❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9
നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***
“എനിക്ക് അകത്തേക്ക് വരാമോ…” വാതില്‍ക്കല്‍ ആരോ മുട്ടുന്നത് കേട്ടാണ് അപ്പു തിരിഞ്ഞു നോക്കിയത്… “വന്നോളൂ…” അപ്പു അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു…
മുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് വന്ന ആളെ കണ്ടു അവളുടെ കണ്ണുകൾ അതിശയത്തിൽ വിടര്‍ന്നു..
“അനിയേട്ടൻ….”
അവള് പിറുപിറുത്തു..
ഒരു പുഞ്ചിരിയോടെ അനി അകത്തേക്ക് കയറി..
“ഞാൻ വന്നത് ബുദ്ധിമുട്ട് ആയോ… ”
അനി സംശയത്തോടെ ചോദിച്ചു..
“ഏയ്.. ഇല്ല.. അനിയേട്ടൻ ഇരിക്കൂ..”
അപ്പു പുഞ്ചിരിയോടെ അവനെ ഇരിക്കാൻ ക്ഷണിച്ചു..
അനി മുറിയില്‍ ഉള്ള സോഫയിൽ ഇരുന്നു…
അല്പ സമയം അവിടെ മൗനം തളംകെട്ടി നിന്നു…
“എന്താ അനിയേട്ടാ…എന്നോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ.. ”
അവന്‍ സംസാരിക്കാൻ മടിക്കുന്നത് കണ്ടു അപ്പു തന്നെ സംസാരിച്ചു…
” ഏയ്.. അങ്ങനെ വല്യ കാര്യം ഒന്നുമല്ലെടോ…”
അനി മടിയോടെ പറഞ്ഞു…
“പിന്നെ…”
അപ്പു അവനെ തന്നെ നോക്കി..
“അത്.. ഇന്ന് നടന്ന സംഭവം.. തനിക്ക് വിഷമം ആയി എന്ന് അറിയാം… താൻ അത് മനസ്സിൽ വെക്കരുത്… അത്.. അമ്മായി അങ്ങനെ ആണ്…”
അനി ക്ഷമാപണം നടത്തി..
” ഏയ്.. ഞാൻ അത് വിട്ടു അനിയേട്ടാ… കഴിഞ്ഞ രണ്ടു വര്‍ഷം ആയി ഞാൻ കേള്‍ക്കുന്ന കാര്യം ആണ് അത്..ഇപ്പൊ അത് ശീലമായി.. ”
അവള് പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. എങ്കിലും അവളുടെ കണ്ണില്‍ നീര് തുള്ളികള്‍ സ്ഥാനം പിടിച്ചിരുന്നു…
“ഞാ.. ഞാൻ തന്നെ കൂടുതൽ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല.. എനിക്ക് അറിയാം തനിക്ക് അത് നല്ല സങ്കടം ആയി എന്ന്.. എന്നാലും അത് മറന്ന് കളഞ്ഞേക്ക്…”
അനി അലിവോടെ പറഞ്ഞു..
“ഏയ്.. അങ്ങനെ ഒന്നുമില്ല… ഞാൻ പറഞ്ഞല്ലോ എനിക്ക് എന്റെ കുറവുകള്‍ നന്നായി അറിയാം… പെട്ടെന്ന് കേട്ടപ്പോൾ ഒരു വിഷമം.. അത്രയെ ഉള്ളു… എനിക്ക് ഇപ്പൊ വിഷമം ഒന്നുമില്ല.. ”
അപ്പു അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…
” പാറു എങ്ങനെ ആണോ അത് പൊലെ തന്നെയാണ് എനിക്ക് നീയും.. സ്ഥാനം കൊണ്ട് രണ്ടാളും എന്റെ അനിയത്തി ആണ്… അത് കൊണ്ട് ഒരു ഏട്ടന്റെ അവകാശം വച്ച് പറയുക ആണെന്ന് തന്നെ കരുതിക്കോ… ഇനി ഈ കണ്ണ് നിറയാന്‍ പാടില്ല.. കേട്ടല്ലോ..”
അവള്‍ക്കു അടുത്തേക്ക് നടന്നു വന്നു തലയിൽ തഴുകി കൊണ്ട് അവന്‍ പറഞ്ഞു..
അപ്പു നിറഞ്ഞ മനസ്സോടെ അവനെ നോക്കി ചിരിച്ചു…
” മോനേ കോഴിക്കുട്ടാ… ഇവിടെ എന്താ പരിപാടി… ”
അകത്തേക്ക് വന്നു ഒരു പുരികം പൊക്കി കാണിച്ച് കൊണ്ട് രുദ്ര ചോദിച്ചു..
” വന്നോ മഹാറാണി… കോഴി നിന്റെ ആങ്ങള… കൈലാസ്.. കേട്ടോ ടി..”
അനി അവളുടെ തലയില്‍ തട്ടി കൊണ്ട് പറഞ്ഞു..
