Sunday, December 22, 2024
Novel

നീരവം : ഭാഗം 11

എഴുത്തുകാരി: വാസുകി വസു


നീരവിന്റെ മുഖം മറക്കാൻ ശ്രമിക്കുന്തോറും ശക്തമായി ഹൃദയത്തിൽ അവൻ നിറഞ്ഞ് നിൽക്കുന്നു. ഓടിയൊളിക്കാൻ ശ്രമിച്ചാലും വിട്ടൊഴിയാതെ പിന്തുടർന്ന് കൊണ്ട് നീരവുണ്ട്..അതായിരുന്നു സത്യം…

“നീരവിനോടുളളത് ആത്മാർത്ഥമായ പ്രണയമാണ്.. അതവനോട് ഒന്നിച്ചു ജീവിക്കാനുള്ള കൊതിയായിരുന്നില്ല.എത്രയും വേഗത്തിൽ അസുഖം ഭേദപ്പെട്ട് വരണമെന്നുളള അഗാധമായ സ്നേഹമാണ്….

” എനിക്കും കോളേജിലൊരു പ്രണയം ഉണ്ടായിരുന്നു… സീനിയർ ആയിട്ട് പഠിച്ചയാളാണ്.വൺ മിസ്റ്റർ ഗഗൻ”

നിർജ്ജീവമായി നിലത്ത് കിടന്നിരുന്ന ഗുൽമോഹർപ്പൂവുകൾ വാരിയെടുത്ത് ഓരോന്നായി നീരജ കയ്യെത്തും ദൂരത്തേക്ക് ഓരോന്നായി വെറുതെ എറിഞ്ഞു കൊണ്ടിരുന്നു.അവളുടെ പ്രവർത്തികൾ മീര നോക്കിയിരുന്നു.കൊച്ചു കുട്ടികളെ പോലെ നിഷ്ക്കളങ്കമായ മനസ്സാണ് നീരജയുടേതെന്ന് അവൾക്ക് തോന്നി.നീരജിന്റെ നേരെ വിപരീത സ്വഭാവം. ചിലപ്പോൾ നീരവേട്ടന്റെ സ്വഭാവമാകും അനിയത്തിക്കും.

“ഗഗൻ ഒരിക്കലും എന്നെ പ്രൊപ്പോസൽ ചെയ്തില്ല.ഞാനായിട്ടാണ് മനസ്സ് തുറന്നത്”

മീരക്ക് അത്ഭുതമാണ് തോന്നിയത്. സാധാരണ ആൺകുട്ടികൾ ആണ് പെൺകുട്ടികളുടെ പിന്നാലെ നടക്കുന്നത്. ഇവിടെ നേർവിപീരമാണല്ലോ.അവൾ അത്ഭുതത്തോടെ ഓർത്തു.

“എന്റെ മനസ്സിൽ ചില സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു മീരേ.ഇരുനിറമാകണം.എന്നെക്കാൾ നന്നായിട്ട് ഉയരം വേണം.കൂടുതൽ സംസാരിക്കുന്ന ആളായിരിക്കണമെന്നൊക്കേ.”

നീരജ ഓർമ്മകളിൽ വാചാലയായി.പ്രണയത്തിന്റെ കുങ്കുമരാശി അവളുടെ മുഖത്താകെ പടർന്നിരുന്നു.

“എല്ലാവരോടും നന്നായി സംസാരിക്കും ഗഗൻ.ഫ്രീയായിട്ട് ഇടപെടും.പക്ഷേ എന്നെ കാണുമ്പോൾ മാത്രം ആൾ നിശ്ബ്ദനാകും.ആദ്യമൊന്നും ഞാനതൊന്നും മൈൻഡ് ചെയ്തില്ല. പിന്നീടാണ് അതൊക്കെ ശ്രദ്ധിച്ചത്”

