Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 18

എഴുത്തുകാരി: കീർത്തി


രാവിലെ കണ്ണു തുറന്നപ്പോൾ ഞാൻ റൂമിലാണ്. ഇന്നലെ രാത്രി ടെറസിലിരുന്ന് എപ്പോഴൊ ഉറങ്ങിപ്പോയി. പക്ഷെ എങ്ങനെ റൂമിലെത്തി? ചുറ്റും നോക്കിയപ്പോൾ തൊട്ടടുത്ത് തന്നെ രാധു ഇരിപ്പുണ്ട്. ഇവളിത് എപ്പഴാ എത്തിയത്? ആരാ വാതിൽ തുറന്നുകൊടുത്തത്? ഒന്നും മനസിലാവുന്നില്ലല്ലോ?

എഴുന്നേൽക്കാൻ നോക്കിയപ്പോൾ വല്ലാത്ത ശരീരവേദന. ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട് അവളെന്നെ പിടിച്ചു ബെഡിൽ ചാരി ഇരുത്തിത്തന്നു.

“ഇന്നലെ രാത്രി ടെറസിലാണോ ഉറങ്ങിയത്? ”
രാധു ചോദിച്ചു.

“മ്മ് …. പക്ഷെ.. .. ”

“എങ്ങനെ ഇവിടെയെത്തി ന്നാവും ലെ? ”

ഞാൻ അതെയെന്ന് തലയാട്ടി.

“നിന്റെ കടുവയാ നിന്നെ ഇവിടെകൊണ്ട് കിടത്തിയത്. ”

“കടുവ.. ആഹ്….. !”

അതിശയം കാരണം ചാടിക്കേറി ചോദിച്ചു. ചോദിച്ചതിന് ശേഷമാണ് വേദനയുടെ കാര്യം ഓർമവന്നത്.

“ഇപ്പഴും നല്ല വേദനയുണ്ടോ? ”

“മ്മ്…. ”

“ഒന്നും ചോദിക്കണ്ട. എല്ലാം ഞാൻ പറഞ്ഞുതരാം. കേട്ടാൽ മതി. നിന്റെ അവസ്ഥ എന്തായി ന്ന് അറിയാനാണ് രാവിലെ ഞാനിങ്ങോട്ട് വന്നത്. അപ്പൊ എല്ലാരും ദാ ഔട്ട് ഹൗസിന്റെ മുന്നിൽ കൂടിനിൽക്കുന്നു.

ഏട്ടൻ ഒരേണി വെച്ച് ടെറസിൽ കേറുന്നുമുണ്ട്. ചോദിച്ചപ്പോൾ ലക്ഷ്മിയമ്മ പറഞ്ഞു കുറേനേരം വിളിച്ചിട്ടും നീ എഴുന്നേൽക്കുന്നത് കാണാനില്ല. ഒരനക്കവും ഇല്ലന്ന്.

മുന്നിലെ വാതിൽ തല്ലിപ്പൊളിക്കണ്ടാ ന്ന് കരുതീട്ട് മുകളിലൂടെ അകത്തു കയറാൻ നോക്കാണെന്ന്. ടെറസിൽ കയറിയ ഏട്ടൻ നീയവിടെ ഇരുന്നുറങ്ങുന്നത് കണ്ടു.

വിളിച്ചു നോക്കീട്ട് എണീറ്റില്ല. മാത്രവുമല്ല പൊള്ളുന്ന പനിയും. അപ്പൊ ഏട്ടൻതന്നെ അവിടുന്ന് പൊക്കിക്കൊണ്ടുവന്ന് ഇവിടെ കിടത്തി.

ഞങ്ങളെല്ലാരും മാറി മാറി വിളിച്ചിട്ടും നീ കണ്ണ് തുറന്നില്ല. ലക്ഷ്മിയമ്മയാണെങ്കിൽ ഇപ്പൊ കരയും ന്നുള്ള അവസ്ഥയായി. മേനോൻ സാർ ഉടനെ ഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചു.

