Thursday, December 26, 2024
Novel

നിനക്കായ്‌ : ഭാഗം 22- അവസാനിച്ചു

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” അജിത്തേട്ടാ….. ” രക്തം കുതിച്ചൊഴുകുന്ന അടിവയറിൽ അമർത്തിപ്പിടിച്ചുകൊണ്ട് ദയനീയമായി അഭിരാമി വിളിച്ചു. അവനെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അവന്റെ ശരീരത്തിലൂടെ ഊർന്ന് അവൾ താഴേക്ക് വീണു.

” അഭീ… ” തറയിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് അവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തുകൊണ്ട് അവൻ വിളിച്ചു.

പുറത്തേക്ക് ഉന്തിയ അവളുടെയാ ഉണ്ടക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവന്റെ നെഞ്ച് പൊട്ടുന്നത് പോലെ തോന്നി. എന്തുചെയ്യണമെന്നറിയാതെ അമ്പരന്ന് നിൽക്കുകയായിരുന്നു അപ്പോൾ ഗോകുലും.

” നോക്കി നിക്കാതെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകാം ” മനു പറഞ്ഞത് കേട്ട് അവളെ കോരിയെടുത്ത് കാറിലേക്ക് കയറുമ്പോൾ കണ്ണീരവന്റെ കാഴ്ചയെ മറച്ചിരുന്നു. പുറകെ പുറകെ മൂന്ന് കാറുകൾ ക്ഷേത്രമുറ്റത്ത്‌ നിന്നും പുറത്തേക്ക് പാഞ്ഞു.

” എന്നെ വെറുക്കല്ലേ അജിത്തേട്ടാ …. എനിക്കപ്പോ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അജിത്തേട്ടനെന്നെ ചതിച്ചുവെന്ന് തോന്നിയപ്പോൾ …… ഞാൻ മറ്റെല്ലാം മറന്നുപോയി. അത്രക്ക് ……. അത്രക്ക് ഇഷ്ടായിരുന്നു എനിക്ക് എന്റെയീ തെമ്മാടിയെ ”

അത് പറയുമ്പോൾ മനസ്സിന്റെയും ശരീരത്തിന്റെയും താങ്ങാനാവാത്ത വേദനയിൽ അവളുടെ വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞു പോയ്‌ക്കോണ്ടിരുന്നു. അജിത്തിന്റെ കണ്ണുകളും ഇടതടവില്ലാതെ നിറഞ്ഞൊഴുകികൊണ്ടിരുന്നു.

” ഞാൻ മരിച്ചാലും എന്നെ വെറുക്കല്ലേ അജിത്തേട്ടാ…. ”

ചോരയിൽ കുതിർന്ന കൈകളുയർത്തി അവന്റെ കവിളിൽ തലോടിക്കൊണ്ട് അഭിരാമി പറഞ്ഞു.

” ഇല്ലെടാ നിനക്കൊന്നും വരില്ല വരാൻ ഞാൻ സമ്മതിക്കില്ല ”

അവളെ ചേർത്ത് പിടിച്ച് മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി അവൻ പറഞ്ഞു.

” അജിത്തേട്ടനെന്നോട് വെറുപ്പില്ലല്ലോ അല്ലേ ? ”

അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ വീണ്ടും ചോദിച്ചു.

” നിന്നെ വെറുക്കാനോ നീയെന്റെ പ്രാണനല്ലേഡീ ”

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് അജിത്ത് പറഞ്ഞു. സഹിക്കാൻ കഴിയാത്ത വേദനയ്ക്കിടയിലും അവളുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.

കാർ ഹോസ്പിറ്റൽ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോഴേക്കും അഭിരാമിയുടെ ബോധം മറഞ്ഞിരുന്നു.

കാറിൽ നിന്നിറങ്ങി അവളുമായി അകത്തേക്ക് ഓടുകയായിരുന്നു അജിത്ത്. കാഷ്വാലിറ്റി ബെഡിൽ അവളെ കിടത്തി പുറത്തേക്കിറങ്ങുമ്പോൾ അവന്റെ ഷർട്ടിന്റെ മുൻഭാഗം മുഴുവൻ രക്തത്തിൽ കുതിർന്നിരുന്നു.

