Wednesday, April 24, 2024
Novel

മഴപോലെ : ഭാഗം 10

Spread the love

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

അവൻ പറഞ്ഞത് കേട്ട് അർച്ചന തലക്ക് കൈ കൊടുത്ത് കട്ടിലിലേക്കിരുന്നു. വിവേചിച്ചറിയാൻ കഴിയാത്ത ഒരു വികാരത്തിൽ അറിയാതെ അവളുടെ അധരങ്ങൾ വിടർന്നു. അപ്പോഴേക്കും സിദ്ധാർഥ് ഫോൺ കട്ട്‌ ചെയ്തിരുന്നു.
അർച്ചന വേഗം അലീനയുടെ നമ്പറിലേക്ക് വിളിച്ചു.

” എന്താടി നീ ചെന്നയുടൻ വിളിച്ചതല്ലേ പിന്നിപ്പോ എന്താ ഒരു വിളി ??? ”

ഫോണെടുത്തതും അലീന ചോദിച്ചു.

” അപ്പൊ വിളിച്ചെന്ന് കരുതി ഒന്നൂടെ വിളിക്കാൻ പാടില്ലേ ?? ”

” ഓഹ് ഇനി അതൊരു വിഷയമാക്കണ്ട. നീ പറ എന്താ കാര്യം ??? ”

അർച്ചനയുടെ ചോദ്യം കേട്ട് ചിരിയോടെ അലീന പറഞ്ഞു.

” എടീ എന്റെ മാല കിട്ടി. ”

ആവേശം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

” ആഹ് ഞാനപ്പോഴെ പറഞ്ഞില്ലേ അതിവിടെ കാണുമെന്ന്. പോകാനുള്ള ധൃതിയിൽ നീയെടുത്ത് ബാഗിലിട്ടുകാണും. ”

നിസ്സാര ഭാവത്തിൽ അലീന പറഞ്ഞു.

” എടി മരവാഴേ ….. ”

” എന്തോ ….. ”

ഈണത്തിലുള്ള അവളുടെ വിളികേൾക്കൽ കേട്ട് ചിരി പൊട്ടിയെങ്കിലും അർച്ചന അതടക്കി.

” എടീ മാല ഇവിടെ കിട്ടിയെന്നല്ല ഞാൻ പറഞ്ഞത് ”

” പിന്നേ ??? ”

ആകാംഷയോടെ അലീന ചോദിച്ചു.

” സിദ്ധുവേട്ടനാ കിട്ടിയത്. ഇപ്പൊ എന്നെ വിളിച്ചിരുന്നു. ”

അർച്ചന ശബ്ദം താഴ്ത്തി പറഞ്ഞു.

” അതങ്ങേർക്ക് എവിടുന്ന് കിട്ടി ??? ”

അലീന വീണ്ടും ചോദിച്ചു.

” അതിന്നലെ അങ്ങേരടെ ഷർട്ടിൽ…. ”

പെട്ടന്ന് എന്തോ ഓർത്തത് പോലെ പറയാൻ വന്നത് അവൾ വിഴുങ്ങി.

” എന്തോ …. കേട്ടില്ല ” അലീന.

” എടീ അതുപിന്നെ ഇന്നലെ സിദ്ധുവേട്ടൻ അടിച്ചുഫിറ്റായി കിടന്നപ്പോൾ ഒരു ദുർബല നിമിഷത്തിൽ എനിക്കൊരബദ്ധം പറ്റിയതാ. അതിനിടയിൽ മാല പൊട്ടിയത് ഞാൻ കണ്ടില്ല. ”

ചമ്മിയ സ്വരത്തിൽ അർച്ചന പറഞ്ഞു.

” ഉവ്വുവ്വേ…. ”

അലീന പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

” എടീ പുറത്താരോ വന്നു ഞാൻ പിന്നെ വിളിക്കാം ”

പുറത്തൊരു വണ്ടി വന്നുനിന്ന ശബ്ദം കേട്ട് പറഞ്ഞിട്ട് അർച്ചന പെട്ടന്ന് ഫോൺ വച്ചു.

