Saturday, December 14, 2024
Novel

നിയോഗം: ഭാഗം 27

രചന: ഉല്ലാസ് ഒ എസ്

ചെക്കനും കൂട്ടരും കൃത്യം 10.45ആയപ്പോളേക്കും ഓഡിറ്റോറിയത്തിൽ എത്തി.. അവരെ എല്ലാവരെയും സ്വീകരിക്കുവാനായി ഗോപിനാഥനും വേണ്ടപ്പെട്ട ആളുകളും ഒക്കെ എത്തി.. മീനുട്ടിയും സീതയും വേറെ ഒന്ന് രണ്ട് സ്ത്രീകളും ഒക്കെ ചേർന്നു പദ്മയുടെ അരികിലേക്ക് ചെന്നു. നിറയെ മുല്ലപ്പൂവ് ഒക്കെ ചൂടി, അത്യാവശ്യം ആഭരങ്ങൾ ഒക്കെ അണിഞ്ഞു പട്ടു സാരീ ഒക്കെ ഉടുത്തു നിന്നപ്പോൾ അവൾ അതീവ സുന്ദരി ആയിരുന്നു.. സീതയെ ഒക്കെ കണ്ടപ്പോൾ അവൾ വേഗം ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. മോളെ.. സുന്ദരി ആയിട്ടുണ്ട് കേട്ടോ എന്റെ കുട്ടി…

സീത അവളുടെ കരം കവർന്നു കൊണ്ട് സ്നേഹത്തോടെ പറഞ്ഞു.. മീനുട്ടിയും അവളോട് ചേർന്ന് നിന്ന് ഒരു സെൽഫി എടുത്തു, അതിനു ശേഷം വേഗം സ്റ്റാറ്റസ് ഇട്ടു.. ദേവൂവും വിനീതു ഒക്കെ ഒന്ന് കാണണം എന്ന് അവൾ ഉള്ളാലെ ആഗ്രഹിച്ചു. “ഏട്ടാ… ഏടത്തി എന്ത് സുന്ദരി ആണെന്നോ… കണ്ടിട്ട് മതിവരുന്നില്ല…” .. കാർത്തിയുടെ അരികിലേക്ക് വന്നിട്ട് മീനു മെല്ലെ പറഞ്ഞു. അവൻ പക്ഷെ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അല്പം കഴിഞ്ഞതും, പദ്മയെ കുറച്ചു സ്ത്രീകൾ ഒക്കെ ചേർന്ന് മണ്ഡപത്തിലേക്ക് കൊണ്ട് വന്നു. കാർത്തി മെല്ലെ അവളെ ഒന്ന് നോക്കി. മീനു പറഞ്ഞത് സത്യം ആണെന്ന് അവനു തോന്നി.

ഇതുവരെ ഒരു ചമയങ്ങളും ഇല്ലാതിരുന്ന അവളെ പെട്ടന്ന് ഈ വേഷത്തിൽ കണ്ടപ്പോൾ അവന്റ ചുണ്ടിലും അറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു.. പണിക്കരു കുറിച്ച മുഹൂർത്തത്തിൽ തന്നെ എല്ലാവരുടെയും അനുഗ്രഹശിസുകളോടെ കാർത്തി, പദ്മയുടെ കഴുത്തിൽ അഗ്നി സാക്ഷിയായി താലി ചാർത്തി.. ഇരു മിഴികളും അടച്ചു കൊണ്ട് പദ്മ പ്രാർത്ഥിക്കുക ആണ് അവൻ നോക്കിയപ്പോൾ.. മീനുട്ടി അവന്റെ നേർക്കു കുംകുമചെപ്പ് എടുത്തു തുറന്ന്.. അവൻ അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറുകയിൽ തൊട്ടു. പരസ്പരം തുളസി മാല ഇട്ടുകൊണ്ട് രണ്ടാളും സദസിന്റെ മുന്നിൽ ചേർന്നു നിന്നു… .

പിന്നീട് അങ്ങോട്ട് ഫോട്ടോ ഗ്രാഫഴ്സ് ആണ് കാര്യങ്ങൾ ഒക്കെ തീരുമാനിച്ചത്. അവർ പറഞ്ഞതിൻ പ്രകാരം മുഖത്തു ഓരോ ചേഷ്ടകൾ ഒക്കെ കാണിച്ചു കൊണ്ട് രണ്ടാളും പുഞ്ചിരിച്ചു.. “പദ്മ… ഇതു മിത്രൻ നമ്പൂതിരി.. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ ആണ്..’ കാർത്തി ആണെങ്കിൽ മിത്രനെ പരിചയപ്പെടുത്തിയപ്പോൾ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. അവൻ തിരിച്ചും. അവളുട കൂടെ പഠിക്കുന്ന കുറച്ചു കൂട്ടുകാരികൾ ഒക്കെ കയറി വന്നപ്പോൾ അവൾ അവരോട് ഒക്കെ മെല്ലെ സംസാരിച്ചു കൊണ്ട് പിന്തിരിഞ്ഞു. “കാർത്തി… ഈശ്വരൻ നിനക്കായി കരുതി വെച്ചത് ഈ പെൺകുട്ടിയെ ആണ്… ഒരുപാട് നന്മകൾ ഉള്ള ഇവൾ ഉള്ളപ്പോൾ എന്തിനാടാ ദേവിക… എല്ലാം മറന്ന് നല്ലൊരു ജീവിതത്തിലേക്ക് നീ കടക്കുക ആണ്… എനിവേ ആൾ ദി ബെസ്റ്റ് ”