നീരജ അവളുടെ പ്രണയകഥ മീരക്ക് മുമ്പിൽ തുടർന്നു കൊണ്ടിരുന്നു…

“വെറുമൊരു കൗതുകത്തിന് ഗഗന്റെ പിന്നാലെ കൂടിയതാണ്.. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായി.പക്ഷേ പിന്നീട് എപ്പഴോ എന്റെ ഹൃദയത്തിൽ ഗഗൻ സ്ഥാനം ഉറപ്പിച്ചു. അവന് മുമ്പിൽ എന്റെ മനസ്സ് തുറന്നപ്പോൾ എന്നെ നിരുത്സാഹപ്പെടുത്തി.മൂന്ന് വർഷക്കാലം അവനായി കാത്തിരിക്കാൻ പറഞ്ഞു. ഇതിനിടയിൽ ഒരിക്കൽ പോലും കാണാൻ ശ്രമിക്കരുതെന്ന നിബന്ധനയും വെച്ചു.മൂന്ന് വർഷത്തിനിടയിൽ എന്റെ മനസ്സ് മാറിയാൽ കാത്തിരിപ്പിന് വിരാമം ഇടാനും പറഞ്ഞു. കോളേജ് പഠിത്തം കഴിഞ്ഞു ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു ഗഗനെ കണ്ടിട്ട്.”

നീരജയുടെ മുഖത്ത് വേദന കലർന്നൊരു ചിരി പ്രത്യക്ഷമായി. ഒരുപാട് കാലം കാത്തിരുന്നവളുടെ സങ്കടമായിരുന്നത്.

“രണ്ടു വർഷത്തിനിടയിൽ ഒരിക്കൽ പോലും കണ്ടട്ടില്ലെന്ന് മാത്രമല്ല.പരസ്പരം ഫോണിൽ കൂടിയൊന്ന് സംസാരിച്ചിട്ട് കൂടിയില്ല.രണ്ടു പേർക്കും ഫോൺ നമ്പർ അറിയുകയും ചെയ്യാം.ഇനിയും ഒരുവർഷത്തെ കാത്തിരിപ്പ് കൂടിയുണ്ട്. ഗഗൻ കരുതുന്നത് എനിക്ക് പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയ വികരാമാണ് പ്രണയമെന്ന്.എന്നാൽ ഒരിക്കലും അങ്ങനെയല്ല.സിൻസിയർ ആയിട്ട് തന്നെ പ്രണയിക്കുന്നു.ഇപ്പോഴും സ്നേഹത്തിന് ആഴം കൂടിയട്ടേയുള്ളൂ”

രണ്ടു തുള്ളി കണ്ണുനീർ നീരജയുടെ മിഴികളിൽ നിന്ന് താഴേക്കൊഴുകിയിറങ്ങി.അവളത് തുടച്ചു മാറ്റിയത് പോലുമില്ല.

“ഈയൊരു കാത്തിരിപ്പിനും ഒരു സുഖമുണ്ട്.പ്രിയപ്പെട്ടൊരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആകുമ്പോൾ വിരഹത്തിന്റെ വേദനയും സുഖകരമായ ഓർമ്മയാണ്”

തനിക്ക് ഇങ്ങനെ കാത്തിരിക്കാൻ ഒരാളുണ്ട്.അമ്മ.എനിക്കായി ജീവിക്കുന്ന എന്റെ അമ്മ.മറ്റെന്തിനെക്കാളും അമ്മയുടെ സ്നേഹത്തിനു വില കൽപ്പിക്കുന്നു.എങ്കിലും നീരവിന്റെ മുഖം ഇടക്കിടെ അവളെ മോഹിപ്പിക്കുന്നുണ്ട്.അർഹതയില്ലെന്ന് അറിയാം.എങ്കിലും മനസ്സിനെ അടക്കി നിർത്താൻ കഴിയുന്നില്ല.

“വീട്ടിൽ അറിയില്ലേ ചേച്ചി?”

