Monday, November 18, 2024
Novel

നിലാവിനായ് : ഭാഗം 19

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“മോനെ… ഞാൻ…” പ്രകാശിനും എന്തു പറയണം എന്നറിയില്ലായിരുന്നു.

“സർ പ്ളീസ്…” ജീവൻ കോൾ അവസാനിപ്പിച്ചു.

ആ റോഡരുകിൽ അവൻ കാറിന്റെ സ്റ്റിയറിങ്ങിൽ മുഖം ചേർത്തു കിടന്നു. എത്ര പിടിച്ചു വയ്ക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.

പതിയെ തുടങ്ങിയ കരച്ചിൽ പിന്നെ ഉച്ചത്തിൽ ആയി. ഉറക്കെ ഉറക്കെ അലറി കരഞ്ഞു. തന്റെ ഇത്രയും വയസിനിടയിൽ താൻ അടക്കി വച്ച അവഗണനയും സങ്കടവുമെല്ലാം അതിൽ ഒഴുക്കി കളഞ്ഞിരുന്നു.

ഇനി ഒരു തുള്ളി കണ്ണുനീർ തന്റെ ഹൃദയത്തിൽ കെട്ടി നിർത്താതെ അവൻ മുഴുവൻ വേദനയും കണ്ണുനീരിനാൽ ഒഴുക്കി. കുറച്ചു സമയത്തിന് ശേഷം അവൻ മുഖമുയർത്തുമ്പോൾ അവന്റെ കണ്ണിൽ ഒരു പുതു ജീവൻ തന്നെ പിറവിയെടുത്തിരുന്നു.

ഇനിയൊന്നുകൊണ്ടും തന്നെയാർക്കും തളർത്താൻ കഴിയില്ലെന്ന് അവൻ ഉറപ്പിച്ചിരുന്നു. ആദ്യമായി പ്രകാശിന്റെ കണ്ണുകളിൽ തനിക്ക് വേണ്ടി കരുതിയ വാത്സല്യത്തിന്റെ ഉറവിടത്തിനു കാരണം അച്ഛൻ എന്ന ആ വലിയ സത്യം കൊണ്ടായിരുന്നുവെന്നു അവൻ മനസിലാക്കി.

ആദ്യമായി ഒരാൾ തനിക്ക് നേരെ വാത്സല്യത്താൽ നോക്കിയത്… പ്രകാശിന്റെ പലപ്പോഴയുള്ള മോനെ എന്ന വിളി… ആ ഒരു വിളി തന്റേയുള്ളിൽ ഒരു മഞ്ഞു വീഴുന്ന സുഖമായിരുന്നു.

ഇതുവരെ അവനെ തളർത്തിയിരുന്ന വേദനയുടെ ചൂടിന് പകരം പ്രകാശിന്റെ വാത്സല്യമൂറുന്ന നോട്ടവും മോനെ എന്നുള്ള വിളിയും അവന്റെ ഉള്ളിലെ ചൂടിനെ ഉരുക്കി കളഞ്ഞു തുടങ്ങിയിരിക്കുന്നത് അവൻ സുഖമുള്ള നോവോടെ മനസിലാക്കി. മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ അവൻ കാർ മുന്നോട്ട് എടുത്തു.

മാധവൻ സുഭദ്രയോട് ഒന്നും തന്നെ ചോദിച്ചില്ല. അയാളുടെ രൂക്ഷമായ നോട്ടത്തിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ കൃഷ്ണനോട് വാക്കുകൾ അല്ലാതെ നോട്ടം കൊണ്ടു പറഞ്ഞു.

അതു മനസിലാക്കിയ കൃഷ്ണൻ സുഭദ്രയുടെ വിചാരണക്കും മുന്നേ ആ വീട്ടിൽ നിന്നും മകളുടെ കയ്യും പിടിച്ചിറങ്ങി.

സുഭദ്രയെ ഗായത്രിയും മാധവ് മേനോനും ഗൗതവും അവഗണിച്ചു. അവരുടെ സങ്കടത്തിന് ഒരു സമാധാന വാക്ക് പറയാൻ പോലും…

എന്തിനേറെ ഒരു നോട്ടം കൊണ്ടുപോലും അവളെ സമാധാനിപ്പിക്കാതെ അവർ അകന്നു നിന്നു. എല്ലാം കൊണ്ടും സുഭദ്ര ആകെ തകർന്നു പോയിരുന്നു. താൻ ഒരിക്കലും കരുതിയില്ല സ്വന്തം ഏട്ടൻ തന്നെ ചതിക്കുമെന്നു. തന്റെ ജീവിതം ബലിയാടാക്കിയാണ് ഇതുവരെയുള്ള അയാളുടെ ജീവിതം കെട്ടി പൊക്കിയതെന്നു.

താൻ നഷ്ടപ്പെടുത്തിയത് തന്നെ ജീവനായി കണ്ടു പ്രണയിച്ച ഒരു മനുഷ്യനെയും ആ മനുഷ്യൻ തന്ന ജീവന്റെ തുടുപ്പിനെയും ആണെന്ന് സുഭദ്ര അതികരിച്ച വേദനയോടെ ഓർത്തു. ഇപ്പോൾ ജീവനെയോർത്തു തന്റെ ഹൃദയം വിലങ്ങുന്നത് സുഭദ്ര അറിഞ്ഞു.

പക്ഷെ അവനെയോർത്തു കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരാതെ അവരുടെ ഹൃദയം പോലും അവരുടെ ചെയ്തികളോട് പ്രതികരിച്ചു നിന്നു.

