പ്രണയമഴ : ഭാഗം 19
നോവൽ
എഴുത്തുകാരി: മിഴി വർണ്ണ
പ്രിയപ്പെട്ടവർ കൂടെ ഇല്ലെങ്കിൽ വർഷങ്ങൾ യുഗങ്ങൾക്ക് തുല്യം ആയി തീരും…..ഗീതുവും ശിവയും പിരിഞ്ഞിട്ട് രണ്ടു യുഗങ്ങൾ കഴിഞ്ഞിരിക്കുന്നു….
രണ്ടു വർഷങ്ങൾ ആയി ആർക്കും അറിയില്ല ഗീതു എവിടേക്ക് ആണ് മറഞ്ഞു പോയത് എന്നോ… ഇനി ഒരു മടങ്ങി വരവ് അവൾക്കു ഉണ്ടാകുമോ എന്നും??? എങ്കിലും ശിവ കാത്തിരിക്കുന്നു തന്റെ പെണ്ണ് നൽകിയ സമ്മാനവും നെഞ്ചോടു ചേർത്തു അവളുടെ മടങ്ങി വരവിനായി….
ശിവയുടെ കാത്തിരുപ്പ് വേഗം അവസാനിക്കാൻ മാത്രം ആണ് കൂട്ടുകാരുടെയും ഒരേ ഒരു പ്രാർത്ഥന…. കാരണം ഗീതു ഇല്ലാത്ത ശിവ ആത്മാവ് ഇല്ലാത്ത വെറും പാഴ്ശരീരം ആയി മാറി കഴിഞ്ഞിരിക്കുന്നു…. അവർക്ക് അവരുടെ പഴയശിവയെ തിരികെ വേണം അതിനു ഗീതു മടങ്ങി വന്നേ തീരൂ…..
*****
കഴിഞ്ഞ രണ്ടു വർഷങ്ങൾക്ക് ഇടയിൽ സംഭവിച്ച കാര്യങ്ങൾ നിങ്ങളോട് ഞാൻ പറയാം….ഞാൻ ആരാണ് എന്നാണോ? ….ഞാൻ വരുൺ. 2 വർഷങ്ങൾ കൊണ്ടു നിങ്ങൾ എന്നെ മറന്നോ?? അങ്ങനെ മറക്കാൻ കഴിയില്ലല്ലോ അല്ലേ??
അന്ന് ഗീതുവിന്റെ കത്ത് വായിച്ചപ്പോൾ സത്യം പറഞ്ഞാൽ അവളോട് ദേഷ്യം ആയിരുന്നു….
ഇത്രയും സ്നേഹം നമ്മൾ കൊടുത്തിട്ട് എവിടേക്ക് പോവുക ആണെന്ന് ഒരു വാക്ക് പോലും പറയാതെ അവൾ അങ്ങു പോയി….
ഒന്നും ഇല്ലങ്കിലും അവൾക്കു എന്റെ ഹിമയോട് എങ്കിലും എല്ലാം തുറന്നു പറയാം ആയിരുന്നു…ഒന്നും ഇല്ലേലും ഇരു ശരീരവും ഒരാത്മാവും പോലെ നടന്നത് ആയിരുന്നില്ലേ രണ്ടു പേരും.
ആരും ഞെട്ടണ്ട…എന്റെ ഹിമ എന്നു പറഞ്ഞത് വെറുതെ ഒന്നും അല്ല…അവൾ എന്റെ പെണ്ണ് ആണ് ഇപ്പോൾ…ശിവക്ക് വേണ്ടി ഗീതുവിനെ വളക്കാൻ ഹെല്പ് ചെയ്തു ചെയ്തു അവൾ എപ്പോഴോ എന്റെ മനസ്സിൽ അങ്ങു കേറി…
അവളുടെ മനസിലും എന്നോടും അതൊക്കെ തന്നെ ഉണ്ടെന്നു ആ ജൂനിയർ പെണ്ണ് വന്നു എന്നോട് ഇഷ്‌ടം പറഞ്ഞപ്പോൾ മനസിലായി.
എങ്ങനെ എന്നല്ലേ എല്ലാരും ആലോചിക്കുന്നത്?
ഈ ലോകത്ത് ഒരു പെണ്ണും തന്റെ ചെക്കൻ വേറെ ഒരു പെണ്ണിന്റെ ആകുന്നതോ ഏതേലും പെണ്ണ് തന്റെ ചെക്കനെ നോക്കുന്നതോ സഹിക്കില്ല….ആ കുശുമ്പ് തന്നെ ആണ് ഹിമക്ക് എന്നോട് ഉള്ള ഇഷ്ടം എനിക്ക് മനസിലാക്കി തന്നതും.
