Sunday, December 22, 2024
Novel

നവമി : ഭാഗം 16

എഴുത്തുകാരി: വാസുകി വസു


സതിയുടെ ഉറപ്പും വാങ്ങി നീതി ക്ലാസിലേക്ക് പോയി. വൈകുന്നേരം മടങ്ങുമ്പോൾ സതി ലാബിൽ നിന്ന് എടുത്ത് കൊടുത്ത ആസിഡ് നീതിയുടെ ബാഗിൽ ഭദ്രമായിരുന്നു.ആ കാര്യം നവമി പോലും അറിഞ്ഞില്ല….

ഒരുവശത്ത് നീതിയോട് പക വീട്ടാനായി മിഴിയുടെ ഭർത്താവ് ജിത്തും മറ്റൊരു വശത്ത് നീതിയെയും അനിയത്തിയെയും ഇല്ലായ്മ ചെയ്യാൻ ധനേഷും കൂട്ടുകാരും..

ഇവർക്കെല്ലാം നടുവിൽ അനിയത്തിയെ രക്ഷിക്കാൻ നീതിയും..തനിക്ക് എന്ത് സംഭവിച്ചാലും നവമിയെ ബലിയാടാക്കാൻ പറ്റില്ലെന്ന് നീതി തീരുമാനിച്ചിരുന്നു..ഇതൊന്നും അറിയാതെ നവമിയും…

“ഛെ.. അവൾ കയ്യിൽ നിന്ന് വഴുതി പോവുകയാണല്ലോ?”

നീതിയെ കാണാനായി പോയിട്ട് വന്ന ശേഷം ധനേഷ് കൂട്ടുകാരെ വിളിച്ചു വരുത്തിയിരുന്നു. അവർ തമ്മിൽ അതിനെ കുറിച്ച് ഡിസ്ക്കസ് ചെയ്യുക ആയിരുന്നു.

നീതിയിങ്ങനെ മാറുമെന്ന് സ്വപ്നത്തിൽ പോലും ധനേഷ് പ്രതീക്ഷിച്ചിരുന്നില്ല.കുറച്ചു ബുദ്ധിമുട്ടിയാണ് ആളെ വീഴ്ത്തിയത്.അപ്പോഴും ലക്ഷ്യം നവമി ആയിരുന്നു.

“ഇനിയിപ്പോൾ എന്ത് ചെയ്യുമെടാ” വലിച്ചു തീർന്ന സിഗരറ്റ് കുറ്റി ധനു ദൂരേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ചോദിച്ചു.

“ചേച്ചിയും അനിയത്തിയും..ഒരുപാട് മോഹങ്ങൾ ആയിരുന്നു” ഷിബിനിൽ നിരാശ കലർന്നു.

“എന്തെങ്കിലും വഴി കണ്ടെത്തണം നമുക്ക്. പതിയെ ആലോചിച്ചു കണ്ടുപിടിക്കണം”

പക്ഷേ അതെങ്ങനെയെന്ന് മാത്രം ധനേഷിന് അറിയില്ലായിരുന്നു.അവൾ മാറിയതിന് പിന്നിൽ നവമി ഒറ്റൊയൊരുത്തിയാണ്.അവൻ പല്ലുകൾ കൂട്ടി ഞെരിച്ചു.

“നീതിയും നവമിയും രണ്ടു പേരും തന്റെ കൂടെ കിടക്കും.അല്ലെങ്കിൽ കിടത്തിയിരിക്കും” മനസിൽ നൂറ്റിയൊന്ന് ആവർത്തി പ്രതിജ്ഞ ചെയ്തു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

ദിവസങ്ങൾ പതിയെ കടന്നു പോയി. ഇടക്ക് ധനേഷ് കാണാൻ ശ്രമിച്ചെങ്കിലും നീതി ബുദ്ധിപൂർവ്വം ഒഴിഞ്ഞുമാറി.

എങ്കിലും അനിയത്തിക്ക് നേരെയൊരു ആക്രമണം ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നു.അതിനാൽ നിഴൽ പോലെയവൾ കൂടെ ഉണ്ടായിരുന്നു.

നീതിയുടെ മാറ്റം എല്ലാവരെക്കാളും കൂടുതൽ സന്തോഷിപ്പിച്ചത് നവിയെ ആയിരുന്നു. ചെറുപ്പത്തിലേ നഷ്ടപ്പെട്ട സ്നേഹം അനിയത്തിക്കായി ചേച്ച് പകർന്നു നൽകി.

