Saturday, January 18, 2025
Novel

നല്ല‍ പാതി : ഭാഗം 9

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

വായിച്ചു അഭിപ്രായം പറയണേ…
സ്റ്റിക്കേഴ്സും ഇമോജിയും ഒഴിവാക്കി രണ്ടു വാക്ക് പറയുന്നതാണ് കൂടുതൽ സന്തോഷം.. ഒത്തിരി സ്നേഹം…💞💞

💞 നല്ല പാതി 💞
ഭാഗം 09

“ഇനി മുതൽ അങ്ങോട്ട് എപ്പോഴും സൂക്ഷിച്ചോളണം..
ഈ ലോകം അത്ര നന്നല്ല..” എന്ന വാക്കുകൾ..

എത്ര ശ്രമിച്ചിട്ടും ആ വാക്കുകൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു… തന്നെ തേടി എന്തോ ഒരാപത്ത് വരാനിരിക്കുന്ന പോലെ…

“എന്താടീ..?? ഭയങ്കര ആലോചനയിലാണല്ലോ…”

കാർത്തിയുടെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്..

“ഏയ്.. എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റണില്ല..”

“ഏത്..??”

“ആ കിരണിന്റെ മാറ്റം..”

“എന്തേ നിനക്കിപ്പോ അങ്ങനെ തോന്നാൻ…???”

“അല്ലടാ.. ഇത്ര പെട്ടെന്ന് ഒരാൾക്ക് മാറാൻ പറ്റോ… കാർത്തീ..??
എനിക്ക് വിശ്വാസമില്ല… ഇതിന്റെ പിന്നിൽ എന്തോ ഒന്നു ചീഞ്ഞു നാറുന്നുണ്ട്…”

“കുന്തം… ഒരാളെ നന്നാവാൻ പോലും സമ്മതിക്കരുത്ട്ടാ…
നിന്റെ ഒരു കാര്യം…”

“അതല്ല കാർത്തി.. ഓഡിറ്റോറിയത്തിൽ വച്ച് അവന്റെ അച്ഛൻ എന്നോട് പറഞ്ഞത്.. അത് നീ കേട്ടോ.. ഇല്ലല്ലോ.. ഇനി മുതൽ അങ്ങോട്ട് എപ്പോഴും സൂക്ഷിച്ചോളണംന്ന്..

പോരാത്തതിന് അവന്റെ ചിരിയിൽ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്.. അതാ ഞാൻ പറഞ്ഞത്..

ആ.. വരണ പോലെ വരട്ടെ.. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ പറയാറ്..”

“ഏയ്.. അങ്ങനെ ഒന്നും ഉണ്ടാവില്ല.. നിനക്ക് തോന്നിയത് ആവും..
അവന്റെ മാറ്റം അത്ര പെട്ടെന്ന് നമുക്ക് ഉൾക്കൊള്ളാൻ പറ്റില്ലല്ലോ.. അതാണ് കാരണം..”

“ശരി അങ്ങനെയെങ്കിൽ അങ്ങനെ..”

“ഓ.. അടി ഉണ്ടാക്കാൻ ഒരാൾ കുറഞ്ഞതിന്റെ സങ്കടം ആണല്ലേ..
ഇനിയിപ്പോ ഉണ്ണിയാർച്ച ആരോട് പോയി അങ്കം വെട്ടും..”

“നീ പോടാ.. മരംകൊത്തി മോറാ.. നീ പറയണത് കേട്ടാ തോന്നും.. അടി ഉണ്ടാക്കാതെ എനിക്കൊരു ദിവസം പോലും ഉറങ്ങാൻ പറ്റില്ലെന്ന്..”

“അത് ശരിയല്ലേ.. അറ്റ്ലീസ്റ്റ് നിനക്ക് എന്നോട് എങ്കിലും അടി ഉണ്ടാക്കണ്ടേ… എന്നാലല്ലേ ഉറക്കം വരൂ..”

“മതി മതി വാരിയത്.. വാ ക്ലാസ്സിൽ പോവാം..”

🔥🔥🔥🔥🔥🔥🔥🔥🔥🔥

ഈ സമയം ഹോസ്റ്റൽ റൂമിൽ കൂട്ടുകാരുടെ വക ചോദ്യം ചെയ്യലിൽ ആയിരുന്നു കിരൺ..

