Friday, November 22, 2024
Novel

പ്രണയവിഹാർ: ഭാഗം 17

നോവൽ: ആർദ്ര നവനീത്‎

കാറ്റേറ്റ് മുളയിലകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന മർമ്മരങ്ങളും ദൂരെയെവിടെയോ പാടുന്ന കുയിലിന്റെ സ്വരവുമൊഴിച്ചാൽ അവർക്കിടയിൽ അൽപ്പനേരം നിശബ്ദത മാത്രമായിരുന്നു. തന്റെ ഇണയെത്തേടി നടന്ന ആ കുയിലിന്റെ സ്വരമാധുര്യത്തിന് വിരഹത്തിന്റെ നോവായിരുന്നു. കണ്ണുനീരിനിടയിലും ഐഷുവും ആവണിയും മൊഴിയുടെ മുഖത്തിലെ ഓരോ ഭാവങ്ങളും സൂക്ഷ്മമായി ഒപ്പിയെടുക്കുകയായിരുന്നു. അവളുടെ കവിളിലൂടെ കണ്ണുനീർച്ചാൽ തീർത്തിട്ടുണ്ട്. അതൊഴിച്ചാൽ സഹതാപമായിരുന്നില്ലേ ആ മുഖത്ത് ഒരുവേള ഇരുവർക്കും തോന്നി. അപ്പോൾ ശ്രീക്കുട്ടി..? എന്തുകൊണ്ടോ ശ്രാവണിയെക്കാളേറെ വിഹാന്റെ ശ്രീക്കുട്ടിയാകണം ആ മനസ്സിൽ പതിഞ്ഞത്.

അവളുടെ ചോദ്യം ആവണിയിലും ഐഷുവിലും ആശങ്കയുണർത്തി. സഹതാപമല്ലാതെ മറ്റൊന്നും തന്നെ അവളിലില്ല. അതിനർത്ഥം ഇവൾ മൊഴിയെന്നാണോ. ആറിലേക്കായിരുന്നു അവൾ ചാടിയത്. നീന്തലറിയാത്തതിനാലും മഴ കാരണം ആറ് കരകവിഞ്ഞൊഴുകുന്നതിനാലും രക്ഷപ്പെടില്ലെന്ന് അവൾക്കുറപ്പായിരുന്നിരിക്കണം. തിരച്ചിൽ നടന്നു. നല്ല ഒഴുക്കുണ്ടായിരുന്നു. നാലാം നാൾ മീനുകൾ കൊത്തി വികൃതമായ നിലയിൽ കിലോമീറ്ററുകൾക്കും അപ്പുറത്തുനിന്നും അവളെ കിട്ടി. നിർവികാരികതയോടെ ദൂരേക്ക് മിഴികൾ പായിച്ച് ഐഷു പറഞ്ഞു. അപ്പോൾ വിഹാൻ.. അവളുടെ സ്വരം പതറിയിരുന്നു.

വിഹാൻ.. അവൻ ശരിക്കും ഞങ്ങൾക്ക് അത്ഭുതമാണ്. ഒരാൾക്ക് ഇത്രയേറെ പ്രണയിക്കാൻ കഴിയുമോ. രണ്ട് പ്രാവശ്യമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പക്ഷേ ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ അവന് ആയുസ്സ് തീരാത്തതിനാലാകാം ഇന്നുമവൻ ജീവിക്കുന്നത്. അവന്റെ അമ്മയ്ക്ക് നൽകിയ വാക്കിന് മേൽ ശ്രീക്കുട്ടിയുടെ ഓർമ്മകളിൽ ജീവിക്കുന്നു. ആ വീട് മുഴുവൻ അവളാണ്.. അവളുടെ ഓർമ്മകളാണ്. പൊട്ടിച്ചിരിക്കുന്ന.. കുസൃതി മിന്നുന്ന മിഴികളുള്ള.. അവന്റെ പെണ്ണിന്റെ ഓർമ്മകൾ. അവനത് ഓർമ്മകളല്ലോ അവന്റെ ഹൃദയത്തിൽ തുന്നിച്ചേർത്തിരിക്കുകല്ലേ അവളെ ആർക്കും പറിച്ചു മാറ്റാൻ കഴിയാത്ത വിധം. ഞങ്ങൾക്കവളോട് ദേഷ്യമാണ്.