വിമലയുടെയും ഗീതയുടെയും തേങ്ങലുകൾക്കിടയിലും സ്ഥലകാല ബോധം പോലും മറന്ന് അവൻ കോറിഡോറിലെ കസേരയിൽ തളർന്നിരുന്നു.

” ഡോക്ടർ എന്റെ മോൾക്കിപ്പോ എങ്ങനുണ്ട് ? ”

ICU വിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡോക്ടറുടെ അരികിലേക്ക് ഓടി ചെന്നുകൊണ്ട് വെപ്രാളത്തിൽ വിശ്വനാഥൻ ചോദിച്ചു.

” ആ കുട്ടിയുടെ ശരീരത്തിൽ നിന്നും ഒരുപാട് രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല. ”

പറഞ്ഞിട്ട് അയാളുടെ തോളിൽ പതിയെ ഒന്ന് തട്ടിയിട്ട് ഡോക്ടർ മുന്നോട്ട് നടന്നു.

” എടോ എന്റെ കുഞ്ഞ്… ”

തളർച്ചയോടെ വിശ്വനാഥൻ അരികിൽ നിന്ന അരവിന്ദനെ നോക്കി ദയനീയമായി പറഞ്ഞു.

” ഒന്നുമില്ലെഡോ നമ്മുടെ മോൾക്ക് ഒന്നും സംഭവിക്കില്ല താൻ സമാധാനപ്പെട് ”

അയാളുടെ കയ്യിൽ പിടിച്ചാശ്വസിപ്പിച്ചുകൊണ്ട് അരവിന്ദൻ പറഞ്ഞു.

എല്ലാത്തിനും ഓടി നടക്കുന്നുണ്ടായിരുന്നെങ്കിലും അജിത്തിന്റെ ഉള്ളിലൊരു കടലിളകി മറിയുന്നുണ്ടായിരുന്നു.

ഒറ്റ ദിവസം കൊണ്ട് തന്നെ അവനൊരു പ്രാകൃത കോലമായിരുന്നു.
നീണ്ട രണ്ട് പകലുകൾക്കും രാത്രികൾക്കും ശേഷം അഭിരാമിക്ക് ബോധം വന്നു.

മരുന്നുകളുടെ മയക്കം മാറാത്ത കണ്ണുകൾ ആയാസപ്പെട്ട് വലിച്ചുതുറന്ന് അവൾ ചുറ്റും നിന്നവരെ നോക്കി.

അവളുടെ അധരങ്ങളിൽ ഒരു വാടിയ പുഞ്ചിരി വിരിഞ്ഞു. പെട്ടന്ന് തന്നെ വീണ്ടും ആ മിഴികളടഞ്ഞു.

” ഡോക്ടർ അഭിക്കിപ്പോ എങ്ങനുണ്ട് ? ”

ഡോക്ടർ പ്രഭാകറിനഭിമുഖമായി കസേരയിലിരുന്നുകൊണ്ട് അജിത്ത് ചോദിച്ചു.

” താൻ പേടിക്കണ്ടഡോ ഇപ്പൊ തന്റഭിരാമിക്ക് ഒരു കുഴപ്പവുമില്ല. അവൾ അപകടനില തരണം ചെയ്ത് കഴിഞ്ഞു. ”

അവന്റെ മുഖത്തെ ടെൻഷൻ മനസ്സിലാക്കി ചിരിയോടെ ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ വാക്കുകൾ അജിത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പ്രകാശം പരത്തി.

“‘താങ്ക്യൂ ഡോക്ടർ എനിക്കവളെ തിരിച്ചുതന്നതിന് ”

നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ പതിയെ എണീറ്റു. പ്രഭാകറും മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.

അഭിരാമിക്ക് ബോധം വന്നതിന് ശേഷം ഗീതയും വിമലയുമൊഴിച്ച് ബാക്കിയെല്ലാവരും വീട്ടിലേക്ക് തിരിച്ചുപോയിരുന്നു.

ഗീതയും വിമലയും എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയ സമയത്തായിരുന്നു അജിത്ത് ഹോസ്പിറ്റലിലേക്ക് വന്നത്.