മാധവൻ തലക്ക് ഭ്രാന്തു പിടിച്ചവനെപോലെ ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അയാൾക്ക് ഇത്രയും സങ്കോചം വരാൻ കാരണം ഒന്നു പ്രകാശ് രാജിന്റെ മകനാണ് ജീവൻ എന്നുള്ളത് തന്നെ.

കമ്പനിയിൽ നിന്നും ജീവൻ ജോലി രാജി വച്ചിട്ട് ഏതാണ്ട് നാലുമാസം ആകാൻ പോകുന്നു. ഇനി 2 മാസം കൂടിയേ അവന്റെ സേവനം കിട്ടു.

അവൻ തീർച്ചയായും അവന്റെ അച്ഛന്റെ കൂടെ പോകും എന്നു മാത്രമല്ല ഇനിയുള്ള അയാളുടെ ബിസിനെസിന്റെ അമരത്തു ജീവൻ ആയിരിക്കും.

ജീവനെ ആറു മാസം കഴിഞ്ഞു മറ്റെന്തെങ്കിലും കാരണം പറഞ്ഞു പിടിച്ചു നിർത്താമെന്നു കരുതിയതാണ്. ഇനി നടക്കുമെന്ന് തോന്നുന്നില്ല. ബിസിനസിൽ പത്തു തലയുള്ള രാവണൻ തന്നെയാണ് ജീവൻ.

തനി ബുദ്ധി രാക്ഷസൻ. ഗൗതം പോലും ജീവന്റെ ലെവലിൽ കാര്യങ്ങൾ ചിന്തിച്ചു തുടങ്ങണമെങ്കിൽ ഇനിയും നാളുകൾ ഒരുപാട് എടുക്കും. അവൻ പ്രകാശിന്റെ കൂടെ പോയാൽ… താൻ ബിസിനെസൊക്കെ കെട്ടി പൂട്ടി വയ്‌ക്കേണ്ടി വരും.

അയാൾ കൈ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു തന്റെ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു. ഒരിക്കൽ പോലും ഒരു മകനോടുള്ള വാത്സല്യം അവനോടു തോന്നിയിട്ടില്ല.

സുഭദ്രയെ പോലും ആദ്യ കുറെ കാലങ്ങളിൽ ഭാര്യയായി അംഗീകരിച്ചിട്ടില്ല. മകനെ നോക്കാൻ വന്നൊരു പെണ്ണ്…

അങ്ങനെയെ കരുത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ അവളുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിനോടും അതേ ചിന്താഗതി ആയിരുന്നു. പിന്നീട് ഭാര്യയായി കാണാൻ തുടങ്ങിയപ്പോഴേക്കും ജീവനോട് ആ അവഗണന തുടർന്നു. എന്തുകൊണ്ടോ അങ്ങനെ ചെയ്യാനാണ് തോന്നിയത്.

പക്ഷെ ബിസിനസിന്റെ കാര്യത്തിൽ ഗൗതമിനേക്കാളും എന്തിനേറെ ഇത്ര വർഷത്തെ പരിചയമുള്ള എന്നെക്കാളും അവന്റെ ബുദ്ധിയും വിവരവും സമ്മതിച്ചു കൊടുത്തെ മതിയാകൂ. ഇനിയിപ്പോ തന്റെ ബിസിനസിന്റെ ഭാവിയെന്താകും.

അവനെ എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് ഇവിടെ പിടിച്ചു നിർത്തിയെ മതിയാകൂ. എങ്ങനെ.

ഇത്രനാളും നേരിട്ട അവഗണക്കുള്ള പ്രതികാര മനോഭാവം അവനുണ്ടാകുമോ. ഇപ്പൊ തന്നെ ഈ വീട്ടിൽ നിന്നും പോയിട്ട് തിരിച്ചു വന്നതുമില്ല. ഇനി അവൻ ആ വഴി അങ്ങു പോകുമോ….

ഹേയ്… എത്രയൊക്കെ അവഗണിച്ചാലും ഉണ്ട ചോറിനുള്ള നന്ദി അവനുണ്ട്. പറയാതെ പോകില്ല.

എല്ലാത്തരത്തിലുമുള്ള ചിന്തകൾ മേനോനെ മദിച്ചു കൊണ്ടിരുന്നു. പെട്ടന്നാണ് ജീവന്റെ കാർ ഗേറ്റ് കടന്നു വരുന്നത് മേനോൻ കണ്ടത്. അയാൾക്ക് അപ്പോൾ തന്നെ പകുതി ജീവൻ തിരിച്ചു കിട്ടിയതു പോലെയായി.

ഹാളിൽ നിൽക്കുന്ന മേനോനെ കണ്ടു സാധാരണപോലെ ചിരിച്ചു ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി വെള്ളാവുമെടുത്തു റൂമിലേക്ക് നടന്നു. എല്ലാം പതിവ് പോലെ തന്നെ.

രാത്രിയിൽ കിടക്കും മുന്നേ തന്റെ റൂമിന്റെ മുന്നിൽ ഒരു നിഴൽ കിടന്നു വട്ടം കറങ്ങുന്നത് ജീവൻ കണ്ടു.

വർഷങ്ങളായി ഒരു നിഴലായ് മാത്രം തനിക്ക് അരികിൽ ഉണ്ടായിരുന്ന തന്റെ അമ്മയെന്ന നിഴൽ. ഒരിക്കൽ താൻ തീരുമാനിച്ചതാണ് ഇനിയൊരിക്കലും ഈ നിഴലിന്റെ തണൽ ആവശ്യമില്ലെന്നു.

