Thursday, December 19, 2024
Novel

മഴപോലെ : ഭാഗം 12 – അവസാനിച്ചു

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


” സംശയിക്കേണ്ട മോളെ സ്വപ്നമൊന്നുമല്ല സത്യം തന്നെയാ ”

അപ്പോഴും ഒന്നും മനസ്സിലാകാതെ എല്ലാവരെയും മാറി മാറി നോക്കി നിന്ന അർച്ചനയെ ചേർത്തുപിടിച്ച് നെറുകയിൽ തലോടിക്കൊണ്ട് സുമിത്ര പറഞ്ഞു.

” ഇതിനിടയിൽ നിങ്ങൾ രണ്ടാളുമറിയാത്ത ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോളെ നഷ്ടപ്പെട്ടതിൽ പിന്നെ ഞങ്ങൾക്കിവനെയും നഷ്ടപ്പെട്ടുപോയിരുന്നു.

എന്നും കുടിച്ച് ബോധമില്ലാതെ വീട്ടിൽ കയറി വരുന്ന മകനെ കാണേണ്ടി വന്നു ഞങ്ങൾക്കും അവനിൽ നിന്നും പറിച്ചെറിഞ്ഞത് അവന്റെ ജീവിതം തന്നെയാണെന്ന് മനസ്സിലാക്കാൻ.

പതിയെ പതിയെ അവനെല്ലാം മറക്കുമെന്ന് കരുതിയെങ്കിലും നാളുകൾ കഴിയും തോറും മോളുടെ ഓർമ്മകൾ അവനിൽ ഒരിക്കലും കെടാത്ത കനലായി എരിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.

അവസാനം അവന്റെ ജീവിതം തിരിച്ചു പിടിക്കാൻ മോൾക്കേ കഴിയൂ എന്ന് ബോധ്യമായപ്പോഴാണ് മൂന്ന് മാസങ്ങൾക്ക് മുൻപ് ദേവേട്ടനിവിടെ വന്നതും മോളെ കണ്ണന് വേണ്ടി ചോദിച്ചതും.

പക്ഷേ ശ്രീദേവിയുടെ ഉള്ളിലെ മുറിവുകളൊന്നും ഉണങ്ങിയിരുന്നില്ല. അതോടെ ദേവേട്ടൻ ആകെ തളർന്ന് പോയിരുന്നു.

പിന്നീട് എപ്പോഴോ ഒരു അവസാനശ്രമമെന്ന നിലയിലാണ് ഞാൻ ശ്രീദേവിയുടെ അടുത്തേക്ക് വന്നത്.

സംസാരിച്ചുവന്നപ്പോൾ കണ്ണന്റെ അവസ്ഥയിൽ നിന്നും മറിച്ചല്ല മോളുടെ കാര്യവുമെന്ന് പരസ്പരം മനസ്സിലായപ്പോൾ പരസ്പരമുള്ള വാശികളെല്ലാം ഞങ്ങളുപേക്ഷിച്ചു.

അങ്ങനെ ഇങ്ങനൊരു ദിവസമൊക്കെ ഉറപ്പിച്ച ശേഷമാണ് അലീനയിൽ നിന്നും കണ്ണന്റെ ഓഫീസിലാണ് അർച്ചന ജോലി ചെയ്യുന്നതെന്നറിഞ്ഞത്.

അപ്പൊ തീരുമാനിച്ചതാ നിങ്ങൾ പോലുമറിയാതെ ഒരിക്കൽ നഷ്ടപ്പെട്ടുപോയ നിങ്ങളുടെ ജീവിതം നിങ്ങൾക്ക് മടക്കിത്തരണമെന്ന്. ”

സുമിത്ര പറഞ്ഞുനിർത്തുമ്പോൾ എല്ലാം കേട്ട് നിന്ന അർച്ചനയുടെ മിഴികൾ ശ്രീദേവിയെ തേടിച്ചെന്നു. കണ്ണുകൾ ഈറനണിഞ്ഞിരുന്നെങ്കിലും ആ മുഖം നിറയെ സന്തോഷം തന്നെയായിരുന്നു.