അവൻ റൂമിലേക്ക് വരുമ്പോൾ ബെഡിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്നു അഭിരാമി. വാതിൽക്കൽ തന്നെ നിന്ന് അവളുടെ മുഖത്തേക്ക് നോക്കി അവൻ അൽപ്പനേരം നിന്നു.

പെട്ടന്ന് ഏതോ ഒരുൾപ്രേരണയിൽ അവൻ അവളുടെ അടുത്തേക്ക് ചെന്ന് ചെറുമുടികൾ വീണുകിടന്ന അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

നെറ്റിയിൽ ഒരു തണുപ്പനുഭവപ്പെട്ടപ്പോൾ പെട്ടന്ന് അഭിരാമി ഞെട്ടിയുണർന്നു.

” ഹോ അജിത്തേട്ടനാരുന്നോ ? ”

അവനെ കണ്ടതും ആശ്വാസത്തോടെ അവൾ ചോദിച്ചു.

” പിന്നല്ലാതെ ഇവിടെക്കേറി ഇത്ര ധൈര്യമായിട്ട് നിന്നെ ഉമ്മ വെക്കാൻ വേറാരെഡീ ? ”

അവളെ നോക്കി പുഞ്ചിരിയോടെ അവൻ ചോദിച്ചു.

” ഇപ്പൊ വേദന എങ്ങനുണ്ട് ? ”

അവളുടെയരികിലായി ബെഡിലേക്കിരുന്നുകൊണ്ട് അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് സ്റ്റിച്ചിട്ട മുറിവിന് മുകളിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു.

മറുപടിയായി കുഴപ്പമില്ല എന്ന അർഥത്തിൽ അവളൊന്ന് തലയനക്കുക മാത്രം ചെയ്തു.

” അന്നങ്ങനെയൊക്കെ പറഞ്ഞതിൽ അജിത്തേട്ടനെന്നോട് ദേഷ്യമുണ്ടോ ? ”
അവന്റെ മാറിലേക്ക് തല ചായ്ച്ചിരുന്നുകൊണ്ട് അഭിരാമി ചോദിച്ചു.

” ആരേലും എന്തേലും പറഞ്ഞാലുടൻ നിലവിളിച്ച് ബോധം കെട്ട് വീണ് പനി പിടിക്കുന്ന നിന്നെപ്പോലൊരു മണ്ടൂസിനോട്‌ എനിക്കെന്തിനാ ദേഷ്യം ? ”

പൊട്ടിച്ചിരിച്ചുകൊണ്ട് അവൻ ചോദിച്ചത് കേട്ട് അഭിരാമിയുടെ മുഖം മങ്ങി.

” ഓഹ് ഞാൻ മണ്ടൂസ് തന്നെ ബുദ്ധി കൂടിപ്പോയ ഒരുത്തി ഉണ്ടല്ലോ അങ്ങോട്ട് ചെല്ല് എന്നെ വിട് ”

മുഖം വീർപ്പിച്ചുകൊണ്ട് അവന്റെ കയ്യെടുത്ത് മാറ്റാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു.

” അടങ്ങിയിരിക്ക് പെണ്ണേ ”

അവളെ ഒന്നുടെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

” ഞങ്ങൾക്ക് അകത്തോട്ട് വരാമോ ആവോ ? ”

വാതിൽ പാതി തുറന്ന് അകത്തേക്ക് നോക്കിയുള്ള മനുവിന്റെ ചോദ്യം കേട്ട് അജിത്തവളിൽ നിന്നും അകന്ന് മാറി.

പുഞ്ചിരിയോടെ അകത്തേക്ക് വന്ന മനുവിനെയും അനുവിനെയും നോക്കി അഭിരാമിയും പുഞ്ചിരിച്ചു.

” അല്ല അപ്പോ രണ്ടാളും തീരുമാനമൊക്കെ മാറ്റിയോ ? ഒരാൾ വേറെ കല്യാണം കഴിക്കാൻ പോണു മറ്റെയാൾ എല്ലാം മറന്ന് ത്യാഗം ചെയ്യാൻ പോണു എന്തൊക്കെയായിയിരുന്നു ബഹളം ”

അവരെ രണ്ടാളെയും നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അനു ചോദിച്ചു. അതുകേട്ട് ഒരു ചമ്മിയ ചിരിയോടെ അജിത്തും അഭിരാമിയും പരസ്പരം നോക്കി.

