Friday, January 17, 2025
Novel

ഒറ്റയാൻ : ഭാഗം 13

എഴുത്തുകാരി: വാസുകി വസു


എനിക്ക് വീണ്ടും വല്ലാതൊരു ഉൾഭയം തോന്നി.വീണ്ടും ഒറ്റയാൻ പഴയതുപോലെ സ്വഭാവം പുറത്തെടുത്താൽ ആപത്താണ്.ഇവിടെ നഷ്ടം തനിക്ക് മാത്രമാണ്…

വീട്ടിൽ വന്നപ്പോൾ ആവേശത്തിനു കോളേജിലെ കാര്യങ്ങൾ പറഞ്ഞു പോയി.പറഞ്ഞു കഴിഞ്ഞാണ് എനിക്ക് മണ്ടത്തരം മനസിലായത് പറയേണ്ടിയിരുന്നില്ലെന്ന്…

ഇനിയൊരു വഴക്ക് വേണ്ടെന്ന് പറഞ്ഞു നോക്കിയതാണ് എവിടെ കേൾക്കാൻ. വരുന്നതിനി വരുന്നിടത്തുവെച്ചു കാണാം അല്ല പിന്നെ…

യമഹ മുരൾച്ചയോടെ ക്യാമ്പസിലേക്ക് കയറി. എന്നെയും ബൈക്കിനു പിന്നിലിരുത്തി യമഹ റെയ്സ് ചെയ്യിച്ചു.എല്ലാവരുടെയും നോട്ടം ഞങ്ങളിലായിരുന്നു….

വണ്ടി നന്നായി റെയ്സ് ചെയ്യിച്ച് ഒറ്റയാൻ യമഹ മുമ്പോട്ടെടുത്തു ക്ലച്ചിൽ നിന്ന് കയ്യെടുക്കാതെ ആക്സിലേറ്റർ കൂട്ടി സീനിയേഴ്സിന്റെ ക്ലാസിനു മുമ്പിലെത്തി….

ഞാനിറങ്ങുന്നതിനു മുമ്പായി ഒറ്റയാൻ ഇടം കാലിൽ സൈഡ് സ്റ്റാൻഡ് തട്ടി വലതുവശത്തേക്ക് കാൽ വീശിയിറങ്ങി.ഞാൻ താഴെവീഴുമെന്ന് കരുതി.പക്ഷേ വീണില്ല…

ബൈക്കിൽ നിന്ന് ചാടിയിറങ്ങിയ ഒറ്റയാൻ മുമ്പോട്ടൊരു കുതിപ്പാായിരുന്നു.ഏട്ടനു ഒപ്പമെത്താൻ എനിക്ക് കഴിഞ്ഞില്ല…

സീനിയേഴ്സിന്റെ ക്ലാസിൽ ചെന്നിട്ട് അവരെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ല.ഒറ്റയാൻ കലിപ്പിലായി..

“എവിടെ അവന്മാർ”

ഏട്ടന്റെ ചോദ്യത്തിനു നിശബ്ദമായിരുന്നു മറുപടി.

“ഏത് ഭൂമിക്കടിയിൽ പോയി ഒളിച്ചാലും ഒറ്റയാൻ അവരെ പൊക്കിയിരിക്കും.പറഞ്ഞേക്ക് ഒറ്റയാൾ പിന്നിൽ നിന്നല്ല മുന്നിൽ നിന്നാണ് തല്ലുന്നതെന്ന്”

അവരെ കിട്ടാത്ത കലിപ്പ് മുഴുവനും നിലത്തേക്ക് ആഞ്ഞു ചവുട്ടി തീർത്തു..

“ഹാവൂ..ദൈവം എന്റെ പ്രാർത്ഥന കേട്ടു” ഞാൻ ആശ്വാസത്തോടെ ദീർഘനിശ്വാസം ഉള്ളിലേക്ക് എടുത്തു. ബട്ട് അതിനു അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…

“നീ ക്ലാസിലേക്ക് പൊയ്ക്കോളൂ.. ഞാൻ അവന്മാരെയൊന്ന് തപ്പട്ടെ”

ശ്വാസം വിലങ്ങിയതോടെ ഒറ്റയാനു മുമ്പിലേക്ക് ഞാൻ നീങ്ങി നിന്നു..

