Wednesday, December 25, 2024
Novel

നീരവം : ഭാഗം 20

എഴുത്തുകാരി: വാസുകി വസു


“എവിടെ എവിടെയാണെന്റെ നീഹാരി”

നീഹാരിയുമായുളള പ്രണയത്തിന്റെ ഓർമ്മച്ചൂടിൽ നീരവ് പൊള്ളിപ്പിടഞ്ഞപ്പോൾ ഭ്രാന്താണെന്ന് അറിയാമായിരുന്നിട്ടും അവനെ സ്നേഹിച്ച് സർവ്വസ്വവും അവനായി സമർപ്പിച്ച മീരജയെ ഒരുനിമിഷം മറന്നു പോയി.

ഓർമ്മകൾ ഭ്രാന്തനാക്കിയത് പോലെയായിരുന്നു നീരവിന്റെ പ്രകടനങ്ങൾ. കത്തി തൊണ്ടക്കുഴലിൽ അമർന്നപ്പോൾ രക്തം കിനിഞ്ഞ് തുടങ്ങി.

“അവൾ..അവൾ ഓർഫിനേജിലുണ്ട്”

നീരജിന്റെ വായിൽ നിന്ന് വാക്കുകൾ ചതഞ്ഞരഞ്ഞ് പുറത്തേക്ക് ചിതറിത്തെറിച്ചു.ശക്തമായി പിടിച്ചു തള്ളിയതോടെ നീരജ് നിലത്തേക്ക് വീണു.

“എവിടെ ആയിരുന്നാലും എനിക്കെന്റെ നീഹാരിയെ കിട്ടണം.ഇല്ലെങ്കിൽ അമ്മയേയും മോനേയും ഞാൻ വെറുതെ വിടില്ല”

ആക്രോശത്തോടെ കത്തി ആഞ്ഞി വീശിക്കൊണ്ട് നീരവ് പുലമ്പി.മാധവും നീരജയുമൊക്കെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. എങ്ങനെ കഴിയുന്നു മനുഷ്യർക്ക് ഇത്രയും ക്രൂരനാകാൻ..

“ഏട്ടാ..ജാനകി ചേച്ചി വരട്ടെ..ഞാൻ ഫോൺ ചെയ്തിട്ടുണ്ട്”

ആദ്യത്തെ ഷോക്കിൽ നിന്ന് മോചിതയായപ്പോൾ നീരജ ഏട്ടന് അരികിലെത്തി. ദയനീയമായൊരു നോട്ടത്തോടെ സെറ്റിയിൽ നീരവ് തളർന്നിരുന്നു.

“എന്നാലും മോളേ എന്നോടെന്തിനാ ഇവരൊക്കെ ഇങ്ങനെ പെരുമാറുന്നത്.ഏട്ടൻ എല്ലാവരെയും സ്നേഹിച്ചിട്ടല്ലെയുള്ളൂ”

കൈകൾ മുഖത്ത് അമർത്തിപ്പിടിച്ചു നീരവ് പൊട്ടിക്കരഞ്ഞു. അത് കണ്ടപ്പോൾ മാധവിന്റെയും നീരജയുടെയും ഹൃദയം നീറി.

“വേണ്ടാ ഏട്ടാ കരയാതെ..ഏട്ടനെ ആവശ്യമുള്ളവരുണ്ട്.ഏട്ടനെ സ്നേഹിക്കുന്നവർ.അവർക്കായിട്ട് ജീവിച്ചാൽ മതി”

ഏട്ടന്റെ കൈകളിൽ കൂട്ടിപ്പിടിച്ച് നീരജയും പൊട്ടിക്കരഞ്ഞു. ഒരിക്കലും രണ്ടു അമ്മമാരുടെ മക്കളാണെന്ന് തോന്നിയട്ടേയില്ല.അത്രയേറെ അടുപ്പവും സ്നേഹവും ആണ് ഏട്ടനും അനിയത്തിയും തമ്മിൽ.ഒരിക്കലും ഏട്ടനോട് തോന്നിയ അടുപ്പം അവൾക്ക് നീരജിനോട് ഉണ്ടായിട്ടില്ല.

