നിഴൽ പോലെ : ഭാഗം 14
എഴുത്തുകാരി: അമ്മു അമ്മൂസ്
തലയും താഴ്ത്തി നാണിച്ചു ചുമന്നു നിൽക്കുന്ന മാളുവിനെ കണ്ടപ്പോൾ തന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നതായി തോന്നി അവന്. അവൻ നെഞ്ചിൽ കൈ വച്ചു.
ഗൗതമിന്റെ ഈ ഭാവങ്ങൾ ഒക്കെ ബീന ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ മകന്റെ മനസ്സ് മാറി തുടങ്ങുന്നത് ഒരു ചെറു പുഞ്ചിരിയോടെ അവർ കണ്ടു നിന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
രാത്രി ആയിട്ടും മാളുവിന്റെ മനസ്സ് ശാന്തമായിരുന്നില്ല. ഇന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ തന്നെ തോന്നുന്നു.
അവൾ ഫോൺ എടുത്തു സമയം നോക്കി. “പത്തുമണി കഴിഞ്ഞിട്ടേ ഉള്ളൂ. ഒന്ന് വിളിച്ചു നോക്കിയാലോ.
സാധാരണ കല്യാണം ഉറപ്പിച്ചാൽ പിന്നെ ചെക്കൻ ഇങ്ങോട്ടാ വിളിക്കുന്നെ. ഇവിടൊരാൾ ഇറങ്ങാൻ നേരം ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല”. അവൾ അവന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു.
” അല്ലെങ്കിലും നമ്മുടെ കാര്യത്തിൽ എല്ലാം ഓപ്പോസിറ്റ് ആണല്ലോ. താലിയും ഇനി ഞാൻ അങ്ങോട്ട് കെട്ടേണ്ടി വരുമോ എന്തോ. ”
“എന്തായാലും വിളിക്കാം. ഇങ്ങോട്ട് വിളിച്ചിട്ട് സംസാരിക്കാൻ പറ്റും എന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല”. അവൾ ഫോൺ ചെവിയോട് ചേർത്തു.
രാവിലെ കിട്ടിയ ഉമ്മയുടെ ഞെട്ടലിൽ ആയിരുന്നു ഗൗതം. അവൾക്ക് എവിടൊക്കെയോ ഒരു പിരി ഇളകി കിടക്കുകയാണെന്നറിയാം എന്നാലും പരസ്യമായി ഇങ്ങനെ ചെയ്യും എന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
മുൻപായിരുന്നു എങ്കിൽ ദേഷ്യം കൊണ്ട് വിറച്ചേനെ. പക്ഷേ ഇപ്പോൾ എന്തോ ഓർക്കുമ്പോൾ ശരീരമാകെ ഒരു തണുപ്പ് വന്നു പൊതിയുന്ന പോലെ.
ഇനി ഇതാണോ പ്രണയം. പക്ഷേ അങ്ങനെ ആണെങ്കിൽ താൻ ഇതിനു മുൻപ് ശാലിനിയെ പ്രണയിച്ചതല്ലേ അപ്പോഴൊന്നും തോന്നിയില്ലല്ലോ ഇത് പോലെ.
ഓരോന്നോർത്തു കിടക്കുന്നതിനിടക്കാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. മാളവിക എന്ന പേര് ഡിസ്‌പ്ലേയിൽ തെളിഞ്ഞു.
“ഇവളെന്തിനാ ഈ രാത്രി വിളിക്കുന്നെ. ഇതിന് ഉറക്കവും ഇല്ലേ”.
“യെസ് മാളവിക. പറയു..”. അവൻ കാൾ അറ്റൻഡ് ചെയ്തു.
“മാളവികയോ..” അവൾ ഞെട്ടി. പെണ്ണുകണ്ടിട്ട് പോകുമ്പോൾ എങ്കിലും ക്ലാസ്സിൽ അറ്റന്റൻസ് എടുക്കുമ്പോൾ വിളിക്കുന്ന പോലത്തെ ഈ വിളി ഒന്ന് നിർത്തും എന്ന് വിചാരിച്ചു.
“എന്താ നിന്റെ പേരു അങ്ങനല്ലേ. അതോ മാറ്റിയോ.” അവൾ ഉദ്ദേശിച്ചത് മനസ്സിലായെങ്കിലും ഒന്നും അറിയാത്ത പോലെ അവൻ ചോദിച്ചു.
“അല്ലെങ്കിലും ഇയാളെ ഒക്കെ വിളിച്ചു സംസാരിക്കാൻ പോയ എന്നേ പറഞ്ഞാൽ മതി “. അവൾ പിറുപിറുത്തു.