അവനു കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് അവന്റ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് മിത്രൻ കണ്ണുകൾ കൊണ്ട് പദ്മയോട് കൂടി യാത്ര പറഞ്ഞു കൊണ്ട് സ്റ്റേജിൽ നിന്നുമിറങ്ങി.. പിന്നീട് കാർത്തിയിടെ സഹപ്രവർത്തകർ ഒക്കെ അവരെ രണ്ടാളെയും വിഷ് ചെയ്യാനായി കയറി വന്നു. എല്ലാവരെയും നോക്കി പദ്മ പുഞ്ചിരിച്ചു. ഒന്ന് രണ്ട് അധ്യാപകർ ഒക്കെ അവളോട് പഠിക്കുന്ന കോളേജ്, അവളുടെ വിഷയം ഒക്കെ ചോദിച്ചു. അവൾ അതിനു മറുപടി പറഞ്ഞു.. “ആഹ് ഇനി നമ്മുടെ കോളേജിലേക്ക് പോരേ കേട്ടോ.. മാഷുണ്ടല്ലോ അവിടെ…” ഒരു ടീച്ചർ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞതും ബാക്കി ഉള്ളവർ ഒക്കെ അതു ശരി വെച്ച്.

മീനുന്റെയും ഭവ്യയുടെയും ഒക്കെ കൂട്ടുകാർ എത്തിയിരുന്നു. നേരം പിന്നിട്ടു കൊണ്ടേ ഇരുന്നു. സദ്യ കഴിക്കാനായി ഗോപിനാഥൻ വന്നു രണ്ടാളെയും കൂട്ടി കൊണ്ടുപോയി. ഹരിക്കുട്ടൻ ആണെങ്കിൽ ചേച്ചിടെ പിന്നാലെ ഉണ്ട്.. അവനെ അടുത്തിരുത്തി ആണ് പദ്മ ഭക്ഷണം കഴിച്ചത്. . അവൻ ചേച്ചിയോട് ഓരോരോ സംശയം ചോദിക്കുക ആണ് അതിനെല്ലാം അവൾ അവനോട് മെല്ലെ മറുപടി പറയുന്നുണ്ട്.. രണ്ടാളുംതമ്മിൽ വലിയ സ്നേഹം ആണെന്ന് കാർത്തിക്കു തോന്നി.. കാർത്തിയിടെ അച്ഛനും അമ്മയും ഒക്കെ പദ്മയുടെ അച്ഛമ്മയോടും അച്ഛനോടും ഒക്കെ സംസാരിച്ചു കൊണ്ട് നില്ലപ്പുണ്ട്.. എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. “ഇറങ്ങാൻ സമയം ആയി വരുന്നു ”

ആരോ വിളിച്ചു പറഞ്ഞപ്പോൾ പദ്മയുടെ നെഞ്ചിലൊരു മിന്നൽ പിണർ പോലെ.. അവളുടെ മുഖം വാടി.. അച്ഛനെയും അമ്മയേയുമൊക്കെ അവൾ ഒന്ന് നോക്കി. ഭവ്യ ആണെങ്കിൽ നിറഞ്ഞ മിഴിയാലേ അമ്മയുടെ പിന്നിലേക്ക് ഒതുങ്ങി നിന്നു.. “എന്നാൽ നമ്മൾക്ക് ഇറങ്ങിയാലോ.നേരം 2.30കഴിഞ്ഞു ” വാച്ചിലേക്ക് നോക്കികൊണ്ട് കാർത്തിയുട അച്ഛൻ പറഞ്ഞു. .. പെയ്യാൻ മൂടി കെട്ടി നിൽക്കുന്ന കാർമേഘം പോലെ ആയി പദ്മ അപ്പോളേക്കും.. ഒന്നൂടെ ചേർന്നു നിന്നു എല്ലാവരുംകൂടി ഒരു ഫോട്ടോ എന്ന് പറഞ്ഞു കൊണ്ട് ഫോട്ടോഗ്രാഫർ ക്യാമറ എടുത്തു. കാർത്തിയോട് ചേർന്നു നിന്നപ്പോൾ അവളെ വിറയ്ക്കുന്നതായി അവനു തോന്നി. പെട്ടന്ന് അവൻ അവളെ ഒന്ന് നോക്കി. മിഴികൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നു.

