Sunday, January 19, 2025
Novel

ജീവരാധ: ഭാഗം 7

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

പുഞ്ചിരിയൂറുന്ന സ്വപ്നങ്ങളായിരുന്നു അന്ന് രാത്രി അവളുടെ മനസ്സു നിറയെ..

ജീവൻ…. ഇച്ചേട്ടൻ… !!! എപ്പോഴാണെന്റെ മനസ്സിൽ തിരിച്ചെടുക്കാനാവാത്ത വിധം പതിഞ്ഞു പോയത്…!! കഴിഞ്ഞു പോയ കാലത്തെ ചില ചിത്രങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു…

ഇച്ചേട്ടന്റെ കുസൃതികൾ വിടർന്നു തിളങ്ങുന്ന കണ്ണുകളോടെ വായും പൊളിച്ചു കേട്ട് നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി..

.” അപ്പോൾ അമ്മയ്ക്ക് അവന്റെ തുടയിൽ നല്ലൊരു പെട വച്ച് കൊടുത്തുകൂടെ അമ്മേ… ”
കുഞ്ഞി കണ്ണുകൾ വിടർത്തി അവൾ ആകാംക്ഷയോടെ ചോദിക്കുന്നു..

” അവന്റെയാ പുഞ്ചിരിക്കുന്ന കൊച്ചു മുഖവും കാപ്പി നിറമുള്ള കുഞ്ഞു കണ്ണുകളും കണ്ടാൽ അതിന് കഴിയില്ല മോളെ… ”

തന്റെ എല്ലാ കുരുത്തക്കേടുകൾക്കും ചെമ്പരത്തി കമ്പുകൊണ്ട് തുടയിൽ നല്ല പെട വച്ചുതരുന്ന അമ്മയ്ക്ക് അതെന്തേ പറ്റാത്തത്…!! ആ കൊച്ചു പെൺകുട്ടി അമ്പരക്കുന്നു.. !!

സ്കൂളിൽ വച്ചുള്ള അവന്റെ വീര കഥകൾ കേട്ട് നിൽക്കുന്നു പിന്നെയാ പെൺകുട്ടി… !!

പിന്നീട് അവൻ എന്ന യുവാവിന്റെ വിജയകഥകൾ, സ്നേഹം, കരുതൽ, ഇതെല്ലാം കേട്ട് അത്ഭുതപ്പെടുന്ന, അവനെ കുറിച്ച് ഓർത്ത് കിടക്കുന്ന, പലപ്പോഴും അവന്റെ പുഞ്ചിരിക്കുന്ന മുഖം സ്വപ്നം കാണുന്ന ഒരു പെൺകുട്ടി.. !!

” അതേ ഇച്ചേട്ടാ…ഞാൻ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…നിന്നെ മാത്രം സ്വപ്നം കണ്ടിരിക്കുന്നു… വർഷങ്ങൾക്ക് മുൻപേ തന്നെ ..!! ”

അന്ന് പതിവിലും നേരത്തെ അവൾ ഉണർന്നു. കുളിച്ച് നനഞ്ഞമുടി പിന്നി എടുത്ത് കെട്ടി. തൂവെള്ള കളർ ചുരിദാറും ഇളംനീല ഷോളും ഇട്ടു.

” അമ്മേ ഞാനൊന്ന് അമ്പലത്തിൽ പോകാന്നു വച്ചു.. അത് വഴി കോളജിൽ പോകാം. ”

” മോളേ ഞാൻ നിന്നെ ഒരിക്കലും നിർബന്ധിക്കില്ല. എങ്കിലും ഞാൻ പറഞ്ഞ കാര്യത്തിൽ അമ്മയ്ക്ക് വേണ്ടി ഒരു മറുപടി നീ തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ”

” എന്റെ ദേവിയമ്മേ.. അമ്മ വിഷമിക്കേണ്ട.. ഞാൻ പറയാം.. സമയമുണ്ടല്ലോ.. ഇപ്പോൾ നേരം വൈകിയാൽ നടയടക്കും, ഞാൻ ഇറങ്ങട്ടെ..”

അമ്മയുടെ ഇരുകവിളിലും കൈകൾകൊണ്ട് ചേർത്തുപിടിച്ച് പുഞ്ചിരിയോടെ നെറ്റിത്തടത്തിൽ ഒന്ന് ചുംബിച്ച് അവൾ ഇറങ്ങി.

അമ്പലത്തിൽ അധികം ആൾക്കാർ ഉണ്ടായിരുന്നില്ല. നിറദീപത്തിനു മുന്നിൽ പുഞ്ചിരിയോടെ ഇരിക്കുന്ന കള്ളകണ്ണനെ നോക്കി കൈകൾ കൂപ്പി അവൾ പ്രാർത്ഥിച്ചു.

