Friday, December 27, 2024
Novel

പ്രണയവിഹാർ: ഭാഗം 14

നോവൽ: ആർദ്ര നവനീത്‎


ചുറ്റും കൂടി നിൽക്കുന്ന കുട്ടികൾക്കിടയിൽ മുറുമുറുപ്പുയർന്നു. മൗലിയുടെ കണ്ണുകൾ അവരിൽ തെന്നിപ്പാഞ്ഞതിനുശേഷം വിഹാനിലും അവനോട് ചേർന്ന് നിൽക്കുന്ന ശ്രാവണിയിലുമെത്തി നിന്നു.

അവളുടെ ചേർന്നുള്ള നിൽപ്പും അവളെ ചുറ്റിപ്പിടിച്ച വിഹാന്റെ കൈകളും കാൺകെ മൗലി ദേഷ്യത്തിൽ വിറച്ചു. വീണിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് മൗലി വിഹാന് നേരെ പാഞ്ഞടുത്തു.
മുഖം ലക്ഷ്യമാക്കി വന്ന കൈകൾകണ്ട് നിമിഷനേരം കൊണ്ടവൻ ഒഴിഞ്ഞുമാറി.
ശ്രീക്കുട്ടിയെ തന്നിൽ നിന്നടർത്തി മാറ്റിയശേഷം മൗലിയുടെ നെഞ്ച് ലക്ഷ്യമാക്കി വിഹാന്റെ മുഷ്ടി പാഞ്ഞു.

രണ്ടുപേരെയും അടക്കി നിർത്താനെത്തിയ കൂട്ടുകാരെപ്പോലും കുടഞ്ഞെറിഞ്ഞുകൊണ്ട് ഇരുവരും പോരുകോഴികളെപ്പോലെ നിലകൊണ്ടു .

വിഹാൻ.. വേണ്ട..
തടയാനെത്തിയ ശ്രീക്കുട്ടിയെ അവൻ അടിയ്ക്കിടയിൽ തള്ളിമാറ്റി.
വീഴാനാഞ്ഞ അവളെ ദീപു താങ്ങി.

ദേഹം ഉരഞ്ഞതോ വസ്ത്രം കീറിയതോ രക്തം പൊടിഞ്ഞതോ ഒന്നുമവർ അറിയുന്നുണ്ടായിരുന്നില്ല.
മനസ്സിൽ ദേഷ്യവും വാശിയും മാത്രം.
ഇരുവരുടെയും മനസ്സിൽ ഒരുപോലെ നിറഞ്ഞു നിന്നത് ശ്രാവണി മാത്രം.

അന്നേ ഇവൾ നിന്നോട് പറഞ്ഞതാണ് ഇഷ്ടമല്ലെന്ന്.
എല്ലാമറിഞ്ഞിട്ടും നീയിന്നിവിടെ
കാണിച്ചു കൂട്ടിയ ഡ്രാമ എന്തിനായിരുന്നെടാ..
വായിലൂറിയ രക്തം തുപ്പിക്കളഞ്ഞുകൊണ്ട് വിഹാൻ അലറി.

ശ്രാവണിയുടെ നോട്ടം സഞ്ജുവിൽ പതിച്ചു .
വിഹാൻ അറിയരുതെന്ന് പറഞ്ഞ രഹസ്യമാണ്. അവളുടെ നോട്ടത്തിലെ കുറ്റപ്പെടുത്തൽ മനസ്സിലായതുപോലെ അവന്റെ തല താഴ്ന്നു .

മൗലി ഒന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തമാക്കുവാനും എനിക്കറിയാം.
ദേ ഇവളില്ലേ ശ്രാവണി കണ്ടനാൾ മുതൽ എന്റെ ഹൃദയത്തിൽ ഞാൻ കൊണ്ടുനടക്കുന്നവളാണ്.
ഇതുവരെ എനിക്കവൾ പ്രണയം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഈ നിമിഷം മുതൽ ശ്രാവണി എനിക്ക് വാശിയാണ്.
ഈ നിൽക്കുന്ന ഇവൾ എതിർത്താൽ പോലും അതിന് കഴിയില്ല..

ടാ.. വിഹാൻ വീണ്ടുമവന്റെ കോളറിൽ പിടിച്ച് ഇടിക്കാനാഞ്ഞു.