രാത്രി മുഴുവൻ പുറത്തിരുന്ന് തണുപ്പ് കൊണ്ടതിന്റെയാണെന്നും പറഞ്ഞ് ഒരു ഇൻജെക്ഷനും എടുത്തു. പൊന്നുമോൾ വല്ലതും അറിഞ്ഞായിരുന്നോ? ”

ഇതിനിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചോ? ഛെ… ഞാനൊന്നും അറിഞ്ഞില്ലല്ലോ.

“ലക്ഷ്‌മിയമ്മ നിനക്ക് കഴിക്കാൻ കഞ്ഞിയും ചുട്ട പപ്പടവും കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. നീ എണീക്കുമ്പോൾ വിളിക്കാനും പറഞ്ഞേൽപ്പിച്ചിരുന്നു. ഞാൻ പോയി വിളിച്ചിട്ട് വരാം. ”

എന്നെ അവിടെയിരുത്തി രാധു പുറത്തേക്ക് പോയി.. രാധു പറഞ്ഞതുവെച്ച് കഴിഞ്ഞതൊക്കെ ഞാനൊന്ന് സങ്കൽപ്പിച്ചു നോക്കി.

ചന്ദ്രുവേട്ടനാണ് എന്നെ ഇവിടെ കൊണ്ടുകിടത്തിയത് എന്നത് ഈ വേദനകൾക്കിടയിലും മനസിൽ സന്തോഷത്തിന്റെ ഒരു കുഞ്ഞു കുളിർമഴ പെയ്യിച്ചു.

എന്നാലും ആ സമയത്തെങ്കിലും എനിക്ക് കുറച്ചു ബോധം തരായിരുന്നില്ലേ ഈശ്വരാ… എല്ലാം നശിപ്പിച്ചു.

ആ നിരാശയിൽ ഇരിക്കുമ്പോളാണ് രാധു അമ്മയെ കൂട്ടിക്കൊണ്ടു വന്നത്. വന്നപാടെ അമ്മ അമ്മ എന്റടുത്തു വന്നിരുന്ന് നെറ്റിയിലും കഴുത്തിലുമെല്ലാം കൈവെച്ചു നോക്കി.

“ഇപ്പൊ ചൂടൊന്നും ഇല്ല. മോളെന്തിനാ രാത്രി അവിടെ പോയിരുന്നത്.? ”

“ഉറ….ക്കം വ….ന്നില്ല. ”

“ഞങ്ങളൊന്ന് പേടിച്ചു. മോളേതായാലും ഈ മുഖമൊക്കെ ഒന്ന് കഴുകി വായോ. എന്നിട്ട് എന്തെങ്കിലും കഴിക്കാം. മരുന്ന് കഴിക്കാനുള്ളതാണ്. എന്തായിന്നറിയാൻ അച്ഛൻ ദാ ഇപ്പഴുംക്കൂടി വിളിച്ചവെച്ചതേയുള്ളൂ. ”

രാധു എന്നെ താങ്ങിപ്പിടിച്ച് വാഷ്‌റൂമിൽ കൊണ്ടുപോയി. കഴുകി വൃത്തിയായി വന്നപ്പോഴേക്കും അമ്മ കഞ്ഞി വിളമ്പിവെച്ചിരുന്നു. അതൊക്കെ കഴിച്ചു മരുന്നും കഴിച്ചു.

കവിളിലെ വേദന അല്പം കുറവുണ്ട് പക്ഷെ അടിയുടെ പാട് കല്ലച്ച് കിടപ്പുണ്ട്. ഇന്നലത്തേക്കാളും കുറച്ചൊക്കെ സംസാരിക്കാൻ പറ്റുന്നുണ്ട്.

അന്നത്തെ ദിവസം മുഴുവൻ രാധു എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. ആ മുറി വിട്ട് പുറത്തിറങ്ങാൻ രാധുവും അമ്മയും സമ്മതിച്ചതേയില്ല.

