Friday, November 22, 2024
Novel

നീരവം : ഭാഗം 16

എഴുത്തുകാരി: വാസുകി വസു


“ഏട്ടാ ഞാനും കൂടി വരുന്നുണ്ടേ”

അലറിക്കൂവിക്കൊണ്ട് നീരജയോടി വന്ന് നീരവിന്റെ ബുളളറ്റിന് പിന്നിലേക്ക് കയറി. കോളേജിലേക്ക് പോകാനായി അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത നിമിഷത്തിലാണ് അവൾ ചാടിക്കയറിയത്.ബുളളറ്റ് ഒരുവശത്തേക്ക് ചരിഞ്ഞെങ്കിലും അവൻ ബാലൻസ് ചെയ്തു നിർത്തിയില്ലായിരുന്നെങ്കിൽ രണ്ടും കൂടി നിലത്തേക്ക് വീഴുമായിരുന്നു.

“ഒന്ന് പതിയെ കയറിക്കൂടേടീ”

നീരവ് പിന്നിലേക്ക് തല ചരിച്ച് അനിയത്തിയെ നോക്കി.അവൾക്ക് തെല്ല് കൂസൽ ഉണ്ടായിരുന്നില്ല.

“അതേ എന്റെ ഏട്ടന്റെ ബുളളറ്റിലാണ് കയറിയത്.മോൻ വണ്ടി വിടാൻ നോക്ക്”

നീരജ് പുഞ്ചിരിയോടെ ബുള്ളറ്റ് മുന്നോട്ട് എടുത്തു.

നീരവി പിജിക്ക് അഡ്മിഷൻ എടുത്തത് നീരജയും നീരജും പഠിക്കുന്ന കോളേജിലാണ്.അവൻ ഡിഗ്രി പൂർത്തിയാക്കിയത് ദൂരെയുള്ള കോളേജിലായിരുന്നു.അവിടത്തെ ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചത്.

മീനമ്മയുടെ വാശിയായിരുന്നു നീരവിനെ ദൂരെയുള്ള കോളേജിൽ ചേർക്കേണ്ടി വന്നത്.പിജി എടുക്കാനും ദൂരെ എവിടെയെങ്കിലും ആക്കണമെന്ന് കരുതി അവരെല്ലാം പ്ലാൻ ചെയ്തെങ്കിലും നീരജ സമർത്ഥമായി അതെല്ലാം പൊളിച്ചു കളഞ്ഞു.

ഏട്ടൻ വീട്ടിൽ നിന്നാൽ മതിയെന്നും ഞങ്ങളുടെ കോളേജിൽ പഠിച്ചാൽ മതിയെന്നും തീർത്ത് പറഞ്ഞു. സാധാരണ മീനമ്മ തോൽക്കാറുളളത് മകൾക്ക് മുമ്പിലാണ്.നാക്ക് സാമർത്ഥ്യത്തിൽ നീരജയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.

നീരജിനേക്കാൾ നീരജക്ക് ഏറ്റവും അടുപ്പവും സ്നേഹവും കൂടുതലും നീരവിനോടാണ്.ഏട്ടന്റെ സാമീപ്യം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നുവെന്ന് അവനെ കാണുമ്പോൾ അവൾ പരാതിപ്പെടാറുണ്ട്.

നീരജും നീരജയും ഒരേ കോളേജിലാണെങ്കിലും അവന് നീരജയെ ബൈക്കിന്റെ പിന്നിലിരുത്തി പോകാനൊന്നും താല്പര്യമില്ല. കൂട്ടുകാരെയും മറ്റ് പെൺകുട്ടികളുമായി കറങ്ങാനാണ് അവന് ഇഷ്ടം. അമ്മയെ പേടിച്ചാണ് നീരജ് രാവിലെയെങ്കിലും അവളെ കൊണ്ടു പോകുന്നത്. വൈകുന്നേരം തിരികെ ബസിലാണു നീരജ വരുന്നത്.

മക്കൾ ജനിക്കുന്നത് വരെ മീനമ്മക്ക് നീരവിനെ വലിയ കാര്യമായിരുന്നു.പക്ഷേ മകൻ വളർന്ന് വരുന്തോറും അവർ നീരവിൽ നിന്ന് മെല്ലെ അകന്ന് തുടങ്ങി. സ്വത്തുക്കളുടെ നല്ലൊരു ഭാഗം നീരവിന് പോകുമെന്ന് മീനമ്മ കണക്കു കൂട്ടി.അവനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മകനെ ഒഴിവാക്കിയൊരു കോംപ്രമൈസിനും മാധവ് തയ്യാറയിരുന്നില്ല..പറ്റിയൊരു അവസരം വന്നാലത് മുതലെടുക്കണമെന്ന് മീനമ്മ തീരുമാനിച്ചു. നീരജിന്റെ പിടിവാശികൾക്ക് മുഴുവനും അവർ അവനെ സപ്പോർട്ട് ചെയ്തു..