മറുവശത്തു നിന്നും ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് അവൻ വീണ്ടും ചോദിച്ചു. “മാളവിക താൻ എന്തിനാ വിളിച്ചതെന്നു പറഞ്ഞില്ല. ”
“അത്…. അത് പിന്നേ…. ഈശ്വരാ ഞാനിപ്പോ എന്താ പറയുക.” അവൾ നഖം കടിച്ചു. “ഹാ… എന്നേ നാളെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിക്കാന. സ്കൂട്ടി ഇപ്പോഴും ഓഫീസിൽ ഇരിക്കുന്നതല്ല ഉള്ളൂ. ”
“എനിക്കു പറ്റില്ല. “എടുത്തടിച്ചത് പോലെ അവൻ പറഞ്ഞു. “സ്കൂട്ടി ഇല്ലെങ്കിൽ ബസിനു വന്നാൽ മതി. ടൗണിൽ തന്നെയാ ഓഫീസ്.” അവൾ മറിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ കാൾ കട്ട് ചെയ്തു.
“ദുഷ്ടൻ…. ചെകുത്താൻ എന്ന പേര് തന്നെയാ തനിക്കു ചേരുന്നത്. തെണ്ടി… “അവളുടെ മനസ്സിലെ നിരാശ മുഴുവൻ അവനെ ചീത്തവിളിച്ചു തീർത്തു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
തനിക്ക് കിട്ടിയ അഞ്ചാമത്തെ ഫയലും നോക്കി തീർത്തു സീറ്റിലേക്ക് തളർന്നു ചാരി ഇരുന്നു അവൾ.
വഴിയിൽ കൂടി പോയ പണി ഏണി വച്ചു പിടിച്ചതായിരുന്നു.
രാവിലെ കഷ്ടപ്പെട്ട് ബസ്സിന് കേറി ഒരു വിധം കൃത്യ സമയത്ത് തന്നെ എത്തി. എന്തായാലും നേരത്തെ വന്നല്ലോ എന്നാൽ പിന്നെ ക്യാബിനിലേക്ക് ചെന്നു ഇത്തിരി റൊമാൻസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു ചെന്നത് മാത്രെ ഓർമയുള്ളു.
Knock ചെയ്യാതെ കേറി എന്ന് പറഞ്ഞായിരുന്നു ആദ്യത്തെ ലഹള. കെട്ടാൻ പോകുന്ന പെണ്ണ് വാതിലിൽ മുട്ടാതെ കേറി വന്നു എന്നും പറഞ്ഞു ചീത്ത വിളിക്കുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യൻ ആയിരിക്കും.
ഒക്കെ ക്ഷമിച്ചു. കല്യാണം ഉറപ്പിച്ചതല്ലേ ഇനി ഇപ്പൊ സർ വിളി ഒന്നും വേണ്ട എന്ന് വിചാരിച്ചു സോറി ഏട്ടാ എന്ന് പറഞ്ഞു. അതോടെ എല്ലാം കഴിഞ്ഞു.
പ്രൊഫഷൻ എന്നാൽ എന്താണ്….ജോലിയോടുള്ള ആത്മാർത്ഥത…. ബ്ലാ…ബ്ലാ… ബ്ലാ… ബ്ലാ
ഒടുവിൽ അര മണിക്കൂർ നേരത്തെ ഉപദേശത്തിന് ശേഷം അഞ്ച് ഫയലും കൈയിലേക്ക് വെച്ചു തന്നു.
സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്. ഇതൊക്കെ ഇന്നലത്തെ ഉമ്മയുടെ ചളിപ്പ് മാറ്റാൻ ചെയ്യുന്നതാണെന്ന് നമുക്കറിഞ്ഞൂടെ.
എനിക്കെങ്ങാനും സന്തോഷം തോന്നിയാൽ ഓഫീസിൽ വച്ചും ഉമ്മ കൊടുത്താലോ എന്ന് വിചാരിച്ചു ആയിരിക്കും.
“എന്താണ് മാളൂസ്. ഭയങ്കര ആലോചനയിൽ ആണല്ലോ. ചെകുത്താനെ ഒക്കെ ഒടിച്ചു മടക്കി കുപ്പിയിൽ ആക്കി എന്ന് കേട്ടല്ലോ.”
ശബ്ദം കേട്ട് കണ്ണ് തുറന്നു നോക്കി. നന്ദേട്ടനാണ്. ഇവിടുത്തെ മാനേജർ നന്ദൻ… ഗൗതമേട്ടന്റെ വലം കൈ.
“ഓഹ്… എവിടുന്നു കുപ്പിയിൽ ആക്കാനാ നന്ദേട്ടാ. ഇത്രേം സ്നേഹമില്ലാത്ത മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. മനുഷ്യപ്പറ്റ് എന്ന് പറയുന്ന സാധനം അടുത്തു കൂടി പോയിട്ടില്ല എന്ന് തോന്നുന്നു “. അവൾ പിണക്കത്തോടെ പറഞ്ഞു.
പെട്ടെന്ന് നന്ദന്റെ മുഖം മാറി. “അവന് സ്നേഹമില്ല എന്ന് മാത്രം നീ പറയരുത് മാളു. അവനെ പോലെ ആത്മാർത്ഥമായി സ്നേഹിക്കാൻ മറ്റാർക്കും പറ്റില്ല. അതുകൊണ്ടു മാത്രം ആണ് ഞാൻ ഇന്നിവിടെ ജീവനോടെ നിൽക്കുന്നത്. “നന്ദന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു പറയുമ്പോൾ.
