Sunday, January 5, 2025
Novel

നിലാവിനായ് : ഭാഗം 20

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“പുതിയൊരു ജീവിതത്തെ കുറിച്ചു ദേവ്നി ആലോചിക്കാൻ തുടങ്ങണം. ആ ജീവിതവുമായി മനസു കൊണ്ടു പൊരുത്തപെടണം… നിന്റെ മനസു വേദനിപ്പിക്കാതെ ജീവൻ കൂടെയുണ്ടാകും എനിക്ക് ഉറപ്പാണ്…”

“ഗൗതം… ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാ… അതിനെ കുറിച്ചൊക്കെ പിന്നീട് തീരുമാനിക്കാം… ട്രീട്മെന്റ് ആദ്യം നോക്കാം…

പിന്നീടുള്ള കാര്യങ്ങളൊക്കെ നമുക്ക് ആലോചിച്ചു തീരുമാനിക്കാം… ദേവ്നിയുടെ പുതിയ ജീവിതം ആയാലും… ” ജീവൻ പകുതിയിൽ നിർത്തി ഗൗതമിനെ ഒന്നു നോക്കി.

ഗൗതം വളരെ ഗൗരവത്തിൽ കണ്ണുകൾ കൂർപ്പിച്ചു ജീവനെ നോക്കി കിടക്കുന്നത് കണ്ടു ജീവൻ ആകാംക്ഷയോടെ ഗൗതമിനെ നോക്കി.

“മിസ്റ്റർ ജീവൻ… പറഞ്ഞു പറഞ്ഞു എവിടേക്കാണ് പോകുന്നത്….

പുതിയ ജീവിതം എന്നു ഞാൻ പറഞ്ഞതു….”

ഗൗതം പറയുന്നത് ഒന്നു നിർത്തി അരികിൽ ഇരുന്നിരുന്ന ദേവ്നിയുടെ കൈകൾ പൊതിഞ്ഞു തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…

“എന്റെ ഈ പുതിയ ജീവിതവുമായി ദേവ്നിയോട് പൊരുത്തപെടണം എന്നാണ്.

എന്നെ താങ്ങാൻ ഇവളുടെ ഈ കൈകൾക്ക് ശക്തി വേണം. അതിനു ആദ്യം ഇവളുടെ മനസിന്‌ കരുത്തു കൊടുക്കണം. അതു തന്നെ കൊണ്ടേ സാധിക്കൂ ജീവൻ.

അതു വിട്ടിട്ട് ഇപ്പോഴേ പെങ്ങൾക്ക് വേറെ കല്യാണം ആലോചിക്കാനാണ് പരിപാടിയെങ്കി ഇവിടന്നു നിരങ്ങി വന്നിട്ടാണെങ്കിലും തന്നെയാദ്യം കൊല്ലും… പിന്നെ ”

കുസൃതിയോടെ ദേവ്നിയുടെ മുഖത്തേക്ക് നോക്കി… അവളുടെ കണ്ണുകളിൽ നാണം മിന്നി മാറി… അതവൻ മനസ്സിലാക്കിയപ്പോൾ തന്റെ നഖങ്ങൾ അവന്റെ കൈകളിൽ ആഴത്തിൽ ഇറക്കി…

അവന്റെ ഹൃദയത്തിൽ ആഴ്ന്നുകൊണ്ടുള്ള അവളുടെ നോട്ടത്തിൽ വല്ലാത്ത ഒരു നോവുള്ള ഭാരം ഗൗതമിന്റെ നെഞ്ചിൽ അനുഭവപ്പെട്ടു.

“നീ കൂടെയുണ്ടെങ്കിൽ ഈ കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ ഒന്നോ രണ്ടോ വർഷങ്ങൾ സമയമെടുക്കുമെന്നു ഡോക്ടർ പറഞ്ഞതു ചിലപ്പോ മാസങ്ങളോ ദിവസങ്ങളോ കൊണ്ടോ മതിയാകും.

എന്റെ കൂടെ ഉണ്ടാകില്ലേ ദേവു. എന്നെ വിട്ടിട്ട് പോകല്ലേ മോളെ” ഗൗതമിന്റെ കണ്ണു നിറഞ്ഞതിനൊപ്പം ദേവ്നിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു. പക്ഷെ ആ കണ്ണുകളിൽ പുഞ്ചിരിയുടെ തിളക്കം മാത്രമായിരുന്നു.

