Wednesday, January 22, 2025
Novel

പ്രണയവിഹാർ: ഭാഗം 27

നോവൽ: ആർദ്ര നവനീത്‎

സൂര്യരശ്മികൾ ഭൂമിയെ ചുംബിച്ചുണർത്തിയിട്ടേയുണ്ടായിരുന്നുള്ളൂ. ചെത്തിമിനുക്കിയ പുല്ലിൽ മാറ്റ് വിരിച്ച് അതിൽ യോഗ ചെയ്യുകയാണ് ശ്രാവണി. വിഹാൻ അരികിലുണ്ട്. അവൻ പറയുന്നതും ചെയ്യുന്നതും അതുപോലെ അവൾ അനുകരിക്കുന്നുണ്ട്. മനസ്സിന് വല്ലാത്ത ശാന്തത കൈവന്നതായി അവൾക്ക് തോന്നി. ഒടുവിൽ യോഗ പൂർത്തിയാക്കി എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഉന്മേഷം തോന്നി അവൾക്ക്. പൈജാമയും ലൂസ് ടോപ്പുമായിരുന്നു അവളുടെ വേഷം. മുറ്റത്തേക്ക് എത്തിയതും ഒരു കാർ ഇരമ്പലോടെ എത്തി.

ഡോർ തുറന്ന് ഇറങ്ങിയ തരുണിയെയും നിരഞ്ജനെയും അവൾ നോക്കി നിന്നു. പുഞ്ചിരിയോടെ തരുണി നീട്ടിപ്പിടിച്ച കൈകളിലേക്ക് അണയുമ്പോൾ നിരഞ്ജന്റെ കണ്ണിൽ നീർ പൊടിഞ്ഞു. വിഹാനെ ചേർത്തു പിടിച്ചുകൊണ്ട് നിരഞ്ജനും പിന്നാലെ തരുണിയും ശ്രാവണിയും അകത്തേക്ക് കയറി. ഓർമ്മകൾ ചിലതൊക്കെ തിരിച്ചു വന്നു എന്നത് അവരുടെ സന്തോഷം വർധിപ്പിച്ചു. തരുണിയുടെയും നിരഞ്ജന്റെയും മാറ്റം എല്ലാവർക്കും സന്തോഷം നൽകുന്നതായിരുന്നു.

മനസ്സ് നിറഞ്ഞ് സന്തോഷിക്കാൻ കഴിയുന്ന ഇടമായിരുന്നു അവർക്കും ശ്രാവണവിഹാർ. അൽപ്പനേരം അവിടെ ചിലവഴിച്ച് യാത്ര പറഞ്ഞവർ പോയി. വിഹാനും നിഹാറും അച്ഛനും ജോലിക്ക് പോയതിന് ശേഷം അമ്മയും നവിയും ശ്രാവണിയും മാത്രമായി വീട്ടിൽ. ഇഷാൻ സ്കൂളിൽ പോയിരുന്നു. നാളെയാണ് വിഹാന്റെ പിറന്നാൾ.. അറിയാമോ. അടുക്കളയിൽ പാത്രം കഴുകി വയ്ക്കുന്നതിനിടയിൽ കുസൃതിയോടെ നവി ശ്രാവണിയോട് ചോദിച്ചു. നാളെയോ അവളുടെ കണ്ണുകൾ അത്ഭുതത്തോടെ മിഴിഞ്ഞു.

അമ്മയോടൊപ്പം ചെടികൾക്ക് വെള്ളമൊഴിക്കാൻ കൂടുമ്പോഴും അവളുടെ മനസ്സിൽ വിഹാനായിരുന്നു. അവന്റെ പിറന്നാളിന് എന്ത് സമ്മാനം നൽകുമെന്ന് അവൾ ചിന്തിച്ചു. കഴിഞ്ഞതെന്തോ ഓർത്തെടുത്തതുപോലെ അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. അമ്മേ… ഞാനും നവിയേച്ചിയുമൊന്ന് പുറത്തേക്ക് പൊയ്‌ക്കോട്ടെ.. അവൾ അവരോട് തിരക്കി. തെച്ചിയുടെ ചുവട്ടിലെ മണ്ണിട്ട് കൊടുത്തുകൊണ്ടിരിക്കെ അവർ തിരിഞ്ഞ് അവളെ നോക്കി. ചുണ്ടും കൂർപ്പിച്ച് പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവളെക്കണ്ട് അവർക്ക് വല്ലാത്ത വാത്സല്യം തോന്നി. വിഹാനോട് ചോദിക്ക് മോളേ.