“ഏട്ടൻ പഴയത് പോലെ വഴക്കിനാണെങ്കിൽ ഞാൻ പഠനം ഉപേക്ഷിക്കുവാ”

ഒറ്റയാന്റെ മിഴികളിലെ അഗ്നിക്ക് എന്നെ ദഹിപ്പിക്കാനുളള ശക്തിയുണ്ടെന്ന് എനിക്ക് തോന്നി.എങ്കിലും ധൈര്യം സംഭരിച്ചു ഞാൻ തുടർന്നു…

“എനിക്ക് ഈ നിമിഷം ഇവിടെവെച്ച് വാക്ക് തരണം.. ഏട്ടനായിട്ട് വഴക്കിനു ചെല്ലില്ലെന്ന്.അങ്ങനെ വല്ലതും സംഭവിച്ചാൽ ഏട്ടൻ വസൂനെയിനി കാണില്ല”

കോളേജാണെന്ന് മറന്ന് ഞാൻ പൊട്ടിക്കരഞ്ഞു.ഒറ്റയാൻ വല്ലാതെയായി…

“വസൂ ഇതങ്ങനെ വെറുതെ വിട്ടാൽ വീണ്ടും അവന്മാർ വരും.ഇന്നലത്തെ തന്നെ ഉദാഹരണം”

“ഏട്ടനായിട്ട് അങ്ങോട്ട് ചെല്ലണ്ടാന്നേ ഞാൻ പറഞ്ഞുളളൂ.ഇങ്ങോട്ട് വന്നാൽ തിരിച്ച് തല്ലരുതെന്ന് ഞാൻ പറഞ്ഞട്ടില്ല”

ഏതാനും നിമിഷങ്ങൾ ഒറ്റയാൻ എന്നെ നോക്കി നിന്നു…

“ശരി വസൂ..ഞാനായിട്ടൊന്നിനും പോകുന്നില്ല”

“വാക്ക് തരൂ”

“സത്യം”

അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.ഏട്ടനെ യാത്രയാക്കി ഞാൻ ക്ലാസിലേക്ക് ചെന്നു..ഉച്ചവരെ ബോറില്ലാതെ സമയം കടന്നു പോയി…

ഉച്ചകഴിഞ്ഞു പ്രിൻസിപ്പൽ ഓഫീസിലേക്കെന്നെ വിളിപ്പിക്കുന്നുവെന്ന് അറിയിപ്പ് വന്നു..ഭയത്തോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ഇരിപ്പടത്തിലേക്ക് ചെന്നത്..

“സർ ഞാൻ അകത്തേക്ക് വന്നോട്ടെ”

“യെസ് കമിൻ”

അനുവാദം ലഭിച്ചതോടെ ഞാൻ അദ്ദേഹത്തിന്റെ ക്യാബിനകത്തേക്ക് ചെന്നു..പിൻസിപ്പലിന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞതോടെ എനിക്ക് ആശ്വാസമായി…

‘വസുമതി അല്ലേ…”

“അതേ സർ…”

“ഇരിക്കൂ…”

മുമ്പിലത്തെ കസേര ചൂണ്ടി അദ്ദേഹം പറഞ്ഞു… ഞാൻ മടിക്കാതെ ചെയറിൽ കടന്നിരുന്നു…

“എന്തിനാണ് സർ വിളിപ്പിച്ചത്”

അറിയാനുള്ള ആകാംഷയോടെ ഞാൻ അദ്ദേഹത്തിന്റെ മുഖത്ത് കണ്ണുകൾ നട്ടു…

“കോളേജിന്റെ പ്രതീക്ഷ.. റാങ്ക് ഹോൾഡർ”

“അയ്യോ സർ അങ്ങനെയൊന്നുമില്ല”.

