Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 13

എഴുത്തുകാരി: അഞ്ജു ശബരി


അവർ അകത്തേക്ക് പോകുമ്പോൾ കുറച്ചകലെ മാറി നിന്ന് അവരെ നോക്കികൊണ്ട് നവി നിൽക്കുന്നുണ്ടായിരുന്നു..

അനു പലപ്പോഴും നിന്റെ കണ്ണുകളിൽ എന്നോടുള്ള ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു… സോറി എനിക്ക് നിന്നെ ഒരിക്കലും അങ്ങനെ കാണാൻ കഴിയില്ല എന്റെ മനസ്സിൽ എന്റെ ആമി മാത്രമേ ഉള്ളു…

അതാണ് ഞാൻ നിന്നോട് എല്ലാം തുറന്ന് പറഞ്ഞത്.. പക്ഷേ ഒന്നുമാത്രം എനിക്ക് മറച്ചു വെക്കേണ്ടി വന്നു.. എന്റെ ആമിയെ ഞാൻ താലികെട്ടിയില്ല എന്നുള്ള സത്യം..

പക്ഷേ മനസ്സ് കൊണ്ട് അവൾ എന്റെ ഭാര്യയാണ്… അങ്ങനെയേ അവളെ എനിക്ക് കാണാൻ കഴിയൂ..

കലങ്ങിയ കണ്ണുകൾ നിറഞ്ഞൊഴുകാതിരിക്കാൻ നവി ബലമായി കണ്ണുകളടച്ചു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

“ഇക്കാ… ”

“നാദി.. എന്തായി… ”

“ഇക്കാ.. അനു ചേച്ചി പൈസ ഇട്ടിട്ടുണ്ട് ”

“അവളോട് ഞാൻ വേണ്ടെന്ന് പറഞ്ഞതാ.. ”

“സാരമില്ല ഇക്കാ.. ഇപ്പോഴത്തെ അവസ്ഥ അതായത് കൊണ്ടല്ലേ.. അതൊക്കെ നമുക്ക് തിരിച്ചു കൊടുക്കാം.. ചേച്ചിയുടെ കല്യാണത്തിന്.. ”

“മ്മ്.. അതെ.. അവളും നിന്നെപ്പോലെ എന്റെ കുഞ്ഞിപ്പെങ്ങൾ ആണ്.. അവളുടെ കല്യാണവും നല്ലപോലെ നടത്തണം.. ”

ആരുടെ കല്യാണക്കാര്യം ആണ് ആങ്ങളയും പെങ്ങളും കൂടെ ആലോചിക്കുന്നത്..

അയ്യോ സുമിത്രാമ്മയോ..

“നീ എവിടെക്കാ ചെക്കാ ഈ ചാടിയെഴുനേൽക്കുന്നത്.. ഒന്നാമതെ കാലനക്കാൻ പറ്റുന്നില്ല അപ്പോഴാ അവന്റെയൊരു ബഹുമാനം..”

“അല്ല നൗഫലെ നിങ്ങൾ ആരുടെ കല്യാണകാര്യമാണ് പറഞ്ഞത് …. ഈ കുറുമ്പിപെണ്ണിന്റെ ആണോ… ”

സുമിത്രാമ്മ നാദിയെ പിടിച്ചോണ്ട് ചോദിച്ചു..

“അയ്യോ എന്റെയല്ലേ.. അനുവേച്ചിയുടെ കല്യാണക്കാര്യം ആണ് പറഞ്ഞത്.. ” നാദി പറഞ്ഞു..

“അവൾക്കി ചിങ്ങത്തിൽ ഇരുപത്താറു വയസ്സാകും.. അച്ഛനില്ലാത്തപ്പോൾ കൂടെപിറന്ന ആങ്ങള വേണം ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാൻ.. ”

“ഇവിടെയും ഉണ്ടല്ലോ ഒരെണ്ണം.. സ്വന്തം കാര്യം നോക്കി ആദ്യം അവൻ കെട്ടി.. എന്നിട്ടിപ്പോ ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും വാക്ക് കേട്ട് അമ്മയെയും പെങ്ങളെയും ഉപദ്രവിക്കാൻ നടക്കുവല്ലേ.. ”

“സുമിത്രേ നീയതൊന്നും ഇനിയൊർക്കേണ്ട…. ദേ ഇവനും നിന്റെ കൂടെ മകനാണ്.. അക്ഷയുടെ സ്ഥാനത്ത് നിന്ന് ഇവൻ നടത്തും എന്റെ മോൾടെ വിവാഹം.. ”

അത് കേട്ടോണ്ട് വന്ന സൈനുമ്മ പറഞ്ഞു..

