പ്രണയവീചികൾ : ഭാഗം 6
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
ഋതൂ… ആർദ്രമായി വൈശു വിളിച്ചു.
ഗുൽമോഹർ ചുവട്ടിൽ വീണു കിടക്കുന്ന ചുവന്ന പൂവിലൊരെണ്ണമെടുത്ത് അതിന്റെ ഇതളുകൾ അടർത്തുകയായിരുന്ന ഋതു വൈശുവിനെ നോക്കി.
സത്യമല്ലേടീ സാരംഗ് ഏട്ടന്റെ വാക്കുകൾ. നീ എന്തിനാ ഇനിയും യഥാർത്ഥ രൂപം ഒളിപ്പിച്ചു വയ്ക്കുന്നത്.. എത്ര കാലം നീ മൂടിവയ്ക്കും.. വൈശുവിന്റെ സ്വരത്തിലെ വേദന ഋതുവിന് മനസ്സിലായി.
നിനക്കെല്ലാം അറിയാവുന്നതല്ലേ വൈശൂ. എന്നിട്ട് നീയും എന്നെ കുറ്റപ്പെടുത്തുകയാണോ.. ഋതുവിന്റെ ഉള്ളിൽ അവളനുഭവിക്കുന്ന വേദനയും നൊമ്പരവും അവളുടെ വാക്കുകളിലും പ്രകടമായിരുന്നു.
പഴയ ഋതു.. ആലോചിക്കുന്തോറും പേടിയാടീ എനിക്ക്. എന്റെ മനസ്സിൽ തന്നെ കുഴികുത്തി മൂടി ഞാൻ അവളെ.
എന്നിട്ടും പലതും വീണ്ടും വീണ്ടും എന്നെ ഓർമിപ്പിക്കുന്നു എല്ലാം.
ആരും എന്നെ തിരിച്ചറിഞ്ഞില്ല വൈശൂ.
അച്ഛൻ അമ്മ ഏട്ടൻ അങ്ങനെ ആരും.
എനിക്ക് സ്നേഹം തന്നതും കൂടെ നിന്നതും നിങ്ങൾ മാത്രമാണ്. അവന്മാർക്ക് പോലും അറിയില്ല ഒന്നും.
പറയാൻ ഒരുങ്ങിയതാണ് പല പ്രാവശ്യം.
പക്ഷേ ഭയമായിരുന്നു എല്ലാമറിയുമ്പോൾ അവരെന്നെ ഇപ്പോഴത്തെ പോലെ സ്നേഹിച്ചില്ലെങ്കിലോ.. വെറുത്താലോ.
ചേർത്തുപിടിച്ചു കൈകൾ തന്നെ വെറുപ്പിന്റെ വിരൽ ചൂണ്ടുമ്പോഴുള്ള വേദന അത് അനുഭവിച്ചവളാണ് ഞാൻ.
വീണ്ടുമൊരു പരീക്ഷണത്തിന് വയ്യ.
പക്ഷേ അവന്മാർക്കറിയാം എന്തൊക്കെയോ നിഗൂഢതകൾ നിറഞ്ഞവളാണ് ഋതു എന്ന്. പക്ഷേ ചോദിക്കില്ല.
എന്നെ വേദനിപ്പിക്കേണ്ടെന്ന് കരുതി.
എല്ലാം ഉള്ളിലൊതുക്കി കൊണ്ടു നടക്കുന്ന നിസ്സഹായയായ ഒരു പെണ്ണിന്റെ തളർച്ചയും നൊമ്പരവും അവളിൽ നിറഞ്ഞുനിന്നു.
സാരംഗ് ഏട്ടൻ നിന്നെ സ്നേഹിക്കുന്നു. ആ കണ്ണുകളിൽ നിറഞ്ഞുനിന്നത് നീ മാത്രമാണ്. നിന്നോടുള്ള പ്രണയവും കരുതലുമാണ്… വീണ്ടും പ്രതീക്ഷയോടെ വൈശു അവളെ നോക്കി.
പ്രണയം.. എനിക്കങ്ങനെ ഒരു ഫീലിംഗ് തോന്നില്ല ആരോടും. കുറച്ച് നാൾ പിന്നാലെ നടക്കുമ്പോൾ എന്നിൽ നിന്നുമൊരു നോട്ടം പോലും ലഭിക്കാതെ വരുമ്പോൾ തീരാവുന്നതേയുള്ളൂ ആ പ്രണയം. ഋതു പറഞ്ഞു.
