നിവാംശി : ഭാഗം 9
എഴുത്തുകാരി: ശിവന്യ
” വംശി , ഇത് മായ… ജിത്തൂന്റെ വൂട്ബി ആണ് ”
ആനന്ദ് പരിചയപ്പെടുത്തിയത് കേട്ടപ്പോൾ നിവാംശിയുടെ കണ്ണിലൊരു പിടച്ചിൽ ഉണ്ടായി….
അവൾ ഇടറിയ കണ്ണുകളോടെ ജിത്തുവിനെ നോക്കി…. ആ നോട്ടം നേരിടാനാവാതെ അവൻ തല താഴ്ത്തി….
“ഹായ്… ആം മായ മഹേശ്വരൻ..”
“നിവാംശി ഷേണായ്”
മായക്ക് നേരെ ഹസ്തദാനത്തിനായി കൈ നീട്ടുമ്പോൾ കണ്ണുകളിലെ ഇടർച്ച സമർത്ഥമായി മറച്ച് വെക്കാൻ അവൾക്ക് സാധിച്ചു…
കരിനീല കളർ ചുരിദാറിൽ തിളങ്ങുന്നുണ്ടായിരുന്നു മായയുടെ മുഖം… എപ്പഴത്തേയും പോലെ കാതിൽ വലിയ കമ്മലും ശൂന്യമായ കഴുത്തും….
കാറ്റിൽ അലസമായി പാറി കളിക്കുന്ന സ്ട്രയിറ്റെൻ ചെയ്ത മുടിയിഴകൾ….വെളുത്തു നീണ്ട വിരലുകളിൽ നീട്ടിവളർത്തിയ നഖങ്ങൾ….
നിവാംശി മായയെ അടിമുടി വീക്ഷിക്കുകയായിരുന്നു….
ജിത്തുവിന് അവൾ നന്നായി ചേരും…. ഒരു പക്ഷേ തന്നെക്കാളുമേറെ…
“നിവാംശി എന്താ ചെയ്യുന്നെ ”
മായയുടെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി..
” ഞാൻ ആർക്കിടെക്ടാണ് മായ..ജയമോഹനത്തിന്റെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ വർക്ക് ഞാനാണ് ചെയ്യുന്നത്… ”
” ഓഹ് അത് ശരി അപ്പോൾ അങ്ങനെയാവും നിങ്ങൾ തമ്മിലുള്ള പരിചയം അല്ലേ ”
”അതെ”
നിവാംശിയുടെ ഉത്തരം കേട്ടപ്പോൾ ജിത്തുവിന്റെ ഉള്ള് പിടച്ചു….
” ചുമ്മാെതെയാ മായേ…. ഇവളെന്റെ സുഹൃത്താണ്…. ഇവിടെ കേരളത്തിൽ വെച്ചല്ല.. ഡെൽഹിയിൽ വെച്ച്…. അതായത് ജിത്തു ഇവളെ കാണുന്നതിന് എത്രയോ മുൻപ്…”
” ആണോ ജിത്തു ഏട്ടാ ”
മായ കൊഞ്ചലോടെ ജിത്തുവിനെ നോക്കി…
” അ…അതെ”
മായ തന്റെ വിരലുകൾ ജിത്തുവിന്റെ കൈകളിൽ കൊരുത്ത് പിടിച്ചു….
അത് കണ്ടപ്പോൾ നിവാംശിയുടെ മനസ്സിലെവിടെയോ ആദ്യമായൊരു വിങ്ങൽ ഉണ്ടായി…. ഒരുപാട് ആഗ്രഹിച്ചതെന്തോ നഷ്ടപ്പെട്ടു പോയെന്നൊരു തോന്നൽ…
എത്ര ശ്രമിച്ചിട്ടും തന്റെ കണ്ണുകൾ അനുസരണക്കേട് കാണിച്ചേക്കുമോ എന്നവൾ ഭയന്നു….
“ആനന്ദ് അവർ സംസാരിക്കട്ടെ… നമുക്ക് മാറികൊടുക്കാം.. ”
അവിടെ അധിക സമയം നിൽക്കാനുള്ള ശക്തി നിവാംശിക്ക് ഉണ്ടായിരുന്നില്ല…
” ഒകെ മായ… സീ യുലേറ്റർ…”
മായയോട് യാത്ര പറഞ്ഞു ജിത്തുവിന് നേരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ നിവാംശി നടന്നകന്നു….