ഈ അവസ്ഥയിൽ പുറത്തേക്ക് പോകുകയെന്ന് വച്ചാൽ.. അവർ ആശങ്കയോടെ അവളെ നോക്കി. നവിയേച്ചിയുണ്ടല്ലോ അമ്മേ. വിഹാൻ അറിയേണ്ട. പെട്ടെന്ന് വരാം. നാളെ അവന്റെ പിറന്നാളല്ലേ. സമ്മാനം വാങ്ങാനാ… അവളുടെ നിർബന്ധം കാരണം അമ്മ സമ്മതം മൂളി. ചക്കരയമ്മ… അവരെ ഇറുകെ പുണർന്ന് കവിളിൽ അമർത്തി ചുംബിച്ചശേഷം അവളകത്തേക്ക് കയറിയോടി. നഷ്ടമായെന്ന് കരുതിയ അവളുടെ കുറുമ്പും കുസൃതിയും കണ്മുൻപിൽ വീണ്ടും കാണുവാൻ സാധിച്ചതിൽ അവർക്ക് സന്തോഷം തോന്നി. അവൾ പോയ വഴിയേ നോക്കി അവരുടെ ചുണ്ടുകൾ മന്ത്രിച്ചു.. “കുറുമ്പി ”.

വിഹാൻ തന്നതിൽ നിന്നും കുറച്ച് പണമെടുത്ത് പേഴ്സിൽ വച്ചശേഷം ചുരിദാറിന്റെ ദുപ്പട്ട കഴുത്തിലൂടെ ചുറ്റി അവൾ പടവുകൾ ഓടിയിറങ്ങി. നവിയേച്ചീ.. സാരിത്തലപ്പ് ഒതുക്കിവച്ചുകൊണ്ട് നവി ഇറങ്ങിവന്നു. നോക്കിക്കോളണേ മോളേ.. അവർ നവിയെ വീണ്ടും ഓർമ്മിപ്പിച്ചു. അമ്മ പേടിക്കേണ്ട. ഈ തല്ലിപ്പൊളിയെ കൊണ്ടുപോകുന്നത് പോലെ ഇങ്ങ് കൊണ്ട് വന്നേക്കാം. ശ്രാവണിയെ ചേർത്ത് പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. നവിയാണ് സ്കൂട്ടി ഓടിച്ചത്. രണ്ട് മക്കളും കൂടി യാത്ര പറഞ്ഞ് സ്കൂട്ടിയിൽ പോകുന്നത് കണ്ട് ആ അമ്മയുടെ മനസ്സ് നിറഞ്ഞു.

ഡാർക്ക്‌ ഗ്രീൻ കളറിലെ ഷർട്ടും കസവ് മുണ്ടുമാണ് ശ്രാവണി വിഹാന് വേണ്ടി സെലക്ട്‌ ചെയ്തത്. നവിക്കും അത് ഇഷ്ടമായി. ബിൽ പേ ചെയ്ത് സാധനം വാങ്ങി തിരിയവേയാണ് ശ്രാവണി ആരുടെയോ ദേഹത്തിടിച്ചത്. തറയിൽ ചിതറിപ്പോയ കവറുകൾ അടുക്കിയെടുത്തവൾ എഴുന്നേറ്റു. സോറി.. പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു. അവളുടെ മുഖം കണ്ട് അയാൾ നടുങ്ങി തരിച്ചു. സത്യമാണോ മിഥ്യയാണോ എന്ന ധാരണയിൽ അയാൾ കണ്ണുകൾ അമർത്തി തിരുമ്മി. അപ്പോഴേക്കും ശ്രാവണി മുന്നോട്ട് പോയിരുന്നു. ശ്രാവണീ… അവൻ മുന്നോട്ട് കുതിച്ചു.

നവിയുമായി ലിഫ്റ്റിൽ കയറിയിരുന്നു അപ്പോഴേക്കും അവൾ. അയാൾ പാഞ്ഞെത്തിയപ്പോഴേക്കും ലിഫ്റ്റിന്റെ ഡോർ ക്ലോസ് ആയിരുന്നു. ഛേ.. മുഷ്ടി ചുരുട്ടിക്കൊണ്ട് അവൻ തിരിഞ്ഞു. ഝടുതിയിൽ നാലാം നിലയിലെ പടിക്കെട്ടുകൾ ഓടിയിറങ്ങി. ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ അവൻ ലിഫ്റ്റിന്റെ വശത്തേക്ക് നോക്കി. അത് ശൂന്യമായിരുന്നു. ഒരു കൈ ഇടുപ്പിൽ വച്ച് മറുകൈയാൽ തലമുടി കോർത്തു പിടിച്ചുകൊണ്ട് അവന്റെ കണ്ണുകൾ ചുറ്റിലും പാഞ്ഞു. വെള്ളനിറത്തിലെ ചുരിദാർ ധരിച്ച ശ്രാവണിയെ എൻട്രൻസിന്റെ അടുക്കലായി അവൻ കണ്ടു.

