Sunday, December 22, 2024
Novel

നീലാഞ്ജനം : ഭാഗം 10

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


വിനുവിന്റെയും ദേവികയുടെയും നാളുകൾ തമ്മിൽ പത്തിൽ എട്ടു പൊരുത്തം ഉണ്ടെന്ന് അറിഞ്ഞപ്പോൾ മേനോന് ആകെ സന്തോഷം തോന്നി.

ആഹ്ലാദത്തോടെ വീട്ടിൽ വന്ന് എല്ലാവരോടും വിവരം പറഞ്ഞപ്പോൾ എല്ലാ മുഖങ്ങളിലും സന്തോഷം വിരിഞ്ഞു.

പക്ഷേ ദേവികയുടെ മനസ്സിൽ മാത്രം എന്തോ ഒരു വിഷമം വീർപ്പുമുട്ടി. അത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല.

പക്ഷേ അച്ഛന്റെ സന്തോഷം കണ്ടപ്പോൾ അവൾക്ക് ഒന്നും പുറത്തു കാണിക്കാൻ തോന്നിയില്ല അവൾ തന്റെ സങ്കടം ഉള്ളിലടക്കി.

ആഘോഷപൂർവ്വം തന്നെ വിവാഹം നടത്താൻ തീരുമാനമായി. ദേവിക വിനുവിന്റെ മുഖത്തേക്ക് പാളി നോക്കി. ദേവികയുടെ മുഖഭാവം വീക്ഷിക്കുകയായിരുന്ന അവൻ പെട്ടെന്ന്
തന്നെ ദൃഷ്ടി മാറ്റി.

ഒരു ദിവസം ദേവിക പതിവുപോലെ സിറ്റൗട്ടിൽ ഇരുന്ന് എന്തോ ബുക്ക് വായിക്കുകയാണ്.
മേനോൻ രാവിലെതന്നെ കമ്പനിയിലേക്ക് പോയി.

അപ്പച്ചി ചിറ്റപ്പനും കൂടി ചിറ്റപ്പന്റെ അനിയത്തിയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. മനുവും എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുന്നു.

അപ്പോഴാണ് വിനു സിറ്റൗട്ടിലേക്ക് വന്നത്.

രാധമ്മ എവിടെ ദേവി…
പതിവില്ലാത്ത അവന്റെ ചോദ്യവും ദേവി എന്നുള്ള വിളിയും അവളെ അൽഭുത സ്തബദ്ധയാക്കി.

പെട്ടെന്ന് അമ്പരന്നെങ്കിലും അവൾ ചോദിച്ചു എന്താ വിനുവേട്ടാ എന്തെങ്കിലും വേണോ.
രാധമ്മ മാർക്കറ്റിലേക്ക് പോയിരിക്കുകയാണ്.

ദേവീ എനിക്ക് ഒരു ജ്യൂസ് കിട്ടിയാൽ കൊള്ളാമായിരുന്നു. അവൾ വിഷമത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

ആദ്യമായി വിനുവേട്ടൻ ഒരു കാര്യം ആവശ്യപ്പെടുന്നതാണ് തനിക്ക് ചെയ്തു കൊടുക്കാൻ പറ്റില്ലല്ലോ. അവൾ വിഷമത്തോടെ ഓർത്തു.

പിന്നെ മറ്റൊന്നും ചിന്തിക്കാതെ വീൽചെയറും ആയി നേരെ കിച്ചണിലേക്ക് പോയി.

ദേവികയുടെ പുറകെ കിച്ചണിലേയ്ക്ക് ചെന്ന വിനു കാണുന്നത് എന്ത് ചെയ്യണമെന്നറിയാതെ വീൽ ചെയറിൽ ഇരിക്കുന്ന ദേവികയെയാണ്.

അവൻ ഒരു നിമിഷം അവളെ നോക്കി നിന്നു പിന്നെ വിളിച്ചു. ദേവി… അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി..

എന്റെ നിസ്സാരമായ ആവശ്യങ്ങൾ പോലും സാധിച്ചു തരാൻ കഴിയാത്ത നീ എങ്ങനെ വിവാഹശേഷം ഒരു നല്ല ഭാര്യ ആകും.

