പ്രണയമഴ : ഭാഗം 16
നോവൽ
എഴുത്തുകാരി: മിഴി വർണ്ണ
സ്പോർട്സ് ഡേ കഴിയാൻ കാത്തു നിന്നത് പോലെ ഓണം എക്സാം ഇങ്ങു എത്തി….. +1ഇൽ ഓണം എക്സാം ഇല്ലാന്ന് കരുതി സെക്കന്റ് ഇയറിൽ കാണാതിരിക്കില്ലല്ലോ?
എന്തോന്ന് ആയാലും സ്പോർട്സ് ഡേ കഴിഞ്ഞു ചെന്നു ഒരാഴ്ച്ച തികയും മുൻപ് എക്സാം ടൈംടേബിൾ എത്തി….
പഠിപ്പിച്ചു തീർന്നാലും ഇല്ലെങ്കിലും ശെരി. എക്സാം കറക്റ്റ് ടൈമിൽ ഇങ്ങു എത്തും. അഹ്…എക്സാമിനു കൃത്യനിഷ്‌ഠത കുറച്ചു കൂടുതൽ ആണേ… പറഞ്ഞിട്ട് കാര്യം ഇല്ല…
(ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ നിങ്ങൾക്കും കുറച്ചു കൃത്യനിഷ്‌ഠ ഒക്കെ ഉണ്ടാക്കി എടുത്തൂടെ… വേണമെങ്കിൽ എന്നെ മാതൃക ആക്കിക്കോളു കേട്ടോ…
എനിക്ക് അതു ഒരു വിഷമം ആവില്ല… കൃത്യനിഷ്‌ഠ എനിക്ക് പണ്ടേ ഒരു വീക്ക്‌നെസ് ആണേ… 10 മണിക്ക് ഞാൻ എവിടേലും ചെല്ലാം എന്നു പറഞ്ഞാൽ കൃത്യം 11 മണിക്ക് ഞാൻ എത്തിയിരിക്കും… കണ്ടു പഠിക്കാൻ നോക്ക്. )
“ഇതു എന്തോന്നോടാ ഇതു…. ഈ ഇടക്ക് അല്ലേ ഇമ്പ്രൂവ്മെന്റ് എക്സാം കഴിഞ്ഞത്…. അതിന്റെ റിസൾട്ട് പോലും വന്നില്ല… അതിനും മുൻപ് അടുത്ത എക്സാം….. നമ്മൾ എന്തോന്ന് എക്സാം എഴുതാൻ ഉള്ള മെഷീൻ ആണോ?? ”
ഓണം എക്സാമിന്റെ ടൈംടേബിൾ കണ്ടപ്പോൾ മുതൽ രാഹുലിന് കലികേറി ഇരിക്കുവാ.. എങ്ങനെ കലികേറാതിരിക്കും ചെറുക്കൻ ഇതുവരെ ടെക്സ്റ്റ് എല്ലാം കണ്ടിട്ട് കൂടി ഇല്ല.
രാഹുലിന്റെ വർത്താനം കേട്ടിട്ട് ഗീതു ആണെങ്കിൽ ചിരിയോടു ചിരി…. സ്വന്തം പെണ്ണിനു ഒരു കമ്പനി കൊടുക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു ശിവ അതിനേക്കാളും ചിരി…. പക്ഷേ അവനും ഒരു തേങ്ങയും പഠിച്ചില്ല എന്നത് ആണു വാസ്തവം.
“നീ ഒക്കെ കെടന്നു ചിരിച്ചു മരിക്കു…. ടെസ്റ്റ് ബുക്ക് ഫുൾ 5 വട്ടം അരച്ചു കലക്കി കുടിച്ചിട്ട് ആകും ഈ വെള്ളപ്പറ്റ കെടന്നു ചിരിക്കുന്നത്…. ഈ കാട്ടുമാക്കാനും മോശം ഒന്നും അല്ല…. നമ്മൾ 4 പേരു പാവങ്ങൾ… ആവറേജ് സ്റ്റുഡന്റസ്.