” അപ്പൊ ഇത് സ്വപ്നമല്ലെന്ന് രണ്ടുപേർക്കും മനസ്സിലായല്ലോ. ഇനി ബാക്കി കാര്യങ്ങൾ തീരുമാനിക്കാമല്ലോ അല്ലേ ???? ”

മഹാദേവനത് ചോദിക്കുമ്പോൾ എല്ലാവരിലും നിറഞ്ഞ പുഞ്ചിരിയായിരുന്നു. സിദ്ധാർദ്ധിനെ നോക്കിയ അർച്ചനയുടെ നിറഞ്ഞ മിഴികൾ കണ്ട് അവൻ അവളെ നോക്കി കണ്ണടച്ചു കാട്ടി.

” എന്നാ ഞങ്ങളിറങ്ങട്ടേ മോളെ അധികം വൈകാതെ വീണ്ടും വരും എന്റെ മോളെ ഞങ്ങടെ വീട്ടിലോട്ട് കൊണ്ടുപോകാനുള്ള നല്ലൊരു മുഹൂർത്തവും കുറിപ്പിച്ചിട്ട്‌. ”

തിരികെ പോകാൻ കാറിലേക്ക് കയറാൻ നേരം അർച്ചനയുടെ നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ട് സുമിത്ര പറഞ്ഞു.

അവളെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് സിദ്ധാർധും കാറിലേക്ക് കയറി. അത് കണ്ണിൽ നിന്നും മറയും വരെ അങ്ങോട്ട് തന്നെ നോക്കി അർച്ചന അവിടെത്തന്നെ നിന്നു.

” അതേ ഇപ്പോഴേ അവരുടെ കൂടെപ്പോയോ ??? ”

അർച്ചനയെ പിന്നിലൂടെ വന്ന് കെട്ടിപിടിച്ചുകൊണ്ട് ചിരിയോടെ അലീന ചോദിച്ചു.

” പോടീ മരപ്പട്ടി നീയും കൂടി ചേർന്നല്ലേ ഈ പ്ലാനൊക്കെ നടത്തിയത് എന്നിട്ട് ഒരു വാക്ക് പറഞ്ഞോ നീ . ഞാനെത്ര ടെൻഷനടിച്ചെന്നറിയോ നിനക്ക് ???? ”

പിണക്കം ഭാവിച്ചുകൊണ്ട് അർച്ചന ചോദിച്ചു.

” എടീ പൊട്ടിപ്പെണ്ണേ ഒരുപാട് സന്തോഷിക്കും മുൻപ് അല്പം ടെൻഷനൊക്കെ നല്ലതാ. ”

അവളുടെ പിൻകഴുത്തിലൂടെ കൈ ചേർത്ത് മുന്നോട്ടാഞ്ഞ് ആ നെറ്റിയിൽ നെറ്റി മുട്ടിച്ച് ചിരിയോടെ അലീന പറഞ്ഞു. അർച്ചനയും പതിയെ ചിരിച്ചു.

കാർ മുന്നോട്ട് നീങ്ങുമ്പോൾ എല്ലാവരിലും നിറഞ്ഞ സന്തോഷമായിരുന്നു. പെട്ടന്ന് ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന സിദ്ധാർദ്ധിന്റെ ഇടംകൈ നീണ്ടുവന്ന് മഹാദേവന്റെ കയ്യിൽ മുറുകെപ്പിടിച്ചു.

പെട്ടന്ന് അയാളൊരമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ കണ്ണുകൾ സജലമായിരുന്നു.

അതുകണ്ട് അയാൾ വാത്സല്യത്തോടെ പതിയെ അവന്റെ കൈകളിൽ തലോടി. വീണ്ടും കൈവിട്ട് പോകാതിരിക്കാനെന്ന പോലെ ആ കൈ തന്റെ ഉള്ളം കയ്യിലമർത്തിപ്പിടിച്ചു.

