Saturday, July 27, 2024
Novel

മഴപോലെ : ഭാഗം 4

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

അവൻ നേരെ പോയത് വീട്ടിലേക്കായിരുന്നു. ” മംഗലത്ത് ”
എന്ന് സ്വർണലിപികളിൽ ബോർഡ് വച്ച വലിയ ഗേറ്റിന് മുന്നിലെത്തി അവൻ ഹോണടിച്ചു. പെട്ടന്ന് ഗേറ്റ് തുറക്കപ്പെട്ടു. ഗേറ്റ് കടന്ന് ബൈക്ക് അകത്തേക്ക് പാഞ്ഞു.

വലിയ മുറ്റം നിറയെ പലതരം ചെടികളും നിറയെ സ്വർണമത്സ്യങ്ങളുള്ള വലിയ കുളവുമെല്ലാം മംഗലത്ത് എന്ന ആ വലിയ വീടിന് കൂടുതൽ ഭംഗി നൽകിയിരുന്നു.

ബൈക്ക് പോർച്ചിൽ വച്ച് സിദ്ധാർഥ് അകത്തേക്ക് നടന്നു.

” കണ്ണൻ വന്നോ ലക്ഷ്മി? ”

അവൻ മുകളിലേക്കുള്ള പടിക്കെട്ടുകൾ കയറുമ്പോൾ അടുക്കളയിൽ നിന്നും സുമിത്രയുടെ ചോദ്യം കേട്ടു.

” വന്നു ചേച്ചി എന്തോ പ്രശ്നമുണ്ട് കണ്ണൻമോന്റെ മുഖമൊക്കെ വല്ലാതിരിക്കുന്നു. ”

അടുക്കളയിലേക്ക് വന്നുകൊണ്ട് ലക്ഷ്മി പറഞ്ഞു.

” നീയിതൊന്ന് നോക്ക് ഞാനങ്ങോട്ടൊന്ന് ചെന്നിട്ട് വരട്ടെ ”

ചെയ്തുകൊണ്ടിരുന്നത് അവിടത്തന്നെ വച്ച് പുറത്തേക്ക് നടക്കുമ്പോൾ സുമിത്ര പറഞ്ഞു. ലക്ഷ്മി ഒന്ന് മൂളി.

സുമിത്ര വേഗം സ്റ്റെപ്പ് കയറി മുകളിലെത്തി. സിദ്ധാർദ്ധിന്റെ മുറിയുടെ വാതിൽ തുറന്ന് കിടന്നിരുന്നു.

അവരകത്തേക്ക് വരുമ്പോൾ കട്ടിലിൽ കുറുകെ കിടന്നിരുന്ന സിദ്ധാർഥ് പെട്ടന്ന് തല ഉയർത്തി നോക്കി.

” എന്താടോ പതിവില്ലാതെ വന്നയുടനൊരു കിടപ്പ് ? ”

അവനരികിലായി ബെഡിലേക്ക് ഇരുന്ന് അവന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടാണ് സുമിത്രയത് ചോദിച്ചത്.

” ഒന്നുല്ലമ്മേ വെറുതേ ”

പതിയെ നിരങ്ങി വന്ന് അവരുടെ മടിയിലേക്ക് തല വച്ചുകൊണ്ട് അവൻ പറഞ്ഞു.

” അതല്ലല്ലോ എന്തോ ഉണ്ടല്ലോ എനിക്കറിയില്ലേ എന്റെ കണ്ണനെ. ഇന്നും ആരോടെങ്കിലും വഴക്കായോ ? ”
ഒരു നേർത്ത പുഞ്ചിരിയോടെ അവർ വീണ്ടും ചോദിച്ചു.

” ഇല്ലമ്മേ … ”

പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു.

” എന്നാപ്പിന്നെ എണീറ്റ് വാടാ ഇങ്ങനെ കിടക്കാതെ അമ്മ നല്ലൊരു ചായ ഉണ്ടാക്കിത്തരാം ”

സുമിത്ര പറഞ്ഞത് കേട്ട് അവനൊന്ന് മൂളുകമാത്രം ചെയ്തു.

