Friday, November 22, 2024
Novel

പ്രണയകീർത്തനം : ഭാഗം 10

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌


പാഞ്ഞു പിടിച്ചാണ് അപ്പു എത്തിയത്…

ഗേറ്റിങ്കൽ വെച്ചേ അവൻ കണ്ടു..
സിറ്റ് ഔട്ടിൽ വീണു കിടക്കുന്ന കീർത്തനയെ…

കാറിൽ നിന്നിറങ്ങി അവൻ ഓടുകയായിരുന്നു…

പടികൾ കയറി അവളുടെ അടുത്ത് വന്നു മുട്ടുകുത്തി ഇരുന്നു അവൻ..

ആ ശിരസ് എടുത്തു തന്റെ മടിയിലേക്കു വെച്ചു…

കുലുക്കിവിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സമീപത്തിരുന്ന അവളുടെ ബാഗിൽ നിന്നും ബോട്ടിൽ എടുത്ത് അതിലെ വെള്ളം അവളുടെ മുഖത്തേക്ക് തളിച്ചു…

രണ്ടു മൂന്നു തവണ വെള്ളം തളിച്ചപ്പോൾ ഒരു ഞെട്ടലോടെ അവൾ മിഴികൾ വലിച്ചുതുറന്നു..

അപ്പൂനെ കണ്ടു ആ മിഴികൾ നിറഞ്ഞു..

“എന്തു പറ്റിയെടാ…’അവന്റെ ശബ്ദമിടറി…

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് ഒരു തളർന്ന നോട്ടമയച്ചു..

അപ്പു കാണുകയായിരുന്നു അവളെ..

°°°°പഴയ ചിന്നുവെ അല്ല..ആ പ്രസരിപ്പും ചുറുചുറുക്കും മുഖത്തെ സന്തോഷവുമെല്ലാം എങ്ങോ പോയിമറഞ്ഞിരിക്കുന്നു…മുഖത്തു പ്രകാശത്തിന്റെ ഒരു കണിക പോലുമില്ല°°°°

“ഇത് പ്രണയനഷ്ടത്തിന്റെതാണ്”..അത് തിരിച്ചറിയാൻ അവനു ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല..കാരണം ഈ മുഖം തന്നെയായിരുന്നു മൂന്നു വർഷങ്ങൾക്കു മുൻപ് അവൻ തന്റെ അനുജൻ അച്ചുവിലും കണ്ടത്”…

ഭീതിയോടെ അപ്പു അവളെ നോക്കിയപ്പോൾ ആ കണ്ണുകൾ വീണ്ടും വീണ്ടും മറിഞ്ഞു പോകുന്നതാണ് കണ്ടത്…

അവന്റെ കയ്യിൽ ബലമായി പിടിച്ചിരുന്ന അവളുടെ കൈകൾ അയഞ്ഞു പോയിരുന്നു…

വാരിയെടുത്തു കാറിനടുത്തേക്കു ഓടുമ്പോൾ അവന്റെ മിഴികൾ സജലങ്ങളായി….

അടുത്തുള്ള മെഡി ഹെല്പ് സെന്ററിലെ കാഷ്വലിറ്റിയിൽ കൊണ്ട് ചെന്നപ്പോൾ ഭാഗ്യത്തിന് സീനിയർ ഡോക്ടർ അവിടെ തന്നെ ഉണ്ടായിരുന്നു..

അവർ വേഗം തന്നെ ഡ്രിപ് ഇട്ടു..ബിപി ചെക്ക് ചെയ്തു..

“ഇന്നൊന്നും കഴിച്ചില്ലായിരുന്നോ?”ഡോക്ടർ ചോദിച്ചു…

അതിനുത്തരം അപ്പുവിന് അറിയില്ലായിരുന്നു…

അല്പം വിശ്രമിക്കട്ടെ…ഉണരുമ്പോൾ സംസാരിക്കാം എന്നു പറഞ്ഞു ഡോക്ടർ റൂമിലേക്ക് പോയി…

അവളുടെ മുടിയിഴകൾ മാടിയൊതുക്കി അടുത്തൊരു സ്റ്റൂളിട്ട് അപ്പു ഇരുന്നു…

അവൻ അവളുടെ മുഖത്തേക്ക് നോക്കി…

ശാന്തമായി ഉറങ്ങുകയാണവൾ…

എന്തിനും ഏതിനും അപ്പുവെട്ടാ എന്നു വിളിച്ചു നടന്നിരുന്നവൾ…

ആശയുടെ ഡെലിവറിയുടെ തിരക്കിനിടയിൽ അവളുടെ കാര്യം താൻ വിട്ടു പോയല്ലോ എന്നവൻ ഓർത്തു..

