Saturday, January 18, 2025
Novel

പ്രണയവിഹാർ: ഭാഗം 25

നോവൽ: ആർദ്ര നവനീത്‎

വിഹാൻ ! അവളുടെ കൈകൾ അവന്റെ കവിളിലൂടെ തഴുകി. അവൻ കാണുകയായിരുന്നു അവളുടെ കണ്ണിലെ തിളക്കത്തെ. മൊഴിയിൽ നിന്നും ശ്രാവണിയിലേക്ക് മടങ്ങിയതിൽ പിന്നെ ആദ്യമായി അവളിൽ തെളിഞ്ഞ പ്രണയഭാവം അവന്റെ കണ്ണുകളെ ആഹ്ലാദത്താൽ നനയിപ്പിച്ചു. അവളെ മാറോട് ചേർത്തണയ്ക്കുമ്പോൾ അവൻ നന്ദി പറയുകയായിരുന്നു ദൈവങ്ങളോട്. അവന്റെ ഹൃദയതാളത്തിൽ അലിഞ്ഞുചേർന്ന് അവൾ നിന്നു. പൂർണ്ണനിശ്ശബ്ദതയ്ക്കിടയിൽ അവന്റെ ഹൃദയത്തുടിപ്പ് മാത്രം അവൾക്കായി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. പതിയെ അവൻ അവളെ അടർത്തി മാറ്റി. അവളുടെ മുഖത്തേക്ക് അലിവോടെ നോക്കി .

ഫാനിന്റെ കാറ്റിൽ ഇളകിക്കൊണ്ടിരുന്ന മുടിയിഴകളെ വാത്സല്യപൂർവ്വം ഒതുക്കി വച്ചു. നിന്റെ മനസ്സിന്റെ കോണിലെവിടെയോ മറഞ്ഞിരിക്കുകയായിരുന്നു വിഹാൻ. ഇതുവരെ കാണാത്തൊരു ഭാവമാണ് ഇപ്പോൾ നിന്നിൽ ഞാൻ കാണുന്നത്. എന്റെ ശ്രീക്കുട്ടിയിലെ പ്രണയഭാവം. എങ്കിലും നിന്റെ നാവിൽ നിന്നും എനിക്ക് കേൾക്കണം ഓർമ്മ വന്നോ നിനക്കെന്നെ. നിന്റെ വിഹാനെ ഓർക്കാൻ കഴിഞ്ഞോ നിനക്ക്. മറവിയുടെ ചെപ്പ് തുറന്ന് ഓർമ്മയുടെ ഒരു തുണ്ടെങ്കിലും നിന്നിൽ പ്രകാശം ചൊരിഞ്ഞോ. അവന്റെ സ്നേഹം അവളെ പുതുമഴ പോലെ നനച്ചു കൊണ്ടേയിരുന്നു . അവന്റെ ഓരോ ഭാവവും തനിക്കെത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവളോർത്തു.

ആ കണ്ണുകളിലെ പ്രണയവും വാത്സല്യവും കരുതലുമെല്ലാം ഇമചിമ്മാതെ നോക്കിയിരിക്കാൻ തോന്നുമാറ് അവൻ പ്രിയമുള്ളവനാണെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. മങ്ങിയ രൂപങ്ങൾക്ക് തെളിച്ചം വന്നതുപോലെ.. ആ രൂപത്തിന് നിന്റെ മുഖമാണ് വിഹാൻ. അതെന്റെ തോന്നലല്ല.. മായയുമല്ല. നിന്റെ കണ്ണുകൾ അതിൽ നിറഞ്ഞുനിൽക്കുന്ന പ്രണയവും കരുതലും അതാണെനിക്ക് കാണുവാൻ കഴിഞ്ഞത്. ആ പെൺകുട്ടി അത് ഞാനാണ് ആ യുവാവ് നീയും. അതെ.. അത് നമ്മളാണ് വിഹാൻ.. കണ്ണുനീരിന്റെ ഈറനോടെ അവളുടെ ഉതിർന്നുവീണ വാക്കുകൾ മാത്രം മതിയായിരുന്നു വിഹാന്റെ മനസ്സ് തെളിയുന്നതിനായി.