മീരയുടെ ചോദ്യം നീരജയെ മൗനത്തിലാക്കി.അവൾ മറ്റേതോ ലോകത്തിലാണെന്ന് കരുതി മീര ചോദ്യം ആവർത്തിച്ചു. അവളുടെ മുഖത്ത് സങ്കടക്കടൽ ഇരമ്പി.

“നീരവേട്ടന് എല്ലാം അറിയാം.എനിക്ക് ഫുൾ സപ്പോർട്ട് ആയിരുന്നു. പക്ഷേ നീരജ് അങ്ങനെയല്ല ദേഷ്യക്കാരനാണ്.മൂന്ന് വർഷം കഴിഞ്ഞിട്ട് എല്ലാം വീട്ടിൽ അറിയിച്ചാൽ മതിയെന്നാണ് ഏട്ടൻ പറഞ്ഞത്.അതിനിടയിൽ ആണ് ഇങ്ങനെ”

പറഞ്ഞിട്ട് അവൾ മെല്ലെയൊന്ന് തേങ്ങി.. ഏട്ടനോടുളള സ്നേഹത്തിന്റെ ആഴം അവളുടെ മിഴികളിൽ നിറഞ്ഞിരുന്നു.

“നീഹാരികയുടെ വിവാഹം കഴിഞ്ഞുവെന്നത് ശരിയാണോ?”

പൊടുന്നനെ മീര ചോദിച്ചു.. അവളെ കുറിച്ച് കൂടുതൽ അറിയാൻ തിടുക്കമുണ്ടായിരുന്നു.

“ഏട്ടനെ അവൾക്കും അവൾക്ക് ഏട്ടനെയും ജീവനായിരുന്നു.പക്ഷേ പെട്ടന്നൊരു ദിവസം നീഹാരിക ഏട്ടനെ തള്ളിപ്പറഞ്ഞു.വിവാഹം ഉറപ്പിച്ചെന്നും കാണാൻ ശ്രമിക്കരുതെന്നും അറിയിച്ചു. ഏട്ടനത് ഒരിക്കലും ഉൾക്കൊളളാൻ കഴിഞ്ഞില്ല. അവസാമായി അവളെ തിരക്കി ചെന്നപ്പോൾ വീടും സ്ഥലവും വിറ്റ് ഇവിടെ നിന്ന് പോയെന്നാണ് അറിയാൻ കഴിഞ്ഞത്.പിന്നീട് ഒരുവിവരം അറിഞ്ഞട്ടില്ല.അതോടെ ഏട്ടന്റെ സമനില തെറ്റി.പാവമാണ് മീരേ എന്റെ ഏട്ടൻ”

നീരജയിൽ നിന്ന് അറിയാൻ കഴിഞ്ഞത് മീരയൊന്നുകൂടി മനസിലിട്ട് റിഫൈൻഡ് ചെയ്തു. ഇടയിലെന്തൊക്കയോ മിസിങ്ങ് ഉണ്ടെന്ന് അവൾക്ക് തോന്നി. വിട്ടു പോയതൊക്കെ ഫിൽ ചെയ്യണമെങ്കിൽ നീരവ് സുഖപ്പെട്ടു വരണം.അല്ലെങ്കിൽ നീഹാരികയെ കണ്ടുമുട്ടണം.

“വാ സമയം കുറെയേറെയായി..വിശപ്പ് തുടങ്ങിയിരിക്കുന്നു”

നീരജ ഓർമ്മിപ്പിച്ചതോടെ മീര എഴുന്നേറ്റു. അവൾക്കൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ മീര ചിന്തിച്ചത് നീഹാരികയെ കുറിച്ചായിരുന്നു.

അവർ ചെല്ലുമ്പോൾ മീനമ്മ ഊണ് വിളമ്പാനുളള തയ്യാറെടുപ്പിലായിരുന്നു.നീരജും മാധവും ഡൈനിങ്ങ് ടേബിളിനു അരികിൽ ഇരിപ്പുണ്ട്.