നിവാംശി അകന്ന് പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ ജിത്തൂന് കഴിഞ്ഞുള്ളൂ….
എന്നെന്നേക്കുമായി തന്റെ ജീവിതത്തിൽ നിന്നും അവൾ അടർന്നു പോയത് പോലെ അവന് തോന്നി…
മായ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…..
പക്ഷേ അവന്റെ ചെവിയിൽ അതൊന്നും കേട്ടില്ല….
“ചെന്നവളെ വിളിച്ച് അവളോട് ഞാൻ നിന്നെയാണ് സ്നേഹിക്കുന്നത്… എനിക്ക് നീ വേണം എന്ന് പറയെടാ “….
അവന്റെ മനസ്സ് മന്ത്രിച്ച് കൊണ്ടിരുന്നു….
പക്ഷേ നിവാംശി എന്ന വികാരത്തിനെ അച്ചൻ, അമ്മ, കുടുംബം എന്ന വിവേകം കീഴ്പ്പെടുത്തി….
ഒന്നും ചെയ്യാനും പറയാനും ആകാതെ അവിടുണ്ടായിരുന്ന ഇരിപ്പിടത്തിൽ അവനിരുന്നു….
എന്നിട്ടും വല്ലാത്തൊരു ഹൃദയവേദന.. ശ്വാസമെടുക്കാൻ പോലും പറ്റാതെ അവന്റെ നെഞ്ച് വേദനിച്ചു കൊണ്ടിരുന്നു….
തൊട്ടടുത്ത് ഇരുന്ന് തന്റെ ഇഷ്ടങ്ങളെ കുറിച്ച് ഭാവിവരനോട് പറയുന്ന മായ അറിഞ്ഞിരുന്നില്ല അവന്റെ ഏറ്റവും വലിയ ഇഷ്ടമാണ് അകന്നുപോയതെന്ന്…..
**********************
നിവാംശിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല…. ആനന്ദിനോട് നല്ല തലവേദനയാണ് തിരിച്ചു പോകാം എന്നാവശ്യപ്പെട്ട് അവൾ അപ്പോൾ തന്നെ പാർക്കിൽ നിന്നും മടങ്ങിയിരുന്നു… ഡോക്ടറെ കാണാം എന്ന ആനന്ദിന്റെ നിർബന്ധം അവൾ എതിർത്തു…
ആദ്യമായി അവൻ തന്നോട് കാണിക്കുന്ന അടുപ്പത്തെ നിവാംശി ഭയന്നു…
എത്രയും പെട്ടെന്ന് ഫ്ലാറ്റിലെത്തിയാ മതി എന്ന് മാത്രമായിരുന്നു അവളുടെ മനസ്സിൽ…
നിവാംശിയുടെ ഭാവവ്യത്യാസം ആനന്ദിന് നന്നായി മനസ്സിലായിരുന്നു… അതിനാൽ തന്നെ തിരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ അവൻ അവളോടൊന്നും ചോദിച്ചില്ല…..
എങ്കിലും ആ ഭാവവ്യത്യാസത്തിന്റെ കാരണം എത്ര ആലോചിച്ചിട്ടും ആനന്ദിന് മനസ്സിലായില്ല….
ഫ്ലാറ്റിൽ നിവാംശിയെയും തനുമോളെയും ഇറക്കി തിരിച്ച് പോകുമ്പോഴും ആനന്ദ് ചിന്തിച്ചത് അതേ കുറിച്ചായിരുന്നു..
കഴിഞ്ഞ നിമിഷങ്ങളിൽ സംഭവിച്ച ഓരോ കാര്യങ്ങളും അവന്റെ മനസ്സിലേക്ക് വന്നു…
മായയെ പരിചയപ്പെടുത്തിയതിന് ശേഷമാണോ നിവാംശിയുടെ മുഖം മാറിയത്?….
അതെ എന്ന് തന്നെ ആയിരുന്നു അവന്റെ ഉത്തരം…
അങ്ങനാണെങ്കിൽ അതെന്തുകൊണ്ട്?.. അവന്റെ മനസ്സിൽ സംശയങ്ങൾ വേരെടുത്തു….