പിന്നീടെല്ലാം പെട്ടന്ന് തന്നെ നടന്നു. നേരത്തെ തീരുമാനിച്ചിരുന്നത് പോലെ തന്നെ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെ നടത്താൻ തീരുമാനിച്ചു.

കല്യാണം പ്രമാണിച്ച് അലീനയും ലോങ്ങ്‌ലീവെടുത്ത് അർച്ചനയോടൊപ്പം ചിത്തിരയിൽ തന്നെയുണ്ടായിരുന്നു. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.

അർച്ചനയുടെ കുടുംബക്ഷേത്രമായ മേലേവിളാകം മഹാദേവരുടെ തിരുസന്നിധിയിൽ വച്ച് സിദ്ധാർഥ് അർച്ചനയുടെ കഴുത്തിൽ താലി ചാർത്തി.

അത് കണ്ട് നിന്നപ്പോൾ സന്തോഷം കൊണ്ട് ശ്രീദേവിയുടെയും സുമിത്രയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു.

വിവാഹശേഷം സിദ്ധാർദ്ധിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ അർച്ചനയുടെ ഉള്ളുനിറയെ ഒരിക്കൽ നഷ്ടപ്പെട്ടിട്ടും വീണ്ടും തിരിച്ചുകിട്ടിയ ഈ ജീവിതം ഇനിയൊരിക്കലും നഷ്ടപ്പെടരുതേയെന്ന പ്രാർത്ഥനയായിരുന്നു.

വൈകുന്നേരം മംഗലത്ത് ഓഡിറ്റോറിയത്തിലായിരുന്നു റിസപ്ഷൻ അറേഞ്ച് ചെയ്തിരുന്നത്.

വിവാഹം ചെറിയ തോതിൽ നടത്തിയത് കൊണ്ട് തന്നെ റിസപ്ഷന്റെ പകിട്ട് ഒട്ടും കുറച്ചിരുന്നില്ല മഹാദേവൻ.. നീല നിറത്തിൽ നിറയെ വർക്കുകളുള്ള സാരിയിൽ അതി മനോഹരിയായിരുന്നു അർച്ചന.

അതിന് മാച്ചിംഗ് ഡ്രസ്സ്‌ തന്നെയായിരുന്നു സിദ്ധാർധും ധരിച്ചിരുന്നത്.

റിസപ്ഷനുമൊക്കെ കഴിഞ്ഞ് റൂമിലെത്തുമ്പോഴേക്കും അർച്ചനയാകെ തളർന്നിരുന്നു. പതിനൊന്ന് മണിയോടെ സിദ്ധാർഥ് മുറിയിലെത്തുമ്പോൾ കട്ടിലിന്റെ ഒരു സൈഡിലായി ചുരുണ്ട് കിടന്ന് ഉറങ്ങിപ്പോയിരുന്നു അർച്ചന.

വാടിയ താമരത്തണ്ട് പോലെ കിടന്നിരുന്ന അവളെ നോക്കി അല്പനേരം നിന്നിട്ട് അവൻ പതിയെ അവളെ കോരിയെടുത്ത് ബെഡിൽ നേരെ കിടത്തി.

പിന്നെ പതിയെ അവളുടെ അരികിലായി കയറി കിടന്നു. പകലത്തെ ക്ഷീണം കൊണ്ട് അവനും വേഗമുറങ്ങിപ്പോയി..

രാവിലെ സിദ്ധാർഥ് കണ്ണുതുറക്കുമ്പോഴും അർച്ചന ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അരികിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

അഴിഞ്ഞുലഞ്ഞ മുടിയിഴകളും നെറുകയിലെ പാതി മാഞ്ഞ സിന്ദൂരച്ചുവപ്പും ചുണ്ടിലൊരു മന്ദഹാസവുമായി ഉറങ്ങിക്കിടക്കുന്ന അവളെ നോക്കി അവൻ വെറുതെ കിടന്നു.