ആഹാ… നീയൊക്കെ ഇവിടെ വന്നിരിക്കുകയാണോ
. ആ ലൈബ്രറി മുഴുവൻ കയറിയിറങ്ങി.
ഒടുവിൽ വിചാരിച്ചു ഇവിടെ കാണുമെന്ന് പറഞ്ഞുകൊണ്ട് ഋതുവിനെ ചേർത്തുപിടിച്ച് കൊണ്ട് നീരവ് ഇരുന്നു.
അവളവന്റെ തോളിലേക്ക് തല ചായ്ച്ചു.
എന്ത് പറ്റി സുഖമില്ലേടീ.. അമ്പു ചോദിച്ചു.
അവൾക്ക് നല്ല തലവേദന. അതാ കയറാതെ കാറ്റുംകൊണ്ട് ഇരിക്കാമെന്ന് കരുതിയത്.. വൈശു ഉടൻ പറഞ്ഞു.
അല്ല.. നിങ്ങൾ പോയിട്ടെന്തായി.. ഋതു ചോദിച്ചു.
ഓണം സെലിബ്രേഷൻ അല്ലേ അടുത്തയാഴ്ച.
ഫസ്റ്റ് ഇയേഴ്സുകാരും സെക്കന്റ് ഇയേഴ്സുകാരും തമ്മിലാണ് കോമ്പറ്റീഷൻ.
അത്തപ്പൂവ് മത്സരം ഉണ്ട് ഉറിയടി ഉണ്ട്.. അങ്ങനെ എന്തൊക്കെയോ.
ഡിസൈൻ അമ്പു ചെയ്യും.
പൂവ് തോവാളയിൽ പോയി എടുക്കണം.
അപ്പോൾ അങ്ങനെയൊക്കെ കുറച്ചുപേരെ ഓരോ ജോലി ഏൽപ്പിച്ചു.
ഡ്രസ്സ് കോഡ് ആണ്. പെൺകുട്ടികൾ സെറ്റ് സാരി.. ആണുങ്ങൾ കസവ് മുണ്ടും ഷർട്ടും.
ബോട്ടിൽ ഗ്രീൻ ആണ് കളർ കോഡ്.
അഞ്ജലി ചേച്ചിയാണ് ഡിസൈഡ് ചെയ്തത്.
അമ്പു ചിരിക്കുന്നത് കണ്ടാണ് എല്ലാവരും അവനെ നോക്കിയത്.
എന്താടാ… നിന്റെ തലയിൽ എന്തെങ്കിലും വീണോ.. വൈശു തിരക്കി.
ഇല്ലെടീ… കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഒരിക്കൽ പോലും കാണാൻ സാധിക്കാത്ത ഒരു കാഴ്ചയുണ്ട്. അത് അന്ന് കാണാൻ സാധിക്കുമല്ലോ..
ചിരിക്കിടയിൽ അവൻ പറഞ്ഞു.
അതെന്ത് കാഴ്ച.. നീരവ് അന്തം വിട്ടു.
നമ്മുടെ ഋതുക്കുട്ടി സാരി ഉടുക്കുമല്ലോ… അമ്പു പറയുന്നത് കേട്ട് വൈശുവും നീരവും ആ ചിരിയിൽ പങ്ക് ചേർന്നു.
ഋതു അവനെ കൂർപ്പിച്ചു നോക്കി.
അന്ന് വരേണ്ടെന്ന് ഞാനങ്ങ് വയ്ക്കും അല്ലാതെ എന്റെ അമ്പൂട്ടന്റെ ആ മോഹം മാത്രം നടക്കില്ല കേട്ടോ… അതും പറഞ്ഞ് അവൾ നടന്നുപോകുന്നത് അവർ നോക്കിനിന്നു.
അവളെന്താടീ ഇങ്ങനെ… ശരിക്കും മനസ്സിലാകുന്നില്ല അവളെ… നീരവ് ചോദിച്ചു.
ഒരു നിമിഷം മൗനമായി നിന്നിട്ട് ഋതുവിന് പിന്നാലെ അവളും നടന്നു.
ദിവസങ്ങൾ കടന്നുപോയി.
ഇതിനിടയിൽ സാരംഗിനെ കണ്ടെങ്കിലും അവന്റെ പ്രണയപൂർവ്വമുള്ള നോട്ടം അവൾ അവഗണിച്ചു പോന്നു.
എങ്കിലും പലയിടങ്ങളിലും അവളറിഞ്ഞും അറിയാതെയും അവൻ അവളെ നോക്കിനിന്നു.