ഞങ്ങളുടെ പ്രണയം ഗീതു ആദ്യമേ പൊക്കിയത് ആണ്. ബാക്കി ഉള്ളവർ അറിഞ്ഞത് കോളേജിൽ വെച്ചു ആണെന്ന് മാത്രം. ഇന്നു ഞങ്ങൾ വാകകൾ പൂക്കുന്ന കലാലയത്തിൽ പ്രണയിച്ചു നടക്കുന്നു.
എങ്കിലും അതിനു ഇടയിലും ഞങ്ങളുടെ ഒരു നോവ് ആണ് എന്റെ ശിവ….ഗീതു പോയ ശേഷം അവനെ ചിരിച്ചു ഒരിക്കൽ കണ്ടിട്ട് ഇല്ല ഞാൻ.എപ്പോഴും ദേഷ്യം മാത്രം. ഞങ്ങളോട് പോലും എപ്പോഴും ദേഷ്യം ആണ്.പക്ഷേ ഞങ്ങൾക്ക് അവന്റെ മനസ്സ് മനസിലാക്കാൻ പറ്റും.
ഗീതുവിനെ കുറിച്ച് ഒന്നും അന്യോഷിക്കണ്ട എന്നു കരുതിയത് ആണ്. പക്ഷേ ശിവയുടെ പിന്നീടുള്ള വെപ്രാളം കണ്ടപ്പോൾ അവളെ തിരക്കി വീട് വരെ പോകാം എന്നു തന്നെ ഉറപ്പിച്ചു…
അങ്ങനെ നമ്മൾ നാലു പയ്യന്മാർ കൂടി അവളുടെ വീട്ടിൽ പോയി…അവിടെ ചെന്നപ്പോൾ മനസിലായി ആ വീട്ടിൽ ഇപ്പോൾ പുതിയ താമസക്കാർ ആണെന്ന്….
ഗീതുവും ഫാമിലിയും എങ്ങോട്ട് ആണ് പോയത് എന്നു അവിടെ ഉള്ള ആർക്കും അറിയില്ലയിരുന്നു…അതോടെ ഗീതുവിനെ അന്യോഷിച്ചു കണ്ടു പിടിക്കാം എന്ന പ്രതീക്ഷയും അസ്തമിച്ചു. എങ്കിലും ശിവ മാത്രം ഉറപ്പിച്ചു പറഞ്ഞു അവൾ എവിടെ പോയാലും അവനെ തേടി ഉറപ്പായും തിരിച്ചു വരും എന്നു..അങ്ങനെ വിശ്വസിക്കാൻ തന്നെ ആണ് നമുക്ക് എല്ലാർക്കും ഇഷ്‌ടവും.
ആ ഇടയ്ക്ക് ആയിരുന്നു +2 റിസൾട്ട് വന്നതു…. ഗീതുവിനു 100% മാർക്ക് ഉണ്ടായിരുന്നു… ശിവക്ക് ഫുൾ A+ ഉം നമുക്ക് 4 പേർക്കും 80%നു മുകളിൽ മാർക്ക് ഉണ്ടായിരുന്നു…. ഞങ്ങൾക്ക് ഉറപ്പായിരുന്നു ഗീതു എവിടെ ആണേലും നമ്മുടെ എല്ലാം റിസൾട്ട് അറിയും എന്നു…. അങ്ങനെ അറിഞ്ഞിട്ട് അവൾ ഒരിക്കൽ എങ്കിലും വിളിക്കും എന്നു കരുതി. പക്ഷേ അതു ഉണ്ടായില്ല….
എന്തിനു ഏറെ…. സ്കൂളിൽ നടന്ന പ്രതിഭസംഗമത്തിൽ പങ്കെടുക്കാൻ പോലും അവൾ വന്നില്ല…. നമ്മൾ ഒക്കെ അവൾക്കു അത്രക്ക് അന്യർ ആയി കാണും.
ഇനി അങ്ങോട്ടും ഒരുമിച്ചു പഠിക്കണം എന്നത് ഞങ്ങൾ 6 പേരുടെയും… ഓഹ് സോറി. ഇപ്പോൾ നമ്മൾ 5 പേരുടെയും ആഗ്രഹം ആയിരുന്നു. അത്യാവശ്യം മാർക്ക് ഉള്ളത് കൊണ്ടും ദൈവം അനുഗ്രഹിച്ചത് കൊണ്ടും അതു നടന്നു….