“ദേ എന്റെ പാവം ഏട്ടനെ കോഴി എന്ന് വിളിച്ചാല്‍ ഉണ്ടല്ലോ… ”
രുദ്ര കപട ദേഷ്യത്തോടെ അവനെ നോക്കി..
“അയ്യോ… അവന്‍ കോഴി അല്ലെന്നോ… അവന്‍ ഇപ്പൊ അവിടെ പിടയുടെ പിന്നാലെ ചിക്കി ചികഞ്ഞു നടക്കുന്നുണ്ടാകും എന്റെ പൊന്നു മോളേ…”
അനി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…
അപ്പു ഒന്നും മനസ്സിലാകാതെ രണ്ട് പേരെയും നോക്കി…
“നിനക്ക് മനസ്സിലായില്ല അല്ലെ അപ്പു… ഇവളുടെ ഏട്ടന്‍ ഇല്ലേ… ആ തെണ്ടി അസ്സല് കോഴി ആണ് മോളേ… രാവിലെ അമ്മായിക്ക് ഒപ്പം വന്ന ഇറക്കുമതി ഇല്ലേ.. ”
അനി അപ്പുവിന് വേണ്ടി പറഞ്ഞു…
“ഇറക്കുമതി… എന്തു…”
അപ്പു മനസ്സിലാകാതെ അവനെ നോക്കി..
“എടി മണ്ടി… രാവിലെ വന്നത്.. ഗംഗ… അവള്.. ഇവളുടെ ഏട്ടന്റെ പുന്നാര കാമുകി അല്ലെ.. ”
അനി തലയ്ക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..
” അങ്ങനെ ആണോ.. എനിക്ക് അറിയില്ലായിരുന്നു…”
അപ്പു അതിശയത്തോടെ പറഞ്ഞു..
” ആഹ്… അത് വളരെ രഹസ്യമാണ്.. അമ്മായി അറിയണ്ട…”
രുദ്ര പറഞ്ഞു…
“അല്ല… നിന്റെ കോഴി.. അല്ല നിന്റെ ഏട്ടന്റെ ചികയൽ ഇനിയും കഴിഞ്ഞില്ലേ… നേരം കുറച്ച് ആയല്ലോ..”
അനി സംശയത്തോടെ അവളെ നോക്കി..
” ആവൊ.. ഞാൻ കണ്ടില്ല രണ്ടിനെയും.. നോക്കട്ടെ.. അമ്മായി കണ്ടാല്‍ അത് മതി… ”
രുദ്ര തലയ്ക്കു കൈയ്യും കൊടുത്തു പുറത്തേക്ക് ഓടി..
അപ്പു അവളുടെ ഓട്ടം കണ്ടു പൊട്ടിച്ചിരിച്ചു…
” അല്ല അനിയേട്ടാ.. അമ്മായിക്ക് അറിയില്ലേ ഈ കാര്യം.. അതെന്താ അവള് അങ്ങനെ പറഞ്ഞത്… “.
അപ്പു ചിരി അടക്കി കൊണ്ട് ചോദിച്ചു..
” ആഹ്.. അതൊരു കഥയാണ്.. അമ്മായിക്ക് അവളെ ദേവേട്ടനെ കൊണ്ട് കെട്ടിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നു…
അതിനു വേണ്ടി കുറെ ശ്രമിച്ചതാണ്…”
അനി എന്തോ ഓര്‍ത്തു ചിരിച്ചു..
” ആണോ.. എനിക്ക് അറിയില്ലായിരുന്നു… ”
അപ്പു ആശ്ചര്യത്തോടെ പറഞ്ഞു..
“ആഹ്.. ഇന്നും ഇന്നലെയും തുടങ്ങിയ ആഗ്രഹം അല്ല.. അന്ന് ഗൗരി അപ്പച്ചി വീട് വിട്ട് പോയപ്പോള്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ കല്യാണ പന്തലിലേക്ക് കയറിയതിന്റെ കടപ്പാട് അമ്മായി നല്ലോണം മുതലെടുത്തിട്ടുണ്ട്…
ഗൗരി അപ്പച്ചി തിരിച്ചു വന്നപ്പോള്‍ ഒന്നും അമ്മായി ഇങ്ങോട്ട് വന്നില്ല..
ഒടുവില്‍ പാറു ഒക്കെ മരിച്ചു എന്ന് അറിഞ്ഞപ്പോള്‍ ആണ് അമ്മായി വീണ്ടും വന്നത്…
പാറു മരിച്ച ഷോക്കിൽ ആയിരുന്ന ദേവേട്ടനെ അമ്മായി പിന്നെയും പിന്നെയും കുത്തി നോവിച്ചു…
പാറു തിരിച്ചു വരില്ല എന്ന് കുറെ പ്രാവശ്യം പറഞ്ഞു..
അന്ന് ഏട്ടന്റെ വകയായി അമ്മായിക്ക് ഒരു സമ്മാനം കിട്ടി.. ”
ആ ഓര്‍മയില്‍ അനി പൊട്ടിച്ചിരിച്ചു..
” എന്ത് സമ്മാനം… ”
അപ്പു ആകാംഷയോടെ ചോദിച്ചു..