ദേ ഋതൂ.. ഇതുവരെയും നിന്നോട് ഞങ്ങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ ഇത് പ്ലീസ് മോളേ. ഞങ്ങളുടെ ഒരു ആഗ്രഹമല്ലേ.. നീരവ് കെഞ്ചി.
ഇല്ല ഞാൻ ഉടുക്കില്ല… സെറ്റിയിലിരുന്നുകൊണ്ട് അവൾ പ്രഖ്യാപിച്ചു.
അവൾക്ക് ചുറ്റുമായി തറയിൽ ഇരിക്കുകയാണ് മൂന്നുപേരും.
നിന്നെ ഒരിക്കലെങ്കിലും പെണ്ണായി കാണാനുള്ള കൊതി കൊണ്ടാണെടീ കോപ്പേ. മൂന്ന് വർഷമായി കൂടെ നടക്കാൻ തുടങ്ങിയിട്ട്. നിന്റെ സന്തോഷം അതായിരുന്നു ഞങ്ങൾക്ക് മുഖ്യം.
പക്ഷേ ഞങ്ങളുടെ ഒരു ആഗ്രഹമെങ്കിലും സാധിച്ചു തരാൻ നീ തയ്യാറായോ.
കഴിഞ്ഞ മൂന്ന് ഓണത്തിനും നമ്മൾ കൂടെയുണ്ടായിരുന്നു.
പക്ഷേ ഒരിക്കൽ പോലും നിന്റെയീ കോലം മാറി ഞങ്ങൾ കണ്ടിട്ടില്ല.
ഒരു പൊട്ടുപോലും വച്ച് കണ്ടിട്ടില്ല. ദേ ഈ ചങ്കിലാടീ നിനക്ക് സ്ഥാനം. നീ എന്തോ ചെയ് ഇനിയൊന്നും പറയുന്നില്ല… ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അമ്പു ഔട്ട് ഹൗസിലേക്ക് പോയി.
ഒരുപാട് ആഗ്രഹിച്ചതാടീ നിന്നെ ആ കോലത്തിൽ ഒന്ന് കാണണമെന്ന്. ദേ ഇന്ന് ഞാനും അവനും കൂടി പോയി വാങ്ങിയതാ.
ഏതായാലും നിന്റെ ഇഷ്ടം നടക്കട്ടെ.
നിന്റെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം..
പോട്ടെ… കൈയിലിരുന്ന ടെക്സ്റ്റയിൽസ് ഷോപ്പിന്റെ കവർ അവളുടെ അടുത്തായി വച്ചശേഷം നീരവും പോയി.
നിനക്കൊന്നും പറയാനില്ലേ വൈശൂ.. ഋതു ചോദിച്ചു.
ഞാനെന്ത് പറയാനാടീ. പറയാൻ മാത്രമേ എനിക്ക് കഴിയൂ. തീരുമാനിക്കേണ്ടതും മാറേണ്ടതും നീയല്ലേ.
നമ്മൾ സ്വയം മാറില്ലെന്ന് ശാഠ്യം പിടിച്ചാൽ അതിനെ മാറ്റാൻ ആർക്കുമാകില്ലല്ലോ.
നീ വാ കിടക്കാം. ഞാൻ പോയി ബെഡ് വിരിക്കട്ടെ. കയറി വരണേ… വൈശു മുകളിലേക്ക് കയറിപ്പോയി.
ഋതുവിന്റെ കണ്ണിൽനിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റുവീണു.
അരികിലിരുന്ന കവറെടുത്ത് അവൾ തുറന്നു.
ഗോൾഡൻ വീതിക്കസവിൽ ബോട്ടിൽ ഗ്രീൻ ഇരുവശത്തും ലൈൻ ഉള്ള സെറ്റുസാരിയും ബോട്ടിൽ ഗ്രീൻ കളറിൽ ഗോൾഡൻ ബീഡ്‌സ് കൈയിലും കഴുത്തിലും പതിപ്പിച്ച ബ്ലൗസും.
പാലയ്ക്കാമല, വലിയൊരു ജിമിക്കി.. പച്ചനിറത്തിലെ കുപ്പിവളകൾ.
മെല്ലെയവൾ അതിനെ ഒന്ന് തലോടി.
ഒരിക്കൽ തന്റെ ഹൃദയം കീഴടക്കിയിരുന്ന കുപ്പിവളകളിലൂടെ അവളൊന്ന് തൊട്ടു.
ഏതോ ഓർമ്മയിൽ കണ്ണുകൾ ഇറുകെയടച്ചു.