അതോണ്ട് നമുക്ക് എക്സാം എന്നു കേട്ടാൽ നിങ്ങളെ പോലെ കെടന്നു ചിരിക്കാൻ പറ്റില്ല… നിങ്ങൾ രണ്ടു ബുജികളും കൂടി അങ്ങോട്ട് മാറി നിന്നു ചിരിക്കു. ” ഹിമ ചുണ്ട് കൊട്ടി കൊണ്ടു പറഞ്ഞു.
“ശെരിയാ….. ബുജികൾ അങ്ങോട്ട് മാറി നിൽക്കു… നമ്മൾ പാവങ്ങൾ.” വരുണും ഹിമയെ സപ്പോർട്ട് ചെയ്തു. കാർത്തിയുടെയും അഭിപ്രായം വേറെ ആയിരുന്നില്ല.
“എന്റെ പൊന്നു പിള്ളേരെ…. ഇതു ഓണം എക്സാം അല്ലേ… അല്ലാണ്ട് പബ്ലിക് എക്സാം ഒന്നും അല്ലല്ലോ? വെറുതെ ടെൻഷൻ ആവാതിരിക്ക്.
ഇതിൽ ഒക്കെ ജസ്റ്റ് ജയിക്കാൻ ഉള്ള മാർക്ക് വാങ്ങിയാൽ മതി… ” ഗീതു നാലെണ്ണത്തിനെയും ആശ്വാസിപ്പിക്കാൻ ഒരു ശ്രെമം നടത്തി.
“അതാണ് ഓണം എക്സാം വരും പോകും…. അതിൽ ഒന്നും ഒരു കാര്യവും ഇല്ല. ഒരു തുണ്ട് കടലാസിന് നമുടെ ഭാവി നിച്ഛയിക്കാൻ ഒന്നും പറ്റില്ല..” ശിവയും ഗീതുനെ സപ്പോർട്ട് ചെയ്തു….
സപ്പോർട്ട് ചെയ്തു സപ്പോർട്ട് ചെയ്തു അവളുടെ മനസ്സിൽ കേറാൻ ഉള്ള ശ്രെമം…. പക്ഷേ എവിടാ… ഗീതു അതൊന്നും മൈൻഡ് പോലും ചെയ്തില്ല…. ശിവ വൺസ് എഗൈൻ ശശി.
“അഹ്…. റിസൾട്ട് വരുമ്പോഴും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കണം… അന്നേരം ഒരുപാട് മാർക്ക് എങ്ങാനും വാങ്ങി ഷോ കണിക്കൊങ്കിൽ പൊന്നു മോനെ നിന്റെ കാര്യം പോക്കാണ്.. ”
അതു കാർത്തിയുടെ മുന്നറിയിപ്പ് ആയിരുന്നില്ല… ഭീഷണി ആയിരുന്നു…. മാർക്ക് എങ്ങാനും തോനെ വാങ്ങിച്ചാൽ ശിവയെ കൊന്നു വെയ്ക്കും എന്നുള്ള ഭീഷണി.
( നമ്മൾ അങ്ങനെ ആണല്ലോ… നമ്മൾക്കു മാർക്ക് കുറഞ്ഞാൽ വിഷമം വരും.പക്ഷേ ചങ്കിനും മാർക്ക് കുറവാണേൽ പിന്നെ നോ പ്രോബ്ലം. പഠിക്കുമ്പോഴും നമ്മളെ പോലെ അവരും ഒന്നും പഠിച്ചില്ല എന്നു കേക്കുമ്പോ ഉള്ള സുഖം… എന്റെ സാറെ അതൊന്നു വേറെ ആണു.)
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു പോകും മുൻപേ ഓണം എക്സാം തുടങ്ങി…. ആറുപേരുടെയും സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. അതുകൊണ്ട് തന്നെ 6 പേരും ഒരേ എക്സാം ഹാളിൽ ആയിരുന്നു.