” ആഹ് അഭിചേച്ചിയറിഞ്ഞോ ആ ഗോകുലിന് തലക്ക് സുഖമില്ലെന്ന് ”

” അനൂ… സുഖമില്ലാത്ത ഒരാളെപ്പറ്റി ഇങ്ങനെയാണോ പറയുന്നത് ? ”

അവൾ പറഞ്ഞത് കേട്ട് ശാസനയോടെ മനു ചോദിച്ചു.

” അതിന് മനുവേട്ടൻ എന്നോട് ദേഷ്യപ്പെടണതെന്തിനാ മെന്റൽ ഹോസ്പിറ്റലിൽ കിടക്കുന്ന ആളിനെപ്പറ്റി ഞാൻ വേറെന്ത് പറയണം ? ”

” മെന്റൽ ഹോസ്പിറ്റലിലോ ? ”

അവരുടെ സംസാരം കേട്ട് അവിശ്വനീയതയോടെ അഭിരാമി ചോദിച്ചു.

” അതേ അഭീ ചെറുപ്പം മുതൽ ആഗ്രഹിച്ചതെല്ലാം കിട്ടിയും കിട്ടാത്തത് തട്ടിപ്പറിച്ചുമായിരുന്നു അവന്റെ ജീവിതം.

പിന്നെപ്പിന്നെ അവന്റെയാ ദുർവാശി അവന്റെ മനസിന്റെ താളം തന്നെ തെറ്റിച്ചു. അവനാഗ്രഹിച്ചത് കിട്ടാൻ വേണ്ടി എന്ത് ചെയ്യാനും മടിക്കാത്ത ഒരു മാനസിക അവസ്ഥയിലേക്ക് അവനെത്തി.

ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. അഭിരാമിയോടുള്ള ഭ്രാന്തമായ ഇഷ്ടം വീണ്ടും അവനിലെ രോഗം തല പൊക്കാൻ കാരണമായി.

അതിന് തടസ്സം ഇവനാണെന്ന് മനസിലായപ്പോൾ ഇവനെ കൊന്നിട്ടായാലും നിന്നെ നേടുക എന്ന ചിന്തയിലേക്ക് അവനെത്തി ”

മനു പറഞ്ഞ് നിർത്തുമ്പോൾ അഭിരാമിയിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് പൂർണമായി സുഖമായ അഭിരാമിയെ ഡിസ്ചാർജ് ചെയ്ത് ശ്രീശൈലത്തിലേക്ക് കൊണ്ടുവന്നു.

അഭിരാമിയിൽ പഴയ സന്തോഷവും ഉത്സാഹവുമെല്ലാം തിരികെ വന്നു. വീണ്ടും രണ്ട് കുടുംബങ്ങളിലും സന്തോഷം നിറഞ്ഞാടി.

” എടോ പിള്ളേരെ ഇങ്ങനെ നിർത്തിയാൽ മതിയോ അവരുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണ്ടേ ? ”

ശ്രീശൈലത്തിന്റെ പൂമുഖത്തിരുന്ന് എല്ലാവരും കൂടി സംസാരിക്കുന്നതിനിടയിൽ വിശ്വനാഥനോടായി അരവിന്ദൻ ചോദിച്ചു.

” അവരുടെ കാര്യത്തിൽ ഇനിയെന്ത് തീരുമാനമെടുക്കാനാ നല്ലൊരു മുഹൂർത്തം നോക്കി രണ്ടിനെയും പിടിച്ചങ്ങ് കെട്ടിക്കണം. ”

ചിരിയോടെയുള്ള വിശ്വന്റെ വാക്കുകൾ എല്ലാവരിലും സന്തോഷത്തിന്റെ പുഞ്ചിരി വിടർത്തി. അങ്ങനെ വളരെ പെട്ടന്ന് തന്നെ അജിത്തിന്റെയും അഭിരാമിയുടെയും നിശ്ചയവും വിവാഹവും തീരുമാനിക്കപ്പെട്ടു. കാത്തിരുപ്പുകൾക്കൊടുവിൽ വിവാഹദിവസം വന്നെത്തി.