” അച്ചൂ ഇതാരൊക്കെയാ വന്നേക്കുന്നതെന്ന് നോക്കിക്കേ. ”

ശ്രീദേവിയുടെ ശബ്ദം കേട്ട് അവൾ വേഗം പൂമുഖത്തേക്ക് ചെന്നു. അപ്പോഴേക്കും ശ്രീദേവിയുടെ സഹോദരൻ മാധവനും ഭാര്യ ജയന്തിയും മകൾ ഉണ്ണിമായയും അകത്തേക്ക് വന്നിരുന്നു.

” അച്ചുച്ചേച്ചീ…. ”

പുറത്തേക്ക് വന്ന അർച്ചനയെ കണ്ടതും ഉണ്ണിമായ വിളിച്ചുകൊണ്ട് ഓടി വന്ന് അവളെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു.

” ഇനിയവൾക്ക് ഊണും വേണ്ട ഉറക്കവും വേണ്ട. ഒരാഴ്ച മുന്നേ തുള്ളി നിക്കുവാ ഇങ്ങോട്ട് പോരണം അച്ചുനെ കാണണമെന്നൊക്കെപ്പറഞ്ഞ്. ”

അവരെ നോക്കി നിന്ന ജയന്തി പുഞ്ചിരിയോടെ പറഞ്ഞു. അതുകേട്ട് എല്ലാവരും ചിരിച്ചു.

” വന്നകാലിൽ നിൽക്കാതെ നിങ്ങള് കേറിവാ ”

ജയന്തിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീദേവി പറഞ്ഞു. എല്ലാവരും ചിരിയോടെ അകത്തേക്ക് കയറി.

” അച്ചൂനെ ഇങ്ങനെ നിർത്തിയാൽ മതിയോ ദേവീ…”

ശ്രീദേവിയോടൊപ്പം അടുക്കളയിൽ നിൽക്കുമ്പോൾ ജയന്തി ചോദിച്ചു.

” നമ്മുടെ നന്ദിനി ഒരാലോചനയുടെ കാര്യം പറഞ്ഞിട്ടുണ്ടേട്ടത്തി. കേട്ടിട്ട് കൊള്ളാം. പയ്യൻ വിദേശത്തെവിടെയോ ആണ്. അച്ഛനും അമ്മയും മാത്രേയുള്ളൂ. നമുക്ക് ചേർന്ന ബന്ധമാണെന്നാ നന്ദിനി പറഞ്ഞത് . ”

ജോലികൾക്കിടയിൽ തന്നെ ശ്രീദേവി പറഞ്ഞു.

” അവള് സമ്മതിച്ചോ ??? ”

ജയന്തി ചോദിച്ചു.

” അവൾക്ക് ഇപ്പൊ താല്പര്യമില്ലെന്നാ പറയുന്നത്. പക്ഷേ അവളുടെ താല്പര്യം നോക്കി നിന്നാൽ ഉടനൊന്നും കാര്യം നടക്കില്ല. അവരൊരു ദിവസം വന്നു കാണട്ടെ.

ഇനിയും അവളുടെ താളത്തിന് തുള്ളിക്കോണ്ടിരിക്കാൻ പറ്റോ ?? ഓരോ ദിവസവും അവളെയോർത്ത് നീറിക്കോണ്ടിരിക്കുവാ ഞാൻ ”

ശ്രീദേവി പറഞ്ഞു നിർത്തി. മറുപടിയൊന്നും പറയാതെ ജയന്തി വെറുതെ മൂളുകമാത്രം ചെയ്തു.

” ആഹാ രണ്ടും കൂടിവിടെ കല്യാണം ആലോചിച്ചിരിക്കുവാണോ മനുഷ്യന് വിശന്നിട്ട് വയ്യ ”

പെട്ടന്നങ്ങോട്ട് കയറി വന്നുകൊണ്ട് ഉണ്ണിമായ പറഞ്ഞു.

” ഈയൊരു വിചാരം മാത്രേ ഈ മണ്ടൂസിനുള്ളു. വല്ലോം വേണേൽ ഉണ്ടാക്കി കഴിക്കെടി. വയസ്സ് പത്ത് പതിനെട്ടായി ഇപ്പോഴും എടുത്ത് കയ്യിൽ കൊടുത്താൽ തിന്നും. ”

കണ്ണുരുട്ടിക്കൊണ്ട് ജയന്തി പറഞ്ഞു.

” യ്യോ… ഞാനീ വഴി വന്നിട്ടേയില്ലേ ഞാൻ പോണു ”

പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടക്കാനൊരുങ്ങി.