ഇറുകെയവളെ പുണരുമ്പോൾ അവളറിയുകയായിരുന്നു അവന്റെ പ്രണയത്തിന്റെ ആഴവും പരപ്പും. ബൈക്കിന് പിന്നിലിരിക്കുമ്പോൾ പതിവ് അകലം അവർ തമ്മിലുണ്ടായിരുന്നില്ല. അവനെ ചുറ്റിപ്പിടിച്ച കൈകളുമായി അവനോട് ചേർന്നിരിക്കുമ്പോൾ അവൾ മറ്റൊരു ലോകത്തായിരുന്നു. വിഹാനും അവളും മാത്രമുള്ള പ്രണയത്തിന്റെ മാസ്മരികലോകത്ത്.. അവൻ തന്റെ എല്ലാമാണെന്ന് തിരിച്ചറിയുകയായിരുന്നു അവൾ. മനസ്സിനെ പറഞ്ഞു പഠിപ്പിക്കാതെ തന്നെ അവൾ തിരിച്ചറിയുവാൻ തുടങ്ങുകയായിരുന്നു തന്റെ പ്രാണനെ.. തെളിഞ്ഞ മുഖത്തോടെ പുഞ്ചിരിയോടെ അവർ സ്റ്റേജിലേക്ക് കയറിയപ്പോൾ ഐഷുവിന്റെയും സഞ്ജുവിന്റെയും മുഖം മാത്രമല്ല അവരുടെ പ്രിയപ്പെട്ടവരുടെയെല്ലാം മുഖം സന്തോഷത്താൽ തെളിഞ്ഞു.

ബ്ലാക്ക് കളർ പാന്റും ബ്ലെയ്സറും ഡീപ് റെഡ് കളർ ഷർട്ടുമായിരുന്നു സഞ്ജുവിന്റെ വേഷം. അതിന് ചേരുന്ന രീതിയിൽ ഡീപ് റെഡും വൈറ്റും കലർന്ന ലഹങ്കയിൽ സുന്ദരിയായിരുന്നു ഐഷു. അവരോടൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ശ്രാവണിയുടെ കൈകൾ വിഹാന്റെ കൈയിൽ മുറുകിയിരുന്നു. ഐഷുവിനെ പുണരുമ്പോൾ മനസ്സിൽ അവളോട് നന്ദി പറയുകയായിരുന്നു ശ്രാവണി. തിരിച്ചറിവിന്റെ പാതയിലേക്ക് തന്നെ നയിച്ചതിൽ.. ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതിൽ. ദീപുവും ആവണിയും അവരെ പ്രതീക്ഷിച്ചെന്നപോലെ നിൽപ്പുണ്ടായിരുന്നു. ശ്രാവണിയുടെ മാറ്റം ഇരുവരിലും സന്തോഷം പകർന്നു. ആദ്യത്തെ അപരിചിതത്വമില്ലാതെ ഇരുവരോടും ശ്രാവണി ചിരിയോടെ ഇടപെട്ടു.

കൂടെ പഠിച്ചവരിൽ പലരും വിവാഹത്തിന് എത്തിയിരുന്നു. ആരെയും ഓർത്തെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരോടും പ്രസന്നമായി പെരുമാറാൻ അവൾ ശ്രദ്ധിച്ചു. ഓർമ്മ നഷ്ടമായ വിവരം ആരും അറിഞ്ഞിട്ടില്ലായിരുന്നു. അവളുടെ തിരിച്ചു വരവ് ഏവർക്കും അമ്പരപ്പായിരുന്നു ഉളവാക്കിയതെങ്കിലും പിന്നീട് ആ പ്രണയജോഡികൾ ഒരുമിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. സ്റ്റേജിൽ പാട്ട് തുടങ്ങിയിരുന്നു. സഞ്ജുവും ഐഷുവും അതെല്ലാം ചിരിയോടെ ആസ്വദിക്കുന്നുണ്ട്. കപ്പിൾ ഡാൻസ് തുടങ്ങിയപ്പോൾ സഞ്ജുവും ഐഷുവും വിഹാനെയും ശ്രാവണിയെയും സ്റ്റേജിലേക്ക് വിളിച്ചു. ആദ്യം ശ്രാവണി ക്ഷണം നിരസിച്ചുവെങ്കിലും വിഹാൻ കൈനീട്ടിയപ്പോൾ അവൾക്ക് എതിർക്കുവാൻ കഴിഞ്ഞില്ല. അവൻ നീട്ടിയ കൈയിൽ മെല്ലെയവൾ കൈ ചേർത്തു. ”

“നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… ഈ മിഴിയിണയിൽ സദാ… പ്രണയം മഷിയെഴുതുന്നിതാ… ശിലയായി നിന്നിടാം… നിന്നെ നോക്കീ… യുഗമേറെയെന്റെ കൺ… ചിമ്മിടാതെ… എൻ ജീവനേ… അകമേ… വാനവില്ലിനേഴു വർണ്ണമായ്… ദിനമേ… പൂവിടുന്നു നിൻ മുഖം… അകലേ… മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ… എന്നോമലേ…””” വിഹാന്റെ കൈകൾ അവളുടെ കൈകളിൽ മെല്ലെ കോർത്തു. അവൻ വയ്ക്കുന്ന ചുവടുകൾക്കനുസൃതമായി അവളും ചുവട് വച്ചു. സാരിയായതിനാൽ അവൾക്ക് ചുവട് വയ്ക്കുന്നതിൽ ചെറിയ പ്രയാസം അനുഭവപ്പെട്ടെങ്കിലും അത് മനസ്സിലാക്കിയെന്നോണം വിഹാനവളെ എടുത്തുയർത്തി. എല്ലാവരും കൈയടിച്ച നിമിഷം. ശ്രാവണി ഇതൊന്നുമറിയാതെ അവനിലേക്ക് ഒതുങ്ങിയിരുന്നു. “”

“നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… നിൻ ഉയിരിനെ അനുദിനം നിഴലുപോൽ… പിൻ തുടരുവാൻ ഞാനലഞ്ഞീടവേ… എൻ വെയിലിനും മുകിലിനും അലിയുവാൻ… നിൻ മാനമിതാ വെണ്ണിലാവാനമായ്… ഒരേ വഴിയിലീരാവോളം ഒഴുകി നാം… കെടാതിരിയാണേ നമ്മളിൽ നമ്മളെന്നെന്നും…. നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… വെൺ ശിശിരമേ പതിയെ നീ തഴുകവേ… എൻ ഇലകളെ പെയ്തു ഞാനാർദ്രമായ്… നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ… ഞാൻ വിടരുമേ വാർമയിൽപീലി പോൽ… ഒരേ ചിറകുമായ് ആയിരം ജന്മവും… കെടാതുണരണേ നമ്മളിൽ നമ്മളാവോളം…””” അവളെ ചേർത്തുപിടിച്ച് അതിനനുസരിച്ച് ചുവട് വയ്ക്കുമ്പോൾ ഇരുവരുടെയും മിഴികൾ കോർത്തിരുന്നു.

ചുറ്റുമുള്ളതെല്ലാം അവർ മറന്നിരുന്നു. പ്രണയം മാത്രം തുള്ളിത്തുളുമ്പി നിന്ന നിമിഷങ്ങൾ. അവനവളെ മെല്ലെ താഴേക്കിറക്കി. ഇടുപ്പിന്റെ നഗ്നതയിൽ അവന്റെ കൈയമർന്നപ്പോൾ അവൾ ഒന്നുയർന്നു. അത് മനസ്സിലായെന്നപോലെ അവനവളെ ഒന്നുകൂടി അടുപ്പിച്ചു. “””നീ ഹിമമഴയായ് വരൂ… ഹൃദയം അണിവിരലാൽ തൊടൂ… ഈ മിഴിയിണയിൽ സദാ… പ്രണയം മഷിയെഴുതുന്നിതാ… ശിലയായി നിന്നിടാം… നിന്നെ നോക്കീ… യുഗമേറെയെന്റെ കൺ… ചിമ്മിടാതെ… എൻ ജീവനേ… അകമേ… വാനവില്ലിനേഴു വർണ്ണമായ്… ദിനമേ… പൂവിടുന്നു നിൻ മുഖം… അകലേ… മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ… എന്നോമലേ…”” ചുവട് വയ്ക്കുമ്പോൾ അവളുടെ മനസ്സിലേക്ക് കഴിഞ്ഞുപോയതിൽ എന്തൊക്കെയോ മിന്നൽ പോലെ പുളഞ്ഞിറങ്ങി.