അവളുടെ സമ്മതം എന്നോണം അവന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചിരുന്നു.

ജീവൻ ഒരു കുസൃതിയോടെ വന്നു ഗൗതമിന്റെ തോളിൽ തട്ടി പുറത്തേക്ക് ഇറങ്ങി. യുവ ചലച്ചിത്ര നടന്റെ അപകട വാർത്ത മീഡിയ നന്നായി ആഘോഷമാക്കിയിരുന്നു.

കുറച്ചു ദിവസങ്ങൾ വാർത്തയിൽ ഗൗതം മാത്രം നിറഞ്ഞു നിന്നിരുന്നു. ഗൗതമിന്റെ വിഷ്വൽസ് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുമ്പോൾ അതിൽ ദേവ്നിയുടെ മുഖവും പേരും വരാതിരിക്കാൻ ജീവൻ ശ്രമിച്ചു.

കുറെയധികം ആരാധകരുടെ കണ്ണുനീരും ആശംസകളും വിഷമങ്ങളും ഒക്കെ കൊണ്ടു രണ്ടുമൂന്നു ദിവസം നല്ല തിരക്കിലായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് ഗൗതമിനു മനസു ശാന്തമാക്കി ഇരിക്കാൻ കഴിഞ്ഞത്.

ഹോസ്പിറ്റലിൽ സുഭദ്രയുടെ കൂടെ തന്നെ ദേവ്നിയും ഉണ്ടായിരുന്നു. ദേവ്നിയെ വിടാൻ ഗൗതം സമ്മതിച്ചിരുന്നില്ല എന്നതാണ് കാര്യം.

സുഭദ്രയും ഗായത്രിയും ഇപ്പോഴും ദേവ്നിയെ കാണുമ്പോൾ ചെകുത്താൻ കുരിശു കാണുന്ന പോലെയായിരുന്നു.

ദേവ്നിയോട് ഒന്നും സംസാരിക്കാൻ പോലും അവർ ഇരുവരും തയ്യാറായിരുന്നില്ല.

സുഭദ്രയുടെ ധാർഷ്ട്യം അത്രത്തോളം ഉണ്ടായിരുന്നു. ദേവ്നിയെ എന്തുകൊണ്ടോ അവർക്ക് ഇഷ്ടമായില്ല.

പ്രകാശ് ഇടക്കിടെ ഗൗതമിനെ കാണാൻ വരുമായിരുന്നു. ഗൗതമിനോടും ദേവ്നിയോടും സ്വന്തം മക്കളെ പോലെ കണ്ടു സംസാരിക്കും.

അവരെ തൊട്ടു തലോടുന്ന കൈകളിലും കണ്ണുകളിലുമെല്ലാം ഒരു അച്ഛന്റെ വാത്സല്യവും സ്നേഹവും നിറഞ്ഞു നിന്നിരുന്നു.

പ്രകാശിന്റെ സാമിപ്യം ദേവ്നിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മരിച്ചുപോയ സ്വന്തം അച്ഛനെ അയാളിൽ അവൾ കണ്ടിരുന്നു. മാധവൻ അവളെ സ്നേഹിച്ചിരുന്നോ എന്നു സംശയമാണ്.

അയാളുടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു കുറ്റബോധമാണ് അവളെ സംരക്ഷിക്കാൻ തയ്യാറായത്.

അതിനും അപ്പുറം ഒരു വാത്സല്യമോ സ്നേഹമോ ഒന്നും അവളോട്‌ പ്രകടിപ്പിച്ചിരുന്നില്ല.

അയാളുടെ ഉള്ളിൽ അങ്ങനെയൊരു സ്നേഹം ഇല്ലായിരുന്നു എന്നത് തന്നെയാണ് അതിനു കാരണവും.

കൃഷ്ണനും കുടുംബവും ഇത്രയും വലിയ അപകടം നടന്നിട്ടും ഗൗതമിനെ കാണാൻ വന്നിരുന്നില്ല.

അയാൾ വന്നില്ല എന്നുള്ളത് മറ്റുള്ളവർ അത്ര കാര്യമായി എടുത്തില്ല.