“രണ്ടും കൂടി എവിടെ ആയിരുന്നു… കൈ കഴുകിയട്ട് വന്നിരിക്ക്”

“എനിക്ക് വിശപ്പില്ലമ്മേ..ഇപ്പോൾ ഒന്നും വേണ്ടാ”

മീനമ്മയോട് അങ്ങനെ പറഞ്ഞിട്ട് അവൾ മുകളിലേയ്ക്ക് പോയി. നീരജിന്റെ നോട്ടം കണ്ടില്ലെന്ന് നടിച്ചു.അവന് തന്നോടെന്തോ താല്പര്യമുള്ളതു പോലെ മീരക്ക് തോന്നാതിരുന്നില്ല.

മീരജ ചെല്ലുമ്പോൾ നീരവ് മയക്കത്തിൽ ആയിരുന്നു. അവനെയൊന്ന് നോക്കിയട്ട് അവളാ മുറിയാകെ പരതി.അലമാരയും ടേബിളും ബുക്ക്സ് ഇരിക്കുന്ന ഷെല്ഫുകളും പരതി.

ബുക്കുകൾക്ക് ഇടയിൽ പ്രതീക്ഷിച്ചിച്ചതെന്തോ കണ്ടതു പോലെ അവളുടെ കണ്ണുകൾ പ്രകാശിച്ചു.അടക്കാനാകാത്ത ആകാംഷയോടെ മീരയത് കയ്യിലെടുത്തി.ഒരു ഡയറി ആയിരുന്നത്.അപ്പോൾ തന്റെ അനുമാനം തെറ്റിയില്ല ഡയറി എഴുതുന്ന ശീലം നീരവിനുണ്ട്.അവൾ ഡയറിയുമായി തന്റെ മുറിയിൽ കയറി കതക് ലോക്ക് ചെയ്തു. എന്നിട്ട് കട്ടിലിലേക്ക് കമഴ്ന്ന് കിടന്ന് ഡയറി തുറന്നു.

ഓരോ പേജുകളും വായിക്കുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു. നീഹാരികയെ കണ്ടുമുട്ടിയത് മുതൽ പ്രണയത്തിലാകുന്നതും പിരിയുന്നത് വരെയും ഓരോന്നും അതിൽ എഴുതി വെച്ചിരുന്നു. അതിൽ നിന്നും അവൾക്ക് ഒരു കാര്യം മനസ്സിലായി.നീരവിന് നീഹാരികയോടുളളത് ആവേശമായിരുന്നില്ല.. ഭ്രാന്ത് പിടിച്ചത് പോലെയുള്ള പ്രണയമായിരുന്നു.

നീഹാരികയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം നീരവതിൽ കുറിച്ചിരുന്നു.ഒരിക്കൽ പോലും നീഹാരിക അവനോട് ദേഷ്യപ്പെട്ടിരുന്നില്ല.അതും അവൾ ശ്രദ്ധിച്ചു.എന്നാൽ മീരയെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു…

തന്നെപ്പോലെ നീഹാരികക്ക് നൃത്തത്തോടുളള അഭിനിവേശമായിരുന്നു.നീഹാരികയെ പോലെ അവളുടെ നൃത്തത്തെയും അവൻ സ്നേഹിച്ചിരുന്നു.

ഡയറി ബെഡിന് അടിയിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ചിട്ട് മീര താഴേക്കോടി.മീരയുടെ ഓട്ടം അവസാനിച്ചത് കിച്ചണിൽ നിൽക്കുന്ന മീനമ്മക്ക് മുമ്പിലായിരുന്നു.അവളുടെ ഓട്ടം കണ്ട് മീനമ്മ അമ്പരന്നു.

“എന്തുപറ്റി മീരേ”

മീരക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല.. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.കിതപ്പ് അടങ്ങിയ ശേഷം അവൾ പറഞ്ഞൊപ്പിച്ചു.