(‘അതെന്താ മലയാളം സെക്കന്റ് ലാംഗ്വേജ് ഉണ്ടെങ്കിൽ ഒരു ക്ലാസ്സിൽ ആകില്ലേ എന്നു ചോദിക്കരുത്’… കാരണം മലയാളം ക്ലാസ്സിൽ പിള്ളേർ ഭയങ്കര കൂടുതൽ ആണ്… അതോണ്ട് ചെലപ്പോൾ വേറെ ക്ലാസ്സിൽ ആയി പോകും.
നിങ്ങൾ ആയിട്ട് മണ്ടത്തരം ചോദിക്കും മുന്നേ ഞാൻ സംശയം മാറ്റിതന്നില്ലേ… ഇനി എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് പേർസണൽ ആയിട്ട് ചോദിച്ചാൽ മതി എന്നു ഒന്നും ഞാൻ പറയൂല….ഡൌട്ടും ആയിട്ട് ആ വഴിക്ക് കണ്ടു പോവരുത്….വന്നാൽ ഞാൻ കരയും..നോക്കിക്കോ)
എക്സാം തുടങ്ങി കഴിഞ്ഞാൽ പിന്നെ ഗീതുനെ പിടിച്ചാൽ കിട്ടൂല…. അവൾക്കു സമയം കൊടുക്കും എങ്കിൽ ടെസ്റ്റ് മുഴുവൻ എഴുതി വെയ്ക്കും ആ ആൻസർ ഷീറ്റിൽ.
ശിവയും മോശം ഒന്നും അല്ല കേട്ടോ… ടെസ്റ്റ് ഫുൾ എഴുതില്ലേലും ഒരു മുക്കാൽ ടെസ്റ്റ് ഒക്കെ പുള്ളിയും ആൻസർ പേപ്പറിൽ ശർദ്ധിച്ചു വെയ്ക്കും. ( എന്തോന്ന് സ്വഭാവം ആണോ എന്തോ രണ്ടിനും… ബ്ലഡി ഫൂൾസ്)
നമ്മുടെ ഹിമകുട്ടി അത്രക്ക് ഒന്നും ഇല്ല കേട്ടോ…. ആവിശ്യത്തിന് മാത്രമേ ബുക്ക് തിന്നാറുള്ളു…. അതുകൊണ്ട് തന്നെ ആൻസർ പേപ്പറിൽ ഉള്ള ശർധിക്കലും കുറവാണു…വരുൺ ആണ് കിടിലം ഒന്നും പടിക്കാണ്ടു വന്നാൽ പോലും ജയിക്കാൻ ഉള്ള വകുപ്പ് അവൻ ഉണ്ടാക്കിക്കോളും.
അയ്യോ….തുണ്ട് വെയ്ക്കൽ അല്ല…(നിങ്ങൾ എന്താ ഇങ്ങനെ….വെറുതെ ഓരോന്ന് അങ്ങു ആലോചിച്ചു കൂട്ടും…) വരുണിന്റെ പരീക്ഷ സിദ്ധാന്തം അനുസരിച്ചു തുണ്ട് വയ്ക്കൽ ദുഃഖമാണുണ്ണി…കോപ്പിയടിക്കൽ അല്ലോ സുഖപ്രദം.
നമ്മുടെ പരട്ടഇരട്ടകളുടെ കാര്യം പറയാതിരിക്കുന്നത് ആണ് നല്ലത്…. ഏതു ചോദ്യപ്പേപ്പർ കണ്ടാലും അവരുടെ മനസിൽ ആദ്യം ഓടി എത്തുന്ന പാട്ട് ഏതാണ് എന്നു അറിയോ??
“കൺഫ്യൂഷൻ തീർക്കണമേ.. എന്റെ കൺഫ്യൂഷൻ തീർക്കണമേ….. കൺഫ്യൂഷൻ തീർക്കണമേ എന്റെ കൺഫ്യൂഷൻ തീർക്കണമേ….”
