Tuesday, December 3, 2024
Novel

പ്രണയവിഹാർ: ഭാഗം 22

നോവൽ: ആർദ്ര നവനീത്‎

തെന്നിപ്പാഞ്ഞുവന്ന കാറ്റ് പനിനീർപ്പൂക്കളുടെ സുഗന്ധവും പേറിയാണ് വന്നത്. അവൾ മൂക്ക് വിടർത്തി ആ ഗന്ധം ആവാഹിച്ചു. മുറ്റത്തായി ഇളംറോസ് നിറത്തിൽ കുലകുലയായി കിടക്കുന്ന പനിനീർ റോസാ പുഷ്പങ്ങളിൽ ഒരു നിമിഷം അവളുടെ കണ്ണുകൾ ഉടക്കി. വീണ്ടും അവളുടെ നോട്ടം അതിൽ നിന്നും മാറി വിഹാന്റെ അമ്മയിൽ തറച്ചു. അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൾക്ക് വല്ലായ്മ തോന്നി. കാരണമറിയാത്ത ഒരു വിഷമം അവളുടെ ഹൃദയത്തിൽ ചെറു നോവുണർത്തി. താൻ ഇന്നേവരെ കണ്ടിട്ടില്ലാത്തവരാണ് തനിക്ക് മുൻപിൽ നിന്ന് കണ്ണുനീർ വാർക്കുന്നത് എന്ന ഓർമ്മ അവളെ വല്ലാതെ അസ്വസ്ഥയാക്കി. ഓർമ്മകളുടെ ഒരു ഈടിൽപോലും അവരാരുമില്ലെന്ന സത്യം അവളുടെ കണ്ണുകൾ നിറയുന്നതിന് കാരണമായി. താനറിഞ്ഞ കഥയിൽ ഇവരെല്ലാം തനിക്ക് പ്രിയപ്പെട്ടവരായിരുന്നു .

ആദ്യമായി ഒരമ്മയുടെയും അച്ഛന്റെയും സ്നേഹവാത്സല്യങ്ങൾ അറിഞ്ഞത് ഇവരിൽ നിന്നുമാണ്. എന്നിട്ടും ഒരു വികാരവുമില്ലാതെ അവർക്ക് മുൻപിൽ നിൽക്കുമ്പോൾ അവർക്ക് എന്ത് തോന്നുമെന്ന ചിന്ത അവളിൽ പിറവിയെടുത്തു. ഓരോ മുഖങ്ങളിലേക്കും അവളുടെ നോട്ടം ഇറങ്ങിച്ചെന്നു. വിഹാന്റെ വീട്ടുകാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. വന്നുകഴിഞ്ഞാൽ അമ്മയെന്നും അച്ഛായെന്നും ഏട്ടായെന്നും വിളിച്ച് പിന്നിൽനിന്ന് മാറാത്തവളാണ് ഇന്ന് തങ്ങൾക്കു മുന്നിൽ അപരിചിതയെപ്പോലെ നിൽക്കുന്നതെന്ന യാഥാർത്ഥ്യം അവരിൽ നോവുണർത്തി. ജീവിച്ചിരിക്കുന്നുവെന്ന സത്യം ആഹ്ലാദം ഉണർത്തുമ്പോഴും അപരിചതമായ ഭാവത്തോടെ മുൻപിൽ മിഴിച്ചുനിൽക്കുന്ന അവൾ അവർക്കൊരു നൊമ്പരമായി.

അവളിലെ മാറ്റം അവർ നോക്കി കാണുകയായിരുന്നു. മോഡേൺ വസ്ത്രമല്ല ദാവണിയാണ് വേഷം. മുറിച്ചിട്ട മുടിയല്ല പകരം നീണ്ടുതഴച്ച തലമുടി. സ്വതവേ വെളുത്തനിറമായിരുന്നുവെങ്കിലും ഒരൽപ്പം നിറം കൂടിയെന്നവർക്ക് തോന്നി. അവരുടെ കണ്ണുകൾ അവളുടെ കഴുത്തിലെ മഞ്ഞച്ചരടിലും സീമന്തരേഖയിലെ സിന്ദൂരച്ചുവപ്പിലും ഉടക്കിനിന്നു. ഒടുവിൽ ആ കണ്ണുകൾ വിഹാനിൽ തറഞ്ഞു നിന്നു. അത് മനസ്സിലാക്കിയെന്നവണ്ണം നവി അകത്തേക്ക് കയറിപ്പോയി. ഒരു കാഴ്ച കാരിയെ പോലെ ഒന്നും മനസ്സിലാകാതെ ശ്രാവണി നിന്നു. തിരികെ ഇറങ്ങി വന്ന നവിയുടെ കൈയ്യിൽ ഏഴു തിരിയിട്ട നിലവിളക്കും ആരതിയും ഉണ്ടായിരുന്നു. വിഹാനെയും ശ്രാവണിയെയും ചേർത്തുനിർത്തി അവർ ആരതിയുഴിഞ്ഞു.

