Monday, November 18, 2024
Novel

കൗസ്തുഭം : ഭാഗം 20

എഴുത്തുകാരി: അഞ്ജു ശബരി


രാവിലെ കിളികളുടെ കലപില ശബ്ദം കേട്ടാണ് നവനീത് കണ്ണ് തുറന്നത്…

അവൻ മുറിയുടെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…

നവനീതിനെ കണ്ടു സുമിത്രാമ്മ അടുത്തേക്ക് വന്നു..

“ആഹാ മോൻ എഴുന്നേറ്റോ… രാത്രി ഒരുപാട് വൈകിയല്ലെ വന്നത് അതാണ് ഞാൻ വിളിക്കാഞ്ഞത്… ”

“കിടക്കാൻ എത്ര വൈകിയാലും രാവിലെ എഴുന്നേൽക്കും അമ്മേ.. ഫാമിൽ പോകണമല്ലോ.. ”

“അനു പറഞ്ഞിട്ടുണ്ട് മോന്റെ ഫാമിനെ കുറിച്ചും തോട്ടത്തിനെ കുറിച്ചും ഒക്കെ…”

” അമ്മയെന്താ അനുവിനൊപ്പം അങ്ങോട്ട് വരാഞ്ഞത്… ഇവിടെ തനിച്ചല്ലേ വേറെ ആരും ഇല്ലല്ലോ”

“വരണം എന്നുണ്ട് പക്ഷെ ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒന്നും വയ്യല്ലോ..”

“അത് സാരമില്ല ഇനിയിപ്പോ ഞങ്ങൾ പോകുമ്പോൾ ഞങ്ങളുടെയൊപ്പം വന്നാൽമതി.. അമ്മയെ ഞാൻ കൊണ്ടുപോകാം.. ”

നവിയുടെ സംസാരം കേട്ട് സുമിത്രാമ്മ ഒന്ന് പുഞ്ചിരിച്ചു…

“മോന് ഞാൻ ചായ എടുക്കാം.. ”

“ചായ അല്ലമ്മേ നവിയുടെ സ്പെഷ്യൽ കടുംകാപ്പിയാണ്… രാവിലെ നല്ല കടുപ്പത്തിൽ ഒരു കാപ്പി കിട്ടിയില്ലെങ്കിൽ നവിയുടെ സ്വഭാവം മാറും.. ”

“ഇന്നാ മാഷേ കാപ്പി.. ”

അതും പറഞ്ഞോണ്ട് അനു അവരുടെ അടുത്തേക്ക് വന്നു കാപ്പി നവിക്ക് നീട്ടി..

“അനു… അടി വാങ്ങുമേ… ” സുമിത്രാമ്മ അനുവിനോട് ദേഷ്യപ്പെട്ടു..

“ചുമ്മാ പറഞ്ഞതല്ലമ്മേ രാവിലെ കട്ടൻകാപ്പി കിട്ടിയില്ലെങ്കിൽ കാണാം… അമ്മയുടെ മുൻപിൽ ഇരിക്കുന്ന ഈ ആളൊന്നുമല്ല ആ പാവം മറിയാമ്മച്ചേടത്തിയെ കടിച്ചുകീറുന്ന കാണണം…”

“അനു.. ഞാൻ പറഞ്ഞു.. ആഹ്.. ” സുമിത്രാമ്മ അനുവിനോട് ദേഷ്യപ്പെട്ടു..

“വേണ്ടമ്മേ അവൾ പറയട്ടെ… നുണയൊന്നുമല്ലല്ലോ സത്യമല്ലേ.. ”

“അനു എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു… മോനെന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത്.. എന്ത് പാവം ആയിരുന്നു നീ… നീ വിഷമിക്കാതെ ഇരിക്ക് നിന്റെ വിഷമങ്ങൾ ഒക്കെ എത്രയുംവേഗം തീരും… എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു… ”

അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ നൗഫലും നാദിയയും ഉമ്മയും കയ്യിൽ കുറച്ചു പാത്രങ്ങളുമായി അങ്ങോട്ട് കയറി വന്നു..