അച്ഛന്റെയും അമ്മയുടെയും ഒക്കെ പാദം നമസ്കരിച്ചു നിവർന്നപ്പോളേക്കും അവൾ കരഞ്ഞു തുടങ്ങിയിരുന്നു. ഗോപിനാഥനും ഗിരിജയും ഒക്കെ വിങ്ങി പൊട്ടി നിൽക്കുക ആണ്.. കരഞ്ഞുകൊണ്ട് യാത്ര അയക്കരുത് എന്ന് ആരൊക്കെയോ പറഞ്ഞപ്പോൾ രണ്ടാളും ഉള്ളിലെ സങ്കടം പിടിച്ചു നിർത്തിയിരിക്കുക ആണ്. ഭവ്യ അവളെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. . എന്നിട്ട് പദ്മയുടെ കവിളിൽ വേദനിപ്പിക്കാതെ നുള്ളി. അവളുടെ മിഴികൾ ഒപ്പിക്കൊടുത്തു. .. മുത്തശ്ശി ആണെങ്കിൽ പദ്മയെ നോക്കി ഇരിക്കുക ആണ്.. . അവൾക്ക് നന്മ വരുത്തണെ എന്നുള്ള ഒരേഒരു പ്രാർത്ഥനയിലും. ഹരിക്കുട്ടൻ എവിടെ…? ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു കൊണ്ട് വട്ടം തിരിഞ്ഞു. ലേശം മാറി അവൻ നിൽപ്പുണ്ടായിരുന്നു… അവന്റ അരികിലേക്ക് പദ്മ ഓടി ചെന്നു.

കരഞ്ഞുകൊണ്ട് തന്നെ നോക്കുന്ന തന്റെ അനിയനെ കണ്ടതും അവൾക്ക് ചങ്ക്‌പൊട്ടി.. . അവനെ കെട്ടിപിടിച്ചു പദ്മ ഒരുപാട് കരഞ്ഞു. അവന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് അവൾ അവനെ ചേർത്തു പിടിച്ചു. “മോളെ… സമയം വൈകുന്നു… നീ വായോ ” . അച്ഛൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് വന്നു.. എന്നിട്ട് കാർത്തിയിടെ കൈകളിലേക്ക് ആ കൈകൾ ചേർത്തു. . “മോനേ…. എന്റെ കുട്ടി പാവം ആണ്… ആരോടും ഇതേവരെ ഒരു വാശിയോ ദേഷ്യമോ പിണക്കമോ ഒന്നും ഇല്ലാത്തവൾ… മോനും ആയിട്ടുള്ള ജീവിതത്തിൽ എന്റെ കുട്ടിക്കൊരു സങ്കടവും ഉണ്ടാവില്ല എന്നെനിക്കു വിശ്വാസം ഉണ്ട്…. ” അതും പറഞ്ഞു കൊണ്ട് അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് അയാൾ അവർക്ക് കയറാനായി കാറിന്റെ ഡോർ തുറന്ന് കൊടുത്തു.

മകൾ കണ്ണിൽ നിന്നും മറയുന്നത്ത് വരെ ആ പിതാവും മാതാവും നോക്കി നിന്നു.. രണ്ടാളുടെയും മനസിൽ അപ്പോളും തങ്ങളുടെ കൈലേക്ക് ആദ്യമായി കിട്ടിയ പോന്നോമാനയുടെ മുഖം ആയിരുന്നു… ** ഇടയ്ക്ക് ഒക്കെ മിഴിനീർ ഒപ്പുന്നവളെ മീനുട്ടി അശ്വസിപ്പിക്കുന്നുണ്ട്.. പക്ഷെ എന്തുകൊണ്ടോ… പദ്മയുടെ നെഞ്ചിലെ വീങ്ങൽ അപ്പോളും മാറിയിട്ടില്ല.. ഹരിക്കുട്ടനും ഭവ്യ യും… അവരെ ഒക്കെ ഓർത്തപ്പോൾ അവൾക്ക് പിന്നെയും മിഴികൾ ഒരു മഴയായ് പെയ്തിറങ്ങി.. “പദ്മ… വീടെത്തി ” കാർത്തി അവളോട് പറഞ്ഞപ്പോൾ അവൾ ഞെട്ടി അവനെ നോക്കി..

പല വിധ വിചാരങ്ങളിൽ കൂടി ഉഴറുക ആയിരുന്നു അവൾ.. വണ്ടി നിറുത്തിയത് പോലും അവൾ അറിഞ്ഞിരുന്നില്ല.. വണ്ടിയിൽ നിന്നും അവൾക്ക് ഇറങ്ങാനായി അവൻ ഡോർ തുറന്നു കൊടുത്തു. സാരീ വലിച്ചു നേരെ ആക്കി കൊണ്ട് അവൾ മെല്ലെ ഇറങ്ങി. സീത കൊടുത്ത നിലവിളക്കു ഇരു കൈകൾ കൊണ്ടും മേടിച്ചു കൊണ്ട് അവൾ ആ കുടുംബത്തിലെ മഹാലക്ഷ്മി ആയി വലത് കാൽ വെച്ച് കൊണ്ട് അകത്തേക്ക് പ്രവേശിച്ചു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…