Friday, November 15, 2024
Novel

നിയോഗം: ഭാഗം 66

രചന: ഉല്ലാസ് ഒ എസ്

ഓർമ്മകൾ ഒരു മഴവിൽകൂടാരം പോലെ ആണ് എന്ന് അവൾക്ക് തോന്നി.

ആ നല്ല ദിനങ്ങൾ ഒന്ന് തിരിച്ചു വന്നിരുന്നു എങ്കിൽ…

വല്ലാത്ത നഷ്ടബോധം..

അവൾ ഒന്ന് നെടുവീർപ്പെട്ടു..

അപ്പോളേക്കും കാർത്തി ഒന്ന് ചെരിഞ്ഞു കിടന്നു കൊണ്ട് തന്റെ വലം കൈ എടുത്തു അവളുടെ വയറിന്മേൽ പൊതിഞ്ഞു

**

ഇന്ന് ആദ്യം ആയിട്ട് നമ്മുടെ കുട്ടിമാളു അംഗനവാടിയിൽ പോകുക ആണ്..

കാലത്തെ തന്നെ അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പലത്തിൽ ഒക്കെ പോയി വന്ന ശേഷമാണ്, കുട്ടി മാളു  അടുത്തുള്ള അംഗനവാടിയിലേക്ക് പോകുവാൻ തയ്യാറെടുത്തത്.

എല്ലാദിവസവും അച്ഛൻ കോളേജിലേക്ക് പോകുമ്പോൾ, അവൾക്കും ആഗ്രഹമാണ്..

ഒന്ന് രണ്ട് തവണ അച്ഛന്റെ കോളേജിലെ കുട്ടി മാളു പോയിട്ടുണ്ട്..

പക്ഷേ അവൾക്ക് അത് അത്ര ഇഷ്ടമായില്ല..

കാരണം അവിടെ വലിയ ചേച്ചിമാരും ചേട്ടന്മാരും ഒക്കെയാണ് ഉള്ളത്…

അവൾക്കിഷ്ടം, ചെറിയ കുട്ടികളെ ആണെന്ന് അവൾ കാർത്തിയോട് പറഞ്ഞു…

ഒരു ദിവസം , കുട്ടിമാളുവിന് ഒരു പട്ടുപാവാട തോന്നുവാനായി കൊടുക്കുവാൻ, വായനശാലയുടെ അരികിലുള്ള തയ്യൽ കടയിലേക്ക്,  പത്മ അവളെ കൊണ്ടുപോയി..

ആ സമയത്താണ്, അവിടെ അടുത്തുള്ള അംഗനവാടി കുട്ടി മാളു ആദ്യമായി കാണുന്നത്..

കുറേയേറെ കുട്ടികൾ ഇരുന്നു പാട്ട് പാടുന്നു..

അതും കണ്ടുകൊണ്ട് അവൾ കുറച്ച് സമയം അവിടെ നിന്നു..

ഒരാഴ്ച കഴിഞ്ഞപ്പോൾ കുട്ടിമാളു പത്മയോട് പറഞ്ഞു, തനിക്കും അവിടെ പോകണമെന്ന്..

ആ സമയത്ത് അച്ഛന് സുഖമില്ലാതെ, ഹോസ്പിറ്റലിൽ ആയിരുന്നത് കൊണ്ട്, കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് നമ്മൾക്ക്  പോകാം എന്ന് പത്മ കുട്ടിയോട് പറഞ്ഞു.

അങ്ങനെയാണ് കുട്ടി മാളു ഇന്ന് ആദ്യമായി അംഗനവാടിയിൽ.

പോകുവാനായി ഇറങ്ങിയത്…

അച്ഛമ്മയോടും അച്ഛനോടും ഒക്കെ അനുഗ്രഹം മേടിച്ച, അവളെ അമ്മൂമ്മയുടെ, കുഴിമാടത്തിങ്കൽ കൊണ്ടുപോയി പ്രാർത്ഥിക്കുകയും കൂടി ചെയ്ത ശേഷം ആണ്, കാർത്തി, കുഞ്ഞിനെയും കൂട്ടി കാറിലേക്ക് കയറിയത്…

അവിടെ എത്തിയ ശേഷവും ഒരുപാട് കൂട്ടുകാരെയൊക്കെ കണ്ടപ്പോൾ കുട്ടിമാളു ഹാപ്പിയായി..