അവന്റെ മനസിൽ സുഭദ്രയുടെ വാക്കുകൾ ഒരിക്കൽ കൂടി അലയടിച്ചു… “പാപ്പക്കറ” അവർ ജീവിതത്തിൽ ചെയ്ത പാപം… എന്റെ അച്ഛനോടുള്ള പ്രണയം… അതുകൊണ്ടാണല്ലോ ഞാൻ… ഇല്ല കരയില്ല…

എനിക്ക് കാണണ്ട ഈ നിഴൽ പോലും…. അവൻ റൂമിലെ വെളിച്ചം കെടുത്തി ഇരുട്ട് പരത്തി.

സുഭദ്ര ശങ്കിച്ചു നിൽക്കുകയായിരുന്നു. ജീവനെ ഒന്നുകാണുവാൻ വേണ്ടി അവർ ഒരുപാട് കൊതിച്ചു. ഒന്നു സംസാരിക്കണം.

പകൽ നടന്ന സംഭവത്തിനു ശേഷം ആരും തന്നെ അവരോടു സംസാരിച്ചിരുന്നില്ല. മേനോനോ ഗായത്രിയോ ഗൗതമോ… ആരും തന്നെ വന്നില്ല… അവളുടെ ചോദ്യങ്ങൾ നേരിടും മുന്നേ കൃഷ്ണനും പോയിരുന്നു.

കുറച്ചു മണിക്കൂറുകൾ കൊണ്ടു ഗൗതവും ഗായത്രിയും തീർത്ത അവഗണന സുഭദ്രക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. പൊടുന്നനെ അവളുടെയുള്ളിൽ മറ്റൊന്ന് കൂടി വന്നു.

ഇത്രയും വർഷം തന്റെയൊരു തലോടൽ പോലുമില്ലാതെ താൻ അവഗണിച്ച ജീവന്റെ മനസു. താൻ പ്രസവിച്ചതല്ലെങ്കിലും ഗൗതമിനെ ജീവന്റെ സ്ഥാനത്തു കണ്ടാണ് സ്നേഹിച്ചത്. സ്വന്തം മകനെ മാറ്റി നിർത്തി… ഗായത്രി വന്നപ്പോൾ ആ അവഗണന വല്ലാതെ കൂടി പോയിരുന്നു.

ചേട്ടൻ എന്നുപോലും അവളെ കൊണ്ടു വിളിപ്പിച്ചിരുന്നില്ല. എല്ലാ അർത്ഥത്തിലും അങ്ങനെയൊരു മനുഷ്യ ജീവി ഉണ്ടെന്നു കൂടി പരിഗണിക്കാതെ താൻ അവഗണിച്ചു.

സ്വന്തം മകനായിരുന്നിട്ടു കൂടി. ഇനി എന്തു പറഞ്ഞു ജീവനരികിൽ ചെല്ലും.

അവന്റെയച്ഛനെ ചതിച്ചവൾ കൂടിയായില്ലേ താൻ. എന്നെ വിട്ടു പോയെന്ന് ഞാൻ എങ്ങനെ കരുതി. കാത്തിരിക്കാൻ ഒരു താലിയുടെ ബലവും വയറ്റിൽ അദ്ദേഹം തന്ന ജീവന്റെ തുടിപ്പും ധാരാളമായിരുന്നില്ലേ… എന്നിട്ടും…

കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചില്ലലോ… സുഭദ്രയുടെ മനസിൽ ഓരോ കാര്യങ്ങൾ വന്നു കുമിഞ്ഞു കൂടി. വേദനയോടെ തന്നെ തിരികെ പോയി.

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഗൗതം സാധാരണ പോലെ തന്നെ ആയിരുന്നു.

പക്ഷെ മാധവന്റെ മുഖത്തു ജീവന് വേണ്ടി ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഗായത്രിയെ നോക്കിയപ്പോൾ അവൾ കഷ്ടപ്പെട്ടു ചിരിക്കാൻ ശ്രമിക്കുന്നത് ജീവൻ കണ്ടു.

സുഭദ്രയുടെ കണ്ണുകളൊക്കെ വീങ്ങി ഇരിക്കുന്നത് കണ്ടു. പക്ഷെ അതു കാണുമ്പോൾ ജീവനു പുച്ഛമാണ് തോന്നിയത്. ജീവനും സാധാരണ പോലെ തന്നെ ഇരുന്നു.

ഇടിയപ്പവും മുട്ട കറിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു കഷ്ണം ഇടിയപ്പം കൂടി സുഭദ്ര അവന്റെ പ്ലാറ്റിലേക്ക് വച്ചു കൊടുത്തു.

ഇതൊന്നും പതിവില്ലാത്തത് ആണല്ലോ എന്നു ഗായത്രിയും ഗൗതവും അതിശയത്തോടെ അവരെ നോക്കി. അതും ഗൗതത്തിനോ ഗായത്രിക്കോ വിളമ്പി കൊടുക്കാതെ തന്നെ.

“മോന് ഇതു ഇഷ്ടമാണെന്ന് അറിയാം… കഴിക്കു” ജീവന് വേണ്ടി സുഭദ്രയുടെ വായിൽ നിന്നും വാക്കുകൾ വീണു.

“എനിക്ക് ഇഷ്ടമില്ലാത്ത വിഭവം ആണിത്. വിശപ്പ് മാറുന്നതിനു വേണ്ടി കഴിക്കുന്നുവെന്നു മാത്രം” അത്രയും പറഞ്ഞു കൊണ്ടു ജീവൻ കഴിക്കാതെ എഴുനേറ്റു.

