കൗസ്തുഭം : ഭാഗം 23
എഴുത്തുകാരി: അഞ്ജു ശബരി
കേസിന്റെ കാര്യത്തിനായി രണ്ട് ദിവസമായിട്ട് അനു ഓടി നടക്കുകയായിരുന്നു…
നൗഫലിന് ഏകദേശം നടക്കാൻ ആയപ്പോഴേക്കും കാലിലെ പ്ലാസ്റ്റർ അഴിച്ച് മാറ്റി നൗഫലും അനുവിന് ഒപ്പം കൂടി…
ആ രണ്ട് ദിവസവും നവനീതിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല…
തിരക്കിൽ ആണെങ്കിൽ പോലും അനു ഇടയ്ക്കിടയ്ക്ക് നവനീതിന്റെ മൊബൈലിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു അപ്പോഴൊക്കെ അത് സ്വിച്ച് ഓഫ് ആയിരുന്നു..
“അനു… ”
” എന്താ ഇക്കാ”
” നീയിത് ആരെയാ വിളിക്കുന്നേ.. കുറെ നേരം ആയല്ലോ.. നവി ആണോ”
“നവി പോയിട്ട് രണ്ടു ദിവസമായില്ലേ ഇക്കാ… വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നതുമില്ല.. എനിക്ക് ആകെ ടെൻഷൻ ആവുന്നുണ്ട്.. ”
” നീ വിഷമിക്കാതെ ഇരിക്ക്… അവനിങ്ങ് വരും.. ”
” നാളെ രാവിലെ കോർട്ടിൽ പോകണം.. അവനും കൂടെയുണ്ടായിരുന്നെങ്കിൽ… എന്താണെന്നറിയില്ല അവൻ ഒപ്പമുള്ളപ്പോൾ വല്ലാത്തൊരു ധൈര്യം ആണ്… ”
“സാരമില്ലഡി ഇത്രനാളും നീ തനിച്ച് അല്ലായിരുന്നോ… യാദൃശ്ചികമായി അവനെ പരിചയപ്പെട്ടു അതുപോലെതന്നെ അവൻ പോവുകയും ചെയ്തു… ഇനി അതോർത്ത് നീ വിഷമിക്കേണ്ട… എന്ത് പറഞ്ഞാലും അത് അവന്റെ അച്ഛനും കൂടപ്പിറപ്പുകളും ആണ്… അവർക്കെതിരെ ആണ് നീ യുദ്ധം ചെയ്യുന്നത്… ”
” നവി അങ്ങനെയൊന്നും ഉള്ള ആളല്ല ഇക്കാ… അവൻ തിരിച്ചുവരും എനിക്കുറപ്പുണ്ട്”
” നമുക്ക് നോക്കാം… നാളെ രാവിലെ ശ്രീനി വരത്തില്ലെ … ”
“ശ്രീനി ഇന്ന് വൈകിട്ട് തിരിച്ചിട്ടുണ്ട് നാളെ രാവിലെ എത്തും.. നമ്മളോടൊപ്പം കോർട്ടിലേക്ക് ശ്രീനിയും ഉണ്ടാവും.. ”
” സത്യം പറഞ്ഞാൽ… നീ കോടതിയിലേക്ക് എത്താതിരിക്കാൻ അക്ഷയ് എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടും എന്ന് എനിക്ക് നല്ല പേടിയുണ്ട്.. രണ്ട് ദിവസമായിട്ട് അവൻ ഇങ്ങോട്ട് വരികയോ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല… അതിനർത്ഥം അവർ നിനക്കുവേണ്ടി വലുതായി എന്തോ കണ്ടു വച്ചിട്ടുണ്ട് എന്നല്ലേ അർത്ഥം”
” ആരും ഒന്നും ചെയ്യില്ല ഇക്കാ… ഏട്ടനെതിരെ ഞാൻ ഒരു പരാതി കൊടുത്തിട്ടുണ്ട് നമ്മുടെ ലോക്കൽ സ്റ്റേഷനിൽ… അരുണെട്ടന്റെ ഫ്രണ്ടാണ് പുതിയ എസ് ഐ…”