വേറെ നിവർത്തിയില്ലാത്തോണ്ട് അടങ്ങിയൊതുങ്ങി പറഞ്ഞത് കേട്ട് കിടന്നു. എനിക്കാണെങ്കിൽ ഇങ്ങനെ ഒതുങ്ങിയിരിക്കാ ന്ന് പറയണ പരിപാടി തീരെ ഇഷ്ടമല്ല.

ഒപ്പം ഇങ്ങനെ മിണ്ടാതിരിക്കുന്നതും. ജീവിതത്തിൽ ആദ്യത്തെ അനുഭവമാണ് ഒന്നും മിണ്ടാതെ ഇരിക്കുന്നത്.

പലതവണ അബദ്ധം പിണയുകയും ചെയ്തു. അപ്പോഴൊക്കെ രാധു എന്നെ നോക്കി ചിരിക്കും. ദുഷ്ട. എന്നെ ഇങ്ങനെ ആക്കിയ ആ മഹാനുഭാവലു നെ ഞാൻ മനസ്സാൽ സ്മരിച്ചു.

ഇടയ്ക്കെപ്പോഴോ രേവതി വിളിച്ചിരുന്നു. രാധുവാണ് ഫോണെടുത്തത്. എനിക്ക് തന്നിട്ടും കാര്യമില്ലല്ലോ. കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.

അപ്പൊ അവൾക്ക് എന്നെ കാണണം. വീഡിയോ കാൾ ചെയ്യാ ന്ന്. വിളിച്ചപ്പോൾ ഞാനെന്റെ കവിൾ പൊത്തിപ്പിടിച്ചു.

കാണിച്ചുകൊടുത്തില്ല. കണ്ടാൽ പ്രശ്നമാണ്. ചിലപ്പോൾ മൂർത്തി അങ്കിൾ നെയും കൂട്ടി നാളെത്തന്നെ ആളിങ്ങെത്തും.

അതാകെ കുഴപ്പാവും.പിന്നെയും കുറേനേരം രാധുവുമായി സംസാരിച്ചിട്ടാണ് ഫോൺ കട്ട്‌ ചെയ്തത്. അവര് ബന്ധുക്കളല്ലേ.

രാത്രിയിലും രാധു എന്നോടൊപ്പം ഔട്ട് ഹൗസിൽ കൂടി. എന്നാലും ആ കാടുവ പിന്നെ ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ലല്ലോ ന്ന് ഞാനോർത്തു.

പിറ്റേന്ന് ഞാനുണർന്നപ്പോൾ രാധു നല്ല ഉറക്കത്തിൽ തന്നെയാണ്. ഞാൻ അവളെ ഉണർത്താതെ എഴുന്നേറ്റു ഫ്രഷായി. തല നനച്ചില്ല. ഭേദമായ പനി ഇനി കൂടണ്ട.

ഫ്രഷായി വന്ന് ചായ ഉണ്ടാക്കികൊണ്ടിരിക്കുമ്പോളാണ് രാധു എഴുന്നേറ്റു വന്നത്. ഞങ്ങൾ ഒരുമിച്ച് ഭക്ഷണമുണ്ടാക്കി കഴിച്ചു. ഇന്നലെ വന്നതല്ലേ അതുകൊണ്ട് വീട്ടിലൊന്ന് മുഖം കാണിച്ചിട്ട് വരാമെന്നുപറഞ്ഞ് രാധു പോയി.

മരുന്ന് കഴിച്ചുകഴിഞ്ഞപ്പോൾ വല്ലാത്ത മയക്കം പോലെ. ഒരു തലവേദനയും. റൂമിൽ ചെന്ന് കിടന്നു.