“അനുവേച്ചി… ” നാദി അനുവിനെ കണ്ടു ഓടി വന്നു ചുറ്റി പിടിച്ചു…

” നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ… ”

” ഓ ഞാൻ ഇന്ന് പോയില്ല… അനു ചേച്ചി വന്നതല്ലേ.. ”

” എടി മടിച്ചി നീയൊരു കാരണം കിട്ടാൻ നോക്കി ഇരിക്കുകയാണ് അല്ലേ കോളേജിൽ പോകാതിരിക്കാൻ… ”

അനു നാദിയുടെ ചെവിക്ക് പിടിച്ചോണ്ട് ചോദിച്ചു..

” അങ്ങനെ ചോദിക്കനു… ” നൗഫൽ അനുവിനെ സപ്പോർട്ട് ചെയ്തു..

“അയ്യടാ.. ഇക്കയാണ് അവളെ ഇങ്ങനെ മടിച്ചി ആക്കുന്നത്… ഞാൻ പോയതോടെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ഒരു വഴിയായി അല്ലെ… അതാണല്ലോ ഒറ്റക്കാലിൽ ഇങ്ങനെ ഞൊണ്ടി നടക്കേണ്ടി വന്നത് ”

“ഇവളെയിന്നു ഞാൻ… ”

നൗഫൽ അനുവിന്റെ നേരെ കയ്യോങ്ങിയപ്പോഴേക്കും അനു വേഗം ഓടി സൈനുമ്മയുടെ പുറകിൽ ഒളിച്ചു..

“ഡാ.. എന്റെ കൊച്ചിനെ എന്തേലും ചെയ്താലുണ്ടല്ലോ ആഹ്.. ” സൈനുമ്മ നൗഫലിനോട് ദേഷ്യപ്പെട്ടു..

അനുവിന്റെ ഭാവമാറ്റങ്ങൾ നവി കൗതുകത്തോടെ നോക്കി കാണുകയായിരുന്നു…

അവന് പരിചയമുള്ള അനുരാധ ആയിരുന്നില്ല ഇവിടെ അവൾ.. ചിരിയും കളിയും ശരിക്കും ഒരു ചെറിയ കുട്ടിയായത് പോലെ..

“ഉമ്മിച്ചിയെ.. നാസ്ത എന്താ… ”

“ഉമ്മിച്ചിടെ കൊതിച്ചി പാറുന് ഏറ്റവും ഇഷ്ടവുള്ള സാധനം തന്നെയാ.. ”

“പടച്ചോനെ പത്തിരിയാ… ”

“അതേടി മോളെ.. പത്തിരിയും കോഴിക്കറിയും ആണ്… ”

“ന്നാ ഞാൻ അങ്ങോട്ട്‌ വരാം.. ” അനു പറഞ്ഞു..

” അതിനായിട്ട് നീ അങ്ങോട്ട് ഓടി വരണ്ട എല്ലാം ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുണ്ട്… ഇവിടെ മോളുടെ കൂട്ടുകാരനും ഉള്ളതല്ലേ… ഇവിടെ ഇനി പ്രത്യേകിച്ചൊന്നും ഉണ്ടാക്കണ്ട… ”

” എന്തിനാ സൈനു താത്ത കഷ്ടപ്പെടുന്നത്.. ” സുമിത്രാമ്മ ചോദിച്ചു..

” നീയെന്താ സുമിത്രേ പറയുന്നത് എന്റെ പിള്ളേർക്ക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുന്നത് ഒരു കഷ്ടപ്പാടാണോ..”

“നവനീത് അല്ലെ… അനു പറയാറുണ്ട്.. ”

നൗഫൽ നവിയുടെ അടുത്തേക്ക് ചെന്നു ഷേക്ക്‌ ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു..

“അനു നൗഫലിനെ കുറിച്ചും പറയാറുണ്ട്… ഇതെന്താ കാലിനു പറ്റിയത്.. ” നവി ചോദിച്ചു..

“അത് ഇവളുടെ ഏട്ടൻ തന്ന സമ്മാനമാണ്.. ഇവരെ സഹായിക്കുന്നതിന്.. ”

“അവനെന്താ ഭ്രാന്താണോ.. ” നവി ചോദിച്ചു..