“അമ്മേ എനിക്ക് രണ്ടു ചിലങ്ക വാങ്ങിത്തരുമോ? ചുവന്ന പട്ടിൽ പൊതിഞ്ഞത്”

“അത്രയേയുള്ളൂ…മാധവേട്ടനോട് ഞാൻ സൂചിപ്പിക്കാം”

“മം .. സാവധാനം മതിയമ്മേ”

“ആം..ശരി”

മീനമ്മ നീരവിനു കഴിക്കാനായി ഭക്ഷണം എടുത്ത് വെക്കുകയായിരുന്നു..

“അമ്മേ ഞാൻ കൊടുത്തോളാം ഇങ്ങ് തന്നേക്ക്”

“വേണ്ട കൊച്ചേ…അവൻ ചിലപ്പോൾ വയലന്റാകും”

“സാരമില്ലന്നേ…”

നിർബന്ധപൂർവ്വം അവൾ മീനമ്മയിൽ നിന്ന് ആഹാരവും വാങ്ങി നീരവിന്റെ മുറിയിലെത്തി. അവൻ അപ്പോഴേക്കും ഉണർന്നിരുന്നു.വിശപ്പ് സഹിക്കാതെ പരാക്രമം തുടങ്ങാനായി ഒരുങ്ങുകയാണ്.ആ സമയത്താണ് മീര വന്നത്.

“നീരവേട്ടന് ഞാനാണ് ഇന്ന് ഭക്ഷണം വാരി തരുന്നത്”

മീരയുടെ സംസാരം കേട്ട് നീരവിന്റെ മിഴികളിൽ തീപ്പൊരി ചിതറി.അവൻ ദേഷ്യത്തോടെ അവളെ പിടുച്ചു തള്ളി.തള്ളലിന്റെ ശക്തിയിൽ അവൾ നിലത്തേക്ക് തെറിച്ചു വീണു. ചോറും കറികളും അവിടെമാകെ ചിതറി വീണു.മീരക്ക് ദേഷ്യവും സങ്കടവും ഒരുമ്മിച്ചു വന്നു.

മീര നിലത്ത് നിന്ന് എഴുന്നേറ്റു വന്ന് നീരവിനു മുമ്പിൽ നിന്നു.അവനെന്ത് വേണമെങ്കിലും ചെയ്യട്ടേയെന്ന് അവൾ കരുതി.. ഇരു കരങ്ങളുമെടുത്ത് അവന്റെ കഴുത്തിലൂടെയിട്ട് മീര നീരവിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു…

നീരവൊന്ന് നടുങ്ങി…പെട്ടെന്ന് ബാലൻസ് തെറ്റി അവൻ കട്ടിലിലേക്ക് വീണു.ഒപ്പം അവനു മുകളിലേയ്ക്ക് മീരയും വീണു..

നീരവ് ദേഷ്യപ്പെടുമ്പോൾ നീഹാരിക അവന്റെ ചുണ്ടിൽ ചുംബനപ്പൂക്കൾ വർഷിക്കുമായിരുന്നു.അതോടെ ദേഷ്യവും പരിഭവും അതിലലഞ്ഞ് പോകുമായിരുന്നു.ഡയറിക്കുറിപ്പിൽ നീരവത് വ്യക്തമായി എഴുതിയിരുന്നു…

അവൻ കുതറാൻ ശ്രമിച്ചെങ്കിലും മീര ചുണ്ടുകൾ വേർപ്പെടുത്തിയില്ല…കൂടുതൽ ശക്തമായി അമർത്തി ചുംബിച്ചു…

ഇതെല്ലാം കണ്ടുകൊണ്ട് വാതിലിനു പിന്നിലൊരാൾ നിന്ന് പല്ല് ഞെരിക്കുന്നത് അവർ രണ്ടു പേരും അറിഞ്ഞിരുന്നില്ല…

“…. നീരജ് ആയിരുന്നില്ലത്…പകരം മറ്റൊരാൾ ആയിരുന്നു അത്….”

(തുടരും)

ഈ പാർട്ട് ഇഷ്ടം ആയാൽ എനിക്കായിട്ടൊരു വാക്ക് കുറിക്കുക…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10