” അച്ചൂ ….. ”

പെട്ടന്ന് എന്തോ ഓർത്തത് പോലെ അവനവളെ കുലുക്കി വിളിച്ചു. ഒന്ന് ചിണുങ്ങി അവൾ പതിയെ കണ്ണ് തുറന്നു.

” എന്താ സിദ്ധുവേട്ടാ പാതിരാത്രി കേറി വന്നിട്ട് മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കില്ലേ ???? ”

കണ്ണുകൾ തിരുമ്മി കിടന്നുകൊണ്ട് തന്നെ അവൾ ചോദിച്ചു.

” അതുശരി പൊന്നുമോൾക്ക് ഇതുവരെ നേരം വെളുത്തില്ലേ ??? മണി എട്ട് കഴിഞ്ഞു. ”

ചിരിയോടെ സിദ്ധാർഥ് പറഞ്ഞു. അതുകേട്ട് ഒരു ഞെട്ടലോടെ അവൾ ചാടി എണീറ്റ് കുളിമുറിയിലേക്ക് ഓടി.

അർച്ചന കുളി കഴിഞ്ഞ് വരുമ്പോഴും സിദ്ധാർഥ് അവിടെത്തന്നെ കിടന്നിരുന്നു. തലയിണയിൽ മുഖമമർത്തി കമിഴ്ന്ന് ഒരു കൊച്ചുകുഞ്ഞിനെപോലെ കിടന്നിരുന്ന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്‌ അർച്ചന പതിയെ ഡ്രെസ്സിങ് ടേബിളിനരികിലേക്ക് നടന്നു.

മുഖത്തൽപ്പം പൗടർ പുരട്ടി കണ്ണുകളിൽ കരിയെഴുതി ഒരു കുഞ്ഞുപൊട്ടും തൊട്ട് നെറുകയിൽ സിന്ദൂരവും തൊട്ട് അവൾ തിരിയുമ്പോൾ ബെഡിൽ അവളെത്തന്നെ നോക്കി കിടക്കുകയായിരുന്നു സിദ്ധാർഥ്.

” മ്മ്മ് ???? ”

ഒരു ചിരിയോടെ കണ്ണുകൾ കൊണ്ട് അവൾ ചോദിച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു കള്ളച്ചിരി മാത്രമായിരുന്നു അവന്റെ മറുപടി.

ചിരിയോടെ അവനരികിലൂടെ അവൾ പുറത്തേക്ക് പോകാൻ തിരിഞ്ഞതും സിദ്ധാർഥവളുടെ കൈയിൽ പിടുത്തമിട്ടു.

” ദേ സിദ്ധുവേട്ടാ വേണ്ടാട്ടോ… ”

അവനെ നോക്കി കണ്ണുരുട്ടിക്കോണ്ട് അർച്ചന പറഞ്ഞു.

” ഞാനൊരു ദുർബലനായ ഭർത്താവല്ലേഡീ ”

അവളെ കൈക്കുള്ളിലൊതുക്കിക്കൊണ്ട് ചിരിയോടെ സിദ്ധാർഥ് പറഞ്ഞു.

” തല്ക്കാലം ദുർബലൻ പോയി കുളിക്കാൻ നോക്ക് ”

അവന്റെ കയ്യിൽക്കിടന്ന് കുതറിക്കൊണ്ട് അർച്ചന പറഞ്ഞു.

” അവിടെ നിക്ക് പെണ്ണേ … ”

പറഞ്ഞതും അവളുടെ നെറുകയിലെ സിന്ദൂരചുവപ്പിൽ അവന്റെ ചുണ്ടുകൾ തന്റെ ആദ്യ ചുംബനം ചാർത്തി. മിഴികളടച്ച് അവളതേറ്റുവാങ്ങി.