ഞാൻ പുഞ്ചിരിച്ചു

” അത് വസുമതിക്ക്.ഞങ്ങൾ കോളേജിനു അങ്ങനെയല്ല…”

ഞാൻ ഒന്നും മിണ്ടിയില്ല…

“അതൊക്കെ പോട്ടെ..വസുമതിക്ക് രുദ്രപ്രതാപിനെ എങ്ങനെയാണ് പരിചയം”

അപ്രതീക്ഷിതമായ ചോദ്യത്തിനു മുമ്പിൽ ഞാൻ പകച്ചു പോയി..തീരെ പ്രതീക്ഷിക്കാത്ത ചോദ്യം..

“ഈ രുദ്രപ്രതാപ് ആരാണെന്ന് വസുമതിക്ക് അറിയാമോ?”

“ഇല്ല”

പിൻസിപ്പൽ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഫോൺ ബെല്ലടിച്ചു…

“ഹലോ”

പിന്നെ അദ്ദേഹം ശബ്ദിച്ച വാക്കുകൾ വളരെ ചുരുക്കമായിരുന്നു.ഇടക്കിടെ വിയർത്തതിനാൽ കർച്ചീഫിനാൽ മുഖം തുടച്ചു കൊണ്ടിരുന്നു…

“ശരി സർ”

അദ്ദേഹം ഫോൺ കട്ട് ചെയ്തു മേശപ്പുറത്ത് വെച്ചു…

“വസുമതി പൊയ്ക്കോളൂ”

അദ്ദേഹത്തിന്റെ അനുമതി ലഭിച്ചതോടെ ഞാൻ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റു പോയി.പ്രിൻസിപ്പലിനു ഒറ്റയാനെ നന്നായി അറിയാമെന്ന് ഞാൻ കരുതി…

അദ്ദേഹമെന്തോ പറയാൻ വന്നപ്പോഴാണ് ഫോൺ വന്നത്.അതു കഴിഞ്ഞയുടെനെ അദ്ദേഹം പോകാനും അനുമതി തന്നു…

അതിനർത്ഥം ഒന്നെയുള്ളൂ…ഫോൺ വിളിച്ചത് ഒറ്റയാകാനാണ് സാദ്ധ്യത.. .

ബട്ട് അതെങ്ങെനെ…

പിന്നെയെനിക്ക് ക്ലാസിലിരിക്കാൻ തോന്നിയില്ല.ഒറ്റായാനെ ഫോൺ ചെയ്തു വരുത്തി.യമഹയുടെ വരവും പ്രതീക്ഷിച്ചു ഞാൻ വാകമരത്തണലിൽ ഒറ്റയാനെ കാത്ത് നിന്നു..

ഒറ്റയാൻ കുറച്ചു വൈകിയാണ് എത്തിയത്. അതിന്റെ പരിഭവം ഞാൻ പറഞ്ഞു തീർത്തു…

“നമുക്ക് പോകണ്ടേ വസൂ”

“മം”

മൂളിക്കൊണ്ടു ഞാൻ ബൈക്കിനു പിന്നിൽ കയറി. വീട്ടിലെത്തുമ്പോൾ അമ്മ കിടക്കുകയാണ്…

തല നന്നായി വേദനിക്കുന്നുണ്ട്.കടുപ്പത്തിലൊരു ചായയിട്ടു കുടിച്ചാൽ തലവേദന മാറും.കിച്ചണിൽ കയറി അടിപൊളി ചായയിട്ട് അമ്മക്കും ഒറ്റയാനും കൊടുത്തു…

ഹാളിൽ ചായ കുടിച്ചിരിക്കുന്ന സമയത്ത് പിൻസിപ്പൽ വിളിപ്പിച്ച കാര്യം ഞാൻ പറഞ്ഞു…

“ഏട്ടനെ അറിയാമോന്നൊക്കെ ചോദിച്ചു എന്നോട്.ഒരു കോൾ വന്നപ്പോഴാണ് എന്നെ വിട്ടത്.ഏട്ടനായിരുന്നോ സാറിനെ വിളിച്ചത്”