മാളുവും പെട്ടന്ന് വല്ലാതെയായി. ആദ്യമായാണ് നന്ദേട്ടൻ കരയുന്നത് കാണുന്നത്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു.
“നന്ദേട്ടാ ഞാൻ…. ഞാൻ… അങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല”. അവൾ നന്ദന്റെ കൈയിൽ കൈ ചേർത്തു.
നന്ദൻ പെട്ടെന്ന് കണ്ണ് തുടച്ചു. “അറിയാം മാളു… എന്തോ ഞാൻ പെട്ടെന്ന്… “അവൻ ചിരിക്കാൻ ശ്രെമിച്ചു.
“നിനക്കറിയോ മാളു മുംബൈയിൽ വച്ചാണ് ഗൗതം എന്നേ ആദ്യമായി കാണുന്നത്. അന്ന് അവന്റെ മുൻപിൽ തളർന്നു വീഴുമ്പോൾ ജീവനോടെ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു എനിക്കു.
ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് മുംബൈ വരെ എത്തിച്ച ശേഷം മുങ്ങിയപ്പോൾ എന്ത് ചെയ്യണം എന്നറിയില്ലായിയുന്നു. ഞാൻ ഗൾഫിൽ പോയി എന്ന ഉറപ്പിൽ മാത്രം അടങ്ങി ഇരിക്കുന്ന കടക്കാരുടെ മുൻപിലേക്ക് എങ്ങനെ കയറി ചെല്ലും ഞാൻ.
പറ്റുന്ന ജോലിയൊക്കെ ചെയ്തു. എന്നാലും നാട്ടിലേക്ക് അയക്കാൻ പണം വേണ്ടേ. ആഹാരം ദിവസം ഒരു നേരമാക്കി കുറച്ചാണ് അതിനുള്ള വക കണ്ടെത്തിയത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്നേ ആശുപത്രിയിൽ എത്തിച്ച ശേഷം പോയേനെ.
പക്ഷേ അവൻ എനിക്ക് കൂട്ടിരുന്നു. ബോധം വീഴുന്ന വരെ. ഇരുപത്തി അഞ്ച് വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അങ്ങനെ ഒരു രൂപത്തിൽ ആകേണ്ടി വന്ന അവസ്ഥയായിരിക്കും അവനെ അവിടെ പിടിച്ചു നിർത്തിയത്.
എന്റെ സർട്ടിഫിക്കറ്റുകൾ നോക്കിയ ശേഷം എന്നേ ഈ കമ്പനിയിലേക്ക് കൊണ്ട് വന്നു. മാസങ്ങൾ കഴിഞ്ഞു കടങ്ങൾ ഒക്കെ വീട്ടിയ ശേഷമാണ് ഞാൻ വീട്ടിലേക്ക് ചെല്ലുന്നത്. അവന് വേണമെങ്കിൽ കുറച്ചു പണം തന്ന് എന്നേ ഒഴിവാക്കാമായിരുന്നു. പക്ഷേ..”. എത്ര ശ്രെമിച്ചിട്ടും നന്ദന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി.
മാളുവിന്റെ മുഖവും കണ്ണീരാൽ നനഞ്ഞത് കണ്ട അവൻ പെട്ടന്ന് കണ്ണ് തുടച്ചു കൊടുത്തു.” അയ്യേ. . ഏട്ടന്റെ കുട്ടി കരയുന്നോ. ഇതെങ്ങാനും നിന്റെ ചെകുത്താൻ കണ്ടാൽ പിന്നെ അത് മതി”. അവന്റെ പറച്ചിൽ കേട്ട മാളുവിന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിടർന്നെങ്കിലും കണ്ണുകളിൽ അപ്പോഴും വിഷാദ ഭാവം നിഴലിച്ചു…..
“നിന്നോട് അവന് ഇഷ്ടം ഒക്കെ ഉണ്ട് കേട്ടോ”. നന്ദൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു.
“അല്ലെങ്കിൽ ഒരിക്കലും അവൻ ഈ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു. അത് നീ കണ്ടുപിടിക്കാതിരിക്കാനുള്ള തത്രപ്പാടാ ഈ കാണിച്ചു കൂട്ടുന്നേ”. അവൻ ഒരു കണ്ണിറുക്കി പറഞ്ഞു.
“എങ്ങനെങ്കിലും അവനെക്കൊണ്ട് ഒന്ന് സമ്മതിപ്പിച്ചു കിട്ടിയാൽ മതി. പിന്നെ അവന്റെ ഈ ചമ്മൽ ഒക്കെ അങ്ങ് മാറിക്കോളും. അവനെക്കാൾ നിന്നേ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല മോളെ.” അവൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
മാളുവിന്റെ മുഖത്തെ വിഷാദ ഭാവം മാറി നാണം വിടരുന്നത് കണ്ട് അവൻ സമാധാനത്തോടെ ശ്വാസം വിട്ടു.
തുടരും…