അപ്പോഴാണ് റൂമിലൊരു കാൽപ്പെരുമാറ്റം കേട്ടത്. അമ്മയായിരിക്കുമെന്ന് കരുതി. അമ്മ വരുമെന്ന് അറിയാവുന്നതുകൊണ്ട് വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എഴുന്നേൽക്കണമെന്ന് തോന്നിയെങ്കിലും സാധിച്ചില്ല. അവിടെത്തന്നെ കിടന്നു.

“പ്രിയ… ”

പെട്ടന്ന് ആ ശബ്ദം കേട്ടതും ക്ഷീണമൊന്നും വകവെയ്ക്കാതെ ഞാൻ എണീറ്റിരുന്നു. എന്തുകൊണ്ടോ ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ നിലത്തേക്ക് നോക്കിയിരുന്നു.

കുറേ നേരത്തേക്ക് ചന്ദ്രുവേട്ടന്റെ ഭാഗത്തുനിന്നും അനക്കമൊന്നും ഉണ്ടായില്ല.

ശേഷം ചന്ദ്രുവേട്ടൻ എന്റടുത്ത് വലതുവശത്തായി ഇരുന്നു. പെട്ടന്ന് എന്റെ ഹൃദയമിടിപ്പ് കൂടുന്നതും നെറ്റിയിൽ വിയർപ്പ് പൊടിയുന്നതും ഞാനറിഞ്ഞു.

ഒപ്പം മനസിനെ എന്തെന്നില്ലാത്തൊരു സന്തോഷം വന്നുപൊതിയുന്നതും.

ഒന്ന് അടങ്ങിയിരിക്ക് മനുഷ്യന്റെ മാനം കളയല്ലേ പ്ലീസ്… ഞാനെന്റെ ശരീരത്തോട് അപേക്ഷിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല.

ചന്ദ്രുവേട്ടൻ എന്നെത്തന്നെ നോക്കിയിരിക്കുകയാണെന്ന് ആ മുഖത്തേക്ക് നോക്കാതെ തന്നെ ഞാനറിഞ്ഞു.

എന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട് ചന്ദ്രുവേട്ടൻ വീണ്ടും വിളിച്ചുനോക്കി. അപ്പോഴും ഞാൻ അങ്ങനെ ഇരുന്നതേയുള്ളൂ.

ഉടനെ ചന്ദ്രുവേട്ടൻ തന്നെ എന്റെ മുഖം താടിയിൽ പിടിച്ചുയർത്തി , ആ മുഖത്തിന് അഭിമുഖമായി പിടിച്ചു.

എന്റെ കവിളിലെ ചുവന്ന പാടിലേക്ക് തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിൽ ഒരു നീർത്തിളക്കം ഞാൻ കണ്ടു. താടിയിൽ പിടിച്ചിരുന്ന കൈകൊണ്ട് എന്റെ കവിളിലൂടെ പതിയെ തലോടി.

“ആഹ്…. ”

വേദനകൊണ്ട് എന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് ചന്ദ്രവേട്ടൻ കവിളിൽ നിന്നും കൈ പിൻവലിച്ചു. ശേഷം ആ നോട്ടം എന്റെ കണ്ണുകളിലേക്കായി.

പെട്ടന്ന് ചന്ദ്രുവേട്ടൻ എന്നെ കെട്ടിപിടിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാനാകെ പകച്ചു പോയി.

ദൈവമേ ആരെങ്കിലും കണ്ട് വന്നാലോ. എന്താ ഈ കടുവ കാണിക്കുന്നേ? ഞാനാ പിടി വിടുവിക്കാൻ നോക്കി. പറ്റിയില്ല.

ഒടുവിൽ അങ്ങനെ ഇരുന്നുകൊടുക്കേണ്ടി വന്നു. തോളിൽ നനവ് അനുഭവപ്പെട്ടപ്പോളാണ് ചന്ദ്രുവേട്ടൻ കരയുകയാണെന്ന് മനസിലായത്.