അത്രയും നേരം മാധവൻ ജീവനെ നോക്കി പഠിക്കുകയായിരുന്നു. അവന്റെ മുഖഭാവത്തിലൂടെ മനസിലേക്ക് ഒരു യാത്ര…

പക്ഷെ ജീവനുപോലും പിടികൊടുക്കാതെ മനസാണ് അവന്റേത്…. പിന്നെയല്ലേ ഒരു മാധവൻ.

സുഭദ്രയുടെ നെഞ്ചിൽ ഒരു കനൽനീറ്റവുമായാണ് കൃഷ്ണന്റെ വീടിന്റെ പടികൾ ചവിട്ടി കയറിയത്. അയാളോട് ചോദിക്കാൻ ചോദ്യങ്ങൾ ഒന്നൊന്നായി മനസിൽ സ്വരൂകൂട്ടി വച്ചിരുന്നു ഇന്നലെ ഒറ്റ രാത്രി കൊണ്ടു തന്നെ.

വീടിനു ഉള്ളിലേക്ക് കയറിയ സുഭദ്ര ശരിക്കും ഞെട്ടി പോയിരുന്നു. ഹാളിലും ലിവിങ് റൂമിലും എല്ലാം ഒരുപാട് സാധനങ്ങൾ പൊട്ടി കിടക്കുന്നു. സോഫയിൽ കൃഷ്ണൻ ഇരിപ്പുണ്ട്.

അയാൾക്ക് അരികിലായി രാധികയും. രാധിക ഒരുപാട് കരഞ്ഞിട്ടുണ്ടെന്നു മുഖം പറയുന്നുണ്ട്. ശീതളിനെ അവിടെയെങ്ങും കാണുന്നുമില്ല.

“ഏട്ടാ… ” സുഭദ്രയുടെ ശബ്ദം കേട്ടിട്ടും മുഖമുയർത്തി ഒന്നു നോക്കാൻ പോലും അയാൾക്ക് കഴിഞ്ഞില്ല.

“എന്താ ഇതൊക്കെ” ചോദ്യം കഴിഞ്ഞു അല്പനേരം കഴിഞ്ഞിട്ടാണ് രാധിക മറുപടിയുമായി എഴുന്നേറ്റത്.

“ഇന്നലെ അവിടെ നിന്നും വന്നത് മുതൽ ശീതൾ ചെയ്‌തതാണ്‌ ഇതൊക്കെ… അവൾക്കിപ്പോ ഉറപ്പായി ഗൗതമിനെ ഇനി കിട്ടില്ലെന്ന്‌”

“ഓഹ്… നിങ്ങൾക്ക് അപ്പൊ അതാ കാര്യം. ഗൗതമിനെ കിട്ടാത്തത്… ഞാൻ ഇനി എന്താ വേണ്ടത്… അതു കൂടി പറഞ്ഞു തായോ”

സത്യങ്ങൾ എല്ലാം അറിഞ്ഞു കൊണ്ടുള്ള സുഭദ്രയുടെ വരവിൽ അവൾ പറയുന്നത് മുഴുവൻ കേട്ടു നിൽക്കുകയല്ലാതെ വേറെ വഴിയില്ലെന്നു കൃഷ്ണനും ചിന്തിച്ചു.

“എന്നോട് എന്തിനാ ഏട്ടാ ഇങ്ങനെയൊരു ചതി ചെയ്തത്. ജീവന്റെ അച്ഛൻ എന്നെ ചതിച്ചു പോയെന്നല്ലേ ഏട്ടൻ പറഞ്ഞു വിശ്വസിപ്പിച്ചത്.

അതുകൊണ്ടല്ലേ ഞാൻ മറ്റൊരാൾക്ക് കഴുത്തു നീട്ടി കൊടുത്തത്….

അപ്പൊ എന്നെ ബലിയാടാക്കി നിങ്ങളുടെ ജീവിതം കൂടി മെച്ചപ്പെടുത്താൻ വേണ്ടിയായിരുന്നു അല്ലെ ഈ ചതി എന്നോട് ചെയ്തത്”

“ഡി… നീ വലിയ പ്രസംഗം ഒന്നും നടത്തേണ്ട…

അല്ലെങ്കി തന്നെ പ്രകാശിനെ നീ ശരിക്കും മനസിലാക്കിയിരുനെങ്കി അവന്റെ സ്നേഹത്തിലും പ്രണയത്തിലും നീ വിശ്വസിച്ചിരുന്നുവെങ്കി ഞാൻ പറയുന്നത് നിനക്കു വിശ്വാസം ആകുമായിരുന്നോ…

നീ ആത്മാർത്ഥമായി ആരെയും സ്നേഹിച്ചിട്ടില്ല. ഒന്നുമില്ലെങ്കിലും പ്രകാശ് നിന്നെ താലി കെട്ടിയത് ആയിരുന്നില്ലേ… ആ താലിയോട് പോലും നീ നീതി പുലർത്തിയില്ല…

അവനെ കാത്തിരിക്കാൻ ആ താലി മാത്രം മതിയായിരുന്നല്ലോ നിനക്ക്… എന്നിട്ടിപ്പൊ എന്നോട് ചോദിക്കാൻ വന്നിരിക്കുന്നു… വർഷം ഇത്ര കഴിഞ്ഞു.

നിനക്ക് നിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സ്നേഹം മാത്രമാണ് എല്ലാവരോടും. ഗൗതം നിന്നെ സ്നേഹിച്ചാൽ മാത്രമേ മാധവൻ അംഗീകരിക്കുമായിരുന്നുള്ളൂ അതിനു വേണ്ടി നീ സ്വന്തം മകനെ തഴഞ്ഞു.