അല്ലെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു…

“പിന്നിതെന്ത് പറ്റി”

അപ്പോഴാണ് രോഹിതിനെ അറിയിച്ചില്ലല്ലോ എന്നവൻ ഓർത്തത്…

വേഗം രോഹിത്തിന്റെ നമ്പർ ഡയൽ ചെയ്തു…

കട്ടിലിലേക്ക് തല ചായ്ച്ചു വെച്ചിരുന്നു അപ്പു എപ്പോഴോ മയങ്ങിപ്പോയി…

ആരോ കയ്യിൽ തൊട്ടപ്പോഴാണ് അവൻ ഉണർന്നത്…

കീർത്തന ആയിരുന്നു…

അവൾ അവനെ നോക്കി പുഞ്ചിരിച്ചു…

“എന്തു പറ്റി മോളെ നിനക്ക്”….അവൻ വിഷമത്തോടെ ചോദിച്ചു…

ഒന്നുമില്ലെന്ന്‌ അവൾ കണ്ണടച്ചു കാട്ടി..

അപ്പോഴാണ് രോഹിത് വന്നത്…

വന്നപാടെ അവൻ ചിന്നുവിന്റെ അരികിലായിരുന്നു..

കൈകൾ എടുത്തു തന്റെ കൈക്കുള്ളിലാക്കി അവളുടെ മുഖത്തേക്ക് നോക്കി…

അവൾ ചിരിച്ചു..”ഒന്നുമില്ല രോഹിതേട്ടാ”

“എന്തെങ്കിലും ഉണ്ടെങ്കിലും പറയില്ലല്ലോ..എല്ലാം അപ്പുവേട്ടനോടല്ലേ പറയൂ “അവൻ പരിഭവത്തോടെ പറഞ്ഞു…

അവർ മൂവരും കൂടി ചിരിച്ചു…

അഞ്ചു മണി കഴിഞ്ഞപ്പോൾ ഡോക്ടർ റൗണ്ണ്ട്സിന് വന്നു..

“കുറച്ചു ബിപി വേരിയഷൻ കാണിക്കുന്നുണ്ട്…എന്തു പറ്റി കീർത്തനാ…ടെന്ഷന് വല്ലതുമുണ്ടോ”

ഡോക്ടർ അവളുടെ പൾസ് ചെക് ചെയ്തുകൊണ്ട് ചോദിച്ചു…

” അതോ ഇനി എക്സാം ടെന്ഷന് ആണോ..”?

“നന്നായി ഭക്ഷണം കഴിക്കണം കേട്ടോ…ഉറക്കവും വേണം…പിന്നെ അനാവശ്യ ടെൻഷനും വേണ്ടാ…ഓക്കെ”…

കീർത്തനയിൽ തളർന്ന ഒരു ചിരി ഉണ്ടായി…

“ഏതായാലും ഇന്നിവിടെ കിടക്കൂ…നാളെ പോകാം” റൂം എടുത്തോളൂ…അങ്ങോട്ട് മാറ്റിയെക്കാം..”

ഡോക്ടർ പോയി…

പിറ്റേദിവസം ഉച്ചതിരിഞ്ഞാണ് ഡിസ്ചാർജ് ആയത്…

തലേ ദിവസം രാത്രി രോഹിത് പോയി രാജലക്ഷ്മിയെ കൂട്ടി വന്നായിരുന്നു…

അവരും അപ്പുവും കൂടിയാണ് അവളുടെ കൂടെ നിന്നത്..

ഇടക്ക് അപ്പച്ചി വാഷ്‌റൂമിൽ പോയപ്പോൾ അപ്പു അവളോട് ചോദിച്ചു…

“വരുണിനെ വിളിക്കണ്ടേ..?”

വേണ്ടാന്നു അവൾ മറുപടി നൽകി..

അവൻ എന്തോ ചോദിക്കാൻ ആഞ്ഞെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു…

അവൾ കണ്ണുകളടച്ചു കിടന്നു..