പ്രണയമാണ് ജീവിതമാണ് എന്നൊക്കെ വിളിച്ചു കൂവി നടന്നിരുന്ന ശീതൾ പോലും ഗൗതമിനെ കുറിച്ചു അന്വേഷിച്ചു വന്നിരുന്നില്ല. പ്രകാശ് വരുമ്പോളെല്ലാം സുഭദ്രയെ ഒന്നു നോക്കുക കൂടിയുണ്ടായിരുന്നില്ല. പാടെ അവഗണിക്കുമായിരുന്നു.

സുഭദ്രക്കും വല്ലാത്ത ഒരു ശ്വാസം മുട്ടൽ ആയിരുന്നു പ്രകാശിനെ കാണുമ്പോൾ.

ജീവനോട് സംസാരിക്കാനായി സുഭദ്ര അടുത്തേക്ക് ചെല്ലാൻ ആയുമ്പോഴെല്ലാം ജീവൻ പാടെ അവഗണിച്ചു കൊണ്ടിരുന്നു.

ഗൗതമിനെ ഡിസ്ചാർജ് ചെയ്യാറായിരുന്നു. അവനു ആക്‌സിഡന്റ് പറ്റിയതിനു ശേഷം മാധവനോ ദേവ്നിയോ ഓഫീസിൽ പോയിരുന്നില്ല.

അതുവരെയുള്ള കാര്യങ്ങൾ എല്ലാം തന്നെ ജീവൻ നോക്കിയിരുന്നു.

മാധവന്റെ സമാധാനവും ആശ്വാസവും അതുതന്നെയായിരുന്നു. എല്ലാം ഇട്ടേറിഞ്ഞു മകന്റെ കൂടെ ആശുപത്രിയിൽ നിന്നത് ജീവൻ എന്ന വ്യക്തിയിൽ മേലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഡിസ്ചാർജ് ആകുന്നതിനും തലേ ദിവസം പ്രകാശും ഗൗതമിനെ കാണാൻ എത്തിയിരുന്നു.

“ഹലോ യങ് മാൻ… എങ്ങനെയുണ്ട് ഇപ്പൊ”

“ഫൈൻ അങ്കിൾ… ഫീൽ ബെറ്റർ” ഗൗതമിന്റെ സ്വതവേയുള്ള കുസൃതി ചിരിയും കണ്ണിലെ തിളക്കവും അതുപോലെ തന്നെ ഉണ്ടായിരുന്നു.

ഇത്ര വലിയ ആപത്തു സംഭവിച്ചിട്ട് കൂടി മനസാന്നിധ്യം വിടാതെ ഇരിക്കുന്ന ഗൗതം എല്ലാവർക്കും അത്ഭുതമായിരുന്നു.

അമ്മ മരിച്ചതിനു ശേഷം അവന്റെ മനസിന്‌ സംഭവിച്ചതുപോലെ ഇപ്പോഴും സംഭവിക്കുമെന്ന് മാധവൻ ഭയന്നു പോയിരുന്നു.

പക്ഷെ അവന്റെ മനസു കൈവിടാതെ താങ്ങായി നിന്നത് ദേവ്നിയും അവളുടെ സ്നേഹവുമാണെന്നു മാധവൻ ഇതിനോടകം മനസിലാക്കിയിരുന്നു.

“മാധവാ… മോന്റെ തുടർ ചികിത്സ ആയുർവേദം ആണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.

ഞാൻ പറഞ്ഞത് നോക്കേണ്ട… താൻ നന്നായി ആലോചിച്ചു ശരിക്കും അന്വേഷിക്ക്… തുടർ ചികിത്സ ഇനി വൈകിക്കേണ്ട. എത്രയും പെട്ടന്ന് തന്നെ എഴുനേറ്റു നടത്തണം ഇവനെ.

അതിനു നല്ലത് ആയുർവേദം തന്നെയാണ്. അതാകുമ്പോൾ മറ്റ് ദോഷങ്ങൾ ഒന്നുമുണ്ടാകില്ല. ഒന്നുമില്ലെങ്കിലും ആയുർവേദം ആണല്ലോ.