ദേവിക വേദനയോടെ വിനുവിന്റെ മുഖത്തേക്ക് നോക്കി. ഗദ്ഗദം കൊണ്ട് അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. വിനുവേട്ടാ ഞാൻ. എല്ലാം അറിഞ്ഞു കൊണ്ടല്ലേ വിനുവേട്ടൻ വിവാഹത്തിന് സമ്മതിച്ചത്.

വിനു അവളെ രൂക്ഷമായി നോക്കി. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് വിവാഹത്തിന് സമ്മതിച്ചത്.

പക്ഷേ ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ പോലും എടുത്തു തരാൻ കഴിവില്ലാത്ത ഒരാളാണ് നീ എന്ന് ഞാൻ അറിഞ്ഞില്ല.

വിനുവേട്ടാ എന്റെ അവസ്ഥ ഏട്ടന് അറിയില്ലേ. എന്തവസ്ഥ……. ഒരു കാൽ ഇല്ലാത്ത എത്രയോ ആൾക്കാർ അധ്വാനിച്ചു
കുടുംബം നോക്കുന്നു.

എന്നും ഇങ്ങനെ വീൽ ചെയറിൽ ഇരിക്കാം എന്നാണോ. എന്തുവേണം അല്ലെ. ഒരു വിളിപ്പുറത്ത് എല്ലാം എത്തുന്നുണ്ടല്ലോ.

എല്ലാത്തിനും നിന്റെ അച്ഛനെ പറഞ്ഞാൽമതി. താളത്തിന് തുള്ളാൻ നില്കുകയല്ലേ.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ആദ്യമായാണ് വിനു ദേഷ്യപ്പെടുന്നത്.
അവളെ ദേഷ്യത്തോടെ നോക്കികൊണ്ട്
അവൻ റൂമിലേക്ക് നടന്നു.

വെളിയിലേക്ക് വന്ന ഏങ്ങൽ അടക്കി പിടിച്ചുകൊണ്ട് അവൾ റൂമിലേക്ക്‌ വീൽ ചെയർ തിരിച്ചു.

റൂമിൽ വന്ന് കട്ടിലിന് അരികിലേക്ക് നീങ്ങി കൊണ്ട് വീൽ ചെയറിൽ നിന്നും എഴുന്നേറ്റ്
കട്ടിലിലേക്ക് ഇരിക്കാനായി ആഞ്ഞു.

പക്ഷെ പുറകോട്ട് ഉരുണ്ടു നീങ്ങിയ വീൽ ചെയറിൽ നിന്നും ബാലൻസ് തെറ്റി അവൾ നിലത്തേക്ക് വീണു.

എന്തോ ശബ്ദം കേട്ട് ഓടി വന്ന വിനു കാണുന്നത് നിലത്തുനിന്നും എഴുന്നേൽക്കാൻ നോക്കുന്ന ദേവികയെ ആണ്.

വേഗം ഒരു കൈകൊണ്ട് അവളെ താങ്ങി കട്ടിലിലേക്ക് ഇരുത്തി. പിന്നെ അവളെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
ഇനിയെങ്കിലും സ്വന്തം കാര്യം മറ്റൊരാളെ ആശ്രയിക്കാതെ ചെയ്യാൻ പഠിക്ക്…

എപ്പോഴും ഇങ്ങനെ വീൽ ചെയറിൽ ഇരിക്കാതെ നിനക്ക് ആർട്ടിഫിഷ്യൽ ലെഗ് വെച്ചു നടക്കാൻ പരിശീലിച്ചാൽ എന്താ..

ഏതുനേരവും ഈ രണ്ടു വീലിൽ ഇരുന്ന് ഇവിടെത്തന്നെ കറങ്ങാം എന്നാണോ വിചാരം. അവൻ അത്യധികം ക്ഷോഭത്തോടെ പറഞ്ഞു നിർത്തി.