ആ കണ്പീലികൾ തേടി വന്നപ്പോൾ അവൾ പുതപ്പെടുത്ത് തല വഴി മൂടി…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രി സമയം..

അത്താഴത്തിനു ശേഷം കുറെ നേരം ആശയുടെ അടുത്തിരുന്നു വാവയെ കളിപ്പിച്ചിട്ടു കിടക്കാനായി എഴുന്നേറ്റു അപ്പു..

ആശയും കുഞ്ഞും നോക്കാനായി നിർത്തിയിരിക്കുന്ന ബേബി ചേച്ചിയും ഒരു മുറിയിലാണ് കിടക്കുന്നത്..

അപ്പു അച്ചൂന്റെ കൂടെ അവന്റെ മുറിയിലും…

അപ്പു ചെന്നപ്പോഴേക്കും അച്ചു ഉറക്കം പിടിച്ചിരുന്നു…

അവൻ അച്ചൂന്റെ അടുത്തായി കിടന്നു…മെല്ലെ അവന്റെ വശത്തേക്ക് തിരിഞ്ഞു…

എന്തോ സ്വപ്നം കണ്ടിട്ടാവണം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി….

അപ്പുവിനും ചിരി വന്നു…അവൻ അച്ചൂന്റെ നെറ്റിയിലേക്കു വീണു കിടന്ന മുടികൾ ഒതുക്കി വെച്ചു…

“”‘പാവം”””അവൻ മനസ്സിലോർത്തു…മൂന്നു വർഷം എന്തെല്ലാം അനുഭവിച്ചു!!!

അലറിക്കൊണ്ടു മുറി മുഴുവൻ ഓടി നടന്ന കാഴ്ച ഇപ്പോഴും മനസിൽ നിന്നു മായുന്നില്ല…

അപ്പു കണ്ണുകൾ മുറുകെ അടച്ചു…

കുറെ ഭ്രാന്ത് പിടിപ്പിക്കുന്ന ഓർമകൾ തികട്ടി തികട്ടി മനസിലേക്ക് വലിഞ്ഞു കയറി…

°°°°°°°അച്ചു കോഴ്സ് കഴിഞ്ഞു ചെന്നൈയിൽ വീടിനടുത്ത് തന്നെയുള്ള ഒരു കമ്പനിയിൽ ട്രെയിനി ആയി കയറിയ സമയം…..

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ കൂടെ ട്രൈനിയായി തന്നെ ജോലി നോക്കിയിരുന്ന ഒരു
പെണ്കുട്ടിയുമായി ഇഷ്ടത്തിലായി…”നീരജ”…

അവളവിടെ ഹോസ്റ്റലിൽ ആയിരുന്നു..

നാട്ടിൽ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി…
അവർക്ക് ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷ..

അച്ചു ഒത്തിരി പുറകെ നടന്നിട്ടാണ് അവൾ സമ്മതിച്ചതെന്നൊക്കെ അവൻ പണ്ട് തന്നോട് പറഞ്ഞിട്ടുണ്ട്…

പക്ഷെ പെട്ടെന്നൊരു ദിവസം… “എന്റെ മരണത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി “…എന്നു ഒരു തുണ്ട് പേപ്പറിൽ എഴുതി വെച്ചിട്ട്…കയ്യിലെ ഞരമ്പ് മുറിച്ചവൾ…

വിവരം അറിഞ്ഞു അലറിക്കരഞ്ഞ അച്ചൂനെ അടക്കിപ്പിടിച്ചു് താനുമന്ന് ഒരുപാട് കരഞ്ഞു..

പിന്നീട് ..ബഹളമൊന്നും ഉണ്ടാക്കില്ല എന്ന ഉറപ്പിന്മേൽ കമ്പനിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം കണ്ടു കരയാൻ പോലുമാവാതെ തന്റെ തോളിൽ ചാരി നിന്നു അച്ചു….

താനുമായിട്ടു ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നും തലേദിവസം രാത്രി കൂടി ഒരുപാട് നേരം സംസാരിച്ചിട്ടു ആണ് കിടന്നതെന്നും അച്ചു ആണയിട്ടു പറഞ്ഞു…

അവിടെ വെച്ചു ആരോ പറയുന്ന കേട്ടു “എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്..ആ കുട്ടിയുടെ മൈബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞിട്ടാണ് അവൾ ജീവനോടുക്കിയതെന്നു…”

അന്യനാടായത് കൊണ്ടും അവളുടെ വീട്ടുകാർക്ക് വലിയ പിടിയൊന്നും ഇല്ലാത്തത് കൊണ്ടും വല്യ അന്വേഷണങ്ങൾ ഒന്നുമുണ്ടായില്ല…

അച്ചുവും അവളും ആയുള്ള ബന്ധം കമ്പനിയിൽ അധികമാർക്കും അറിയില്ലായിരുന്നു എന്നതും ആശ്വാസജനകമായിരുന്നു….