മാധവന്റെ അംഗീകാരം കിട്ടാൻ ഗൗതമിനെ അകമഴിഞ്ഞു സ്നേഹിച്ചു. പെറ്റ തള്ള ചെയ്യുന്ന ദ്രോഹമാണോ നീ ജീവനോട് ചെയ്തത്…”

“ഏട്ടാ… ഏട്ടൻ അല്ലെ എന്നോട് അങ്ങനെയൊക്കെ പറഞ്ഞതു… ഗൗതം എന്നെ സ്നേഹിച്ചാലെ… അമ്മയായി കണ്ടാൽ മാത്രമേ മാധവേട്ടന്റെ മനസിലും വീട്ടിലും എനിക്ക് ഒരു സ്ഥാനം ഉണ്ടാകൂ എന്നു…

അതിനു വേണ്ടി സ്വന്തം മകനെ നീക്കി നിർത്താൻ ഏട്ടൻ എന്നെ നിര്ബന്ധിച്ചിട്ടല്ലേ… എന്നിട്ടിപ്പൊ”

“ചെ… നീയൊരു അമ്മ തന്നെയാണോടി. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ സ്വന്തം മകനെ നീക്കി നിർത്താൻ മാത്രം ഏതെങ്കിലും അമ്മയ്ക്ക് കഴിയുമോ…

പേറ്റു നോവ് അനുഭവിച്ചു സ്വന്തം ജീവനും ചോരയും കൊടുത്തു പ്രസവിച്ച ഒരു അമ്മയ്ക്കും അങ്ങനെ സ്വന്തം മകനെ നീക്കി നിർത്താൻ കഴിയില്ല. നിന്റെ മനസു അത്രക്കും കല്ലായിരുന്നു.

എന്നിട്ടിപ്പൊ ഇവിടെ വന്നു പരാതി പറയുന്നു… എല്ലാ കുറ്റങ്ങളും എന്റെ കെട്യോന്റെ മേലെ ചാരുന്നോ നീ… നിന്റെ തെറ്റു തന്നെയാണ് സുഭദ്രേ… ഏതൊരു അമ്മക്കും മക്കൾ എല്ലാവരും ഒരുപോലെയാണ്…

നിനക്ക് എങ്ങനെ കഴിഞ്ഞു ഇങ്ങനെ തരം തിരിച്ചു കാണാൻ” രാധിക കൃഷ്ണന് വേണ്ടി സുഭദ്രക്ക് നേരെ പ്രതിരോധിച്ചു.

സുഭദ്രക്ക് മറുപടി ഒന്നുമുണ്ടായില്ല. എല്ലാം തന്റെ തെറ്റാണ്. പ്രകാശിന്റെ പ്രണയവും സ്നേഹവും തിരിച്ചറിയാതെ…

സ്വന്തം കൂടപിറപ്പിന്റെ ചതിയും കൗശലതയും മനസിലാക്കാതെ… മാധവേട്ടന്റെ സ്വർത്ഥതയ്ക്ക് വേണ്ടിയും സ്വന്തം മകനെ തള്ളി കളഞ്ഞവൾ…. ആരോടാണ് പരാതി… ആരോടും പരാതി പറയാനാകില്ല…

ഒരു ദിവസത്തിൽ കുറച്ചു സമയമെങ്കിലും ജീവന് വേണ്ടി നൽകാൻ കഴിയുമായിരുന്നു…

ഇതുവരെ തന്റെ നിഴൽ സാമിപ്യം മാത്രമേ അവനു നല്കിയിരുന്നുള്ളൂ. ഒരു നോട്ടം കൊണ്ടെങ്കിലും ഒരമ്മ വാത്സല്യം അവനു നല്കിയില്ലലോ… എന്നിട്ടിപ്പൊ അവനു വേണ്ടിയാണോ ഈ കണ്ണുനീർ… അവനു വേണ്ടി തന്റെ ഹൃദയം ഒരിക്കൽ പോലും വേദനിച്ചിട്ടില്ല…

അവനു വേണ്ടി ഒരിക്കൽ പോലും കണ്ണുനീർ പൊഴിച്ചിട്ടില്ല… പിന്നെയി കണ്ണുനീർ എന്തിനാണ്… തന്റെ സ്വാർത്ഥത തന്നെയല്ലേ ഈ കണ്ണുനീരും….

“ഇന്നലെ വന്നപ്പോൾ മുതൽ ഇവിടുള്ള ഓരോരോ സാധനങ്ങളും എറിഞ്ഞുടച്ചു. എന്റെ മോൾ അത്രയേറെ വിഷമിച്ച അവിടെ നിന്നും വന്നത്. അവൾക്കിപ്പോ പൂർണ്ണ ബോധ്യമുണ്ട് ഗൗതം ഇനി ഒരിക്കലും അവളെ സ്വീകരിക്കില്ലായെന്നു.

നീയും എന്റെ മകൾക്ക് ആശയും മോഹവും നല്കിയതല്ലേ…. നീ തന്നെ ഇതിനൊരു പരിഹാരം കാണണം”

“ഇതു നല്ല കഥ. ഞാൻ പറഞ്ഞു മോഹിപ്പിച്ചതിനെക്കാൾ ദേ ഇരിക്കുന്നു അവളുടെ അച്ഛൻ…. അയാളോട് പറഞ്ഞാൽ മതി ഇപ്പൊ പറഞ്ഞ പരാതി…

മകളുടെ മനസു നോക്കാതെ അവളുടെയുള്ളിൽ ജീവൻ എന്ന എന്റെ മകനെ മാറ്റി അവിടെ ഗൗതമിനെ പ്രതിഷ്ഠിച്ചത് ഇയാളാണ്. എനിക്കിതൊന്നും അറിയില്ലെന്നും മനസിലാവില്ലെന്നും കരുതിയോ…

ജീവനെ വിട്ടു പോയത് നന്നായി…. എന്റെ മകന്റെ നല്ല പാതിയാകാൻ ഒരു യോഗ്യതയുമില്ല അവൾക്ക്…..