” പെട്ടന്ന് വാ ഞാൻ ചായ ഉണ്ടാക്കാം ”

എണീറ്റ് താഴേക്ക് നടക്കാൻ തുടങ്ങവേ അവർ പറഞ്ഞു. സുമിത്ര താഴേക്ക് പോയി കഴിഞ്ഞ് വീണ്ടും കുറെ സമയം കൂടി സിദ്ധാർഥ് അങ്ങനെ കിടന്നു. അപ്പൊഴെല്ലാം ഇന്നത്തെ കോളേജിൽ നടന്ന സംഭവങ്ങളായിരുന്നു അവന്റെ ഉള്ള് നിറയെ.

നിറഞ്ഞുതുടങ്ങിയ അർച്ചനയുടെ മിഴികൾ ഓർമ്മയിൽ വന്നതും നെഞ്ച് പൊള്ളുന്നത് പോലെ തോന്നി സിദ്ധാർദ്ധിന്.

അവളോട് അങ്ങനെയൊക്കെ പറയാൻ തോന്നിയ നിമിഷത്തേ അവൻ മനസ്സാ ശപിച്ചുകൊണ്ടിരുന്നു.

” കണ്ണാ… എണീറ്റില്ലേ നീയിതുവരെ ? ”

പെട്ടന്ന് താഴെ നിന്നും സുമിത്രയുടെ വിളി കേട്ട് അവൻ വേഗം എണീറ്റു.

” ദാ വരുന്നമ്മേ… ”

താഴേക്ക് നടക്കുന്നതിനിടയിൽ അവൻ വിളിച്ചുപറഞ്ഞു. അവൻ താഴെ എത്തുമ്പോഴേക്കും സുമിത്ര ചൂട് ചായയും കടിയും ഡൈനിങ്ങ് ടേബിളിലേക്ക് എടുത്ത് വച്ച് കഴിഞ്ഞിരുന്നു.

അവൻ ചായക്കപ്പ് ചുണ്ടോടടുപ്പിച്ചപ്പോഴേക്കും പുറത്തൊരു കാർ വന്ന് നിന്ന ശബ്ദം കേട്ടു.

” ആഹാ സഖാവിന്ന് നേരത്തെയിങ്ങ് പൊന്നോ ? സാധാരണ ക്ലാസ്സ് കഴിഞ്ഞ് എല്ലാരേയും യാത്രയാക്കി കോളേജും തൂത്തുവാരിയിട്ടേ ഇങ്ങോട്ട് വരുന്ന പതിവ് ഉള്ളല്ലോ ഇന്നെന്തുപറ്റി ? ”

അകത്തേക്ക് കയറി വന്ന മഹാദേവൻ സിദ്ധാർദ്ധിനെ നോക്കി ചിരിയോടെ ചോദിച്ചു.

” ഒന്ന് ചുമ്മാതിരിക്ക് ദേവേട്ടാ ”

അയാൾക്കുള്ള ചായയുമായി അങ്ങോട്ട് വന്നുകൊണ്ട് സുമിത്ര പറഞ്ഞു.

” ഞാൻ ഉള്ളതല്ലേ സുമീ പറഞ്ഞത് അല്ലേ നേതാവിനെ ഈ നേരത്തിവിടെ കണ്ടചരിത്രമുണ്ടോ ? അപ്പൊ ഇന്നും എന്തോ പ്രശ്നമുണ്ട് ”

സിദ്ധാർദ്ധിനരികിലേക്ക് കസേര വലിച്ചിട്ടിരുന്നുകൊണ്ട് മഹാദേവൻ പറഞ്ഞു.

” എന്താടാ നേതാവേ ഇന്നും വെടിയും പുകയുമൊക്കെ ഉണ്ടായോ ? ”

എല്ലാം കേട്ടിട്ടും അവനിൽ നിന്നും പ്രതികരണമൊന്നും ഉണ്ടാവാതെ വന്നപ്പോൾ മഹാദേവൻ വീണ്ടും ചോദിച്ചു.

” ഏയ് അങ്ങനൊന്നുമില്ലച്ഛാ ”

പറഞ്ഞൊഴിഞ്ഞുകൊണ്ട് അവൻ വേഗം എണീറ്റു. മഹാദേവന്റെ ചുണ്ടിലെ പുഞ്ചിരി മറഞ്ഞു.