പിന്നെ പല പല ട്രീട്മെന്റ് കാര്യങ്ങൾ പറയാൻ ഒരുപാട് പേരുണ്ടാകും. ഏതെങ്കിലും ഒന്നിൽ ഉറച്ചു വിശ്വസിച്ചു മുന്നോട്ട് പോകുന്നതാണ് നല്ലത്”

“എക്സാറ്റിലി സർ… പറഞ്ഞതു അത്രയും ശരിയാണ്. കുറച്ചു കൂടി ബെറ്റർ ട്രീട്മെന്റ് ആയുർവേദം തന്നെയാണ്. ഞാൻ ഒരു അലോപ്പതി ഡോക്ടർ ആണ്.

എന്നിട്ടു കൂടി ഞാൻ പറയുന്നു ഇതുപോലെയുള്ള അവസ്ഥക്ക് ബെറ്റർ ട്രീട്മെന്റ് ആയുർവേദം തന്നെയാണ്” ഗൗതമിന്റെ ഡിസ്ചാർജ് കൊടുക്കാൻ വന്ന ഡോക്ടർ അവരുടെ സംഭാഷണം കേട്ടുകൊണ്ട് പറഞ്ഞു.

“വയനാട്ടിൽ നല്ലൊരു ചികിത്സയുണ്ട്. നമുക്ക് നോക്കാം”

“അധികം താമസിക്കേണ്ട എന്തു തന്നെ ആണെങ്കിലും പെട്ടന്ന് തീരുമാനിച്ചു ട്രീട്മെന്റ് തുടങ്ങണം” ഡോക്ടർ ഡിസ്ചാർജ് ഷീറ്റ് കൊടുത്തു ഒരു ചിരിയും സമ്മാനിച്ചു നടന്നു.

പ്രകാശ് കുറച്ചു സമയം കൂടി ഗൗതമിനു അടുത്തു ചിലവഴിച്ചു.

“അങ്കിളിന്റെ പ്രോജക്ട്നെ കുറിച്ചു ഒരു ആർട്ടിക്കിൾ വന്നിരുന്നു. അതിൽ ഏറ്റവും അഭിമാനം എനിക്കാണ്. നല്ല അഭിപ്രായങ്ങൾ ആണല്ലോ. ഫ്ബിയിൽ കണ്ടു ഞാൻ”

“ആ പ്രോജെക്ടിന് നല്ല അഭിപ്രായങ്ങൾ തന്നെയാണ്. എന്നോടും പലരും ചോദിച്ചു അതിന്റെ മാസ്റ്റർ ബ്രെയിൻ…

തനിക്ക് കോൾ വരും” പ്രകാശ് ഗൗതമിനോട് പറയുമ്പോൾ അടുത്തു നിന്നിരുന്ന മാധവന് സ്വയം അഭിമാനം തോന്നി. അയാൾ ഒന്നു ഗൗരവത്തിൽ നിന്നു.

പ്രകാശ് ഇറങ്ങുമ്പോൾ കൂടെ തന്നെ ജീവനും നടന്നു.

അവർ തമ്മിൽ ഇപ്പോഴും മനസു കൊണ്ടു എന്തോ ഒരു അകൽച്ചയുണ്ട്‌. മനസിന്റെ അകലമാണോ അല്ലെങ്കിൽ പരസ്പരം സംസാരിക്കാനുള്ള സങ്കോചമാണോയെന്നു ഇരുവർക്കും മനസിലാകുന്നുണ്ടായില്ല.

എങ്കിലും പ്രകാശിന്റെ നിഴൽപറ്റി ജീവൻ നടന്നു. ഇടക്ക് ഒരു കോൾ വന്നു ജീവൻ നടത്തം പതുക്കെയാക്കി.

തന്റെ മകന്റെ നിശ്വാസവും സാമീപ്യവും ഒരു കൈ അകലത്തിലും കൂടുതൽ വന്നപ്പോൾ പ്രകാശ് ഒന്നു തിരിഞ്ഞു നോക്കി. ജീവൻ ഫോണിൽ സംസാരിക്കുന്നത് കണ്ടു.

ജീവനും ആ സമയം പ്രകാശിനെ ഉറ്റു നോക്കി. പ്രകാശ് ഒരു ചിരിയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും എതിർവശം വന്നയാളെ ഇടിച്ചു താഴേക്കു വീഴാൻ ആഞ്ഞു… ആ നിമിഷത്തിൽ…

“അച്ഛാ….” എന്നും വിളിച്ചു ജീവൻ ശ്വാസം പോലും വിടാതെ ഓടി പ്രകാശിന് അരികിലെത്തി… അയാൾ വീഴും മുന്നേ ജീവന്റെ കരുത്തുറ്റ കൈകൾ താങ്ങി നിർത്തിയിരുന്നു.