” ലീഗൽ ആയല്ല അഥവാ ഏട്ടൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുകയാണെങ്കിൽ ആ പരാതി പരിഗണിച്ച് ഏട്ടന് എതിരെ അവർ കേസ് എടുക്കും.. എസ് ഐ ഏട്ടനെ ഫോണിൽ വിളിച്ച് ഒന്ന് പേടിപ്പിച്ചിട്ടുണ്ട്… അതുകൊണ്ടാവും അടങ്ങിയൊതുങ്ങി ഇരിക്കുന്നത്… ” അനു പറഞ്ഞു…
“ഹോ എങ്ങനെയെങ്കിലും നാളത്തെ ഹിയറിങ് ഒന്ന് കഴിഞ്ഞാൽ മതിയായിരുന്നു…”
“ഇക്കാ ടെൻഷൻ ആവണ്ട.. നാളെ കോടതിയിൽ ഹാജരാക്കേണ്ട പേപ്പർ എല്ലാം അരുണേട്ടന്റെ കയ്യിൽ ഞാൻ നേരത്തെ തന്നെ കൊടുത്തിട്ടുണ്ട് ഞാൻ ചെന്നില്ലെങ്കിലും അരുണേട്ടൻ അത് ഹാജരാക്കും…”
” നാളെ രാവിലെ കോടതിയിൽ പോകുന്നത് അല്ലേ നീ നേരത്തെ കിടന്നോ.. ” നൗഫൽ പറഞ്ഞു
അനുരാധ അകത്തുകയറി വാതിലടച്ചതിനുശേഷമാണ് നൗഫൽ തന്റെ വീട്ടിലേക്ക് പോയത്..
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
“ഡാ അക്ഷയ് … നിനക്ക് എങ്ങനെ ഇങ്ങനെ കൂളായി നിൽക്കാൻ കഴിയുന്നു.. നാളെയല്ലേ ഹിയറിങ്.”
അക്ഷയ്യുടെ ഏറ്റവുമടുത്ത കൂട്ടുകാരനായ ലിബിൻ ചോദിച്ചു..
അക്ഷയ് അതിനു മറുപടി ഒന്നും പറയാതെ അടുത്ത കുപ്പി പൊട്ടിച്ചു ഗ്ളാസ്സിലേക്ക് ഒഴിച്ചു.. ഒരെണ്ണം ലിബിന് നേരെ നീട്ടി…
“ടാ കോപ്പാ.. ഞാൻ നിന്നോട് അല്ലേ പറയുന്നത്… നിനക്ക് നിന്റെ അമ്മായിയപ്പൻ ലാസ്റ്റ് വാണിംഗ് തന്നേക്കുവല്ലേ.. എന്തൊക്കെ പറഞ്ഞാലും അനുരാധ നിന്റെ പെങ്ങൾ അല്ലേടാ… നീയെന്താ മനസ്സിൽ കണക്കുകൂട്ടുന്നത്… അവൾ നാളെ കോടതിയിൽ എത്തില്ലേ… ”
ലിബിന്റെ സംസാരം കേട്ടപ്പോൾ അക്ഷയ് ഒന്ന് ചിരിച്ചു… എന്നിട്ട് ആ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു ഒന്ന് സിപ്പ് ചെയ്തു….
“ഇത്രയും നാളും ഞാൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നു…. കേസിന് ആവശ്യമുള്ള പേപ്പറുകൾ എല്ലാം അവൾ തന്നെ തെരഞ്ഞുപിടിച്ച് കോടതിയിൽ ഹാജരാക്കി…”
“നാളത്തെ ഹിയറിങ് കൂടി കഴിയുമ്പോൾ… കാര്യങ്ങൾ ഏതാണ്ട് അവൾക്ക് അനുയോജ്യമായി വരും… അതായത് കോടതി എന്റെ അച്ഛന്റെ സ്വത്തുക്കളെല്ലാം അച്ഛന്റെ പിൻതലമുറക്കാർക്കാണെന്നു ഉത്തരവിടും..”
“അച്ഛന്റെ പിൻതലമുറക്കാർ എന്ന് പറയുന്നത് ആരാ ഈ ഞാൻ … അപ്പോൾ സ്വത്തുക്കളെല്ലാം ആരുടെ കയ്യിൽ എത്തും ഈ എന്റെ..”