ഇലഞ്ഞിക്കൽ ശ്രീ മഹാദേവരുടെ തിരുനടയിൽ വച്ച് അജിത്ത് അഭിരാമിയുടെ കഴുത്തിൽ താലി ചാർത്തി. ശ്രീകോവിലിന് മുന്നിൽ കൈകൾ കൂപ്പി നിറകണ്ണുകളോടെ നിന്നിരുന്ന അവളുടെ സീമന്തരേഖയിൽ സിന്ദൂരചുവപ്പ് പടർന്നു.

അങ്ങനെ എല്ലാ തടസങ്ങളും തരണം ചെയ്ത് അഭിരാമി അജിത്തിന് മാത്രം സ്വന്തമായി.

വിവാഹശേഷം പാലക്കലേക്ക് പോകാൻ വേണ്ടി കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ എന്തുകൊണ്ടോ അഭിരാമിയുടെ മിഴികൾ നിറഞ്ഞു. ഗീതയേയും വിശ്വനാഥനെയും കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു. ആ രംഗം കണ്ടുനിന്നവരുടെ മിഴികളും ഈറനണിഞ്ഞു.

“എന്താ മോളേ ഇത്? കരഞ്ഞ് നേരം വൈകാതെ മോള് ചെല്ല് ”

കണ്ണീരടക്കി അവളുടെ മുടിയിൽ തലോടിക്കൊണ്ട് വിശ്വനാഥൻ പറഞ്ഞു. ക്ഷേത്രമുറ്റത്ത്‌ നിന്നും കാർ പുറത്തേക്ക് കടന്നതും അഭിരാമി അജിത്തിന്റെ നെഞ്ചിലേക്ക് ചേർന്ന് പൊട്ടിക്കരഞ്ഞു.

പാലക്കൽ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കടക്കുമ്പോഴേ കണ്ടു പൂമുഖത്ത് ആരതിയും നിലവിളക്കുമായി നിൽക്കുന്ന ഗീതയേയും അനുവിനെയും.

കാറിൽ നിന്നിറങ്ങിയ അവരെ ചേർത്ത് നിർത്തി ഗീത ആരതിയുഴിഞ്ഞു.

” സന്തോഷായിട്ട് വലത് കാല് വച്ച് കേറിവാ മോളേ ”

അനുവിന്റെ കയ്യിൽ നിന്നും അഞ്ചുതിരിയിട്ട നിലവിളക്ക് വാങ്ങി അഭിരാമിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് നിറപുഞ്ചിരിയോടെ ഗീത പറഞ്ഞു.

വൈകുന്നേരം റിസപ്ഷനുമൊക്കെ കഴിഞ്ഞ് ഏറെ വൈകിയായിരുന്നു അജിത്ത് റൂമിലെത്തിയത്. അവൻ അകത്തേക്ക് വരുമ്പോൾ കട്ടിലിൽ ചാരിയിരുന്ന് ഉറങ്ങിപ്പോയിരുന്നു അഭിരാമി.

സെറ്റ് സാരിയും മുല്ലപ്പൂവവും നെറുകയിലെ ചുവപ്പ് രാശിയുമെല്ലാം കൂടി അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

അവളെയൊന്ന് നോക്കി പുഞ്ചിരിയോടെ അവൻ തിരിഞ്ഞ് വാതിലടച്ച് ബോൾട്ടിട്ടു. വാതിലിന്റെ ശബ്ദം കേട്ട് പെട്ടന്ന് അഭിരാമി ഞെട്ടിയുണർന്നു. പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു.

” അല്ല നീയെങ്ങോട്ടാ ഈ രാത്രിയിൽ ? ”

അവളെയൊന്നടിമുടി ഉഴിഞ്ഞുനോക്കി ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു.

” ഇതൊക്കെ ഈ ആദ്യരാത്രിടെ ഒരു ചടങ്ങല്ലേ ഇനി ഞാനായിട്ട് അതൊന്നും തെറ്റിക്കേണ്ടെന്ന് കരുതി ”
അവനെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു.