” കണ്ണാ … ”

അവന്റെ പെരുമാറ്റം കണ്ട് അമ്പരപ്പോടെ അയാൾ വിളിച്ചു.

” എന്താടാ നിനക്കെന്താ ഒരു വിഷമം പോലെ ? ”

അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു.

” ഒന്നുല്ലച്ഛാ…. എനിക്ക് നല്ല തലവേദന യുണ്ട് അല്ലാതെ കുഴപ്പമൊന്നുമില്ല. ”

ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൻ പറഞ്ഞു. പിന്നെ പതിയെ മുകളിലേക്ക് നടന്നു. അവന്റെ പോക്ക് കണ്ട് സുമിത്രയും മഹാദേവനും വല്ലാതെ നിന്നു.

പിറ്റേദിവസം ശനിയാഴ്ചയായത് കൊണ്ട് സിദ്ധാർഥ് എണീക്കാൻ താമസിച്ചിരുന്നു. രാവിലെ എട്ടരയോടെ വിഷ്ണുവിന്റെ ബൈക്ക് മംഗലത്ത് വീടിന് മുന്നിൽ വന്ന് നിന്നു.

വണ്ടിയുടെ ശബ്ദം കേട്ട് നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് അടുക്കളയിൽ നിന്നും സുമിത്ര പൂമുഖത്തേക്ക് വന്നു.

” ആഹാ നീയായിരുന്നോ ? ”

അകത്തേക്ക് വന്ന വിഷ്ണുവിനെ കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ സുമിത്ര ചോദിച്ചു.

” അവനെന്തിയെ ആന്റി ? ”

മുകളിലേക്ക് നോക്കിക്കൊണ്ട് അവൻ ചോദിച്ചു.

” അവൻ എണീറ്റില്ല നീ ചെന്ന് നോക്ക് ”

സുമിത്ര പറഞ്ഞത് കേട്ട് വിഷ്ണു സ്റ്റെയർകേസിന് നേരെ നടന്നു.

” വിഷ്ണു… ”

പെട്ടന്ന് അവർ വിളിച്ചു.

” എന്താ ആന്റി ? ”

സ്റ്റെയർകേസിന്റെ കൈവരിയിൽ പിടിച്ച് തിരിഞ്ഞുനിന്നുകൊണ്ട് അവൻ ചോദിച്ചു.

” കോളേജിൽ എന്തേലും പ്രശ്നമുണ്ടോ ”

” അതെന്താ ആന്റി അങ്ങനെ ചോദിച്ചത് ? ”

അവൻ സംശയത്തോടെ ചോദിച്ചു.

” അല്ല കണ്ണൻ ഇന്നലെ വന്നത് മുതൽ എന്തോ ഒരു വല്ലായ്മ പോലെ അതാ ചോദിച്ചത് ”

അവന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് സുമിത്ര ചോദിച്ചു.

” ഏയ് അങ്ങനൊന്നുമില്ലാന്റി ”

അവൻ പെട്ടന്ന് പറഞ്ഞു.

” മ്മ്മ് നീ ചെല്ല് ഞാൻ ചായ എടുക്കാം ”

അടുക്കളയിലേക്ക് നടന്നുകൊണ്ട് അവർ പറഞ്ഞു. വിഷ്ണു വേഗം മുകളിലേക്കും നടന്നു. സിദ്ധാർദ്ധിന്റെ മുറിയിലെത്തുമ്പോൾ അവൻ ബെഡിൽ തന്നെ കിടന്നിരുന്നു.

” ഡാ നീയിന്നലെ എന്തിനാ നേരത്തെ ഇറങ്ങിപ്പോന്നത് ? ”

മുറിയിലേക്ക് കയറിക്കൊണ്ടുള്ള വിഷ്ണുവിന്റെ ചോദ്യം കേട്ട് സിദ്ധാർഥ് തലപൊക്കി നോക്കി. അവനെ കണ്ട് ബെഡിൽ എണീറ്റിരുന്നു.