“ഉമ്മ പറഞ്ഞതാ അതിന്റെ ശരി.. അമ്മ ഓരോന്നോർത്തു വെറുതെ മനസ്സ് വിഷമിപ്പിക്കേണ്ട.. ” നൗഫൽ പറഞ്ഞു …

“അനു പിന്നെ വിളിച്ചിരുന്നോ സുമിത്രേ.. ”

“അവളെന്നും വൈകിട്ടു വിളിക്കാറുണ്ട് സൈനുത്താ… ”

“ഓൾക്ക് സുഖാണല്ലോ…നല്ല മനസ്സുള്ള കുട്ടിയാ അനു.. പടച്ചോൻ ഓളെ കാത്തോളും.. ”

സൈനുമ്മ പറഞ്ഞു..

നൗഫലെ നിന്റെ കാലൊന്നു സുഖായിട്ട് അനുവിനൊരു ചെക്കനെ നോക്കണം.. ഇനി വൈകിപ്പിക്കേണ്ട..

ആദ്യം അനുവിന്റെ കല്യാണം അത് കഴിഞ്ഞു വേണം ദാ ഈ കുറുമ്പിയെ ആരെയെങ്കിലും പിടിച്ചേൽപ്പിക്കാൻ അല്ലെ സൈനുത്താ..

അതെ സുമിത്രേ ഇപ്പൊ ആ ഒരു കാര്യത്തിൽ മാത്രമേ എനിക്ക് ടെൻഷൻ ഉള്ളു…

നോക്കെടാ നൗഫലെ കല്യാണക്കാര്യം പറഞ്ഞപ്പോൾ പെണ്ണിന്റ മുഖത്തു നാണം..

“എനിക്കെങ്ങും ഇപ്പൊ കല്യാണം വേണ്ട… ”

അതും പറഞ്ഞു നാദി അകത്തേക്കോടി..

അവളുടെ ഭാവം കണ്ടു എല്ലാവരും ഒന്നിച്ചു ചിരിച്ചു ..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അനു രാവിലെ എഴുന്നേറ്റു വന്നപ്പോൾ കൌസ്തുഭത്തിൽ കുറച്ചധികം ആൾക്കാർ ഉണ്ടായിരുന്നു..

അവൾ വേഗം മറിയാമ്മ ചേട്ടത്തിയുടെ അടുത്തെത്തി..

“എന്താ ചേട്ടത്തി ഇവിടെ.. കുറച്ചധികം ആൾക്കാർ ഉണ്ടല്ലോ ഗസ്റ്റ് ആണോ അതോ.. ”

“ഗസ്റ്റ് അല്ല മോളെ.. ഇന്ന് മുന്തിരിയുടെ ഈ വർഷത്തെ ആദ്യത്തെ വിളവെടുപ്പാണ്… അതിന് വേണ്ടി വന്ന പണിക്കാരാണ്… ”

“ആഹാ അത്‌ കൊള്ളാല്ലോ.. അതിന് ഇത്രയധികം ആൾക്കാർ വേണോ.. ”

“ഒത്തിരിയൊന്നുമില്ല അനു ആകെ പത്തുപേർ..അവർ തമിഴ്നാട്ടിൽ നിന്നും വന്ന പണിക്കാരാണ്.. ”

അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ശ്രീനി പറഞ്ഞു..

“ഓഹ്… ഇതെത്ര ദിവസം കാണും… ”

“ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ മുന്തിരി വിളവെടുക്കു… ഇതിപ്പോ ഇത്രയും വല്യ തോട്ടമായതിനാലാണ് അങ്ങനെ.. വീട്ടുമുറ്റത്തു നടുന്നതാണെങ്കിൽ വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ വിളവെടുക്കു ”

“ഓഹ്.. അങ്ങനെയാണോ.. ”

“അനു വരുന്നോ.. ”

“വരണം എന്നുണ്ട്.. സത്യം പറഞ്ഞാൽ എനിക്കാ മുന്തിരി തോട്ടം കാണണമെന്ന് ഉണ്ട്.. പക്ഷേ ഇവിടുത്തെ കാട്ടാളനെ പേടിച്ചാ ഞാൻ അങ്ങോട്ട്‌ പോകാത്തത്..”

“എന്നെ പേടിച്ചാരും മാറിനിൽക്കേണ്ട.. ഞാൻ പിടിച്ചു വിഴുങ്ങാതൊന്നുമില്ല.. വരണമെന്നുണ്ടെങ്കിൽ വന്നോ.. ”

പെട്ടെന്ന് പുറകിൽ നിന്നു നവി പറയുന്നത് കേട്ട് അനു ഞെട്ടിത്തിരിഞ്ഞു നോക്കി..