അവനെ ഉപേക്ഷിച്ച് മരണത്തെ കൂട്ടുപിടിക്കാൻ തോന്നിയതിൽ. അവൾക്കറിയാമായിരുന്നു അവൾ ഏത് കോലത്തിൽ എങ്ങനെ വന്നാലും അവളുടെ വിഹാൻ അവളെ സ്വീകരിക്കുമെന്ന്. എന്നിട്ടും ഒരിക്കൽ വേണ്ടെന്ന് പറയേണ്ടി വന്നു എന്ന ഒരൊറ്റ കാരണത്താൽ അവൾ പോയി. സ്നേഹിച്ചു തോൽപ്പിക്കുകയാ രണ്ടുപേരും ആർക്കും മനസ്സിലാക്കുവാൻ കഴിയാത്തവിധം. മൊഴി കണ്ണുകൾ ഇറുകെയടച്ചു. കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി. വിഹാനെയോർത്ത് അവൾക്കെന്തോ വേദന തോന്നി. ഒരു പ്രണയമല്ല പ്രണയകാവ്യമായിരുന്നു വിഹാൻ. പിന്നെ.. പിന്നെ അയാളെന്തിനാ എന്നെ ശ്രീക്കുട്ടിയെന്ന് വിളിച്ചത്.. മൊഴി ജിജ്ഞാസയോടെ ചോദിച്ചു. ആവണിയും ഐഷുവും പരസ്പരം നോക്കി.

ആവണി മൊബൈൽ എടുത്ത് അവൾക്ക് നേരെ നീട്ടി. അതിലെ ഫോട്ടോ കണ്ട് മൊഴി പിന്നിലേക്ക് വേച്ചുപോയി. അവൾ അതിലേക്ക് തുറിച്ചുനോക്കി. ആവണിയുടെ കൈകൾ ഫോണിൽ തട്ടിക്കൊണ്ടിരുന്നു. ശരിക്കും താൻ തന്നെ. അതോ തന്നെപ്പോലെയോ. അവളുടെ കൈകൾ സ്വന്തം മുഖത്തിൽ പരതി. അവളുടെ മുഖം വിളറി വെളുത്തു. സിൽക്ക് നാരുകൾ പോലെ പറന്ന മുടിയിഴകൾ.. തിളക്കമുള്ള കുറുമ്പ് തിങ്ങിയ മിഴികൾ.. അധരത്തിൽ കുസൃതിച്ചിരി. കൂട്ടുകാരോടൊപ്പമുള്ള ശ്രാവണി.. വിഹാനോടൊപ്പമുള്ള ശ്രാവണി. വിഹാന്റെ കരവലയത്തിലൊതുങ്ങി അവന്റെ പ്രണയത്തിനെ കുറുമ്പോടെ നേരിടുന്ന ശ്രാവണിയുടെ ഫോട്ടോയിൽ അവൾ നോക്കി നിന്നു.

അതിൽനിന്ന് തന്നെ അവരെത്രമാത്രം ആഴത്തിൽ സ്നേഹിച്ചിരുന്നുവെന്ന് വ്യക്തമാണ്. മൊഴീ… അവൾ മറ്റേതോ ലോകത്തിലായിരുന്നു. മൊഴീ.. ആവണിയവളെ മെല്ലെ തട്ടി. ഇത്..അവളുടെ സ്വരത്തിൽ വിറയലുണ്ടായിരുന്നു. നീയല്ലേ ഞങ്ങളുടെ ശ്രാവു. പറയ്.. നീ ശ്രാവുവാണോ. നിന്നെ കണ്ടപ്പോൾ ഞങ്ങൾക്ക് അവൾ വന്നതുപോലെയാണ്. ഞങ്ങൾക്കറിയില്ല നീയാരാണെന്ന്. നിന്നെക്കുറിച്ചൊന്നുമറിയില്ല. ഇനി ഉത്തരം തരേണ്ടത് നീയാണ്. അതിനുള്ള ഉത്തരവും തേടിയാണ് ഞങ്ങൾ വന്നത്. നീ ഞങ്ങളുടെ ശ്രാവുവാണെങ്കിൽ ഒരുപാട് പേർ സന്തോഷിക്കും. കാരണം ഞങ്ങൾ മാത്രമല്ല ഒരു കുടുംബം മുഴുവൻ കാത്തിരിക്കുകയാണ് നിനക്കുവേണ്ടി. എന്നാൽ നീ മൊഴിയാണെങ്കിൽ വിഹാൻ അവന്റെ അമ്മയ്ക്ക് നൽകിയ വാക്ക് മറന്നേക്കും. ചുഴിയിൽ പെട്ടതുപോലെ മൊഴി ആടിയുലഞ്ഞു.

ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതായി അവൾക്ക് തോന്നി. നിലത്തേക്ക് ഊർന്നിരുന്നു പോയി. ശ്രാവൂ… ആവണി അവളെ പിടിക്കാനാഞ്ഞു. വേണ്ടാ.. എനിക്കറിയില്ല ഒന്നും. നിങ്ങളുടെ ശ്രാവണിയും ശ്രീക്കുട്ടിയും ഒന്നുമല്ല ഞാൻ. മൊഴിയാണ്. പൊന്നിമലയിലെ ചിന്നപ്പയുടെയും സീതമ്മയുടെയും മകൾ. നിങ്ങൾ പറഞ്ഞ അറിവ് മാത്രമേ ശ്രീക്കുട്ടിയെപ്പറ്റി എനിക്കുള്ളൂ. എത്രയും പെട്ടെന്ന് നിങ്ങളിവിടുന്ന് മടങ്ങണം.. മൊഴി വീട്ടിലേക്കുള്ള വഴിയിലേക്ക് ഓടി. ഐഷൂ.. എന്താടീ ഇതൊക്കെ.. മൊഴി പോകുന്നത് നോക്കിനിൽക്കെ ആവണി ചോദിച്ചു. എനിക്കറിയില്ല ആവണീ. നീയും കണ്ടതല്ലേ. അവളിൽ സഹതാപം മാത്രമേയുള്ളൂ. നമ്മൾ പറഞ്ഞതെല്ലാം അവൾക്ക് വെറും കഥകൾ മാത്രമാണ്. അവളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കഥകൾ. കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്തോറും അറ്റു പോകുന്ന കണ്ണി. അതുപോലെയാണ് മൊഴി. അവൾ ശ്രാവുവല്ല ആവണീ മൊഴിയാണ്.

വിഹാനെപ്പറ്റി പറയുമ്പോൾ ഒരിക്കൽപ്പോലും അവളുടെ മിഴികളിൽ പ്രണയത്തിന്റെ ലാഞ്ചന പോലും കാണാൻ കഴിഞ്ഞില്ല. വിഹാൻ… ആവണിയുടെ കണ്ണുകൾ പായുന്നിടത്തേക്ക് ഐഷു തിരിഞ്ഞുനോക്കി. എല്ലാം കേട്ടുകൊണ്ട് ആൽമരത്തിൽ ചുവട്ടിൽ വിഹാൻ. എന്ത് ചെയ്യണമെന്നറിയാതെ അവർ നിന്നു. അവന്റെ മിഴികൾ കലങ്ങി ചുവന്നിരുന്നു. പറയ്.. ഐഷൂ അതെന്റെ ശ്രീക്കുട്ടിയല്ലേ.. അവന്റെ നോട്ടവും ചോദ്യവും നേരിടാനാകാതെ ഐഷു മുഖം കുനിച്ചു. പറയെടീ … അതെന്റെ പെണ്ണല്ലേ.. അവനവളെ ഇരുചുമലിലും പിടിച്ച് ശക്തിയായി കുലുക്കി. അല്ലെന്ന അർത്ഥത്തിൽ നിഷേധാർഥമായി അവൾ തലയനക്കി. വിഹാന്റെ കൈകൾ അയഞ്ഞു. കള്ളം പറയല്ലേ ഐഷൂ. പറ്റിക്കുകയല്ലേ നിങ്ങൾ മൂന്നുപേരും ചേർന്ന്. അവൾ വെറുതെ പറഞ്ഞതല്ലേ എനിക്ക് സർപ്രൈസ് തരാൻ.

