Friday, May 3, 2024
Novel

കവചം 🔥: ഭാഗം 20

Spread the love

രചന: നിഹ

Thank you for reading this post, don't forget to subscribe!

 അവർ അകത്തേയ്ക്ക് കയറി. അവരെ നോക്കി പുഞ്ചിരി തൂകി കൊണ്ട് നല്ല പ്രായം ചെന്ന ഒരു നമ്പൂതിരി അവിടെ ഇരിപ്പുണ്ടായിരുന്നു . അദ്ദേഹത്തെ കണ്ടാൽ തന്നെ ഒരു ബഹുമാനം ആർക്കും തോന്നും . അത്രമാത്രം ദിവ്യത്വം നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ വദനം . ” നമസ്കാരം തിരുമേനി … ” ആതിര കൈകൂപ്പി കൊണ്ട് പ്രണമിച്ചു. അനന്തനും അവൾക്കൊപ്പം കൈകൂപ്പി . ” ഇരിക്കൂ…. ” പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം മുന്നിൽ കാണുന്ന കസേരയിലേക്ക് കൈ കാണിച്ചു. അവർ രണ്ടുപേരും അവിടെ ഇരുന്നു . ” എൻ്റെ പേര് ആതിര ഇത് എൻ്റെ ഭർത്താവ് അനന്തൻ… ”

” കുറച്ച് ദിവസങ്ങളായിട്ട് വീട്ടിലാകെ പ്രശ്നങ്ങളാ…. മനസമാധാനമില്ല..” ആതിര പറഞ്ഞു വന്നപ്പോഴേയ്ക്കും അദ്ദേഹം ചോദിച്ചു . ” നിങ്ങളുടെ വീട് ഇവിടെയായിട്ടാ ..? ” ” ഞങ്ങൾ കീഴാറ്റൂർ മനയിലാ താമസിക്കുന്നത് ,പുതിയതായി മേടിച്ചതാ… ” അനന്തൻ മറുപടി പറഞ്ഞതും അത് കേട്ട് നമ്പൂതിരി ഞെട്ടി . ” ഏത് ആ പ്രേത ഭവനത്തിലോ .. ?” ആതിരയും അനന്തനും പരസ്പരം നോക്കി . ” ഭാഗ്യം കൊണ്ടാണ് രണ്ടാളും ജീവനോടെ ഇരിക്കുന്നത് തന്നെ ..” അദ്ദേഹം പറയുന്നത് സത്യമാണെന്ന് അറിയാമെങ്കിലും അത് കേട്ടപ്പോൾ ആതിരയ്ക്ക് ഭയം തോന്നി.

ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ആതിര അദ്ദേഹത്തോട് പറഞ്ഞു. തിരുമേനി പറയുന്നത് കേൾക്കാൻ അനന്തനും ചെവിയോർത്തു. എങ്ങനേലും പരിഹാരം ചെയ്തിട്ട് താമസം മാറിയാൽ മതിയെന്നായി രണ്ടാൾക്കും അതിന്റെ പ്രധാന കാരണം ഗൗരിയുടെയും കുഞ്ഞിയുടെയും അനുഭവങ്ങളായിരുന്നു. പണ്ഡിതനായ തിരുമേനി പ്രശ്നം വച്ച് പരിഹാരം പറയാൻ തുടങ്ങി . നെഞ്ചിടിപ്പോടെ അവർ ശ്രദ്ധിച്ചു കേട്ടു. 🌿🌿🌿🌿♥️♥️🌿🌿🌿🌿♥️♥️🌿🌿🌿 ” ഒന്ന് വേഗം നടക്കടാ … ” കൈയിലിരിക്കുന്ന ബാഗ് തോളിലേക്ക് തൂക്കികൊണ്ട് സുദീപ് പുറകെ നടക്കുന്ന ലിജോയെ നോക്കി.