ആ ചുണ്ടുകൾ താഴേക്ക് സഞ്ചരിക്കാൻ തുടങ്ങവേ അവനെ തള്ളി മാറ്റി അർച്ചന പുറത്തേക്കോടി. അവൾ താഴെയെത്തുമ്പോൾ മഹാദേവൻ ഹാളിൽ ഉണ്ടായിരുന്നു.

അവളെ കണ്ടതും ആ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. അവളും ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പതിയെ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ സുമിത്രയും സഹായത്തിന് ലക്ഷ്മിയുമുണ്ടായിരുന്നു.

” ആഹാ പുതുപ്പെണ്ണ് രാവിലെത്തന്നെ അടുക്കളയിലോട്ട് പൊന്നോ ???? ”

അവളെ കണ്ടതും ലക്ഷ്മി ചോദിച്ചു. അത് കേട്ട് തിരിഞ്ഞു നോക്കിയ സുമിത്രയും അവളെക്കണ്ട് ചിരിച്ചു. അവരെ രണ്ടാളെയും നോക്കി അർച്ചനയും ചിരിച്ചു.

” ദാ മോള് ചായ കുടിക്ക് അമ്മയീ ചായ അച്ഛന് കൊടുത്തിട്ട് വരാം ”

അവൾക്ക് നേരെ ചായക്കപ്പ് നീട്ടിക്കൊണ്ട് സുമിത്ര പറഞ്ഞു.

” ഞാൻ കൊണ്ടുകൊടുത്താലോ അമ്മേ ??? ”

മടിച്ചുമടിച്ച് അവൾ ചോദിച്ചു.

” പിന്നെന്താ ഇനിയിതൊക്കെ മോളല്ലേ ചെയ്യേണ്ടത്.. ”

ചിരിയോടെ മഹാദേവനുള്ള ചായ അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് സുമിത്ര പറഞ്ഞു. അർച്ചന വേഗം അതുമായി പുറത്തേക്ക് നടന്നു.

” പാവാ അല്ലേ ചേച്ചി… നല്ല സുന്ദരിയുമാ ഈ കുഞ്ഞിന് വേണ്ടി സിദ്ധുമോൻ വാശി പിടിച്ചില്ലേലല്ലേ അത്ഭുതമുള്ളൂ. ആരാ ഇതിനെ മോഹിക്കാത്തത് ”

അർച്ചന പുറത്തേക്ക് പോയതും സുമിത്രയോടായി ലക്ഷ്മി പറഞ്ഞു. അതുകേട്ട് അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അർച്ചന ചായയുമായി ഹാളിലെത്തുമ്പോൾ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു മഹാദേവൻ.

” അച്ഛാ ചായ ”

അയാൾക്കരികിലെത്തി സങ്കോചത്തോടെ അർച്ചന പറഞ്ഞു. അതുകേട്ട് അയാൾ പെട്ടന്ന് തല ഉയർത്തി നോക്കി പിന്നെ നിറഞ്ഞ ചിരിയോടെ അവളുടെ കയ്യിൽ നിന്നും കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു.

” മോളെ….. മോളീ അച്ഛനോടങ്ങ് ക്ഷമിച്ചേക്ക് കേട്ടോ ”

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങവേ മഹാദേവൻ പെട്ടന്ന് പറഞ്ഞു.

” അയ്യോ അച്ഛാ എന്തിനാ ഇങ്ങനൊക്കെ പറയുന്നത് . അച്ഛനില്ലാത്ത എനിക്ക് അച്ഛനെന്റെ സ്വന്തം അച്ഛൻ തന്നെ. അപ്പൊ അച്ഛൻ മകളോട് മാപ്പ് പറയാൻ പാടുണ്ടോ ??? ”

അർച്ചനയുടെ വാക്കുകൾ കേട്ട് മഹാദേവന്റെ കണ്ണുകൾ നിറഞ്ഞു.

” നീയെന്റെ മോള് തന്നെ ”

അവളുടെ തലയിൽ തലോടിക്കൊണ്ട് അയാൾ പതിയെ പറഞ്ഞു. അതുകണ്ടുകൊണ്ട് താഴേക്ക് വരികയായിരുന്ന സിദ്ധാർദ്ധിന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു .

എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും സിദ്ധാർദ്ധിന്റെ കണ്ണുകൾ അർച്ചനയിൽ തന്നെയായിരുന്നു. പകൽ മുഴുവൻ അർച്ചന സുമിത്രയ്ക്കും ലക്ഷ്മിക്കും ഒപ്പം തന്നെയായിരുന്നു..

എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാക്കി ഇടയ്ക്കിടെ സിദ്ധാർഥ് അവളെ മുകളിലേക്ക് വിളിച്ചെങ്കിലും ഒരു കുസൃതിച്ചിരിയോടെ അവൾ സുമിത്രയെ ചുറ്റിപ്പറ്റി നിന്നു.

അവസാനം എങ്ങനെയൊക്കെയോ രാത്രിയായി. അർച്ചന കുളി കഴിഞ്ഞ് മുടി പിന്നിൽ വിടർത്തിയിട്ട് ജനലരികിൽ വെറുതെ പുറത്തേക്ക് നോക്കി നിന്നു. അപ്പോൾ കോളേജിൽ വച്ച് തങ്ങളാദ്യമായി കണ്ടത് മൂതലുള്ള കാര്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്ന് പോയ്‌ക്കോണ്ടിരുന്നു.

പെട്ടന്ന് അവളുടെ പിന്നിലെത്തിയ സിദ്ധാർഥവളെ പിന്നിലൂടെ കെട്ടിപിടിച്ച് തന്നോട് ചേർത്ത് പിടിച്ചു. അവന്റെ ചൂട് നിശ്വാസമേറ്റ് പുറത്ത് തകർത്ത് പെയ്തുകൊണ്ടിരുന്ന തുലാമഴയിലും അവൾ വിയർത്തുകുളിച്ചു.

” ഒരുപാട് മോഹിച്ചിട്ടുണ്ടെൻ പ്രണയമേ ഒരിറ്റ് സിന്ദൂരമായി നിന്നെയെൻ സീമന്തരേഖയിലണിയാൻ .

ഒരു പൊന്നിൻ കഷ്ണമായി നിന്നെയെൻ മാറിലമർത്തി ജീവിക്കാനതിലേറെ മോഹിച്ചിരുന്നു.

നിന്റെ മാറിലേക്കെന്നെ വാരിയണയ്ക്കുമ്പോൾ ഒരു മഴപോലെ നിന്നിലേക്ക് പെയ്തിറങ്ങാൻ മോഹിച്ചുപോകയാണ് ഞാൻ. ”

അവന്റെ കൈകൾക്കുള്ളിൽ ആ നെഞ്ചോട് ചേർന്ന് പുറത്തേ മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ ഉള്ള് മന്ത്രിച്ചു.

ഒടുവിലെപ്പോഴോ അവരൊന്നായ നിമിഷം അവരുടെ പ്രണയം പോലെ മേഘത്തിന്റെ പ്രണയവുമൊരു മഴയായ് മണ്ണിലേക്ക് പെയ്തിറങ്ങുകയായിരുന്നു

അവസാനിച്ചു

( എല്ലാവരുടെയും ആഗ്രഹം പോലെ അച്ചുവിനെയും സിദ്ധുവിനെയും ഒന്നിപ്പിച്ചുകൊണ്ട് തല്ക്കാലം അവസാനിപ്പിക്കുന്നു. സ്നേഹപൂർവ്വം ❤️❤️❤️)

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3

മഴപോലെ : ഭാഗം 4

മഴപോലെ : ഭാഗം 5

മഴപോലെ : ഭാഗം 6

മഴപോലെ : ഭാഗം 7

മഴപോലെ : ഭാഗം 8

മഴപോലെ : ഭാഗം 9

മഴപോലെ : ഭാഗം 10

മഴപോലെ : ഭാഗം 11