“ഏട്ടനിന്ന് പൊളിയായിട്ടാണല്ലോ”

നീരവിന്റെ കാതിനരികിലേക്ക് ചാഞ്ഞു കൊണ്ട് നീരജ ചോദിച്ചു.

“ഫസ്റ്റ് ഡേ അല്ലേ..കുറച്ചു പൊളിയാകട്ടെയെന്ന് കരുതി”

നീരജയുടെ ചോദ്യത്തിനായി നീരവ് മറുപടി നൽകി.ഇന്നാണ് നീരവ് പിജി ക്ലാസ് തുടങ്ങുന്നത്.മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മുണ്ടും വെള്ള ഷർട്ടുമാണ് വേഷം.ഇടത് കാതിലൊരു കടുക്കനും വലത് കയ്യിലൊരു സ്റ്റീൽ വളയുമുണ്ട്.ഇടതൂർന്ന് കിടക്കുന്ന കോലൻ മുടി ഇടക്കിടെ ഒരുവശത്തേക്ക് അവൻ മാടിയൊതുക്കി കൊണ്ടിരുന്നു.

അരമണിക്കൂറോളമെടുത്ത് കോളേജിലെത്താൻ.രാവിലെ മുതൽ ട്രാഫിക്ക് ജാം തുടങ്ങിയിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിനും ഇന്നാണ് ക്ലാസ് തുടങ്ങുന്നത്. അതിനാൽ നവാഗതരെ സ്വീകരിക്കാൻ സീനിയേഴ്സ് ഓടിപ്പാഞ്ഞ് നടക്കുന്നുണ്ട്.

ബുള്ളറ്റ് പാർക്കിംഗ് ഏരിയയിൽ ഇരച്ചു നിന്നു.നീരവ് എഞ്ചിൻ ഓഫാക്കിയതോടെ നീരജ ബുളളറ്റിന്റെ പിന്നിൽ നിന്ന് ഇറങ്ങി.അതിനു ശേഷം അവനും.

“ഏട്ടൻ ഞങ്ങളുടെ കോളേജിൽ ആദ്യമായല്ലേ..ഞാനും കൂടി വരാം ക്ലാസ് കണ്ടുപിടിക്കാൻ”

“ഓ..പിന്നേ ഞാൻ കൊച്ചു കുട്ടിയല്ലേ…”

നീരവ് അനിയത്തിയെ കളിയാക്കി.അതോടെ അവളുടെ മുഖവും വാടി.

“ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ നീയും കൂടി വാ”

അനിയത്തിയുടെ കയ്യും പിടിച്ചു നീരവ് മുന്നോട്ട് നടന്നു.ശബ്ദകോലാഹങ്ങൾക്കിടയിലും സ്റ്റുഡന്റ്സിന്റെ ശ്രദ്ധ മുഴുവനും നീരവിൽ ആയിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ. നീരജയുടെ കൂടെ നടന്ന് വരുന്ന സുമുഖനായ ചെറുപ്പക്കാരൻ ആരെന്ന് അറിയാൻ ചിലർക്ക് ആഗ്രഹം ഉണ്ടായിരുന്നു.

നീരജയാദ്യം ഏട്ടനെയും കൂട്ടി തന്റെ ക്ലാസിലേക്കാണ് ചെന്നത്.ഫ്രണ്ട്സിനു മുഴുവനും അവൾ ഏട്ടനെ പരിചയപ്പെടുത്തി. കട്ട മീശയും കട്ടത്താടിയും ഉള്ള നീരവിനെ കാണാൻ കിടു ലുക്കാണ്.ഒരുപ്രാവശ്യം നോക്കുന്നവർ ഒന്നുകൂടിയൊന്ന് ശ്രദ്ധിക്കും.പ്രത്യേകിച്ച് പെൺകുട്ടികൾ.

നീരവ് ആരെയും വെറുപ്പിക്കാതെ എല്ലാവർക്കും മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു. അതിനു ശേഷം അവളുടെ കൂടെ തന്റെ ക്ലാസ് കണ്ടുപിടിക്കാൻ ശ്രമിച്ചു.

