Thursday, December 26, 2024
Novel

പ്രണയവിഹാർ: ഭാഗം 18

നോവൽ: ആർദ്ര നവനീത്‎

നേരം ഏറെ കഴിഞ്ഞിട്ടും വിഹാന്റെ ഗന്ധവും സ്വരവും ഇപ്പോഴും തനിക്കരികിലുണ്ടെന്ന് അവൾക്ക് തോന്നി. തന്നെ കാണുമ്പോൾ അവനിൽ വിരിയുന്നത് പ്രണയത്തിന്റെ ഭാവങ്ങളാണെന്ന് ഓർക്കുന്തോറും അവൾക്ക് ഉൾഭയം തോന്നി. അന്യനായൊരു പുരുഷൻ ഇത്രയേറെ അടുപ്പം കാണിച്ചിട്ടും തനിക്കെന്ത് കൊണ്ടാണ് പ്രതികരിക്കാൻ കഴിയാത്തതെന്നോർത്ത് അവൾക്ക് ഒരേസമയം വിഷമവും ദേഷ്യവും തോന്നി. കണ്ണടയ്ക്കുമ്പോൾ പോലും വിഹാന്റെ രൂപമാണ് മുൻപിൽ. ചുവരിലെ ചെറിയ കണ്ണാടിയുടെ മുൻപിൽ അവൾ നിന്നു. വിരലുകളാൽ മുഖത്തെ തഴുകി. ശ്രീക്കുട്ടിയുടെ മുഖച്ഛായ ഉള്ളതുകൊണ്ടാകാം വിഹാൻ തന്നോടടുക്കാൻ ശ്രമിക്കുന്നത്. ഒരുപക്ഷേ അവന് അവളോടുള്ള പ്രണയത്തിന്റെ ആഴം ഐഷാനിയുടെ വാക്കുകളിലൂടെ അറിഞ്ഞത് കൊണ്ടാകുമോ തനിക്കവനോട് ദേഷ്യപ്പെടാൻ പോലും കഴിയാത്തത്. പുറത്ത് അപ്പോഴും പാട്ട് ഉയർന്നു കേൾക്കാമായിരുന്നു.

നിദ്രാദേവി മൊഴിയെ തഴുകി തലോടുമ്പോഴും സ്വപ്നങ്ങളിൽ പോലും നിറഞ്ഞു നിന്ന രൂപത്തിന് വിഹാന്റെ ഛായയായിരുന്നു. കൂടെയുള്ള പെൺകുട്ടിക്ക് അവളുടെയും.. രാവിലെ കുളിക്കാൻ പതിവുപോലെ മൊഴിയ്ക്കൊപ്പം ഐഷുവും ആവണിയും ഉണ്ടായിരുന്നു. വെട്ടിയൊതുക്കിയ മണ്ണ് കൊണ്ടുള്ള പടവുകൾക്ക് മേലെയിരുന്ന് വസ്ത്രം അലക്കുകയാണ് ഐഷു. ആവണി തൊട്ടപ്പുറത്ത് മാറി ഫോൺ ചെയ്യാനായി റേഞ്ച് നോക്കുന്നുമുണ്ട്. മൊഴി തെളിഞ്ഞ വെള്ളത്തിലേക്ക് മിഴികളൂന്നി ഇരിക്കുകയായിരുന്നു. അതിൽ അവളുടെ പ്രതിബിംബം തെളിഞ്ഞു കാണാമായിരുന്നു. അഴിച്ചിട്ട നീളൻ മുടികളും മുഖവും അവൾ ഇതുവരെ കാണാത്തതുപോലെ നോക്കി. പതിയെ ശ്രീക്കുട്ടിയുടെയും വിഹാന്റെയും രൂപം അതിൽ തെളിഞ്ഞു. അവൾ ഞെട്ടി പിന്നോക്കം വേച്ചു. എന്നാൽ അത് തന്റെ മിഥ്യാധാരണ മാത്രമാണെന്ന് ഞൊടിയിടയിൽ അവൾ മനസ്സിലാക്കി. ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് അവൾ കുളിക്കാനായി ഇറങ്ങി.