സ്റ്റോപ്പ്‌ ഇറ്റ് .
ഇതെന്താ കോളേജ് ആണോ ചന്തയാണോ.
കാലിപ്പിള്ളേരെപ്പോലെ കോളേജിൽ കിടന്ന് ഗുസ്തി നടത്തുന്നോ.
നിങ്ങൾ രണ്ടുപേരും ഓഫീസിൽ എത്തണം ഇപ്പോൾ തന്നെ. ഈ പെൺകുട്ടിയും ശ്രാവണിയെ ചൂണ്ടിക്കാട്ടി പറഞ്ഞതിനുശേഷം പ്രിൻസി തിരികെ നടന്നു. പിന്നാലെ മറ്റുചില അധ്യാപകരും .
കുട്ടികൾ അവർക്കിഷ്ടമുള്ള രീതിയിൽ കഥകൾ മെനയാൻ തുടങ്ങി.
ചിലർ ശ്രാവണിയെ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തിയപ്പോൾ മറ്റുചിലർ കുറ്റപ്പെടുത്തിയത് മൗലിയെയും.

നിങ്ങളുടെ പാരന്റ്സിനെ വിളിച്ചിട്ടുണ്ട്. കോളേജിൽ വരുന്നത് പഠിക്കാനാണോ പ്രേമിക്കാനും അടികൂടാനുമാണോയെന്ന് അവർ കൂടിയറിയട്ടെ.
പ്രിൻസിയുടെ ഓഫീസിലായിരുന്നു അവർ മൂന്നുപേരും.
ക്ലാസ്സ്‌ അദ്ധ്യാപിക നവ്യ മിസ്സും അവിടെയുണ്ടായിരുന്നു.
ശ്രാവണിയെ അവർക്ക് വല്യ കാര്യമായിരുന്നു.
അവളുടെ വിങ്ങിയുള്ള നിൽപ്പ് അവർക്ക് അവളോട് സഹതാപം ഉണർത്തി.
എന്നാൽ അവരവിടെ നിസ്സഹായയായിരുന്നു.

മൗലിയുടെ മുഖത്ത് കൂസലില്ലായ്മ പ്രകടമായിരുന്നു.
വിഹാന്റെ മനസ്സ് ശ്രാവണിയുടെ കണ്ണിൽ നിന്നിറ്റുവീഴുന്ന ഓരോ കണ്ണുനീർതുള്ളിയിലും പൊള്ളിപ്പിടയുകയായിരുന്നു.
അവളെ ഒരുത്തൻ പ്രൊപ്പോസ് ചെയ്യുന്നത് കണ്ടപ്പോൾ സഹിച്ചില്ല.
അവനാണ് ഇന്ദ്രമൗലിയെന്ന് കൂടി കേട്ടപ്പോൾ സഞ്ജു പറഞ്ഞ സംഭവമാണ് ഓർമ്മ വന്നത്.
അത്രയും കുട്ടികളുടെ മുൻപിൽ വച്ചവൻ പെണ്ണിന്റെ കൈയിൽ കൂടി പിടിച്ചപ്പോൾ സമനില തെറ്റിപ്പോയി.

ശ്രാവണി വിതുമ്പി കരയുകയായിരുന്നു .
അച്ഛന്റെയും അമ്മയുടെയും പ്രതികരണം ഓർക്കുന്തോറും അവളുടെ വിറയൽ കൂടിയതല്ലാതെ കുറഞ്ഞില്ല.