സംതൃപ്തമായ മനസ്സോടെ അവർ നിലവിളക്ക് അവൾക്ക് നേരെ നീട്ടി. യാന്ത്രികമായി അവളാ നിലവിളക്ക് വാങ്ങി. വലതുകാൽ വച്ച് വീട്ടിലേക്ക് കയറി. ബാക്കിയുള്ളവർ അവളെ അനുഗമിച്ചു. അപ്പോൾ തന്നെ യാത്ര പറഞ്ഞ് സഞ്ജുവും ഐഷുവും ദീപുവും ആവണിയും ഇറങ്ങി. നവി അവളെയും കൂട്ടി വിഹാന്റെ മുറിയിലേക്ക് നടന്നു. ആദ്യമായി അവർക്കിടയിൽ നിശബ്ദത നിറഞ്ഞു നിന്നു. കണ്ടനാൾ മുതൽ കുഞ്ഞനുജത്തിയായി നവിയേച്ചീ എന്ന് വിളിച്ചു നടന്നവളാണ്. അവളുടെ കണ്ണ് നിറഞ്ഞു. ആദ്യം കാണുന്നതുപോലെ ശ്രാവണി എല്ലാം നോക്കിക്കാണുകയായിരുന്നു. ഇതാണ് വിഹാന്റെ മുറി. ശ്രീ ഫ്രഷ് ആയിക്കോളൂ. ഞാൻ താഴെയുണ്ടാകും. അങ്ങോട്ട് വരണേ.. നവി പറഞ്ഞു. ശ്രാവണി തല അനക്കിയതേയുള്ളൂ. ശ്രീ.. ചോദ്യഭാവത്തിൽ ശ്രാവണി നവിയെ നോക്കി.

ഇവിടെ വന്നുകഴിഞ്ഞാൽ ഞങ്ങളുടെ പിന്നിൽ നിന്നും മാറാതെ വായാടിയായി നടന്നിരുന്നവളായിരുന്നു നീ. ആ ശ്രീയിൽ നിന്നും ഈ ശ്രീയിലേക്കുള്ള മാറ്റo ഞങ്ങൾക്ക് വേദനയാണ്. നീയെനിക്കെന്റെ അനുജത്തി തന്നെയാണ്. നിനക്ക് ഞങ്ങളെല്ലാം അപരിചിതരാണെന്ന് ഓർക്കുമ്പോൾ അനുഭവപ്പെടുന്ന നോവ് ഇല്ലാതാകണമെങ്കിൽ നീ ഞങ്ങളുടെ ശ്രീയാകണം. അതിന് കൂടെ ഞങ്ങളുണ്ടാകും.. നവി അവളുടെ കൈകളിൽ പിടിച്ചു. ഫ്രഷ് ആയിട്ടവൾ ബാഗിൽ നിന്നും ദാവണിയെടുത്തു. പാവാടയും ബ്ലൗസും അണിഞ്ഞശേഷം ദുപ്പട്ട കൈയിലെടുത്തു. ഒരുനിമിഷം വലിയ കണ്ണാടിയിൽ അവൾ നോക്കി. ബ്ലൗസ് അൽപ്പം താഴ്ത്തി അവളാ ടാറ്റൂവിൽ വിരലോടിച്ചു.

വിഹാൻ എന്ന പേരിലൂടെ വിരലോടിക്കുമ്പോൾ വല്ലാത്തൊരു കുളിര് തന്നെ പൊതിയുന്നതായി അവൾക്ക് തോന്നി. ചെറുപുഞ്ചിരി അവളുടെ ചുണ്ടിൽ തത്തിക്കളിച്ചു. പെട്ടെന്നാണ് വിഹാൻ അകത്തേക്ക് കയറിയത്. ഞെട്ടിയവൾ തിരിഞ്ഞു നോക്കി. അവനും അമ്പരന്ന് നിൽക്കുകയായിരുന്നു. കുളി കഴിഞ്ഞ് ടവ്വലിൽ പൊതിഞ്ഞ മുടിയും ഈറൻ കഴുത്തും അവൻ കൗതുകത്തോടെ നോക്കി. അവന്റെ ചുവടുകൾ അവൾക്കരികിലേക്ക് അവൻപോലും അറിയാതെ ചലിച്ചു. പൊന്നുമോളേ.. ഇതിനുംമാത്രം കണ്ട്രോൾ ഒന്നും എനിക്കില്ല. നീയെന്നെ വെറുതെ ആശിപ്പിക്കല്ലേ. എന്റെ പെണ്ണായി ഇങ്ങനൊരു ദിവസം സ്വപ്നം കണ്ടവരാണ് നമ്മൾ. നീയാ ദുപ്പട്ട എടുത്തിട്ടേ. പെട്ടെന്ന് ഓർത്തതുപോലെ അവൾ ദുപ്പട്ടയാൽ മാറ് മറച്ചു. ചെറുചിരിയോടെ അവൻ ഫ്രഷാകാൻ പോയി.