” ആദ്യരാത്രിക്ക് വേറെയും കുറേ ചടങ്ങുകളുണ്ട് അപ്പോ പിന്നെ അതും തെറ്റിക്കാൻ പാടില്ലല്ലോ ”

അവളുടെ അരികിലേക്ക് നീങ്ങി അവളുടെ ഇടുപ്പിൽ കൈ ചേർത്ത് അവളെ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു. ആ നോട്ടത്തേ നേരിടാൻ കഴിയാതെ അവൾ പെട്ടന്ന് മിഴികൾ താഴ്ത്തി.

” അയ്യടാ അങ്ങനിപ്പോ പൊന്നുമോൻ ചടങ്ങിനെപ്പറ്റിയോർത്ത് തല പുകയ്ക്കണ്ട കിടന്നുറങ്ങാൻ നോക്ക് ”
അവളുടെ അധരങ്ങളിലേക്കടുത്ത അവനെ തള്ളി മാറ്റി ഒരു കുസൃതി ചിരിയോടെ അഭിരാമി പറഞ്ഞു.

” നിന്നെ ഞാനെടുത്തോളാമെടി ഈർക്കിലിക്കൊള്ളീ ഇപ്പോ തല്ക്കാലം പൊന്നുമോളു പോയി ഈ വച്ചുകെട്ടൊക്കെ അഴിച്ചുവച്ച് ശ്വാസം വിടാൻ കഴിയുന്ന വല്ലതും എടുത്തിട്ടോണ്ട് വന്ന് കിടക്കാൻ നോക്ക് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ”

പറഞ്ഞിട്ട് അജിത്ത് പതിയെ ബെഡിലേക്ക് വീണു. അഭിരാമി മാറാനുള്ള ഡ്രെസ്സുമായി ബാത്‌റൂമിലേക്കും നടന്നു.

അവൾ വേഷം മാറ്റി പുറത്തേക്ക് വരുമ്പോൾ അജിത്ത് അങ്ങോട്ട് തന്നെ നോക്കി കിടക്കുകയായിരുന്നു.

ഒരു പുഞ്ചിരിയോടെ അവൾ വന്ന് അവന്റെയരികിലായി കിടന്നു. പതിയെ അവൾ അവനോട് ചേർന്ന് ആ നെഞ്ചിൽ തല വച്ച് കിടന്നു.

അജിത്തിന്റെ കൈകൾ പതിയെ അവളെ ചുറ്റിവരിഞ്ഞു. പകലത്തെ ക്ഷീണം കൊണ്ട് രണ്ടാളും വേഗം തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.

കാലത്ത് അഭിരാമി ഉണരുമ്പോൾ അജിത്തിന്റെ കൈകൾ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരുന്നു.

നിഷ്കളങ്കമായി ഉറങ്ങിക്കിടക്കുന്ന അവന്റെ മുടിയിൽ ഒന്ന് തലോടി അവനെ ഉണർത്താതെ ആ കയ്യെടുത്ത് മാറ്റി അവൾ പതിയെ എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു.

കുളി കഴിഞ്ഞ് വരുമ്പോഴും അവൻ ഉറക്കത്തിൽ തന്നെയായിരുന്നു. അവൾ പതിയെ അവനരികിലേക്ക് വന്ന് കുനിഞ്ഞ് ആ നെറ്റിയിൽ ചുണ്ടമർത്തി.

പെട്ടന്ന് കണ്ണുകൾ തുറന്ന അജിത്ത് അവളെ ചുറ്റിപ്പിടിച്ച് കിടക്കയിലേക്കിട്ടു.

” അജിത്തേട്ടാ വിട് ”

അവന്റെ കയ്യിൽ കിടന്ന് കുതറിക്കൊണ്ട് അഭിരാമി പറഞ്ഞു.

” അടങ്ങിക്കിടക്ക് പെണ്ണേയവിടെ ”

അവളിലേക്ക് ഒന്നുകൂടി ചേർന്നുകൊണ്ട് അവൻ പറഞ്ഞു.

അവളുടെ ഈറൻ മുടിയിലും നെറ്റിയിലും ഇരുമിഴികളിലും മൂക്കിലേ കുഞ്ഞ് മറുകിലുമൊക്കെയായി അവന്റെ ചുണ്ടുകൾ ഒഴുകിനടന്നു.

അവസാനം ആർത്തലച്ച് പെയ്യുന്ന തുലാ മഴ പോലെ അവരുടെ പ്രണയം പെയ്തിറങ്ങി.