“അവൻ ചെയ്യുന്നതല്ല പലതും അവനെക്കൊണ്ട് അവന്റെ ഭാര്യയും അമ്മായിയച്ഛനും ഓരോന്ന് ചെയ്യിക്കുന്നതാ.. പക്ഷേ ഒന്നും വെറുതെ ആകില്ല അതിന് പിന്നിൽ എന്തോ കാര്യമായ കാരണം ഉണ്ട് അല്ലെങ്കിൽ സ്വന്തം പെങ്ങൾക്ക് നേരെ അവനിങ്ങനെ തിരിയില്ല.. ” നൗഫൽ പറഞ്ഞു..

“അത് ശരിയാ.. എനിക്കും അങ്ങനെ തോന്നുന്നു.. ” നവി അതിനെ പിന്താങ്ങി..

“എന്താ ഇവിടെ രണ്ടാളും കൂടെ ഒരു ഗൂഢാലോചന.. ” അനു അവരുടെ അടുത്തേക്ക് വന്നു..

” എന്ത് ഗൂഢാലോചന നിന്റെ ചേട്ടന്റെ കാര്യം പറയുകയായിരുന്നു…” നൗഫൽ പറഞ്ഞു..

” ഇക്കാ.. കാലിന് എങ്ങനെയുണ്ട്”

” ഇപ്പോ കുറച്ച് കുറവുണ്ട് അത്യാവശ്യം കുത്തി നടക്കാൻ എന്നായി… എങ്കിലും ഒരു മാസം കൂടി റസ്റ്റ് എടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്”

“അതെ മാക്സിമം റസ്റ്റ്‌ എടുക്ക് ആവശ്യമില്ലാതെ എഴുനേറ്റ് നടക്കേണ്ട.. ” അനു പറഞ്ഞു..

“അനു നീയിന്നു അരുണിനെ കാണാൻ പോകുന്നുണ്ടോ.. ”

“പിന്നെ പോകണം അതിനല്ലേ ഞാൻ ഓടിപ്പിടിച്ച് വന്നത്… ”

“എനിക്ക് നടക്കാൻ വയ്യാതായി പോയി അല്ലെങ്കിൽ ഞാൻ കൂടെ വന്നേനെ… ”

” അത് സാരമില്ല ഇക്കാ ഞാൻ പൊയ്ക്കോളാം.. ”

“നൗഫൽ ടെൻഷൻ ആകേണ്ട അനുവിനൊപ്പം ഞാൻ പോകാം.. ” നവി പറഞ്ഞു..

“അത് നന്നായി… സത്യം പറഞ്ഞാൽ ഇവളെ ഒറ്റയ്ക്ക് പുറത്തേക്ക് വിടാൻ എനിക്ക് പേടിയാ.. അക്ഷയ് ഭ്രാന്ത് പിടിച്ച് നടക്കുവാ അവൻ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത് എന്ന് പറയാൻ പറ്റില്ല”

” എന്തെങ്കിലും ചെയ്യുന്നെങ്കിൽ ചെയ്യട്ടെ ഇക്ക എത്ര നാളെ ഏട്ടനെ പേടിച്ച് എനിക്ക് ഒളിച്ചിരിക്കാൻ പറ്റും”

അനുവേച്ചി അമ്മ എല്ലാവരെയും കഴിക്കാൻ വിളിക്കുന്നു..

നാദി വന്നു പറയുന്നത് കേട്ട് എല്ലാവരും അകത്തേക്ക് കയറി പോയി..

💮💮💮💮💮💮💮💮💮💮💮💮💮💮💮

അനുവും നവിയും കൂടി അഡ്വക്കറ്റിനെ കാണാനായി നൗഫലിന്റെ കാറിൽ പുറപ്പെട്ടു..

എവിടെയാ അനു ഈ അരുണിന്റെ ഓഫീസ് …

നമ്മൾ അരുണിന്റെ ഓഫീസിലേക്കല്ല നവി പോകുന്നത്… വീട്ടിലേക്കാണ്..

അതെവിടെയാ..

പാലക്കാട്‌ കല്പാത്തിയിൽ ഉള്ള അഗ്രഹാര തെരുവിൽ ആണ് അരുണിന്റെ വീട്…

അനു വഴി പറഞ്ഞു കൊടുത്തത് അനുസരിച്ചു നവി കാർ മുന്നോട്ടു എടുത്തു…

നവി വണ്ടിയിവിടെ ഒതുക്കിക്കൊ ഇനിയങ്ങോട്ട് നടക്കാം…

അവർ നടന്ന് നടന്ന് ഒരു വീടിന്റെ മുൻപിൽ എത്തിയപ്പോൾ അനു പോയി കോളിംഗ് ബെൽ അടിച്ചു…

ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു..