ഒറ്റയാൻ എന്തെങ്കിലും ക്ലൂ തരുമെന്ന് കരുതിയെങ്കിലും ഒരു ചിരിയിൽ മറുപടി ഒതുക്കി…

അറിയാൻ ആഗ്രഹമുണ്ടെങ്കിലും നിർബന്ധിച്ചില്ല..അനുഭവം ധാരാളമുണ്ട്…

“വസൂ..നമുക്കിന്നൊരു ചേഞ്ച് ആയാലോ”

“എന്നതാണ്”

“നമ്മൾ നാലു പേരും കൂടി ഇന്നു വെളിയിൽ പോകുന്നു.ചെറിയൊരു ഒൗട്ടിംഗ്,പിന്നെ ബീച്ചിൽ പോകുന്നു.അത് കഴിഞ്ഞു ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഫുഡ്”

“ഏട്ടന്റെ ഇഷ്ടം പോലെ..”

“നിനക്ക് പ്രത്യേകിച്ച് ഇഷ്ടമൊന്നും ഇല്ലേടീ”

“എന്റെ ദൈവം നിങ്ങളാണ്. നിങ്ങളുടെ തീരുമാനം അനുസരിക്കുക എന്നതാണെന്റെ ധർമ്മം”

“മതിയെടി നിന്റെ പൊക്കൽ”

ഒറ്റയാൻ എന്നെ വെറും ആസാക്കി…

“ഒന്ന് പൊക്കാമെന്ന് വിചാരിച്ചാൽ സമ്മതിക്കരുത് കേട്ടോ”

“പൊക്കി താഴെയിടാതിരുന്നാൽ മതി”

ഒറ്റയാന്റെ സംസാരം കേട്ടെനിക്ക് ചിരി വന്നു..

“അതേ ഏട്ടാ ഒരു ചെറിയ ചേഞ്ച്”

“എന്താണ്”

“ബീച്ചിൽ പോകുന്നതിനു പകരം നമുക്കൊരു ഫിലിം കാണാം”

“ഓക്കെ വസൂ..നിന്റെ ഇഷ്ടം”

അമ്മയോട് കാര്യം പറഞ്ഞു.ജോസേട്ടനെ ഫോണിൽ വിളിച്ചും..രണ്ടു പേർക്കും സമ്മതം.ജോസേട്ടനെ ബേക്കറിയിൽ ചെന്ന് കൂട്ടിക്കൊണ്ടു പോകാമെന്ന് തീരുമാനിച്ചു…

എല്ലാവരും കൂടി ഒരുങ്ങി വാഗണറിലാണു സിനിമക്ക് പോയത്.ഞങ്ങൾ ചെല്ലുമ്പോൾ ജോസേട്ടൻ ബേക്കറിയടച്ച് തയ്യാറായി നിൽക്കുകയായിരുന്നു…

ലൂസിഫർ കാണാൻ കൊതിച്ചെങ്കിലും മധുരരാജയാണ് കണ്ടത്.ഒറ്റയാന്റെ കൂടെ ചേർന്നിരുന്ന് ഞാൻ ആസ്വദിച്ചു സിനിമ കണ്ടു.പ്രിയപ്പെട്ടവന്റെ കൂടെയിരുന്നു ചില നിമിഷങ്ങൾ പങ്കിടാൻ ഏത് പ്രണയിനിയാ കൊതിക്കാത്തത്…

ഒറ്റയാൻ ഡീസന്റ് ആയതിനാൽ കുസൃതിയൊന്നും ഉണ്ടായില്ല.പാവം എന്റെ ഒറ്റയാൻ…

സിനിമ കഴിഞ്ഞു ഞങ്ങൾ ചെറിയൊരു ഒൗട്ടിംഗും നടത്തി ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു വീട്ടിലേക്ക് വന്നു….