“ശ്രെദ്ധിക്കേണ്ടേ അച്ഛാ… എന്തെങ്കിലും പറ്റിയിരുനെങ്കിലോ… ചെറുതാണെങ്കിലും ഒരു അറ്റാക് വന്നതല്ലേ” ജീവൻ നിർത്താതെ പ്രകാശിനെ ശകാരിച്ചു കൊണ്ടിരുന്നു.

പക്ഷെ പ്രകാശ് അവനെ ഉറ്റു നോക്കി അവന്റെ കൈകളിലെ താങ്ങിൽ തന്നെ നിന്നു. ഒരു കൈ നീട്ടി അവന്റെ കവിളിൽ തലോടി.

“ഇനി ഒന്നിനെയും എനിക്ക് പേടിയില്ല മോനെ.

എന്നെ താങ്ങാൻ എന്റെ മകനുണ്ട്” ജീവനോട് അത്രയും പറഞ്ഞു അവനെ ആഞ്ഞു പുൽകി.

ഒരായുസിൽ ഒരച്ഛൻ മകന് കൊടുക്കേണ്ട വാത്സല്യം ജീവന്റെ നെഞ്ചിൽ അമർന്നപ്പോൾ അവന്റെയുള്ളിൽ ഒരു പേമാരി തന്നെ പെയ്യാൻ തുടങ്ങിയിരുന്നു.

ജീവന്റെ കണ്ണുനീർ പ്രകാശിന്റെ ചുമലിൽ ഇട തടവില്ലാതെ വീണു കൊണ്ടിരുന്നു.

“അച്ഛൻ…. എന്റെ അച്ഛൻ” അവന്റെ ഉള്ളം മന്ത്രിച്ചത് ചുണ്ടുകളിലൂടെ പ്രകാശിന്റെ കർണ്ണത്തിൽ ഒഴുകിയെത്തി. പ്രകാശ് ജീവനെ ഒന്നുകൂടി അമർത്തി പിടിച്ചു.

രണ്ടുപേർക്കും ശ്വാസം മുട്ടുന്നുണ്ടായിരുന്നു… എങ്കിലും വിടാതെ പുൽകി നിന്നു ഇരു മനസും.

ഗൗതമിനെ വീട്ടിൽ കൊണ്ടു വന്നു. ദേവ്നി വീട്ടിലേക്ക് ഇടക്കിടെ ജീവന്റെ കൂടെ വന്നു കണ്ടു പോവുകയായിരുന്നു പതിവ്.

അവളുടെ ആ വരവ് സുഭദ്രയുടെ മുഖം കറുക്കാൻ ഒരു കാരണമായിരുന്നു. കുറച്ചു ദിവസങ്ങളായി മാധവന്റെ ചിന്തകൾ ആധി പിടിക്കുന്നതാണെന്നു സുഭദ്രയോർത്തു.

കാരണം മാത്രം അവർക്ക് മനസിലായില്ല. രാത്രിയിൽ ഒരുപാട് വൈകിയും മുറിയിൽ ആലോചനയോടെ നടക്കുന്നത് സുഭദ്ര കാണുന്നുണ്ടായിരുന്നു.

സുഭദ്ര അതു ചോദിക്കാൻ തന്നെ തീരുമാനിച്ചു.

“എന്താ ഏട്ടാ ഇത്രയുമധികം ആലോചിച്ചു കൂട്ടുന്നത്.

ഗൗതമിനെ കുറിച്ചാണെങ്കി അവനു ഹോസ്പിറ്റലിൽ നിന്നും വന്നതിലും നല്ല മാറ്റമുണ്ട്. ഗായത്രിയും അതു പറഞ്ഞിരുന്നു. ആയുർവേദം ചെയ്യാമെന്ന് തീരുമാനിച്ചതല്ലേ.

നമുക്ക് ഇങ്ങനെയെങ്കിലും അവനെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയണം.

ഇത്രയും നാളുകളായി ഇല്ലാത്ത പുതിയ ടെൻഷൻ എന്താ”

സുഭദ്രയുടെ വാക്കുകളിൽ മാധവൻ ദേഷ്യം പൂണ്ട് അവരെ കൂർപ്പിച്ചു നോക്കി. അത്രയുമധികം ദേഷ്യത്തിൽ ഇതുവരെ അയാളെ കണ്ടിട്ടില്ലയെന്നു സുഭദ്ര ഓർത്തു.