“ഡാ.. നിനക്ക് എന്താ പറ്റിയത്..?? നിന്നിൽ നിന്ന് ഞങ്ങൾ ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചില്ല.. നീ ആ പരട്ട പെണ്ണിനോട് തോൽവി സമ്മതിച്ചോ.. ഛെ..നാണക്കേട്..”

“എന്തു നാണക്കേട്.. ഞാൻ അങ്ങനെ തോൽവി സമ്മതിച്ചത് കൊണ്ടല്ലേടാ നാറികളെ നിങ്ങൾ മാപ്പു പറയാതെ രക്ഷപ്പെട്ടത്..
എന്നിട്ട് ഇപ്പോ.. നാണക്കേടാണത്രേ…”

“എന്നാലും.. ഞങ്ങൾക്ക് അത് അത്ര വിശ്വാസം പോരാ…
ഞങ്ങൾക്ക് അറിയാം.. നീയെന്തോ മനസ്സിൽ തീരുമാനിച്ചിട്ടുണ്ട്.. കൃത്യമായ പ്ലാനിംഗോടു കൂടി… സത്യം പറയടാ, എന്താ നിന്റെ മനസ്സിൽ..??”

“എന്റെ മനസ്സിലോ..?? എന്റെ മനസ്സിൽ അവളാ.. നന്ദിത.. നന്ദു”

“നന്ദുവോ…??”

“ഇത്ര നാളും കീരിയും പാമ്പും…
ഇപ്പോളെന്താ അവളോടൊരു ദിവ്യ പ്രണയം…”
രാഹുലാണത് ചോദിച്ചത്…

“ദിവ്യ പ്രണയം.. മണ്ണാങ്കട്ട..”
കിരണിന്റെ മുഖത്ത് ഗൂഢമായ ചിരി തെളിഞ്ഞു.

“നിനക്ക് അറിയോ രാഹുൽ.. ജീവിതത്തിൽ ആദ്യമായി ഞാൻ തോറ്റു പോയത്.. അത് അവളുടെ മുന്നിലാ… ആദ്യമായി മാപ്പ് പറയേണ്ടി വന്നത് അവള് കാരണാ…

ആ പീറ പെണ്ണ് കാരണം.. എന്നിട്ട് അവളോട് എനിക്കു ദിവ്യപ്രണയം..ത്ഫൂ..”

കരണം പുകച്ചുള്ള അവളുടെ അടിയും ഓഡിറ്റോറിയത്തിൽ നടന്ന മാപ്പ് പറച്ചിലും.. ഓർക്കുമ്പോ കിരണിന് സമനിലതെറ്റുന്നത് പോലെ തോന്നി..

“അധികം താമസിയാതെ.. ഇതിനുള്ള മറുപടി ഞാൻ കൊടുക്കും.. തന്നതിന് പലിശയും കൂട്ടു പലിശയും ചേർത്ത് കൊടുത്തേ ഈ കിരണിന് ശീലമുള്ളൂ.. എല്ലാവരുടെയും മുന്നിൽ വെച്ച് അവൾ അടിച്ച ആ അടി.. എനിക്ക് ഏറ്റ അപമാനം..

അതിന് അവളെ കൊണ്ട് തന്നെ ഞാൻ മറുപടി പറയിയ്ക്കും.. അവൾ അടിച്ച ഈ കവിളിൽ അവളെക്കൊണ്ട് തന്നെ തലോടിയ്ക്കും ഈ കിരൺ..
നീ നോക്കിക്കോ..”

“അപ്പോ എന്താ നിന്റെ പ്ലാൻ.. പ്രേമനാടകം ആണോ..??”

“ഏയ്.. ഞാൻ പ്രേമം അഭിനയിച്ച് അങ്ങോട്ട് ചെന്നാൽ ഒന്നും അവൾ വിശ്വസിക്കില്ല.. അവൾ മറ്റു പെൺപിള്ളേരെ പോലല്ല.. വിളഞ്ഞ വിത്താ മോനെ… അവൾ എന്റെ മാറ്റം ഇപ്പൊ തന്നെ വിശ്വസിച്ച് കാണില്ല..”

“പിന്നെ..?? പിന്നെ എന്താ നിൻറെ പ്ലാൻ..??”

“അവളെ ഞാൻ അങ്ങ് കെട്ടിയാലോ..??”

