Wednesday, January 22, 2025
Novel

നീലാഞ്ജനം : ഭാഗം 8

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


ശ്രീകാന്ത് നാളെ പോവുകയാണ്..
മാമയെ കണ്ട് അനുഗ്രഹം വാങ്ങണം.
തിരികെ വരുന്ന വഴിക്ക് ക്ഷേത്രത്തിൽ ഒന്ന് കയറുകയും വേണം..

അവൻ പടവുകൾ കയറി ചെന്നപ്പോഴേ
കണ്ടു ഉമ്മറത്ത് ആലോചനയോടെ
ഇരിക്കുന്ന ഹരിതയെ..

അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ്
കണ്ടത് എവിടെയോ പോകാനായി ഒരുങ്ങി
ഇറങ്ങി വരുന്ന മാമയെ…

മാമ എവിടേക്കാ.. ഞാൻ കൃഷിഓഫീസ്
വരെ ഒന്നും പോകാമെന്ന് കരുതി.. വാഴവിത്ത് എത്തിയിട്ടുണ്ടെന്ന് കേട്ടു.
ഒന്നു പോയി നോക്കാം എന്നു കരുതി…

ഞാൻ മാമയെ കാണാൻ ഇറങ്ങിയതാ.
നാളെ രാവിലെ പോകും..
മാമ അനുഗ്രഹിക്കണം എന്നെ…
അവൻ വേണു മാഷിന്റെ കാൽ തൊട്ടു
വന്ദിച്ചു…

വേണുമാഷ് ശ്രീക്കുട്ടനെ വാത്സല്യത്തോടെ പിടിച്ചെഴുന്നേൽപ്പിച്ചു.. പിന്നെ അവന്റെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു…
നന്നായി വരും മോനേ…

മോൻ ഇരിക്ക് ഹരികുട്ടൻ ചായ ഇട്ടു തരും..
വേണ്ട മാമേ എനിക്ക് അല്പം ധൃതി ഉണ്ട്…
പോകുന്ന വഴിക്ക്ക്ഷേത്രത്തിൽ ഒന്ന് കയറണം…

പറഞ്ഞു കൊണ്ട് അവൻ വേണുമാഷിന്റെ
കൂടെ തന്നെ പടിക്കെട്ടുകൾ ഇറങ്ങി…

ഉമ്മറത്തു നിന്ന ഹരിതയുടെ നെഞ്ചു വിങ്ങി..
ഒരു നോട്ടം പോലും ശ്രീയേട്ടന്റെ ഭാഗത്തുനിന്നും തനിക്ക് നേരെ ഇല്ലല്ലോ… മറന്നോ ഇത്ര പെട്ടെന്ന് തന്നെ… ഇത്രയേ ഉണ്ടായിരുന്നുള്ളോ
തന്നോടുള്ള സ്നേഹം…

അവൾ നിറഞ്ഞുതുളുമ്പിയ കണ്ണുനീർ
അമർത്തി തുടച്ചു..

എന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ..
മറ്റാരെക്കാളും ഞാനല്ലേ ശ്രീയേട്ടന് ജോലി
കിട്ടാൻ പ്രാർത്ഥിച്ചത്…

അവൾക്ക് സങ്കടം അധികരിച്ചു വന്നു..
നോക്കിക്കോ ഞാൻ ഒരു കൂട്ടം കണ്ടിട്ടുണ്ട്..
എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്..
എന്നെ മറന്നു അല്ലേ ശ്രീയേട്ടൻ..
പക്ഷേ എനിക്ക് മറക്കാൻ പറ്റില്ലല്ലോ..

ഹരിത എന്തോ തീരുമാനിച്ചുറപ്പിച്ചതു
പോലെ മുഖം അമർത്തി തുടച്ചു…

വൈകുന്നേരം എല്ലാവരുംകൂടി ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്..
അപ്പോഴാണ് അകത്ത് പഠിച്ചുകൊണ്ടിരുന്ന ഉണ്ണിമോളെ ശ്രീകാന്ത് വിളിച്ചത്..

ശ്രീകാന്തിന്റെ അടുത്ത് വന്ന ഉണ്ണിമോളുടെ കയ്യിലേക്ക് ഒരു ചെറിയ നോക്കിയ സെറ്റ് ഫോൺ അവൻ വെച്ചുകൊടുത്തു..