അമ്മയും അച്ഛനും പൊക്കോളൂ ഞാൻ ഇവിടെ ഒറ്റയ്ക്കിരുന്നോളാം എന്ന് പറഞ്ഞു, അവൾ അവരെ തിരിച്ചയച്ചു…

“ന്റെ മാഷേ…. കുട്ടിമാളു ഒരു പ്രശ്നവും ഇല്ലല്ലോ ഞാൻ വിചാരിച്ചു, നമ്മള് തിരികെ പോരുമ്പോഴേക്കും അവള് വലിയ വായിൽ നിലവിളിക്കുമെന്ന്….”

“ഞാനും അങ്ങനെയാണ് കരുതിയത്… പക്ഷേ ഓൾക്ക് ഒരു വിഷയവും ഇല്ല…. ഹാപ്പി ആണ്…”

അവൻ ചിരിച്ചു.

പത്മയെ വഴിക്ക് ഇറക്കി വിട്ടതിനുശേഷം, കാർത്തികോളേജിലേക്ക് പോയി…

വരുന്ന വഴിക്ക് അവൾ മിത്രന്റെ സഹോദരി, ഉമയെ കണ്ടു…

” പത്മ എന്താ ഈ വഴിക്ക്…”

‘ മോളെ അംഗനവാടിയിൽ കൊണ്ട് വിടാനായി പോയതാണ്.. ”

“അതെയൊ…  അത്രത്തോളം ആയില്ലേ
… കണ്ണടച്ച് തുറക്കും മുന്നേ കുട്ടികൾ നമ്മുടെ മുന്നിൽ വളരും….”

അവർ പറഞ്ഞപ്പോൾ പത്മ ഒന്നു മന്ദഹസിച്ചു…

അപ്പോഴേക്കും ഒരു ചെറിയ പിക്കപ്പുവാൻ അവരെ കടന്നുപോയി…

അതിൽ നിറയെ അലമാരിയും കസേരയും, മീശയും,അങ്ങനെ കുറെ വസ്തുക്കൾ ഒക്കെ നിറഞ്ഞുനിന്നു.

” പ്രഭയും മോളും ഇവിടെ നിന്ന് താമസം മാറി പോകുകയാണ്… അവരുടെ സാധനങ്ങളൊക്കെ ആ വണ്ടിയിൽ കൊണ്ടുപോകുന്നത്…”
പത്മ നോക്കുന്നത് കണ്ട് ഉമ്മ അവളോട് പറഞ്ഞു..

“ആര് ദേവിക യൊ.”

“മ്മ്… അതെ മോളെ… മകൻ ആണെങ്കിൽ സ്വന്തമായി വീടൊക്കെ വെച്ച് ഭാര്യയും കുട്ടികളും താമസിക്കുകയാണ്… അവളെ ആദ്യം  ഒന്ന് കെട്ടിച്ചു വിട്ടായിരുന്നു അല്ലോ.. ആ ചെറുക്കൻ ബന്ധം ഒക്കെ പിരിഞ്ഞ വേറെ കല്യാണം കഴിച്ചു… പിന്നെ അമ്മയും മോളും ഒറ്റയ്ക്കായി… ഈ കഴിഞ്ഞ ദിവസം ആരോ പറഞ്ഞു, അവർ കോയമ്പത്തൂരിലേക്ക് തിരിച്ചു പോവുകയാണ്..പ്രഭയുടെ നാട് അവിടെയാണത്രേ….”

“മ്മ് ”

അവൾ ഒന്ന് മൂളി..

ഒരു കാർ വരുന്നത് കണ്ട്, പത്മയും , ഉമയും ഒതുങ്ങി നിന്നു..

പ്രഭയും ദേവികയിം ആയിരുന്നു അതിൽ

” എന്തൊക്കെ കോലം കെട്ടി
.. ഒടുക്കം ദേ ഈ നാട് പോലും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയായില്ലേ ”

കാറ് കടന്നു പോയപ്പോൾ ഉമ, പത്മയോട് പറഞ്ഞു..

“ശരി ഓപ്പോളേ…. ഞാൻ അങ്ങട്ട് ചെല്ലട്ടെ.. കുറച്ച് ജോലികൾ ബാക്കിയുണ്ട്….”

അവരോട് യാത്ര പറഞ്ഞുകൊണ്ട് പത്മവേഗം വീട്ടിലേക്ക് നടന്നു…

***

കുട്ടിമാളു, അംഗനവാടിയിൽ നിന്നും വന്നശേഷം, ടീച്ചർ പറഞ്ഞുകൊടുത്ത കഥകൾ ഒക്കെ പറഞ്ഞു, കാർത്തിയുടെ നെഞ്ചിൽ കിടക്കുകയാണ്..

കുറെയേറെ സംശയങ്ങളാണ് അവൾക്ക്…

അവൻ ക്ഷമയോടുകൂടി അതിനെല്ലാം മറുപടിയും പറയുന്നുണ്ട്…

” അച്ഛനും മോളും ഇങ്ങനെ കിടന്നാൽ മതിയോ അത്താഴം കഴിക്കാൻ വായോ ..”