“അത് ശരി.. എന്റെ ക്ലാസ് കണ്ടുപിടിക്കുന്നതിനു പകരം നിന്റെ ക്ലാസിലേക്ക് കൊണ്ടുപോയി ഷൈൻ ചെയ്യുവാരുന്നല്ലേടീ കുറുമ്പി”

സ്നേഹത്തോടെ അവളുടെ ചെവി പിടിച്ചു അവൻ തിരുമ്മി.

“നോവുന്നു ഏട്ടാ വിടൂ”

നീരജ ഏട്ടനു മുമ്പിൽ കൊഞ്ചിയതോടെ ചെവിയിലെ പിടി വിട്ടു.അവൾ മനപ്പൂർവ്വം ഷൈൻ ചെയ്യാൻ തന്നെയാണ് നീരവിനെയും കൂട്ടി ക്ലാസിലേക്ക് പോയത്.

“എല്ലാവരും അറിയട്ടെ എനിക്കും ചാർളിയിലെ ദുൽഖറിനെ പോലെയൊരു ഏട്ടനുണ്ടെന്ന്”

അഭിമാനമായിരുന്നു നീരജയുടെ കണ്ണുകളിൽ..കൂട്ടുകാരികൾ ഏട്ടന്മാരെ കുറിച്ച് വീമ്പ് പറയുമ്പോൾ അവളും കൊതിച്ചിരുന്നു ഏട്ടന്റെ സ്നേഹവും വാത്സല്യവും.അതുകൊണ്ട് തന്നെ ഈ പ്രാവശ്യം സമരമുറകൾ പയറ്റി ഏട്ടനെ അവൾ പഠിക്കുന്ന അതേ കോളേജിൽ അഡ്മിഷൻ എടുപ്പിച്ചത്.

നീരജക്ക് ഏട്ടന്റെ ക്ലാസ് കാണാപ്പാഠം ആണ്. അവൾ നീരജിനെ അവന്റെ ക്ലാസിൽ കൊണ്ട് ചെന്നാക്കിയട്ട് തിരികെ പോയി.ക്ലാസിലുളള കുട്ടികളുമായി നീരവ് പെട്ടന്നാണ് ചങ്ങാത്തത്തിലായത്.

നീരവിന് ഉച്ചക്ക് മുമ്പേ ക്ലാസ് കഴിഞ്ഞിരുന്നു. അത് കണക്ക് കൂട്ടി നീരജ ക്ലാസ് കട്ട് ചെയ്തു ഇറങ്ങി.

“നിനക്ക് ക്ലാസില്ലേ”

“ഇന്നത്തെ ദിവസം ഏട്ടന്റെ കൂടെ.എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി തന്ന് ഫുൾ കറക്കം..വൈകുന്നേരമേ വീട്ടിലേക്ക് പോയാൽ മതി”

അനിയത്തിയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തതിനു ശേഷമാണ് നീരവ് വീട്ടിലേക്ക് പോയത്.അവൾ ആവശ്യപ്പെട്ടത് പോലെ കോൺ ഐസ്ക്രീമും വാങ്ങിക്കൊടുത്ത് ബീച്ചിലൊക്കെ ചുറ്റിയടിച്ചു.

“നീയൊരു പെൺകുട്ടിയല്ലേടീ..എവിടെ ആയിരുന്നു ഇതുവരെ?”

ഹാളിൽ ജ്വലിച്ച മുഖവുമായി നിൽക്കുന്ന മീനമ്മയെ കണ്ടതോടെ നീരവൊന്ന് പതറി.അവന്റെ മുഖത്ത് സങ്കടങ്ങൾ ഇരച്ചു കയറി. ഏട്ടന്റെ മുഖം വാടിയതോടെ നീരജ കോപത്താൽ ജ്വലിച്ചു.അമ്മക്ക് പിന്നിൽ നീരജ് നിൽക്കുന്നത് കൂടി കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് എല്ലാം മനസ്സിലായി.എല്ലാം വന്ന് മോൻ വിളമ്പി കൊടുത്തിട്ടുണ്ട്.

“ഞാൻ എന്റെ ഏട്ടന്റെ കൂടെ ആയിരുന്നു”

മീനമ്മയേയും നീരജിനെയും കൂടുതൽ പിരികയറ്റാനായി അവൾ ഏട്ടന്റെ കയ്യിൽ പിടിച്ചു.