പതർച്ചയോടെയാണ് ശ്രാവണി താഴേക്ക് വന്നത്. അവരുടെയൊക്കെ സമീപനം എങ്ങനെയാകുമെന്നതിൽ അവൾക്ക് ഉൽഘണ്ഠയുണ്ടായിരുന്നു. വിഹാനിൽ നിന്നറിഞ്ഞ കാര്യങ്ങൾ അവരെയാകെ പിടിച്ചുലച്ചിരുന്നു. രണ്ടരവർഷം കാട്ടിലെ പെൺകൊടിയായി ആരാണെന്ന് പോലുമറിയാത്ത രണ്ട് പേരുടെ മകളായി അവൾ കഴിഞ്ഞു. ഉറ്റവരും ഉടയവരുമുണ്ടായിട്ടും ആരുമില്ലാത്തവളായി ഓർമ്മയില്ലാത്തവളായി. ഇന്നവൾ തങ്ങളോടൊപ്പമുണ്ടെങ്കിൽ പോലും അവളുടെ കഴിഞ്ഞ നാളുകൾ അവർക്ക് വേദന തന്നെയായിരുന്നു. അവൾ ജീവനോടെയുണ്ടെന്നതും സ്വന്തം മകളെപ്പോലെ അവരവളെ അത്രയേറെ സ്നേഹിച്ചുവെന്നതും അവരിൽ ആശ്വാസവും സന്തോഷവും നിറച്ചു. ഒരേസമയം രണ്ട് വികാരങ്ങളും അതിലുണ്ടായിരുന്നു.

വാ മോളേ.. അവൾ ഇറങ്ങിവന്നതും വിഹാന്റെ അമ്മ അവളെ അരികിൽ പിടിച്ചിരുത്തി. മോളൊരുപാട് പ്രാവശ്യം വന്ന വീടാ ഇത്. വലതുകാൽ വച്ച് എന്റെ വിഹൂന്റെ പെണ്ണായി വരാൻ ആശിച്ചയിടം. അമ്മയുടെയും അച്ഛന്റെയുമെല്ലാം കൈയിൽ തൂങ്ങി മോൾ നടന്നയിടം. അവളുടെ അപരിചിതമായ നോട്ടം നൊമ്പരമുണർത്തിയെങ്കിലും അവളുടെ മുടിയിൽ തഴുകി അവർ പറഞ്ഞു. ഓർമ്മയുടെ ചെറുലാഞ്ചന പോലുമില്ലെങ്കിലും ആ അമ്മയുടെ സാമീപ്യം അവൾക്കിഷ്ടമായി. തനിക്കേറെ പ്രിയമുള്ളരാൾ അരികിലുള്ളതുപോലെ. അവളവരെ നോക്കി പുഞ്ചിരിച്ചു. പെട്ടെന്നവൾക്ക് സീതമ്മയെയും അപ്പയെയും ഓർമ്മവന്നു. രക്തബന്ധമില്ലെങ്കിലും ഓർമ്മകളിൽ ഇപ്പോഴും അവരാണ് അമ്മയുടെയും അപ്പയുടെയും സ്ഥാനത്ത്. ഊറിവന്ന കണ്ണുനീർ ആരും കാണാതവൾ സമർത്ഥമായി മറച്ചു.