” ഡീ … ഉണ്ണീ വന്നിതുവല്ലതും ചെയ്യെഡീ ”

” അതൊക്കെ അമ്മേം അപ്പച്ചിയും കൂടങ്ങ് ചെയ്താൽ മതി. ഞാൻ പോണു ”

പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ഉണ്ണിമായ പുറത്തേക്ക് ഓടി.

” എന്റെ ദൈവമേ… ഇങ്ങനൊരെണ്ണം ”

പറഞ്ഞുകൊണ്ട് ജയന്തി തലക്ക് കൈ കൊടുത്തിരുന്നു. അതുകണ്ട് ശ്രീദേവി ചിരിച്ചു.

” അപ്പൊ ഉടനൊരു ഊണ് കിട്ടും അല്ലേന്റെ ചേച്ചിക്കുട്ടീ ??? ഹോ ഞാനൊരു കലക്ക് കലക്കും . ”

അർച്ചനയുടെ അരികിലേക്ക് വന്ന്കൊണ്ട് ഉണ്ണിമായ പറഞ്ഞു.

” കൂടുതൽ കലക്കാതെ കാര്യം പറയെഡീ ”

ഒന്നും മനസ്സിലാകാതെ അവളെത്തന്നെ നോക്കിക്കൊണ്ട് അർച്ചന ചോദിച്ചു.

” അപ്പൊ കല്യാണപ്പെണ്ണ് കാര്യമൊന്നുമറിഞ്ഞില്ലേ ??? പൊന്നുമോൾടെ ഫ്രീഡമൊക്കെ തീരാൻ പോവാ. അപ്പുറത്ത് അമ്മേം അപ്പച്ചിയും കൂടി ചേച്ചിയുടെ കല്യാണക്കാര്യാ പറഞ്ഞോണ്ടിരിക്കുന്നത്. ”

പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

” കല്യാണമോ ?? ”

ചോദിച്ചതും ഇരുന്നിടത്ത് നിന്നും അർച്ചന പിടഞ്ഞെണീറ്റു.

” ശ്ശെടാ അതിനിങ്ങനെ ഞെട്ടുവാണോ ചെയ്യേണ്ടത് ??? ഞാനെങ്ങാനുമായിരുന്നെങ്കിൽ തുള്ളിച്ചാടിയേനെ. പറഞ്ഞിട്ടെന്താ കാര്യം ആവശ്യക്കാർക്ക് കിട്ടുന്നില്ല കിട്ടുന്നോർക്കാണെങ്കിൽ ആവശ്യവുമില്ല. ”

ഒരു കള്ളച്ചിരിയോടെ ഉണ്ണിമായ പറഞ്ഞു. പക്ഷേ അർച്ചനയുടെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല അപ്പോൾ. അവൾപ്പോലുമറിയാതെ സിദ്ധാർദ്ധിന്റെ മുഖം അവളുടെ ഉള്ളിലേക്ക് വന്നു.

ഓഫീസിലേക്ക് പോകാൻ റെഡിയായി നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് തല ചീകിക്കൊണ്ട് നിന്ന സിദ്ധാർദ്ധിന്റെ കണ്ണിൽ പെട്ടന്നാണ് ആ കുഞ്ഞുമാല പെട്ടത്.

അവൻ പതിയെ അത് കയ്യിലെടുത്തു. അതിന്റെ കൊളുത്ത് അല്പം അകന്നിരുന്നു. പെട്ടന്ന് ആ ദിവസം രാത്രി നടന്നതൊക്കെ അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

അറിയാതെ അവന്റെ വലതുകരം അവളുടെ അധരങ്ങൾ പതിഞ്ഞ തന്റെ കവിളിലേക്ക് നീണ്ടു. പതിയെ അവന്റെ ചുണ്ടുകളിലൊരു പുഞ്ചിരി തത്തിക്കളിച്ചു.

” കണ്ണാ….. ”

താഴെ നിന്നും സുമിത്രയുടെ വിളി കേട്ട് അവൻ വേഗം ആ മാല ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടിട്ട് താഴേക്ക് ചെന്നു.