അമ്മ അന്ന് വളരെ സന്തോഷവതിയായിരുന്നു.എല്ലാവരോടും ഒരുപാട് സംസാരിച്ചു…

“നിന്നെപ്പോലൊരു മകൻ എനിക്ക് ജനിച്ചില്ലെന്നൊരു സങ്കടമുണ്ടായിരുന്നു.ഇപ്പോൾ അത് മാറിക്കിട്ടി.വസുമതി പാവമാണ്. എനിക്കെന്തെങ്കിലും പറ്റിയാൽ അവളെ സങ്കടപ്പെടുത്തരുത്”

“ഇല്ലമ്മേ അമ്മക്കൊന്നും പറ്റാൻ ഞങ്ങൾ സമ്മതിക്കില്ല.പിന്നെ വസു അവൾ ഭാഗ്യവതിയാണ്”

ഒറ്റയാൻ അമ്മയെ ആശ്വസിപ്പിച്ചു…

അമ്മയന്ന് നേരത്തെ കിടന്നു..ഞാനും ഏട്ടനും ജോസേട്ടനും കൂടി കുറച്ചു നേരം കൂടി കത്തി വെച്ചിരുന്നു.ഉറക്കം വന്നപ്പോൾ ഞാൻ ഗുഡ്നൈറ്റ് ആശംസിച്ചിട്ട് ഉറങ്ങാൻ പോയി…

മുറിയിലെത്തിയ ഞാൻ അമ്മ ഉറങ്ങി കിടക്കുന്നത് ശ്രദ്ധിച്ചു.പാവം എനിക്ക് സങ്കടം വന്നു.എന്റെ ഓർമ്മയിൽ പാവം ചിരിച്ചു കണ്ടട്ടില്ല.പക്ഷേ ഇന്നെന്റെ അമ്മ മനസ്സ് തുറന്നു ചിരിച്ചു.സന്തോഷിച്ചു….

ഒറ്റയാനു ഞാൻ മനസിൽ നന്ദി പറഞ്ഞു. അമ്മക്ക് ഇങ്ങനെയൊരു അവസരം നൽകിയതിനു…

എനിക്ക് അമ്മയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങാൻ കൊതി തോന്നിയപ്പോൾ ഞാൻ അങ്ങനെ തന്നെ ചെയ്തു.നെറ്റിയിലൊരു ഉമ്മയും കൊടുത്തു സന്തോഷത്തോടെ ഉറങ്ങി…

അന്ന് പതിവിലും താമസിച്ചാണു ഞാൻ എഴുന്നേറ്റത്.അമ്മ അപ്പോഴും നല്ല ഉറക്കത്തിലാണ്…

പെട്ടന്നാണ് അമ്മയെ ചുറ്റിയിരുന്ന എന്റെ കൈകൾക്ക് തണുപ്പ് അനുഭവപ്പെട്ടത്..സംശയം സ്ഥിതികരിച്ചപ്പോൾ ഞാൻ അലറിക്കരഞ്ഞു.എന്റെ കരച്ചിൽ കേട്ടാണ് ഒറ്റയാനും ജോസേട്ടനും ഞങ്ങളുടെ മുറിയിലേക്ക് ഓടിവന്നത്..

തുടരും

ഒറ്റയാൻ : ഭാഗം 1

ഒറ്റയാൻ : ഭാഗം 2

ഒറ്റയാൻ : ഭാഗം 3

ഒറ്റയാൻ : ഭാഗം 4

ഒറ്റയാൻ : ഭാഗം 5

ഒറ്റയാൻ : ഭാഗം 6

ഒറ്റയാൻ : ഭാഗം 7

ഒറ്റയാൻ : ഭാഗം 8

ഒറ്റയാൻ : ഭാഗം 9

ഒറ്റയാൻ : ഭാഗം 10

ഒറ്റയാൻ : ഭാഗം 11

ഒറ്റയാൻ : ഭാഗം 12