മോളേ ഇത് ഇവിടെ വെച്ചേക്കണം ഏട്ടൻ ഇതിൽ വിളിച്ചോളാം.. പുതിയ സിം ഒക്കെ വാങ്ങിയിട്ട് സെറ്റ് ചെയ്തിട്ടുണ്ട്.. ഉണ്ണിമോളുടെ മുഖം വിടർന്നു.. അവൾ ഫോൺ തിരിച്ചും മറിച്ചും നോക്കി…

എന്നാൽ ശ്രീക്കുട്ടന് എതിരെ ഇരിക്കുകയായിരുന്ന ശ്രീക്കുട്ടിക്ക് അതുകണ്ട് മുഖം ഇരുണ്ടു…

അവൾക്ക് എന്തിനാ ഏട്ടാ ഫോൺ..
പ്ലസ് ടു വിന്റെ പരീക്ഷ അല്ലേ വരുന്നത്..
വല്ലതും ഇരുന്ന് പഠിക്കേണ്ട സമയത്ത് ഫോൺ ആണോ ചേട്ടൻ അവളുടെ കയ്യിൽ കൊടുക്കുന്നത്..

അതോർത്ത് ശ്രീക്കുട്ടി വിഷമിക്കേണ്ട എനിക്ക് ഉണ്ണിമോളെ നല്ല വിശ്വാസമാണ്.

പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ അകത്തേക്ക് കയറിപ്പോയി.. ചമ്മി ഇരിക്കുന്ന ശ്രീക്കുട്ടിയുടെ മുഖത്തേക്ക് നോക്കി ഉണ്ണിമോൾ കോക്രി കാണിച്ചു..

അവൾ ദേഷ്യത്തോടെ ചവിട്ടി തുള്ളി അകത്തേക്ക് പോയി…

അപ്പോഴാണ് താഴെ നിന്നും കയറിവരുന്ന വേണു മാമയേയും ഹരിതയേയും ശാരി കണ്ടത്…

ഏട്ടാ ദേ വേണു മാമ എത്തിയിരിക്കുന്നു.
ശ്രീകാന്ത് പെട്ടെന്നുതന്നെ വെളിയിലേക്ക് ഇറങ്ങി വന്നു. കുറേനേരം സംസാരിച്ചു
ഇരുന്നതിന് ശേഷമാണ് വേണു മാഷും ഹരിതയും പോകാൻ ഇറങ്ങിയത്…

പോകാൻ ഇറങ്ങിയപ്പോൾ ശ്രീകാന്തിന്റെ മുഖത്തേക്ക് ഉറ്റു നോക്കിയ ഹരിത ഓർത്തു ഒരു നോട്ടം കൊണ്ട് പോലും തന്നെ ശ്രദ്ധിക്കുന്നില്ല ശ്രീയേട്ടൻ എന്ന്…

അവളുടെ മിഴികൾ നിറഞ്ഞു..

ഉണ്ണിമോൾ അവന്റെ അടുത്തേക്ക്
വന്നു…

ശ്രീയേട്ടാ ഹരിചേച്ചിയോടുള്ള പിണക്കം മാറിയില്ലേ… ചേച്ചിക്ക് നല്ല വിഷമമായി എന്ന് തോന്നുന്നു ഏട്ടൻ എന്താ ഒന്നും സംസാരിക്കാതെ ഇരുന്നത്.. പാവമല്ലേ
ഹരി ചേച്ചി…

അവൻ അവളുടെ കവിളിൽ തലോടി മോൾക്ക് പഠിക്കാൻ ഒരു പാടില്ലേ..
പോയിരുന്നു പഠിക്ക്.. നല്ല മാർക്ക് വാങ്ങി
എങ്കിലെ ഡിഗ്രിക്ക് കോളേജിൽ അഡ്മിഷൻ കിട്ടുകയുള്ളൂ…

രാത്രിയിൽ ഭക്ഷണം കഴിച്ചതിനുശേഷം കിടക്കാൻ തുടങ്ങുകയായിരുന്നു ദേവിക.
അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
അവൾ ഫോൺ എടുത്തു നോക്കി പരിചയമില്ലാത്ത നമ്പർ ആണ്..