“എന്താ മൃഗ… ഡോട്ടരെ.. അന്തംവിട്ട് കുന്തം വിഴുങ്ങിയപോലെ നിക്കുന്നത്.. ”

“അല്ല.. ഞാൻ.. പിന്നെ.. സോറി നവി പെട്ടെന്ന് അറിയാതെ.. ”

“എന്ത് കാട്ടാളനെന്നു വിളിച്ചതാണോ.. ഇവിടെ പലരും ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നത് താൻ കേൾക്കെ വിളിച്ചു അത്രേയുള്ളൂ.. അത് വിട്ടേക്ക് അനു.. ഞാനങ്ങനായത് കൊണ്ടല്ലേ അങ്ങനെ വിളിക്കുന്നത്.. ”

നവി ശ്രീനിയെ നോക്കികൊണ്ട് പറഞ്ഞു..

നവി അങ്ങനെ പറഞ്ഞത് കേട്ട് ശ്രീനിയുടെ മുഖത്തൊരു ചമ്മൽ ഉണ്ടായിരുന്നു..

“അതുപോട്ടെ സമയമൊരുപാടായി… നിങ്ങൾ രണ്ടാളും വരുന്നെങ്കിൽ വാ.. പിന്നെ ചേട്ടത്തി ഒരു പത്തുമണി ആകുമ്പോഴേക്കും എല്ലാവർക്കും ചായ
കൊണ്ടുവരണെ.. ”

“ഉച്ചക്ക് മുൻപ് പണി തീർക്കണം.. ആദ്യത്തെ ലോഡും കൊണ്ട് ഇന്ന് ഇടുക്കിയ്ക്ക് പോകണം.. ”

അത്രയും പറഞ്ഞുകൊണ്ട് നവി മുന്നോട്ട് പോയി.. പുറകെ അനുവും ശ്രീനിയും..

“ദേ ഡോട്ടരെ ഒരു കാര്യം പറഞ്ഞേക്കാം.. മുന്തിരി പറിക്കുന്നതിന്റെ ഇടയിൽ ഒരു മുന്തിരിയെങ്കിലും അടിച്ചു മാറ്റിയാൽ എന്റെ സ്വഭാവം മാറും കേട്ടല്ലോ.. ”

നവി ഗൗരവം വിടാതെ പറഞ്ഞു..

“ഓഹ് എനിക്ക് വേണ്ടായേ… ” അനു ദേഷ്യം ഭാവിച്ചു പറഞ്ഞു കൊണ്ട് അവരുടെ പുറകെ പോയി..

അവർ തോട്ടത്തിൽ എത്തിയപ്പോഴേക്കും പണിക്കാർ പണി തുടങ്ങിയിരുന്നു..

നവി ഒരു ചെറിയ കത്രിക എടുത്ത് വിളഞ്ഞു പഴുത്ത ഓരോ കുലകളും ശ്രദ്ധിച്ചു പൊട്ടിച്ചെടുക്കുന്നത് അനു കൗതുകത്തോടെ നോക്കി നിന്നു..

നല്ല വയലറ്റ് നിറത്തിൽ പഴുത്തു കിടക്കുന്ന മുന്തിരി കുലകൾ കാണുമ്പോൾ അനു കൊതിയോടെ നോക്കുന്നുണ്ടാരുന്നു..

അത് കണ്ട് നവി ഒരു പഴുത്ത മുന്തിരികുല പൊട്ടിച്ചു അനുവിന്റെ കയ്യിൽ വെച്ചു കൊടുത്തു…

അനു അമ്പരപ്പോടെ അവനെ നോക്കി…

“വായിനോക്കി നിൽക്കാതെ വേഗം കഴിച്ചിട്ട് ഞങ്ങളെ ഒന്ന് സഹായിക്കെന്റെ ഡോട്ടരെ… ”

നവിയുടെ സംസാരം കേട്ട് അനു വേഗം അത് വായിലാക്കി ഒരു കത്രിക എടുത്തോണ്ട് മുന്തിരിയുടെ അടുത്തേക്ക് നടന്നു..

പണിചെയ്യുമ്പോഴും അനുവിന്റെ ശ്രദ്ധ നവിയിൽ ആയിരുന്നു…

“ഒഴിഞ്ഞു മാറി നടക്കുന്തോറും എന്തിനാ കാട്ടാളാ വീണ്ടും വീണ്ടും എന്റെടുത്തേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നത്..”

അനു മനസ്സിൽ ചിന്തിച്ചു…

“അരുത് കാട്ടാളാ അരുത്… ” അനുവിന്റെ അടുത്ത് വന്നു ശ്രീനി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു..

