കവചം 🔥: ഭാഗം 8
രചന: നിഹ
ദേവകിയുടെ വാക്കുകൾ കേട്ടതും അവളുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ കടന്നുപോയി. ശരീരത്തിനെയും മനസ്സിനെയും ഭയം കീഴടക്കുന്നത് അവൾ തിരിച്ചറിഞ്ഞു. ചലിക്കാൻ പോലും കഴിയാതെ അവൾ തറഞ്ഞു നിന്നു . ✨✨✨✨✨✨✨✨✨✨✨✨✨✨ ദേവകി അവളെ സൂക്ഷിച്ചു നോക്കി. ആതിരയുടെ മുഖത്തെ ഭയം വളരെ വ്യക്തമായി ദൃശ്യമാണ് . കല്ലുപോലെ ചലനമറ്റു നിൽക്കുകയാണ് അവൾ .
വേദമോളേ മുറുക്കി പിടിച്ചിട്ടുണ്ട്. അവളുടെ നിൽപ്പ് കണ്ട് ദേവകി അവളെ നോക്കി പൊട്ടിച്ചിരിച്ചു. അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ ആതിര അന്തം വിട്ടു നിന്നു . ” എന്റെ മോളെ …ഞാനൊരു തമാശ പറഞ്ഞതാ. ഞാൻ ഭൂതവും പ്രേതവും ഒന്നുമല്ല സാധാരണ ഒരു മനുഷ്യസ്ത്രീയാണ്…. ” ദേവകിയുടെ വാക്കുകളിൽ വിശ്വാസം വരാതെ ആതിര ഭയപ്പെട്ടു നിന്നു . തന്റെ വാക്കുകളിൽ അവൾക്ക് വിശ്വാസം വന്നില്ലെന്ന് ദേവകിയ്ക്ക് മനസ്സിലായി.
അവർ കുറച്ചു മുന്നേ ആതിര കൊടുത്ത ചായ എടുത്തു കുടിച്ചു കൊണ്ട് പറഞ്ഞു ” ആതിരേ.. ഞാൻ പറഞ്ഞത് സത്യമാ. ഞാൻ നിന്നെ പേടിപ്പിക്കാൻ പറഞ്ഞതാ … ഞാൻ ചായ കുടിക്കുന്നത് കണ്ടില്ലേ … ഞാൻ നിന്നെ പോലെ ഒരു മനുഷ്യസ്ത്രീയാണ് . ഇവിടത്തെ കാര്യസ്ഥൻ രാമേട്ടന്റെ ഭാര്യ ദേവകി …. ” ആതിരയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ദേവകി പറഞ്ഞപ്പോൾ ഏറെക്കുറെ അവൾക്ക് വിശ്വാസമായി .
എന്നാലും ഭയം പൂർണ്ണമായി അവളെ വിട്ടു മാറിയിരുന്നില്ല. ദേവകിയുടെ വാക്കുകൾ കണ്ണും പൂട്ടി വിശ്വസിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. “എന്നെ പേടിക്കണ്ട ….ആതിര വാ… ഇവിടെ ഇരിക്ക് ….” ദേവകിയുടെ നേരെ മുന്നിൽ കിടന്ന കസേരയിലേക്ക് കൈകാണിച്ചുകൊണ്ട് അവർ ആതിരയോട് പറഞ്ഞു. മടിച്ചു മടിച്ച് ആതിര വേദയെ ചേർത്തുപിടിച്ചുകൊണ്ട് കസേരയിൽ ഇരുന്നു. ഉറക്കം തടസ്സപ്പെട്ടതുകൊണ്ട് കുട്ടി ചിണുങ്ങി കൊണ്ട് ആതിരയെ ചുറ്റിപ്പിടിച്ച് വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
” എന്റെ കുട്ടി …നിന്റെ ഭയം മാറ്റാൻ ഞാനിപ്പോൾ എന്താ ചെയ്യേണ്ടത് …. ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ ചുമ്മാ പറഞ്ഞതാ …. എന്തേ നിനക്ക് കൂട്ടിരിക്കാൻ രാമേട്ടൻ പ്രേതത്തെ പറഞ്ഞുവിടുമോ ….. ” ദേവകി അല്പം കുസൃതിയോടെ ചോദിച്ചു. ” അത് ശരിയാണല്ലോ ….. എന്റെ അവസ്ഥ പൂർണ്ണമായി മനസ്സിലാക്കുന്ന രാമേട്ടൻ ഒരിക്കലും എനിക്ക് ദോഷം വരുന്നതൊന്നും ചെയ്യില്ല …. ഇവര് രാമേട്ടന്റെ ഭാര്യ തന്നെയായിരിക്കും … എന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കും ….”