” നീ ചിലപ്പോ ഒക്കെ വല്ലാതെ ട്യൂബ് ലൈറ്റ് ആണ് അപ്പു… ”
അനി കൈ നെറ്റിയില്‍ അടിച്ചു കൊണ്ട് പറഞ്ഞു..
അപ്പു ചമ്മിയ ചിരിയോടെ അവനെ നോക്കി..
” അന്ന് ദേവേട്ടൻ ആകെ വല്ലാത്ത അവസ്ഥയില്‍ ആയിരിക്കുന്ന സമയം ആണ്…
പാറു മരിച്ചു എന്ന് ആര് പറഞ്ഞിട്ടും ഏട്ടന്‍ വിശ്വസിച്ചില്ല… അപ്പോഴാണ് അമ്മായി വീണ്ടും ഏട്ടനെ കുത്തി നോവിച്ചത്…
ഏട്ടന്‍ സഹിക്കുമോ.. കൈയ്യിൽ കിട്ടിയ കല്ല് എടുത്തു ഒറ്റ ഏറു… ഭാഗ്യത്തിന് നല്ല ഉന്നം ആയിരുന്നു… അമ്മായിയുടെ നെറ്റി പൊട്ടി… ചോര വന്നു.. ആകെ പുകിലായിരുന്നു..
അതിൽ പിന്നെ അമ്മായിക്ക് ദേവേട്ടനെ പേടിയായി… പുള്ളിയോട് സംസാരിക്കാനും… ”
അനി ആ ഓര്‍മയില്‍ പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചു…
” അയ്യോ.. കഷ്ടമായി പോയല്ലോ.. ”
അപ്പു സങ്കടത്തോടെ പറഞ്ഞു..
” ആഹ്.. ബെസ്റ്റ്.. എന്ത് കഷ്ടം.. അമ്മായി അത് ചോദിച്ചു വാങ്ങിയത് ആണെന്നേ ഞാൻ പറയൂ.. എല്ലാരും അങ്ങനെയാണ് പറഞ്ഞത്…
എന്നാലും ഗംഗയെ ഇവിടത്തെ മരുമകള്‍ ആക്കണം എന്ന് അമ്മായിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു…
മുത്തച്ഛനെ സോപ്പിട്ട് അതിന് സമ്മതിപ്പിക്കുകയും ചെയ്തു..
പക്ഷേ ദേവേട്ടൻ വേറെ കുട്ടിയെ കെട്ടി എന്ന് അറിഞ്ഞപ്പോള്‍ ആ പ്രതീക്ഷയും പോയി.. കുറേ നാള് ഇങ്ങോട്ട് വന്നില്ല… ശീത സമരം… അവസാനം ഒരു ദിവസം വീണ്ടും കേറി വന്നു…”
അനി പറഞ്ഞു..
” അതിനിപ്പോ കൈലാസ് ഏട്ടന് എന്താ കുഴപ്പം.. ഗംഗ ഇവിടത്തെ മരുമകള്‍ ആയിട്ട് തന്നെയല്ലേ വരിക… ”
അപ്പു സംശയത്തോടെ ചോദിച്ചു..
” എടി.. കൈലാസിന്റെ ഭാര്യ ആയാൽ അവള് ഏറ്റവും ഇളയ മരുമകള്‍ ആയി പോവില്ലേ.. അത് അമ്മായിക്ക് സഹിക്കില്ല.. ആളുടെ അടുത്ത ഉന്നം അഭിയേട്ടൻ ആണെന്ന് ആണ് എന്റെ ബലമായ സംശയം… ”
അനി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…
അപ്പുവിന്റെ മുഖം പെട്ടെന്ന് വാടി… കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് എന്തോ കേട്ടതു പോലെ അവളുടെ മുഖം വാടി…
” അതിനു.. അതിന് ഗംഗയ്ക്ക് അഭിയേട്ടനെ അല്ലല്ലോ ഇഷ്ടം.. ”
അവള് പതര്‍ച്ചയോടെ ചോദിച്ചു…
” ആഹ്.. അതില്ല… എന്നാലും നാളെ അതൊരു പാര ആകുമോ എന്നീ എനിക്ക് നല്ല പേടിയുണ്ട്… എന്തായാലും വരുന്നിടത്ത് വച്ച് കാണാം… ആഹ്.. അത് വിട്.. ഞാൻ വേറെ ഒരു കാര്യം പറയാൻ ആണ് വന്നത്… ”
അനി സ്വയം തലയ്ക്ക് അടിച്ചു കൊണ്ട് പറഞ്ഞു…
“എന്ത് കാര്യം…”
അപ്പു ആകാംഷയോടെ ചോദിച്ചു..
” അത് പിന്നെ.. ഭദ്രേട്ടൻ പറഞ്ഞു താന്‍ MBA ക്ക് ജോയിൻ ചെയ്ത സമയത്ത് ആണ് അപകടം പറ്റിയത് എന്ന്.. ”
അനി പറഞ്ഞു..