” ഇത്രയും നാളും ഈ അക്ഷയ് ബാൽക്കണിയിലിരുന്നു കളി കണ്ടു… കേസ് ജയിച്ചു കഴിയുമ്പോൾ വേറൊരു കളി ഞാൻ കളിക്കും… അതുവരെ ഞാൻ ഇങ്ങനെ നിൽക്കും ഒരു പൊട്ടനെ പോലെ…”
അക്ഷയ് എന്താണ് മനസ്സിൽ കണ്ടത് എന്ന് പോലും മനസ്സിലാവാതെ ലിബിൻ നിന്നു..
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
അടുത്ത ദിവസം രാവിലെ തന്നെ ശ്രീനിയെ കൂട്ടാനായി നൗഫൽ ബസ് സ്റ്റാൻഡിൽ എത്തി…
അനു നൗഫലിന്റെ വണ്ടിയുടെ നമ്പരും മോഡലും ശ്രീനിക്ക് പറഞ്ഞു കൊടുത്തതിനാൽ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല…
ബസിൽ നിന്നും ഇറങ്ങി ഒരു ചെറുപ്പക്കാരൻ തന്റെ കാറിനടുത്തേക്ക് വരുന്നത് കണ്ടപ്പോഴേ നൗഫലിന് മനസ്സിലായി അത് ശ്രീനി ആണെന്ന് നൗഫൽ വേഗം കാറിൽ നിന്നും പുറത്തിറങ്ങി…
അവർ പരസ്പരം ഷേക്ക് ഹാൻഡ് കൊടുത്ത് പരിചയപ്പെട്ടു..
“അനു പറഞ്ഞിരുന്നു നൗഫലിന് എന്തോ അപകടം പറ്റിയെന്ന്… ഇപ്പൊ എങ്ങനെയുണ്ട്…” ശ്രീനി ചോദിച്ചു..
“ഇപ്പോൾ കുഴപ്പമില്ല നടക്കാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട് ഡ്രൈവ് ചെയ്യാൻ അത്ര കുഴപ്പമില്ല…”
“ഒരുമാസം കൂടി റസ്റ്റ് എടുക്കാൻ പറഞ്ഞതല്ലേ ഡോക്ടർ…” ശ്രീനി ചോദിച്ചു…
“അങ്ങനെ ഇരുന്നാൽ പല കാര്യങ്ങളും നടക്കില്ല ശ്രീനി… അനുവിനെ തനിച്ചു വിടാൻ പറ്റില്ല… നവനീത് വന്നപ്പോൾ അവൻ കൂടെ ഉണ്ടാവുമല്ലോ എന്നൊരു സമാധാനം ഉണ്ടായിരുന്നു… പക്ഷേ എന്നിട്ട് ഇപ്പോൾ അവൻ എവിടെയാ എന്ന് പോലും അറിയില്ല… ശ്രീനിയെ വിളിച്ചിരുന്നോ…”
” ഇല്ല…”
അവർ സംസാരിച്ചു വന്ന് വീട് എത്തിയത് അറിഞ്ഞില്ല…
വണ്ടിയുടെ ശബ്ദം കേട്ട് അനുരാധ പുറത്തേക്കിറങ്ങി വന്നു..
“ശ്രീനി… സുഖാണോ എന്തൊക്കെയുണ്ട് വിശേഷം… മറിയാമ്മച്ചേടത്തി എന്ത് പറയുന്നു..”
” എല്ലാവരും സുഖമായിരിക്കുന്നു…. ”
” എന്റെ അനു ആദ്യം അവനെ അകത്തേക്ക് കൂട്ടി കൊണ്ട് പോ പുറത്തുനിന്നാ സംസാരിക്കുന്നത്…”
“അയ്യോ ഞാനത് ഓർത്തില്ല ശ്രീനി കയറി വാ…”
“അമ്മേ….”
അനു വിളിക്കുന്നത് കേട്ട് സുമിത്രാമ്മ ഇറങ്ങി വന്നു..
“അമ്മേ ഇതാണ് ശ്രീനിധ്… ശ്രീനി ഇതെന്റെ ‘അമ്മ… ”
അനു അവർക്ക് രണ്ടുപേർക്കും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു..
“അനു പറഞ്ഞു അവിടെയുള്ളവരെ എല്ലാവരെയും ഇവിടെ എല്ലാവർക്കും നല്ല പരിചയമാണ്… യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു…” ‘അമ്മ ചോദിച്ചു…
“കുഴപ്പമില്ല അമ്മേ…”
“മോനിരിക്ക് അമ്മ ചായ എടുക്കാം..”