“ഞാൻ പ്രസവിച്ചത് നിന്നെയാണ്..ഇവനെയല്ല”

“അതുകൊണ്ട്…” നീരജയുടെ മുഖവും സ്വരവും മാറി.

“അതുകൊണ്ട് എനിക്കെന്ന പോലെ നിനക്കും ഇവൻ അന്യനാണെന്ന്..ശരീരത്ത് തൊട്ടുളള കളിചിരിയൊന്നും വേണ്ടെന്ന്”

അതുകേട്ട് നീരവിന്റെ മുഖം വിളറിപ്പോയി.. നീരജ കോപത്താൽ ജ്വലിച്ചു.

“അത് അമ്മക്കും അമ്മയുടെ മകനും ആയിരിക്കും.. ഇതെന്റെ അച്ഛന്റെ മകൻ തന്നെയാണെന്ന് എനിക്കൊരു സംശയവുമില്ല”

മകളുടെ അസ്ഥാനത്തുളള മറുപടി അവരുടെ വായ് അടപ്പിച്ചു.എല്ലാം കണ്ടും കേട്ടിരുന്ന മാധവ് വർമ്മക്ക് നീരജയുടെ മറുപടി നന്നേ രസിച്ചു.

മീനമ്മയും മകനും അകത്തേക്ക് ചാടുത്തുള്ളി പോയി.അതുകണ്ട് നീരജക്ക് ചിരി വന്നു. അവൻ അവളെ ശ്വാസിച്ചു.

“എന്തിനാടീ അമ്മയെ ദേഷ്യം പിടിപ്പിക്കുന്നത്”

“പിന്നല്ലാതെ.. എന്റെ ഏട്ടനെ ആരു കുറ്റപ്പെടുത്തിയാലും എനിക്ക് സഹിക്കാൻ കഴിയില്ല”

അവളുടെ കണ്ണുകളി വർഷമേഘങ്ങൾ ഇരമ്പി പെയ്തു തുടങ്ങി. അനിയത്തിയെ വഴക്ക് പറയേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി.

കുട്ടിക്കാലം മുതൽക്കേ നീരവിന്റെ കൂടെയാണ് അനിയത്തി.കൂടെ കളിക്കാനും ചിരിക്കാനും അവൻ തന്നെ വേണം. അവന്റെ വിരൽത്തുമ്പി പിടിച്ചാണു അവൾ നടന്നതുമെല്ലാം.വളർന്നു വലുതായിട്ടും അവളുടെ കുസൃതികൾക്കെല്ലാം ഏട്ടനാണ് കൂട്ട് നിന്നിരുന്നത്.ഇപ്പോഴും അത് മാറിയട്ടില്ല.

‘പോട്ടെടീ..ഏട്ടൻ വെറുതെ പറഞ്ഞതല്ലേ”

അനിയത്തിയുടെ തോളിൽ തട്ടി അവൻ ആശ്വസിപ്പിച്ചതും പിടിച്ചു നിർത്തിയത് പോലെ നീരജയുടെ കരച്ചിൽ നിന്നു.ഏട്ടൻ വഴക്ക് പറയുന്നത് മാത്രമാണ് ആകെയുള്ള സങ്കടം.

“പാവമാടാ..നിന്നെ ജീവനാണ്”

നീരജ അകത്തേക്ക് പോയപ്പോൾ മാധവ വർമ്മ മകനോടായി പറഞ്ഞു..

“അറിയാം അച്ഛാ” അവൻ ചിരിച്ചു.

“അച്ഛനൊരു കഴിവുകെട്ടവനായിപ്പോയി..കതിരിൽ കൊണ്ട് ചെന്ന് വളം വെച്ചിട്ട് കാര്യമില്ല”

“അങ്ങനെയൊന്നും അച്ഛൻ കരുതേണ്ടാ..എന്റെ മനസ്സിലെ ഹീറോ എന്റെ അച്ഛൻ മാത്രമാണ്..

അവന്റെ കണ്ണുകൾ നിറഞ്ഞു.അച്ഛൻ കാണാതിരിക്കാനായിട്ട് പെട്ടെന്ന് മുറിയിലേക്ക് കയറി പോയി.

***********************

കുറച്ചു ദിവസങ്ങൾ അധികം പ്രശ്നങ്ങളില്ലാതെ കടന്നു പോയി.. മീനമ്മയുടെ ചെറിയ ചെറിയ മുറുമുറുപ്പ് ഒഴിച്ചാൽ മറ്റൊരു കുഴപ്പവും ഇല്ലായിരുന്നു.