” ഹാ… MBA ക്ക് ഉള്ളപ്പോൾ ആണ്.. പിന്നെ കുറച്ചു ഗ്യാപ്പ് വന്നു.. എന്നാലും അടുത്ത വര്‍ഷം മുതൽ ഞാന്‍ വീണ്ടും പഠിത്തം തുടങ്ങിയത് ആണ്.. ഇടയ്ക്ക് നാട്ടിലേക്ക് വന്നപ്പോള്‍ അത് വീണ്ടും ഒരു വഴിയായി.. ”
അപ്പു നിരാശയോടെ പറഞ്ഞു..
” ആഹ്.. എങ്കിൽ മോള് അത് കണ്ടിന്യൂ ചെയ്യാൻ റെഡി ആയിക്കോ.. നിന്നെ വീണ്ടും MBA ക്ക് വിടാന്‍ ആണ് ഭദ്രേട്ടന്റെ തീരുമാനം.. പിന്നെ തല്‍കാലം ഇവിടെ നിന്നെ സഹായിക്കാൻ ഞാനും ഉണ്ട്.. വല്യ ജീനിയസ് ഒന്നും അല്ലെങ്കിലും ഞാനും ഒരു MBA കാരന്‍ ആണ് ട്ടാ.”
അനി കുസൃതി ചിരിയോടെ പറഞ്ഞു…
” എന്നാലും.. ഇനി.. ഇനി എന്നെ കൊണ്ട് അതിനൊന്നും പറ്റുമെന്ന് തോന്നുന്നില്ല… ടച്ച് ഒക്കെ വിട്ടു.. ”
അപ്പു വെപ്രാളത്തോടെ പറഞ്ഞു..
” ആഹ്.. അതൊക്കെ നമുക്ക് ശരിയാക്കാം.. ഞാൻ ഒന്ന് സൂചിപ്പിച്ചു എന്നെ ഉള്ളു.. ഏട്ടന്‍ തന്നെ പറയും നിന്നോട്.. എന്തായാലും ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.. ”
അനി പുറത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു…
അപ്പുവിന് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി…
****
“വിട് എന്നെ… മര്യാദയ്ക്ക് കൈ വിടാന്‍ അല്ലെ പറഞ്ഞത്.. ”
ഗംഗ പിടഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..
” പെണ്ണ് എന്താ രാവിലെ കഴിച്ചത്.. നിന്റെ അമ്മ വല്ല കാന്താരി മുളക് ചമ്മന്തിയും കഴിപ്പിച്ചോ.. നല്ല എരിവ് ആണല്ലോ ഇന്ന്…”
കൈലാസ് കുസൃതി ചിരിയോടെ പറഞ്ഞു…
” ആണെങ്കിൽ നന്നായി പോയി.. മംഗലത്തെ കുഞ്ഞ് തമ്പുരാന് നഷ്ടം ഒന്നുമില്ലല്ലോ…”
പുച്ഛത്തിൽ ചുണ്ട് കോട്ടി കൊണ്ട് ഗംഗ പിറുപിറുത്തു…
” എന്താ ടി കാന്താരി.. വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ ഉച്ചത്തില്‍ പറയണം.. ”
കൈലാസ് അവളെ തന്നോട് ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
” ദേ മനുഷ്യ.. എന്നെ വിട്.. നിങ്ങളുടെ പെങ്ങള്‍ എങ്ങാനും കണ്ടോണ്ട് വന്നാല്‍ പിന്നെ അത് മതി.. വന്നപ്പോ തന്നെ അവള് എനിക്കിട്ട് നന്നായി താങ്ങി.. ”
ഗംഗ ചുറ്റും നോക്കിക്കൊണ്ട് വെപ്രാളത്തോടെ പറഞ്ഞു..
” അടങ്ങി നിക്ക് പെണ്ണേ… നിനക്ക് ഇപ്പൊ സന്തോഷം ആയില്ലേ..”.
അവളുടെ താടിയില്‍ പിടിച്ചു ഉയർത്തി കൊണ്ട് അവന്‍ ചോദിച്ചു…
” മം.. ”
” ദേ പെണ്ണേ.. മൂളി കളിക്കാന്‍ അല്ല പറഞ്ഞത്… ഇനി നിനക്ക് എന്റെ കണ്‍വെട്ടത്ത് നിന്ന് കൊണ്ട് തന്നെ പഠിക്കാലോ…”
കൈലാസ് ദേഷ്യത്തോടെ പറഞ്ഞു..
” ആഹ്.. ഇങ്ങനെ ഒരു കാര്യം അവതരിപ്പിക്കാൻ ഞാന്‍ പെട്ട പാട് എനിക്ക് മാത്രമേ അറിയൂ…”
ഗംഗ അവന്റെ കൈയ്യിൽ ആഞ്ഞു നുള്ളി കൊണ്ട് പറഞ്ഞു..
” ടി.. പതിയെ.. വേദന ഉണ്ട്.. നിന്റെ അമ്മ ഉടക്ക് ഒന്നും പറഞ്ഞില്ലേ എന്നിട്ട്.. ”
കൈലാസ് കൈ തടവി കൊണ്ട് ചോദിച്ചു..