തല കറങ്ങുന്നതുപോലെ തോന്നിയെങ്കിലും അവൾ വിഹാനെ മുറുകെ പിടിച്ചിരുന്നു. **ഗുൽമോഹർ മരത്തിന് ചുവട്ടിൽ വിഹാനോട് ചേർന്ന് നിൽക്കുന്ന പെൺകുട്ടി. അവളുടെ മുടിയിഴകൾ കാറ്റിനനുസരിച്ച് ഇളകുന്നുണ്ട്. അവന്റെ ഇടുപ്പിൽ മുറുകിയ കൈകൾ. മാറോട് ചേർന്നവന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്ന അവളെ ഇപ്രാവശ്യം വ്യക്തമായി തെളിഞ്ഞു. ** അത് താനാണെന്നവൾ അറിഞ്ഞു. അവളുടെ മാറ്റം അറിഞ്ഞ വിഹാൻ അവളെയും കൂട്ടി പുറത്തേക്കിറങ്ങി. കസേരയിലേക്ക് അവളെ പിടിച്ചിരുത്തിയപ്പോൾ അമ്മയും അച്ഛനും ആധിയോടെ ഓടിയണഞ്ഞു. എന്ത് പറ്റി മോൾക്ക്.. ഒന്നുമില്ലമ്മേ.. എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു.

എന്തോ ചോദിക്കാനാഞ്ഞ അവരെ വിഹാൻ കണ്ണുകൾ കൊണ്ട് വിലക്കി. ശരി മക്കളേ.. മോൾക്ക് വയ്യെങ്കിൽ നിങ്ങൾ നിൽക്കേണ്ട പൊയ്ക്കോളൂ. ഇവിടുത്തെ ബഹളം കാരണം മോൾക്ക് അസ്വസ്ഥത കാണും.. അച്ഛൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞവർ ഇറങ്ങി. നീ ഓക്കേ അല്ലേ. അവൻ ആശങ്കയോടെ തിരക്കി. നന്നേ തലവേദന ഉണ്ടായിരുന്നുവെങ്കിലും അവനെ പരിഭ്രമിപ്പിക്കേണ്ടെന്ന് കരുതി അവൾ ഇല്ലെന്ന് തലയനക്കി. അത് മനസ്സിലായിട്ടെന്നപോലെ വിഹാൻ അവളെ സൂക്ഷിച്ചു നോക്കി. ബൈക്കിൽ പോകേണ്ട കാറിന്റെ കീ ഇതാ.. നിഹാർ അവിടേക്ക് വന്നു.

അപ്പോൾ അമ്മയും അച്ഛനുമോ. ഞങ്ങൾ ഓട്ടോയിൽ വന്നേക്കാം. നീ മോളെയും കൊണ്ട് പൊയ്ക്കോ. മുഖമൊക്കെ വല്ലാതെ കടുത്തിട്ടുണ്ട്.. അമ്മ പറഞ്ഞു. വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും നിശ്ശബ്ദരായിരുന്നു. പുറത്ത് മഴ വെള്ളിനൂലുകൾ പോലെ പെയ്തിറങ്ങുന്നുണ്ടായിരുന്നു. ഡോർ ഗ്ലാസ്സിലേക്ക് മുഖം ചേർത്തവൾ ഇരുന്നു. മഴത്തുള്ളികൾ ഗ്ലാസ്സിൽ പറ്റിച്ചേർന്നിരിക്കുന്നതിൽ ചൂണ്ടുവിരൽ കൊണ്ടവൾ തൊട്ടു. വീണ്ടും അസഹ്യമായ തലവേദന അനുഭവപ്പെടാൻ തുടങ്ങി. ഓർമ്മയുടെ ചീളുകൾ മെല്ലെ അവളിലേക്ക് അരിച്ചിറങ്ങുന്നതിന്റെ ആരംഭമെന്നോണം തലവേദന ശക്തി പ്രാപിക്കാൻ തുടങ്ങി. ഒരു പുളച്ചിലോടെ ഡ്രൈവ് ചെയ്യുന്ന വിഹാന്റെ മടിത്തട്ടിലേക്ക് ഞെട്ടറ്റ പൂവ് പോലെ അവൾ പതിച്ചു.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18

പ്രണയവിഹാർ: ഭാഗം 19

പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 21

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 23

പ്രണയവിഹാർ: ഭാഗം 24