നിവാംശി : ഭാഗം 2
എഴുത്തുകാരി: ശിവന്യ
“ഷി ഫൂൾഡ് യൂ”
മെറിന്റെ വാക്കുകൾ വീണ്ടും അവന്റെ കാതിൽ പതിച്ചു.
“ഡാമിറ്റ് ”
ജിത്തുവിന് ദേഷ്യം അടക്കാനായില്ല….
ഓഫീസിൽ ഇനിയും ഇരുന്നാൽ ഭ്രാന്ത് പിടിച്ചേക്കും തനിക്ക് എന്ന് തോന്നിയത് കൊണ്ട് അവനപ്പോൾ തന്നെ അവിടുന്നിറങ്ങി….
“ടാ… നീ എവിടാ ”?
അവൻ ഫോണെടുത്ത് ആനന്ദിനെ വിളിച്ചു…
” ഞാനിവിടെ ലുലു മാളിലാ ”
“കോപ്പ്…. ഏത് സമയം നോക്കിയാലും ലുലു മാളിൽ… എന്തോന്നെടേയ് ഫുൾ ടൈം അവിടെ പോയിരിക്കാൻ യൂസഫലി എന്താ നിന്റളിയനാ…”
“അല്ല… എന്റെ അമ്മാവൻ… എന്തേയ് വല്ല കുഴപ്പവുമുണ്ടോ…. ”
” ഒരു കുഴപ്പവുമില്ല…. നിനക്ക് പറ്റും”
” ഡിസ്റ്റർബ് ചെയ്യാതെ നീ മാറ്ററുക്ക് വാടാ കണ്ണാ ”
അവൻ ജിത്തൂനെ സോപ്പിട്ടു..
” ഒന്നുമില്ല… നീ അവിടെ തന്നെ നിക്ക് …ഞാനങ്ങോട്ട് വരാം ”
” അത് വേണ്ട…. നീ മറെെൻ ഡ്രൈവിലോട്ട് വാ… ഞാനിവിടുന്ന് ഇറങ്ങി ”
” ഒ കെ ”
ജിത്തു കാൾ കട്ട് ചെയ്തു..
***********************
ഏകദേശം ഇരുപത് മിനുറ്റുകൊണ്ട് ആനന്ദ് മറൈൻ ഡ്രൈവിലെത്തി..
കായൽ തീരത്തെ കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യം നുകർന്ന് മിഴിവേകുന്ന കാഴ്ചകൾ ആസ്വദിക്കാന്‍ മറൈൻ ഡ്രൈവിൽ എത്തുന്നവർ കുറവല്ല.
മറഞ്ഞുപോകുന്ന മേഘങ്ങളുടെ കാഴ്ചയും സൂര്യാസ്തമയവും കാണാനും ഒഴിവുസമയം ചിലവഴിക്കുവാനും കുടുംബവുമൊത്ത് നിരവധിപേരാണ് മറൈൻ ഡ്രൈവിൽ എത്തുന്നത്…
വേറൊരർത്ഥത്തിൽ പറഞ്ഞാൽ കമിതാക്കളുടെ തീരമാണ് മറൈൻ ഡ്രൈവ്..
നിര നിരയായി ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ മിക്കതിലും അവർ തന്നെ…..
” ടാ ഞാൻ ഇവിടെ റെയിൻബോ ബ്രിഡ്ജിലുണ്ട്.. ഇങ്ങോട്ട് വാ ”
അവൻ ഫോണിൽ ജിത്തുനോട് പറഞ്ഞു…
അൽപ്പസമയത്തിനകം ജിത്തു ബ്രിഡ്ജിനടുത്തെത്തി….
”വാട്ട് ഹാപ്പെൻഡ് ഡിയർ ?… ഈ ദേഷ്യം പതിവില്ലാത്തതാണല്ലോ ”?…
ആനന്ദ് ജിത്തുവിന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു…
“ഒന്നുമില്ലെടാ…”
ജിത്തു അവന്റെ കയ്യടുത്തു മാറ്റി പതിയെ മുന്നോട് നടന്നു…
“അതല്ല.. എന്തോ കാര്യമായ പ്രോബ്ലം ഉണ്ട്…”
“ഇല്ല ”
” ടാ കോപ്പേ കൂടുതൽ ബിൽഡപ്പ് ചെയ്യാതെ കാര്യം പറ”
ആനന്ദിന് ദേഷ്യം വന്നു..