“പിന്നെ അല്ലാതെ.. അമ്മ സിഐഡി അല്ലെ.. കുറേ ചോദ്യം ചെയ്തു.. അവസാനം അഭിയേട്ടൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ ആണ് അമ്മ സമ്മതിച്ചത്…”
ഗംഗ കുസൃതി ചിരിയോടെ പറഞ്ഞു..
” അത് നമുക്ക് ഒരു പാര ആകുമോ എന്നാണ് ഇപ്പൊ എന്റെ ബലമായ സംശയം.. നിന്റെ അമ്മയുടെ ഇപ്പോഴത്തെ നോട്ടം അഭി ഏട്ടന്‍ ആണല്ലോ.. ”
കൈലാസ് മങ്ങിയ മുഖത്തോടെ പറഞ്ഞു..
” ഏയ്.. നമുക്ക് പാര ഒന്നും ആവില്ല.. പറഞ്ഞു വരുമ്പോ ഇതും എന്റെ മുറ ചെറുക്കന്‍ തന്നെ അല്ലെ.. പിന്നെന്താ.. ”
അവള് അവന്റെ നെഞ്ചത്ത് തൊട്ടു കൊണ്ട് പറഞ്ഞു..
” അതൊക്കെ ശരി തന്നെ.. എന്നാലും ഇത് നമുക്ക് പ്രശ്നം ആകാൻ വഴിയുണ്ട് മോളേ.. എന്തായാലും വരുന്നിടത്ത് വച്ച് കാണാം അല്ലെ.. ”
കൈലാസ് നെടുവീര്‍പ്പിട്ടു..
” പിന്നെ അല്ലാതെ.. എന്റെ ക്രിഷ് ഉള്ളപ്പോൾ എനിക്കെന്തു ടെന്‍ഷന്‍..”
അവള് കുസൃതി ചിരിയോടെ അവന്റെ മീശ പിടിച്ചു വലിച്ചു..
” ടി മോളേ.. എന്നെ ഇനി അങ്ങനെ വിളിച്ചാല്‍ ഉണ്ടല്ലോ… ”
കൈലാസ് കപട ദേഷ്യത്തോടെ അവളെ നോക്കി..
” എന്ത്… എന്താ അങ്ങനെ വിളിച്ചാല്… ഞാന്‍ ഇനിയും വിളിക്കും.. എന്താ ചെയ്യുക എന്നെ..പിടിച്ചു വിഴുങ്ങി കളയുമോ.. ”
അവള് പുരികം പൊക്കി കൊണ്ട് ചോദിച്ചു…
“ഏയ്.. അതൊന്നും ഇല്ല.. ഞാൻ നിന്നെ… ”
പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞിരുന്നു…
” അയ്യേ….. ”
പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ശബ്ദം കേട്ടാണ് രണ്ട് പേരും ഞെട്ടി പരസ്പരം അകന്നു മാറിയത്..
“അയ്യോ രുദ്ര…”
ഗംഗ നാണം കൊണ്ട് അവനു പിന്നില്‍ ഒളിച്ചു..
” പ്രായപൂര്‍ത്തിയായ ഒരു പെണ്ണ് ഈ വീട്ടില്‍ ഉണ്ടെന്ന് ഉള്ള ചിന്ത ആര്‍ക്കും ഇല്ലല്ലോ എന്റെ ഈശ്വരാ… വന്നു വന്നു ഇത് ഇമ്രാൻ ഹാഷ്മിയുടെ പടം പോലെയായി..”
രുദ്ര പുരികം പൊക്കി കൊണ്ട് കലിപ്പിൽ രണ്ട് പേരെയും നോക്കി..
“നീ ബോബനും മോളിയിലെ പട്ടിയെ പോലെയാണല്ലോടീ… എല്ലാ ഫ്രെയിമിലും വന്നു നിൽക്കാൻ..”
കൈലാസ് കൈ തലയില്‍ വച്ച് കൊണ്ട് പിറുപിറുത്തു..
“അയ്യോ ഡാ… ഇപ്പൊ അങ്ങനെ ഒക്കെ തോന്നും.. ഈ നിക്കുന്ന ഇവളെ ഇങ്ങോട്ട് കൊണ്ട് വരാൻ കുരുട്ട് ബുദ്ധി പറഞ്ഞു തന്നതും പോരാ.. എന്നിട്ട് കുറ്റം എന്റേതും… ഇതാ പണ്ടാരോ പറഞ്ഞത്.. പാലം കടക്കുവോളം നാരായണ.. പാലം കടന്നാല്‍ കൂരായണ..”
രുദ്ര മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..
” ഏട്ടന്‍ ചുമ്മാ പറഞ്ഞത് അല്ലെ ടി… എനിക്ക് അറിയാലോ.. നീയാണ് ഇവക്ക് ഈ കുരുട്ട് ബുദ്ധി ഒക്കെ ഉപദേശിച്ചു കൊടുക്കുന്നത് എന്ന്… ”
കൈലാസ് നിഷ്കളങ്കമായി അവളോട് പറഞ്ഞു..