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുകൊണ്ടിരുന്നു. കൊച്ചുകൊച്ച് പിണക്കങ്ങളും ഒരുപാട് പ്രണയവുമായി അവരുടെ ജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു.

മഞ്ഞും മഴയും വേനൽ ചൂടുമെല്ലാം അവരുടെ പ്രണയത്തിന് സാക്ഷിയായി. അതിനിടയിൽ അനു ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

എല്ലാവരിലും സന്തോഷം നിറഞ്ഞ് നിന്നു. ഒരു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അജിത്തിന്റെയും അഭിരാമിയുടെയും ജീവിതത്തിലെ പുതു പ്രതീക്ഷയുമായി അഭിരാമിയുടെ ഉദരത്തിലും ഒരു കുരുന്ന് ജീവൻ മൊട്ടിട്ടു.

അങ്ങനെയിരിക്കേ ഒരുദിവസം അഭിരാമി അടുക്കളയിൽ നിന്ന് എന്തോ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. അവൾ വേഗം ഫോൺ എടുത്ത് കാതിൽ വച്ചു.

” ഹലോ ആരാ ? ”

” എന്നെ മറന്നോഡീ നീ ”

അവളുടെ ചോദ്യത്തിന് മറുവശത്ത് നിന്നും വന്ന ശബ്ദം കേട്ട് സന്തോഷം കൊണ്ട് അഭിരാമിയുടെ മിഴികൾ നിറഞ്ഞു.

” വീണ ”

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.

” സുഖാണോഡീ ”

അവളുടെ ചോദ്യത്തിന് അഭിരാമിക്കൊന്ന് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു. പഴയ കാര്യങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് അവളുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു.

” നീയൊരു ദിവസം അജിത്തേട്ടനെയും കൂട്ടി ഇങ്ങോട്ട് വാ. നിന്നെ അങ്ങോട്ട് വന്ന് കാണാൻ കഴിയുന്ന അവസ്ഥയല്ല എനിക്കിപ്പോ ”

” അതെന്താ നീയങ്ങനെ പറഞ്ഞത് നിനക്കെന്ത് പറ്റി ? ”

അവളുടെ വാക്കുകൾ കേട്ട് അമ്പരപ്പോടെ അഭിരാമി ചോദിച്ചു.

” അത് സസ്പെൻസ് നീ വാ കഴിയുമെങ്കിൽ നാളെത്തന്നെ ”

അവൾ ഫോൺ വച്ചിട്ടും അഭിരാമിയുടെ ഉള്ളിലൂടെ ഒരായിരം ചോദ്യങ്ങൾ കടന്നുപോയ്‌ക്കൊണ്ടിരുന്നു. രാത്രി അജിത്ത് വരുമ്പോഴും അഭിരാമി ആലോചനയിൽ മുഴുകിയിരിക്കുകയായിരുന്നു.

” എന്താടോ പൊണ്ടാട്ടി ഒരാലോചന ? ”
അവളെ തട്ടി വിളിച്ചുകൊണ്ട് അജിത്ത് ചോദിച്ചു. നടന്നകാര്യങ്ങളൊക്കെ അവനോട് പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരുന്നു.

“എന്താ അഭീ ഇത് ഈ സമയത്ത് ഇങ്ങനെ ടെൻഷനടിക്കാൻ പാടില്ലെന്നറിയില്ലേ ? നമുക്ക് നാളെത്തന്നെ അവളെക്കാണാൻ പോകാം പോരേ ? ”

അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു. പിറ്റേദിവസം അജിത്തിന്റെയും അഭിരാമിയുടെയും കാർ വീണ പറഞ്ഞ വീടിന്റെ മുന്നിൽ എത്തി.

കാർ ഗേറ്റ് കടന്ന് നിറയെ പൂത്തുനിൽക്കുന്ന ചെടികൾ നിറഞ്ഞ വീടിന്റെ പോർച്ചിൽ നിന്നു. കാളിങ് ബെല്ലടിച്ച് കാത്തുനിൽക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാതിൽ തുറക്കപ്പെട്ടു.

പുഞ്ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന വീണയുടെ കഴുത്തിലെ താലി മാലയും അവളുടെ വീർത്തുന്തിയ വയറും കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു അപ്പോൾ അഭിരാമി.