കടയിൽ നന്നേ തിരക്കുണ്ടായിരുന്നതിനാൽ എല്ലാവരെയും വകഞ്ഞു മാറ്റി അവൻ മുന്നോട്ട് കുതിച്ചു. പലരുടെയും ശകാരങ്ങൾ കേട്ടെങ്കിലും അവൻ അത് ചെവിക്കൊണ്ടില്ല. അവന്റെ കണ്ണുകളും മനസ്സും അവളിലായിരുന്നു ശ്രാവണിയിൽ. പുറത്തേക്ക് എത്തി അവന്റെ കണ്ണുകൾ നാലുചുറ്റും അലഞ്ഞു. സ്കൂട്ടിയിൽ നവിക്ക് പിന്നിലായി ചിരിയോടെ പോകുന്ന അവളെ നോക്കി നിൽക്കെ അവന്റെ കണ്ണുകൾ എരിയുകയായിരുന്നു. ഒരുപാട് ആഗ്രഹിച്ചും നേടിയെടുക്കാൻ കഴിയാതെ വഴുതിപ്പോയ സ്വർണ്ണമത്സ്യമായിരുന്നു അവനവൾ. ആദ്യമായി അവന്റെ അസ്ഥിക്ക് പിടിച്ചവൾ.

കൈയെത്തും ദൂരെയെത്തിയിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നഷ്ടമായ അവന്റെ നിത്യവസന്തം.. ശ്രാവണി. സ്കൂട്ടിയുടെ നമ്പർ മനസ്സിൽ പതിച്ചു വച്ചുകൊണ്ട് അവൻ തിരിഞ്ഞു. ആ കണ്ണുകൾ മാത്രമല്ല മനസ്സും ജ്വലിക്കുകയായിരുന്നു ആരോടൊക്കെയോ ഉള്ള വൈരാഗ്യത്താൽ.. അവൻ… ഇന്ദ്രമൗലി !! വൈകുന്നേരം ജോലി കഴിഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കവെയാണ് വിഹാന്റെ ഫോൺ ശബ്‌ദിച്ചത്. തരുണി മാ.. ഫോണിൽ തെളിഞ്ഞു കണ്ട പേര് കണ്ടവൻ ഫോൺ ചെവിയോട് ചേർത്തു.

ഹലോ.. പറയ് അമ്മേ.. വാട്ട്‌.. ! എപ്പോൾ !! മറുവശത്ത് നിന്നും വന്ന വാക്കുകൾക്ക് വിഹാനെ ചുഴറ്റിയെറിയാൻ തക്ക കെൽപ്പുണ്ടായിരുന്നു. കാൾ കട്ട് ചെയ്ത് അവൻ ദേഷ്യത്താൽ ബൈക്കിൽ ആഞ്ഞടിച്ചു. പല്ലുകൾ ഞെരിച്ച് കോപമടക്കാൻ പണിപ്പെട്ടുകൊണ്ട് അവൻ ബൈക്കിൽ കയറി. വിഹാൻ കാണാത്ത രീതിയിൽ അലമാരയ്ക്കുള്ളിൽ ഷർട്ടും മുണ്ടും എടുത്ത് വച്ചശേഷം ശ്രാവണി പടികളിറങ്ങി താഴേക്ക് പോയി. അവളുടെ മുഖത്തെ സന്തോഷം പ്രവൃത്തികളിൽ തെളിഞ്ഞു കാണാമായിരുന്നു. വരാന്തയിലിരുന്ന അച്ഛന്റെ അരികിലായി അവൾ പോയിരുന്നു.

വാതോരാതെ എന്തൊക്കെയോ സംസാരിച്ചു ക്കൊണ്ടിരുന്നപ്പോൾ ആ അച്ഛനും അവളോടൊപ്പം വാചാലനായി. മുരൾച്ചയോടുകൂടി വിഹാന്റെ ബൈക്ക് മുറ്റത്തേക്ക് കടന്നപ്പോൾ അവൾ സന്തോഷത്തോടെ എഴുന്നേറ്റു നിന്നു. ബാഗും കൈയിലെടുത്ത് അവൻ അകത്തേക്ക് പാഞ്ഞു. സന്തോഷത്തോടെ അവന്റെ മുഖത്തേക്ക് നോക്കിയ അവൾക്ക് കാണാനായത് ചുട്ടു പഴുത്ത മുഖഭാവത്തോടെ നിൽക്കുന്ന വിഹാനെയായിരുന്നു. അവൾ പകപ്പോടെ അവനെ നോക്കി. നീയിന്ന് പുറത്തേക്ക് പോയിരുന്നോ.? അവന്റെ ദേഷ്യം കലർന്ന ചോദ്യം കേട്ടവൾ തലകുനിച്ചു.