“ഡി അനു… നീയെന്താണ് പറയുകയും ചെയ്യാതെ ഒരു ഭയങ്കര സർപ്രൈസ് ആയി പോയല്ലോ.. ”

“നിന്നോട് പറഞ്ഞില്ലന്നെ ഉള്ളു നയനാ ചേട്ടനോട് പറഞ്ഞിട്ടുണ്ട്.. ”

“വാ അകത്തേക്ക് കയറി വാ ഞാൻ ഏട്ടനെ വിളിക്കാം.. ”

“നവി ഇത് നയന എന്റെ കൂട്ടുകാരിയാണ്.. നയനെ ഇത് നവനീത് എന്റെ ഫ്രണ്ട് ആണ്.. ”

അനു അവർക്ക് രണ്ടിനും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു…

അപ്പോഴേക്കും അരുൺ ഇറങ്ങിവന്നു

“അനു ഇരിക്ക്. ഇതാരാ.. ”

അരുൺ നവനീത് എന്നെ നോക്കി ചോദിച്ചു..

” അരുണേട്ടാ ഇത് നവനീത് എന്റെ ഫ്രണ്ട് ആണ്.. ”

” ഓഫീസിലേക്ക് വരണ്ട ഇവിടെ വച്ച് കാണാം എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അനുവിന് മനസ്സിലായി കാണുമല്ലോ അല്ലേ.. ”

“മനസ്സിലായി അരുണേട്ടാ.. ”

അത് കേട്ട് മനസ്സിലാവാതെ ഇരിക്കുന്ന നവിയെ നോക്കി അരുൺ പറഞ്ഞു..

” ഒന്നുമില്ല നവനീത് എല്ലായിടത്തും സ്പൈ ഉണ്ടല്ലോ എന്റെ ഓഫീസിലും ഉണ്ട് പക്ഷേ അത് ആരാ എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല… ”

” അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ട കേസുകളൊന്നും ഞാൻ ഇപ്പോൾ ഓഫീസിൽ വച്ച് എടുക്കാറില്ല ഒക്കെ വീട്ടിൽ വച്ചാണ് നോക്കുന്നത്… ”

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നവനീത് പുറത്ത് ആരെയൊ നോക്കുന്നത് അനു കണ്ടു..

“അനു ഒരു മിനിറ്റ് നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാം.. ”

അതും പറഞ്ഞു നവി പുറത്തേക്കോടി..

തൊട്ടടുത്തുള്ള ഒരു വീട്ടിൽ കയറി കാളിങ് ബെൽ അടിച്ചു…

വാതിൽ തുറന്ന ആൾ മുന്നിൽ നിൽക്കുന്ന നവനീതിനെ കണ്ടു വേഗം വാതിലടക്കാൻ നോക്കി…

നവി ആ വാതിൽ തള്ളിത്തുറന്നു അകത്തുകയറി..

അപ്പോഴേക്കും അനുവും അവിടേക്ക് ഓടിവന്നു..

“അയ്യരങ്കിൾ എന്തായിത്… എന്തിനാ എന്നെകാണുമ്പോൾ ഓടിമറയുന്നത്… ”

“നവനീത്‌ എന്തിനാ ഇങ്ങോട്ട് വന്നത്.. ഇറങ്ങു പുറത്ത്… ”

“ഇല്ല… ആദ്യം ആമിയെ വിളിക്ക് എനിക്കവളെ കാണണം.. ”

“ആമിയിവിടില്ല.. നീ പോകാൻ നോക്ക്.. ”

“പറ്റില്ലെന്ന് പറഞ്ഞില്ലേ… മര്യാദക്ക് അവളെ കാണിച്ചു തന്നോ ഇല്ലെങ്കിൽ ഞാൻ അകത്തു കയറി നോക്കും.. ”

അകത്തേക്ക് കയറാൻ നോക്കിയ നവിയെ അനു ബലമായി പിടിച്ചു നിർത്തി..