“കിരൺ..നിനക്കെന്താ ഭ്രാന്തുണ്ടോ..??
അവളെ കെട്ടി കൂടെ പൊറുപ്പിക്കാനാണോ നിന്റെ ഉദ്ദേശം..??? ഇതാണോ നീ പറഞ്ഞ പ്രതികാരം… ബെസ്റ്റ് കണ്ണാ ബെസ്റ്റ്..”

“നെവർ..”

“പിന്നെ..??”

“അതൊക്കെയുണ്ട്..”

“പിന്നേ..
നീയങ്ങ് കെട്ടാൻ ചെല്ലുമ്പോഴേക്കും അവള് സമ്മതിക്കും.. നോക്കിയിരുന്നോ..”

“നീ കേട്ടിട്ടില്ലേ മോനേ.. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന്..
ഈ കാലഘട്ടത്തിൽ പണം ആണെടാ സ്നേഹം.. പണത്തിന്റെ തൂക്കം നോക്കിയാണ് ബന്ധങ്ങളും സൗഹൃദങ്ങളും..

ഞാൻ ഒരു ഏഴാംകൂലി ആയിരുന്നെങ്കിൽ നീയൊക്കെ എന്റെ കൂടെ കൂടോ.. ഇല്ലല്ലോ.. എന്റെ കൈയിൽ പണമുണ്ട്.. കൂടെ നിങ്ങളും.. അബ്കാരി പ്രതാപചന്ദ്രന്റെ മകൻ അഹങ്കരിക്കുന്നത് പണം ഉള്ളതുകൊണ്ട് തന്നെയാണ്..”

“നിന്റെ പണത്തിൽ ഒന്നും നോക്കും കുത്തി വീഴുന്ന പെണ്ണല്ല അവള്… ഇപ്പോഴത്തെ പെൺപിള്ളേർ ഒന്നും ആ ടൈപ്പ് അല്ല.. വെറുതെ അവളുടെ അടുത്ത് പോയി നാണംകെടണ്ട..”

“അവൾ മൂക്കും കുത്തി വീണല്ലെങ്കിലും അവളുടെ തന്ത മൂക്കും കുത്തി വീണോളും… അറക്കാൻ കൊണ്ടുപോകുന്ന മൃഗത്തിനോട് ആരെങ്കിലും അനുവാദം ചോദിക്കാറുണ്ടോ.. ഇല്ലല്ലോ.. ഇതും അതുപോലെ ആണ്..”

“ഓഹോ.. അപ്പോൾ ഒരു ഒരു ഡയറക്ട് പ്രൊപ്പോസൽ ആണല്ലേ നീ ഉദ്ദേശിക്കുന്നത്… രണ്ടും കൽപ്പിച്ച് ആണെന്ന് അർത്ഥം..”

“രണ്ട് അല്ലടാ മൂന്നും കൽപ്പിച്ച് തന്നെയാണ് ഈ കിരൺ..”

“അവൾക്ക് വേറെ വല്ല ഇഷ്ടങ്ങൾ ഉണ്ടെങ്കിലോ…”

“ഇതുവരെ അങ്ങനെ ഒന്നും ഇല്ല എന്നാണ് എന്റെ അറിവ്.. ഇനി ഉണ്ടായാൽ തന്നെ അത് എനിക്ക് ഒരു വിഷയമേയല്ല..
കാരണം..

എനിക്ക് എന്റെ പക തീർക്കാൻ വേണ്ടി മാത്രമാണ് ഞാൻ അവളെ കെട്ടുന്നത്..അവൾ എനിക്കുള്ളതാണ് എന്ന് ഒരു ഉറപ്പ് അവളുടെ തന്തേടെ കൈയീന്ന് കിട്ടിയാൽ മതി.. ബാക്കിയൊക്കെ നീ കണ്ടോ…

അതിന് കുറച്ച് സമയം വേണം. ഇപ്പോ എന്തായാലും പ്രൊപ്പോസലുമായി അവിടെ ചെല്ലാൻ പറ്റില്ല.. കുറച്ച് നാൾ ഒന്ന് വെയിറ്റ് ചെയ്യണം. അതിനു മുന്നേ സാധിക്കുമെങ്കിൽ അവളുടെ മുന്നിൽ ഒരു ക്ലീൻ ഇമേജ് ഉണ്ടാക്കിയെടുക്കണം.”

“അതിനുള്ള ക്ഷമയൊക്കെ ഉണ്ടോ നിനക്ക്…??”