കതക് വലിച്ചടച്ചു ദേഷ്യത്തോടെ
വെളിയിലേക്ക് പോകുന്ന വിനുവിനെ നോക്കിക്കൊണ്ട് അവൾ ഏങ്ങിയേങ്ങി കരഞ്ഞു…

വൈകുന്നേരം എല്ലാവരും വീട്ടിൽ വന്നിട്ടും ദേവിക റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയില്ല. രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വേണ്ട എന്ന് പറഞ്ഞു കിടന്ന
ദേവികയെ വിളിക്കാനായി മനു റൂമിലേക്ക് ചെന്നു.

എന്താ ദേവുകുട്ടി പതിവില്ലാതെ കിടക്കുന്നത്. മനുവിനെ കണ്ട് അവൾ കിടക്കയിലേക്ക് എഴുന്നേറ്റിരുന്നു. ഒന്നുമില്ല മനുവേട്ടാ. ഒരു തലവേദന പോലെ.

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം എല്ലാം ചുവന്നിരിക്കുന്നു.
കൺപോളകൾ തടിച്ചുവീർത്തു കിടക്കുന്നു.

എന്തിനാ ദേവു കുട്ടി കരഞ്ഞത്. കരഞ്ഞതല്ല മനുവേട്ടാ തലവേദന കൊണ്ടാ.
വിശ്വാസം ആവാത്തത് പോലെ മനു വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി.

നീ വന്ന് വല്ലതും കഴിക്ക് ദേവുട്ടി. ഒരു ടാബ്ലെറ്റ് കഴിക്കുമ്പോഴേക്കും തലവേദന പമ്പകടക്കും.

അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു വീൽചെയറിലേക്ക് ഇരുത്തി മനു.
ഡൈനിങ് ഹാളിൽ ചെല്ലുമ്പോൾ എല്ലാവരും
കഴിക്കാൻ ഇരുന്നിരുന്നു.

വാടിയ മുഖത്തോടെ ചെല്ലുന്ന ദേവികയെ നോക്കി മേനോൻ നെറ്റി ചുളിച്ചു. ദേവു കുട്ടിക്ക് നല്ല തലവേദനയാണ്. ആഹാരം കഴിച്ചിട്ട് ഒരു ടാബ്ലെറ്റ് കൊടുക്കണം
രാധമ്മയെ നോക്കി അവൻ പറഞ്ഞു.

എന്തൊക്കെയോ നുള്ളിപ്പെറുക്കി ഭക്ഷണം കഴിച്ചെന്ന് വരുത്തി ദേവിക. ദേവികയുടെ പോക്കു കണ്ട് ചുണ്ടിലൊളിപ്പിച്ച ചിരിയോടെ വിനു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

കിടന്ന് ഏറെ നേരമായിട്ടും ഉറക്കം വരാതെ ഇരുന്ന വിനു എഴുന്നേറ്റ് ദേവികയുടെ റൂം ലക്ഷ്യമാക്കി നടന്നു. വാതിലിനിടയിലൂടെ വന്ന വെളിച്ചം കണ്ട അവൻ ഓർത്തു ഇവൾ ലൈറ്റ് ഓഫ് ചെയ്യാതെ ആണോ കിടന്നത്.

പതുക്കെ ഡോർ തുറന്ന് നോക്കിയ അവൻ കാണുന്നത് വലതുകാലിൽ കൃത്രിമ കാൽ ഇട്ടുകൊണ്ട് ഭിത്തിയിൽ പിടിച്ചു നടക്കുന്ന ദേവികയെ ആണ്.

അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. എന്തായാലും ഇന്നത്തെ ഡോസ് ഏറ്റു.
അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. ഓരോ ചുവടു വയ്ക്കുമ്പോഴും വേദന കൊണ്ട് മുഖം ചുളിക്കുന്ന ദേവികയെ.

ഭിത്തിയിൽ പിടിച്ച് കട്ടിലിലേക്ക് ഇരിക്കാനായി ദേവിക തിരിയുന്നത് കണ്ട
വിനു പെട്ടെന്ന് വാതിലിന് മറവിലേക്ക് മാറി.