അതിനു പതിന്മടങ്ങായി നവി തിരികെ കൊടുത്തു. സ്നേഹവും സന്തോഷവുമായി അവരുടെ ജീവിതം മുമ്പോട്ട് നീങ്ങി.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

“ഇപ്പോഴെന്തായി ചേച്ചിയും അനിയത്തിയും ഒന്നായി.നീയിപ്പോഴും ഏകാന്തപഥികനായിങ്ങനെ നടന്നോ”

കൊഴിഞ്ഞു വീണ വാകപ്പൂക്കളെ വകഞ്ഞു മാറ്റി ഗുൽമോഹറിന്റെ ചുവട്ടിൽ അക്ഷരയും അഥർവും ഇരുന്നു.

“നീയെന്താടീ ദുഷ്ടേ സാഹിത്യമൊക്കെ വിളമ്പി ചങ്കിൽ കുത്തുന്നത്?” അഥർവ് ചിരിയോടെ അക്ഷരയെ നോക്കി.

“ഞാൻ സാഹിത്യമല്ല പറഞ്ഞത്.നിന്റെ അവസ്ഥ ഓർമ്മിപ്പിച്ചതാണ്”

“എന്ത് അവസ്ഥ” ഒന്നും മനസ്സിലാകാത്ത പോലെ അവൻ അഭിനയിച്ചു. ഉള്ളം നീറുകയാണെങ്കിലും അക്ഷരയത് കാണാതിരിക്കാൻ അവൻ ശ്രമിച്ചു. പക്ഷേ ബെസ്റ്റ് ചങ്കായ അവൾക്ക് എല്ലാം പെട്ടെന്ന് മനസിലാകുമായിരുന്നു.

“കൂടുതൽ അഭിനയിക്കാൻ നിൽക്കണ്ടാ. എനിക്ക് നിന്റെ മനസ് കാണാൻ കഴിയും” വേദന നിറഞ്ഞിരിക്കുന്നു ആ സ്വരത്തിൽ.

ഒന്നാം ക്ലാസ് മുതൽ തുടങ്ങിയ സൗഹൃദമാണ് അഥർവും അക്ഷരയും തമ്മിൽ.എന്ത് ടോപ്പിക്കും തമ്മിൽ സംസാരിക്കും.അതിനിടയിൽ മറയില്ല.

അക്ഷരയുടെയും അഥർവിന്റെയും അച്ഛന്മാർ തമ്മിൽ നല്ല സുഹൃത്തുക്കളാണ്.വിവാഹം കഴിഞ്ഞും അതേ സൗഹൃദം നിലനിർത്താൻ അവർ ആഗ്രഹിച്ചു.

അങ്ങനെയാണ് കൂട്ടുകാരികളായ പെൺകുട്ടികളെ അവർ ആലോചിച്ചത്.

അത് ചെന്ന് നിന്നത് അക്ഷരയുടെയും അഥർവിന്റെയും അമ്മമാരിൽ ആയിരുന്നു. ഇണപിരിയാത്ത സൗഹൃദങ്ങൾ അങ്ങനെ വിവാഹിതരാവുകയും ചെയ്തു.

ബന്ധങ്ങൾ പരസ്പരം നിലനിർത്താനായി അവർ അക്ഷരെയും അഥർവിനെയും തമ്മിൽ വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു.

പക്ഷേ ഇരുവർക്കും ഇടയിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല.മനസിൽ ഇടം പിടിച്ചത് രണ്ടു വ്യക്തികൾ ആയിരുന്നു.

അഥർവിന്റെ മനസിൽ നവിയും അക്ഷരയിൽ നിവിനും.അവളുടെ പ്രണയത്തിന് എല്ലാ സഹായവും ചെയ്തത് അവനായിരുന്നു.

കൂട്ടുകാരന്റെ പ്രണയം സാക്ഷാത്കരിക്കുവാനായി എന്തും ചെയ്യാൻ അവൾ ഒരുക്കമായിരുന്നു.

അഥർവിന്റെ വ്യത്യസ്തമായ കണ്ടീഷൻ അതിനൊരു തടസ്സമായി.

“ഡാ മരങ്ങോടാ ലോകത്തില്ലാത്ത വ്യവസ്ഥകൾ ഇനിയെങ്കിലും ഒന്ന് മാറ്റിപ്പിടിക്കടേയ്.ഇല്ലെങ്കിൽ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിക്കൊണ്ടു പോകും” പാതി കാര്യമായും തമാശയുമായി അവൾ പറഞ്ഞു.