“അങ്കിൾ ഞാൻ അനുരാധ നവനീതിന്റെ ഫ്രണ്ടാണ്… അനാമിക എവിടെ… ഞങ്ങൾക്കവളെ കാണണം ”

“അത് നിങ്ങളോട് പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.. ” അയ്യർ താല്പര്യമില്ലാത്തത് പോലെ പറഞ്ഞു..

“അനു ഇവരോട് സമാധാനത്തിൽ പറയേണ്ട കാര്യമില്ല.. ഞാൻ അകത്തു കയറി നോക്കിക്കോളാം.. ”

നവിയുടെ ബഹളം കേട്ട് പുറത്ത് നിന്ന് പലരും അകത്തേക്ക് നോക്കുന്നത് അയ്യർ കണ്ടു.. അപ്പോഴേക്കും ബഹളം കേട്ട് ആമിയുടെ അമ്മയും ഒരു ചെറിയ കുട്ടിയും അകത്തു നിന്നും ഇറങ്ങി വന്നു..

“മോളെ പ്ലീസ് ഇവിടെ നിന്ന് ബഹളം വെയ്ക്കരുത്…” അയ്യർ അനുവിനോട് അപേക്ഷിച്ചു..

“ഞങ്ങൾ ബഹളം വെക്കാനല്ല അങ്കിൾ വന്നത് കഴിഞ്ഞ നാലു വർഷമായി നവി ആമിയെ തേടിനടക്കുവാണ്… നിങ്ങളൊക്കെ എന്തിനാ അവളെ ഞങ്ങളിൽ നിന്നും മറച്ചു വെയ്ക്കുന്നത്..”

അയ്യർ വേഗം ചെന്ന് പുറത്തേക്കുള്ള വാതിലടച്ചു..

“നിങ്ങളിരിക്ക്… ” അയ്യർ നവിയോടും അനുവിനോടും പറഞ്ഞു..

“അതൊക്കെ പിന്നെ ആദ്യം ആമിയെ വിളിക്ക്.. ” അക്ഷമനായി നവി നിന്നു..

“നവി… ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കാനുള്ള മനസ്സ് നവനീതിന് ഉണ്ടാവണം… ”

എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് അനുവിനും നവിക്കും മനസ്സിലായി…. അതിന്റെ ടെൻഷൻ നവിയുടെ മുഖത്ത് ഉണ്ടെന്ന് അനു ശ്രദ്ധിച്ചു….

ഒരു ധൈര്യത്തിനെന്നോളം അനു നവിയുടെ കയ്യിൽ ബലമായി പിടിച്ചു..

“നവനീത് സ്നേഹിച്ചിരുന്ന അനാമിക ഇന്ന് ഇല്ല… ”

“നോ….. ” നവിയുടെ ഉച്ചത്തിൽ ഉള്ള അലർച്ചയായിരുന്നു അതിന് മറുപടി…

“നവി… ” അനു അവനെ ബലമായി പിടിച്ചിരുത്താൻ നോക്കി..

“മോളിങ്ങു വാ… ”

ഇതൊക്കെ കണ്ട് പേടിച്ചു വാതിലിന്റെ മറവിൽ അവരെ നോക്കിയിരുന്ന ഒരു ചെറിയ പെൺകുട്ടിയെ അദ്ദേഹം അടുത്തേക്ക് വിളിച്ചു..

ആ കുട്ടി വേഗം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി വന്നു.. അദ്ദേഹം അതിനെ എടുത്തു മടിയിലിരുത്തി..

“ഇതാരാണെന്ന് നിനക്ക് മനസ്സിലായോ നവനീത്.. ”

ഇല്ല എന്നുള്ള അർത്ഥത്തിൽ നവി തലയാട്ടി..

“ഇത് നക്ഷത്ര.. ഞങ്ങളുടെ നാച്ചു മോൾ.. അനുവിന്റെ അല്ല നിന്റെ ആമിയുടെ മകൾ.. ”

“വാട്ട്‌….. !!””

ഒരാശ്രയത്തിനെന്നോളം നവി അനുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു..

“അപ്പൊ ആമിയുടെ വിവാഹം കഴിഞ്ഞോ?? ” ആകാംഷ അടക്കാനാവാതെ അനു ചോദിച്ചു..