മെല്ലെ കട്ടിലിലേക്ക് ഇരുന്നു കൊണ്ട്
കാലിൽ നിന്നും അത് ഊരി മാറ്റി അവൾ.
പരിചയ കുറവ് മൂലം കാലിന്റെ സൈഡിൽ നിന്നും തൊലി ഉരഞ്ഞു ചോര പൊടിഞ്ഞു കൊണ്ടിരുന്നു.

അത് കാണകെ വിനുവിന്റെ നെഞ്ചു വിങ്ങി.
ഒന്നുരണ്ടു നിമിഷം അവളെ നോക്കി നിന്നതിനു ശേഷം അവൻ മുകളിലേക്ക് കയറി.

പിറ്റേന്ന് രാവിലെ അൽപം വൈകിയാണ്
വിനു എഴുന്നേറ്റത്. സിറ്റൗട്ടിലേക്ക് ചെന്നപ്പോൾ തനിക്ക് മുഖം തരാതെ ഇരിക്കുന്ന ദേവികയെ അവൻ നോക്കി നിന്നു.

ഇന്ന് ശാലിനിയുടെ വിവാഹമാണ്. മേനോൻ
തിരക്കിൽ ആയതുകൊണ്ട് ബാക്കി എല്ലാവരും കൂടി വിവാഹത്തിന് പോകാമെന്ന് തീരുമാനിച്ചു.

ആക്സിഡന്റ് ഉണ്ടായതിനുശേഷം ദേവിക ആദ്യമായിട്ടാണ് വെളിയിലേക്ക് ഇറങ്ങുന്നത്.
ഈ ഒരു വർഷത്തിനിടയിൽ ആളുകൾ കൂടുന്ന ഒരു പരിപാടിക്കും അവൾ പോയിരുന്നില്ല.

എല്ലാവരും പോകാൻ റെഡിയായി ഇറങ്ങി. വീൽചെയറും ഉരുട്ടിക്കൊണ്ട് സിറ്റൗട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയ ദേവികയെ നോക്കി വിനു ചോദിച്ചു നീ ഈ രണ്ടുവീലും ഉരുട്ടി കൊണ്ട് എങ്ങോട്ടേക്കാ..

അവൾ ഒന്നും മിണ്ടാനാവാതെ അവന്റെ മുഖത്തേക്ക് നോക്കി.വിനു അവളുടെ നേരെ മുഖം അടുപ്പിക്കുന്നത് കണ്ടു അവൾ മുഖം കുനിച്ചു..പെട്ടെന്നാണ് അവളൊന്നു ഉയർന്ന് പൊങ്ങിയത്..

എന്താണെന്ന് ചിന്തിക്കാൻ കഴിയുന്നതിനു മുൻപേ വിനുവിന്റെ കൈകൾ അവളെ കോരിയെടുത്തിരുന്നു. അത് നോക്കി നിന്ന മൂവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.

അവൾ ജാള്യതയോടെ ആരുടേയും മുഖത്തേക്ക് നോക്കാനാവാതെ ഇരുന്നു..
ചുവന്നു തുടുത്തു ഇരിക്കുന്ന അവളുടെ മുഖം കണ്ട് അവന് ഒരു ചുംബനം കൊടുക്കാൻ തോന്നി.

അവളെ കാറിലേക്ക് ഇരുത്തിയ ശേഷം മനുവിന്റെ മുഖത്തേക്ക് അവൻ നോക്കി.
നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ മനു പുറകിൽ കിടന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

മനുവിന്റെ ഒപ്പം അപ്പച്ചിയും ചിറ്റപ്പനും കയറുന്നത് കണ്ട് ദേവിക വിനുവിന്റെ മുഖത്ത് അമ്പരപ്പോടെ നോക്കി.
ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വിനു വണ്ടിയെടുത്തു.

ഓഡിറ്റോറിയത്തിലേക്ക് ചെല്ലുമ്പോൾ അധികം ആരും വന്നിട്ടുണ്ടായിരുന്നില്ല.
കാറിൽ നിന്നും എടുത്തു ഓഡിറ്റോറിയത്തിന് അകത്തേക്ക് പോകുന്ന വഴി വിനു അവളുടെ ചെവിയിൽ മന്ത്രിച്ചു.