ഏകദേശം ഒരു മണിക്കൂറിനകം തന്നെ രക്ഷകർത്താക്കൾ എത്തിച്ചേർന്നു.
ആദ്യം എത്തിയത് വിഹാന്റെ അച്ഛനായിരുന്നു.
എന്തിനാണ് വിളിപ്പിച്ചതെന്ന പരിഭ്രമം അദ്ദേഹത്തിന്റെ മുഖത്ത് സ്പഷ്ടമായിരുന്നു.
ഷർട്ടിന്റെ ബട്ടൺ പൊട്ടി നെറ്റിയിൽ രക്തം പൊടിഞ്ഞ പാടുകളുമായി നിന്ന മകനെയും കരഞ്ഞു കൊണ്ടുനിൽക്കുന്ന ശ്രാവണിയെയും മറ്റൊരു പയ്യനെയും കണ്ടപ്പോൾ അദ്ദേഹം കാര്യങ്ങൾ ഊഹിച്ചു.
ഒന്നും മിണ്ടാതെ ശ്രാവണിയെ ദയാപൂർവ്വം നോക്കിക്കൊണ്ട് അയാൾ പ്രിൻസിയുടെ മുൻപിലിരുന്നു.
മൗലിയുടെ അമ്മയായിരുന്നു അടുത്ത് വന്നത്.
വിലകൂടിയ സാരിയും ആഭരണങ്ങളും അവരിലെ അഹങ്കാരം ഊട്ടിയുറപ്പിക്കാൻ പോന്നതായിരുന്നു.
അമ്മ വന്നതും ശ്രാവണി വിതുമ്പിപ്പോയി.
അവരുടെ കത്തുന്ന നോട്ടത്തിന് മുൻപിൽ താനിപ്പോൾ ഭസ്മമായേക്കാമെന്നവൾ ഭയന്നു.

മുൻപിലിരിക്കുന്ന രക്ഷകർത്താക്കളെ പ്രിൻസി ഒന്നിരുത്തി നോക്കി.

നിങ്ങളുടെ മക്കൾ കോളേജിൽ വരുന്നത് പഠിക്കാൻ തന്നെയാണോ എന്നറിയാനാണ് ഞാൻ വിളിപ്പിച്ചത്.
തെരുവുപിള്ളേരെക്കാൾ കഷ്ടമായിട്ടാണ് വിഹാനും ഇന്ദ്രമൗലിയും ഇന്നിവിടെ തല്ല് കൂടിയത്.
അതിന് ഹേതുവായത് ശ്രാവണി നാഥും.

തരുണി കൂർപ്പിച്ചവളെ നോക്കി.

റാഗിങ്ങും ഫ്രഷേഴ്‌സ് ഡേയും അങ്ങനെ ചില ചെറിയ രസങ്ങൾക്ക് ഞങ്ങൾ അധ്യാപകർ അനുവാദം നൽകാറുണ്ട്. എന്നാൽ ഇന്നിവിടെ നടന്ന അടി പ്രേമത്തിന്റെ പേരിലായിരുന്നു.
ഇന്ദ്രമൗലി ശ്രാവണിയെ പ്രൊപ്പോസ് ചെയ്തു.
അതിനാണ് വിഹാൻ അടി തുടങ്ങിയത്.
കണ്ടുകൊണ്ട് നിന്ന കുട്ടികൾ നൽകിയ മൊഴിയാണ്.
ഞാൻ പ്രിൻസിപ്പൽ ആയി ഇരിക്കുന്നിടത്തോളം എന്റെ കോളേജിന് കളങ്കം തട്ടാൻ ഞാൻ സമ്മതിക്കില്ല.
പത്തൊൻപതും ഇരുപതും വയസ്സുകളൊന്നും വിവാഹപ്രായം അല്ലെന്നാണ് എന്റെ വിശ്വാസം.
അത് നിങ്ങളുടെ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം നിങ്ങൾക്കാണ്.
എനിക്കിവരെ സസ്പെൻഡ് ചെയ്തേ പറ്റുള്ളൂ.

ഈ പ്രായത്തിൽ ഇതൊക്കെ സാധാരണയല്ലേ സാർ.
ഓപ്പോസിറ്റ് സെക്സിനോട് അട്രാക്ഷൻ ഉണ്ടാകുന്നതും പ്രണയിക്കുന്നതുമെല്ലാം സ്വാഭാവികമല്ലേ ഈ പ്രായത്തിൽ.
കുട്ടികൾ തമ്മിലുള്ള അടിയും വഴക്കും അതവർ ചെയ്തത് തെറ്റാണ്.
അത് ഇനി ആവർത്തിക്കാതെ നോക്കാം സാർ.
അതൊരു പെൺകുട്ടിയാണ്.
ഒരു തെറ്റും ചെയ്യാത്ത ആ കുട്ടിയെക്കൂടി പ്രതിസ്ഥാനത്ത് നിർത്തുന്നതെന്തിനാണ്.. വിഹാന്റെ അച്ഛൻ ശാന്തമായി പറഞ്ഞു.