“ഇല്ല.. ” അയ്യർ പറഞ്ഞു..

“പിന്നെ ഈ കുട്ടി.. ” അനു ചോദിച്ചു..

“ഞാൻ പറയാം.. ”

അയ്യർ പറയുന്നത് കേൾക്കാനാവാതെ നവി കുനിഞ്ഞിരുന്നു കൈകളിൽ മുഖമമർത്തി…

അന്ന് കാര്യങ്ങളൊക്കെ പറഞ്ഞു ഏൽപ്പിച്ച് നവനീത് പോയിക്കഴിഞ്ഞപ്പോൾ അനുവിനെ കാണാനായി നവനീതിന്റെ അമ്മയും അച്ചമ്മയും വന്നിട്ടുണ്ടായിരുന്നു…

അവർക്ക് രണ്ടുപേർക്കും മോളെ ഒരുപാട് ഇഷ്ടമായി അവളുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് അവർ പോയത്..

സത്യത്തിൽ ഞങ്ങൾക്ക് ഭയങ്കര സമാധാനം തോന്നി.. നവനീതിന്റെ വീട്ടിൽ അച്ഛമ്മയ്ക്കും അമ്മയ്ക്കുമെങ്കിലും ഈ ബന്ധത്തിന് താല്പര്യം ആണല്ലോ എന്നോർക്കുമ്പോൾ …

പക്ഷേ അധിക ദിവസം കഴിയുന്നതിനു മുമ്പ് തന്നെ ഈ വിവരങ്ങൾ നവനീതിന്റെ അച്ഛൻ അറിഞ്ഞു…

നിന്റെ അച്ഛനും കുറച്ച് ആളുകളും കൂടി ഇവിടെ വന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തി… എന്റെ മോളെ ജീവനോടെ വെച്ചേക്കില്ല എന്ന് വരെ പറഞ്ഞു…

പക്ഷേ എന്ത് സംഭവിച്ചാലും അവളിതിൽ നിന്ന് പിന്മാറാൻ തയ്യാറല്ല എന്ന് അയാളുടെ മുഖത്തുനോക്കി പറഞ്ഞു…

രണ്ടുദിവസത്തിനുശേഷം…

ഡാൻസ് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും ആമി വീട്ടിൽ എത്തിയില്ല…

അവളുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് അറിയാൻ കഴിഞ്ഞത്…

ശരിക്കും ഞങ്ങൾ വല്ലാതെ ഭയന്നു… ആ സമയത്ത് എന്റെ മോളെ അന്വേഷിച്ചു ആ നാട് മുഴുവനും ഞാൻ അലഞ്ഞു നടന്നു… പക്ഷേ ഒരു വിവരവും കിട്ടിയില്ല..

രണ്ടു ദിവസത്തിനു ശേഷം എനിക്കൊരു ഫോൺ കോൾ വന്നു…

എന്തോ ഒരു ആക്സിഡന്റ് പെട്ട ആമിയെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നു പറഞ്ഞായിരുന്നു ആ കോൾ..

ഞങ്ങൾ രണ്ടുപേരും ഓടി പാഞ്ഞവിടെ എത്തി..

ശരീരമാസകലം മുറിവുകളുമായി ഐസിയുവിൽ അഡ്മിറ്റ് ആയിരുന്നു എന്റെ കുഞ്ഞ്…അവളെ ഞങ്ങൾക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല…

ഡോക്ടർ പറയുന്നത് കേട്ട് നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് പോലും ഞങ്ങൾ ആഗ്രഹിച്ചുപോയി…

ആമിയ്ക്ക് ഉണ്ടായത് ഒരു ആക്സിഡന്റ് ആയിരുന്നില്ല…

അവളെ ആരോ ക്രൂരമായി റേപ്പ് ചെയ്തതാണ്… രണ്ടു ദിവസം തുടർച്ചയായി അയാളവളെ ഉപദ്രവിച്ചു.. എന്നിട്ട് മരിച്ചെന്നു കരുതി റെയിൽവേ ട്രാക്കിൽ കൊണ്ട് തള്ളി..

അവളിൽ ജീവന്റെ ഒരു കണിക ബാക്കിയുണ്ടെന്ന് മനസ്സിലാക്കിയ ആരോ ആണ് അവളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്..

