കീഴ്പ്പെടുത്തിയാൽ ഏത് പുരുഷനാടീ സഹിക്കാൻ കഴിയുന്നത്.

അവന്റെ പേരിലുള്ള താലിയും കഴുത്തിലണിഞ്ഞുകൊണ്ട് ഇന്ന് നീ മൗലിയുടെ കൂടെ കഴിയും.. അവന്റെ ക്രൂരമായ ഭാവവും ചിരിയും അവളെ അടിമുടി ഉലച്ചു. ഓടിപ്പോയവൾ ഡോർ ഹാൻഡിൽ തിരിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അവളുടെ കണ്ണുകൾ വീണ്ടും നാലുപാടും തെന്നിപ്പാഞ്ഞു. വിഹാൻ വരുമെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരുന്നു. മനസ്സിൽ വല്ലാതെ ഭയം നിറഞ്ഞു. മൗലി അവൾക്കരികിലായി നിന്നു. അവളുടെ ഇടുപ്പിൽ കൈചേർത്ത് അടുപ്പിച്ചതും അവൾ അവന്റെ കവിൾ പുകച്ചുകൊണ്ട് കൈ താഴ്ത്തി. എരിയുന്ന മിഴികളോടെ അവനവളെ കൈയിൽ തിരിച്ച് ബെഡിലേക്ക് എറിഞ്ഞു. കണ്ണുനീർ കവിളിലെ നനയ്ക്കുമ്പോഴും അവന്റെ മുൻപിൽ അടിയറവ് പറയില്ലെന്ന് അവൾ മനസ്സിൽ കുറിച്ചിട്ടു.

എഴുന്നേൽക്കാൻ ശ്രമിച്ച ശ്രാവണിയെ ബെഡിലേക്ക് അമർത്തി അവൻ കൈ ഇരുവശത്തായി ഉയർത്തി. പിടച്ചുയരാൻ ശ്രമിച്ച കാലുകൾ അവന്റെ കാലുകളാൽ അമർത്തപ്പെട്ടു. ശ്രാവണി കണ്ണുകൾ ഇറുകെയടച്ചു. അവന്റെ മുഖം അവളുടെ മുഖത്തേക്ക് താഴ്ന്നു. മുടിയിലേക്ക് മുഖം താഴ്ത്തി അവനാ ഗന്ധം ആഞ്ഞ് ശ്വസിച്ചു. ഒന്ന് പിടയുവാൻ പോലും സാധിക്കാതെ അവൾ അലറിക്കരഞ്ഞു. ആ കരച്ചിലിൽപ്പോലും ഹരം കണ്ടെത്തിക്കൊണ്ട് മൗലിയുടെ ശരീരം അവളുടെ മൃദുലമായ മേനിയിലേക്ക് അമർന്നു.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18

പ്രണയവിഹാർ: ഭാഗം 19

പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 21

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 23

പ്രണയവിഹാർ: ഭാഗം 24

പ്രണയവിഹാർ: ഭാഗം 25

പ്രണയവിഹാർ: ഭാഗം 26

പ്രണയവിഹാർ: ഭാഗം 27