തല്ല് തുടങ്ങിയത് എന്റെ മകനല്ലല്ലോ സാർ. അപ്പോൾ തെറ്റ് ആദ്യം ചെയ്തവർക്കാണ് ശിക്ഷ കൊടുക്കേണ്ടത്.. മൗലിയുടെ അമ്മ വിഹാനെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
ശ്രാവണിയുടെ അമ്മ മൗനം പാലിച്ചതേള്ളൂ.
അമ്മയുടെ മൗനത്തിന്റെ അർത്ഥം അറിയാവുന്നതിനാൽ തന്നെ അവൾ വിരണ്ടു നിന്നു.

പ്രിൻസി ആലോചനപൂർവ്വം ഇരുന്നു.

വിഹാൻ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്.
തെറ്റുകാരൻ വിഹാനാണ്.
അദ്ദേഹം പറഞ്ഞു.

വിഹാന്റെ നിറഞ്ഞ കണ്ണുകളിൽ ശ്രാവണിയുടെ നോട്ടം പതിച്ചു.
അവൾക്ക് നെഞ്ച് വിങ്ങുന്നതായി തോന്നി.

എനിക്ക് പരാതിയുണ്ട് സാർ.
ഈ നിൽക്കുന്ന ഇന്ദ്രമൗലി എന്നെ ഇത്രയും കുട്ടികളുടെ മുൻപിൽ വച്ച് പ്രൊപ്പോസ് ചെയ്യുക മാത്രമല്ല എന്റെ കൈയിലും പിടിച്ചു.
എന്റെ സുഹൃത്ത് വിഹാൻ അത് കണ്ട് പ്രതികരിച്ചതാണ്.
ഉള്ള ധൈര്യമെല്ലാം സ്വരുക്കൂട്ടി ശ്രാവണി പറഞ്ഞൊപ്പിച്ചു.

മൗലിയുടെ അമ്മയുടെ കണ്ണുകൾ അവളിൽ തറഞ്ഞു നിന്നു. മൗലി പല്ല് ഞെരിച്ചു.
വിഹാനെ സംരക്ഷിക്കുവാനുള്ള അവളുടെ ആവേശം അവനിലെ വാശിയെ ഒന്നുകൂടി കൂട്ടാനേ ഉപകരിച്ചുള്ളൂ.

പ്രിൻസിപ്പൽ ഇത് തലവേദനയായല്ലോ എന്ന മട്ടിൽ നെറ്റിയുഴിഞ്ഞു.

പടക്കം പൊട്ടുന്നതുപോലെയൊരു ശബ്ദം കേട്ടാണ് അദ്ദേഹം തലയുയർത്തിയത്.
കവിളിൽ കൈചേർത്ത് നിറമിഴികളോടെ നിൽക്കുന്ന ശ്രാവണിയെയും കൈകുടയുന്ന തരുണിയെയും ആണ് കണ്ടത്.
ഒരു നിമിഷം അദ്ദേഹം വല്ലാതായി.
ചുവന്ന അവളുടെ മുഖം അയാളെ കുത്തി നോവിച്ചു കൊണ്ടിരുന്നു.
വിഹാനും കണ്ണുകൾ ഇറുകെയടച്ചു..
താനിപ്പോൾ പ്രതികരിച്ചാൽ അത് ശ്രീക്കുട്ടിക്ക് തന്നെയാണ് ദോഷമെന്ന് അവന് അറിയാമായിരുന്നു.
വിഹാന്റെ അച്ഛൻ അവളെ വേദനയോടെ നോക്കി.
മൗലിയുടെ മുഖത്ത് പരിഹാസമായിരുന്നു.

നിങ്ങളെന്താ ഈ കാണിച്ചത്.?
ഇതെന്റെ ഓഫീസ് ആണ്.
മകളാണെങ്കിലും അവൾ പ്രായപൂർത്തിയായ പെൺകുട്ടിയല്ലേ. തല്ലുകയാണോ ചെയ്യേണ്ടത്.?
പ്രിൻസി ശബ്ദമുയർത്തി.