ആരാണാവോ ഈ രാത്രി..
അവൾ ആലോചനയോടെ
ഫോണെടുത്തു കാതോട് ചേർത്തു…

ഏട്ടത്തി ഞാനാ ഉണ്ണി മോൾ…
ഏട്ടൻ വാങ്ങി തന്നതാ ഫോൺ..
അവളുടെ സന്തോഷത്തോടെയുള്ള സംസാരം കേട്ട് ദേവിക പുഞ്ചിരിച്ചു..

ശ്രീകാന്ത് പോയിട്ട് വിളിച്ചോ മോളെ.
വിളിച്ചു ഏട്ടത്തി.. ഇന്ന് ജോലിക്ക് കയറി എന്നു പറഞ്ഞു..

അപ്പോഴാണ് ദേവികയുടെ ഫോണിൽ മനുവിന്റെ വീഡിയോ കോൾ എത്തിയത്..

ഉണ്ണി മോളെ എനിക്ക് വേറൊരു കോൾ വരുന്നുണ്ട്. ഏട്ടത്തി മോളെ പിന്നെ
അങ്ങോട്ട് വിളിച്ചോളാം… എങ്കിൽ ശരി ഏട്ടത്തി.. വയ്ക്കട്ടെ… ശരി മോളെ..

പറഞ്ഞുകൊണ്ട് ദേവിക വേഗം ഫോൺ
കട്ട് ചെയ്തു.. പിന്നെ മനുവിനെ വീഡിയോ കോൾ ചെയ്തു.. മറുവശത്ത് സ്ക്രീനിൽ മനുവിന്റെ മുഖം തെളിഞ്ഞു..

ആരോടാ ദേവു കുട്ടിയെ ഈ രാത്രിയിൽ
സല്ലാപം… അത് ഉണ്ണിമോൾ വിളിച്ചതാ മനുവേട്ടാ… ആഹാ എന്റെ ഉണ്ണിമോൾ ആയിരുന്നോ വിളിച്ചത്… ഇനി വിളിക്കുമ്പോൾ മനുവേട്ടൻ തിരക്കി
എന്ന് പറയണേ…

ശ്ശൊ ഈ മനുവേട്ടന്റെ ഒരു കാര്യം..
രണ്ടുദിവസം കഴിയുമ്പോൾ
ഇങ്ങെത്തില്ലേ അപ്പോൾ നേരിട്ട്
പറഞ്ഞാൽ മതി…

ഓ ആയിക്കോട്ടെ.. അവൻ ചിരിയോടെ പറഞ്ഞു… അല്ല ദേവുകുട്ടിയേ ഈ ഉണ്ണിമോൾ കാണാൻ എങ്ങനെയാ സുന്ദരിയാണോ…

മനുവേട്ടാ തമാശയൊക്കെ കയ്യിൽ
വെച്ചാൽ മതി കേട്ടോ.. ഉണ്ണിമോൾ
ഒരു പാവം കുട്ടിയാ…

എന്തായാലും ഈ ഉണ്ണിമോൾ ഇത്ര
പെട്ടന്ന് എന്റെ ദേവു കുട്ടിയുടെ മനസ്സ് കീഴടക്കിയല്ലോ..

അവൾ പുഞ്ചിരിയോട് കൂടി മനുവിനെ മുഖത്തേക്ക് നോക്കി അപ്പോഴാണ് സ്ക്രീനിൽ മറ്റൊരു മുഖം കൂടി തെളിഞ്ഞു വന്നത്… വിനുവേട്ടൻ… അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു..

ദേവികയുടെ മുഖത്തേക്ക് ഒന്ന് നോക്കി അതിനുശേഷം വിനു അവിടെ നിന്നും മാറി നിന്നു അവളുടെ സംസാരം ശ്രദ്ധിച്ചു…

നീ എന്താ ദേവുകുട്ടി വിനുവേട്ടൻ വന്നപ്പോൾ ഒന്നും സംസാരിക്കാതെ
ഇരുന്നത്….