“ഇതിലെ നടക്കാൻ എന്ത് പാടാ… നിനക്ക് ഈ കാടല്ലാതെ വേറെ ഒരിടംപോലും കിട്ടിയില്ലേ?” മുട്ടോളം വളർന്നു നിൽക്കുന്ന പുല്ല് കഷ്ടപ്പെട്ട് സൈഡിലേക്ക് വകഞ്ഞു മാറ്റി ഒരുവിധം ലിജോ നടന്നു കൊണ്ട് പറഞ്ഞു. എങ്ങനെയും സഞ്ചി ഒളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്നതിനാൽ സുദീപിന് കാടിന്റെ ഭീകരതയൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞില്ല. പുറകെ നടക്കുന്ന ലിജോയ്ക്ക് നല്ല പോലെ പേടി തോന്നി. ” എടാ .. നീ ഇത് എങ്ങോട്ടാ പോകുന്നത് ?” ചെറിയ ആശങ്കയോടെ ലിജോ അവനോട് ചോദിച്ചു. ” ഒന്നും മിണ്ടാതെ വാ … എത്രയും പെട്ടെന്ന് ഇത് ഒളിപ്പിച്ചു വച്ചിട്ട് വേണം പോകാൻ…”

കളവ് മുതൽ എവിടെ ഒളിപ്പിച്ചു വയ്ക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാത്തതുകൊണ്ട് അതിന് പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു. ആരും കണ്ടുപിടിക്കാത്ത ഒരിടം ആലോചിച്ചപ്പോൾ മനസ്സിൽ വന്നയിടമാണ് കീഴാറ്റൂർ കാവ് . അവിടേയ്ക്ക് ഒരാൾ പോലും കടന്നു വരികയില്ലെന്ന് സുദീപിന് നന്നായി അറിയാം. വർഷങ്ങളായി കേട്ട് വരുന്ന കഥയാണ് കീഴാറ്റൂർ മനയിലെ പ്രേത ശല്യം. അവനും ആ നാട്ടുകാരൻ ആണല്ലോ ,എന്നാൽ ഇത് ഒന്നും അറിയാത്ത ഒരാളാണ് ലിജോ .

കാശിന്റെ ആവശ്യം വന്നപ്പോൾ തെറ്റിലേയ്ക്ക് വഴുതി വീണവൻ , മോഷണം ചെയ്ത് പഴക്കവും തഴക്കവും വന്ന് സുദീപിന് കളവ് മുതൽ ഒളിപ്പിക്കുന്നത് പുത്തരി അല്ലായിരുന്നു . ഇടതൂർന്ന് വളരുന്ന മരങ്ങൾക്കിടയിലെ നിശ്ശബ്ദതയിൽ ചീവിടുകൾ അലമുറയിട്ടു പാടിക്കൊണ്ടിരുന്നു. ആളനക്കം അറിഞ്ഞ് പേടിച്ച് ഓടി ഒളിക്കുന്ന ജന്തുക്കൾ,കാടുവിറപ്പിക്കുന്ന തരത്തിൽ കൂവുന്ന പക്ഷികൾ … എല്ലാം വീണ്ടും പേടിപ്പെടുത്തിയപ്പോൾ ലിജോ വീണ്ടും ചോദിച്ചു. ” എടാ … കണ്ടിട്ട് തന്നെ പേടിയാകുന്നു … ഇത് ഏതു സ്ഥലമാ ….? നമ്മുക്ക് വേറെ എവിടെയെങ്കിലും ഇത് ഒളിപ്പിച്ചാൽ പോരെ…,? ”

” പോരാ .. ലോകത്തെ ഏറ്റവും സേഫായിട്ടുള്ള സ്ഥലത്താ നമ്മൾ ഇത് സൂക്ഷിക്കാൻ പോകുന്നത്… ഇവിടെ ജീവനെ ഭയന്ന് ആരും കയറുക പോലുമില്ല.. പ്രേതം ഉണ്ടെന്നല്ലേ വിശ്വാസം…. ” ഒരു ചിരിയോടെ സുദീപ് അത് പറഞ്ഞപ്പോൾ ലിജോ ഞെട്ടി നിന്നു. ” നീ എന്താ പറഞ്ഞത് ?? എടാ നിനക്ക് വട്ടാണോ ..? ഞാൻ തിരിച്ച് പോകുവാ ..” ലിജോയുടെ വാക്കുകൾ കേട്ടപ്പോൾ സുദീപ് തിരിഞ്ഞു നിന്ന് പറഞ്ഞു ” നീ ഇപ്പോഴും ഈ പൊട്ടത്തരമൊക്കെ വിശ്വസിക്കുന്നുണ്ടോ… യക്ഷി ,പിശാച്, പ്രേതം ,ഭൂതം അങ്ങനെ ഒരു മണ്ണാങ്കട്ടയും ഇല്ലടാ…. ഇതൊക്കെ ആളുകൾ മറ്റുള്ളവരെ പേടിപ്പിക്കാൻ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ …”