മാധവ് വെറുപ്പോടെ ഭാര്യയേയും മോനേയും നോക്കി.അപരാധികളെ പോലെ തലകുമ്പിട്ടവർ നിന്നു.സമയം ഇഴഞ്ഞ് നീങ്ങി.ഏകദേശം അരമണിക്കൂർ കഴിഞ്ഞതോടെ ജാനകീവർമ്മ അവിടെയെത്തി.നീരജ വിവരങ്ങൾ സൂചിപ്പിച്ചിരുന്നതിനാൽ കാര്യങ്ങൾ മനസിലാക്കാൻ അവർക്ക് പ്രയാസം നേരിടേണ്ടി വന്നില്ല.

“മീനമ്മേ നീരജിനെ ഹോസ്പിറ്റൽ കൊണ്ട് പൊയ്ക്കോളൂ”

അവന്റെ തലയിൽ നിന്ന് രക്തം ഒലിച്ചു ഇറങ്ങുന്നത് കണ്ടപ്പോൾ ജാനകീ വർമ്മ മീനമ്മക്ക് അനുവാദം നൽകി.

“നോ .. എന്റെ നീഹാരികയെ കാണാതെ ഇവരെങ്ങും പോകില്ല.അത്രയേറെ ക്രൂരത ചെയ്തിട്ടുണ്ട് രണ്ടു പേരും കൂടി”

ഹോസ്പിറ്റൽ പോകാനിറങ്ങിയ മീനമ്മയേയും നീരജിനേയും നീരവ് തടഞ്ഞു.അതോടെ ജാനകിക്ക് ദേഷ്യം വന്നു.

“മാറി നിൽക്ക് നീരവ്.ഇപ്പോൾ നീരജിന് ആവശ്യം ട്രീറ്റ്മെന്റ് ആണ്. അതുകഴിഞ്ഞു നീയൊരു പരാതി എഴുതി താ.. ഞാൻ അൻവേഷിക്കാം”

നീരവിലൊരു പരിഹാസച്ചിരി ഉണ്ടായി..അത് ജാനകിക്ക് മനസ്സിലാവുകയും ചെയ്തു.

“ഒരുപാവം പെണ്ണിന് നീതി നഷ്ടമായിട്ട് ഒരു വർഷത്തിനു മേലെയായി.അപ്പോൾ തകർന്നത് രണ്ടു ജീവിതം കൂടിയാണ്”

അവന്റെ വാക്കുകൾ ചുട്ടുപൊള്ളി എല്ലാവരുടേയും കാതിലേക്ക് വീണു.അവൻ അനുഭവിക്കുന്ന വേദനയുടെ ആഴം ജാനകിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അതാണ് നീരവിനോട് കഴിയുന്നത്രയും സോഫ്റ്റായി പെരുമാറിയത്.

“എന്നിട്ട് അവൾക്ക് നീതി കിട്ടാൻ നീയെന്ത് ചെയ്തു? ഭ്രാന്ത് അഭിനയിച്ചു സ്വയം ഒതുങ്ങി ഡോക്ടറുടെ സപ്പോർട്ടുമായി എല്ലാവരെയും പറ്റിച്ചതോ?സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കെടാ നീഹാരികക്കായി നീയെന്ത് ചെയ്തൂന്ന്”

ജാനകി വർമ്മയുടെ നാവിൽ നിന്ന് ഉതിർന്ന് വീണ വാക്കുകൾ കേട്ട് നീരവ് തളർന്നു. പറയുന്നത് മുഴുവനും സത്യമാണ്. എന്നിട്ടും നീഹാരിക്കായി എന്തെങ്കിലും ചെയ്യാൻ തനിക്ക് കഴിഞ്ഞോ ഇല്ല.അവൾ മരണപ്പെട്ടന്ന് വിശ്വസിച്ചു സ്വയം ഒതുങ്ങിക്കൂടി.കുറഞ്ഞ പക്ഷം അവൾ ജീവിച്ചിരിപ്പുണ്ടോന്ന് എങ്കിലും അൻവേഷിക്കാമായിരുന്നു.കുറ്റബോധത്താൽ അവൻ നീറിപ്പുകഞ്ഞു.