ഒരുദിവസം ഞായറാഴ്ച രാവിലെ നീരയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് അവളെയും കൂട്ടി നീരവിനു പോകേണ്ടി വന്നു.

” ഡീ നീഹാരികയെ കുറിച്ച് ദിവസം പറയുമെന്ന് അല്ലാതെ അവളെയൊന്ന് കാണിച്ചു തന്നൂടെ”

നീരജയുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് നീഹാരിക. നൃത്തം ഉപാസനയാക്കിയവൾ.സാധാരണ കുടുംബത്തിലെ ഏക മകളാണ്. അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷ.

നീഹാരികയെ കുറിച്ചുള്ള നീരജയുടെ വർണ്ണനകൾ നീരവിന്റെ മനസ്സിലൊരു ചിത്രം തീർത്തിരുന്നു.വിടർന്ന വലിയ ഉണ്ടക്കണ്ണുകളും വട്ടമുഖവുമുളള ഇരുനിറമുള്ളൊരു പെൺകുട്ടി. നിതംബരെ മറഞ്ഞു കിടക്കുന്ന കേശഭാരം.ഉയരം കുറച്ചു കുറവാണന്നേയുള്ളൂ..

നീരവിന്റെ ചോദ്യത്തിന് നീരജ മറുപടി നൽകിയില്ല..അവൾ പറഞ്ഞ വഴിയിലൂടെ അവൻ ബുള്ളറ്റ് ഓടിച്ചു.ഒടുവിൽ പഴയൊരു ഓടിട്ട തറവാടിനു മുമ്പിൽ വണ്ടി നിന്നു.

സനിസഗസനിസ സനിസഗസനിസ
സനിസഗസനിസ ഗമമമമമ
ഗമധനിധമധ ഗമധനിധമധ
ഗമധനിധമധ ധനിനിനിസ
സനിസരിസ സനിസരിസ സനിസരിസ സസ
സനിസഗഗ സനിസഗഗ സനിസഗഗ ഗഗ
സനിസമമ മമ സനിസഗഗ ഗഗ
സരീ രിഗാ ഗമാ…

അകത്തെ മുറിയിലെവിടെ നിന്നോ നൂപുരധ്വനികൾ നീരവിന്റെ കാതിൽ വന്നലയടിച്ചു.

“വാ ഏട്ടാ…”

മടിച്ചു നിന്ന നീരവിനെ നീരജ അകത്തേക്ക് ക്ഷണിച്ചു.. അവർ അകത്തേക്ക് കയറിയപ്പോൾ നൃത്തം പഠിക്കാൻ വന്ന കുട്ടികൾ ഇറങ്ങിപ്പോകുന്നത് കണ്ടു.പിന്നാലെ സുന്ദരിയായൊരു പെൺകുട്ടിയുമെത്തി.നീരജയെ കണ്ടു അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു..

“നീഹാരിക ഇതാണെന്റെ ഏട്ടൻ…നീരവ്”

“ഏട്ടോ ഇതാണെന്റെ പ്രിയപ്പെട്ട ആത്മമിത്രം നീഹാരിക.. നൃത്തം തപസ്യയാക്കിയവൾ”

നീരവ് നീഹാരികയെ അത്ഭുതത്തോടെ നോക്കി.അവന്റെ കണ്ണിൽ അമ്പരപ്പ് നിറഞ്ഞു…

നീരജ വർണ്ണിച്ചു കേൾപ്പിച്ചപ്പോൾ തന്റെ മനസ്സിൽ തെളിഞ്ഞ അതേ ചിത്രം….

(തുടരും)

നീഹാരികയുടെ മരണത്തെ കുറിച്ച് പറയുമ്പോൾ അവർ തമ്മിൽ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും കൂടിയാകണമെന്ന് തോന്നി..നീഹാരികയെ കുറിച്ച് കൂടുതൽ അറിയാൻ വായനക്കാരെ ഇത് സഹായിക്കും…

ഈ ഭാഗം ഇഷ്ടം ആയാൽ എനിക്കായിട്ടൊരു വാക്ക് കുറിക്കണേ..പ്ലീസ്…നന്നായി എഴുതിയട്ടുണ്ടോന്ന് അറിയണമെന്നൊരു ആഗ്രഹമുണ്ട്..

സ്നേഹപൂർവ്വം

©വാസുകി വസു

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15