വിഹാൻ കുളിച്ചിറങ്ങി വന്നപ്പോഴേക്കും അവൾ എല്ലാവരോടുമൊപ്പം ഇരിക്കുന്നതാണവൻ കണ്ടത്. ഇഷാൻ അവളുടെ മടിയിലിരിപ്പുണ്ട്. അച്ഛന്റെയും അമ്മയുടെയും മധ്യത്തിലിരുന്ന് നിഹാരേട്ടനെ നവിയേടത്തി എന്തോ പറഞ്ഞ് കളിയാക്കുന്നത് നോക്കുകയാണവൾ. ചുണ്ടിൽ പുഞ്ചിരി തങ്ങി നിൽപ്പുണ്ട്. മുൻപായിരുന്നെങ്കിൽ മുൻപന്തിയിൽ കളിയാക്കുവാനും കുറുമ്പ് കാട്ടുവാനും അവളുണ്ടായിരുന്നേനെ. മനസ്സ് ഓർമ്മകളില്ലാത്ത ശ്രീക്കുട്ടിയെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാവാം വേദന അതിപ്പോൾ സ്ഥായിയായുള്ളത്. ഒരുമിച്ചിരുന്നാണ് അവർ ഭക്ഷണം കഴിച്ചത്. പുതിയ അന്തരീക്ഷവും കുടുംബവും ശ്രാവണിയ്ക്ക് എല്ലാം പുതുമയുള്ളതായിരുന്നു. എല്ലാവരും സ്നേഹം നിറഞ്ഞവരാണെന്ന് നിമിഷനേരം കൊണ്ടവൾക്ക് മനസ്സിലായിരുന്നു. എന്നിട്ടും ഇടപഴകാൻ മനസ്സ് മടിക്കുന്നതുപോലെ.

വിഹാന്റെ നോട്ടം പലവുരു തേടിയെത്തിയിട്ടും മനപ്പൂർവം അവഗണിച്ചു. തന്റെ സുഹൃത്തായിരുന്നവൻ കാമുകനായിരുന്നവൻ ഇപ്പോൾ കഴുത്തിലെ താലിയുടെ അവകാശി. എന്നിട്ടും അവനോട് അടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുവാൻ മടി കാണിക്കുന്നത് മനസ്സാണോ അതോ താനാണോ.? അവൾ സ്വയം ചോദിച്ചു. ആവണിയുടെയും ഐഷുവിന്റെയും വാക്കുകളിലൂടെ അറിഞ്ഞ തങ്ങളുടെ പ്രണയം അവൾ മനസ്സിൽ ചിന്തിച്ചു നോക്കി. പലപ്പോഴും അവളുടെ കവിളുകൾ ചുവന്നു . വിഹാൻ എന്ന പേരിൽ പോലും താൻ തരളിതയാകുന്നുവെന്ന് അവൾക്ക് തോന്നി. ചുണ്ടിൽ വിരിഞ്ഞ നിറചിരിയോടെ മുഖമുയർത്തിയതും നോട്ടം പതിഞ്ഞത് തന്നെത്തന്നെ പ്രണയപൂർവ്വം ഉറ്റുനോക്കിക്കൊണ്ട് ഇരിക്കുന്ന ആ കണ്ണുകളിലേക്കാണ്.

പ്രണയസാഗരം അലയൊലി തീർത്ത ആ മിഴികളിലേക്ക് ഇറങ്ങി ചെല്ലുവാൻ അവൾ വെമ്പൽ കൊണ്ടു. ഇഷാന്റെ വിളി കേട്ടവൾ നോട്ടം പിൻവലിച്ചു. അപ്പോൾ ഉയർന്ന ഹൃദയതാളം അവനുവേണ്ടിയാണെന്ന് അവളെന്തോ ഓർത്തില്ല. മോളെ എവിടെ കാണിക്കാനാ ഉദ്ദേശിക്കുന്നത് വിഹൂ.. അച്ഛനാണ്. ജി എമ്മിൽ ഡോക്ടർ അനന്തമൂർത്തി അയ്യർ ഉണ്ട്. നിഹാരേട്ടന്റെ ഫ്രണ്ടിന്റെ റിലേറ്റീവ് ആണ്. അദ്ദേഹത്തെ കാണിക്കാം. അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട് നാളത്തേക്ക്. ഡോക്ടർ നോക്കട്ടെ.. തന്റെ ഓർമ്മകളിലേക്കൊരു മടക്കം. മൊഴിയിൽ നിന്നും ശ്രാവണിയിലേക്കുള്ള മടക്കം.

വിഹാന്റെ ശ്രീക്കുട്ടിയായി.. ഇവരുടെയെല്ലാം ശ്രീയായി. അവൾക്കെന്തോ വല്ലാത്ത പരിഭ്രമം തോന്നി. അത് മനസ്സിലായെന്നവണ്ണം വിഹാൻ ആ കൈകളിൽ മെല്ലെ കൈവച്ചു. അവന്റെ കൈയുടെ ഇളംചൂട് ശരീരത്തിൽ മാത്രമല്ല ഹൃദയത്തിലേക്കും തണുപ്പ് പടർത്തുന്നത് അവൾ തിരിച്ചറിഞ്ഞു. അവൾപോലുമറിയാതെ അവളുടെ കൈകൾ അവന്റെ കൈവിരലുകൾക്കിടയിൽ മുറുകി.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18

പ്രണയവിഹാർ: ഭാഗം 19

പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 21