നീരവ് ഒഴിഞ്ഞ് മാറിയതോടെ മീനമ്മ മകനുമായി ഹോസ്പിറ്റൽ പോയി.തലക്ക് മുറിവുളളതിനാൽ സ്റ്റിച്ചിട്ട് അഡ്മിറ്റ് ചെയ്തു.

“നീരവ് നിന്നെ ഒഴിവാക്കി പോയ നീഹാരികക്കായി നീയൊരു കൊലപാതകിയാകാൻ ശ്രമിച്ചു.. പക്ഷേ നിന്റെ ബീജം ഉദരത്തിൽ വഹിക്കുന്നവളെ സൗകര്യപൂർവ്വം മറന്നുവല്ലേ”

ജാനകിയുടെ വാക്കുകൾ അവന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറി…

നീഹാരികയുടെ ഓർമ്മകൾക്ക് പിറകേ മീരജയുടെ മുഖം മനസ്സിലേക്ക് കടന്ന് വന്നപ്പോൾ തീപ്പൊളളലേറ്റത് പോലെയവൻ പിടഞ്ഞ് പോയി.ഭ്രാന്താണെന്ന് അറിഞ്ഞിട്ടും സന്തോഷത്തോടെയും സ്നേഹത്തോടെയും അവൾ തന്നെ പരിചരിച്ചത് അവനോർത്തു.ആരോടും പരിഭവമില്ലാതെ തന്നിലേക്ക് ഒതുങ്ങിക്കൂടാൻ ശ്രമിച്ചവൾ.ബലപ്രയോഗത്തിലൂടെ കീഴടക്കുമ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അഭിനിവേശമായിരുന്നില്ല തന്നോടുളള ഒടുങ്ങാ പ്രണയത്തിരമാലയായിരുന്നു.

നീരവിന് സ്വയം നിന്ദ തോന്നി.ഒരുവശത്ത് തന്നെ വേണ്ടാന്ന് വെച്ച് സ്വയം ഒഴിവായി പോയവൾ,അവൾ മരണപ്പെട്ടന്ന് വിശ്വസിച്ചു അവളുടെ ഓർമ്മകളിലായി ജീവിക്കാൻ ശ്രമിച്ചു.. മറുവശത്ത് അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ പൂർവ്വാധികം ശക്തിയോടെ തന്നെ പ്രണയിച്ചവൾ.ഇഷ്ടമല്ലെന്ന് കാണിക്കാൻ അടിച്ച് ഓടിക്കാൻ ശ്രമിച്ചു. എന്നിട്ടും പരിഭവം ഏതുമില്ലാതെ തന്നെ പരിചരിച്ചു.ഇപ്പോൾ തന്റെ ബീജം പേറുന്നവൾ..

“ഏട്ടാ… നീഹാരിക എന്റെ ചങ്കത്തിയാണ് പക്ഷേ മീരജയാണ് ഏട്ടനായിട്ട് ജീവിച്ചവൾ.മനസ്സൊന്ന് അറിഞ്ഞ് അവൾ ശപിച്ചാൽ ഏട്ടനൊരിക്കലും രക്ഷപ്പെടില്ല.ഏത് ഗംഗയിൽ ഒഴുക്കിയാലും ആ പാപം തീരില്ല”

ഏട്ടനു മുമ്പിൽ നീരജ തൊഴുകൈകളുമായി നിന്നു…മീരയെ ഉപേക്ഷിക്കരുതെന്ന് അവൾ കെഞ്ചി.