“എന്റെ മോന് ഇത്രയും സംഭവിച്ചതിനു ഞാൻ ദൈവത്തോട് നന്ദി പറയണം… അല്ലെ… എങ്കിൽ നീ ദൈവത്തോട് പറഞ്ഞു നിന്റെ മകനെ ഇവിടെ തന്നെ പിടിച്ചു നിർത്തു…

നിർത്തണം നീ അവനെയിവിടെ” മാധവൻ പറഞ്ഞതു സത്യത്തിൽ സുഭദ്രക്ക് മനസിലായില്ല.

സുഭദ്ര മനസിലാകാത്ത മുഖഭാവത്തോടെ അയാളെ നോക്കി.

“ഗൗതമിനെ ഇവിടെ പിടിച്ചു നിർത്താനോ… എനിക്കൊന്നും മനസിലായില്ല”

“ഗൗതം എന്റെ മകനാണ്… എന്റെ ലക്ഷ്മിയുടെ മകൻ… നിന്റെ മകൻ എന്നു ഞാൻ പറഞ്ഞത് ജീവനെയാണ്.

അവൻ 6 മാസം മുൻപ് രാജി കത്തു തന്നു, കമ്പനിയിൽ നിന്നു പിരിഞ്ഞു പോകാൻ. ആ ആറു മാസം കഴിയാനായി. അവൻ കമ്പനിയിൽ നിന്നും പോകാൻ പാടില്ല.

അവൻ പോയാൽ അവന്റെ അച്ഛന്റെ കൂടെ കൂടും. ഈ സമയം ജീവൻ വിട്ടു പോയാൽ എന്റെ ഇത്ര നാളത്തെ അധ്വാനം… ഞാൻ കെട്ടി പടുത്തത് എല്ലാം… എല്ലാം തന്നെ പൊളിഞ്ഞു വീഴും.

അങ്ങനെയൊരു ആഘാതം കൂടി ഈ മാധവ് മേനോൻ സഹിക്കില്ല.

നിന്റെ മകനെ നീ പിടിച്ചു നിർത്തണം” സുഭദ്ര ഒന്നു അനങ്ങാൻ പോലുമാകാതെ ശ്വാസം വിലങ്ങി നിന്നു.

എന്റെ മകൻ… നിന്റെ മകൻ… അങ്ങനെയൊരു വേർ തിരിവ് മാധവന്റെ വായിൽ നിന്നും കേട്ട ആഘാതത്തിൽ അവർ നിന്നുപോയി.

“എന്താ ഏട്ടൻ പറഞ്ഞതു… എന്റെ മകൻ എന്നോ… ഗൗതം എന്റെ മകനല്ലേ… ഞാൻ… ഞാൻ അല്ലെ അവനെ വളർത്തിയത്… ഞാൻ… ഞാൻ അല്ലെ ”

സുഭദ്രയെ പൂർത്തീകരിക്കാൻ സമ്മതിക്കാതെ മാധവ് മേനോൻ കൈകൾ ഉയർത്തി തടഞ്ഞു.

“ഈ കണ്ണുനീർ പൊഴിച്ചുള്ള നാടകമൊന്നും എൻറെയടുത്തു എടുക്കേണ്ട… അവൻ… ഗൗതം നിന്റെ മകൻ എങ്ങനെയാകും.

നീ അവനെ പ്രസവിച്ചിട്ടുണ്ടോ… മുലപാലൂട്ടിയിട്ടുണ്ടോ… ഇല്ലാലോ… നീ വെറും വളർത്തമ്മ മാത്രമാണ്… നീ പ്രസവിച്ചതും പാലൂട്ടിയതും ജീവനെയല്ലേ… അവൻ മാത്രമാണ് നിന്റെ മകൻ… നിന്റെ മാത്രം മകൻ..

ഓഹ് അങ്ങനെയും പറയാൻ പറ്റില്ലലോ… നിന്റെയും നിന്റെ മുൻ ഭർത്താവ് പ്രകാശിന്റെയും മകൻ… ” ചുണ്ട് കോട്ടി മാധവൻ അവളെ പുച്ഛിച്ചു.