അന്ന് നടന്ന സംഭവങ്ങൾ മുഴുവൻ പതിയെ ജിത്തു അവനോട് വിവരിച്ചു…
മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയാണ് ആനന്ദിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്…
“സമാധാനമായെടാ.. നീ ആരുടെയെങ്കിലും മുൻപിലൊന്ന് തോറ്റല്ലോ…”
” അനൂ.. നീ”
“ഓഹ് സോറി.. സോറി… ഓകെ…. ദെൻ കം ടു ദ പോയിന്റ്…
അവളെങ്ങനെ നിന്നെ ഫൂളാക്കിയെന്നാ നീ പറയുന്നത്?..
അവൾ നിന്നെ കബളിപ്പിച്ച് നിന്റെ കയ്യിൽ നിന്ന് കാഷോ വിലപ്പെട്ടത് വല്ലതുമോ അടിച്ചു മാറ്റിയോ ….ഇല്ലല്ലോ…. യെസ്…. നിന്നോടവൾ നുണ പറഞ്ഞു….
ടാ നിന്നെയവൾ ഫസ്റ്റ് ടൈം കാണുന്നതല്ലേ.. ഈ പെൺപിള്ളേർ ഇങ്ങനാ..
ആദ്യമായി കാണുന്നവരോട് അവർ എപ്പോഴും പേരും നാളുമൊക്കെ നുണ പറയും…. ഗേൾസിന്റെ മനശാസ്ത്രം അങ്ങനാ….
ഞാനിതെത്ര കണ്ടിരിക്കുന്നു..
നിനക്ക് ഈ കാര്യത്തിൽ മുൻപരിചയമൊന്നും ഇല്ലാത്തോണ്ടാ ഫൂളാക്കിന്നൊക്കെ നിനക്ക് തോന്നുന്നത്.. സോ ലീവിറ്റ് മാൻ… ഇനി എപ്പോഴെങ്കിലും തമ്മിൽ കാണുകയാണെങ്കിൽ അവൾ നിന്നോട് സത്യം പറയും… ഡോണ്ട് വറി ”
ആനന്ദിന്റെ വാക്കുകൾ ജിത്തുനെ തണുപ്പിച്ചെങ്കിലും ഇനി അവളെ കാണുമോ എന്നത് അവന്റെ മനസ്സിൽ ചോദ്യ ചിഹ്നമായി അവശേഷിച്ചു….
*******************************
നിവാംശി കേരളത്തിൽ എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു…
പക്ഷേ അവളെന്തിനാണോ കേരളത്തിൽ വന്നത് ,ആ ദൗത്യം എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയാതെ അവളെ പ്രയാസപ്പെടുത്തി കൊണ്ടിരുന്നു….
അതിന് മുൻപായി ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ അവൾ മനസ്സിൽ തയ്യാറാക്കിയിരുന്നു…
ആദ്യം ഒരു വീട്…. ബ്ലൂ നൈൽ എന്ന ലക്ഷ്യുറിയസ് ഹോട്ടലിലെ താമസം മതിയാക്കാൻ സമയമായിരിക്കുന്നു….
പിന്നൊരു ജോലി…. ഡെൽഹിയിൽ പ്രശസ്തമായ ആർ കെ കൺസ്ട്രക്ഷൻസിൽ ആർക്കിടെക്ട് ആയിരുന്നു നിവാംശി.. ഉയർന്ന ശമ്പളമുള്ള ജോലി വേണ്ടെന്ന് വെച്ച് കേരളത്തിലേക്ക് വന്നത് തനുമോൾക്ക് വേണ്ടി മാത്രം…
ഇനി ഇവിടെ ഒരു ജോലി കണ്ടു പിടിക്കണം
ബ്ലൂ നൈൽ റിസപ്ഷനിലെ പ്രകാശിനോട് ഒരു വീടിന്റെ കാര്യം സൂചിപ്പിച്ചിരുന്നു അവൾ…
കാക്കനാട് മലബാർ ഹെറിറ്റേജിൽ ഒരു ഫ്ലാറ്റ് ഒഴിവുണ്ടെന്നും ഇന്ന് പോയി നോക്കാം എന്നും പ്രകാശ് പറഞ്ഞതനുസരിച്ച് അയാളെയും കാത്ത് ഹോട്ടലിന്റെ ലോബിയിലിരിക്കുകയായിരുന്നു നിവാംശിയും തനു മോളും…
” ആന്റിയമ്മാ”
തനു പതിയെ വിളിച്ചു..