പത്മ വിളിച്ചപ്പോൾ രണ്ടാളും കൂടി ഭക്ഷണം കഴിക്കുവാനായി ഇറങ്ങിച്ചെന്നു..

അച്ഛമ്മയാണ് എന്നും കുട്ടിമാളുവിന്, ചോറ് വാരി കൊടുക്കുന്നത്..

നാട്ടിലേക്ക് വന്ന അന്നുമുതൽ ആ പതിവ് ഇതുവരെയും തെറ്റിയിട്ടില്ല..

പരിപ്പും പപ്പടവും കൂട്ടിക്കുഴച്ച് ഉരുള, അവൾക്ക് കൊടുത്തുകൊണ്ട് സീത കഥകൾ പറഞ്ഞു തുടങ്ങും..

അച്ഛമ്മയുടെ കഥകൾ കേൾക്കുവാനാണ് അവൾ എന്നും, അച്ഛമ്മയോടൊപ്പം കൂടുന്നത്..

ഒരു മണിക്കൂറോളം അച്ഛമ്മയും അച്ഛനും ആയി കുട്ടി മാളു, ഇരുന്ന് കളിക്കും..

കിടക്കുവാനായി, അന്ന് കുട്ടി മാളുവിനെ വിളിച്ചപ്പോൾ, അച്ഛമ്മയോടൊപ്പം കിടന്നോളാം എന്ന് പറഞ്ഞ് അവൾ വാശി കാണിച്ചു.

ഒന്ന് രണ്ട് തവണ കൂടി പത്മ അവളെ നിർബന്ധിച്ചു..

പക്ഷേ അവൾ വരാൻ കൂട്ടാക്കിയില്ല..

എങ്കിൽ പിന്നെ അവരോടൊപ്പം കിടക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് കാർത്തി മുകളിലേക്ക് പോയി.

അടുക്കളയിലെ ജോലികളൊക്കെ ഒതുക്കി തീർത്ത ശേഷമാണ് പത്മ ചെന്നത്..

” ഇന്ന് എന്തേ പത്മ നിന്റെ മുഖത്തിനു ഒരു വാട്ടം ”

കാർത്തി അവളെ പിടിച്ച് തന്നോട് ചേർത്ത് ഇരുത്തി..

” നിനക്ക് എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടോ ”

അവൻ ചോദിച്ചു.

പത്മ അപ്പോൾ കാർത്തിയുടെ അരികിൽ നിന്നും എഴുന്നേറ്റ്, ജനാലയുടെ ഓരത്തായി പോയി നിന്നു…

തണുത്ത കാറ്റ്…. ഒപ്പം ധനുമാസ കുളിരും…ഗന്ധരാജൻ പൂത്ത സുഗന്ധം….

അവൾ ഒരു നെടുവീർപ്പോടെ നിൽക്കുക ആണ്.

തോളിൽ കാർത്തിയുടെ കരം പതിഞ്ഞതും അവൾ തിരിഞ്ഞു.

..
പത്മാ…. എന്താടോ… എന്താ പറ്റിയേ..

“മാഷേ……”

“പറയെടോ…. വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചതാണ് തനിക്ക് എന്തൊക്കെയോ ബുദ്ധിമുട്ടുള്ളതുപോലെ… എന്താടോ എന്താ പറ്റിയെ….”

അവൻ പത്മയെ തന്നിലേക്ക് ചേർത്തണച്ചു…

കാലത്തെ അംഗനവാടിയിൽ പോയ ശേഷം തിരികെ വന്നപ്പോൾ മിത്രന്റെ സഹോദരിയെ കണ്ടതും പിന്നീട് ഉണ്ടായ സംഭവങ്ങളും ഒക്കെ അവൾ കാർത്തിയോട് വിശദീകരിച്ചു…

“അതിന് തനിക്ക് എന്താണ് വിഷമം…  തന്റെ ആരെങ്കിലും ആണോ പോയത്”

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നെറ്റി ചുളിച്ചുകൊണ്ട് കാർത്തി അവളെ നോക്കി..