സാർ.. എന്റെ മകൾക്ക് പരാതിയൊന്നുമില്ല.
ഞാനിവളെ കൊണ്ടു പോകുകയാണ്.
ബാക്കിയുള്ളതെല്ലാം സാർ നോക്കിക്കോളൂ .
വാടീ..
പറയുന്നതിനോടൊപ്പം അവളുടെ കൈകളിൽ തരുണിയുടെ പിടിത്തം വീണിരുന്നു.
നിസ്സഹായതയോടുള്ള ശ്രീക്കുട്ടിയുടെ നോട്ടം വിഹാനെ ചുട്ടു പൊള്ളിച്ചു.
അവന്റെ കണ്ണിലൂടെ നീർതുള്ളികൾ ഒലിച്ചിറങ്ങി.

തല്ക്കാലം കർശന താക്കീത് നൽകി പ്രിൻസി അവരെ വിട്ടയച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ശ്രീക്കുട്ടി കോളേജിൽ വന്നില്ല. ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.

അവളുടെ അച്ഛന്റെയും അമ്മയുടെയും സ്വഭാവം അറിയാമായിരുന്നത് കൊണ്ടുതന്നെ അവൾക്ക് നേരിടേണ്ടി വന്ന അവസ്ഥ വിഹാന് ഊഹിക്കാൻ കഴിഞ്ഞു.
താൻ കാരണമാണെന്ന കുറ്റബോധം അവനിൽ പിറവിയെടുത്തിരുന്നു.
അവളെ കാണാതെയും ശബ്ദമൊന്ന് കേൾക്കാതെയും അവനാകെ വിഷമിച്ചു.

അച്ഛനിൽ നിന്നും അമ്മയിൽ നിന്നും വാങ്ങിയ തല്ല് ശ്രാവണിയെ അത്രത്തോളം വേദനിപ്പിച്ചിരുന്നു.
ഒടുവിൽ വിഹാനുമായുള്ള ബന്ധം അവൾ തുറന്നു പറഞ്ഞു.
തല്ലിന്റെ പാടുകൾ ശരീരമാകെ നീലിച്ചു കിടന്നിരുന്നു.

സെക്യൂരിറ്റിയുടെ കണ്ണുകൾ വെട്ടിച്ച് ഒരുവിധമാണ് ഇരുട്ടിന്റെ മറപറ്റി വിഹാൻ ബാൽക്കണിയിൽ കയറിയത്.
വാതിൽ ലോക്ക് ആയിരുന്നു.
കീഹോളിലൂടെ അവൻ അകത്തേക്ക് നോക്കി.
ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അകത്തുള്ള കാഴ്ചകൾ വ്യക്തമല്ലായിരുന്നുവെങ്കിലും കട്ടിലിൽ ആരോ കിടക്കുന്നത് നിഴൽപോലെ കാണാമായിരുന്നു.

ശ്രീക്കുട്ടീ.. ആർദ്രമായി വിളിക്കുന്നതിനോടൊപ്പം വാതിലിൽ മെല്ലെയവൻ തട്ടി.
രണ്ടാമത്തെ വിളിയിൽ ഡോർ പതിയെ തുറക്കുന്നതും കാറ്റുപോലവൾ തന്നെ പൊതിയുന്നതും അവനറിഞ്ഞു.
നിശബ്ദമായ നിമിഷങ്ങൾ…
ഇടയ്ക്കിടെയുള്ള ഏങ്ങലടികളും കണ്ണുനീർതുള്ളികളും മാത്രം അവർക്കിടയിൽ സ്ഥാനം പിടിച്ചു.

ഒരിത്തിരി ശ്രമപ്പെടേണ്ടി വന്നു വിഹാന് അവളെ തന്നിൽ നിന്നും അടർത്തി മാറ്റാൻ.
പരിഭവങ്ങളും വേദനകളും കുത്തൊഴുക്കിൽ പെട്ടതുപോലെ അവളിൽ ആർത്തലച്ചെത്തി.
അവൾക്കത് പറയാൻ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തന്റെ പെണ്ണിന്റെ ശരീരത്തിലെ അടികൊണ്ട് നീലിച്ച പാടുകളിലേക്കവന്റെ കണ്ണുനീർ ഇറ്റുവീണു.
മുറിവിനെ സുഖപ്പെടുത്താനെന്ന പോലെയോ ആശ്വാസം പകരുവാനോ അവന്റെ ചുണ്ടുകൾ മെല്ലെ നീലിച്ച പാടുകളിലേക്ക് പതിച്ചു.
ഒരാഴ്ച കൊണ്ട് പെണ്ണൊരുപാട് മാറിപ്പോയെന്നവന് തോന്നി.
കണ്ണുകളിൽ തെളിഞ്ഞിരുന്ന തിളക്കമോ കുസൃതിയോ ഇല്ല വിഷാദം മാത്രമേ അവനവിടെ കാണുവാൻ സാധിച്ചുള്ളൂ.