വിഹാൻ പ്ലീസ്.. ആവണി അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. നമ്മളിതെല്ലാം മുൻപിൽ കണ്ടുകൊണ്ടല്ലേ ഇറങ്ങി പുറപ്പെട്ടത്. അവൾ ശ്രാവുവാണെന്ന് തെളിയിക്കാൻ ഒരുപാട് വഴികളുണ്ട്. വിഹാൻ കണ്ണുകളടച്ച് നിന്നു. അത് ശ്രാവുവാണെന്ന് തെളിയിക്കാൻ വഴികൾ കാണും. പക്ഷേ അതിനുള്ള പ്രൊസീജിയേഴ്സ് നിങ്ങൾക്ക് അറിയാവുന്നതല്ലേ. അതിനുള്ള സമയം അത് നമ്മുടെ പക്കലില്ല. ഇവിടെ അവൾ മൊഴിയാണോ ശ്രാവണിയാണോ എന്നറിയണം. അതിന് ഇവിടുള്ളവർ വിചാരിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ. നാല് ദിവസമേയുള്ളൂ നമുക്ക് മുൻപിൽ. ഇന്ന് മുതൽ ഇവിടെ ഉത്സവത്തിന്റെ തിരക്ക് തുടങ്ങുകയാണ്. ഇവിടെയുള്ള ഓരോരുത്തരിൽ നിന്നും നമുക്ക് കണ്ടെത്താനാകണം അത്.

വിഹാന്റെ കണ്ണിലെ നീർത്തിളക്കത്തിനിടയിലും ഒളിമങ്ങാതെ അപ്പോഴുമുണ്ടായിരുന്നു പ്രതീക്ഷയുടെ നുറുങ്ങുവെട്ടം. കുരുത്തോല തോരണങ്ങളും പന്തങ്ങളും കൽവിളക്കുകളും മൺചിരാതുകളും അവിടമാകെ സ്ഥാനം പിടിച്ചിരുന്നു. അമ്മന്റെ നടയിലായിരുന്നു പുരുഷന്മാർ. അവിടെയുള്ള പുരുഷന്മാർക്ക് ഈ നാല് ദിവസവും വൃതമാണ്. സ്ത്രീസാമീപ്യമോ മൽസ്യമോ പാടില്ല. അതിനാൽ തന്നെ അവർ അമ്മൻ നടയിലാണ് മുഴുവൻ സമയവും. അതൊരു വിധത്തിൽ നല്ലതായി അവർക്ക് തോന്നി. രാത്രിയായപ്പോൾ എല്ലാവരും കുളിച്ച് അമ്മൻ നടയിലേക്ക് പോയി. പന്തത്തിന്റെയും വിളക്കിലെ അഗ്നിനാളങ്ങളുടെയും പൊൻപ്രഭയിൽ അമ്മനെ ഏവരും തൊഴുതു.

എന്റെ ശ്രീക്കുട്ടി എന്നിൽ നിന്നും പോയതിനുശേഷം ഒരു ദൈവത്തിന് മുന്നിലും ഞാൻ പോയിട്ടില്ല. ഒരു ദൈവത്തെയും വിളിച്ചിട്ടില്ല. ഇവിടെയുള്ളത് എന്റെ ശ്രീക്കുട്ടിയാണെന്ന് മനസ്സ് പറയുന്നു. അതെന്റെ ശ്രീക്കുട്ടിയാണെങ്കിൽ അവളെ എന്നോട് ചേർത്തു വയ്ക്കണേ. മരണംകൊണ്ട് മാത്രമേ പിന്നെയൊരു വേർപിരിയൽ ഉണ്ടാകാൻ പാടുള്ളൂ. അതെന്റെ ശ്രീക്കുട്ടിയാണെങ്കിൽ അടുത്ത അമ്മൻ ഉത്സവത്തിന് ഞങ്ങൾ വരും അമ്മയുടെ നടയിൽ. മരണംകൊണ്ട് പോലും ചേർത്ത് വയ്ക്കുന്ന ശക്തിദായിനി അല്ലേ അമ്മ.. എന്റെ പ്രണയം സത്യമാണെങ്കിൽ എനിക്കെന്റെ പെണ്ണിനെ നൽകി അനുഗ്രഹിക്കണേ.. കൂപ്പുകൈയോടെ അമ്മന്റെ മുൻപിൽ വിഹാൻ മനസ്സ് തുറന്നു .