ലിജോ ദേഷ്യത്തോടെ അവനെ നോക്കി. ” ഞാൻ ഇതൊക്കെ അറിഞ്ഞിരുന്നുവെങ്കിൽ നിന്റെ കൂടെ വരില്ലായിരുന്നു . എനിക്ക് എൻ്റെ ജീവനിൽ കൊതിയുണ്ട്…” ” എടാ ലിജോ നിൽക്ക് … നമ്മൾ ഇവിടെ വരെ വന്നതല്ലേ ? ഇത്രയും കഷ്ടപ്പാട് സഹിച്ചിട്ട് പകുതി വച്ച് നിർത്തണോ ? നമ്മളെ പോലെയുള്ള ആവശ്യക്കാരാ ഇങ്ങനെ ഓരോന്നും പറഞ്ഞ് ഉണ്ടാക്കുന്നത് … ” എന്ത് ചെയ്യണമെന്ന് അറിയാതെ ലിജോ ആലോചിച്ചു നിന്നു. തൻ്റെ വാക്കുകൾ ഒന്നുകൂടി ഉറപ്പിക്കാനായി സുദീപ് വീണ്ടും പറഞ്ഞു . ” വല്ല്യ സ്വത്തും പണവും ഉള്ളവരായിരുന്നില്ലേ? പണ്ട് ഇവിടത്തെ കാർന്നോര് പൊന്നും പണവും കുടത്തിലാക്കി നാഗത്തറയ്ക്ക് അടുത്ത് കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്..

നമ്മുടെ രീതിയിൽ പറഞ്ഞാൽ നാഗത്താന്മാർ കാവൽ നിൽക്കുന്ന നിധി.. അതൊക്കെ സൂക്ഷിക്കാൻ വേണ്ടി ആരും ഇങ്ങോട്ടേക്ക് വരാതിരിക്കാൻ വേണ്ടി വെറും കെട്ടുകഥ ഉണ്ടാക്കിയതാണ് ഈ പ്രേതവും ഭൂതവുമൊക്കെ…. നമ്മുക്ക് അതൊന്നും വേണ്ടല്ലോ ഈ സ്വർണ്ണവും പണവും ഒക്കെ എവിടെയെങ്കിലും സൂക്ഷിക്കണം… ” സുദീപ് അത്രയും പറഞ്ഞപ്പോൾ ലിജോയ്ക്കു പകുതി സമ്മതമായി . ” നോക്ക് ടാ… ഇതോടെ നമ്മൾ രണ്ടാളും രക്ഷപ്പെടും .ഇവിടെ ആകുമ്പോൾ ആരും തിരഞ്ഞു വരില്ല… ഇത് ഒന്ന് ഒളിപ്പിച്ചു വെച്ചിട്ട് നമ്മൾ ഉടനെ തിരിച്ചു പോകും… ”

സുദീപ് വളരെ പ്രതീക്ഷയോടെ ലിജോയെ നോക്കി. ” ഓക്കേ ടാ .. വേഗം ആകട്ടെ . ഇവിടെ കണ്ടിട്ട് തന്നെ പേടിയാകുന്നു …” അവൻ സമ്മതിച്ചുവെന്ന് അറിഞ്ഞപ്പോൾ സുദീപിനു സന്തോഷമായി . ലിജോയുടെ മനസ്സ് മാറുന്നതിന് മുന്നേ തന്നെ സുദീപ് അവനെ കൊണ്ട് മുന്നോട്ട് നടന്നു. അപ്പോഴാണ് സുദീപ് തലയെടുപ്പോടെ നിൽക്കുന്ന പാലമരം കണ്ടത്. ” എടാ … നോക്ക് , കറക്റ്റ് സ്ഥലം കിട്ടി. ആ പാല മരത്തിൻറെ ചുവട്ടിൽ ആകുമ്പോൾ പേടികൊണ്ട് ആരും എത്തിനോക്കുപോലുമില്ല..” കൈ ചൂണ്ടി കൊണ്ട് സുദീപ് പറഞ്ഞു. എന്നാൽ പാലമരം കണ്ടപ്പോൾ ലീജോയ്ക്ക് പേടി തോന്നി.