കരയിൽ ഇരുന്ന് അവൾ കുളിക്കുന്നത് കണ്ട് ഐഷുവിന് ചിരി വന്നു. കാട്ടിൽ വളർന്ന കാട്ടുപെണ്ണിന് ഒരു നീർച്ചോലയിൽ നീന്തുവാനും ധൈര്യക്കുറവുണ്ടോ.. ഐഷുവിന്റെ ചിരി മൊഴിയെ അസ്വസ്ഥയാക്കിയതേയുള്ളൂ. അതുകൊണ്ടുതന്നെ അവൾ കുറച്ചുകൂടി മുന്നിലേക്ക് ഇറങ്ങി നിന്നു. വെള്ളത്തിനടിയിലെ പാറയിൽ ചവിട്ടി നിന്നത് ശരിയാകാതെ അവൾ മുന്നോട്ട് ആഞ്ഞതും കാൽ വഴുക്കിയതും ഒരുമിച്ചായിരുന്നു. വെള്ളത്തിലേക്കവൾ പതിച്ചു. എഴുന്നേൽക്കാൻ ശ്രമിക്കുന്തോറും അതിന് കഴിയാതെ അവൾ വീണ്ടും മുങ്ങി. ഐഷുവും ആവണിയും നിലവിളിയോടെ വെള്ളത്തിലേക്കിറങ്ങാൻ നോക്കി. നീന്തലറിയില്ലെങ്കിലും അവരാൽ കഴിയുംവിധം അവർ രക്ഷിക്കാൻ ശ്രമിച്ചു. മുങ്ങിപ്പൊങ്ങുന്ന മൊഴിയെ കണ്ടവർ അലറിക്കരഞ്ഞു. പെട്ടെന്നാണ് ഒരാൾ നീർച്ചോലയിലേക്ക് എടുത്തു ചാടിയത്. വിഹാൻ ! കണ്ണുനീരിനിടയിലും അവർ ആശ്വാസത്തോടെ മന്ത്രിച്ചു. ചോലയുടെ മധ്യഭാഗത്തിലായതിനാൽ ആഴം കൂടുതലായിരുന്നു. അടിയിലൂടെ മുങ്ങാംകുഴിയിട്ട വിഹാൻ അവളുടെ അരക്കെട്ടിൽ പിടിച്ച് തന്നോട് ചേർത്തു. മറുകൈകൊണ്ട് കരയിലേക്ക് നീന്തി.

വാടിയ താമരത്തണ്ടുപോലെ അവളവന്റെ കൈയിൽ ഞെട്ടറ്റു കിടന്നു. വെപ്രാളത്തോടെ വിഹാൻ അവളുടെ വയറിൽ അമർത്തി വെള്ളം പുറത്തേക്ക് കളയാൻ ശ്രമിച്ചു. കാൽപ്പാദവും കൈയും ആവണിയും ഐഷുവും തിരുമ്മി ചൂട് പിടിപ്പിക്കുന്നുണ്ടായിരുന്നു. ശ്രീക്കുട്ടീ.. എഴുന്നേൽക്കേടീ. ഒരിക്കൽ കൂടി നിന്നെ നഷ്ടപ്പെടാൻ എനിക്ക് കഴിയില്ല.. വിഹാൻ കരയുകയായിരുന്നു. എന്നിട്ടും അവളിൽ നിന്നും നേർത്തൊരു അനക്കമേ വന്നുള്ളൂ. പെട്ടെന്നെന്തോ ഉൾപ്രേരണയാൽ വിഹാൻ തന്റെ അധരം അവളുടെ അധരത്തിലേക്കടുപ്പിച്ചു. തന്റെ പ്രാണന്റെ തുടിപ്പിനുവേണ്ടി തന്റെ ജീവവായു അവൻ അവൾക്കായി പകർന്നു നൽകി. വെള്ളവും കണ്ണുനീരും ഒരുപോലെ വിഹാനിൽ നിന്നും അവളിലേക്ക് പതിച്ചു കൊണ്ടിരുന്നു. ശ്രീക്കുട്ടീ.. വീണ്ടുമവൻ അധരം അടുപ്പിച്ചു. അവന്റെ ജീവശ്വാസം അവളുടെ ഓരോ ഞരമ്പുകളിലൂടെയും പ്രവഹിച്ചു. ബോധമണ്ഡലത്തിലേക്ക് എന്തോ ഇരച്ചു കയറി. ആഞ്ഞു ചുമച്ചുകൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. അതിനും മുൻപേ തന്നെ പൂവ് പോലവൾ അവന്റെ മാറിലേക്ക് അമർന്നിരുന്നു. അവന്റെ ശരീരത്തിലെ ചൂട് തന്റെ അർദ്ധനഗ്നമായ ശരീരത്തിലേക്ക് പ്രവഹിക്കുന്നതവൾ അറിഞ്ഞു. പെട്ടെന്നാണ് അവൾക്ക് എന്താണ് സംഭവിക്കുന്നതെന്ന ബോധം വന്നത്. അവനിൽ നിന്നും പിടഞ്ഞു മാറാൻ ശ്രമിക്കുമ്പോഴും അതിനുപോലും അവൾക്ക് കഴിഞ്ഞില്ല. തന്റെ ചുമലിൽ പതിക്കുന്ന ഇളംചൂട് അവന്റെ കണ്ണുനീരാണെന്ന് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.