നമ്മൾ 5 പേരും ഒരേ കലാലയത്തിൽ തന്നെ എത്തി ചേർന്നു…. ഞാനും ശിവയും BA എക്കണോമിക്സ് എടുത്തപ്പോൾ ഞങ്ങൾക്ക് ഇനി ഡിമാൻഡും സപ്ലൈയും ഒന്നും പഠിക്കാൻ ഉള്ള ത്രാണി ഇല്ല എന്നും പറഞ്ഞു കാർത്തിയും രാഹുലും ഒപ്പം എന്റെ പെണ്ണും BA ഹിസ്റ്ററി എടുത്തു….അവർക്ക് താല്പര്യവും ചരിത്രത്തിനോട് ആയിരുന്നു.
ഞങ്ങൾടെ കോളേജും പഴയ സ്കൂളും തമ്മിൽ വലിയ ദൂരം ഒന്നും ഇല്ല….കൂടി പോയാൽ ഒരു 15 മിനിറ്റ് ദൂരം അത്രേ ഉണ്ടാകൂ…അതു കൊണ്ടു തന്നെ നമുക്ക് അറിയുന്ന ഒരുപാട് പയ്യന്മാർ കോളേജിൽ സെക്കന്റ് ഇയറിലും തേർഡ് ഇയറിലും ആയിട്ട് ഉണ്ട്…അതോണ്ട് റാഗിങ് എന്നൊരു ടെൻഷൻ ഉണ്ടായിരുന്നില്ല….മാത്രം അല്ല ഇതിൽ പലരും ശിവയുടെ കൈയിൽ നിന്നു പെട വാങ്ങിയിട്ട് ഉണ്ട്.
ചരിത്രം പരിശോധിച്ചാൽ അവന്റെ കൈയിൽ നിന്നു തല്ലു വാങ്ങിയ ആരും പിന്നീട് നമ്മളോട് മുട്ടാൻ നിൽക്കാറില്ല…. അമ്മാതിരി പെട ആണ് ചെക്കൻ കൊടുക്കുന്നതു.
ആദ്യം കോളേജിൽ ചെന്ന ദിവസം തന്നെ അവൻ കോളേജിലെ വില്ലൻ ടീമുമായിട്ട് ഒന്നു കേറി ഉടക്കി….
വിഷയം പെണ്ണ് കേസ് ആയിരുന്നു…. ഒരു പെണ്ണിനെ അവന്മാരിൽ ഒരുത്തൻ കേറി ഉമ്മ വെക്കാൻ നോക്കി…. ആ പെണ്ണിനെ രക്ഷിക്കാൻ ഒരുത്തനും വന്നില്ല… ശിവക്കു അതു കണ്ടിട്ട് സഹിച്ചില്ല അവൻ ആ സീനിയർ ചേട്ടനെ അടിച്ചു…
അവന്മാർ എല്ലാം കൂടി ശിവയെ വളഞ്ഞപ്പോഴേക്കും കോളേജിലെ നായകൻമാർ ഒരു തരത്തിൽ പറഞ്ഞാൽ കോളേജിലെ പാർട്ടി നേതാക്കൾ വന്നു…. പിന്നെ അവിടെ നടന്നത് പൂരത്തല്ലു ആയിരുന്നു. ആദ്യ ദിവസം തന്നെ നമ്മൾ നാലും പ്രിൻസിപ്പൽ റൂമിൽ കേറേണ്ടി വന്നു.
പക്ഷേ ആ തല്ലൊടു കൂടി കോളേജ് ഹീറോസിന്റെ പ്രിയപ്പെട്ടവൻ ആയി മാറി. ഒന്നാം വർഷക്കാരൻ ആയിട്ട് കൂടി അവിടുത്തെ സൂപ്പർ സീനിയർസിനു ഉണ്ടായിരുന്ന അതേ അധികാരവും ബഹുമാനവും അവനു കിട്ടി.
ഒപ്പം ഒരു പേരും “കലിപ്പൻ”… ശിവദത്ത് എന്ന പേരിനേക്കാളും കലിപ്പൻ എന്നു പറഞ്ഞാൽ ആകും അവനെ എല്ലാരും തിരിച്ചു അറിയുക….അവന്റെ ചങ്കുകൾ ആയ നമുക്കും കോളേജിൽ നല്ല വില ആണ് കേട്ടോ.