ഒടുവിലെപ്പോഴോ അവളുറങ്ങിയപ്പോൾ വന്നതുപോലെ അവൻ തിരികെ പോയി.

വീണ്ടും ഒരാഴ്ച കൂടി കടന്നുപോയി.
ക്ലാസ്സിലേക്ക് കടന്നുവന്ന ശ്രാവണിയെ കണ്ടവർ ആഹ്ലാദിച്ചു.
എന്നാൽ അവളുടെ കണ്ണുകൾ അന്നെന്തുകൊണ്ടോ വിഹാനെ തേടി പോയില്ല.
കാര്യമെന്തെന്നറിയാതെ അവർ അമ്പരന്നു.
ഇന്റർവെൽ ആയപ്പോഴാണ് അവളുടെ ഫോൺ ശബ്‌ദിച്ചത്.
ഫോണുമായവൾ അവർക്കിടയിൽ നിന്നും ഒഴിഞ്ഞുമാറി.
നിഷേധപൂർവ്വം അവൾ തലയനക്കുന്നതും കണ്ണുനീർ തുടയ്ക്കുന്നതും കണ്ടവർ അമ്പരന്നു.

കാര്യമെന്തെന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി.

ശ്രീക്കുട്ടീ…
വിഹാന്റെ വിളിയിൽ അവളൊന്ന് ഏങ്ങിയെങ്കിലും തലയുയർത്തിയില്ല.
അപരാധം ചെയ്തവളെപ്പോലെ അവളുടെ തല കുമ്പിട്ടു നിന്നു.

മുൻപിൽ കൊണ്ട് നിർത്തിയ ബൈക്കിലിരിക്കുന്ന വ്യക്തിയെക്കണ്ട വിഹാന്റെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു.
എന്നാൽ മൗലിയുടെ ചുണ്ടിൽ വിരിഞ്ഞത് പരിഹാസമായിരുന്നു.

കയറെടീ..
മൗലി പറഞ്ഞതും വിഹാനരികിൽനിന്നും ശ്രാവണി മുന്നോട്ട് വന്നു.
അവന്റെ ബൈക്കിന് പിന്നിലവൾ കയറിയപ്പോൾ വിഹാന്റെ മാത്രമല്ല ബാക്കിയുള്ളവരുടെ മുഖത്തും അവിശ്വസനീയത പ്രകടമായിരുന്നു.

ശ്രീക്കുട്ടീ.. വിശ്വാസം വരാതവൻ ഒരിക്കൽക്കൂടി വിളിച്ചു.

പുച്ഛവും പരിഹാസവും കലർന്ന വിജയീഭാവത്തോടെ മൗലി ബൈക്ക് മുന്നോട്ടെടുത്തു.

തറഞ്ഞുനിന്ന വിഹാന്റെ മിഴികളുമായി അവളുടെ മിഴികൾ ഉടക്കി.
നിർജ്ജീവമായ മിഴികളിൽ നിറഞ്ഞു നിന്നത് വേദനയായിരുന്നു.. നിസ്സഹായതയായിരുന്നു.. അതിലുപരി ക്ഷമാപണമായിരുന്നു.
ബൈക്ക് അകന്നുപോകുമ്പോഴും ആ നിർജ്ജീവമായ മിഴികളിലെ ശൂന്യത അവനെ കൂടുതൽ വേട്ടയാടി.
കാരണം അത്രമേൽ ആഴത്തിൽ ആ ശൂന്യത അവന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കിയിരുന്നു.
രക്തം പൊടിഞ്ഞു കൊണ്ടേയിരുന്നു.
അവളെയോർക്കുന്തോറും ഹൃദയത്തിലേറ്റ മുറിവുകൾ കൂടുതൽ കൂടുതൽ നീറി.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13