ഇയാളോട് ഉണ്ടാക്കാൻ പറയു പരിഹാരം. ഇനി മേലാൽ എന്നെ ഒരു കാര്യത്തിനും വിളിച്ചു പോകരുത്. നിങ്ങളുടെ മകൾ വിഷമിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല…

നിങ്ങളുടെ മകൾ എന്നു തന്നെയല്ല… നിങ്ങളും. ഇനിയെനിക്ക് ഇങ്ങനെ ഒരു രക്തബന്ധവുമില്ല” സുഭദ്ര കണ്ണീരോടെ തന്നെ ആ വീടിന്റെ പടികൾ ഇറങ്ങി.

ശീതൾ ഭ്രാന്തിന്റെ അവസ്ഥയിലായിരുന്നു. അവളുടെ കാട്ടി കൂട്ടലുകളും അതുപോലെ തന്നെ. ഒരു ഭ്രാന്തിയുടെ എല്ലാ ചേഷ്ടകളും അവളിൽ ഉണ്ടായിരുന്നു. ഇടക്ക് എപ്പോഴെങ്കിലും ബോധത്തോടെ പെരുമാറുകയും ചെയ്യും.

“എന്റെ മോൾ അവന്റെ കാര്യം മറന്നേക്കൂ….

ഇനി എന്തെങ്കിലുമൊക്കെ ചതി ചെയ്തു അവനെ നിനക്ക് നേടി തന്നാലും നിന്റെ ജീവിതം നന്നാകുമെന്നു തോന്നുന്നുണ്ടോ… മനസു കൊണ്ടു അവൻ നിന്നെ ഒരിക്കലും അംഗീകരിക്കില്ല… പ്രണയിക്കില്ല…

അതുകൊണ്ട് മോൾ അവനെ മറക്കണം” കൃഷ്ണൻ ശീതളിനെ മയപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ശീതൾ കൃഷ്ണനെ നോക്കി… കണ്ണിൽ ചുവപ്പിൽ തീർത്ത വരകൾ പടർന്നിരുന്നു… അവൾ പെട്ടന്ന് ചാടി എഴുനേറ്റു കൃഷ്ണന്റെ കുർത്തായിൽ ചുരിട്ടി പിടിച്ചു വലിച്ചു…. ”

ഇനിയൊരിക്കലും ഗൗതം എന്നെ സ്വീകരിക്കില്ല… അല്ലെ… അതിനു ഇപ്പൊ അച്ഛൻ കൂടി ഒരു കാരണം ആയില്ലേ… എത്ര വേഗം അച്ഛൻ പറഞ്ഞു മറക്കാൻ… എന്റെ മനസു കാണുന്നുണ്ടോ നിങ്ങൾ…

എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ആ മുഖം കണ്ടു കൊണ്ടാണ്. സാധാരണ അവന്റെ ആരാധികമാർക്ക് ഉള്ളതുപോലെ ചുമ്മാ ഒരു ഫാന്റസി അല്ല എനിക്ക് ഗൗതം.

എന്റെ മനസിൽ അവന്റെ മുഖം നിറഞ്ഞു നിൽക്കുന്നത് പോലെ തന്നെയാണ് എന്റെ മുറിയിൽ ഓരോ കോണിലും അവന്റെ മുഖം പ്രതിഷ്ഠിച്ചു വച്ചിരിക്കുന്നത്. അതൊന്നും ചുമ്മാ വച്ചിരിക്കുന്നതല്ല… എന്റേതാക്കണം എനിക്ക് അവനെ…

ഇനി എനിക്ക് അതിനു കഴിഞ്ഞില്ല എങ്കിൽ അവൻ വേറെ ആരുടേതാകാനും ഞാൻ സമ്മതിക്കില്ല… സമ്മതിക്കില്ല…. സമ്മതിക്കില്ല”… ശീതളിന്റെ മനസും അവളുടെ അച്ഛന്റെ ക്രൂരതയിലേക്ക് പോയി കൊണ്ടിരുന്നു.

സുഭദ്ര തിരികെ വീട്ടിലേക്ക് വന്നപ്പോ ഗായത്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ അവരെ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു.

ഇടക്ക് എന്തോ ചോദിക്കാനായി സുഭദ്ര അടുത്തേക്ക് ചെന്നപ്പോ അവൾ എഴുനേറ്റു പോയിരുന്നു.

ഏറ്റവും സ്നേഹം കൊടുത്തു വളർത്തിയതാണ്. ജീവന് കൊടുക്കാത്ത സ്നേഹവും കരുതലും കൊടുത്തു വളർത്തിയതാണ് ഗൗതമിനെയും ഗായത്രിയേയും.

ഇന്നലെ പകൽ മുതൽ ഈ നേരം വരെ ഗൗതമോ ഗായത്രിയോ സുഭദ്രയോട് മിണ്ടുകയോ എന്തെങ്കിലും ചോദിക്കുകയോ ഉണ്ടായില്ല. ഒരു നോട്ടം കൊണ്ട് പോലും അവളെയാരും പരിഗണിക്കുന്നുണ്ടായില്ല എന്നതാണ് സത്യം.