ഇപ്പോൾ നമ്മൾ ഡിഗ്രി മൂന്നാം വർഷം ആകുമ്പോൾ ശിവ ആണ് ആ കോളേജിന്റെ ഹീറോ…അവൻ നമ്മുടെ കോളേജിന്റെ ജീവൻ ആണെന്ന് വേണം എങ്കിൽ പറയാം…
ഒരു പാർട്ടിയിലും ഇല്ലാഞ്ഞിട്ട് കൂടി അവന്റെ വാക്ക് മൂന്നു പതാകകളുടെ വക്താക്കക്ളും കേൾക്കും….കോളേജിൽ പാറിപ്പറക്കുന്ന മൂന്നു കൊടികളും അവനു തുല്യം ആണ്…ന്യയത്തിനു വേണ്ടി ആരു നിന്നാലും അവർക്ക് ഒപ്പം ശിവ കാണും.
ഇലെക്ഷൻ സമയത്തു മാത്രം ആണ് നമ്മുടെ കോളേജിൽ 3 പാർട്ടി ഉള്ളത്… അല്ലാത്തപ്പോൾ ഒക്കെ കോളേജിൽ മൂന്നു പാർട്ടിയും ഒത്തോരുമയോടെ ഉണ്ടാകും…അതാണ് നമ്മുടെ കോളേജിന്റെ പ്രത്യേകതയും….
എങ്കിലും കോളേജിൽ എപ്പോഴും രണ്ടു ടീമുകൾ തമ്മിൽ അടി നടക്കും.. നന്മക്കു വേണ്ടി എപ്പോഴും നിൽക്കുന്ന നായകൻമാരുടെ ഒരു ടീമും കുഴപ്പങ്ങൾ മാത്രം ഉണ്ടാക്കുന്ന വില്ലന്മാരുടെ ഒരു ടീമും തമ്മിൽ.. നന്മയും തിന്മയും മുഖാമുഖം വന്നാൽ അടി ഉറപ്പ് ആണല്ലോ!…
നായകൻമാരുടെ നായകൻ നമ്മുടെ കലിപ്പൻ ആണ്.. ഒരാൾക്ക് ഒഴികെ ബാക്കിവില്ലൻമാർക്ക് അവൻ ഒരു പേടി സ്വപ്നം തന്നെ ആണ്.
നായകൻമാർക്ക് ഒരു നായകൻ ഉണ്ടെങ്കിൽ വില്ലൻമാർക്ക് ഒരു വില്ലൻ എന്തായാലും ഉണ്ടാകുമല്ലോ??…
അതേ ഉണ്ടാകും.. ആ വില്ലൻ ആണ് “ആരവ് പ്രസാദ്” എന്ന AP…. അവന്റെ കയ്യിൽ ഇല്ലാത്ത വൃത്തികേടുകൾ ഇല്ല എന്നു തന്നെ പറയാം…കള്ളും കഞ്ചാവും പെണ്ണും എന്നു വേണ്ട എല്ലാ ചെറ്റത്തരവും ഉണ്ട് കൈയിൽ….
മഹേശ്വരി ഇൻഡസ്ട്രീസിന്റെ ഇന്ത്യൻ ഹെഡ് പ്രസാദിന്റെ മകൻ എന്ന അഹങ്കാരം ആണ് അവനു….അച്ഛന്റെ കാശിനു മേലുള്ള അഹങ്കാരം…മന്ത്രിമാർ പോലും അവന്റെ അച്ഛന്റെ കീശയിൽ ആണ്..അതു കൊണ്ടു കോളേജിൽ എല്ലാർക്കും അവനെ ഭയം ആണ്.പെൺകുട്ടികൾക്കു ഇവന്റെ മുന്നിൽ വരാൻ പോലും പേടി ആണ്. അമ്മയെയും പെങ്ങളെയും പോലും തിരിച്ചു അറിയാത്ത ഒരു ജന്മം. ഇല്ല അങ്ങനെ പറയാൻ പറ്റില്ല… കാരണം അവന്റെ പെങ്ങൾ അവന്റെ ജീവൻ ആണ്. അവൾക്കു വേണ്ടി അവൻ എന്തും ചെയ്യും. കൊല്ലാനും ചാവാനും ആരവ് മടിക്കില്ല.
അത്ഭുതം എന്താണ് എന്നു അറിയോ??? ഈ വില്ലന്റെ അനിയത്തി ആണ് നമ്മുടെ കോളേജ് ഹീറോയുടെ നായിക…..” ആതിര പ്രസാദ്”
തുടരും…