കൈകൾ ഭയത്താൽ തണുത്തു. ഉടൽ വിറയ്ക്കാൻ തുടങ്ങി. അവളുടെ ദയനീയമായ നോട്ടം അച്ഛനിൽ എത്തിനിന്നു. അയാളും അമ്പരന്ന് നിൽക്കുകയായിരുന്നു. അവൾ പുറത്തേക്ക് പോയത് അയാൾ അറിഞ്ഞിട്ടില്ലായിരുന്നു. അവന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അമ്മയും നവിയും പുറത്തേക്ക് വന്നു. പറയെടീ.. നീയിന്ന് ഇവിടെ നിന്നും പുറത്തേക്ക് പോയിരുന്നോ എന്ന്.. പോയിരുന്നു… പറഞ്ഞുതീർന്നതും ഊക്കോടെ അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു.

വീഴാനാഞ്ഞ അവളെ അച്ഛൻ അണച്ചു പിടിച്ചു. ടീ.. അലറിക്കൊണ്ട് അവൾക്കടുത്തേക്ക് അവനടുത്തതും അവൾ അച്ഛനിലേക്ക് ഒതുങ്ങിക്കൂടി. വിഹൂ… അമ്മയും നവിയും അവനെ തടഞ്ഞു. എന്നോട് ചോദിച്ചിട്ടാ മോൾ പോയത്. നവിയുണ്ടായിരുന്നു കൂടെ. നീയിതെന്താ കാട്ടിയത്.. അവരവനോട്‌ ശബ്ദമുയർത്തി. ശ്രാവണിയുടെ നിറഞ്ഞ കണ്ണുകൾ കാഴ്ചയെ മറച്ചു. വിഹാന്റെ ഇങ്ങനൊരു രൂപം അവളാദ്യമായി കാണുകയായിരുന്നു. കവിൾ നീറി പുകയുംപോലെ അവൾക്ക് തോന്നി. കുഞ്ഞിനെപ്പോലെ ഏങ്ങിക്കരഞ്ഞുകൊണ്ട് അവൾ അച്ഛന്റെ മാറിലേക്ക് പറ്റിച്ചേർന്നു. കരയാതെ മോളേ.. ആ കൈകൾ അവളുടെ തലയെ തഴുകി കൊണ്ടിരുന്നു.

നിങ്ങൾക്കൊന്നും അറിയില്ല. നെഞ്ച് നീറിയാണ് ഞാൻ നടക്കുന്നത്. രണ്ടരവർഷക്കാലം ഞാൻ അനുഭവിച്ചതൊന്നും ആർക്കുമറിയില്ല. നിനക്കും മനസ്സിലാക്കാനായില്ലെടീ. ഇനിയൊരിക്കൽക്കൂടി ഇവളെ നഷ്ടപ്പെട്ടാൽ അമ്മയ്ക്ക് തന്ന വാക്ക് ഞാനങ്ങ് മറക്കും. ജീവനായത് കൊണ്ടാണെടീ നിന്നെ പൊതിഞ്ഞു കൊണ്ട് നടക്കുന്നത്. നിനക്കിവിടെ നിന്നും പുറത്തിറങ്ങി ചുറ്റി നടക്കാനുള്ള സമയമല്ല ഇത്.. ആര് കേൾക്കാനാ. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. ഛേ.. കൈയിലിരുന്ന ബാഗ് നിലത്തേക്ക് ശക്തിയിൽ എറിഞ്ഞശേഷം അവൻ മുറിയിലേക്ക് പോയി .

എല്ലാവരുടെയും ആശ്വാസവാക്കുകൾ കേട്ടുകൊണ്ട് റൂമിലേക്ക് നടക്കവേ അവൾ വിറച്ചു കൊണ്ടിരുന്നു. അവൾ അകത്തേക്ക് കടക്കുമ്പോൾ അവൻ കിടക്കുകയായിരുന്നു. വന്ന വേഷം പോലും മാറിയിട്ടില്ല. കണ്ണുകൾക്ക് മീതെ വച്ച കൈക്കിടയിലൂടെ ചെന്നിയിലേക്ക് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. വിഹാൻ.. ! സോറി.. അവളുടെ സ്വരം ചിലമ്പിച്ചിരുന്നു. അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റിരുന്നു. അവളുടെ കണ്ണുനീരും കവിളിൽ തിണർത്തു കിടക്കുന്ന വിരൽപ്പാടുകളും കണ്ടപ്പോൾ അവന് വല്ലായ്മ തോന്നി.