” ഇന്നെന്താ മുഖത്തൊരു തെളിച്ചമൊക്കെ ??? ”

ഒരു ചെറു പുഞ്ചിരിയോടെ ചുണ്ടിലൊരു മൂളിപ്പാട്ടുമായി താഴേക്ക് വന്ന അവനെ കണ്ട് ചിരിയോടെ സുമിത്ര ചോദിച്ചു.

” ഏയ് ചുമ്മാ… ”

അവരുടെ അടുത്തേക്ക് വന്ന് ആ കവിളിൽ നുള്ളി കണ്ണുചിമ്മി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. എന്നിട്ട് പതിയെ ഡൈനിങ്ങ് ഹാളിലേക്ക് നടന്നു. ഇതെന്താ കഥയെന്നറിയാതെ സുമിത്ര അന്തംവിട്ട് മഹാദേവനെ നോക്കി.

ആ മുഖത്തും ആശ്ചര്യമായിരുന്നു നിറഞ്ഞു നിന്നത്. എന്തുകൊണ്ടോ എത്രയും വേഗം ഓഫീസിലെത്താൻ കൊതിക്കുകയായിരുന്നു സിദ്ധാർദ്ധിന്റെ മനസ്സപ്പോൾ.

പതിവിലും അല്പം നേരത്തെ തന്നെ അവൻ ഓഫീസിലെത്തി. സിദ്ധാർദ്ധിന്റെ കാർ കണ്ടതും അലീന സീറ്റിൽ നിന്നുമെണീറ്റ് ഓടി പുറത്തേക്ക് വന്നു.

” ഗുഡ് മോർണിംഗ് സാർ ”

” മോർണിംഗ് ”

അലീനയ്ക്ക് പ്രത്യഭിവാദ്യം ചെയ്തിട്ട് അവൻ അകത്തേക്ക് കയറി. അകത്തെത്തിയതും അവന്റെ കണ്ണുകൾ അർച്ചനയുടെ സീറ്റിലേക്ക് നീണ്ടു. അവിടെ അവളെ കാണാതെ വന്നപ്പോൾ അവന്റെ മുഖം പെട്ടന്ന് മങ്ങി.

” എന്താ സാർ ??? ”

അങ്ങോട്ട്‌ തന്നെ നോക്കി ചലിക്കാതെ നിന്ന അവനോടായി അലീന ചോദിച്ചു.

” ആഹ് അതുപിന്നെ …. ആ പുതിയ കുട്ടി ഇന്നും ലേറ്റാണല്ലോന്ന് ഓർത്തതാ. ”

പെട്ടന്ന് സിദ്ധാർഥ് പറഞ്ഞു.

” ലേറ്റല്ല സാർ അർച്ചന ഇന്ന് വരില്ല. അവൾ വീട്ടിൽ പോയിരിക്കുവാ. ഇന്നവളുടെ അച്ഛന്റെ ഓർമ ദിവസമാണ്. ”

” മ്മ്മ്… ”

അവൾ പറഞ്ഞതെല്ലാം കേട്ട് ഒന്ന് മൂളി അവൻ പതിയെ തന്റെ ക്യാബിനിലേക്ക് കയറിപ്പോയി.

” ഓഹ് എന്താ അഭിനയം പുതിയ കുട്ടി അവളെ അറിയാനേ പാടില്ല ”

അവന്റെ പോക്ക് നോക്കി നിന്ന അലീന ഒരു ഊറിയ ചിരിയോടെ ഓർത്തു. അകത്തെത്തി സീറ്റിലേക്ക് ഇരിക്കുമ്പോൾ സിദ്ധാർദ്ധിന്റെ മനസ്സിൽ മൂന്ന് വർഷങ്ങൾക്ക് മുൻപത്തെ ആ ദിവസമായിരുന്നു.

” എന്റച്ഛൻ പോയി സിദ്ധുവേട്ടാ…. ”

രാജശേഖറിന്റെ അടക്കത്തിന് ശേഷം തളർന്നിരുന്ന അർച്ചനയുടെ അടുത്തെത്തിയ തന്റെ നെഞ്ചിലേക്ക് വീണ് അലറിക്കരഞ്ഞ അവളുടെ മുഖം ഓർമയിൽ തെളിഞ്ഞപ്പോൾ സിദ്ധാർഥ് അറിയാതെ കണ്ണുകൾ ഇറുക്കിയടച്ചുപോയി.