ഇനി മായയെ വംശിക്ക് നേരത്തെ പരിചയമുണ്ടാകുമോ…. ഇല്ല…. അതിന് സാധ്യതയില്ല….. അതല്ലെങ്കിൽ പിന്നെ എന്ത്?…
പെട്ടന്നവന്റെ മനസ്സിൽ ജിത്തുവിന്റെ മുഖം കടന്ന് വന്നു… നിവാംശിയുടെ നോട്ടത്തെ നേരിടാനാവാതെ തലതാഴ്ത്തി നിൽക്കുന്ന ജിത്തുവിന്റെ മുഖം അവന്റെ കൺമുൻപിൽ തെളിഞ്ഞു…
അവിടെ നിന്ന് യാത്ര പറഞ്ഞ് പിരിയുന്നത് വരെയും മൗനം പൂണ്ടിരുന്ന ജിത്തുവിനെ അവൻ ഓർത്തു….
അങ്ങനെയാണെങ്കിൽ ജിത്തുവും നിവാംശിയും തമ്മിൽ….????
അവൻ ഉടനെ ഫോണെടുത്ത് ജിത്തുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…
മറുഭാഗത്ത് കാൾ ആൻസർ ചെയ്യുന്നുണ്ടായിരുന്നില്ല…. നിവാംശിയുടെ നമ്പറിലേക്ക് ട്രൈ ചെയ്തപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു…
ആനന്ദിന്റെ സംശയം ബലപ്പെട്ടു….
****************************
“എന്തായി ആന്റീ നമ്മുടെ നായകൻ പോയിട്ട്…. തീരുമാനത്തിൽ വല്ല മാറ്റവും ഉണ്ടോ ” ?..
ജിത്തു ഫോണെടുക്കാത്തത് കാരണം അവന്റെ വീട്ടിലേക്ക് വന്നതായിരുന്ന ആനന്ദ്..
“അവനാകെ ദേഷ്യത്തിലാ മോനേ… എന്തൊക്കെ പറഞ്ഞാലും ഈ വിവാഹം വേണ്ടെന്ന് തന്നാ അവൻ പറയുന്നത്….”
ജീനാ ശാന്തി നല്ല വിഷമത്തിലായിരുന്നു…
“അവനെന്താ ആന്റീ കാരണം പറയുന്നെ”
സെറ്റിയിലേക്കിരുന്ന് കൊണ്ട് ആനന്ദ് ചോദിച്ചു..
” അവന് ഒരു തരത്തിലും മായയെ ഇഷ്ടപ്പെടാൻ കഴിയില്ലെന്ന് ”
“അതെന്താ?… ഇനി അവൻ വേറെ ആരെയേലും ഇഷ്ടപ്പെടുന്നുണ്ടോ…” ???
“അതല്ലേ രസം… അവന്റെ മനസ്സിൽ അങ്ങനാരും ഇല്ലെന്ന്… ”
” പിന്നെ മായയുമായി അവനെന്താ പ്രശ്നം…. അവളെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം എന്താ അവൻ പറയുന്നത്…”
“അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലത്രേ….
മായയെ കാണുമ്പോൾ അവന്റെ ലൈഫ് പാർട്ണറായി സ്വീകരിക്കാൻ അവന് പറ്റുന്നില്ലെന്ന്… എത്ര ശ്രമിച്ചാലും അവനെ കൊണ്ടതിന് കഴിയില്ലെന്നാ അവൻ പറയുന്നത്….”
“ഞാനൊരു കാര്യം പറയട്ടെ ആന്റീ ”
പ്രധാനമായ എന്തോ പറയാനെന്നത് പോലെ ആനന്ദ് മുന്നോട്ടാഞ്ഞിരുന്നു…
” നീ പറ മോനേ”
“ആന്റീ… നമുക്കവന്റെ സന്തോഷമല്ലേ വലുത്…. ഇതിപ്പോ അവനിങ്ങനെ പറയുന്ന സ്ഥിതിക്ക് കംപെൽ ചെയ്യേണ്ട കാര്യമുണ്ടോ… അങ്ങനെ പ്രഷർ ചെലുത്തി നടത്തേണ്ട ഒന്നല്ലല്ലോ വിവാഹം… ”
ജീനാ ശാന്തി ഒന്നും മിണ്ടിയില്ല….