ഇന്ന് ശ്രീക്കുട്ടിയെ മാളിൽ വച്ച് മൗലി കണ്ടെന്ന് അമ്മ പറഞ്ഞറിഞ്ഞപ്പോഴുള്ള മാനസികാവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനുള്ള വാശി മാത്രമാണ് അവനിലുള്ളത്. അതുകൊണ്ട് തന്നെ അവനെ നിസ്സാരമായി കാണാനാകില്ല. എന്നും അവളെ ഒളിച്ചു വയ്ക്കാൻ കഴിയില്ലെന്നറിയാം. അവളുടെ ഓർമ്മകളിൽ ഇന്ദ്രമൗലി എന്ന പേരോ ആ മുഖമോ ഇപ്പോഴില്ല. അതിനാൽ തന്നെ അവൻ അവളെ എന്തെങ്കിലും ചെയ്താൽ അതവൾക്കൊരു ഷോക്കാകുമോയെന്ന ഭയമാണ്.

മൗലി അവളെപ്പറ്റി തിരക്കിയപ്പോൾ അത് ശ്രാവണിയല്ലെന്നും ഭ്രമമാകുമെന്നും പറഞ്ഞ് ഒഴിവാകുകയാണ് തരുണി ചെയ്തത്. കരഞ്ഞു കുതിർന്ന മുഖവുമായി തന്റെ മുന്നിലിരിക്കുന്നത് ആത്മാവിൽ അലിയിച്ചവളാണ്. ഇന്നുവരെ സ്നേഹത്തോടെയല്ലാതെ പെരുമാറിയിട്ടില്ല.. ആദ്യമായി എന്ത് ചെയ്യാനെന്നറിയാത്ത അവസ്ഥയിൽ തല്ലിപ്പോയി. അവന് സ്വയം നിന്ദ തോന്നി. അവളെ മാറോട് ചേർത്ത് വാരിയണയ്ക്കുമ്പോൾ നൂറ് പ്രാവശ്യം അവളോട് മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു അവൻ. നഷ്ടപ്പെട്ടെന്ന് കരുതിയിട്ടും വീണ്ടും കൈവന്ന് ചേർന്നതാണവൾ.

ഇനിയൊരിക്കൽ കൂടി അവളെ നഷ്ടമായാൽ.. ആ ചിന്ത പോലും അവനെ അടിമുടി ഉലച്ചു കളഞ്ഞിരുന്നു. തിണർത്തു കിടന്ന അവളുടെ കവിളിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ ചില സമയത്തെ പിണക്കങ്ങൾ പോലും ഒരു ആലിംഗനത്തിലോ ചെറുചുംബനത്തിലോ തീരുമെന്നറിയുകയായിരുന്നു അവളും.. അവനെന്ന സ്നേഹസാഗരത്തിൽ നിന്നുമൊരു മോചനം ഉണ്ടാകരുതേയെന്ന് പ്രാർത്ഥിക്കുമ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നത് ഇഷ്ടവരപ്രസാദിനിയായ അമ്മനായിരുന്നു.

അവളുടെ തെളിഞ്ഞ പുഞ്ചിരി മാത്രം മതിയായിരുന്നു അവന്റെ മനസ്സിലെ മൗലിയെന്ന കാർമേഘത്തെ തുടച്ചു മാറ്റുന്നതിനായി.. കളിചിരിയോടെ ഇരുവരും ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ നവിയുടെയും അമ്മയുടെയും അച്ഛന്റെയും സങ്കടത്തിന് അയവ് വന്നു. അവരുടെ മുൻപിൽ കുറ്റവാളിയെപ്പോലെ അവൻ തലകുനിച്ചു നിന്നു. ശ്രാവണി അമ്മയെയും നവിയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു . അവന്റെ സങ്കോചം മനസ്സിലായെന്നവണ്ണം അച്ഛൻ അവന്റെ തോളിൽ കൈയിട്ട് പുറത്തേക്ക് നടന്നു.