“ഹ..ഹ.. നീ കേട്ടിട്ടില്ലേ പയ്യെത്തിന്നാൽ പനയും തിന്നാം..”

“ഒറ്റയടിക്ക് പ്രതികാരം തീർത്താ..
അവൾ അതു മറക്കും.. ജീവനുള്ളിടത്തോളം കിരൺ പ്രതാപ് എന്ന പേര് കേൾക്കുമ്പോൾ അവളുടെ മുഖത്ത് വരുന്ന ഭാവം ഭയമായിരിക്കണം.”

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

പിന്നീട് കുറച്ചു നാളത്തേക്ക് അ കിരണിന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.. കോളേജിൽ പ്രിൻസിപ്പാൾ അടക്കം
എല്ലാവരും അവന്റെ മാറ്റം സത്യസന്ധമാണെന്ന് വിശ്വസിച്ചു. അപ്പോഴും നന്ദുവിന് മാത്രം അതത്ര വിശ്വാസം ആയിരുന്നില്ല.

‘ജാത്യാലുള്ളത് തൂത്താൽ പോകില്ല’ എന്ന് പറഞ്ഞത് പോലെ.. അധികനാളൊന്നും കിരണിനെ കൊണ്ട് നല്ല പിള്ള ചമഞ്ഞു നടക്കാൻ സാധിയ്ക്കില്ലെന്ന് നന്ദുവിന് തീർച്ചയായിരുന്നു. പക്ഷേ അവൻ പറയുന്നത് കാർത്തിയെങ്കിലും വിശ്വസിക്കേണ്ടെ..

കാർത്തിയെ വിശ്വസിപ്പിക്കാൻ തക്ക സംഭവങ്ങളൊന്നും കുറെ നാളായി നടക്കുന്നില്ല…

കുറച്ച് നാളുകൾക്ക് ശേഷമാണ് കോളേജിൽ ഇന്റർ കോളേജ് ഫെസ്റ്റ് നടക്കുന്നത്. പ്രധാന സംഘാടകർ നന്ദുവിന്റെ ഡിപ്പാർട്ട്മെന്റ് ആയിരുന്നു. അതിനു മുമ്പുള്ള ഒരു ദിവസം..

നന്ദുവും കാർത്തിയും ഡിപ്പാർട്ട്മെന്റ് ലൈബ്രറിയിൽ പോയി വരുമ്പോൾ കിരണും സുഹൃത്തുക്കളും എതിരെ വരുന്നു.

“നന്ദിത ഒരു നിമിഷം…”
കിരൺ വിളിച്ചു..

കുറച്ച് നാളുകളായി അവൻ മാന്യമായി പെരുമാറുന്നതു കാരണം വിളിച്ചത് ഉടക്കാനല്ല എന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു.

കേട്ടില്ല എന്ന ഭാവത്തിൽ പോകാനായി നിന്നപ്പോൾ കാർത്തിയാണ് പിടിച്ചു നിർത്തിയത്.

“ദേ നന്ദൂ.. നിന്നെയാ വിളിക്കണത്..”

പിന്നെ നിൽക്കാതെ തരമില്ലല്ലോ..

“നന്ദു ഒരുനിമിഷം.. എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു..”

“എന്താ കിരൺ.. എന്താ കാര്യം..??”

“അത്.. അതൽപം പേഴ്സണലാണ്.”

കാർത്തിയെ നോക്കിയിട്ടാണ് കിരൺ അത് പറഞ്ഞത്. അതിൽനിന്ന് കാർത്തിക്ക് കാര്യം പിടികിട്ടി ഒപ്പം നന്ദുവിനും…

“പേഴ്സണലാണോ…
ഞാൻ മാറി തരണോ.. കിരൺ..??”

“ഉം.. മാറി തന്നാൽ നന്നായിരിക്കും..”

“ഓ.. അതിനെന്താ ഞാൻ മാറി തരാം.. നിങ്ങൾ സംസാരിക്ക്..”

കാർത്തി പോകാനായി നിന്നതും നന്ദു തടഞ്ഞു.

“നീ ഇത് എവിടെ പോണു.. അവിടെ നിൽക്ക്..”

“കിരൺ.. ഇവനും കൂടി നിൽക്കുമ്പോൾ പറയാൻ പറ്റുന്ന പേഴ്സണൽ കാര്യം പറഞ്ഞാ മതി..”