” ലുക് ആന്റീ…. നമ്മൾ നിർബന്ധിച്ച് വിവാഹം നടത്തിയിട്ട് അറ്റ്ലാസ്റ്റ് അവർക്ക് പൊരുത്തപെടാൻ പറ്റാതെ പോയാൽ അവന്റെ ജീവിതം നശിക്കുന്നത് നമ്മൾ കാണേണ്ടി വരില്ലേ…”ആനന്ദ് ഒന്ന് നിർത്തി…
“അതിനേക്കാൾ നല്ലതല്ലേ ആന്റീ, അവന്റെ മനസ്സിലെന്താണെന്നറിഞ്ഞ് ആ സങ്കൽപ്പത്തിനനുസരിച്ച ഒരു പെൺകുട്ടിയെ അവന് കൊടുക്കുന്നത് ”
” നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് ആനന്ദ്, പക്ഷേ മോഹൻ ”’
ജീനാ ശാന്തി അർദ്ധോക്തിയിൽ നിർത്തി….
“ആന്റി പറഞ്ഞാൽ പിന്നെ അങ്കിളും മറുത്തൊന്നും പറയില്ല”
” ശരി…. ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ….”
” അതാ നല്ലത്… അവൻ റൂമിലില്ലേ… ഞാനങ്ങോട്ട് ചെല്ലട്ടെ ”
ആനന്ദ് സ്റ്റയർകേസിനരികിലേക്ക് നടന്നു….
*************************
ആനന്ദ് റൂമിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു ജിത്തു…
നിവാംശിയെ ഒരുപാട് തവണ ഫോണിൽ ട്രൈ ചെയ്തിട്ടും കിട്ടാത്തതിന്റെ ദേഷ്യത്തിലായിരുന്നു അവൻ…
” എന്തു പറ്റി അളിയാ… സുഖമില്ലേ….”
അവൻ ജിത്തുവിനരികിലായി ഇരുന്നു…. അവന്റെ കഴുത്തിലും നെറ്റിയിലുമൊക്കെ കൈ വെച്ചു…
ജിത്തു അതിലേറെ അരിശത്തോടെ അവന്റെ കയ്യെടുത്ത് മാറ്റി….
” നിന്നോടാരാ നിവാംശിയെയും കൊണ്ട് പാർക്കിൽ വരാൻ
പറഞ്ഞത് ”
കോപത്താൽ അവന്റെ മുഖം ചുവന്നിരുന്നു…
” അതിനിപ്പോ എന്താ…. ”
“എന്താന്നോ… നീ എന്തിനാ അവളെയും കൂട്ടി എപ്പോഴും കറങ്ങാൻ പോകുന്നെ ”
” അത്… എനിക്കതിഷ്ടമല്ല ”
“എന്ത് കൊണ്ട് ” ?
“അവളെന്റെ സുഹൃത്തായത് കൊണ്ട്…. പെൺകുട്ടിയാണ്…. അവൾക്കൊരു ചീത്ത പേര് വരാൻ പാടില്ല ”
ജിത്തുവിന്റെ മറുപടി കേട്ടപ്പോൾ ആനന്ദിന്റെ മുഖത്തൊരു ചിരി പടർന്നു…
” നീ എന്താചിരിക്കുന്നെ ”
ജിത്തുവിന് അവന്റെ ചിരി കണ്ടപ്പോൾ ദേഷ്യം കൂടി…
” രണ്ട് കാര്യത്തിനാ ഞാൻ ചിരിച്ചത്…. ഒന്ന് എന്റെ കൂടെ നടന്നാൽ അവൾ ചീത്ത ആകും എന്ന് പറഞ്ഞതിന്…
രണ്ട് അവൾ നിന്റെ സുഹൃത്താണെന്ന് പറഞ്ഞതിന്…. നീ കാണുന്നതിന് മുൻപേ തന്നെ അവളെന്റെ സുഹൃത്തായിരുന്നു… ”
” സുഹൃത്തോ അതോ കാമുകിയോ ”
ജിത്തുവിന്റെ ശബ്ദത്തിൽ പരിഹാസം നിഴലിച്ചിരുന്നു….
ആനന്ദ് പതറും എന്ന പ്രതീക്ഷിച്ച ജിത്തുവിനെ അമ്പരപ്പിച്ച് കൊണ്ട് ആനന്ദ് പൊട്ടി ചിരിച്ചു….
” ഞാൻ സ്നേഹിക്കുന്ന പെണ്ണ് നിവാംശി അല്ല…. അത് വേറൊരാളാ…. പക്ഷേ അവളെ സ്നേഹിക്കുന്ന ഒരാളെ എനിക്കറിയാം”…
അവന്റെ വാക്കുകൾ കേട്ട് ജിത്തു അമ്പരന്നു…
തുടരും
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.