“അനു നിങ്ങൾ സംസാരിക്ക്.. ഞാൻ ഒന്ന് വീട്ടിലേക്ക് പോയിട്ട് കോടതിയിലേക്ക് പോകുമ്പോഴേക്കും റെഡിയായി വരാം.. ” നൗഫൽ പറഞ്ഞു..
“ശരി ഇക്കാ…”
” ശ്രീനി… നവി… നവി വിളിച്ചിരുന്നോ..”
“ഇല്ല… പക്ഷേ നവിയുടെ അമ്മ എന്നെ വിളിച്ചിരുന്നു..”
” എന്നിട്ട്.. ”
എന്നിട്ടെന്താവാനാണ് ജീവന്റെ കല്യാണമാണ് എന്ന് നവിയോട് പറയാനാണ് വിളിച്ചു കൊണ്ടിരുന്നത്….
നവി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്ക് അവരോട് സംസാരിക്കാൻ പോലും തോന്നിയില്ല…
പക്ഷേ എന്തോ നവി പറഞ്ഞത് പോലെ ആ അമ്മ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അനു…
” അറിയില്ല…”
“നീ പിന്നെ ആമിയെ കണ്ടോ…”
“ഇല്ല… എനിക്ക് അങ്ങോട്ട് പോകാനുള്ള ധൈര്യം ഇല്ല… കാരണം ആമി എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല…”
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും സുമിത്രാമ്മ ചായ കൊണ്ടുവന്നു,..
“ശ്രീനി ഒരു പത്ത് മണി ആകുമ്പോഴേക്കും എനിക്കു കോടതിയിൽ പോകണം… ഇന്ന് ഞങ്ങളുടെ കേസിന്റെ അവസാന ഹിയറിങ് ആണ്… ” അനു പറഞ്ഞു..
“അനു ഞാനും കൂടി വരുന്നുണ്ട്… ഞാനിവിടെ ഒറ്റയ്ക്ക് ഇരുന്നിട്ട് കാര്യമില്ലല്ലോ…”
“അതിനെന്താ നമുക്ക് ഒന്നിച്ചു പോകാം.. ഈ കേസിലെ ഹിയറിംഗ് കഴിഞ്ഞാൽ പിന്നെ നവിയെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം… എനിക്കെന്തോ വല്ലാത്ത ഭയം തോന്നുന്നു… അവനാ ജീവനെ എന്തെങ്കിലും ചെയ്യുമോ എന്ന്…” അനു പറഞ്ഞു..
” ഇതുവരെ നേരിട്ട് ഒന്നും ചെയ്തില്ലല്ലോ… അപ്പോൾ എന്തോ കാര്യം ഉണ്ട് അതാണ് നവി മാറി നിൽക്കുന്നത്… അനു പറഞ്ഞത് പോലെ ആദ്യം കേസിന് ഹിയറിങ് കഴിയട്ടെ… അതുകഴിഞ്ഞ് നമുക്ക് ഒന്നിച്ച് അന്വേഷിക്കാം.”
💮💮💮💮💮💮💮💮💮💮💮💮💮💮💮
കോടതിയിൽ അവരുടെ കേസ് വിളിച്ചപ്പോൾ അനുവിന് വല്ലാത്ത ഭയം തോന്നി…
അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി… അവൾ അടുത്തിരുന്ന ശ്രീനിയുടെ കൈയിൽ മുറുക്കിപ്പിടിച്ചു..
അത് കണ്ടുകൊണ്ടാണ് അരുൺ അങ്ങോട്ട് വന്നത്…
“എന്തുപറ്റി അനുരാധ ടെൻഷൻ ആണോ.. ”
“അറിയില്ല ചേട്ടാ ഇതുവരെ ഇല്ലാത്ത ഒരു ടെൻഷൻ.. ”
“അങ്ങനെയാണെങ്കിൽ താൻ ഇവിടെ പുറത്ത് ഇരുന്നാൽ മതി… കേസിലെ വിസ്താരം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് തന്റെ ആവശ്യമില്ല… ”
ഞാൻ വരാം അരുൺ അകത്തേക്ക്.. അത് പറഞ്ഞ് അരുണിനോടൊപ്പം നൗഫലും കോടതിയിലേക്ക് കയറിപ്പോയി.. ശ്രീനി അനുവിനൊപ്പം കോടതിയുടെ മുൻപിലുള്ള മരച്ചുവട്ടിലേക്ക് നടന്നു…
അനുവിന്റെ ടെൻഷൻ കണ്ടപ്പോൾ ശ്രീനി പോയി ഒരു കുപ്പി വെള്ളം വാങ്ങിച്ചു കൊണ്ടുവന്നു അവൾക്ക് കൊടുത്തു…
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അരുണും നൗഫലും പുറത്തേക്കിറങ്ങി വരുന്നത് അനു കണ്ടു അവൾ വേഗം എഴുന്നേറ്റു അവരുടെ അടുത്തേക്ക് ചെന്നു….