കണ്ണുനീർത്തുള്ളികൾ വളയിൽ മുത്തമിട്ടു.
പിറ്റേന്ന് ഫ്രഷ് ആയി ഋതു വന്നപ്പോഴേക്കും വൈശു റെഡിയായിരുന്നു.
തലമുടി തുവർത്തുന്നതിനിടെ അവൾ വൈശുവിനെ നോക്കി. മുല്ലപ്പൂവ് വയ്‌ക്കുകയായിരുന്നു അവൾ.
അലമാരയിൽ നിന്നും ജീൻസും ഷർട്ടും എടുത്തിട്ടവൾ തിരിഞ്ഞു.
വൈശുവിന്റെ മിഴികളിൽ അലയടിച്ചുയരുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ അവൾക്കായില്ല.
സങ്കടങ്ങളിലെല്ലാം നറുസാന്ത്വനമായി നിന്നവളാണ്..
തന്റെ കണ്ണുനീരൊപ്പുന്നവളാണ്.
ഇഷ്ടപ്പെട്ട കോഴ്സ് പോലുമെടുക്കാതെ തനിക്ക് വേണ്ടി ലിറ്ററേച്ചർ എടുത്ത് തന്നെ ഒറ്റയ്ക്കാക്കാതെ കൂടെ നിൽക്കുന്നവളാണ്.
അവളുടെ കൈകൾ അപ്പോഴേക്കും നീരവ് ഏൽപ്പിച്ച കവറിൽ എത്തിയിരുന്നു.
അതെടുത്തവൾ വൈശുവിന് നേരെ നീട്ടി.
ചോദ്യഭാവത്തിലുള്ള വൈശുവിന്റെ നോട്ടം കണ്ടവൾ പറഞ്ഞു.
എനിക്കിത് ചുറ്റാനറിയില്ല. ഹെല്പ് ചെയ്യെടീ.
വിശ്വാസo വരാത്തതുപോലെ വൈശു ഋതുവിനെ നോക്കി കണ്ണുചിമ്മി.
സന്തോഷം കൊണ്ട് പൂത്തുലഞ്ഞു കൊണ്ടവൾ അവളെ കെട്ടിപ്പിടിച്ചു.
ഭംഗിയായി പ്ലീറ്റ്‌സ് എടുത്ത് വൈശു അവളെ സാരിയുടുപ്പിച്ചു.
മിഴിയെഴുതേണ്ടെന്ന് പറഞ്ഞിട്ടും വൈശു നിർബന്ധിച്ച് അതും ചെയ്തു. വലിയ ജിമിക്കിയുമിട്ട് പാലയ്ക്കാമലയുമണിഞ്ഞു .
കുപ്പിവള നീട്ടിയപ്പോൾ അവൾ വേണ്ടെന്ന് തലയാട്ടി .
വേണം ഇവിടെനിന്നും ഇനിയങ്ങോട്ട് നീ പഴയ ഋതു ആയേ പറ്റൂ. പൊട്ടിച്ചിരിക്കുന്ന കുസൃതിയുള്ള തിളങ്ങുന്ന വെള്ളാരം മിഴികളുള്ള എന്റെ പഴയ ഋതു.
എല്ലാം കഴിഞ്ഞവൾ കണ്ണാടിക്ക് മുൻപിൽ ഋതുവിനെക്കൊണ്ട് നിർത്തി.
നീണ്ട വർഷങ്ങൾക്കിപ്പുറം താൻ ഒളിപ്പിച്ചു വച്ച ഋതു തന്റെ മുൻപിൽ വന്നു നിൽക്കുന്നു.
പഴയ രൂപം.. തലയിലെ മുല്ലപ്പൂക്കൾ.. കാതിലെ ജിമിക്കി..
കറുപ്പിച്ച വെള്ളാരംകണ്ണുകൾ.. കിലുങ്ങുന്ന കുപ്പിവളകൾ.. പട്ടുപാവാടയ്ക്ക് പകരം സെറ്റുസാരി. അത്രയേയുള്ളൂ വ്യത്യാസം .
എന്തൊക്കെയോ തലയ്ക്കുള്ളിലൂടെ മൂളിപ്പറക്കുന്നതുപോലെ.. മനസ്സിൽ എന്തൊക്കെയിലോ മിന്നിമറയുന്നു.
കരയുന്ന കുറേ മുഖങ്ങൾ.. പിന്നെയും എന്തൊക്കെയോ ….
അവൾ കണ്ണുകൾ പൊത്തി തിരിഞ്ഞുനിന്ന് കിതച്ചു .
(തുടരും )