സമയം കടന്നുപോകും തോറും അർച്ചനയുടെ അഭാവം അവനിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചുതുടങ്ങി.

ഒരുദിവസം അവളെ കാണാതിരിക്കുമ്പോൾ ഇത്ര അസ്വസ്ഥത തോന്നുന്ന താൻ മൂന്നുവർഷം അവളില്ലാതെ കഴിച്ചുകൂട്ടിയതോർത്തപ്പോൾ അവന് അതിശയം തോന്നി.

പിറ്റേദിവസം മാധവനും കുടുംബത്തിനും ഒപ്പം തന്നെ അർച്ചനയും പുറപ്പെട്ടു.

” സൂക്ഷിച്ചു പോണേ മോളെ ചെന്നാലുടൻ വിളിക്കണം ”

ബസ്സ്റ്റാന്റിന് മുന്നിൽ കാർ നിർത്തി അർച്ചന ഇറങ്ങുമ്പോൾ മുന്നിൽ മാധവനരികിലായി ഇരുന്നിരുന്ന ജയന്തി പറഞ്ഞു. ചിരിയോടെ അർച്ചന തലകുലുക്കി.

” പോട്ടെ മോളെ ”

മാധവനും പറഞ്ഞു.. അതിനും അർച്ചന മൂളി. കാർ മുന്നോട്ട് നീങ്ങുമ്പോൾ പുറത്തേക്ക് തല നീട്ടി ടാറ്റാ കാണിച്ച ഉണ്ണിമായക്ക് നേരെ കൈ വീശി കാണിച്ച് അർച്ചന സ്റ്റാൻഡിനകത്തേക്ക് കയറി.

ഉച്ചയോടെ ഹോസ്റ്റലിൽ എത്തിയ അവൾ യാത്രാ ക്ഷീണം കൊണ്ട് തളർച്ചയോടെ ബെഡിലേക്ക് കിടന്നു. കണ്ണുകളെ ഉറക്കം തഴുകി.

” അച്ചൂ…. അച്ചൂ…. ”

അലീനയുടെ ശബ്ദം കേട്ടാണ് അവൾ കണ്ണുതുറന്നത്. അവൾ ആലസ്യത്തോടെ എണീറ്റിരുന്നു.

” നീയിന്താ ഇന്ന് നേരത്തെ ??? ”

കിടക്കയിൽ തന്നെയിരുന്ന് കണ്ണുകൾ തിരുമ്മിക്കൊണ്ട് അർച്ചന ചോദിച്ചു.

” ഹലോ മാഡം…. സമയം ആറുകഴിഞ്ഞു ”

ചിരിയോടെ അലീന പറഞ്ഞത് കേട്ട് അർച്ചന അമ്പരന്ന് ചുവരിലെ ക്ലോക്കിലേക്ക് നോക്കി.

” ദാ ചായ കുടിക്ക് അപ്പൊ നിനക്ക് ബോധം വരും. ”

ഒരു ഗ്ലാസ്‌ ചായ അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അലീന പറഞ്ഞു. പുഞ്ചിരിച്ചുകൊണ്ട് അവൾ കൈ നീട്ടി അത് വാങ്ങി.

” ഓഫീസിൽ എന്തുണ്ട് വിശേഷം ??? ”

ചായ മൊത്തിക്കുടിച്ചുകൊണ്ട് അർച്ചന ചോദിച്ചു.

” എന്തിനാ മോളെ അച്ചൂ ഇങ്ങനെ വളഞ്ഞ് മൂക്കിൽ പിടിക്കുന്നത് ??? നിനക്ക് സിദ്ധു സാറിന്റെ കാര്യല്ലേ അറിയേണ്ടത്. അതിങ്ങ് നേരെ ചോദിച്ചാൽ പോരെ ”
അവളെ കളിയാക്കിക്കൊണ്ട് അലീന ചോദിച്ചു. നാണം കലർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു അർച്ചനയുടെ മറുപടി.

” രണ്ടു ദിവസായിട്ട് മുട്ടയിടാറായ കോഴിയെപ്പോലെ ഓഫീസിൽ കൂടി നടക്കുവായിരുന്നു നിന്റെ സിദ്ധുവേട്ടൻ. ഇതുവരെ മുട്ടയിട്ടിട്ടില്ല. ഇനി വീട്ടിൽ ചെന്നിട്ട് ഇടുമോ എന്തോ ”
പൊട്ടിച്ചിരിച്ചുകൊണ്ട് അലീന പറഞ്ഞു.