” അവളെ കാണാതെ വന്നപ്പോ എനിക്കാകെ ഭ്രാന്തെടുക്കുന്നത് പോലെ തോന്നി. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല . ”

അവന്റെ മുഖത്ത് നോക്കാതെ തന്നെ സിദ്ധാർഥ് പറഞ്ഞു.

” അവൾ പോയതിലെന്താ കുറ്റം അതുപോലെയല്ലാരുന്നോ ഇന്നലത്തെ നിന്റെ അവളോടുള്ള പേരുമാറ്റം . അവളായത് കൊണ്ട് നിന്റെ മുഖത്തടിച്ചില്ല.

എന്തൊക്കെയാ നീയവളെ പറഞ്ഞത് . ഒരുമാതിരി വൃത്തികെട്ട പെണ്ണുങ്ങളോടെന്നപോലല്ലേ നീ സംസാരിച്ചത്. ”

അവൻ പറഞ്ഞത് കേട്ട് സിദ്ധാർദ്ധിന്റെ തല താഴ്ന്നു.

” എന്താടാ തലയും കുമ്പിട്ടിരിക്കുന്നത് പറയാവുന്നേന്റെ പരമാവധി അവളെ പറഞ്ഞിട്ട് ഇങ്ങനെ തലേം കുത്തിയിരുന്നാൽ മതിയല്ലോ ”

അവന്റെ അരികിലായി ബെഡിലേക്കിരുന്നുകൊണ്ട് വിഷ്ണു വീണ്ടും ചോദിച്ചു.

” എടാ ഞാൻ മനഃപൂർവമാണോ അപ്പൊ അത് കണ്ടപ്പോ എനിക്ക് സഹിച്ചില്ല. എനിക്കവളെയത്രക്ക് …. ”

” കോപ്പാണ്. അതിനവളെന്ത്‌ ചെയ്തെടാ ? പെണ്ണായാൽ ആണുങ്ങൾ നോക്കിയെന്നൊക്കെയിരിക്കും. ഈ പറയുന്ന ഞാനും നീയുമൊക്കെ നോക്കിയിട്ടില്ലേ ? ”

അവനെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ വിഷ്ണു ചോദിച്ചു.

” എടാ ഇതതുപോലല്ല അവനവളുടെ…. ”

സിദ്ധാർഥ് പറയാൻ വന്നത് പാതിയിൽ വിഴുങ്ങി.

” ഇനിയെന്ത്‌ ചെയ്യുമെഡാ അവളെയൊന്ന് കാണണമെങ്കിൽ പോലും രണ്ട് ദിവസം കഴിയണ്ടേ ? ”

നിരാശയോടെ സിദ്ധാർഥ് ചോദിച്ചു.

” നീയൊന്നടങ്ങ് അവൾ തിങ്കളാഴ്ച കോളേജിലേക്ക് തന്നെ വരില്ലേ. എല്ലാം ചെയ്തുവച്ചിട്ട് ഇനിയിവിടിരുന്ന് വെപ്രാളം പിടിച്ചിട്ടെന്താ ”

വിഷ്ണു പതിയെ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പതിവിലും നേരത്തെ സിദ്ധാർഥ് കോളേജിലേക്ക് ഇറങ്ങി. പോകും വഴിയെല്ലാം അവന്റെ ഉള്ള് മുഴുവൻ അർച്ചനയുടെ മുഖമായിരുന്നു.

” ഇന്നെന്തായാലും അവളെക്കണ്ട് സോറി പറയണം ”

അവൻ മനസ്സിലുറപ്പിച്ചു. അർച്ചന വരുമ്പോൾത്തന്നെ കാണണം എന്ന് കരുതി അവൻ കോളേജിന്റെ പ്രധാനകവാടത്തിനടുത്ത് തന്നെ നിലയുറപ്പിച്ചു.

ഒറ്റയ്ക്കും കൂട്ടമായും കുട്ടികൾ അകത്തേക്ക് പോയ്‌ക്കോണ്ടിരുന്നു.

ആ കൂട്ടത്തിലൊന്നും താൻ തിരയുന്ന മുഖം കാണാൻ കഴിയാതെ വന്നപ്പോൾ അവനിൽ വീണ്ടും നിരാശ കൂടുകെട്ടിത്തുടങ്ങി.