(ഹായ്…. ജീവിതത്തിൽ പല ചോദ്യപേപ്പറുകൾ കണ്ടപ്പോൾ ഞാൻ പാടിയ അതേ പാട്ട്….അല്ലാണ്ട് നിങ്ങളെ പോലെ എക്സാം ഹാളിൽ ഇരുന്നു കരച്ചിൽ ആണെന്ന് കരുതിയോ? ഞാൻ വേറെ ലെവൽ ആണ്…. എക്സാം ഹാളിൽ ഇരുന്നു ഞാൻ വേണേൽ ഒരു സിനിമ മുഴുവൻ ആലോചിക്കും…. ആ എനിക്ക് ആണോ ഒരു പാട്ട് പാടാൻ പാടു.)
എന്തോന്ന് ആയാലും ഓണം എക്സാം കഴിഞ്ഞു…. എക്സാം കഴിഞ്ഞപ്പോൾ തന്നെ ഉറപ്പായിരുന്നു ശിവക്കും ഗീതുനും നല്ല മാർക്ക് കാണും…. ഹിമക്കും വരുണിനും ജയിക്കാൻ ഉള്ള മാർക്കും കാണും… പരട്ട ഇരട്ടകൾ എട്ടു നിലയിൽ പൊട്ടുകയും ചെയ്യും എന്നു.
അതു ഒന്നും അവർക്ക് ഒരു പ്രശ്നമേ അല്ല… ഓണപരീക്ഷ പോയാൽ ക്രിതുമസ് പരീക്ഷ… അതും പോയാൽ മെയിൻ എക്സമിനു പിടിക്കും…. അത്ര തന്ന.
അതാണ് ചെസ്സ് മത്സരത്തിൽ തോറ്റാൽ കാവിലെ പാട്ടുമത്സരത്തിൽ വെച്ചു എടുക്കും…. അതിലും തൊറ്റാൽ അടുത്ത വർഷത്തെ മത്സരത്തിൽ അങ്ങു എടുത്തോളും…. അല്ല പിന്നെ….
യുദ്ധം കഴിഞ്ഞു…. ഇനി വിജയാഘോഷം…. അതേ സുഹൃത്തുക്കളെ ഇനി ആണ് ഓണാഘോഷം.
( +2 ഓണാഘോഷം അതു ഒരു ഒന്നൊന്നര സംഭവം അല്ലെ…. സ്കൂൾ ജീവിതത്തിലെ ആ അവസാന ഓണാഘോഷം മറക്കാൻ ചെലപ്പോൾ ഈ ജന്മം സാധിക്കില്ല…. സത്യം അല്ലേ ഞാൻ പറഞ്ഞത്. )
ഈ ഓണാഘോഷം ഗംഭീരം ആകാൻ തന്നെ പിള്ളേർ അങ്ങു തീരുമാനിച്ചു. ഉഞ്ഞാൽ ആട്ടവും..മാവേലിയും…ഓണസദ്യയും….അത്തപ്പൂക്കള മത്സരവും… നാരങ്ങ സ്പൂൺ മത്സരവും…തവളച്ചട്ടവും…
സുന്ദരിക്കു പൊട്ടുതൊടലും…ഏറ്റവും അവസാനം വടം വലിയും ഒപ്പം പിറ്റി സാറിന്റെ കമെന്ടറിയും… ഇനി എന്തു വേണം ഒരു ഓണാഘോഷം പൊളി ആകാൻ….