അർച്ചനയും അറിയാതെ ചിരിച്ചുപോയി. അവന്റെ മനസ്സിൽ ഇപ്പോഴും താനുണ്ടെന്ന തിരിച്ചറിവിൽ അവളുടെ ഉള്ളിലൊരു തണുപ്പ് പടർന്നു.

” ഇരുന്ന് സ്വപ്നം കാണാതെ പോയി കുളിക്ക് പെണ്ണേ ”

ആലോചിച്ചിരുന്ന അർച്ചനയുടെ തോളിൽ പതിയെ അടിച്ചുകൊണ്ട് അലീന പറഞ്ഞു. അവൾ പതിയെ എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു.

പിറ്റേദിവസം അർച്ചന ഓഫീസിലെത്തുമ്പോൾ രണ്ടുദിവസം ലീവായിരുന്നതിനാൽ ടേബിളിൽ വെരിഫൈ ചെയ്യാനുള്ള ഫയലുകൾ കുന്നുകൂടിയിരുന്നു. വന്നയുടൻ തന്നെ അവൾ ഓരോ ഫയലുകളായി നോക്കിത്തുടങ്ങി.

പത്തുമണിയോടെ സിദ്ധുവും ഓഫീസിലെത്തി. അകത്തേക്ക് വന്നതും ഏതോ ഫയൽ നോക്കിക്കോണ്ടിരുന്ന അർച്ചനയുടെ മുഖം കണ്ണിൽ പെട്ട അവന്റെ മുഖം തെളിഞ്ഞു.

സമയം ഒരുപാട് കഴിഞ്ഞിട്ടും അർച്ചന ഒരിക്കൽ പോലും തന്റെ ക്യാബിനിലേക്കൊന്ന് വരാത്തതിൽ അവന് വല്ലാത്ത നിരാശ തോന്നി.

അവസാനം രണ്ടും കല്പ്പിച്ച് അവൻ ഫോണെടുത്ത് അവളുടെ ഫോണിലേക്ക് വിളിച്ചു.

” എന്റെ ക്യാബിനിലേക്ക് വാ ”

അവൾ ഫോണെടുത്തതും അവൻ പെട്ടന്ന് പറഞ്ഞു.

” സാർ ഞാൻ…. ”

അർച്ചന മറുപടി പറയും മുന്നേ അവൻ കാൾ കട്ട് ചെയ്തിരുന്നു. അല്പം ആലോചിച്ചിട്ട് നോക്കിക്കോണ്ടിരുന്ന ഫയൽ മടക്കി വച്ച് അവൾ പതിയെ സിദ്ധാർദ്ധിന്റെ ക്യാബിനിലേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ ലാപ്ടോപ്പിന് മുന്നിലിരുന്ന അവൻ തല ഉയർത്തി നോക്കി.

” എന്താ സാർ വിളിച്ചത് ??? ”

അകത്തേക്ക് വന്നുകൊണ്ട് അർച്ചന പതിയെ ചോദിച്ചു..

” ഞാൻ കഴിഞ്ഞ ദിവസം ആകർഷിച്ചെടുത്ത മാല വേണ്ടേ ?? ”

ഒരു മന്ദഹാസത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് അർച്ചനയുടെ മിഴികൾ താഴ്ന്നു. അവൻ പതിയെ പോക്കറ്റിൽ കയ്യിട്ട് ആ മാല പുറത്തെടുത്ത് അവൾക്ക് നേരെ നീട്ടി.

കൈ നീട്ടി അത് വാങ്ങുമ്പോൾ അവളുടെ കൈകൾ ചെറുതായി വിറച്ചു. അപ്പോഴും സിദ്ധാർദ്ധിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.

അവൾ പെട്ടന്ന് മാല വാങ്ങി തിരിഞ്ഞു നടന്നു. റൂമിന്റെ ഡോറിന്റെ മുന്നിലെത്തിയതും അവൾ അത് കഴുത്തിലേക്ക് ഇട്ടു.