“എന്തായി… ”
“ടെൻഷൻ ആവണ്ട നമ്മൾ ഇന്ന് ഹാജരാക്കിയ പേപ്പറുകൾ എല്ലാം ശക്തമായ തെളിവുകളാണ്… ”
അരുൺ പറഞ്ഞു..
“പലപ്പോഴും എതിർഭാഗം വക്കീലിനെ ഒന്നും പറയാൻ പറ്റാതെ നിന്നുപോയി.. ”
നൗഫൽ പറഞ്ഞു…
“ഈ മാസം പതിനഞ്ചിനു വിധി പ്രഖ്യാപിക്കും… ”
“ഈ മാസം 15 എന്നുപറയുന്നത് ഇനി ഇനി ഒന്നര ആഴ്ച കൂടിയല്ലേ ഉള്ളൂ… ” ശ്രീനി ചോദിച്ചു..
“അതെ..” അരുൺ പറഞ്ഞു
“അല്ല അന്നല്ലേ ജീവന്റെ കല്യാണം..” ശ്രീനി ചോദിച്ചു
“അപ്പൊ ജീവന്റെ കല്യാണത്തിന് പറ്റിയ വിവാഹസമ്മാനം തന്നെയാണിത്” നൗഫൽ പറഞ്ഞു..
“അരുണേട്ടാ. നമുക്ക് നമുക്ക് പ്രതീക്ഷിക്കാമോ.. ”
” പ്രതീക്ഷിക്കാം എന്നല്ല നീ ജയിച്ചതായി തന്നെ കണക്കാക്കിക്കോ.. ”
“സത്യമാണോ… സത്യമാണോ ഈ പറയുന്നേ.. ”
“അതെ അനു… സത്യവും ന്യായവും നിന്റെ ഭാഗത്താണ്… അതുകൊണ്ട് ഈ കേസ് നീ തന്നെ ജയിക്കും.. നിന്റെ അച്ഛന്റെ ആത്മാവ് നിന്നോടൊപ്പം ഇല്ലേ പിന്നെ നീയെന്തിനാ ടെന്ഷനാകുന്നത്.. ”
അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ അനുവിന്റെ കണ്ണ് നിറഞ്ഞു…
കണ്ണ് തുടച്ചിട്ട് നോക്കിയപ്പോഴാണ് കുറച്ച് അകലെ അവളെ തന്നെ നോക്കി ഒരാൾ നിൽക്കുന്നത് കണ്ടത്…
അനു കണ്ണ് ചിമ്മി ഒന്നുകൂടി നോക്കി..
അപ്പോഴാണ് അതാരാണെന്ന് അവൾക്കു മനസ്സിലായത്…
അവൾ അവന്റെ അടുത്തേക്ക് ഓടി ആ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു…
“നവി… ”
“എവിടെയായിരുന്നു നീ… ഞാനങ്ങനെ പറഞ്ഞിട്ടാണോ നീയെന്നെ ഇത്രയും വിഷമിപ്പിച്ചത്… സോറി നവി… സോറി.. ”
നവി അനുവിനെ ബലമായി തന്റെ ദേഹത്തുനിന്നും അകറ്റി…
അപ്പോഴേക്കും ബാക്കിയെല്ലാവരും അവരുടെ അടുത്തേക്ക് വന്നു..