“എന്റെ പൊന്നേ..നെഞ്ചിൽ കുത്തണ വർത്തമാനമൊന്നും പറയാതെടേയ്”

“എന്തരപ്പി..പിന്നെന്തിര് പറയണം”

“ദേ കൊച്ചേ കലിപ്പിക്കാതെയൊന്ന് എഴുന്നേറ്റ് പോയേ” അഥർവ് അങ്ങനെ പറഞ്ഞതും അക്ഷര ദേഷ്യത്തോടെ എഴുന്നേറ്റു.

“ഒന്ന് പോയേടാ ശവീ” അവൾ മുമ്പോട്ട് നടന്നതും അവൻ ഓടിവന്നു.

“ഞാനൊരു തമാശ പറഞ്ഞതല്ലേടീ ..നീ ക്ഷമിക്ക്” കൈകൂപ്പി നിൽക്കുന്ന അഥർവിനെ കണ്ടതും അറിയാതെ ചിരി വന്നു.കൂടെ അവനും ചിരിച്ചു.

“നീയൊന്ന് ഹെൽപ്പ് ചെയ്യെടീ”

“ഞാനെന്ത് മാങ്ങാതൊലി ചെയ്യാനാണ്”

“നീ നവമിയെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് ഒന്ന് പറയിപ്പിക്കാൻ ട്രൈ ചെയ്തു കൂടെ” വ്യവസ്ഥകളിൽ ഒരെണ്ണം അയവ് വരുത്തി.

“ഉവ്വ് അങ്ങോട്ട് ചെന്നാൽ മതി..നവി എന്നെ ഓടിക്കും.

നീ കരുതുന്നൊരു പെൺകുട്ടിയല്ല അവൾ.ഓരോന്നിനും വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ട്. യഥാർത്ഥത്തിൽ എനിക്ക് നവിയോട് റെസ്പെക്റ്റ് തോന്നുന്നു.

ഒരിക്കലും മാറില്ലെന്ന് കരുതിയ നീതിയെ മാറ്റിയെടുത്തില്ലേ.അത് തന്നെ ഉദാഹരണം.”

അക്ഷര പറയുന്നത് നൂറു ശതമാനം ശരിയാണെന്ന് അറിയാം.ക്ഷമയും സഹനവും ഉള്ളവർക്ക് മാത്രമേ നീതിയെ പോലൊരു പെൺകുട്ടിയെ മാറ്റിയെടുക്കാൻ കഴിയൂ.നവമിയെ പോലൊരു പെൺകുട്ടിയിലത് ധാരാളമുണ്ട്..

സാധാരണ ആൺകുട്ടികൾ പെൺകുട്ടികളുടെ പിറകെ ചെന്നാണ് പ്രണയം പറയുക.കൂട്ടുകാരിൽ എല്ലാവരും അങ്ങനെ ആയിരുന്നു.

ബട്ട് തന്റെ പ്രണയത്തിലൊരു വ്യത്യാസം വേണമെന്ന് അവന് തോന്നി.തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടി വന്ന് തന്നോട് പറയണം ..

അഥർവിനെ എനിക്ക് ഇഷ്ടമാണെന്ന്. അങ്ങനെ പ്രണയം തോന്നിയൊരു പെൺകുട്ടി നവിയാണ്. അവളെ ജീവിതസഖിയാക്കാനും കൊതിച്ചു.

നവിയുടെ നിലപാട് അഥർവിന്റെ ഓപ്പസിറ്റാണ്.സ്ത്രീയെന്നാൽ പുരുഷന് കീഴിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവളാണ്.അങ്ങനെ വരുമ്പോൾ ആണുങ്ങൾ പ്രണയം തുറന്നു പറയണം. നവിയുടെ ആഗ്രഹം അഥർവ് തന്നെ മനസ് തുറക്കണമെന്നാണ്.

അതുപോലെ പ്രണയിക്കുന്ന പുരുഷനെ തേക്കാനോ കൂടെ വിളിച്ചാൽ ഇറങ്ങി പോകാനോ തയ്യാറല്ല.

ഇത്രയും നാൾ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി സുമംഗലിയാകണം.

പ്രണയ സാക്ഷാത്ക്കാരത്തിനായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്..

“നീയെന്ത് തീരുമാനിച്ചു അഥർവ്” അക്ഷര അവനെ നോക്കി.