“എനിക്കറിയില്ല മാഷേ പക്ഷേ
… വല്ലാത്തൊരു നൊമ്പരം…ദേവു നിറഞ്ഞ മിഴികളോടെ എന്നെ നോക്കിയത് കണ്ടപ്പോൾ… എന്റെ ഹൃദയത്തിൽ ഒരു കൊളുത്തി പിടിക്കൽ…”

“ദേവുവിന്റെ മിഴികൾ നിറയുവാനുള്ള കാരണക്കാരി അവൾ തന്നെയാണ്… പിന്നെ അവളുടെ അച്ഛനും.. അതിൽ നമ്മൾക്ക് ഒന്നും പറയുവാനും ചെയ്യുവാനും കഴിയുകയില്ല.. നീ കേട്ടില്ലേ.. താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ ”

 

അത്രമാത്രമേ ദേവു വിന്റെ ജീവിതത്തിൽ നടന്നിട്ടുള്ളൂ…  അവൾക്ക് അർഹതപ്പെട്ടത് ദൈവം അവൾക്ക് നൽകി

അതിൽ നമ്മൾ ആർക്കും ഒന്നും പറയുവാനും ചെയ്യുവാനുംകഴിയുകയില്ല….

” മാഷോട് ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് സത്യം പറയുമോ ”

അവൾ കാർത്തിയെ നോക്കി..

“നിന്നോട്,ഞാൻ ഇതുവരെയായിട്ടും ഒരു കളവ് പോലും പറഞ്ഞിട്ടില്ല…. നിനക്കിപ്പോഴും എന്നെ വിശ്വാസമില്ല അല്ലേ..”

“അതുകൊണ്ടൊന്നും അല്ല മാഷേ… എനിക്ക് എന്റെ മാഷിനെ വിശ്വാസം ആണ്… ”

‘മ്മ… നീ ചോദിക്ക്… ”

“മാഷേ
.. മാഷിന് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ,എന്നെ വിവാഹം കഴിച്ചത് തെറ്റായിപ്പോയി ന്നു……”

“ദേ…. ഈ ചോദ്യത്തിനുള്ള മറുപടിയായി മുഖമടച്ച് ഒന്ന് തരികയാ വേണ്ടത്…നീ ഇത് എന്തൊക്കെയാണ് ചിന്തിച്ച് കൂട്ടിയിരിക്കുന്നത്… ഇതുതന്നെയായിരുന്നു നിന്റെ കുഴപ്പം…”

അവന്റെ ദേഷ്യത്തിൽ അവളുടെ അടുത്തുനിന്നും മാറി ബെഡിലേക്ക് പോയി കിടന്നു..

“മാഷേ… പിണങ്ങാനായി പറഞ്ഞതല്ല…. ”

അവന്റെ നേർക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു.

” നിനക്കെന്താണ് പത്മ ഇപ്പോഴും ഈ സംശയം….. ”

മുകളിലെ കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ടു കൊണ്ട് കിടക്കുകയാണ് കാർത്തി…

“സംശയം ഒന്നും ഇല്ല്യ മാഷേ…. ഞാൻ വെറുത ചോദിച്ചു ന്നേള്ളു..”

“ഇപ്പോളും നിന്റെ മനസ്സിൽ ആ ദേവൻ പറഞ്ഞ കാര്യങ്ങൾ കിടപ്പുണ്ട്.. അതുകൊണ്ട് അല്ലേ നിനക്ക് ഇങ്ങനെ സംശയം തോന്നുന്നത്…”

 

അതിന് മറുപടി ഒന്നും അവൾ പറഞ്ഞില്ല.സത്യത്തിൽ അതായിരുന്നു കാരണം..

പത്മ…..

അവൻ അവളുടെ നേർക്ക് തിരിഞ്ഞു.

എന്താടോ…..

ഏതൊരു ഭാര്യയ്ക്കും തന്റെ ഭർത്താവിനോട് ഉള്ളത് സ്വാർത്ഥത കലർന്ന സ്നേഹo ആണ് മാഷേ…

ആയിക്കോട്ടെ… അതിനെന്താ ഇപ്പോ….

അയാൾ അന്ന് എന്നോട് പറഞ്ഞു, മാഷ്ക്ക് ദേവൂനെ സ്നേഹിച്ച പോലെ എന്നെ സ്നേഹിക്കാൻ ഒരിക്കലും കഴിയില്ല എന്ന്…… ശരിയാണോ മാഷേ….

ഒരു കുട്ടി ആയി കഴിഞ്ഞു ഇത്രേം നാളായി കഴിഞ്ഞു ആണോ നിനക്ക് ഈ സംശയം ഒക്കെ തോന്നിയെ….

പത്മാ… നിന്റെ ചോദ്യത്തിന് ഒറ്റ വാക്കിൽ ഞാൻ ഉത്തരം പറയാം… അതിന്റെ പേരിൽ ഇനി ഒരു മറു ചോദ്യം പാടില്ല താനും….

അവൻ പറയുന്നത് എന്താണ് എന്ന് കേൾക്കാനായി അവൾ കാത് കൂർപ്പിച്ചു..

….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…