“എന്ത്??… എന്താ ശ്രീനി.. പറഞ്ഞത്.. ”

“എന്റെ അനു.. അരുതേ എന്നാ പറഞ്ഞത്… എന്നുവെച്ചാൽ കാട്ടാളനെ വായിനോക്കിയത് മതി.. അവൻ മറ്റൊരാളുടെ ഭർത്താവാണ് അത് മറക്കരുത്.. ”

ശ്രീനിയുടെ സംസാരം കേട്ട് മറുപടി ഒന്നും പറയാതെ അനു പൊട്ടിച്ച മുന്തിരികുലകൾ പെട്ടിയിലേക്ക് അടുക്കി വെച്ചു..

💮💮💮💮💮💮💮💮💮💮💮💮💮💮💮

അന്ന് വൈകിട്ട് നാലുമണിക്ക്..

“നവി.. നിനക്ക് തന്നെ പോകണോ.. ”

“പോകണം ശ്രീനി.. എനിക്ക് എന്തായാലും ഇടുക്കി വരെ പോകേണ്ട ആവശ്യമുണ്ട്.. ഇപ്പൊ എടുക്കുന്നവരേക്കാൾ കുറച്ച് കൂടി വിലതരാമെന്നു പറഞ്ഞു മറ്റൊരു ഹോത്സലേഴ്‌സ് എന്നെ വിളിച്ചിരുന്നു.. അവരെ ഒന്ന് കാണണം അതിന് ഞാൻ പോകണം.. ”

“എങ്കിൽ നീ തനിച്ചു പോകേണ്ട.. ഞാനും വരാം.. ”

“വേണ്ട ശ്രീനി.. ഫാമിൽ ഞാനൊ നീയോ ആരെങ്കിലുമില്ലെങ്കിൽ ശരിയാവില്ല.. അതുകൊണ്ട് ഞാൻ തനിച്ചു പൊക്കോളാം.. ”

“ഇന്ന് തിരിച്ചെത്തുമോ നീ.. ”

“സാധ്യതയില്ല…രാത്രിയിൽ കാട്ടിലൂടെ വേണ്ടേ വരാൻ.. മിക്കവാറും നാളെ പുലർച്ചെ തിരിക്കുവുള്ളു… ”

“അതാവും നല്ലത്… ”

നവി ലോഡുമായി ഇടുക്കിയിലേക്ക് തിരിച്ചു.. കുറച്ചകലെ മാറിനിന്നു
അനു നവിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

“നിങ്ങൾക്ക് സാധനം നോക്കിയാൽ അതിന്റെ ക്വാളിറ്റി അറിയാം… മോശമാണെങ്കിൽ എന്റെ ലോഡ് എടുക്കേണ്ട… ”

“നവനീതിന്റെ മുന്തിരി മോശമാണെന്നു ഞങ്ങൾ പറഞ്ഞില്ല..പക്ഷേ റേറ്റ് കുറച്ചു കൂടുതലാണ്.. ”

“മിസ്റ്റർ ശ്യാം.. നിങ്ങൾ പുറത്ത് വിൽക്കുന്നത് കിലോയ്ക്ക് ഇരുനൂറ്റമ്പത് രൂപയ്ക്കല്ലേ എന്നിട്ട് എനിക്ക് കിലോയ്ക്ക് എൺപത് രൂപ ഇതെവിടുത്തെ ന്യായമാണ്.. ”

“നവനീത് പറയുന്നത് ശരിയാണ് ഞാൻ സമ്മതിക്കുന്നു.. പക്ഷേ സാധനം പല ഡീലർസിന്റെ അടുത്തുകൂടി കൈമാറി പോകുമ്പോഴാണ് ഇതിന്റെ വില അത്രയും കൂടുന്നത്.. ”

“ഒരു കോംപ്രമൈസ് ചെയ്യാം.. നിങ്ങളുടെ മുന്തിരി നല്ല ക്വാളിറ്റി ആയത് കൊണ്ട് കിലോയ്ക്ക് നൂറ്റിയമ്പത്തു തരാം.. ഇതിൽ കൂടുതൽ വിലപേശൽ വേണ്ട.. നടക്കില്ല… ”

“ശരി… ഞാനും ഇനി വിലപേശാനില്ല.. ”

ലോഡ് മുഴുവനും ഇറക്കിയിട്ട് നവി റൂമെടുത്ത ഹോട്ടലിലേക്ക് പോകുമ്പോൾ പെട്ടെന്ന് തന്റെ മുന്നിൽ കൂടെ മിന്നായം പോലെ പോയ ഒരാളെ കണ്ടു അവൻ തിരിഞ്ഞു നിന്നു..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12