“ഏട്ടന് അറിയോ മീര ഇന്ന് അനാഥയാണ്.അവളുടെ അമ്മ പോലും കൊല ചെയ്യപ്പെട്ടു. പാവം ഇന്നുവരെ അറിഞ്ഞട്ടില്ല അമ്മയുടെ മരണം”

നീരവ് ഇരുന്ന ഇരുപ്പിൽ നിന്ന് അറിയാതെ എഴുന്നേറ്റു പോയി.ജാനകിയും മാധവും നീരജ പറയുന്നത് കേട്ട് അമ്പരന്നു.മീരയെ കാണാനായി അവരുടെ വീട്ടിലേക്ക് രാത്രിയിൽ ചെന്നപ്പോൾ കണ്ട കാഴ്ച വിശദീകരിച്ചു.

“നിനക്കെന്തായിരുന്നു നേരത്തെ എന്നോടീ കാര്യം പറയാതിരുന്നത്”

ജാനകീ വർമ്മ ദേഷ്യപ്പെട്ടു…നീരജയെ ദഹിപ്പിക്കുന്നത് പോലെ നോക്കി..

“മീരയുടെ ഫോട്ടോ ഉണ്ടോ?”

ജാനകി നീരജയുടെ നേർക്ക് തിരിഞ്ഞു. ഉടനെ കയ്യിലിരുന്ന മൊബൈലിൽ എടുത്ത പിക് കാണിച്ചു.

“നീയെനിക്കിത് വാട്ട്സാപ്പ് ചെയ്യ്”

അവരുടെ നിർദ്ദേശം ലഭിച്ചതോടെ നീരജ ജാനകിയുടെ ഫോണിലേക്ക് മീരയുടെ ചിത്രങ്ങൾ അയച്ചു കൊടുത്തു. അവരത് പോലീസുകാർക്ക് ഫോർവേഡ് ചെയ്തു. മീരയെ കണ്ടുപിടിക്കാനും നിർദ്ദേശം നൽകി.

“നമുക്കാദ്യം ഹോസ്പിറ്റൽ ചെന്ന് മീനമ്മയെ കാണാം.. എന്നിട്ട് നേരെ നീഹാരികയുടെ അടുത്തേക്ക് പോകാം.”

“ശരി ചേച്ചി”

ക്ഷീണിതമായ സ്വരത്തിൽ നീരവ് സമ്മതിച്ചു. മനസ്സിനൊപ്പം ശരീരരവും കൂടി നീറിപ്പുകയുകയാണ്.സന്തോഷിക്കാനും കരയാനും കഴിയാത്ത അവസ്ഥയിൽ അവൻ നീറിപ്പിടഞ്ഞു.

ജാനകി വർമ്മ പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ മാധവും നീരജയും ഒരുങ്ങിയിറങ്ങി.നീരവ് വീട്ടിൽ നിന്നിരുന്ന വേഷത്തിലായിരുന്നു.ജാനകി വന്ന കാറിലാണ് എല്ലാവരും ഹോസ്പിറ്റൽ ചെന്നത്.

‘മീനമ്മേ ഇവിടെ ബന്ധമൊന്നും ഇല്ല.ഒരു പോലീസ് ഓഫീസറായിട്ടാണ് എന്റെ ചോദ്യം..നീഹാരിക ഏത് ഓർഫിനേജിലാണ്?മീരജക്ക് എന്ത് സംഭവിച്ചു? ”

ജാനകിയുടെ മുഖത്ത് ദയയുടെ ഒരു കണിക പോലും ഇല്ലായിരുന്നു. എല്ലാം തുറന്നു പറയുന്നതാണ് നല്ലത്..