” എന്താ സിദ്ധുവേട്ടാ ഒറ്റക്കിവിടൊരു നിൽപ് ? ”

ആ ചോദ്യം കേട്ട് ഫോണിൽ നോക്കി നിന്ന സിദ്ധാർഥ് പെട്ടന്ന് തല ഉയർത്തി നോക്കി. മുന്നിൽ നിൽക്കുന്നവരെക്കണ്ട് അവന്റെ ഉള്ളിലൊരു തണുപ്പ് തോന്നി.

അർച്ചനയുടെ കൂടെ നടക്കുന്ന പെൺകുട്ടികൾ എല്ലാവരും ഉണ്ടായിരുന്നു.

പക്ഷേ കൂട്ടത്തിൽ കാത്തുനിന്നവൾ മാത്രമില്ലെന്ന അറിവിൽ അവന്റെ മുഖം വീണ്ടും മങ്ങി.

” ഓ ഒന്നുല്ലഡീ വെറുതെ… ”

അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഒരൊഴുക്കൻ മട്ടിൽ അവൻ പറഞ്ഞു.

” മ്മ്മ് ”

ചിരിയോടെ ഒന്ന് മൂളി അവർ പതിയെ അകത്തേക്ക് നീങ്ങി.

” ഡീ നിന്റെയൊക്കെ നേതാവൊരു മരങ്കേറി കൂടുണ്ടല്ലോ അവളെവിടെ ? ”
വെറുതെ കുശലം ചോദിക്കുന്നത് പോലെ അവൻ ചോദിച്ചു.

” ആര് അച്ചുവോ അവൾക്ക് കഴിഞ്ഞദിവസം മുതൽ എന്തോ പ്രശ്നമുണ്ട് ഇന്നിതുവരെ വന്നതുമില്ല. അതാ ഞങ്ങളിങ്ങ് പോന്നത് .

ഇന്നിനി ചിലപ്പോ വരില്ലായിരിക്കും . അല്ല എന്താ സിദ്ധുവേട്ടാ ചോദിക്കാൻ ? ”

തിരിഞ്ഞ് നിന്നുകൊണ്ട് അമൃത ചോദിച്ചു.

” ഏയ് അവളെ മാത്രം കാണാഞ്ഞോണ്ട് ചുമ്മാ ചോദിച്ചെന്നെയുള്ളൂ. ”

വീണ്ടും ഫോണിലേക്ക് തല താഴ്ത്തിക്കൊണ്ട് അവൻ പറഞ്ഞു. ഒന്ന് മൂളി അവർ വീണ്ടും മുന്നോട്ട് നടന്നു. സിദ്ധാർദ്ധിന്റെ ക്ഷമ പതിയെ നശിച്ചുതുടങ്ങിയിരുന്നു.

ഒൻപത് മണി കഴിഞ്ഞിട്ടും അവളെ കാണാതെ അവൻ പതിയെ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

പെട്ടന്നാണ് കണ്ണാടിയിൽ തെളിഞ്ഞ നെറ്റിയിൽ മഞ്ഞൾക്കുറിയിട്ട മുഖം അവന്റെ കണ്ണിൽ പെട്ടത്. സന്തോഷം കൊണ്ട് വീർപ്പുമുട്ടിയ അവൻ പെട്ടന്ന് വണ്ടിയിൽ നിന്നിറങ്ങി.

അവളെ നോക്കി പുഞ്ചിരിയോടെ നിന്ന അവനെ കണ്ടെങ്കിലും അവൾ പക്ഷേ അവനെ നോക്കാതെ മുന്നോട്ട് നടന്നു.

” ഡീ … ”

പെട്ടന്നവൻ വിളിച്ചു. വിളി കേട്ടില്ലെങ്കിലും അവൾ നിന്നു.

” ഞാൻ നിന്നെ നോക്കിയാ നിന്നത് ”

അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് സിദ്ധാർഥ് പറഞ്ഞു.