കാണുന്നപോലെ ഒന്നുമല്ല മുടിഞ്ഞ വെയിറ്റാ കേട്ടോ..

മുഖം കൂർപ്പിച്ചുള്ള അവളുടെ നോട്ടം കണ്ട്
അവൻ പറഞ്ഞു ദേ പെണ്ണെ ഇങ്ങനെ നോക്കിയാൽ ഒരു കടി അങ്ങ് വെച്ചു തരും കേട്ടോ…

അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ തോന്നി. അവളെ കസേരയിലേക്ക് ഇരുത്തി അവളുടെ അടുത്തായി അവനും ഇരുന്നു.

അപ്പോഴാണ് ഏട്ടത്തി എന്നുള്ള ഒരു വിളി കേട്ടത്. മുഖമുയർത്തി നോക്കിയ ദേവിക കണ്ടത് മഞ്ഞയും മജന്തയും കോമ്പിനേഷൻ ഉള്ള ഒരു ദാവണി ചുറ്റി നീണ്ട മുടി പിന്നി ഇട്ട് തല നിറയെ മുല്ലപ്പൂവും ചൂടി രണ്ടു കൈ നിറയെ കുപ്പിവളകളും അണിഞ്ഞു ഓടിവരുന്ന ഉണ്ണിമോളെ ആണ്..

ദേവികയുടെ അടുത്തേക്ക് വന്ന ഉണ്ണിമോൾ അവളെ ഇറുകെ കെട്ടിപ്പിടിച്ചു. ഇന്ന് ഉണ്ണിമോൾ സുന്ദരി ആയിട്ടുണ്ടല്ലോ. ആണോ ഏട്ടത്തി. എന്നാലും എന്റെ ഏടത്തിയുടെ അത്രയും വരില്ല കേട്ടോ.

അവളുടെ സംസാരം കേട്ട് വിനു ചിരി കടിച്ചുപിടിച്ചു. വിനുവിന്റെ ആക്കിയുള്ള ചിരികണ്ട് ദേവിക അവനെ രൂക്ഷമായി നോക്കി. ഏട്ടത്തി ഞാൻ ഒരു കൂട്ടം കൊണ്ടുവന്നിട്ടുണ്ട് ഇപ്പോ വരാം.

ഉണ്ണിമോൾ പോകുന്നത് നോക്കിയിരുന്ന
വിനുവിനെ നോക്കി ദേവിക ചോദിച്ചു.

ഇത്ര ചിരി വരാൻ മാത്രം എന്താ ഉണ്ണിമോൾ പറഞ്ഞത്. ഒന്നും പറഞ്ഞില്ല പക്ഷെ ഉണ്ണിമോളുടെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.
ദേവിക അവനെ നോക്കി ചിറി കോട്ടി..

തിരികെ വന്ന ഉണ്ണിമോളുടെ കൈനിറയെ മുല്ലപ്പൂ ആയിരുന്നു അവൾ അത് ഭംഗിയായി ദേവികയുടെ തലയിൽ വെച്ചു കൊടുത്തു..

വിനു കണ്ണിമയ്ക്കാതെ
ദേവികയുടെ മുഖത്തേക്ക് നോക്കി.

പിന്നെ അവളുടെ കാതോരം പറഞ്ഞു എന്റെ ദേവി ഇന്ന് സുന്ദരിയായിരിക്കുന്നു കേട്ടോ.
അവൾ വിടർന്ന കണ്ണുകളോടെ വിനുവിന്റെ മുഖത്തേക്ക് നോക്കി..

നീലാഞ്ജനം ഭാഗം എട്ട് മാറിപ്പോയെന്ന് എല്ലാവരും പറഞ്ഞിരുന്നു അതിനാൽ പാർട്ട് എല്ലാവരും വായിക്കുക…
നീലാഞ്ജനം: ഭാഗം 8

(തുടരും )

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9