ദേവകി പറയുന്നത് സത്യമാണ് അവൾക്ക് തോന്നി. ” എന്റെ പൊന്നു ചേച്ചി …. ഇത്തരത്തിലുള്ള തമാശയൊന്നും പറയല്ലേ … എന്റെ പാതി ജീവൻ കത്തിപ്പോയി…. ” നെഞ്ചത്ത് കൈവച്ചുകൊണ്ട് ആതിര ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. “ഇത്രയും ഭയമാണെങ്കിൽ ആതിര എങ്ങനെയാ ഈ മനയിൽ താമസിക്കുന്നത് ….നീ അറിയാത്ത എത്രയോ രഹസ്യങ്ങൾ ഈ മനയെ ചുറ്റിപ്പറ്റി ഉണ്ടെന്ന് നിനക്ക് അറിയാമോ …?” അതു പറഞ്ഞപ്പോൾ ദേവിയുടെ ചുണ്ടിൽ നിഗൂഢമായ ഒരു ചിരി വിരിഞ്ഞു.
അതിനൊപ്പം ഓർക്കാൻ ഇഷ്ടപ്പെടാത്ത കുറെ ഓർമ്മകളും … “ഇവർക്ക് ഈ മനയുടെ രഹസ്യങ്ങൾ എല്ലാം അറിയാമെന്നല്ലേ അതിനർത്ഥം. ഇവരോട് തന്നെ എല്ലാം ചോദിച്ചാലോ? വേണ്ട ….എനിക്കൊന്നും അറിയേണ്ട എനിക്കൊന്നും കേൾക്കണ്ട ….” ” ആതിര എന്താ ഈ ഓർക്കുന്നത് …. ” ദേവകിയുടെ ചോദ്യം കേൾക്കാതെ ആതിര ആലോചനയിൽ തന്നെയായിരുന്നു. ” ആതിരേ….. ” ദേവകി അവളെ വിളിച്ചു കൊണ്ട് ആതിരയുടെ തോളത്ത് തട്ടി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
വടക്ക് ഭാഗത്തുള്ള ഇടവഴിയിലൂടെ അവർ മുന്നോട്ടു നടന്നു . വഴികൾ പിന്നിടും തോറും അവ നേർത്ത പാതകളായി മാറി. പണ്ട് നല്ല വഴിയായിരുന്നുവെങ്കിലും കാലങ്ങൾ പിന്നിട്ടപ്പോൾ മരങ്ങൾ വളർന്നും തിട്ടകൾ ഇടിഞ്ഞും വഴി മോശമായി തീർന്നു. ഓരോ അടി മുന്നോട്ട് വയ്ക്കുംതോറും രാമേട്ടൻ പണ്ട് നമ്പൂതിരി പഠിപ്പിച്ചു കൊടുത്ത മന്ത്രം ജപിച്ചു കൊണ്ടിരുന്നു. വളരെ രഹസ്യമായി കൈമാറി വന്ന മന്ത്രമായിരുന്നു അത്.
കൊടുക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരുപോലെ വിശ്വാസമില്ലെങ്കിൽ രണ്ടാൾക്കും ദോഷം ചെയ്യുന്ന അതി ശക്തിയേറിയ മന്ത്രം. ഒരാൾക്ക് മാത്രം മുന്നോട്ട് പോകാൻ കഴിയുന്നത്ര നേർത്ത ഇടവഴിയായത്തിനാൽ രാമേട്ടൻ മുന്നിലും അനന്തൻ പുറകിലും ഗൗരി ഏറ്റവും പുറകിലായാണ് നടന്നത്. അവർക്ക് ചുറ്റിലും ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ സൂര്യര്മികൾ പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു.