അപ്പോഴെല്ലാം ഒരു നോട്ടം കൊണ്ടുള്ള വാത്സല്യത്തിനു വേണ്ടി തന്റെ നേർക്ക് നീണ്ടിരുന്ന രണ്ടു വേദനിക്കുന്ന കണ്ണുകളെ അവൾ ഓർത്തു… ജീവന്റെ… അവരുടെ ഹൃദയം പിന്നെയും വിങ്ങി…

പിന്നെയും ദിവസങ്ങൾ മുന്നോട്ട് പോയ്‌ കൊണ്ടിരുന്നു. ദേവ്നിയും ഗൗതവും ഇപ്പോൾ ആദ്യത്തേക്കാളും അടുത്തിരുന്നു.

ചില വാക്കുകളാലും നോട്ടങ്ങളാലും പരസ്പരം പ്രണയിച്ചു കൊണ്ടിരുന്നു. ശീതൾ ആ സമയങ്ങളിൽ എല്ലാം മൗനമായിരുന്നു.

ജീവന്റെ മൗന സമ്മതവും ദേവ്നിക്ക് ഉണ്ടായിരുന്നു. പ്രകാശ് ഇടക്ക് വിളിക്കും.

ഇപ്പൊ ആദ്യത്തെ സങ്കോചം വിട്ടു മാറി ജീവൻ സംസാരിക്കാൻ തുടങ്ങിയിരുന്നു.

അയാളുടെ ഓരോ ഫോണ് കോളിലും വാത്സല്യത്തിൽ നിറഞ്ഞ വാക്കുകൾ ജീവന്റെയുള്ളിൽ മഞ്ഞു വീഴുന്ന സുഖമാണ്. ഇടക്ക് എപ്പോഴെങ്കിലും കടലിലെ തിരമാലകൾ കാണാൻ അച്ഛനും മകനും പോകും.

ഫോണിലൂടെ സംസാരിക്കുമെങ്കിലും നേരിട്ട് കാണുമ്പോൾ വാക്കുകൾക്ക് ഇത്രയും ക്ഷാമം എങ്ങനെയെന്ന് ഇരുവർക്കും അതിശയമായിരുന്നു.

ഇരുവരുടെയും മനസിലെ കടലിരമ്പം പോലെ തീരത്തേക്ക് ആർത്തലക്കുന്ന തിരമാലകൾ രണ്ടുപേരും നോക്കി കാണും.

അലകൾ ഒന്നുമില്ലാതെ ശാന്തമാകുന്ന കടൽ കാണും വരെ ഇരുവരും അവിടെ തന്നെ നിൽക്കും. മനസും ശാന്തമാകും വരെ.

ഇന്ന് ഗൗതം ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ പതിവില്ലാതെ ദേവ്നിയുടെ കൈകൾ കോർത്തു പിടിച്ചിരുന്നു. മറ്റ് സ്റ്റാഫ് കാണ്കെ അവളുടെ വിരൽ തുമ്പിൽ പോലും തൊടാറില്ല ഗൗതം. അങ്ങനെയുള്ള ഗൗതമിന്റെ പ്രവർത്തിയിൽ അവൾക്ക് അതിശയമായി.

മൗനമായി തന്നെ ഒരു പുഞ്ചിരിയോടെ അവളുടെ കൈകളിൽ ഒന്നുകൂടി മുറുക്കി പിടിച്ചു കൊണ്ടു അവൻ കാറിലേക്ക് കേറി.

അവൻ ഗേറ്റ് കടന്നു പോകുന്നത് ഒരു ചിരിയോടെ ദേവ്നി നോക്കി നിന്നു. അന്ന് ജീവൻ അവളെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞതു കൊണ്ടു കുറച്ചു സമയം കൂടി അവനെ കാത്തിരുന്നു അവൾ. തണൽ വീട്ടിൽ എത്തും മുന്നേ ജീവന്റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നു.

കാറിൽ കണക്ട് ചെയ്ത കോൾ എടുത്തപ്പോൾ തന്നെ കേട്ട വാർത്തയിൽ ദേവ്നി നിശ്ചലയായി ഇരുന്നു.

ഗൗതമിനു പറ്റിയ ഒരു ആക്‌സിഡന്റ്. അത്രയുമെ അറിയുകയുള്ളൂ. ഒന്നും വരില്ലായെന്നു മനസിനെ സമാധാനിപ്പിച്ചാണ് ഇരുവരും ഹോസ്പിറ്റലിൽ എത്തിയത്.

മാധവ് മേനോനും അവിടെയുണ്ടായിരുന്നു. മകന് ഒരു ഉറുമ്പ് കടിച്ചാൽ പോലും ഇരട്ടി വേദന അനുഭവിക്കുന്ന അച്ഛനാണ് അയാൾ. പ്രതീക്ഷിക്കാതെ…

പെട്ടെന്നുള്ള ഈ അപകടം അയാളെ ഒരുപാട് തളർത്തിയിരുന്നു വെന്നു അയാളുടെ മുഖത്തു നിന്നും വായിക്കമായിരുന്നു. ജീവനും അതു കണ്ടു വിഷമം ആയിരുന്നു. പ്രകാശ് രാജ് കൂടി വന്നിരുന്നു.

അയാൾ വാക്കുകൾക്ക് ഇട നൽകാതെ മൗനമായി മാധവന്റെ തോളിൽ കൈകൾ അമർത്തി സമാധാനിപ്പിച്ചു. ഓപ്പറേഷൻ തീയേറ്ററിൽ ആയിരുന്നു ഗൗതം.

അപകടത്തിൽ സ്പൈനൽ കോടിനാണ് ക്ഷതം സംഭവിച്ചത്. ഓപ്പറേഷൻ കഴിഞ്ഞു പുറത്തേക്കു വന്ന ഡോക്ടറുടെ മുഖവും സങ്കർഷിതമായിരുന്നു.