“നീഹാരിക അങ്ങ് ദൂരെയുള്ള ടൗണിലെ ഓർഫിനേജിലാണ്..മീരജയെ ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു.അതിനായിട്ട് അവളോട് ഓരോ മുത്തു വാക്കുകളും ആക്ഷേപങ്ങളും പറഞ്ഞു നോക്കി.മീര പോകില്ലെന്ന് ഉറപ്പായപ്പോൾ അവളുടെ അമ്മ കൊല്ലപ്പെട്ടത് നീരജ് വെളിപ്പെടുത്തിയത്.അതോടെ അവൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയി”

മീനമ്മയുടെ തുറന്ന് പറച്ചിൽ കേട്ട് ജാനകിയുടെ മുഖം ചുവന്നു.നീരജ് കറങ്ങുന്ന ഫാനിലേക്ക് ദൃഷ്ടികൾ ഉറപ്പിച്ചു. നീരജും മാധവും നീരവും ഒന്നും ഉരിയാടാൻ കഴിയാത്ത വിധം സങ്കടത്തിലായി.

“നിങ്ങളൊരു മനുഷ്യ സ്ത്രീ തന്നെയാണോ മീനമ്മേ”

ജാനകിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“രണ്ട് പെറ്റതല്ലേ നിങ്ങൾ എന്നിട്ടും ആ പെൺകുട്ടിയോടും നീരവിനോടും എങ്ങനെയിത്ര ക്രൂരമായി പെരുമാറാൻ കഴിഞ്ഞു. നീരവ് നിങ്ങളുടെ മൂത്തമകന്റെ സ്ഥാനത്തല്ലേ”

ജാനകി പൊട്ടിത്തെറിച്ചതോടെ മീനമ്മ നിശബ്ദയായി കേട്ടു നിന്നു.അവരുടെ മനസ്സിലെന്താണെന്ന് ആർക്കും മനസ്സിലായില്ല.നീരജ അമ്മയേയും സഹോദരനേയും വെറുപ്പോടെ നോക്കി.

“നിങ്ങളുടെ ഉദരത്തിൽ ജനിച്ചു പോയതോർത്ത് എനിക്ക് അറപ്പും വെറുപ്പും തോന്നുന്നു”

അമ്മയെ നോക്കി പറഞ്ഞിട്ട് അവൾ സഹോദരന്റെ നേരെ തിരിഞ്ഞു.

“കൂടപ്പിറപ്പ് ആയതിനാൽ ഞാൻ രക്ഷപ്പെട്ടു അല്ലേടാ ശവമേ”

നീരജ കാക്രിച്ച് നീട്ടിയൊരു തുപ്പു കൊടുത്തു നീരജിന്റെ മുഖത്തേക്ക്.ആരും അത് തീരെ പ്രതീക്ഷിച്ചില്ല.

“ചേച്ചി രാത്രി ആയെന്ന് അറിയാം എന്നാലും എനിക്ക് നീഹാരികയേയും മീരജയേയും ഇപ്പോൾ തന്നെ കാണണം..നീഹാരികയോട് എല്ലാം തുറന്നു പറഞ്ഞിട്ട് മീരജയെ ഏട്ട്ന്റെ കൂടെ കൂട്ടണം.ആരുമില്ല മീരക്ക്.അവൾ അനാഥയാണ്”

ജാനകിയോട് അപേക്ഷിച്ചിട്ട് നീരജ ഏട്ടന്റെ നേർക്ക് തിരിഞ്ഞു..

“ഏട്ടന് ആരെ സ്വീകരിക്കണമെന്ന ചിന്താ കുഴപ്പത്തിലായിരിക്കും..നീഹാരിക ഒരിക്കൽ ഉപേക്ഷിച്ചു പോയതാണ്..അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും..എന്നാൽ മീര അങ്ങനെയല്ല.ഏട്ടന്റെ കുഞ്ഞിനെ ചുമക്കുന്നവളാണ്”

അവൾ കണ്ണുനീരോടെ പറഞ്ഞു… മാധവിനും മകളുടെ അഭിപ്രായം ആയിരുന്നു..