(അഹ്… ഒരു ഓണത്തല്ല് കൂടി വേണം അല്ലേ….ആരും വിഷമിക്കണ്ടാ… വകുപ്പ് ഉണ്ടാക്കാം. നിങ്ങളുടെ സന്തോഷം അല്ലേ എന്റെ സന്തോഷം…. അതിനു വേണ്ടി അടി ഉണ്ടായില്ല എങ്കിൽ ഞാൻ ഉണ്ടാക്കിക്കും. )
നമ്മുടെ പയ്യൻമാർ കഴിഞ്ഞ വർഷത്തെ പോലെ തന്നെ നേരുത്തേ ഇങ്ങു ഹാജര് വെച്ചു… അതും നല്ല റെഡ് ഷർട്ട് ഒക്കെ… ഇട്ട് മുണ്ടും മടക്കി കുത്തി.. കൂളിംഗ് ഗ്ലാസും ഒക്കെ വെച്ചു ഒരു മാസ്സ് എൻട്രി…. ആ ലുക്ക് കണ്ടാൽ ഏതു പെണ്ണും ഫ്ലാറ്റ് ആയി പോകും…
ആകെ ഒരു വിഷമം ആ നോക്കുന്ന പെൺപിള്ളേരെ കുട്ടിയക്ഷിയും ഹിമയും ചേർന്ന് ഏതേലും ഫ്ലാറ്റിന്റെ ചുവരിൽ ഒട്ടിച്ചു വെയ്ക്കും എന്നു ഓർക്കുമ്പോൾ ആണ്.
ചെക്കൻമാരെ പോലെ തന്നെ കിടു ആയിരുന്നു നമ്മുടെ രണ്ടു രണ്ടു തരുണീമണികളും… ഹിമ സെറ്റ് സാരി ഒക്കെ ഉടുത്തു പിച്ചിപൂവും ചൂടി വന്നപ്പോൾ ഗീതു പച്ച നിറത്തിൽ ഉള്ള ദാവണിയും ഉടുത്തു മുല്ലപൂവും ചൂടി വന്നു….
ഉണ്ടക്കണ്ണുകളിൽ കരിമഷി എഴുതി കയ്യിൽ കുപ്പിവള കിലുക്കവും ആയി വന്ന ആ നാടൻ പെണ്ണിനെ നോക്കാത്ത ചെക്കൻമാർ ചുരുക്കം ആയിരുന്നു എന്നു തന്നെ പറയാം… പക്ഷേ സ്വഭാവം അറിയാവുന്നതു കൊണ്ട് മാത്രം ഒരുത്തനും അടുത്തില്ല….
അല്ലേലും എങ്ങനെ അടുക്കും? അമ്മാതിരി അടി അല്ലേ ഗ്രൗണ്ടിൽ ഇട്ടു ഒരു ചെക്കനു കൊടുത്തത്… അതു കണ്ടിട്ട് ജീവനിൽ കൊതി ഉള്ള ആരെങ്കിലും വരോ??
ഗീതുവിനെ കണ്ടു ശിവയുടെ കണ്ട്രോൾ ഒക്കെ ഓൺ ദ സ്പോട്ടിൽ നാടു വിട്ടു പോയി…. പക്ഷേ അവളുടെ കളരിയും കരോട്ടയും ഒക്കെ ഓർത്തപ്പോൾ നാടുവിട്ടു പോയ കണ്ട്രോൾ ഏറോപ്ലെയ്ന് പിടിച്ചു തിരിച്ചു വന്നു….ഒന്നും ഇല്ലേലും ഭാവിയിൽ ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞുങ്ങൾടെ ഭാവി ഓർക്കണം അല്ലോ.
ആദ്യം അത്തപ്പൂക്കള മത്സരം ആയിരുന്നു… മൂന്നു മണിക്കൂർ നീണ്ടു നിന്ന മത്സരത്തിനു ഇടക്ക് ചിത്രകാരനെ മുതൽ ഡിറ്റക്റ്റീവിനെ വരെ കാണാൻ പറ്റും….