” എന്തിന് എന്നെപോലെ വൃത്തികെട്ട ഒരുത്തിയെക്കാത്ത് സിദ്ധുവേട്ടനെന്തിനാ നിക്കുന്നത് ? ”

അവന്റെ മുഖത്ത് നോക്കാതെ തറയിലേക്ക് നോക്കി നിന്ന് അർച്ചന പറഞ്ഞു. അവളുടെ വാക്കുകൾ അവന്റെ നെഞ്ചിൽ തന്നെ വന്ന് തറച്ചു.

” ഞാൻ നിന്നോട് മാപ്പ് പറയാനാ കാത്തുനിന്നത്. അന്നങ്ങനൊക്കെ…. ”

” വേണ്ട സിദ്ധുവേട്ടാ എന്നേപ്പോലെ മോശപ്പെട്ട ഒരു പെണ്ണിനോട്‌ സിദ്ധുവേട്ടനെന്തിനാ വെറുതെ ”

അവന്റെ വാക്കുകൾ മുഴുവനാക്കാൻ സമ്മതിക്കാതെ ഇടയിൽ കയറിയത് പറയുമ്പോൾ അവളുടെ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു.

” മതി…. ഇനി ഒരക്ഷരം നിന്റെയീ നാവിൽ നിന്ന് വരരുത്. എന്റെ പെണ്ണിന്റെ ദേഹത്തേക്ക് ഒരുത്തനും മോശമായി നോക്കുന്നത് ഈ സിദ്ധാർഥ് സഹിക്കില്ല.

അങ്ങനൊരു സാഹചര്യം വന്നാൽ ഇനിയും ഞാൻ ഇതിലും മോശമായിത്തന്നെ പെരുമാറും കേട്ടോഡീ മരങ്കേറി മറിയേ ”

അവളുടെ കൈത്തണ്ടയിലമർത്തിപ്പിടിച്ച് അവളുടെ തുറിച്ച കണ്ണുകളിലേക്ക് നോക്കി സിദ്ധാർഥ് അത് പറയുമ്പോൾ അമ്പരന്ന് നിൽക്കുകയായിരുന്നു അർച്ചന .

അവളുടെ നിറഞ്ഞ മിഴികൾ അവന്റെ കണ്ണുകളിൽത്തന്നെ തറഞ്ഞ് നിന്നു.

” എന്താടീ തുറിച്ചുനോക്കുന്നത് ? ”

ചുവന്നുകലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു. അപ്പോഴും അന്തം വിട്ട് നിൽക്കുകയായിരുന്ന അർച്ചനയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല.

” കുന്തം വിഴുങ്ങിയത് പോലെ നിക്കാതെ കേറി ക്ലാസ്സിൽ പോടീ മരയോന്തേ … ”

ഒരു കള്ളച്ചിരിയോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവൻ പറഞ്ഞു. അപ്പോഴും ഒന്നും മനസ്സിലാവാതെ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അർച്ചന.

അവൻ അകന്ന് പോയ്ക്കഴിഞ്ഞും അവിടത്തന്നെ നിന്ന അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.

അല്പനേരം കൂടി അവൻ പോയഭാഗത്തേക്ക് നോക്കി നിന്നിട്ട് അവൾ പതിയെ അകത്തേക്ക് നടന്നു.

ക്ലാസ്സിൽ ഇരിക്കുമ്പോഴും അർച്ചനയുടെ മനസ്സ് മുഴുവൻ സിദ്ധാർദ്ധിനരികിലായിരുന്നു.

“‘ ഡീ അച്ചൂ നീയെന്തോന്നാഡീ ഈ ആലോചിച്ചിരുന്ന് ഇളിക്കുന്നേ ? ”

അവളുടെ അരികിലേക്ക് നീങ്ങിവന്ന് ശബ്ദം താഴ്ത്തി വിദ്യ ചോദിച്ചു. അർച്ചന അവളെയൊന്ന് നോക്കി വെറുതെ ചിരിക്കുക മാത്രം ചെയ്തു.

” എന്തോ കോളുണ്ടല്ലോ മോളേ വന്നപ്പോൾ മുതൽ പല്ലും ഇളിച്ചോണ്ടിരിക്കുന്നു ”

അമൃതയും പതിയെ പറഞ്ഞു.