“നമുക്കാദ്യം ഓർഫിനേജിൽ പോയി നീഹാരിയെ കാണാം.. അത് കഴിഞ്ഞു മീരയെ ഒപ്പം കൂട്ടാം..പോലീസുകാർ മീരയെ കണ്ടെത്തിക്കോളും”

എല്ലാവരും കൂടി മീനമ്മ പറഞ്ഞ ഓർഫിനേജ് തേടി യാത്രയായി. സന്ധ്യ കഴിഞ്ഞു ഇരുട്ട് വളർന്നു തുടങ്ങിയെങ്കിലും യാത്ര തുടരാൻ തന്നെ തീരുമാനിച്ചു..

രണ്ടു മണിക്കൂർ യാത്ര കഴിഞ്ഞതോടെ അവർ ഓർഫിനേജിൽ എത്തിച്ചേർന്നു.. രാത്രി വിസിറ്റേഴ്സിനു അനുവാദം ഇല്ലായിരുന്നെങ്കിലും കൂടെയുള്ളത് ഇൻസ്പെക്ടർ ആണെന്ന് അറിഞ്ഞതോടെ മദർ അവർക്ക് സന്ദർശനം അനുവദിച്ചു.

“ഒരു സ്ത്രീയാണ് നീഹാരികയെ ഇവിടെ കൊണ്ട് വന്നാക്കിയത്.എല്ലാ മാസവും ചിലവിനുളള തുക അയച്ചു തരും.ഇടക്കിടെ നീഹാരികയെ വന്നു കാണാറുമുണ്ട്”

പേര് പറഞ്ഞില്ലെങ്കിലും ആ സ്ത്രീ മീനമ്മയാണെന്ന് അവർക്ക് മനസ്സിലായി..

“ഞങ്ങൾക്കൊന്ന് അവളെ കാണണം മദർ ”

ജാനകി ആവശ്യപ്പെട്ടു.. അതോടെ മദറിന്റെ നിർദ്ദേശപ്രകാരം കർത്താവിന്റെ മാലാഖ ഒരു പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നു.

എല്ലാവരുടെയും കണ്ണുകൾ അവളിലേക്കായി.പഴയ പ്രസരിപ്പ് ഇല്ലെങ്കിലും അത് നീഹാരികയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു..

നീരവിന്റെ ഹൃദയം മെല്ലെ തുടിച്ചു…മനസ്സ് സന്തോഷത്താൽ നിറഞ്ഞു.. പെട്ടന്നാണ് നീരവിന്റെ മിഴികൾ നീഹാരികയുടെ തോളിൽ കിടക്കുന്ന കുഞ്ഞിലേക്ക് കണ്ണെത്തിയത്.അവനൊന്ന് നടുങ്ങിപ്പോയി.. അവൻ മാത്രമല്ല കൂടെയുള്ളവരും..

“ഇവിടെ വരുമ്പോൾ ഇവൾ എട്ട് മാസം പ്രഗ്നന്റ് ആയിരുന്നു.. കുഞ്ഞിന് ഇപ്പോൾ അഞ്ച് മാസം കഴിഞ്ഞു.. മോളാണ്”

അടുത്ത് വന്നു കഴിഞ്ഞാണ് നീഹാരികക്ക് ആളുകളെ മനസ്സിലായത്.വിസിറ്റേഴ്സിൽ മീനമ്മയെ ആണ് പ്രതീക്ഷിച്ചത്.

പകരം പ്രതീക്ഷക്ക് വിരുദ്ധമായി നീരവിനെയും നീരജയെയും മാധവിനെയും ജാനകിയെയും കണ്ടു അവളുടെ മിഴികൾ സന്തോഷത്താൽ വിടർന്നു..അതിനു കുറച്ചു സമയത്തേ അയുസ്സ് ഉണ്ടായിരുന്നുള്ളു.. പെട്ടെന്ന് അവളുടെ മുഖം വാടി.

നീഹാരികയിലും അവളുടെ തോളിൽ കിടക്കുന്ന കുഞ്ഞിലേക്കും നീരവ് മാറി മാറി നോക്കിക്കൊണ്ടിരുന്നു..

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15

നീരവം : ഭാഗം 16

നീരവം : ഭാഗം 17

നീരവം : ഭാഗം 18

നീരവം : ഭാഗം 19