“നവി… നീയെവിടായിരുന്നു ഇത്രയും നാൾ.. ”
” ശ്രീനി നീ എപ്പോ എത്തി.. ”
” ഞാൻ ഇന്ന് രാവിലെ എത്തി നിന്നെ കാണുന്നില്ല എന്ന് പറഞ്ഞ് അനു എന്നെ വിളിച്ചു ഭയങ്കര കരച്ചിൽ ആയിരുന്നു… അതാണ് ഞാൻ ഓടി പിടിച്ചു വന്നത്… ”
” അപ്പൊ അവിടുത്തെ കാര്യങ്ങൾ… ”
” നവി നിന്നെക്കാൾ വലുതല്ല എനിക്ക് ഫാമിലെ കാര്യങ്ങൾ തല്ക്കാലം അവിടുത്തെ കാര്യങ്ങൾ നോക്കാൻ അവിടെ പ്രമോഷ് ഉണ്ട്… ”
” ഓഹ് അവനെയാണോ ഏൽപ്പിച്ചത് നമ്മൾ തിരിച്ചു ചെല്ലുമ്പോൾ ഫാം അവിടെ ഉണ്ടായാൽ കൊള്ളാം… ” നവി പറഞ്ഞു…
” അത് വിട് നവി… നീ എവിടെയായിരുന്നു ഇത്രയും ദിവസം.. ” ശ്രീനി നവിയോട് ദേഷ്യപ്പെട്ടു..
” ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ കേട്ടപ്പോൾ അത് എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു… സത്യം പറഞ്ഞാൽ ആരെയും ഫെയ്സ് ചെയ്യാൻ പോലും വയ്യായിരുന്നു… അതാണ് ഞാൻ രണ്ടു ദിവസം മാറി നിന്നത്… ”
” എന്നിട്ട് നിന്റെ വിഷമം ഒക്കെ മാറിയോ.. ” ശ്രീനി ദേഷ്യത്തോടെ ചോദിച്ചു…
” അതങ്ങനെയങ്ങു മാറും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. ” നവി പറഞ്ഞു…
” മതി മതി ഇനി എല്ലാവരും വണ്ടിയിൽ കയറ് നമുക്ക് വീട്ടിൽ എത്തിയിട്ട് ബാക്കി സംസാരിക്കാം ഇത് കോടതിയാണ്… ”
” നൗഫൽ.. ഞാൻ ഇവിടെ ഒരു ഹോട്ടലിൽ റൂമെടുത്തിട്ടുണ്ട്… ശ്രീനിയും എന്നോടൊപ്പം വരട്ടെ ഞാനും ശ്രീനിയും കുറേ ദിവസം അവിടെ വന്ന് നിൽക്കുന്നത് ശരിയല്ലല്ലോ… ”
നവി പറയുന്നത് കേട്ട് അനു ഞെട്ടി..
“എനിക്കോ അമ്മയ്ക്കോ നിങ്ങളവിടെ വന്നു താമസിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല… ” അനു പറഞ്ഞു
“അതങ്ങനെ അല്ല അനു… നിങ്ങൾ രണ്ടുപേരും മാത്രം താമസിക്കുന്നിടത്ത് കുറേ ദിവസം ഞങ്ങൾ വന്നു താമസിച്ചാൽ നിങ്ങൾക്കും കൂടി അത് ചീത്തപ്പേര് ആകും… ”
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി വിളിപ്പുറത്ത് ഞങ്ങൾ ഉണ്ടാകും.. “നവി പറഞ്ഞു
“എങ്കിൽ ശരി പിന്നെ കാണാം…”
അവരോട് യാത്ര പറഞ്ഞ് നവി ശ്രീനിയെയും കൂട്ടി പോയി…
” അനു.. വാ പോകാം.. ”
അനു ഒന്നും മിണ്ടാതെ നൗഫലിനോടൊപ്പം ചെന്ന് കാറിൽ കയറി…
“എന്തുപറ്റി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്… ”
” ഇത്രയും ദിവസം അവനെ കാണാതായി ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചതാ ഇക്കാ… എന്നിട്ട് എന്നെ കണ്ടിട്ട് ഒരു വാക്ക് പോലും അവൻ എന്നോട് സംസാരിച്ചില്ലല്ലോ.. ”