“പ്ലീസ്.. പ്ലീസ് കാർത്തി..”
കിരൺ കാർത്തിയോട് ആയി പറഞ്ഞു..

“അതിനെന്താ..?? ഞാൻ മാറി തരാം നീ കേട്ടിട്ട് വന്നാൽ മതി.. ഞാൻ ദേ ലൈബ്രറിയിൽ കാണും.. അങ്ങ് വന്നാൽ മതി..”

“ടാ.. കാർത്തി പോവല്ലേ..”

“എന്താ നന്ദുവിന് പേടിയുണ്ടോ..??”

“എന്തിന്..??”

“കിരൺ തല്ലുകൊള്ളിയായി നടന്ന സമയത്ത് പേടിച്ചിട്ടില്ല.. പിന്നെയാ ഇപ്പൊ…?” എന്നല്ലേ നന്ദു ഇപ്പോൾ മനസ്സിൽ ഓർത്തത്..

“ഉം.. കിരണിന് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..?? പറയൂ..”

“എനിക്ക്..”

കിരൺ പറയാൻ തുടങ്ങുന്നതിനു മുന്നേ നന്ദു പറഞ്ഞു തുടങ്ങി.

“ഒരു മിനിറ്റ്.. കിരണിന് എന്താ പറയാനുള്ളത് എന്ന് ഞാൻ പറയട്ടെ..??”

“ഈ തപ്പിത്തടഞ്ഞുള്ള ഇൻട്രൊഡക്ഷൻ കണ്ടപ്പോൾ
തന്നെ മനസ്സിലായി എന്താണ് ആ പേഴ്സണൽ കാര്യം എന്ന്.. ഒരു പ്രൊപോസൽ സീൻ ആണ് കിരൺ ഉദ്ദേശിക്കുന്നതെങ്കിൽ സോറി…

നമ്മളൊരിക്കലും സെറ്റ് ആവില്ലടോ.. നമ്മളെ സൗത്ത് പോളും നോർത്ത് പോളും പോലെയാ..

പിന്നെ.. ഇത്ര പെട്ടെന്ന് കിരണിന് എന്നോടുള്ള ദേഷ്യം ഒക്കെ മാറിയെന്ന് എനിക്ക് അത്ര വിശ്വാസം പോര.. അല്ല ചിലപ്പോൾ മാറി കാണും..

ഇതെന്റെ തോന്നലായിരിക്കും..
പോരാത്തതിന് എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നണ്ടേ…

ഈ കോളേജിലെ ഒരാളോട് പോലും എനിക്കങ്ങനെ തോന്നിയിട്ടില്ല..തോന്നുകയാണെങ്കിൽ തന്നെ ഏറ്റവും കൂടുതൽ ചാൻസ് ഉള്ളത് അവനാ കാർത്തിയ്ക്ക്…”

നന്ദു രണ്ടും കൽപ്പിച്ച് ചുമ്മാ ഒന്നെറിഞ്ഞു നോക്കിയതാ.. കിരണിന്റെ മുഖഭാവം കണ്ടപ്പോഴേ മനസ്സിലായി.. കൊള്ളേണ്ടിടത്തു തന്നെ കൊണ്ടെന്ന്…

“പക്ഷേ അവനൊ എനിക്കോ അങ്ങനെ ഒന്നുമില്ല…അല്ലെങ്കിൽ ഇപ്പോൾ തന്നെ കിരൺ എന്തോ പറയാനുണ്ട്.. മാറി തരണം എന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ മാറി പോയത് കണ്ടില്ലേ..

അപ്പോ ഞാൻ പറഞ്ഞു വന്നത് ഒരേ മനസ്സോടെ നടക്കുന്ന ഞങ്ങൾക്കു തമ്മിൽ പോലും ഇങ്ങനൊന്ന് തോന്നിയിട്ടേയില്ല. പിന്നെയാ നമ്മുടെ മൈൻഡ് സെറ്റ് അല്ലാത്ത ഒരാളോട്…”

നമുക്ക് നല്ല ഫ്രണ്ട്സ് ആവാൻ ശ്രമിക്കാം… അതല്ലേ ആദ്യം വേണ്ടത്..

മനസ്സ് നിറയെ പകയുമായി മുഖത്ത് പുഞ്ചിരി വരുത്താൻ വിചാരിക്കുന്ന പോലെ എളുപ്പത്തിൽ സാധിക്കില്ലല്ലോ..