“സോറി… എനിക്ക്…… അപ്പോഴത്തെ ദേഷ്യത്തിന്…….. സോറി പ്രിയ…. ഞാൻ ഇത്രയും…….. ”

ചന്ദ്രുവേട്ടന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.
കുറച്ചു സമയത്തിന് ശേഷമാണ് ചന്ദ്രുവേട്ടന് തന്റെ പ്രവർത്തിയെക്കുറിച്ച് ബോധമുണ്ടായതെന്ന് തോന്നുന്നു. വേഗം എന്നിൽനിന്നും അകന്നിരുന്നു. എന്റെ മുഖത്തേക്ക് നോക്കാൻ ചന്ദ്രുവേട്ടന് ഒരു ജാള്യതയുള്ളതായി എനിക്ക് തോന്നി. എഴുന്നേറ്റു പോകാൻ നോക്കിയപ്പോൾ ഞാനാ കൈയിൽ പിടിച്ചുനിർത്തി.

“സോറി. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. അമ്മയെ വിളിച്ചു പറയേണ്ടതായിരുന്നു. ”

ചന്ദ്രവേട്ടൻ എന്നെനോക്കി പുഞ്ചിരിച്ചു. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ഞാൻ തുടർന്നു.

“ഇനിയും ഇതുപോലെ എന്തെങ്കിലും ഉണ്ടായാൽ വഴക്ക് പറഞ്ഞോളൂ. എന്നാലും ഇങ്ങനെ തല്ലരുത്. ഭയങ്കര വേദനയാ. രണ്ടു ദിവസായി നേരെചൊവ്വേ എന്തെങ്കിലും കഴിച്ചിട്ട്. കഞ്ഞി കുടിച്ച് മടുത്തു. പിന്നെ ഇങ്ങനെ മിണ്ടാതിരിക്കാനും ഭയങ്കര ബുദ്ധിമുട്ടാ. പ്ലീസ്….. ”

അതുകേട്ട് ചന്ദ്രുവേട്ടന്റെ ചുണ്ടിലുണ്ടായിരുന്ന പുഞ്ചിരിയും കണ്ണുകളിലെ നീർമണികളും എങ്ങോട്ടോ പമ്പ കടന്നു. എന്നിട്ട് എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.

“അപ്പൊ… ഇനിയും ഇതുപോലെ ഓരോന്ന് ഒപ്പിക്കുമെന്ന് ചുരുക്കം. ലേ? ”

മറുപടിയായി ഞാനൊന്ന് ഇളിച്ചുകൊടുത്തു.

“മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കണ ഈ ഉത്തരവാദിത്തം സ്വന്തം കാര്യത്തിലും അല്പമെങ്കിലും കാണിച്ചുകൂടെ? നിന്റെ കുട്ടിക്കളി മാറ്റി നന്നാക്കിയെടുക്കാൻ പറ്റുവോ ന്ന് ഞാനൊന്ന് നോക്കട്ടെ. ഉത്തരവാദിത്തം വരുത്താൻ പറ്റുവോ ന്ന്. ഒന്നുമില്ലേലും ഫ്രണ്ടായി പോയില്ലേ? ”

“അപ്പോൾ എന്നെ നല്ലശീലം പഠിപ്പിക്കാൻ പോവാ? ”

“മ്മ് . ”

“ആയിക്കോട്ടെ. പക്ഷെ സാർ തല്ലരുത് ട്ടൊ. ”

“ഉറപ്പില്ല. അതൊക്കെ നിന്റെ കഴിവനുസരിച്ചിരിക്കും. ”

പറഞ്ഞുകഴിഞ്ഞതും ഒരു കുസൃതിചിരിയും ചിരിച്ച് ചന്ദ്രുവേട്ടൻ പോയി. ഞാനത് കേട്ട് അന്തം വിട്ട് വായുംപൊളിച്ച് നിന്നു. ആ പറഞ്ഞിട്ട് പോയതിനർത്ഥം ഇനിയും തല്ലും ന്നല്ലേ.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17