അയ്യോ എനിക്ക് പേടിയാ..
പേടിയോ അതെന്തിന് ?
വിനുവേട്ടൻ എന്നോട് ഒന്നും
സംസാരിക്കാറേ ഇല്ലല്ലോ…
ഒന്നു ചിരിക്കുക കൂടിയില്ല..

എന്തൊരു സ്വഭാവമാ.. ഒരു മുരടനാ വിനുവേട്ടൻ.. എപ്പോഴും ദേഷ്യമാ…
ഹോ…ഈ വിനുവേട്ടൻ കെട്ടുന്ന
പെണ്ണിന്റെ കാര്യം പോക്കാ…
അവരുടെ ജീവിതം ഒരു അവാർഡ് പടം മാതിരി ആയിരിക്കും..

എടീ എടീ നീ എന്റെ ഏട്ടനെയാ കുറ്റം പറയുന്നത്.. മതി കേട്ടോ.. ഏട്ടൻ കേട്ടാലേ നിന്നെ വെച്ചേക്കില്ല.. അയ്യോ മനുവേട്ടാ ആ കംസനോട്‌ ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞെന്ന് പറയല്ലേ….

കുറെ നേരം കൂടി മനുവിനോട് സംസാരിച്ചതിന് ശേഷമാണ് ദേവിക
ഫോൺ വെച്ചത്..

ഫോൺ കട്ട് ചെയ്തതിനു ശേഷം അവൾ ആലോചനയോടെ ഇരുന്നു. വിനുവേട്ടന് എന്നും തന്നോട് ഒരു അകൽച്ചയാണ്.

പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്താണ് കാരണം എന്ന്. അടുത്ത വരവിന് വരുമ്പോൾ ചോദിക്കണം എന്ന് കരുതും പക്ഷെ ഭയമാണ് മുഖം കാണുമ്പോൾ തന്നെ ചോദിക്കാൻ വന്നത് ആവിയായി പോകും…

ഈ സമയം മനു വിനുവിനെ കളിയാക്കി ചിരിക്കുകയായിരുന്നു… ഏട്ടൻ എന്താ പറഞ്ഞത് ദേവുകുട്ടി ഒരു പാവമാണെന്ന് അല്ലേ… പാവം കുട്ടി ഇപ്പോൾ ഒരു പുലിക്കുട്ടി ആയത് കണ്ടോ… ഏട്ടൻ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു…

വിനുവിന്റെ ചുണ്ടിലൊരു കുസൃതി ചിരി
വിരിഞ്ഞു. കുരുത്തംകെട്ടവൾ…
വെച്ചിട്ടുണ്ട് നിനക്ക്…. ഞാൻ കംസൻ ആണ് അല്ലേ…എന്നെ കെട്ടുന്നവളുടെ കാര്യം പോക്കാണ് അല്ലേ.. അതെടീ നിന്റെ
കാര്യം പോക്കാ…. എന്റെ കയ്യിൽ ഒന്നു കിട്ടിക്കോട്ടെ… അവാർഡ് പടം എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരുന്നുണ്ട്… അവൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ കണ്ണുകളടച്ചു…

ശ്രീകാന്ത്‌ പോയതിനുശേഷം ഹരിതയെ
വീട്ടിലേക്ക് കാണാഞ്ഞതിനാൽ ഉണ്ണിമോൾ അവിടേക്ക് പോകാനായി ഇറങ്ങി…

മുറ്റത്തേക്ക് കയറിയപ്പോഴേ കണ്ടു
വേണു മാമ പറമ്പിൽ നിൽക്കുന്നത്…

അവൾ ഉറക്കെ വിളിച്ചു മാമേ..
വേണു മാമ ചിരിയോടെ അവളുടെ
അരികിലേക്ക് വന്നു അല്ല ഇതാരാ
ഉണ്ണിമോളോ എന്താ പതിവില്ലാതെ….

വെറുതെ വന്നതാ മാമേ…
ഹരി ചേച്ചിയെ കണ്ടിട്ട് കുറേ
ദിവസമായല്ലോ…

പരീക്ഷയൊക്കെ നന്നായി എഴുതിയോ..
നല്ല മാർക്ക് കിട്ടുമോ കുട്ടിക്ക്…

നന്നായി എഴുതിയിട്ടുണ്ട് മാമേ..