“എന്താ മോളേ ”
“നമ്മളെപ്പോഴാ ആന്റിയമ്മാ നമ്മുടെ വീട്ടിലേക്ക് പോകുന്നെ”
” എവിടെ ? ഡെൽഹിയിലോ?”
“ഉം… മോൾക്ക് സ്കൂളിൽ പോണ്ടേ ആന്റിയമ്മാ.. അവിടെ പൂജയും മോഹിതും ഇഷയുമൊക്കെ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവില്ലേ.. ”
തനുമോൾക്ക് കൂട്ടുകാരെ പിരിഞ്ഞ വിഷമമാണെന്ന് മനസ്സിലായപ്പോൾ നിവാംശിയുടെ മുഖത്ത് വാത്സല്യം പടർന്നു..
” മോള് വാ” അവൾ കുട്ടിയെ പിടിച്ച് മടിയിലിരുത്തി, കുട്ടിയുടെ മുടിയിൽ തലോടി…
“തനു മോളെ ആന്റിയമ്മ ഇവിടുത്തെ സ്കൂളിൽ ചേർക്കാട്ടോ… ഇവിടെയും മോൾക്ക് ഒരുപാട് കൂട്ടുകാരെ കിട്ടും… ”
” ആണോ…. ”
” ആണെന്നേ.. ”
” പക്ഷേ…”
നിവാംശി അങ്ങനൊക്കെസമാധാനിപ്പിച്ചെങ്കിലും തനുമോളുടെ സംശയം മാറിയില്ല…
”പോകാം മാഡം “…
അപ്പോഴേക്കും പ്രകാശ് അങ്ങോട്ടെത്തി .
” ഒകെ.. കം മോളൂ”
അവൾ തനുവിനേയും കൂട്ടി പ്രകാശിന്റെ പിന്നാലെ നടന്നു.
*************************
കാക്കനാട് സിവിൽ സ്‌റ്റേഷനടുത്തായി പതിനഞ്ച് നിലയിൽ നിലകൊള്ളുന്ന ഒരു ആഡംബര ഫ്ലാറ്റ് ആണ് മലബാർ ഹെറിറ്റേജ്..
അവിടെ പത്താം നിലയിലുള്ള പത്ത് ഡി വാടകക്ക് കൊടുക്കുന്നുണ്ടെന്നറിഞ്ഞാണ് പ്രകാശ് നിവാംശിയെയും കൂട്ടി അവിടെത്തിയത്..
” ഫ്ലാറ്റ് ഉടമയുടെ മകൻ വരാമെന്ന് പറഞ്ഞിട്ടുണ്ട് മാഡം.. നമുക്കിവിടെ വെയ്റ്റ് ചെയ്യാം ”
മലബാർ ഹെറിറ്റേജിന്റെ വിസിറ്റേർസ് ലോഞ്ചിലേക്ക് പ്രകാശ് അവരെ ആനയിച്ചു..
നിവാംശി തനുമോളേയും കൊണ്ട് സോഫയിലേക്ക് ഇരുന്നു… സമയം പതിയെ പോയ്ക്കൊണ്ടിരുന്നു….
അവിടുണ്ടായിരുന്ന ഒരു മാസിക എടുത്ത് മറിച്ച് നോക്കി നിവാംശി സമയം കൊല്ലി.. മൊബൈലിൽ ഗെയിം ഉള്ളത് കൊണ്ട് തനുമോൾക്ക് ബോറടിയില്ല…
”ഒരുപാട് സമയമായോ വന്നിട്ട്…. ”
മാസികയിൽ നിന്നും തലയുയർത്തി നിവാംശി ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണ് പായിച്ചു..
ഒരു നിമിഷം രണ്ട് പേരുടേയും കണ്ണുകൾ തമ്മിലുടക്കി….. നിവാംശിയുടെ കണ്ണുകൾ ആശ്ചര്യത്തിൽ വിടർന്നു…
തുടരും