“ഞാൻ നിന്നോട് നേരത്തെ പറഞ്ഞതാണ് അവനിൽ ഒരു പ്രതീക്ഷയും വയ്ക്കരുതെന്ന്… സാരമില്ല പോട്ടെ… അവൻ പറഞ്ഞതും ശരിയാണ്.. നിങ്ങൾ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കുറെ ദിവസം അവൻ താമസിക്കുന്നത് ശരിയല്ല… ”
“അവന് കുറച്ചുസമയം കൂടി കൊടുക്കാം… ഒരു പക്ഷേ മനസ്സിലെ വിഷമങ്ങൾ ഒക്കെ മാറി വന്ന് കഴിയുമ്പോൾ നിന്നെ അവൻ മനസ്സിലാക്കും.. നിന്റെ സ്നേഹം നവി തിരിച്ചറിയും… അവസാനം നിന്റെ അടുത്തേക്ക് തന്നെ വരും…”
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ഇതേ സമയം നിളയുടെ ഗസ്റ്റ് ഹൌസിൽ …
ചന്ദ്രബാബു കൈയ്യിലിരുന്ന വോഡ്കയുടെ ബോട്ടിൽ നിലത്തേക്ക് വലിച്ചെറിഞ്ഞു…
അത് കണ്ട് ഒന്നും മിണ്ടാതെ ബെന്നി നിന്നു…
“അവസാനം എല്ലാം കൈവിട്ടു പോകുവാ അല്ലേ… കാൽക്കീഴിലെ മണ്ണ് ഒലിച്ചു തുടങ്ങിയപ്പോൾ ഞാൻ നിന്നോട് സൂചന തന്നതാ… അപ്പോൾ നീ ഉറപ്പുതരുന്നു ഉണ്ടാവില്ല എന്ന്… എന്നിട്ടിപ്പോ എന്തായി.. ”
ചന്ദ്രബാബു ബെന്നിയുടെ നേരെ ദേഷ്യപ്പെട്ടു കൊണ്ട് ചെന്നു…
” നീ ഇങ്ങനെ ദേഷ്യപ്പെട്ട് എന്താ കാര്യം… കൊണ്ടുവന്ന വക്കീലിന് കഴിവില്ലാത്തത് എന്റെ കുറ്റമാണോ” ബെന്നി പറഞ്ഞു…
” ബെന്നി നമ്മുടെ വക്കീലിന് കഴിവില്ലാത്തതല്ല അവളുടെ വക്കീലിന് കഴിവ് കൂടിയതാണ് കുഴപ്പം ആയത്… ”
” അതെ നമ്മൾ കൊടുത്ത തെളിവുകൾ ഒക്കെ വ്യാജമാണെന്ന് അവർക്ക് നിഷ്പ്രയാസം തെളിയിക്കാൻ കഴിഞ്ഞു…”
” ഒരു പീറ പെണ്ണിനെ കൊണ്ട് ഇത്രയൊക്കെ കഴിഞ്ഞു… അവളുടെ ആങ്ങളയെ നീ വരുതിയിലാക്കിയല്ലോ എന്നിട്ട് എന്തായി ഇവളുടെ പകുതി ഗുണം പോലും അവനെകൊണ്ടില്ല.. ” ചന്ദ്രബാബു പറഞ്ഞു..
” അത് എനിക്ക് പറ്റിയ തെറ്റ് ആണ് ചന്ദ്രു… പക്ഷേ കൂടെ ഇല്ലെങ്കിൽ അവളെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തെറ്റിദ്ധരിച്ചു പക്ഷേ അത് തെറ്റായിപ്പോയി..” ബെന്നി പറഞ്ഞു
” ബെന്നി അതിബുദ്ധി കാണിച്ചത് എനിക്കു മനസ്സിലാവില്ല എന്ന് കരുതരുത്… കേസ് അവർക്ക് വിധി ആയിട്ട് വന്നാലും ഗുണം നിനക്ക് തന്നെയാണ്… സ്വത്തിന് അവകാശി അനുരാധ മാത്രമല്ലല്ലോ അക്ഷയും ഉണ്ടല്ലോ” ചന്ദ്രബാബു പറഞ്ഞു
” അങ്ങനെയാണെങ്കിൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്… അനുരാധയ്ക്കു കൂട്ട് നവനീത് ആണല്ലോ”
ബെന്നി പറയുന്നത് കേട്ട് വിശ്വാസം വരാതെ ചന്ദ്രബാബു അയാളെ നോക്കി…
” എന്തേ ചന്ദ്രു വിശ്വാസം വരുന്നില്ലേ… എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ… ”
അതും പറഞ്ഞിട്ട് ബെന്നി പണ്ട് മൊബൈൽ ഓൺ ആക്കി ചന്ദ്രബാബു മുന്നിലേക്ക് വെച്ചു…
അതിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിൽക്കുന്ന അനുവും അവളെ ചേർത്തു പിടിക്കുന്ന നവിയും…
തുടരും..