തൊട്ടപ്പുറത്ത് മാറി നിന്ന മൊഴിയുടെ മിഴികൾ ആ നിമിഷം അവനിൽ പതിഞ്ഞു. അവന്റെ കണ്ണിലെ നനവ് അവളെ കൊരുത്തു വലിച്ചു . കണ്ണുകൾ തുറന്ന വിഹാനും കണ്ടു മൊഴിയെ. പിടച്ചിലോടെയവൾ നോട്ടം മാറ്റി. ആട്ടവും പാട്ടും തുടങ്ങി. സീതമ്മയും മല്ലിയും അടങ്ങിയ ചില സ്ത്രീകൾ പായസത്തിന്റെയും പ്രസാദത്തിന്റെയും പണിയിലായിരുന്നു. കുട്ടികളും മൊഴിയും പാട്ടിനനുസരിച്ച് തുള്ളുന്നു. സഞ്ജു വിഹാനോട് കണ്ണുകൾ കൊണ്ടെന്തോ പറഞ്ഞു. വിഹാൻ പതിയെ തിരക്കിൽനിന്നും പുറത്തേക്കിറങ്ങി. ഐഷുവും ആവണിയും കുട്ടികളോടൊപ്പമാണ്. ഇടയ്ക്കെപ്പോഴോ തളർന്നപ്പോൾ മൊഴി സീതമ്മയെ തിരഞ്ഞു. നിന്നുതിരിയാൻ സമയമില്ലാതെ തിരക്കിൽപ്പെട്ട അവരെ കണ്ട് അവൾ കല്യാണിയോടെന്തോ പറഞ്ഞു.

കളിക്കിടയിൽ അവൾ ശ്രദ്ധിച്ചില്ല. മൊഴി അവിടെനിന്നും പുറത്തേക്ക് നടന്നു. പാട്ടിനനുസരിച്ച് അവളും മൂളുന്നുണ്ടായിരുന്നു. വീടിനടുത്ത് എത്തുംമുമ്പേ ബലിഷ്ഠമായ രണ്ട് കരങ്ങൾ അവളെ വലിച്ചടുപ്പിച്ചു. നിലവിളിക്കാൻ തുടങ്ങും മുൻപേ അവളുടെ വായ കൈകൾ കൊണ്ട് ബന്ധിച്ചിരുന്നു. പന്തത്തിലെ നാളം ഒന്ന് ആടിയുലഞ്ഞു. ആ മങ്ങിയ വെളിച്ചത്തിൽ അവളാദ്യം കണ്ടത് പ്രണയത്തിര അലഞ്ഞൊഴുകുന്ന മിഴികളാണ്. അതാരുടേതെന്നറിയാൻ അവൾക്കധികനേരം വേണ്ടി വന്നില്ല. വിഹാൻ ! അവളുടെ മിഴികളിലെ പിടപ്പും പരിഭ്രമവും വിഹാൻ അളക്കുകയായിരുന്നു. അതിൽ പ്രണയത്തിന്റെയോ പരിചയത്തിന്റെയോ ഒരു തരിപോലും കണ്ടെത്താൻ അവന് സാധിച്ചില്ല.

നെഞ്ചിലാരോ കുത്തി വരയുന്നതുപോലെ അവന് വേദന തോന്നി. ശ്രീക്കുട്ടീ.. പ്രണയാർദ്രമായ ആ ശബ്ദത്തിലടങ്ങിയിരുന്നു വിഹാന്റെ പരിഭവം. അവൾ നിഷേധപൂർവ്വം തല ചലിപ്പിച്ചു. പറയല്ലേ പെണ്ണേ.. നീയെന്റെ ശ്രീക്കുട്ടി അല്ലെന്ന്. ഓരോ പ്രാവശ്യം നീയത് ആവർത്തിക്കുമ്പോഴും ഉരുകുന്നൊരു മനസ്സുണ്ട് എന്നിൽ. നിനക്കറിയാമോ ശ്രീക്കുട്ടീ കഴിഞ്ഞ രണ്ടരവർഷം നിന്റെ വിഹാൻ എങ്ങനെയാണ് ജീവിച്ചതെന്ന്. നീ മാത്രമേ എന്റെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. നിന്റെ പ്രണയവും കുസൃതിയും പരിഭവവുമെല്ലാം ആവാഹിച്ചെടുത്ത വീട്ടിൽ നിന്റെ ഗന്ധവും സാമീപ്യവുമെല്ലാം എന്റെ അരികിലുണ്ടായിരുന്നു. കാരണം എന്നിൽ നിറഞ്ഞു നിൽക്കുന്നത് നീ മാത്രമല്ലേ.