തന്റെ മനസ്സിലുള്ളവയെല്ലാം അച്ഛനെ അറിയിക്കുമ്പോൾ അവന്റെ മുഖത്തെ ആശങ്ക അദ്ദേഹത്തിന് മനസ്സിലാക്കുവാൻ കഴിഞ്ഞു. സന്ധ്യയോടടുത്തതിനാൽ ഇളംകാറ്റ് അവരെ തഴുകി കടന്നുപോയി. ഈ വീട്ടിലേക്ക് ശ്രീ ആദ്യമായി വന്നത് ഓണത്തിനാണ്. കണ്ടനാൾ മുതൽ ഒരു മകളായി തന്നെ ഞങ്ങളുടെ മനസ്സിലും ജീവിതത്തിലും കയറി കൂടിയതാണ് അവൾ. നമ്മുടെ വീട്ടിലെ മഹാലക്ഷ്മി. ഈ വീടിന്റെ താളവും ലയവുമെല്ലാം അവളാണ്. എന്നും എനിക്ക് വലുത് എന്റെ കുടുംബമാണ്.. എന്റെ ഭാര്യയും മക്കളുമാണ് .

ഈ അച്ഛന്റെ ഹൃദയം തുടിക്കുന്നിടത്തോളം എന്റെ മോൾക്ക് ഒന്നും സംഭവിക്കാൻ അച്ഛൻ സമ്മതിക്കില്ലെടാ. ഏത് മൗലി വന്നാലും എന്റെ മോന്റെ പെണ്ണിനെ ഒന്ന് തൊടാൻ പോലും ക കഴിയില്ല. അച്ഛന്റെ ആ വാക്കുകൾ മതിയായിരുന്നു അവന്റെ മനസ്സ് തണുക്കാൻ.. അച്ഛന്റെ സംരക്ഷണം മക്കൾക്ക് എല്ലാക്കാലത്തും വല്ലാത്തൊരു ഊർജ്ജമാണെന്ന് അവൻ മനസ്സിലാക്കി. എത്ര വളർന്നാലും അവർക്കെന്നും അവരുടെ കുഞ്ഞുമക്കൾ തന്നെയാണ് നാം. പിന്നേയ്.. ഇനിയിത് ആവർത്തിക്കരുത്. അവൻ മുഖം ചുളിച്ചു. എന്റെ കുഞ്ഞിനെ തല്ലിപ്പോകരുതെന്ന്..

കപടഗൗരവത്തിൽ അച്ഛനത് പറയുമ്പോൾ അവൻ അച്ഛനെ പുണർന്നു കഴിഞ്ഞിരുന്നു. അന്നത്തെ രാത്രി എല്ലാവരും പതിവുപ്പോലെ സന്തോഷത്തിലായിരുന്നു. പിറ്റേന്ന് രാവിലെ മിഥുനത്തിലെ തിരുവാതിര. വിഹാന്റെ പിറന്നാൾ. അവൾ നൽകിയ ഷർട്ടും മുണ്ടുമാണ് അവൻ ധരിച്ചത്. സിംപിളായ സെറ്റ് സാരിയിൽ ശ്രാവണി ഒരുങ്ങി. മഹാദേവന്റെ തിരുമുൻപിൽ നിന്നും മനസ്സുരുകി പ്രാർത്ഥിച്ചു ഇരുവരും. ഇനിയൊരു കാർമേഘത്താലും തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തരുത്. മൗലി ഒരു ശല്യമായി ജീവിതത്തിൽ കാണരുതേയെന്നും..

ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും തന്റെ പെണ്ണിനെ തന്നോട് തന്നെ ചേർത്ത് വയ്ക്കണേയെന്നുമാണ് വിഹാൻ പ്രാർഥിച്ചത്. തന്റെ കഴുത്തിലെ താലി സംരക്ഷിച്ച് ദീർഘസുമംഗലീഭാഗ്യം നൽകണേയെന്നും ഓർമ്മകളിൽ നിന്നായാൽപ്പോലും വിഹാനെ ഇനിയൊരിക്കൽപ്പോലും അവനെ അകറ്റരുതേയെന്നുമാണ് അവൾ മഹാദേവനോട് മനസ്സുരുകി പ്രാർഥിച്ചത്. ഇരുവരുടെയും പ്രാർത്ഥന കൈക്കൊണ്ടെന്നപോലെ തിരുനടയിലെ മണികൾ ഒരുമിച്ച് കിലുങ്ങി. വെളളനിറത്തിലെ താമരപ്പൂവ് ജടാധാരിയായ മഹാദേവന്റെ പാദത്തിൽ ഇറുന്ന് വീണു.