( അത്തപ്പൂക്കളത്തിനു ഇടക്ക് ഡീറ്റേറ്റീവ് എവിടുന്ന് വന്നു എന്നാണോ ആലോചിക്കുന്നേ?? ശേ… എല്ലാം ഞാൻ തന്നെ പറഞ്ഞു തരണം എന്നു വെച്ചാൽ കഷ്ടം ഉണ്ട് കേട്ടോ…. എന്നാലും എനിക്ക് നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് മാത്രം ഞാൻ പറയാം… എല്ലാരും ഒന്നു ഫ്ലാഷ്ബാക്കിലേക്ക് പൊകൂ… (നോക്കി കൊണ്ടിരിക്കാതെ പോ മാഷേ.. ) നിങ്ങളുടെ +2 ലൈഫിലെ ഓണക്കാലത്തേക്ക്.. അവിടെ ഒരു ക്ലാസ്സ് റൂം കാണുന്നില്ലേ…
അവിടെ ഒരു വശത്ത് പൂ ഇറുക്കുന്ന കുറച്ചു പെൺകുട്ടികൾ ഇല്ലേ?? ക്ലാസ്സിന്റെ മധ്യ ഭാഗത്തു ആയിട്ട് അത്തപ്പൂക്കളം വരയ്ക്കുന്ന ഒരു ചിത്രകാരൻ ഇല്ലേ??ക്ലാസ്സിൽ ഉഞ്ഞാൽ ഇടുന്ന 2 ചെക്കൻമാരും ഉണ്ടല്ലോ??
വാതിൽക്കൽ വേറെ ക്ലാസ്സിൽ നിന്നും നമ്മുടെ ഡിസൈൻ ചോർത്താൻ വരുന്ന ചാരൻമാരെ തടയാൻ കുറച്ചു കലിപ്പൻ ചെക്കൻമാർ നിൽക്കുന്നില്ലേ… അപ്പുറത്തെ ക്ലാസ്സിന്റെ ഡിസൈൻ കഷ്ടപ്പെട്ടു കണ്ടുപിടിച്ചു വരുന്ന ഒരു പാവം ഡിറ്റക്റ്റീവും ഇല്ലേ നമുക്ക്??
ഇതിനു എല്ലാം പുറമെ വെറുതെ കറങ്ങി നടക്കുന്ന വേറെ ഒരു ടീമിനെയും നിങ്ങൾ കണ്ടില്ലേ?? എല്ലാരും മനസ്സിൽ കണ്ടോ ഒരു നിമിഷം എങ്കിലും നിങ്ങളുടെ ആ +2 ക്ലാസ്സ് റൂം?? ഇപ്പോൾ മനസിലായല്ലോ ആ ഡിറ്റക്റ്റീവ് എവിടുന്ന് വന്നു എന്നു. )
അത്തപൂക്കള മത്സരം കഴിഞ്ഞു ഗ്രൗണ്ടിന്റെ പല ഭാഗത്തു ആയിട്ട് നാരങ്ങസ്പൂൺ മത്സരവും തവളച്ചട്ടവും സുന്ദരിക്കു പൊട്ടു തൊടലും ഒക്കെ നടന്നു…. പാവം പിള്ളേർ… ഓരോന്ന് കാണാൻ വേണ്ടി ഗ്രൗണ്ടിന്റെ ഓരോ ഭാഗത്തു ഓടി നടന്നു തളർന്നു….
ആ തളർച്ച മാറ്റാൻ വേണ്ടി അടുത്തത് 2 തരം പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ ഓണസദ്യ… കുട്ടികൾ പരസ്പരം വാരികൊടുത്തും സ്വയം കഴിച്ചും ഒക്കെ ഇരിക്കുന്നത് കാണാൻ പോലും വലിയ സന്തോഷം ആണ്. അവിടെ ആൺ പെൺ വ്യത്യാസം ഒന്നും ഇല്ല…. കളങ്കമില്ലാത്ത സൗഹൃദമാണെങ്കിൽ അവിടെ പിന്നെ എന്തു ആൺ പെൺ വ്യത്യാസം അല്ലേ.