ആരൊക്കെയോ ചേർന്നു അവളുടെ ബോഡി നാട്ടിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തു…

ഒരു കാഴ്ചക്കാരനായി നിശബ്ദം നിൽക്കാനേ അച്ചൂന് ആയുള്ളൂ…കൂടെ നിഴൽ പോലെ താനും…

പക്ഷെ തിരികെ വീട്ടിലെത്തിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്…

അവളുടെ മുഖമൊന്നു കാണണം എന്ന് പറഞ്ഞു ഫോൺ തുറന്ന അവൻ കണ്ടത് അവൾ മരിക്കുന്നതിന് തൊട്ടു മുൻപ് അവനയച്ച ഒരു മെസേജ് ആണ്…കൂടെയൊരു ഫോട്ടോയും…

°°അച്ചു മറ്റൊരു പെണ്കുട്ടിയുമായി ചേർന്നിരിക്കുന്ന ഒരു ഫോട്ടോ…°°

താഴെ… “എനിക്കിത് താങ്ങാനാവുന്നില്ല…അച്ചുവില്ലാതെ എനിക്ക് ജീവിക്കണ്ടാ…ഞാൻ പോകുന്നു “എന്നൊരു മെസേജും…

പിന്നീട് കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു…

മനസിന്റെ താളം തെറ്റി അച്ചൂട്ടൻ…

ഒരു ഭ്രാന്തനെ പോലെ നാലു ചുവരിനുള്ളിൽ…

ചില സമയത്ത് മണിക്കൂറുകളോളം ആ മുറിയിൽ തന്നെ സ്പീഡിൽ നടക്കുന്നത് കാണാം…

മറ്റുചിലപ്പോൾ ഒരു ബിന്ദുവിലേക്ക് തന്നെ ദൃഷ്ടി ഊന്നി നോക്കിയിരിക്കുന്ന തു കാണാം…

അമ്മയുടെ കരച്ചിലുകൾക്കോ,തന്റെ സന്ത്വനിപ്പിക്കലിനോ ഒന്നും അവനെ തിരികെ കൊണ്ടു വരാനായില്ല…

അപമാനഭയത്താൽ ഒരു ഡോക്ടറെ വീട്ടിൽ വരുത്തി കാണിച്ചു അച്ഛൻ…

ഡോക്ടർ കൊടുത്ത സെഡേഷൻ ഗുളികകളിൽ മണിക്കൂറുകളോളം മയങ്ങുന്ന അച്ചൂനെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്…

എങ്കിലും ഒരു നെരിപ്പോടായി ആ ഫോട്ടോ അവന്റെ ഫോൺ ഗാലറിയിൽ കിടപ്പുണ്ടായിരുന്നു…

ആ ഫോട്ടോയിലുള്ള പെണ്കുട്ടിയെ അവനു അറിയാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്….

പക്ഷെ പറഞ്ഞു തരുന്നതിനു മുൻപേ അവന്റെ മനസിന്റെ താളം തെറ്റിയിരുന്നു…

ജോലി കിട്ടി ഇങ്ങോട്ട് പോരുമ്പോൾ അവനെയും ഇങ്ങോട്ട് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു..°°°°°°°°

അപ്പു ഞെട്ടി ഉണർന്നു…അവൻ അച്ചൂനെ നോക്കി…

ശാന്തമായി ഉറങ്ങുകയാണവൻ…..

അപ്പു അവനെ കെട്ടിപ്പിടിച്ചു കിടന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രോഹിത് പറഞ്ഞാണ് ചിന്നു ഹോസ്പിറ്റലിൽ ആയിരുന്ന കാര്യം വരുണ് അറിഞ്ഞത്…

അന്ന് തന്നെ അവൻ അവളെ കാണാനായി എത്തി…

പക്ഷെ ബുള്ളെറ്റിന്റ് ഒച്ച കേട്ടപ്പോഴേ അവൾ റൂമിൽ പോയി കിടന്നു…

കുറെ നേരം അവിടെ ഇരുന്നെങ്കിലും അവളെ കാണാതെ അവൻ നിരാശയോടെ മടങ്ങി…

പിന്നീടുള്ള ദിവസങ്ങളിൽ അവളെ വിളിച്ചു നോക്കീട്ടും കിട്ടിയില്ല..
സ്വിച്ഡ് ഓഫ് ആയിരുന്നു..