പാൽപ്പായസവും കൂട്ടിയായിരുന്നു ഉച്ചയ്ക്ക് സദ്യ. വിഹാനോടൊപ്പമിരുന്ന് ആദ്യത്തെ സദ്യ നിറമനസ്സോടെ അവൾ കഴിച്ചു. നിഹാറിന് ജോലിക്ക് പോകണമായിരുന്നു. നവി ഇഷാനെ സ്കൂളിൽനിന്നും വിളിക്കാനായി പോയിരുന്നു. വൈകുന്നേരത്തെ കേക്ക് കട്ടിങ്ങിന് ആവണിയെ കൂട്ടിക്കൊണ്ട് വരാനായി വിഹാൻ ഇറങ്ങി. അമ്മ കുളിക്കാൻ കുളക്കടവിലേക്ക് ഇറങ്ങി. ശ്രാവണി അച്ഛനോടൊപ്പം പച്ചക്കറി തോട്ടത്തിലായിരുന്നു. ഇടയ്ക്ക് അടർത്തിയെടുത്ത കുരുമുളക് മുറത്തിലാക്കുവാനായി ശ്രാവണി വീട്ടിലേക്ക് വന്നു.

മുറവുമായി പുറത്തേക്കിറങ്ങിയായപ്പോഴാണ് പുറത്തെ വാതിലിനടുത്തായി നിൽക്കുന്ന യുവാവിനെ അവൾ കണ്ടത്. ആരാണെന്നറിയാത്ത അമ്പരപ്പ് അവളിൽ നിറഞ്ഞു. അത് മൗലിയായിരുന്നു. കൈ വാതിലിന്റെ കട്ടിളയിൽ വച്ച് ഒരു കൈകൊണ്ട് മീശ പിരിച്ച് അവനവളെ ആപാദചൂഢം ഉഴിഞ്ഞു. അവന്റെ നോട്ടം തന്നിലാണെന്ന് അസ്വസ്ഥതയോടെ അവൾ തിരിച്ചറിഞ്ഞു. അച്ഛൻ തോട്ടത്തിലാണ്. ആരാ.. വിറയലോടെ അവൾ ചോദിച്ചു. ഞാനാരാണെന്നോ.. രണ്ടരവർഷം കൊണ്ട് മറന്നോടീ നീയെന്നെ.. വഷളൻ ചിരിയോടെ അവൻ അകത്തേക്ക് വന്നു.

അച്ഛാ.. വിളിച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങിയോടാൻ തുനിഞ്ഞതും അവൻ കൈകളിൽ പിടിത്തമിട്ടതും ഒരുമിച്ചായിരുന്നു. കുരുമുളക് നാലുപാടും ചിതറി വീണു. പെട്ടെന്നുണ്ടായ ധൈര്യത്തിൽ അവനെ ആഞ്ഞു തള്ളിയശേഷം അവൾ പുറത്തേക്കിറങ്ങിയോടി. അച്ഛാ.. അവൾ അലറി വിളിച്ചു. മൗലി അപ്പോഴേക്കും അവളുടെ പിന്നാലെ എത്തിയിരുന്നു. അവളെ പൂണ്ടടക്കം അവൻ പിടിച്ചു. കുതറി മാറുവാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ശബ്ദം കേട്ട് അച്ഛൻ ഓടിയെത്തി. വിടെടാ അവളെ.. മൗലിയെ ചവിട്ടി വീഴ്ത്തിക്കൊണ്ടായിരുന്നു അയാൾ അലറിയത്.

ശ്രാവണിയും തറയിലേക്ക് വീണു. അവിടെ നിന്നുമവൾ പിടഞ്ഞെഴുന്നേറ്റു. അപ്പോഴേക്കും മൗലിയുടെ കൂടെ വന്നവരെന്ന് തോന്നിക്കുന്ന രണ്ടുപേർ ഓടിയെത്തി. രണ്ടുപേരെയും നെഞ്ചിൽ പിടിച്ച് തള്ളിയശേഷം മൗലിയുടെ കവിളിൽ അയാൾ ആഞ്ഞടിച്ചു. തരുണിയുടെ കാർ മുറ്റത്തേക്ക് ഇരമ്പി വന്നുനിന്നു. വിഹാന്റെ പിറന്നാൾ ആണെന്നറിഞ്ഞ് സമ്മാനവുമായി വന്നതായിരുന്നു അവർ. മൗലിയെ കണ്ടവർ ശക്തമായി നടുങ്ങി. ഡോർ തുറന്നിറങ്ങിയ തരുണിക്ക് മുന്നിൽ നടക്കുന്നതെന്താണെന്ന് മനസ്സിലാക്കുവാൻ അധികനേരം വേണ്ടിവന്നില്ല.