സദ്യ കഴിച്ചു ആരും മടി പിടിച്ചു ഇരിക്കാതിരിക്കാൻ 2 മണി മുതൽ വടംവലി മത്സരം…
സദ്യക്കു ശേഷം വടംവലി മത്സരം വെച്ചതിനു പിന്നിൽ അധ്യാപകരുടെ ഗൂഢമായ പദ്ധതി ഉണ്ടായിരുന്നു… കാരണം അവർക്കു അറിയാം വടം വലി കഴിഞ്ഞാൽ ഉടനെ തല്ലു നടക്കും… പിന്നെ എല്ലാത്തിനെയും അടിച്ചു ഒട്ടിക്കുന്ന കൂട്ടത്തിൽ സദ്യ വിളമ്പാൻ നേരം കിട്ടില്ലല്ലോ.
ആദ്യം പെൺകുട്ടികളുടെ വളരെ ശാന്തമായ വടംവലി മത്സരം നടന്നു…. സമാധാനപരമായ ആ മത്സരത്തിൽ രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനികൾ അഥവാ ഗീതുവിന്റെ ക്ലാസ്സ് വിജയിച്ചു… സമ്മാനം ആയി കിട്ടിയ പഴക്കുല അടുത്ത സെക്കന്റിൽ തന്നെ അവരുടെ ആങ്ങളമാർ എല്ലാം കൂടി തിന്നു തീർത്തു… എല്ലാം വളരെ പെട്ടന്ന് ആയിരുന്നു…അതു കൊണ്ടു എന്താ നടന്നത് എന്നു അവർക്ക് പോലും മനസിലായില്ല.
ആൺകുട്ടികളുടെ വടംവലി മത്സരം വളരെ ശാന്തമായി ആരംഭിച്ചു എങ്കിലും അവസാനിച്ചത് അശാന്തമായി ആയിരുന്നു. സെമിഫൈനൽ വരെ ശാന്തമായി അരങ്ങേറിയ വടംവലി മത്സരം ശിവയുടെ ക്ലാസും സയൻസ് ക്ലാസും തമ്മിൽ ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ ശാന്തത വെടിഞ്ഞു കൊടിയ അക്രമം അഴിച്ചു വിട്ടുകളഞ്ഞു.
കള്ളക്കളി കാണിച്ചു എന്നും പറഞ്ഞു തുടങ്ങിയ വഴക്ക് ഒടുവിൽ തമ്മിൽ തല്ലിൽ ആണ് അവസാനിച്ചത്…അടിയെ കുറിച്ച് പറയാൻ ആണെങ്കിൽ എന്തിനാ നമ്മൾ അടിക്കുന്നത് എന്നു അറിയാത്ത ഒരു ടീമും എന്തിനാ അടികൊല്ലുന്നതു എന്നു അറിയാത്ത മറ്റൊരു ടീമും… ചുരുക്കി പറഞ്ഞാൽ അടിയോടടി.
ആരു അടിക്കുന്നു ആർക്ക് കൊള്ളുന്നു എന്നു പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ഉള്ള അടി. വടംവലി ഒടുവിൽ സമ്മാനം ആയിട്ട് വെച്ചിരിക്കുന്ന പഴക്കുല വലി ആയതു കണ്ടു കമെന്ടറി പറയാൻ ഇരുന്ന പിറ്റി സർ പോലും പകച്ചു പണ്ടാരം അടങ്ങി പോയി.
ഒടുവിൽ സാറന്മാര് ചൂരലും ആയി വന്നു ലാത്തി ചാർജ് നടത്തേണ്ടി വന്നു അന്തരീക്ഷം ശാന്തം ആകാൻ…. അത്രയും നേരം തമ്മിൽ അടിച്ച പയ്യന്മാർ തോളിൽ കയ്യും ഇട്ടു പോകുന്നത് കണ്ടു സർ പോലും പറഞ്ഞു പോയി “ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ” എന്നു
തുടരും…