അച്ഛനും അമ്മയും അപ്പുവേട്ടനും അല്ലാതെ ആരും തന്നെ വിളിക്കണ്ടാ എന്നു കീർത്തന തീരുമാനിച്ചിരുന്നു..

അതുകൊണ്ട് അവൾ ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ചു..

അതു കഴിഞ്ഞും ഒന്നു രണ്ടു ദിവസം വരുണ് അവിടെ ചെന്നു..

പക്ഷെ ഒരിക്കൽ പോലും കാണാൻ ഒരവസരം അവൾ അവനു നൽകിയില്ല..

“””’പക്ഷെ ഒന്നവൾ അറിഞ്ഞിരുന്നു…ബുള്ളറ്റിന്റെ ഒച്ച കേട്ടുള്ള മറ്റൊരാളുടെ വരവിൽ മാറ്റമൊന്നുമില്ല എന്നു….””””””

വയ്യാതിരുന്നത് കൊണ്ട് ..അവൾ പോയി കിടന്നാലും ക്ഷീണം കൊണ്ടാണെന്നെ
എല്ലാവരും കരുതിയുള്ളൂ…

കരൾ പറിയുന്ന വേദനയിലും… ‘വിശ്വസിക്കാൻ കൊള്ളില്ലാത്ത’ ആ ആളെ ജീവിതത്തിൽ നിന്നും വേരോടെ പിഴുതെറിയാനുള്ള ശ്രെമം അവൾ ആരംഭിച്ചിരുന്നു…

“വേണ്ടാ!!തനിക്കു വേണ്ടാ!!”അവൾ ഒരായിരം തവണ തന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°കുഞ്ഞിന്റെ നൂലുകെട്ടിനോട് അനുബന്ധിച്ചു കുറച്ചു സ്വർണം വാങ്ങണമായിരുന്നു…

സ്വർണവില കുത്തനെ കൂടുന്നതിനാൽ വരുണിനോട് ആലോചിച്ചു തീരുമാനിക്കാമെന്നു വെച്ചു അപ്പു…

അതിനായി അവനെ വിളിക്കാൻ ഫോണെടുത്തപ്പോൾ അവന്റെ കോൾ ഇങ്ങോട്ട് വന്നു…

“ആഹ്! വരുണ് …ഞാൻ അങ്ങോട്ടു വിളിക്കാൻ തുടങ്ങുവാരുന്നു…”

“എന്തിനാ അപ്പ്വേട്ട…”

അവന്റെ ശബ്ദം അടഞ്ഞിരുന്നു…

“നിനക്കെന്തേ വയ്യേ…”അപ്പു ചോദിച്ചു..

“അവൾ ഹോസ്പിറ്റലിൽ ആയിരുന്ന വിവരം അപ്പ്വേട്ടൻ പോലും അറിയിച്ചില്ലല്ലോ…”അവൻ ഇടർച്ചയോടെ പറഞ്ഞു…

“അത്…വരുണ്…”അപ്പു ഒന്നും പറയാതെ നിർത്തി…

“”””വരുണിനോട് പറയണ്ടാ… എന്നു ചിന്നു പറഞ്ഞെന്ന് എങ്ങനെ അവനോട് പറയുമെന്ന് അപ്പു ചിന്തിച്ചു…””””‘

“എന്താണ് അപ്പ്വേട്ട… പ്രശ്നം..?.”

“അവളെത്ര നാളായെന്നോ എന്നോടൊന്ന് മിണ്ടീട്ടു….”

“ഒന്നു കാണാൻ പോലും അവസരം തരുന്നില്ല….ഞാനെത്ര തവണ അവിടെ ചെന്നു എന്നറിയോ…?