“നവമി പ്രണയം തുറന്ന് പറയട്ടെ”

“കോപ്പ്” ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് അവൾ ക്ലാസിലേക്ക് പോയി. അഥർവ് വിഷണ്ണനായി അവിടെ നിന്ന്..

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

നവമിയുടെ മനസിൽ അഥർവിനോടുളള ഇഷ്ടം പോയിരുന്നില്ല.അക്ഷരക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞ നിമിഷം മുതൽ എല്ലാം മറക്കാൻ ശ്രമിച്ചു ഒഴിഞ്ഞ് മാറിയെങ്കിലും ഹൃദയത്തിന്റെ കോണിലെവിടെയോ അവൻ ഉണ്ടെന്ന് അറിയാം.

“എന്തുവാടീ ചിന്തിച്ചിരിക്കുന്നത്” നീതിയുടെ ശബ്ദം അവളെ ഉണർത്തി.

“ഒന്നുമില്ല ചേച്ചി..ഞാൻ വെറുതെ ഓരോന്നും ആലോചിച്ചിരുന്നതാ”

“ഞാൻ പറയട്ടെ എന്താണെന്ന്” നീതിയുടെ സംസാരം അവളെ അമ്പരപ്പിച്ചു.

“എങ്കിൽ പറഞ്ഞേ ത്രികാലജ്ഞാനി” നവി ചിരിച്ചു.

“അഥർവ് ആയിരുന്നില്ലേ നിന്റെ മനസിൽ”. നവമി പെട്ടെന്ന് ഷോക്കിലായിപ്പോയി.എത്ര കൃത്യമായാണ് ചേച്ചി തന്റെ മനസ് അറിഞ്ഞത്.

പാവം ഒരുപാട് ഇപ്പോൾ സ്നേഹിക്കുന്നുണ്ട്.അതാണ് പെട്ടെന്ന് തന്റെ മനസ് മനസിലാക്കാൻ കഴിഞ്ഞത്.

” നിനക്ക് ലൈൻ ഞാൻ സെറ്റാക്കി തരട്ടെ” നീതി മനസ് തുറന്നു.

“ഹേയ് അതൊന്നും വേണ്ട ചേച്ചി.ആളിപ്പോൾ അക്ഷരയുമായി കടുത്ത പ്രണയത്തിലാണ്” അതുകേട്ട് നീതി പൊട്ടിച്ചിരിച്ചു.നവി അമ്പരന്നു.

“ഡീ പൊട്ടീ നിന്റെ മനസ് അറിയാനായിട്ട് അഥർവും അവളും കൂടി നടത്തിയ നാടകമാണ്. അക്ഷര പറയുമ്പോഴാ ഞാനും അറിയുന്നത്”

മനസിലൊരു തണുത്ത കാറ്റ് വീശിയ സുഖം അത് കേട്ടപ്പോൾ. എങ്കിലും പെട്ടെന്ന് അവൾ നിരാശയായി.താനായിട്ട് പ്രണയം പറയുകയുമില്ല.അവനായിട്ടും.ചുരുക്കത്തിൽ രണ്ടു പേരും മനസ്സിൽ പ്രണയമിട്ട് നടക്കും.അത്ര തന്നെ…

“എന്തായാലും നീ എഴുന്നേറ്റു വാ ഭക്ഷണം കഴിക്കാം” നവിയുടെ കയ്യും പിടിച്ചു അവൾ ഊണ് മേശക്കരുകിലെത്തി.അച്ഛൻ ഇരുന്നു.അമ്മ അടുത്ത് നിൽപ്പുണ്ട്.

തങ്ങൾ വരാനായിട്ട് അവർ വെയ്റ്റ് ചെയ്യുകയായിരുന്നെന്ന് നവിക്ക് മനസ്സിലായി…

എല്ലാവരും കൂടി ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചു.ശേഷം നവിയും നീതിയും കൂടി മുറിയിലേക്ക് പോയി.പതിവു പോലെ ചേച്ചിയെ കെട്ടിപ്പിടിച്ച് അവൾ കിടന്നു.

“ഡീ ചേച്ചിപ്പെണ്ണേ ഇങ്ങനെ നടന്നാൽ മതിയോ..നിനക്കൊന്ന് സെറ്റാകണ്ടേ?”

നീതി ഇരുട്ടിലൊന്ന് ചിരിച്ചു.അത് നീതി കണ്ടില്ല.ഹും വിവാഹം തനിക്കോ.ജീവിതത്തിൽ ഒരിക്കലും അങ്ങനെയൊന്ന് നടക്കില്ല.ചിന്തിച്ചത് ഇങ്ങനെയെങ്കിലും പറഞ്ഞത് മറ്റൊന്നാണ്.