അവന്റെ ഹൃദയതാളം അവളുടെ ഹൃദയത്തോട് ചേരുംപോലെ. വിഹാൻ പതിയെ അവളെ അടർത്തി മാറ്റി. അവന്റെ കലങ്ങിയ കണ്ണുകൾ അവളിലേക്ക് ആഴ്ന്നിറങ്ങി. പെട്ടെന്നവൾ കൈകൾ മാറിന് കുറുകെ പിണച്ചുകെട്ടി. ഐഷു അവളെ തോർത്തുകൊണ്ട് ചുമലിലേക്കിട്ടു. പെട്ടെന്ന് എന്തോകണ്ട് വിഹാന്റെ മുഖം വികസിച്ചു. ഞൊടിയിടയിൽ അവന്റെ ഭാവമാറ്റം മൊഴിയും കണ്ടു. തിരികെ ഐഷുവിനോടും ആവണിയോടുമൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി. അത് പ്രതീക്ഷിച്ചെന്നപോലെ വിഹാൻ നിൽപ്പുണ്ടായിരുന്നു. വെപ്രാളത്തോടെ അവൾ നോട്ടം മാറ്റി. ഞാൻ കാരണമാണ് എല്ലാം.. പോകും വഴി ഐഷു മൂക്ക് പിഴിഞ്ഞു. മൊഴി അവളെ നോക്കി. കുറ്റബോധം കാരണം അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു. നാളെ കഴിഞ്ഞാൽ മംഗല്യമാണ്. കല്യാണപ്പെണ്ണ് കരയാൻ പാടില്ല.. മൊഴി ചെറുചിരിയോടെ പറഞ്ഞു. ഐഷു അവളെ കൂർപ്പിച്ചു നോക്കി. എന്റെ അശ്രദ്ധ കൊണ്ട് പറ്റിയതാണ്. വിഷമിക്കേണ്ട ഐഷൂ.. അമ്മയോട് പറയേണ്ട കേട്ടോ.. ചെറുചിരിയോടെ പറഞ്ഞുകൊണ്ട് അവൾ ഓടിപ്പോയി. ഐഷു അവിടെ തറഞ്ഞുനിന്നു. ആവണി ചോദ്യഭാവത്തിൽ അവളെ നോക്കി. ശ്രാവു… അവൾ മൊഴിപോയ ദിക്കിലേക്ക് ചൂണ്ടി. അമ്മയെ വിളിക്കുന്നതിനുവേണ്ടി ഫോൺ റേഞ്ചിനുവേണ്ടി നടന്നതായിരുന്നു. അപ്പോഴാണ് ഐഷുവിന്റെ വിളി വിഹാൻ കേട്ടത്. വെള്ളത്തിൽ മുങ്ങിത്താഴുന്ന അവളെ കണ്ട് ഞെട്ടിപ്പോയി.

ആലോചനകൾക്കിടയിലും വിഹാന്റെ മുഖത്തിന്‌ പതിവിലും തെളിച്ചമുണ്ടായിരുന്നു. അന്ന് പലപ്പോഴും വിഹാന്റെ മുൻപിൽ നിന്നും ഒഴിഞ്ഞു മാറിയാണ് മൊഴി നടന്നത്. അവനെപ്പറ്റിയോർക്കുമ്പോൾ അവൾക്ക് വല്ലാതെ ലജ്ജ തോന്നി. അവന്റെ അധരം പതിഞ്ഞ അധരം അവൾ തഴുകി. മേനിയാകെ വല്ലാതെ പൂത്തുതളിർക്കുന്നതായി അവൾക്ക് തോന്നി. കടിഞ്ഞാണിടാൻ ശ്രമിച്ചിട്ടും നടക്കാതെ കുതിരപോൽ മനസ്സ് തന്റെ നിയന്ത്രണത്തിൽ നിന്നും പായുന്നു. അവാച്യമായ ഒരനുഭൂതി. വിഹാൻ എന്ന പുരുഷന് ചുറ്റും ഒരു അപ്പൂപ്പൻതാടി പോലെ പറന്നു നടക്കുകയാണ്. ശ്രീക്കുട്ടിയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ മൊഴിയുടെ മനസ്സിൽ കാരണമറിയാത്ത സങ്കടം അനുഭവപ്പെട്ടു. ആ നിമിഷം വിഹാന്റെ മനസ്സിൽ ശ്രീക്കുട്ടിക്ക് മാത്രമേ സ്ഥാനമുള്ളൂ എന്ന യാഥാർത്ഥ്യം അവൾ ഞെട്ടലോടെ ഓർത്തു. കേവലം രൂപസാദ്യശ്യത്തിന്റെ പേരിൽ മാത്രമാണ് വിഹാൻ തന്നിൽ ആകൃഷ്ടനായതെന്ന സത്യം അവളെ നോവിച്ചു. ആ നോവ് കണ്ണുനീർത്തുള്ളികളായി രൂപപ്പെട്ടപ്പോൾ താനെന്തിനാണ് ഒരു അന്യനായ വ്യക്തിക്ക് വേണ്ടി കണ്ണുനീർ പൊഴിക്കുന്നതെന്ന് അവൾ ആശ്ചര്യത്തോടെ ഓർത്തു. സഞ്ജുവും ഐഷുവുമായുള്ള വിവാഹത്തിന് കേവലം രണ്ടുനാൾ മാത്രമുള്ളതിനാൽ സഞ്ജുവും ഐഷുവും വൃതത്തിലായിരുന്നു.