എങ്കിലും വളരെ ചെറിയ അതിന്റെ രണ്ടറ്റങ്ങളും കൂട്ടി യോജിപ്പിക്കാൻ കഴിയാതെ അവൾ നന്നേ ബുദ്ധിമുട്ടി. പെട്ടന്ന് പിന്നിലൊരു ചലനം തോന്നി തിരിഞ്ഞു നോക്കിയ അർച്ചന ഒന്ന് പതറിപ്പോയി.

തൊട്ടുപിന്നിൽ നിന്ന സിദ്ധാർദ്ധിന്റെ നോട്ടത്തെ അതിജീവിക്കാൻ കഴിയാതെ അവൾ പതിയെ മിഴികൾ താഴ്ത്തി.

പെട്ടന്ന് അവളുടെ പിന്നിലെത്തിയ സിദ്ധാർഥ് അവളുടെ നീണ്ട മുടിയിഴകളെ ഒതുക്കി മുന്നിലേക്കിട്ടു. പിന്നെ പതിയെ കുനിഞ്ഞ് ആ മാലയുടെ കൊളുത്ത് പല്ലുകൾ കൊണ്ട് കടിച്ചടുപ്പിച്ചു.

അപ്പോൾ അവന്റെ ചുണ്ടുകൾ അർച്ചനയുടെ കഴുത്തിൽ സ്പർശിച്ചു. ആ നിശ്വാസം അവളെ പൊള്ളിച്ചു.

സ്വയമറിയാതെ അർച്ചനയുടെ മിഴികൾ കൂമ്പിയടഞ്ഞു. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അർച്ചന അവനിൽ നിന്നും പിടഞ്ഞുമാറി. സിദ്ധുവും എന്ത് ചെയ്യണമെന്നറിയാതെ നിന്നു.

പെട്ടന്ന് അവൾ തിരിഞ്ഞ് പുറത്തേക്ക് നടന്നു. പുറത്തെത്തിയതും എന്തോ ഓർത്ത് കൊണ്ട് അവൾ തിരികെ അകത്തേക്ക് തന്നെ കയറി.

അവൾ തിരികെയെത്തുമ്പോൾ ഊഹിച്ചത് പോലെ തന്നെ സിദ്ധാർഥ് കബോഡിൽ നിന്നും മദ്യത്തിന്റെ ബോട്ടിൽ പുറത്തെടുത്തിരുന്നു.

” സാർ ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ ??? ”

അവളുടെ ചോദ്യം കേട്ട് സിദ്ധാർഥ് ആത്മനിന്ദയോടെ ചിരിച്ചു.

” ഞാനെങനായാൽ ആർക്കെന്താ നഷ്ടം ???? ”

അവന്റെ ചോദ്യം കേട്ട് അർച്ചനയുടെ കണ്ണുകൾ നിറഞ്ഞു.

” എന്നെയിങ്ങനെ ശിക്ഷിക്കരുത് സാർ ”
അവൾ കേണു.

” ശരി ഞാൻ നീ പറയുന്നത് പോലൊക്കെ കേൾക്കാം പക്ഷേ ഒരിക്കൽ ഞാനാഗ്രഹിച്ച എന്റെ കൈവിട്ട് പോയ ജീവിതം അതെനിക്ക് മടക്കി കിട്ടുമോ ?? നിന്നെ എനിക്ക് തിരിച്ചുകിട്ടുമോ ??? ”

അർച്ചനയുടെ കണ്ണിലേക്ക് നോക്കി സ്വരമമർത്തി അവൻ ചോദിച്ചു. അവന്റെ വാക്കുകൾ കേട്ട് നിയന്ത്രണം നഷ്ടപ്പെട്ട അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.

വീണ്ടും നഷ്ടപ്പെട്ട് പോകാതിരിക്കാനെന്ന പോലെ സിദ്ധാർദ്ധിന്റെ കൈകൾ അവളെ വരിഞ്ഞുമുറുക്കി.

” എന്നെ വെറുക്കല്ലേ സിദ്ധുവേട്ടാ ….. ”

കണ്ണീരിനിടയിലും അവളുടെ അധരങ്ങൾ മന്ത്രിച്ചു.

( തുടരും… )

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3

മഴപോലെ : ഭാഗം 4

മഴപോലെ : ഭാഗം 5

മഴപോലെ : ഭാഗം 6

മഴപോലെ : ഭാഗം 7

മഴപോലെ : ഭാഗം 8

മഴപോലെ : ഭാഗം 9