“ഓപ്പറേഷൻ വിജയകരമായിരുന്നു. എങ്കിലും ഒരു പ്രശ്നമുണ്ട്. ഭാവിയിൽ ഗൗതം ഇനി എഴുനേറ്റു നടക്കുന്ന കാര്യത്തിൽ…. നടക്കില്ല എന്നല്ല…

ചിലപ്പോ ആഴ്ചകൾ കൊണ്ടു… അല്ലെങ്കി ഒന്നു രണ്ടു വർഷങ്ങൾ… കാത്തിരിക്കണം…

ബോധം വന്നിട്ടുണ്ട്… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും” ഡോക്ടറുടെ വാക്കുകൾ കേട്ട മാധവൻ തളർന്നു കസേരയിൽ ഇരുന്നു പോയി.

“എടൊ… താൻ ഇങ്ങനെ ആകാതെ… ഇപ്പോൾ താൻ ആണ് അവനു ധൈര്യം കൊടുക്കേണ്ടത്” പ്രകാശ് മാധവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

സുഭദ്രയും ഗായത്രിയും കണ്ണുനീരോടെ പ്രാർത്ഥനയിൽ അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

ദേവ്നിയുടെ അടുത്തു തന്നെ ജീവൻ ഉണ്ടായിരുന്നു. അവളുടെ ഒരു കൈ അവൻ പൊതിഞ്ഞു പിടിച്ചിരുന്നു.

ഗൗതമിനെ റൂമിലേക്ക് മാറ്റി…. എല്ലാവരും അവനു ചുറ്റും കൂടി. ജീവനും ദേവ്നിയും റൂമിൽ തന്നെ അകന്നു നിന്നു.

ഗൗതം ഒറ്റ രാത്രികൊണ്ട് വല്ലാതെ ക്ഷീണിച്ച പോലെ… പതിവ് കുസൃതി ചിരി ഒളിമങ്ങാതെ അപ്പോഴും അവന്റെ ചുണ്ടുകളിൽ ഉണ്ടായിരുന്നു.

സുഭദ്ര മകനെ നെഞ്ചിലൊക്കെ ഉഴിഞ്ഞു കണ്ണുനീർ വാർത്തു കൊണ്ടിരുന്നു. അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കുമെന്നു ആർക്കുമറിയില്ലായിരുന്നു.

പ്രകാശ് ആ സമയത്തും സുഭദ്രയുടെ ചെയ്തികൾ നോക്കി കാണുകയായിരുന്നു… അയാൾക്ക് അതൊക്കെ കാണും തോറും പുച്ഛം മാത്രം മനസിൽ നിറഞ്ഞു. അകന്നു നിൽക്കുന്ന ദേവ്നിയിലും ജീവനിലും ഗൗതമിന്റെ കണ്ണുകൾ ചെന്നു നിന്നു.

അവൻ കണ്ണുകൾ കൊണ്ട് അവരെ അടുത്തേക്ക് വിളിച്ചു. ജീവൻ ദേവ്നിയുടെ കൈകൾ പിടിച്ചു അവനരികിലേക്കു ഇരുന്നു.

ദേവ്നി ഒരുപാട് കരഞ്ഞിരുന്നുവെന്നു അവളുടെ മുഖം കാണുമ്പോൾ അറിയാം. കണ്ണുകളെല്ലാം കരഞ്ഞു വീർത്തു വീങ്ങിയിരുന്നു. ഗൗതം കൈ നീട്ടി അവളുടെ കവിളിൽ പതിയെ തട്ടി.

“പേടിച്ചോ…ഉം” അവന്റെ ചോദ്യത്തിന് അതെയെന്ന് അവൾ തലയാട്ടി.

“ഇവിടെ നിന്നും എഴുന്നേൽക്കാൻ കഴിയുമോയെന്നു എനിക്ക് അറിയില്ല…” അവൻ പറയുന്നത് പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ അവന്റെ വായ പൊത്തിപ്പിടിച്ചു.

ആ കൈകൾ അവൻ വേദനയോടെ അടർത്തി മാറ്റി.

“ഞാൻ പറയട്ടെ… എനിക്ക് അറിയില്ല… ഞാൻ എഴുന്നേൽക്കുമോയെന്നു… എന്നെപോലെ ഒരാളുടെ കൈകളിൽ നിന്നെ ഏൽപ്പിക്കാൻ ജീവനും താല്പര്യം കാണില്ല…

ഏത് സഹോദരനും അങ്ങനെയെ ചിന്തിക്കൂ…” ഗൗതം വാക്കുകൾ വിലങ്ങി കൈകൾ കണ്ണുകൾക്ക്‌ മേലെ വച്ചു കൊണ്ടു തുടർന്നു….

“പുതിയൊരു ജീവിതത്തെ കുറിച്ചു ദേവ്നി ആലോചിക്കാൻ തുടങ്ങണം. ആ ജീവിതവുമായി മനസു കൊണ്ടു പൊരുത്തപെടണം…

നിന്റെ മനസു വേദനിപ്പിക്കാതെ ജീവൻ കൂടെയുണ്ടാകും എനിക്ക് ഉറപ്പാണ്…”

..തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിലാവിനായ് : ഭാഗം 1

നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 3

നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 10

നിലാവിനായ് : ഭാഗം 11

നിലാവിനായ് : ഭാഗം 12

നിലാവിനായ് : ഭാഗം 13

നിലാവിനായ് : ഭാഗം 14

നിലാവിനായ് : ഭാഗം 15

നിലാവിനായ് : ഭാഗം 16

നിലാവിനായ് : ഭാഗം 17

നിലാവിനായ് : ഭാഗം 18