അയ്യരുടെ ഓരോ വാക്കുകളും നവനീതിന്റെ ഹൃദയം ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു…

അദ്ദേഹം പറയുന്നത് അനുസരിച്ച് ഓരോ തവണയും അവന്റെ കൈകൾ അനുവിന്റെ കൈകളിൽ മുറുകുന്നുണ്ടായിരുന്നു..

ദിവസങ്ങളോളം ഞങ്ങള് ഐസിയുവിൽ മുന്നിൽ കാവൽ നിന്ന ഞങ്ങളുടെ മകൾ ഒന്ന് കണ്ണ് തുറക്കാൻ ഒരു വാക്ക് സംസാരിക്കാൻ..

അവസാനം ഞങ്ങളുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു ആമിക്ക് ബോധം വീണു അവളെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി…പക്ഷെ അതിന് ശേഷം അവളൊരു വാക്കുപോലും ഞങ്ങളോട് സംസാരിച്ചില്ല …

എപ്പോഴും മുറിയിൽ അടച്ചിരിക്കും… ഞങ്ങൾ നിർബന്ധിച്ചാൽ എന്തെങ്കിലും കഴിക്കും..

അവൾക്ക് ഒന്നും പറയാൻ കഴിയാത്തതിനാൽ പോലീസ് കേസന്വേഷിക്കാതെ അവസാനിപ്പിച്ചു..

കുറച്ച് മാസങ്ങൾ അങ്ങനെ കടന്നു പോയി… അപ്പോഴൊന്നും അവളുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഞങ്ങൾക്ക് മനസ്സിലായില്ല…

പെട്ടെന്നൊരു ദിവസം അവർക്ക് ഭയങ്കര വയറുവേദന വന്നു… ഞങ്ങൾ അവളെയും കൊണ്ട് ആശുപത്രിയിൽ എത്തി… അവിടുത്തെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് ആമി ഗർഭിണിയാണെന്ന കാര്യം മനസ്സിലാക്കുന്നത്…

അപ്പോഴേക്കും ഏഴ് മാസത്തോളം കഴിഞ്ഞിരുന്നു… അപകടത്തിനുശേഷം അവൾ ഭക്ഷണമൊന്നും കഴിക്കില്ലായിരുന്നു അതിനാൽ ആരോഗ്യപരമായി അവളുടെ ശരീരം വീക്ക് ആയിരുന്നു…

അതുകൊണ്ട് തന്നെ കുഞ്ഞിന് വളർച്ച അധികം ഉണ്ടായിരുന്നില്ല.. അതിനാൽ ഗർഭിണിയാണെന്ന കാര്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..

അബോർഷൻ ചെയ്യുകയാണെങ്കിൽ അഞ്ചു മാസത്തിനു മുൻപ് ചെയ്യേണ്ടതിനാൽ അബോർഷൻ ചെയ്യാനും കഴിയില്ല…

അങ്ങനെ അവൾ ആ കുഞ്ഞിനെ പ്രസവിച്ചു..

അതിനുശേഷം ഇന്നുവരെ ആമിയാ കുഞ്ഞിനെ തിരിഞ്ഞുനോക്കിയിട്ടില്ല… അതിനെ വളർത്തിയത് ഞങ്ങളാണ്…

നവിയുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണീർ അനുവിന്റെ കൈകളെ ചുട്ടുപൊള്ളിച്ചു… അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ അനുരാധ നിന്നു..

നവനീത് ഇതൊന്നും അറിയാതിരിക്കാൻ ഞങ്ങൾ ആ നാട് വിട്ടു പോയി… പല പല സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചു… അവസാനം ഇവിടെ ഒരു കൂട്ടുകാരന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഞങ്ങൾ…

ഇവിടെ അടുത്തുള്ള ക്ഷേത്രത്തിലെ ശാന്തി പണി ചെയ്താണ് ഞങ്ങൾ ജീവിക്കുന്നത്…

“ആമി…”

“വാ കാണിച്ചുതരാം..”

വിറക്കുന്ന കാലുകളോടെ അയ്യർക്കൊപ്പം നവനീതും അനുവും അകത്തേക്ക് നടന്നു…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19