” എന്താ മോളേ ഭയങ്കര സന്തോഷത്തിലാണല്ലോ ”

ഉച്ചക്ക് പുറത്തേക്കിറങ്ങിവരുമ്പോൾ അർച്ചനയുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ഗൗതം ചോദിച്ചു. അർച്ചന ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു.

” എന്താടീ നീ സിദ്ധുവിന്റെ മുഖത്ത് മാത്രേ നോക്കത്തുള്ളോ ചേട്ടന്മാരെക്കൂടൊന്ന് നോക്ക് മോളെ ”

ദേഷ്യം കൊണ്ട് അർച്ചനയുടെ പല്ലുകൾ ഞെരിഞ്ഞു.

” ഞാൻ നോക്കിയാ മതിയോ മോനെ ഗൗതമാ ? ”

ആ ശബ്ദം തിരിച്ചറിഞ്ഞ അർച്ചനയുടെ മുഖം വിടർന്നു. അവൾ തല ഉയർത്തി അങ്ങോട്ട് നോക്കി.

” ഇവളുള്ളിടത്തെല്ലാം ഇവനുമുണ്ടല്ലോ ”

അങ്ങോട്ട് വന്ന സിദ്ധുവിനെ കണ്ട് ഗൗതം പിറുപിറുത്തു.

” നീയിതിലിടപെടരുത് സിദ്ധു. ”

സിദ്ധാർദ്ധിനെയും അർച്ചനയേയും മാറി മാറി നോക്കിക്കൊണ്ട് ഗൗതം പറഞ്ഞു.

” ഞാനിതിൽ മാത്രേ ഇടപെടു ഗൗതം നിന്നോട് ഞാൻ പറഞ്ഞില്ലേ ഇവളെ വിട്ട് പിടിക്കാൻ ”

അത് പറയുമ്പോൾ സിദ്ധാർദ്ധിന്റെ ചുണ്ടിലെ പുഞ്ചിരി മങ്ങിയിരുന്നു. അർച്ചന പതിയെ അവനരികിലേക്ക് അല്പം നീങ്ങി നിന്നു. അത് കൂടി കണ്ടതും ഗൗതമിന്റെ കണ്ണുകളിൽ പകയെരിഞ്ഞു .

” ഇവളെ തൊട്ടാൽ നിനക്കിത്ര പൊള്ളാനെന്താ ? ”

അവൻ സിദ്ധാർദ്ധിനോടായി ചോദിച്ചു .

” അവളെന്റെ പെണ്ണായത് കൊണ്ട് ”

അവന്റെ ആ വാക്കുകൾ അവിടെക്കൂടിയിരുന്നവരെയെല്ലാം ഒരുപോലെ ഞെട്ടിച്ചു. അമൃതയും വിദ്യയും അന്തം വിട്ട് വായ പൊളിച്ച് അർച്ചനയെ നോക്കി.

ഒരു മന്ദഹാസത്തോടെ സിദ്ധാർദ്ധിനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അവളപ്പോൾ.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും മിനുട്ടുകൾ പോലെ കടന്ന് പോയി. കോളേജിലെ ഓരോ മൺതരിയും സിദ്ധാർദ്ധിന്റെയും അർച്ചനയുടെയും പ്രണയത്തിന് സാക്ഷിയായി.

വാകമരച്ചുവട്ടിലെ സിമന്റ് ബെഞ്ചിലും ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിലും കാന്റീനിൽ ഒരേ ചായ ഗ്ലാസിനിരുവശവും എല്ലാം അവരുടെ പ്രണയം വിരിഞ്ഞുകൊണ്ടിരുന്നു.

സിദ്ധാർദ്ധിലെ വാശികളും എടുത്തുചാട്ടവുമെല്ലാം അച്ചുവെന്ന അർച്ചനയ്ക്ക് വേണ്ടി ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരുന്നു .

സിദ്ധുവിന്റെ പ്രണയത്തിൽ മുഴുകി ജീവിക്കുമ്പോൾ തന്നെത്തേടി വരുന്ന ദുരന്തത്തിന്റെ മാറ്റൊലി അർച്ചന കേട്ടില്ല.

( തുടരും… )

മഴപോലെ : ഭാഗം 1

മഴപോലെ : ഭാഗം 2

മഴപോലെ : ഭാഗം 3