” ദേ.. ഏട്ടാ എന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വേറെ ഒന്നും വിളിപ്പിക്കരുത്… ഒരു ഉപകാരം ചെയ്തപ്പോൾ കുറ്റം എനിക്ക്… ”
രുദ്ര അവന്റെ കൈയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു.
” വേണ്ടെ ടി.. നിനക്കും ആള് സെറ്റ് ആവുമ്പോ എന്നോട് പറയ്.. ഞാൻ സഹായിക്കാം.”.
കൈലാസ് പറഞ്ഞു..
” മം.. അതിനു എനിക്ക് യോഗം ഇല്ല. ആള്‍ക്ക് കൂടി തോന്നണ്ടേ… ”
രുദ്ര പിറുപിറുത്തു…
” എന്താ.. എന്താ പറഞ്ഞത്.. ”
കൈലാസ് അവളെ കൂർപ്പിച്ച് നോക്കി..
“ഒന്നുമില്ലേ.. ഞാനൊരു ആത്മഗതം പറഞ്ഞതാണ്..ഇവിടെ നിന്ന് പഞ്ചാരയുടെ അളവ് കൂട്ടാതെ രണ്ടാളും അങ്ങോട്ട് വരാൻ നോക്ക്… അമ്മായി അന്വേഷിച്ച് വന്നാൽ എല്ലാം പ്രശ്നം ആകും… എനിക്ക് കോളേജിലും പോകണം.. ”
അതും പറഞ്ഞു രുദ്ര മുന്നോട്ടു നടന്നു…
” ഞാനും അങ്ങോട്ട് ചെല്ലട്ടെ ഏട്ടാ… ഇല്ലെങ്കില്‍ അവള് പറഞ്ഞത് പോലെ പ്രശ്നം ആകും.. ”
ഗംഗ അവള്‍ക്ക് പിന്നാലെ ഓടി കൊണ്ട് പറഞ്ഞു..
” ടി.. നിക്ക്… ഞാനൊന്നു പറയട്ടെ.. ”
കൈലാസ് വിളിച്ചു പറഞ്ഞു..
” പിന്നെ പറയാം.. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ…”
അവള് നടക്കുന്നതിന് ഇടയില്‍ വിളിച്ചു പറഞ്ഞു..
” ഛെ.. ഒരു കിസ് മിസ്സ് ആയി.. ”
കൈലാസ് ചിരിയോടെ പിറുപിറുത്തു..
***
“നീ എവിടെ ആയിരുന്നു അനി… ഞാൻ എത്ര നേരമായി നോക്കി ഇരിക്കുന്നു..”
മുറിയിലേക്ക് വന്ന അനിയോട് അഭി ദേഷ്യപ്പെട്ടു..
” എന്റെ ഏട്ടാ.. ഞാൻ അപ്പുവിന്റെ മുറിയില്‍ ആയിരുന്നു..”
അനി പുഞ്ചിരിയോടെ പറഞ്ഞു..
” എഹ്.. എന്ത്.. നീ എന്തിനാ അവളുടെ മുറിയില്‍ പോയതു..”
അഭി ഞെട്ടലോടെ അവനെ നോക്കി..
” പാവം.. രാവിലെ തന്നെ അമ്മായിയുടെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ കേട്ടത് അല്ലെ ആ പാവം.. ഞാൻ ഒന്ന് ആശ്വസിപ്പിക്കാൻ പോയതാണ്… ”
അനി വിഷമത്തോടെ പറഞ്ഞു…
“ആഹ്.. അങ്ങനെ… ആഹ്.. ഞാൻ കരുതി.. ”
അഭി വിക്കി വിക്കി പറഞ്ഞു..
” ഏട്ടന്‍ എന്താ കരുതിയത്…”
അനി അതിശയത്തോടെ അവനെ നോക്കി..
” അല്ല ഞാന്‍ കരുതി നീ ഭദ്രേട്ടനെ തിരക്കി പോയതാവും എന്ന്… ”
അഭി പെട്ടെന്ന് പറഞ്ഞു ഒപ്പിച്ചു..
” ഏയ്.. അത് അല്ല.. പിന്നെ അപ്പുവിന്റെ MBA പഠനം തുടരാന്‍ ആണ് തീരുമാനം.. അതും കൂടി പറയാന്‍ ഉണ്ടായിരുന്നു.”
അനി കൈയ്യിൽ ഇരുന്ന ലാപ് ടോപ്പ് ഓപ്പണ് ചെയ്ത് കൊണ്ട് പറഞ്ഞു…
” MBA.. അത് ഇനി എങ്ങനെ.. ”
അഭി സംശയത്തോടെ ചോദിച്ചു..