“എന്താണ് കാര്യം എന്നുപോലും എനിക്കറിയില്ല…”

“എന്താണ് അപ്പ്വേട്ട കാര്യം…അപ്പൂവേട്ടൻ അറിയാത്ത കാര്യങ്ങൾ ഒന്നും അവൾക്കില്ലല്ലോ”

“മോനെ…സത്യമായിട്ടും എനിക്കൊന്നുമറിയില്ല…”

“അവൾ ഒന്നും പറഞ്ഞില്ല…എന്തൊക്കെയോ വിഷമിക്കുന്നുണ്ടെന്നു തോന്നി…ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല….”

“അപ്പ്വേട്ട എനിക്കവളെ ഒന്നു കാണണം..ഒന്നു കണ്ടാൽ മതി….”

“അപ്പ്വേട്ടൻ എന്നെയൊന്നു ഹെല്പ് ചെയ്യ്..”

“നീ നാളെ വൈകിട്ട് രോഹിത്തിന്റെ വീട്ടിലേക്കു വാ…ഞാനും വരാം…ആദ്യം ഇങ്ങോട്ടു വാ…നമുക്ക് ഒരുമിച്ചു പോകാം”…അപ്പു പറഞ്ഞു…

“ശെരി…വരുണ് ഫോൺ വെച്ചു…”

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°പിറ്റേദിവസം അപ്പു പറഞ്ഞതനുസരിച്ചു വരുണ് അവിടെയെത്തി….

രണ്ടാളും കൂടി അപ്പുവിന്റെ കാറിൽ രോഹിത്തിന്റെ വീട്ടിലെത്തി…

രാജലക്ഷ്മിയും ഭർത്താവും കൂടി സിറ്റ് ഔട്ടിലിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു…

അവരെ കണ്ടു അപ്പു ചിരിയോടെ അകത്തോട്ട് കയറി …വരുണും…

“എന്തിയെ അപ്പച്ചി അവരൊക്കെ”അപ്പു അവരോട് ചോദിച്ചു…

“രോഹിത് പുറത്തെവിടോ പോയി മോനെ…പിള്ളേര് ടിവി കാണുന്നു..”

അപ്പു വരുണും ആയി അകത്തേക്ക് കയറി…ടി വി റൂമിലേക്ക് ചെന്നു…

ഋതു എന്തോ എഴുതുന്നുമുണ്ട്..ടി വി യും കാണുന്നുണ്ട്…

കീർത്തന സെറ്റിയിൽ തല ചാരി വെച്ചിരിപ്പുണ്ട്…കാലു മടക്കി സെറ്റിയിൽ തന്നെ വെച്ചിരിക്കുന്നു…

ടി വി യിൽ ആണ് മിഴികൾ എങ്കിലും മറ്റെങ്ങോ ആണ് മനസ് എന്നു കണ്ടാലേ അറിയാം…

“ഇവിടിരുന്നാണോടി പടിക്കുന്നെ” എന്നു ചോദിച്ചു കൊണ്ട് അപ്പു അകത്തേക്ക് കടന്നു…

ശബ്ദം കേട്ടു ചിന്നുവും ഋതുവും ഒരുമിച്ചു തലയുയർത്തി നോക്കി…

അപ്പുവിന്റെ പുറകിലായി അകത്തേക്ക് കയറിയ വരുണിനെ കണ്ടു കീർത്തനയുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു…

വരുണ് കണ്ടറിയുകയായിരുന്നു…അവളിലെ മാറ്റം…

അവൻ അവളെ നോക്കിയപ്പോഴേക്കും അവൾ ദൃഷ്ടി മാറ്റിയിരുന്നു…

എഴുന്നേറ്റു പോകാൻ തുടങ്ങിയ അവളുടെ കയ്യിൽ അപ്പു പിടിച്ചു..

“ഇവിടിരിക്കു”…

“ഋതു….ഇങ്ങു വന്നേ…”അപ്പു ഋതുവിനെയും വിളിച്ചു പുറത്തേക്കിറങ്ങി…

തുടരും

പ്രണയകീർത്തനം : ഭാഗം 1

പ്രണയകീർത്തനം : ഭാഗം 2

പ്രണയകീർത്തനം : ഭാഗം 3

പ്രണയകീർത്തനം : ഭാഗം 4

പ്രണയകീർത്തനം : ഭാഗം 5

പ്രണയകീർത്തനം : ഭാഗം 6

പ്രണയകീർത്തനം : ഭാഗം 7

പ്രണയകീർത്തനം : ഭാഗം 8

പ്രണയകീർത്തനം : ഭാഗം 9