കിരണിന്റെ മുഖത്തെ പേശികളെല്ലാം വലിഞ്ഞു മുറുകി. പക്ഷേ ഇത്രയും നാളുകൾ കൊണ്ട് സമ്പാദിച്ച മാന്യതയുടെ മുഖം കളയാൻ അവൻ ഒരുക്കമല്ലായിരുന്നു..

അതുകൊണ്ട് സംയമനം പാലിച്ചു കൊണ്ട് തന്നെയാണ് കിരൺ ബാക്കി സംസാരിച്ചു തുടങ്ങിയത്.

“തീർച്ചയായും നന്ദൂ..
അതു തന്നെയാണ് എനിക്ക് പറയാനുള്ളത്. പക്ഷേ താൻ പറഞ്ഞത് പോലെ ഒരു തപ്പിത്തടച്ചിൽ അതില്ല..നേരെ വാ.. നേരെ പോ.. അത്രയേ ഉള്ളൂ.. എന്റെ എല്ലാ കൂതറ സ്വഭാവങ്ങളും അറിയാവുന്ന ഒരാളാണ് നന്ദു..

അങ്ങനെ ഒരാളാകുമ്പോൾ മുന്നോട്ടുള്ള ജീവിതം കുറച്ചൂടെ ഈസിയായിരിക്കുമെന്നു തോന്നി.. അതാണ് തന്നോട് തന്നെ വന്നു പറഞ്ഞത്… പതിയെ ആലോചിച്ചു പറഞ്ഞാമതി..”

യാതൊരു സംശയവും തോന്നാത്ത രീതിയിൽ തികച്ചും സൗമ്യമായാണ് കിരൺ സംസാരിച്ചത്…

“ഓ. കെ.. എങ്കിൽ ഞാൻ പൊയ്ക്കോട്ടെ… കുറച്ച് തിരക്കുണ്ട്..”

“ശരി.. ശരി.. താൻ ഇപ്പോ പൊയ്ക്കോ…എന്തായാലും
പപ്പയും ഞാനും ഇതങ്ങ് പ്രൊസീഡെയ്യാൻ തീരുമാനിച്ചു..

പപ്പ തന്റെ വീട്ടിലോട്ടു വരാനിരിക്കുവാ..എല്ലാം അതാതിന്റെ വഴിക്കു നടക്കട്ടെ…”

അവന്റെ മുഖത്തെ ഗൂഢമായ പുഞ്ചിരി നന്ദുവിന് ഒരു വേവലാതി തന്നെ ആയിരുന്നു…
അവൻ പറഞ്ഞതുപോലെ തന്നെ അവന്റെ എല്ലാ കൂതറ സ്വഭാവങ്ങളും അറിയാവുന്നതു കൊണ്ടാണ് ഇത്രയും അങ്കലാപ്പ്..

അതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവായേ പറ്റൂ..
പപ്പയും മോനും രണ്ടും കൽപ്പിച്ചാണ്..

ഇതാണ് അപ്പോൾ സൂക്ഷിക്കാൻ പറഞ്ഞതിന്റെ അർത്ഥം..
നന്ദുവിന് അത് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല..
വീട്ടിലോട്ട് വരണമെങ്കിൽ വരട്ടെ..

ഞാൻ ആരെ കല്യാണം കഴിക്കണം.. ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്.. നോക്കാം.. നന്ദു മനസ്സിൽ കരുതി..

കാർത്തി യോടെ കാര്യം പറഞ്ഞപ്പോൾ അവന് ചിരി.. പക്ഷേ തന്റെ സംശയങ്ങൾ ഓരോന്നോരോന്നായി നന്ദു പറഞ്ഞപ്പോൾ അവനും അതിൽ കഴമ്പുള്ള ആയി തോന്നി..

“എന്തുവന്നാലും പിടിച്ച പിടിയാലേ ഒന്നും കെട്ട് നടക്കില്ലല്ലോ..
പ്രെപ്പോസൽ അല്ലേ..അതു വരട്ടെ… അതെന്തായാലും അവന്റെ കോഴ്സ് തീരണമല്ലോ… അതിനൊരു ആറു മാസം..

നമ്മുടെ കോഴ്സ് കഴിയണമെങ്കിൽ പിന്നെം ഒരു വർഷം… അതിനിടയിൽ എന്തെങ്കിലും വഴിയുണ്ടാക്കാം… ഡോണ്ട് വറി..”
കാർത്തി അവളെ സമാധാനിപ്പിച്ചു.