” ഇങ്ങനെ മിഴിച്ച് നിക്കാതെ കേറി വാ രണ്ടാളും ”

പുഞ്ചിരിയോടെ അവർ രണ്ടാളും അകത്തേക്ക് കയറി.

” എന്റെ ഹസ്ബൻഡിനെ പരിചയപ്പെട്ടിട്ടില്ലല്ലോ ദാ ഇതാണ് ആള് ”

പുഞ്ചിരിയോടെ സ്റ്റെയർകേസിന് നേരെ ചൂണ്ടി വീണ പറഞ്ഞു. അങ്ങോട്ട്‌ നോക്കുമ്പോൾ സ്റ്റെയർകേസിറങ്ങി വരുന്ന ആളെകണ്ട് അജിത്തും അഭിരാമിയും ഒരുപോലെ ഞെട്ടി.

” പേടിക്കണ്ട ഞാനിപ്പോ പഴയ ഗോകുൽ മേനോനല്ല. ഇപ്പൊ എന്റെ ലോകം എന്റെയീപാവം പെണ്ണും ജനിക്കാൻ പോകുന്ന എന്റെ കുഞ്ഞും മാത്രമാണ്.

ഭ്രാന്ത് പിടിച്ചത് പോലെ മറ്റുപലതിനും പിന്നാലെയുള്ള ഓട്ടത്തിനിടയിൽ എന്നെ മാത്രം സ്നേഹിച്ച ഇവളുടെ സ്നേഹം തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല.

അത് തിരിച്ചറിയാൻ മുഴുഭ്രാന്താവേണ്ടി വന്നു എനിക്ക്. ആ അവസ്ഥയിലും ഞാൻ ചെയ്തതൊക്കെ മറന്ന് ഇവളെന്റെ കൂടെ നിന്നപ്പോളാണ് നമ്മൾ സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മൾ സ്നേഹിക്കേണ്ടതെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.”

വീണയെ ചേർത്തുപിടിച്ച് ഗോകുൽ പറഞ്ഞ് നിർത്തുമ്പോൾ അവളുടെ മിഴികളും ഈറനണിഞ്ഞിരുന്നു.

” അജിത്ത് എനിക്കിനി ഒന്നെ പറയാനുള്ളു ചെയ്തുപോയതിനെല്ലാം മാപ്പ് ”

അജിത്തിന്റെ ഇരുകൈകളും ചേർത്ത് പിടിച്ച് ഗോകുൽ പറഞ്ഞത് കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ അജിത്തവനെ കെട്ടിപിടിച്ചു.

എല്ലാവരും ഒരുമിച്ച് ആഹാരവും കഴിച്ച് പിരിയുമ്പോൾ കളങ്കമില്ലാത്ത ഒരു സൗഹൃദത്തിന് തുടക്കം കുറിക്കുകയായിരുന്നു അവിടെ.

വരാനുള്ള വസന്തത്തെ വരവേൽക്കാനുള്ള പ്രതീക്ഷയിൽ അജിത്തും അഭിരാമിയും കയറിയ കാർ മുന്നോട്ട് നീങ്ങുമ്പോൾ തങ്ങളുടേതായ ജീവിതത്തിലേക്ക് ഊളിയിടുകയായിരുന്നു ഗോകുലും വീണയും.

അവസാനിച്ചു.

( Nb: അജിത്തിനെയും അഭിരാമിയേയും അനുവിനെയും മനുവിനെയും അവരുടെ സ്നേഹം നിറഞ്ഞ കുടുംബങ്ങളെയും ഹൃദയത്തിൽ സ്വീകരിച്ച എല്ലാ പ്രീയപ്പെട്ടവർക്കും നന്ദി. സ്നേഹപൂർവ്വം ❤️❤️❤️ നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹)

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 15

നിനക്കായ്‌ : ഭാഗം 16

നിനക്കായ്‌ : ഭാഗം 17

നിനക്കായ്‌ : ഭാഗം 18

നിനക്കായ്‌ : ഭാഗം 19

നിനക്കായ്‌ : ഭാഗം 20

നിനക്കായ്‌ : ഭാഗം 21