“എല്ലായിടത്തും ആദ്യം ചേച്ചിയുടെ വിവാഹമല്ലേ നടക്കുന്നത്.. ഇവിടെയൊരു മാറ്റമാകട്ടെ..ആദ്യം അനിയത്തിയുടെ വിവാഹം നടക്കട്ടെ..

എനിക്ക് കുറച്ചു നാൾ കൂടി എല്ലാവരുടേയും സ്നേഹവും കരുതലും അനുഭവിക്കണം” നീതി അനിയത്തിക്ക് മുമ്പിൽ മനസ് തുറന്നു.

“ഉവ്വ് നടന്നത് തന്നെ”

“എന്തേ നടക്കാതിരിക്കാൻ..”

“ഒന്നുമില്ല” നവി മനസിൽ പുഞ്ചിരിച്ചു.

“തർക്കിക്കുന്നില്ല..ആദ്യം എന്റെ വിവാഹം… അത് കഴിഞ്ഞു ചേച്ചിയുടെ” അവൾ നിരുപാധികം കീഴടങ്ങി.

“ഇനി ഉറങ്ങാമല്ലോ”

“ആയിക്കോട്ടെ”

നവമി തലവഴി പുതപ്പ് മൂടി പുതച്ചു.എന്നിട്ട് ചേച്ചിയെ ആലിംഗനം ചെയ്തു കിടന്നു..

രാവിലെ പതിവു പോലെ കോളേജിലേക്ക് പോകാനായി അവർ ഒരുങ്ങി.അപ്പോൾ രമണനും രാധയും മക്കളുടെ അരികിലെത്തി.

“മക്കൾ രണ്ടു പേരും ഇന്ന് പോകണ്ടാ” രമണൻ പറഞ്ഞു. നവിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. നീതി അത് ശ്രദ്ധിച്ചു.

ചേച്ചിയുടെ വിവാഹ കാര്യത്തെ കുറിച്ച് അടുത്തിടെ അച്ഛൻ പറഞ്ഞിരുന്നു. അതാണ് കാര്യമെന്ന് അവൾക്ക് മനസിലായി.

“നിന്നെ പെണ്ണുകാണാൻ ആൾ വരുന്നുണ്ട്” അതുകേട്ട് നീതി ഞെട്ടിപ്പോയി. വിശ്വാസം വരാതെ അവൾ അച്ഛനെ തുറിച്ചു നോക്കി.

“ഇപ്പോഴേ വിവാഹമൊന്നും എനിക്ക് വേണ്ടാ..

ആദ്യം നവിയുടെ കല്യാണം നടക്കട്ടെ” ഈ പ്രാവശ്യം നവിയൊന്ന് നടുങ്ങി.ചേച്ചി ഗോൾ അടിച്ചിരിക്കുന്നു.ഇതിനു തടയിടണം.

“ആദ്യം ചേച്ചിയുടെ വിവാഹം. അതാണ് നാട്ടുനടപ്പ്.” അവൾ ചാടിക്കയറി പറഞ്ഞു. നീതി അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു..

“നീ വിഷമിക്കേണ്ടാ നവി മോളേ..നിന്നെയും കാണാൻ ആൾ ഇന്ന് തന്നെ വരുന്നുണ്ട്.

ഒരുമിച്ച് ഒരേ പന്തലിൽ രണ്ടു പേരുടെയും വിവാഹം നടത്തും” അമ്മ രാധയുടെ വെളിപ്പെടുത്തലിൽ നവമിയാകെ ആടിയുലഞ്ഞു.ഒരിക്കലും ഇങ്ങനെയാണ് പ്രതീക്ഷിച്ചിരുന്നില്ല.

“അച്ഛനു പ്രായമായി വരികയാണ്.എന്റെ കണ്ണടയും മുമ്പ് രണ്ടു പേരുടെയും വിവാഹം നടന്നു കാണണം”

രമണൻ തന്റെ ആഗ്രഹം പറയുന്നത് ഇരുവരും കേട്ടില്ല.മറിച്ച് അപ്രതീക്ഷിതമായി കേട്ടത് വിശ്വസിക്കാൻ കഴിയാതെ നീതിയും നവമിയും ഷോക്കടിച്ചതു പോലെ നിൽക്കുക ആയിരുന്നു…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15