അല്ല ഹരി ചേച്ചി ഇവിടെയെങ്ങും ഇല്ലേ
എവിടെ പോയി..

അവള് അകത്തുണ്ട് മോളെ..
മോൾ അകത്തോട്ട് കയറ്…

ഉണ്ണിമോൾ മുറിയിലേക്ക് ചെല്ലുമ്പോൾ
ഹരിത എന്തോ ആലോചിച്ചു കൊണ്ട്
കട്ടിലിൽ ഇരിക്കുകയാണ്…

ഉണ്ണിമോൾ പുറകിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു. എന്റെ ഹരി ചേച്ചി എന്താ
ഇത്ര ആലോചിക്കുന്നത്…

നീ എപ്പോൾ വന്നു ഉണ്ണി മോളെ.
ഞാൻ കുറെ നേരമായി ചേച്ചി വന്നിട്ട്.
ചേച്ചിയെ പുറത്തോട്ട് കാണാനേ ഇല്ലല്ലോ..

അവൾ ഉണ്ണി മോൾക്ക് നേരെ നോക്കി
ഒരു വാടിയ ചിരി നൽകി. ഉണ്ണിമോൾ
ഹരിതയുടെ മുഖത്തേക്ക് സൂക്ഷിച്ചു
നോക്കി. കുറച്ചു ദിവസങ്ങൾ കൊണ്ട്
ഒരുപാട് ക്ഷീണിച്ചിരിക്കുന്നു. പഴയ ചൈതന്യം
മുഖത്തുനിന്നും നഷ്ടമായിരിക്കുന്നു…

അവൾ രണ്ടു കൈകൾ കൊണ്ടും
ഹരിതയുടെ മുഖം കോരിയെടുത്തു.
എന്താ എന്റെ ഹരി ചേച്ചിക്ക് പറ്റിയത്.
പെട്ടെന്നാണ് ഹരിത ഉണ്ണിമോളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കെ കരഞ്ഞത്..

ഉണ്ണി മോളേ എനിക്ക് ശ്രീയേട്ടൻ
ഇല്ലാതെ പറ്റില്ല. ഞാൻ എന്താ ചെയ്യേണ്ടത്.
ശ്രീയേട്ടൻ എന്നോട് ഒന്നും സംസാരിക്കുന്നത് പോലും ഇല്ല. അച്ഛനോട് മാത്രം സംസാരിക്കും. ഞാനാ ഫോൺ എടുക്കുന്നതെങ്കിൽ പെട്ടെന്ന് കട്ട് ചെയ്യും.
തേങ്ങി കൊണ്ടുള്ള അവളുടെ
സങ്കടം പറച്ചിൽ കേട്ട് ഉണ്ണിമോൾ അമ്പരപ്പോടെ നോക്കിയിരുന്നു..

വിവാഹമുറപ്പിച്ചപ്പോഴേക്കും ഇങ്ങനെയാണെങ്കിൽ പിന്നത്തെ കാര്യം പറയേണ്ടല്ലോ.. കുശുമ്പോടെയുള്ള അവളുടെ സംസാരം കേട്ട് ഉണ്ണിമോൾ പൊട്ടിച്ചിരിച്ചു…

ചിരിയുടെ കാര്യമറിയാതെ ഹരിത ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി.
നിനക്ക് ചിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഉണ്ണി മോളെ. അവൾ ദേഷ്യത്തോടെ ചോദിച്ചു..

പിന്നെ ഹരി ചേച്ചിയുടെ സംസാരം കേട്ടാൽ എങ്ങനെയാണ് ചിരിക്കാതെ ഇരിക്കുന്നത്.
ദേവിക ഏട്ടത്തിയുമായുള്ള വിവാഹം നടക്കില്ല ഹരി ചേച്ചി. ഏട്ടൻ ദേവിക
ഏട്ടത്തിയോട് പറഞ്ഞു ഹരിചേച്ചിയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ
ഏട്ടന് കഴിയില്ലെന്ന്…

കേട്ടത് വിശ്വസിക്കാനാവാതെ ഹരിത
കണ്ണുമിഴിച്ചിരുന്നു.. നേരാണോ ഉണ്ണിമോളെ പറയുന്നത്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… സന്തോഷം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു..

(തുടരും )

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7