പണ്ട് വല്യമ്മ പറഞ്ഞു കേട്ട വിചിത്ര അനുഭവങ്ങൾ അവൻ്റെ ഓർമ്മയിൽ വട്ടം ചുറ്റി . പണ്ട് കാലത്ത് ഇതൊക്കെയുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നാൽ ഈ കാലത്ത് ഇങ്ങനെയുള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ശരിക്കും ഇനി വല്ലോം… ” ടാ … നീ എന്ത് അലോചിച്ചുകൊണ്ടിരിക്കുവാ … വാ .. ” സുദീപ് കൈയിൽ പിടിച്ച് തട്ടിയപ്പോഴാണ് ലിജോയ്ക്ക് ബോധം വന്നത് . അവൻ ഓർമ്മയിൽ നിന്നും ഉണർന്ന് സുദീപിനെ നോക്കിയപ്പോൾ അവൻ മുന്നേ നടന്നു പോകുകയാണ് ,പാല മരം ലക്ഷ്യമാക്കി. അവൻ്റെ തോളത്ത് ബാഗ് നടപ്പിന് അനുസരിച്ച് ആടുന്നുണ്ട്. ലിജോയും വേഗം അവൻ്റെ പുറകെ ഓടി . ” കൊള്ളാം… നല്ല ബെസ്റ്റ് സ്ഥലം ..

ഇവിടെ ലോക്കറിനെക്കാൾ സുരക്ഷിതമായിരിക്കും എൻ്റെ മുതൽ…'” പാല മരത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് സുദീപ് പറഞ്ഞു. രണ്ടാളും ഒന്നിച്ച് വേഗത്തിൽ പാലമരത്തിന്റെ ചുവട്ടിൽ കുഴിക്കാൻ തുടങ്ങി . രണ്ടു വട്ടി മണ്ണെടുത്തതും അവിടെ ശക്തിയായി കാറ്റ് തുടങ്ങി. അവർ അത് കാര്യമാക്കാതെ വേഗം വീണ്ടും കുഴിക്കാൻ തുടങ്ങി. നിമിഷനേരം കൊണ്ട് കാറ്റിൻ്റെ ശക്തി വർദ്ധിച്ചുകൊണ്ടിരുന്നു. ലിജോയ്ക്ക് നല്ല പോലെ പേടി തോന്നി തുടങ്ങി. ” മതിടാ.. പോകാം .. ഇനിയിവിടെ നിന്നാൽ ശരിയാകുമെന്ന് തോന്നുന്നില്ല..” ലിജോ പോകാൻ തയ്യാറായി കൊണ്ട് പറഞ്ഞു.

കാറ്റ് കൊടുങ്കാറ്റായി മാറി .അവിടെ നിൽക്കാൻ കഴിയാത്തതുകൊണ്ട് സുദീപ് നിലത്ത് വച്ചിരുന്ന ബഗെടുത്ത് തോളത്തിട്ടു. കാറ്റിന്റെ ശക്തികൊണ്ട് അവൻ പാല മരത്തിന്റെ സൈഡിലേക്ക് മറിഞ്ഞുവീണു. തിരികെ പോകാനായി എത്ര ശ്രമിച്ചിട്ടും പുറകിൽ നിന്ന് ആരോ വലിക്കുന്നത് പോലെ തോന്നി അവൻ തിരിഞ്ഞു നോക്കി. നോക്കിയപ്പോൾ ബാഗിൻ്റെ വള്ളി ഒരു ആണിയിലിട്ടു പിടിച്ചിരിക്കുന്നത് . എത്ര വലിച്ചിട്ടും ബാഗിൻ്റെ കൈ ആണിയിൽ നിന്നും വിടുവിക്കാൻ അവന് കഴിഞ്ഞില്ല.

ഒടുവിൽ സുദീപ് അവൻ്റെ ബാഗിലുണ്ടായിരുന്ന ചുറ്റികയെടുത്ത് ആണി വലിച്ചു പറിച്ചു. ഉടനെ പാലമരം കുലുങ്ങി. എവിടെ നിന്നൊക്കെയോ പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ആണി പറിച്ചതും ചുവന്ന തുണിയിൽ പൊതിഞ്ഞിരിക്കുന്ന ഒരു പാവക്കുട്ടി നിലത്തേക്ക് ചാടി. അതിൻറെ മുകളിലേക്ക് പാലമരത്തിൽ അടിച്ചു ഉറപ്പിച്ചിരുന്ന ആണിയും… നിമിഷനേരങ്ങൾ കൊണ്ട് അവർക്കു മുന്നിലൂടെ ഒരു രൂപം മിന്നി മറഞ്ഞു. ലിജോ ഭയന്ന് ഓടാൻ തുടങ്ങി. സുദീപ് മിന്നലേറ്റതുപോലെ ഞെട്ടിനിന്നു. ……… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…