മംഗല്യത്തിന് മാത്രമേ ഇനി സഞ്ജുവിനെ കാണാൻ പറ്റുള്ളൂ എന്ന അറിവ് അവളെ വീർപ്പുമുട്ടിച്ചു. രാത്രി പാട്ടിനും ആട്ടത്തിനും ഇടയിൽ പലപ്പോഴും മൊഴിയുടെ മിഴികൾ വിഹാനെ തേടിപ്പോയി. എന്നാൽ അവനവളെ ശ്രദ്ധിച്ചതേയില്ല. ഓരോ പ്രാവശ്യം പ്രതീക്ഷയോടെ അവനുനേർക്ക് നോട്ടം പായിക്കുമ്പോഴും നിരാശയായിരുന്നു ഫലം. നിറഞ്ഞുവന്ന കണ്ണുനീർ ആരും കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ടവൾ അവർക്കിടയിൽനിന്നും വീട്ടിലേക്ക് നടന്നു. എന്തിനാണ് ഞാൻ അവനെ ഇത്രയേറെ പ്രതീക്ഷിക്കുന്നത്. രണ്ടുനാൾ കഴിഞ്ഞാൽ ഈ കാട് വിട്ട് പോകേണ്ടവനാണവൻ. എന്നിട്ടും എന്റെ മനസ്സ് എന്തേ അവനിൽ ചായുന്നു. അവന്റെ ശ്രീക്കുട്ടിയോടുള്ള സ്നേഹം അത് അറിഞ്ഞത് കൊണ്ടുള്ള സഹതാപമാണോ. അല്ലെന്ന് മനസ്സ് നൂറാവർത്തി പറയുകയാണ്. അവനെ കണ്ടനാൾ മുതൽ അവനെ ഓർക്കാത്ത നിമിഷമില്ല. അല്ലെങ്കിലും ഞാനെന്തിനാ അവനെപ്പറ്റി ഓർക്കുന്നത്. അതിനുമാത്രം അവനെന്റെ ആരാ.

ഈ കാട്ടുപെണ്ണിന് സ്വപ്നം കാണാൻ പറ്റുന്നതിലും ഉയരത്തിലുള്ളവൻ. മനസ്സിൽ ഒരു പെൺകുട്ടിയെ മാത്രം വിചാരിച്ച് ജീവിക്കുന്നവൻ. ശ്രീക്കുട്ടിയാണെന്ന് കരുതി അവൻ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ വല്ലാത്ത വേദനയാണ് തോന്നുന്നത്. മൊഴിയായി അവൻ സ്നേഹിച്ചിരുന്നെങ്കിൽ. മറ്റൊരു പെൺകുട്ടിയുടെ പേരിൽ ഒരു പുരുഷന്റെ സ്നേഹവും സാമീപ്യവും അനുഭവിക്കാൻ ഏത് പെൺകുട്ടിയാണ് തയ്യാറാകുക.. ഇഷ്ടപ്പെടുക.. അന്ന് രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു. പലപ്പോഴും വിഹാനെയോർത്തവൾ പുഞ്ചിരിച്ചു. ചിലപ്പോൾ കണ്ണുനീർ പൊഴിച്ചു. ഇടയ്ക്ക് വേദനിച്ചു. ഇടയ്ക്കവൾ വല്ലാതെ ലജ്ജിച്ചു. അതെ… മൊഴിയുടെ മനസ്സിൽ വിഹാൻ നിറഞ്ഞു കഴിഞ്ഞു. മൊഴിയാണെന്ന് അറിഞ്ഞിട്ടും അവന്റെ ശ്രീക്കുട്ടിയായിരുന്നെങ്കിൽ എന്നവൾ വല്ലാതെ ആഗ്രഹിച്ചു..

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17