രണ്ടുപേരാൽ ബന്ധനസ്ഥനാക്കപ്പെട്ട് മൗലിയുടെ അടിയേറ്റ് വാങ്ങുകയായിരുന്നു വിഹാന്റെ അച്ഛൻ. ശ്രാവണി മൗലിയെ തടയാൻ നോക്കുന്നുണ്ട്. ടാ.. തരുണി കൊടുങ്കാറ്റ് പോലെ പാഞ്ഞുവന്നു. മൗലിയെ ആകുംവിധം അടിക്കാൻ തുടങ്ങി. തരുണിയുടെ നേർക്ക് അവന്റെ കൈകൾ ഉയർന്നു താഴ്ന്നു. മോളെ പിടിച്ച് ഒളിച്ചു വയ്ക്കുന്നോടീ പുന്നാരമോളേ.. എനിക്ക് വാക്ക് പറഞ്ഞിട്ട് വല്ലവന്റെയും കൂടെ പൊറുപ്പിക്കാമെന്ന് കരുതിയോ. ഇന്നുവരെ ആശിച്ചതെല്ലാം നേടിയെടുത്തിട്ടേയുള്ളൂ ഞാൻ.

എന്നെ കൊതിപ്പിച്ചവളാണിവൾ. സ്വന്തമാക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചപ്പോൾ വരാൽ പോലെ വെട്ടിച്ചു പോയവൾ. എന്റെ ഏകനിരാശയായിരുന്നു ഇവളെ നേടിയെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നത്. ഇനിയിവൾ എന്റെ കൂടെ ജീവിച്ചാൽ മതി.. അവൻ മുരണ്ടു. അമ്മയെ വിടെടാ.. ശ്രാവണി അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. മാറിനിൽക്കെടീ.. കോപത്താൽ അന്ധനായ അവൻ ശ്രാവണിയെ പിടിച്ചു തള്ളി. പിന്നോക്കം ആഞ്ഞ അവൾ പടിയിൽ വന്നുവീണു.

അടിയേറ്റ് തരുണി തളർന്നു വീണു. പിന്നിൽനിന്നും ചവിട്ടിയ അച്ഛന്റെ തല പിടിച്ചവൻ തൂണിൽ ആഞ്ഞടിച്ചു. അച്ഛാ.. ശ്രാവണി അലറിപ്പാഞ്ഞെത്തി. കൈയിൽ കിട്ടിയ പത്തലുമായി അവൾ മൗലിയെ ആഞ്ഞടിച്ചു. അവളുടെ തലമുടിയിൽ ചുഴറ്റിക്കൊണ്ട് അവനവളെ ആഞ്ഞു തള്ളി. തലയുടെ പിൻഭാഗം തൂണിൽ അടിച്ചവൾ നിലത്തേക്ക് വീണു. കണ്ണുകളടയും മുൻപ് രക്തം പടർന്ന മുഖവുമായി അച്ഛൻ നിലത്തേക്ക് വീഴുന്നത് അവൾ മങ്ങലോടെ കണ്ടു. അച്ഛാ.. അവളുടെ ഉള്ളം അലറിക്കരഞ്ഞു.

മിന്നല്പിണരുകൾ ഒന്നിന്മേൽ ഒന്നായി പതിച്ചതുപോലെ അവളൊന്ന് പുളഞ്ഞു. അടഞ്ഞുപോകാൻ തുടങ്ങിയ മിഴികളെ അവൾ ആയാസപ്പെട്ട് താങ്ങി നിർത്തി. തന്റെ അടുത്തേക്ക് കുടിലതയോടെ കൗശലം നിറഞ്ഞ ചിരിയോടെ അവൻ അടുത്ത് വരുന്നത് അവൾ കണ്ടു. ഓർമ്മകൾ പൂർണ്ണമായും അവൾക്ക് മുൻപിൽ തെളിഞ്ഞുവന്നു. നഷ്ടമായവ തിരികെ വന്നതിൽ അവളൊന്ന് ഏങ്ങി. തന്നിലേക്ക് അടുത്ത് വരുന്ന രൂപത്തെ അവൾ ഭയത്തോടെ തിരിച്ചറിഞ്ഞു. മൗലി ! അവളുടെ അധരം മന്ത്രിച്ചു. വിഹാൻ.. അവൾ വേദനയോടെ വിളിച്ചു. അപ്പോഴേക്കും ആ കണ്ണുകൾ മെല്ലെ അടഞ്ഞിരുന്നു.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18

പ്രണയവിഹാർ: ഭാഗം 19

പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 21

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 23

പ്രണയവിഹാർ: ഭാഗം 24

പ്രണയവിഹാർ: ഭാഗം 25

പ്രണയവിഹാർ: ഭാഗം 26