“നീ എന്തു ചെയ്താലും വേണ്ടില്ല ജീവൻ എന്റെ കമ്പനിയിൽ നിൽക്കണം.

അവൻ എന്റെ ജോലിക്കാരനായി മാത്രം ജീവിച്ചാൽ മതി” സ്വാർത്ഥതയുടെ മൂർത്തീഭാവം അണിഞ്ഞ മാധവ് മേനോനെ നോക്കി കാണുകയായിരുന്നു സുഭദ്ര.

അയാൾ ഡോർ തുറന്നു പോയി ഗൗതമിന്റെ മുറിയിൽ കിടന്നു. മുഴുവൻ സ്വാർത്ഥത… താൻ നൊന്തു പ്രസവിച്ചില്ലെങ്കിലും പാലൂട്ടിയില്ലെങ്കിലും സ്വന്തം മകന് കൊടുക്കാൻ വച്ചിരുന്ന അമ്മ വാത്സല്യമാണ് ഗൗതമിനു മാത്രമായി നൽകിയത്.

അതിൽ… അതിൽ മാധവ് മേനോൻ ഒരു നന്മയും കണ്ടില്ല. അയാളുടെ അവജ്ഞ കാരണമാണ് ജീവനെ അകറ്റി നിർത്തിയത്… എന്നിട്ടും ഇപ്പോഴും തനിക്ക് നേരെ എല്ലാവരും വിരൽ ചൂണ്ടുന്നു…

താൻ ചെയ്ത തെറ്റുകൾ ശരിയാക്കിയെടുക്കാൻ ആ അമ്മ മനസു ഇനിയെന്ത് വേണമെന്ന് ചിന്തയിലാണ്ടു നിന്നു.

ജീവൻ ഓഫീസിലേക് ഇറങ്ങും മുൻപേ ഗൗതമിനെ കാണാൻ റൂമിലേക്ക് പോകാറുണ്ട്. കുറച്ചു സമയം കമ്പനി കാര്യങ്ങൾ സംസാരിച്ചിരിക്കും.

വൈകീട്ട് വരുമ്പോഴും അങ്ങനെ തന്നെ. അന്നത്തെ ദിവസം ജീവൻ തിരിച്ചു വന്നപ്പോൾ കൂടെ ദേവ്നിയും ഉണ്ടായിരുന്നു.

മാധവ് മേനോനും ഗൗതമിന്റെ മുറിയിൽ ഉണ്ട്. പതിവ് പോലെ അവർ സംസാരിച്ചിരുന്നു.

“അല്ല ജീവൻ… തന്റെ നോട്ടീസ് പീരിയഡ് കഴിഞ്ഞില്ലേ… ഇനിയും കമ്പനിയിൽ തുടരുകയാണോ” ഗൗതം തന്നെ ആ വിഷയം എടുത്തിട്ടു.

മാധവ് മേനോൻ അതിശയത്തിൽ ഗൗതമിനെ നോക്കി. ഗൗതമിന്റെ സംസാരം കേട്ടു കൊണ്ടാണ് സുഭദ്രയും കയറി വന്നത്.

“ഇന്നലെ കഴിഞ്ഞു ഗൗതം. ഞാൻ ഈ സമയത്തു കമ്പനിയിൽ നിന്നും പിരിയുന്നത്… അതുകൊണ്ട് … കുറച്ചു…”

“അതുകൊണ്ട് എന്താ… ജീവൻ ഇനി അവിടെ തുടരുന്നതിൽ എനിക്ക് താൽപര്യമില്ല. എത്രയും പെട്ടന്ന് ആ പോസ്റ്റിൽ പുതിയ ആളെ അപ്പോയന്റ് ചെയ്യണം…

പുതിയ ആൾ അല്ല… ഈ നിൽക്കുന്ന ദേവ്നി ആയിരിക്കും ഇനി ജീവന്റെ സ്ഥാനത്ത്”

..തുടരും- വൈകുന്നതിൽ ക്ഷമിക്കണം… നല്ല തിരക്കാണ്… ഹോസ്പിറ്റൽ കേസുകളുണ്ട്… അടുത്തപാർട്ടും കുറച്ച് വൈകാൻ സാധ്യതയുണ്ട്.

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17

നിലാവിനായ് : ഭാഗം 18

നിലാവിനായ് : ഭാഗം 19