“അതൊക്കെ ഭദ്രേട്ടന്‍ നോക്കിക്കോളും… ഏട്ടന്‍ ഇപ്പൊ ഇവിടെ ഇരുന്നു ഇത് നോക്കു.. നമ്മുടെ പുതിയ ക്ലയന്റ് ഡീറ്റയിൽസ് ആണ്. ”
അനി അവന് മുന്നിലേക്ക് ലാപ് ടോപ്പ് നീക്കി വച്ചു കൊണ്ട് പറഞ്ഞു…
“ഞാ.. ഞാൻ പിന്നെ നോക്കിക്കോളാം.. എനിക്ക് ഒരു തല വേദന പോലെ..”
അഭി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു…
” എന്ത് പറ്റി ഏട്ടാ.. ബ്ലഡ് കൊടുത്തത് കൊണ്ട് ആണോ.. എങ്കിൽ ഏട്ടന്‍ റസ്റ്റ് എടുക്കു.. നമുക്ക് ഇത് പിന്നെ നോക്കാം..”
അനി എഴുന്നേറ്റു കൊണ്ട് പറഞ്ഞു..
“മം..”
അഭി മൂളി..
****
” ദേവേട്ടാ… ഞാൻ ഒന്ന് പുറത്ത് പൊയ്ക്കോട്ടേ ഇന്ന്..”
ദേവിന്റെ ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊടുത്തു കൊണ്ട് പാറു പതിയെ ചോദിച്ചു..
” പുറത്ത് പോകാനോ.. എന്തിന്.. ”
ദേവ് അമ്പരപ്പോടെ അവളെ നോക്കി..
“ആഹ്. അത് പിന്നെ എനിക്ക് കുറച്ചു ഇന്നർ വെയര്‍ വാങ്ങാൻ ഉണ്ടായിരുന്നു.. ”
പാറു വെപ്രാളത്തോടെ പറഞ്ഞു…
” അതിനു എന്താ.. അതൊക്കെ ഞാൻ വാങ്ങി കൊണ്ട് വരാറുള്ളത് അല്ലെ..”
കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ട് അവന്‍ പറഞ്ഞു..
” ആഹ്.. അത്.. അത് പിന്നെ.. ഇപ്പൊ അങ്ങനെ വാങ്ങിയാല് പാകം ആവില്ല.. ഞാൻ തന്നെ നേരിട്ട് പോയി വാങ്ങണം.. ഇപ്പൊ തടിച്ചു വന്നില്ലേ ഞാൻ..”
പാറു പറഞ്ഞു…
” മം.. എന്നാൽ പിന്നെ വൈകിട്ട് ഞാന്‍ വന്നിട്ട് നമുക്ക് ഒരുമിച്ചു പോകാം.. എന്താ..”
കണ്ണാടിയിൽ കൂടി അവളുടെ വെപ്രാളം ശ്രദ്ധിച്ചു കൊണ്ട് അവന്‍ പറഞ്ഞു..
” ആഹ്.. അത്.. പിന്നെ… ദേവേട്ടൻ വരുമ്പോഴേക്കും ലേറ്റ് ആവില്ലേ..
പിന്നെ വൈകിട്ട് ആവുമ്പോ എന്നെ പുറത്ത് ഇറങ്ങാനും സമ്മതിക്കില്ല ഇവിടെ ആരും… ഞാൻ.. അനിയേട്ടനെയോ കൈലാസ് ഏട്ടനെയോ കൂട്ടി പൊയ്ക്കോളാം… ഗംഗയും ഉണ്ടല്ലോ..
വേണമെങ്കിൽ അവളെയും കൂട്ടാം.. പെട്ടന്ന് പോയിട്ട് വരാം ഏട്ടാ.. എന്റെ നല്ല ദേവന്‍ അല്ലെ.. ”
അവള് അവന്റെ ഷർട്ടിൽ പിടിച്ചു കെഞ്ചി…
” മം.. പെണ്ണിന് ഇന്ന് എന്ത് പറ്റി… എന്തായാലും പോയിട്ട് പെട്ടെന്ന് വരണം… എന്തേലും വയ്യായ്മ ഉണ്ടെങ്കിൽ അപ്പൊ എന്നെ വിളിക്കണം.. കാർ പതിയെ ഓടിക്കാന്‍ പറയണം… പുറത്ത് നിന്ന് തല്‍കാലം ഫുഡ് ഒന്നും കഴിക്കാൻ നിക്കണ്ട… ഓടി നടക്കരുത്… സ്റ്റെപ്പ് ഒന്നും കേറാന്‍ നില്‍ക്കരുത്… പിന്നെ.. ”
ദേവ് പറഞ്ഞു പൂര്‍ത്തിയാക്കുന്നതിനു മുന്നേ പാറു ഇടയില്‍ കേറി..
” എന്റെ ദേവാ.. എത്രയാ ഉപദേശം… ഞാൻ ഒന്ന് പുറത്ത് പോകേണ്ട കാര്യമല്ലേ പറഞ്ഞുള്ളൂ… ”
പാറു തലയില്‍ കൈ വച്ചു കൊണ്ട് പറഞ്ഞു..