തിങ്ങി നിറഞ്ഞു വളരുന്ന മരങ്ങൾ ആകെ ഒരു ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. പകൽ സമയത്ത് പോലും ആകെ ഒരു ഇരുളിമ , കൂടാതെ പക്ഷികളുടെ പേടിപ്പിക്കുന്ന ശബ്ദങ്ങളും …. ചില പക്ഷികളുടെ കൂവൽ ശബ്ദങ്ങൾ കാടിനെ തന്നെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് പ്രതിധ്വനിച്ചു കൊണ്ടിരുന്നു. ചുറ്റുമുള്ള അന്തരീക്ഷവും പേടിപ്പിക്കുന്ന ശബ്ദങ്ങളും കേട്ടപ്പോൾ ഗൗരിയ്ക്ക് ചെറുതായി പേടി തോന്നി തുടങ്ങി. കാറ്റടിക്കുമ്പോൾ ഇളകിയാടുന്ന മരങ്ങളും പരസ്പരം കൂട്ടിമുട്ടി ശബ്ദം കേൾപ്പിക്കുന്ന മുളങ്കാടുകളും …
കാറ്റിൽ പരതി നടക്കുന്ന പാലപ്പൂവിന്റെ വാസനയും …. ” ശ്ശോ… വരണ്ടായിരുന്നു …… ഇതെല്ലാം കണ്ടിട്ട് പേടി തോന്നുന്നു …. ഇതിപ്പോൾ ആരോടും പറയാനും പറ്റില്ലല്ലോ …. എന്തൊരു കാടാ… വഴിയും മോശം … ശബ്ദം കേട്ടിട്ട് പേടിയാകുന്നു …. ആതിരേടത്തി പറഞ്ഞതായിരുന്നു … എത്രയും പെട്ടെന്ന് തിരിച്ചു പോയാൽ മതിയായിരുന്നു ….. ” സങ്കടത്തോടെ ഗൗരി ഓർത്തു. ഗൗരിയുടെ നിർബന്ധം മൂലം വന്നതു കൊണ്ട് അവൾക്ക് പേടി തോന്നിയെങ്കിലും പുറത്ത് പറയാൻ കഴിഞ്ഞില്ല.
രാമേട്ടൻ നടക്കുന്ന വഴിയിലൂടെ നിശ്ശബ്ദരായി അനന്തനും ഗൗരിയും പുറകെ നടന്നു. ഗൗരിക്ക് ഭയം തോന്നി തുടങ്ങിയെങ്കിലും അനന്തന് അവിടുത്തെ കാഴ്ചകളെല്ലാം വേറിട്ട അനുഭവമായി തോന്നി. നിഗൂഢത നിറഞ്ഞ ആ കാഴ്ചകൾ അവന്റെ മനസ്സിൽ നന്നായി പതിഞ്ഞിരുന്നു. ” നമ്മൾ ആദ്യം എങ്ങോട്ടാ രാമേട്ടാ പോകുന്നത് …. ” ആവേശത്തോടെ അനന്തൻ ചോദിച്ചു. ” കാവിലേയ്ക്ക് …. പണ്ട് ഈ മനയിലെ തമ്പുരാട്ടി വിളക്ക് വച്ചുകൊണ്ടിരുന്ന സർപ്പകാവിലേയ്ക്കാ നമ്മൾ പോകുന്നത് … ഇപ്പോൾ ആകെ നശിച്ചു കിടക്കുവാ … ”
ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ വകഞ്ഞുമാറ്റി ഒരു കിതപ്പോടെ രാമേട്ടൻ മുന്നോട്ട് നടന്നു. ” കാവ് വരെ കൊണ്ടുപോയിട്ട് എങ്ങനെയെങ്കിലും ഇവരെ തിരികെ കൊണ്ടുപോരണം . ഒരിക്കലും കുളക്കടവിലേക്കോ പാലമരച്ചുവട്ടിലേയ്ക്കോ അവരെ കൊണ്ടുപോയിക്കൂടാ….. ” ദൃഢനിശ്ചയത്തോടെ രാമേട്ടൻ മനസ്സിൽ കുറിച്ചു. രാമേട്ടന്റെയും ഗൗരിയുടെയും മനസ്സ് വളരെ കലുഷിതമായിരുന്നു. മുന്നോട്ടും പോകുംതോറും വെളിച്ചം കുറഞ്ഞ് ഇരുൾ നിറഞ്ഞു വന്നു. ചുറ്റിലും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും …
ഗൗരിയുടെ മനസ്സിനെ ഭയം പകുതിയും കീഴടക്കിയിരുന്നു. മനസ്സില്ലാമനസ്സോടെ അവൾ മുന്നോട്ട് നടന്നു. പുറകിൽ എന്തെക്കെയോ ശബ്ദങ്ങൾ … ആരുടെയോ മൂളലുകൾ …. ആരോ നടന്നു വരുന്ന കാലൊച്ച …. ഗൗരിയുടെ ഹൃദയം ക്രമാതീതമായി പിടക്കാൻ തുടങ്ങി. ആരോ പുറകിൽ വന്നു നിൽക്കുന്നതു പോലെ തോന്നി ഗൗരി പെട്ടെന്ന് തിരിഞ്ഞു നോക്കി.… തുടരും….
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…