🔥🔥🔥🔥🔥🔥🔥🔥🔥🔥

അവിടുന്നങ്ങോട്ട് ഇന്റർ കോളേജ് ഫെസ്റ്റിന്റെ തിരക്കായിരുന്നു.. നന്ദു
ആര്ട്സ് ക്ലബ് മെംബർ ആയതിനാല് രജിസ്ട്രേഷൻ പാനലിലെ ആര്ട്സ് കോഡിനേറ്റർ ആയി നന്ദുവും ഉണ്ടായിരുന്നു.

പത്തു പതിനഞ്ചു കോളേജുകൾ പങ്കെടുത്ത ഒരു ഇവന്റായിരുന്നു. നാലു ദിവസത്തെ പരിപാടികൾ..

പ്രധാന സംഘാടകർ നന്ദുവിന്റെം കാർത്തിയുടെയും ഡിപ്പാർട്ട്മെന്റ് ആയതുകൊണ്ട് അവരും കൂട്ടുകാരും ഭയങ്കര തിരക്കിലായിരുന്നു.

ഫെസ്റ്റിന്റെ ബുക്കിംഗിന്റെ ഇടയിലാണ് നന്ദുവും അഭിയും പരിചയപ്പടുന്നതും അടുക്കുന്നതും.. ആദ്യമൊന്നും അവരുടെ റിലേഷൻ കോളേജിൽ ആർക്കും അറിയില്ലായിരുന്നു..

ഇടയ്ക്കൊക്കെ അഭി കാണാൻ വരുമെങ്കിലും ആരും അത് അങ്ങനെ ശ്രദ്ധിച്ചില്ലെന്നു പറയാം.. കിരണിന്റെ കൂട്ടുകാരൊഴികെ…

കിരൺ പറഞ്ഞ ഏൽപ്പിച്ചത് പോലെ തന്നെ അവരുടെ ഒരു കണ്ണ് നന്ദുവിന്റെ മേൽ എപ്പോഴും ഉണ്ടായിരുന്നു എന്നുവേണം കരുതാൻ…

കാരണം നന്ദു അറിയാതെ അതെ അവർ കോളേജിൽ പല കള്ളത്തരങ്ങളും കാണിച്ചു കൊണ്ടിരുന്നു.. നന്ദുവിന് മാത്രമല്ല ആർക്കും യാതൊരു സംശയവും കൊടുക്കാത്ത വിധം..

അതിനിടയിൽ അഭിയെ ഒന്നും രണ്ടു തവണ കണ്ടെങ്കിലും ആരെന്നോ എന്തെന്നോ അവർക്കറിയില്ലായിരുന്നു… അതുകൊണ്ടുതന്നെ കിരൺ ആ റിലേഷൻഷിപ്പ് അറിയാനും വൈകി.. അഭിയുമായി അടുത്തതിനുശേഷം നന്ദു ഭയങ്കര സന്തോഷത്തിലായിരുന്നു..

മറ്റു വിഷമങ്ങളും പ്രശ്നങ്ങളൊന്നും അവളെ ബാധിക്കാത്ത തരത്തിൽ ആയിരുന്നു പിന്നീടുള്ള അവളുടെ പെരുമാറ്റം.. അവളുടെ ജീവിതത്തിൽ ഒരു പോസിറ്റീവ് ചെയ്ഞ്ച് തന്നെയാണ് അഭി വന്നതോടെ ഉണ്ടായത്..

അഭി ജീവിതത്തിൽ വന്നതിനുശേഷം മറ്റുള്ളവരോട് ഉടക്കാൻ പോകുന്നത് കുറഞ്ഞു എന്നു പറഞ്ഞു താൻ എപ്പോഴും അവളെ കളിയാക്കാറുണ്ടായിരുന്നു എന്ന് കാർത്തി ഓർത്തു..

പിന്നീട് അങ്ങോട്ട് നന്ദുവും അഭിയും സന്തോഷിയ്ക്കുകയായിരുന്നു.. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിയ്ക്കുകയായിരുന്നു.

തനിയ്ക്ക് സംഭവിയ്ക്കാൻ പോകുന്ന വിപത്തിന്റെ തീവ്രതയറിയാതെ…

(കാത്തിരിയ്ക്കണേ….
ഒത്തിരി സ്നേഹത്തോടെ…
ധന്യ..)

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8