” ആഹ് അത് കൊണ്ട് തന്നെയാണ് പറഞ്ഞത്.. ഹോസ്പിറ്റലിൽ എത്തിയാലും എന്റെ മനസ്സു ഇവിടെ നിന്നോടും നമ്മുടെ മക്കളോടും ഒപ്പം തന്നെയാവും..
വൈകിട്ട് എത്തുന്നത് വരെ എനിക്ക് ഒരു സമാധാനവും കാണില്ല.. അത് കൊണ്ടാണ് പറയുന്നത്… കേട്ടോ ഡാ മക്കളെ.. അമ്മ ഓടി നടക്കും…
എന്റെ മക്കളു അമ്മയോട് പറയണം പതിയെ നടക്കാൻ… കേട്ടല്ലോ.. ”
കുനിഞ്ഞു മുട്ട് കുത്തി ഇരുന്നു അവളുടെ വയറിൽ ചുംബിച്ചു കൊണ്ട് അവന്‍ പറഞ്ഞു..
മറുപടി എന്നോണം വാവകള്‍ അവളുടെ വയറിൽ ആഞ്ഞു ചവിട്ടി…
” ഹൂ… അച്ഛനും മക്കളും സംസാരിച്ചത് മതി.. ചവിട്ടു കിട്ടുന്നത് എനിക്ക് ആണ്.. ”
പാറു പരിഭവത്തോടെ പറഞ്ഞു..
” എടി കുശുമ്പി പാറു… നീ അല്ലെടി എന്റെ ആദ്യ വാവ… പോയിട്ട് പെട്ടെന്ന് വരണം.. എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല…”
ദേവ് അവളുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു..
പാറു അവന്റെ ഹൃദയമിടിപ്പിന് ചെവി ഓര്‍ത്തു കൊണ്ട് അവന്റെ നെഞ്ചില്‍ ചാരി നിന്നു…
*****
മുറിയുടെ പുറത്തേക്ക് ഇറങ്ങിയത് ആയിരുന്നു അപ്പു… വീൽചെയർ നീക്കി അവള് മുന്നോട്ടു നീങ്ങി..
എതിർ വശത്ത് നിന്നും അഭി വരുന്നത് അവള് കണ്ടു…
അവനെ ശ്രദ്ധിക്കാതെ അവള് മുന്നോട്ടു നീങ്ങി…
” സോറി….”
പിന്നില്‍ നിന്നും അഭിയുടെ ശബ്ദം കേട്ട് അവള് ഒന്ന് നിന്നു…
“സോറി… ഞാ.. ഞാൻ.. അന്ന്..”
അഭി വാക്കുകൾ കിട്ടാതെ നിന്നു..
“സാരമില്ല.. ഞാൻ അത് മറന്നു…”
അപ്പു ശാന്തമായ സ്വരത്തില്‍ പറഞ്ഞു..
പിന്നെ വീൽചെയർ നീക്കി…
അഭി വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ നിന്നു..
****
“രുദ്രേ… നീ ഇന്നും ക്ലാസ്സിലേക്ക് വരുന്നില്ലേ… ”
മരച്ചുവട്ടില്‍ ഇരുന്ന രുദ്രയോട് വര്‍ഷ ചോദിച്ചു…
“ഇല്ല.. ഫസ്റ്റ് അവർ തമ്പുരാന്റെ അല്ലെ…”
രുദ്ര താല്‍പര്യം ഇല്ലാത്തത് പോലെ പറഞ്ഞു..
“ഏയ്.. അങ്ങേരു ഇല്ലെടി ഇന്ന്.. ലീവ് ആണ്…”
വര്‍ഷ മങ്ങിയ മുഖത്തോടെ പറഞ്ഞു..
” എന്ത്.. എന്ത് പറ്റി.. ”
രുദ്ര വെപ്രാളത്തോടെ ചോദിച്ചു..
“അങ്ങേരുടെ കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേട്ടു.. ശരിക്ക് അറിയില്ല.. അങ്ങനെ ഒരു സംസാരം ഉണ്ട്… നീ വരുന്നുണ്ടെങ്കിൽ വാ….”
വര്‍ഷ പിന്തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു…
രുദ്രയുടെ മിഴികള്‍ നിറഞ്ഞ് ഒഴുകി..
(തുടരും)
(ലേറ്റ് ആകുന്നതിനു പൊങ്കാല കാത്തു കിടക്കുന്നുണ്ടെന്ന് എനിക്ക് അറിയാം… ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ്.. ക്ഷമിക്കണം.. കഥ പതിയെ ആണ് പോകുന്നത്.. ഓടിച്ചു പോകാൻ എനിക്ക് പറ്റുന്നില്ല… 😉 ഓരോ സന്ദര്‍ഭവും മറ്റൊന്നുമായി ബന്ധപ്പെട്ടത് ആണ്.. അത് കൊണ്ടാണ് പതിയെ പോകുന്നത്… പുതിയ ട്വിസ്റ്റുകളുമായി ഞാൻ വീണ്ടും വരും.. കാത്തിരിക്കുക.. സ്നേഹപൂര്‍വം ❤️)
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7
❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8
അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