ഈ പൊന്നിമലയിറങ്ങുമ്പോൾ വിഹാന്റെ വലംകൈയിൽ നിന്റെ ഇടംകൈയുമുണ്ടാകും. എനിക്കറിയില്ല എന്ത് കൊണ്ടാണ് നീയെന്നെ അറിയാത്തതെന്ന്. നിന്റെയീ മിഴികളിൽ എന്നോടുള്ള പ്രണയം കാണാത്തതെന്ന്.. ഏത് മറവിയിലൊളിപ്പിച്ചാലും ഒരുനാൾ അത് മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. അത്രമേൽ ശക്തമായ എന്തോ ഒന്ന് എന്നെ നിന്നോടടുപ്പിക്കുകയാണ്. ഇന്നത്തെ രാത്രി കഴിഞ്ഞാൽ മൂന്ന് നാൾ. ആ മൂന്നുനാൾ മാത്രമേയുള്ളൂ മൊഴിയിൽനിന്നും ശ്രീക്കുട്ടിയിലേക്കുള്ള നിന്റെ മടക്കത്തിന്. അതിന് ഈ അമ്മൻ എന്നെ സഹായിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിന് സാധിച്ചില്ലെങ്കിൽ പിന്നെ വിഹാനില്ല. അവന്റെ വാക്കുകൾ ഓരോന്നും അവളിലേക്ക് ആഴ്ന്നിറങ്ങി. ഇതേസമയം ഐഷു തേന്മൊഴിയുടെ കൂടെയായിരുന്നു.

നിങ്ങൾ എല്ലാവർഷവും ഇങ്ങനെയാണോ ആട്ടവും പാട്ടുമായി.. കളിക്കുന്നതിനിടയിലും കിതച്ചുകൊണ്ട് ആവണി ചോദിച്ചു . അതേ.. മൂന്നുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഉത്സവമല്ലേ. ഞങ്ങൾക്ക് ആകെയുള്ള ആഘോഷവും ഇതാണ്. പാട്ടിനനുസരിച്ച് താളം ചവിട്ടിക്കൊണ്ടവൾ പറഞ്ഞു. മൊഴി എപ്പോഴും നിങ്ങളുടെ കൂടെയാണല്ലോ. അവളുടെ പ്രായത്തിൽ മറ്റ് കുട്ടികളൊന്നുമില്ലല്ലോ. നിങ്ങൾ വലിയ കൂട്ടാണല്ലേ. മൊഴിയേച്ചിയാ ഞങ്ങളുടെ നേതാവ്. എല്ലാത്തിനും കൂടെയുണ്ട്. ആദ്യമൊന്നും വരില്ലായിരുന്നു. പിന്നെ ഞങ്ങൾ ചുറ്റിൽനിന്നും മാറില്ലായിരുന്നു അങ്ങനെ കൂടിയതാ ഞങ്ങടെ കൂടെ. അതെന്താ വരാതിരുന്നത് വല്യ പെണ്ണായതിന്റെ നാണം കൊണ്ടാണോ..

ഐഷു ചിരിയോടെ ചോദിച്ചു. അയ്യേ അല്ലല്ല.. അവൾ കുണുങ്ങി ചിരിച്ചു. മൊഴിയേച്ചിക്ക് സൂക്കേടായിരുന്നില്ലേ. സൂക്കേടായിരിക്കുമ്പോ കളിക്കാനിറങ്ങിക്കൂടാ.. സൂക്കേടോ.. എന്ത് സൂക്കേടായിരുന്നു മൊഴിക്ക്… ഐഷു സംശയത്തോടെ തിരക്കി. ആവോ ഇവടെ വന്നപ്പോ മുതൽ സൂക്കേടായിരുന്നല്ലോ. ആരോടും മിണ്ടത്തതില്ല.. ബഹളമായിരുന്നല്ലോ.. തേന്മൊഴി കുട്ടികൾക്കിടയിലേക്കോടി.. ഐഷുവും ആവണിയും സ്തംഭിച്ചു നിന്നു. ഇരുവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. പരസ്പരം ഇറുകെ പുണർന്നവർ നിന്നു. ഇനിയും എന്തൊക്കെയോ കണ്ടെത്താനുള്ളതുപോലെ. നിഗൂഢതകൾ ഓരോന്നായി ചുരുളഴിയാൻ പോകുന്ന നിർവൃതിയായിരുന്നു അവരിൽ.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16