” എന്റെ കണ്ണാ… ആദ്യമായി ഞാനൊരു കാര്യം മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്…

ഞാൻ മാത്രമല്ല കണ്ണാ എല്ലാവരും ആഗ്രഹിക്കുന്നതിതു തന്നെ… എനിക്ക് വിധിച്ചതാണെങ്കിൽ എനിക്ക് തന്നെ തന്നെക്കണേ ന്റെ കൃഷ്ണാ…

അമ്മയുടെ അസുഖം വേഗമൊന്ന് ഭേദം ആയിട്ട് വേണം എനിക്ക് എല്ലാം ഒന്നു പറയാൻ.. ഒരു പാപവും ചെയ്യാത്ത ന്റെ അമ്മയെ ഇങ്ങനെ ശിക്ഷിക്കല്ലേ കണ്ണാ…”

കോളജിൽ എത്തുമ്പോൾ മുറ്റത്ത് തന്റെ ബൈക്കിൽ ചാരി ഇരിക്കുകയായിരുന്നു ജീവൻ കൂടെ അവന്റെ നാലഞ്ച് സുഹൃത്തുക്കളും.

ഇതുവരെയില്ലാത്തൊരു നാണവും വിറയലും അവളെ വന്ന് പൊതിഞ്ഞു.

വല്ലാതെ പാടുപെട്ടാണവൾ തല ഉയർത്താതെ അവരുടെ മുന്നിലൂടെ നടന്നത്. ജീവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.

അരവരെയെത്തുന്ന അഴിച്ചിട്ട മുടിയിൽ തുളസിക്കതിർ ചൂടി… നെറ്റിയിൽ ഒരു കറുത്ത പൊട്ടിനുമീതെ ചന്ദനവും തൊട്ട്… കരിമഷിഎഴുതിയ കണ്ണുകളും… തൂവെള്ള ചുരിദാറിൽ…

അവൾ ഇത്രയേറെ സുന്ദരിയായി ആദ്യമായി കാണുകയായിരുന്നു ജീവൻ.. ഇതുവരെ ഇല്ലാത്ത ഒരു തിളക്കവും അവളുടെ കണ്ണുകളിൽ കണ്ടു.

” അനൂ ”

അവൻ പതിയെ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു.

അവൾ തല ഉയർത്തി.ശ്വാസഗതി വർധിച്ചു.. ഹൃദയമിടിപ്പ് കൂടി.. ഒരു ഭാരക്കുറവ് പോലെ.. ഇന്നലെയവൻ പറഞ്ഞ ഓരോ വാക്കുകളും മനസ്സിലേക്ക് ഓടിയെത്തി.

” അമ്പലത്തിൽ പോയിരുന്നോ. ”

” ഉം ”

” എന്നിട്ട് പ്രസാദമെവിടെ ”
അവൾ ചുരുട്ടിപ്പിടിച്ച കൈകളിൽ നിന്നും ഒരില ചീന്തിൽ ചന്ദനമെടുത്ത് അവന്റെ നേരെ നീട്ടി.

” ഇവിടെ ”
അവൻ ചൂണ്ടുവിരൽ കൊണ്ട് തന്നെ നെറ്റി തൊട്ടു കാണിച്ചു.

അവൾ നിന്നു വിറച്ചു. പതിയെ മോതിരവിരൽ കൊണ്ട് ഒരു നുള്ള് ചന്ദനമെടുത്ത് വിറക്കുന്ന കൈകളോടെ അവന്റെ മുഖത്തിനു നേരെ ഉയർത്തി… ഒരുനിമിഷം അങ്ങനെ നിന്നു.

ആദ്യമായി വാക്കുകൾ നഷ്ടമാകുന്നതും ശരീരം തളരുന്നതും അവളറിഞ്ഞു.

അവൻ പുഞ്ചിരിയോടെ അവളുടെ കൈത്തണ്ടയിൽ പിടിച്ചുയർത്തി തന്റെ നെറ്റിയിൽ ചന്ദനം തൊട്ടു.

അവന്റെ നെറ്റിയിലും അവളുടെ കൈകളിലും വല്ലാത്ത തണുപ്പ് ബാധിക്കുന്നുണ്ടായിരുന്നു. കൈ വിടുവിച്ച്… ഒന്ന് പുഞ്ചിരിച്ച്..

അവൻ തിരിഞ്ഞു നടന്നു. ഒരു നിമിഷത്തിനു ശേഷം ബോധം വീണ്ടെടുത്ത് അവളും.

” ലോട്ടറിയടിച്ചല്ലേ… ”
നേരെ മുന്നിൽ രേഷ്മ.

“ലോട്ടറിയോ.. !! ”

” അതെ.. ജീവൻ ലോട്ടറി.. ”

” ഓഹോ അതേത് ബ്രാൻഡ് ആ.. ”

” കളിക്കേണ്ട പെണ്ണെ.. നമ്മൾ ഒക്കെ എന്താ പൊട്ടന്മാർ ആണൊ.. ”

” ഒന്ന് പൊടി “അവളെ തട്ടി മാറ്റി അനു നടന്നു.

” അയ്യോ പെണ്ണിന്റെ ഒരു നാണം.. ഞാനെല്ലാം കണ്ടടി.. ഒരു കിസ്സിങ് സീനും കൂടി പ്രതീക്ഷിച്ചതാ.. ഉണ്ടായില്ലല്ലേ.. ”

“” എടീ ”
നാണവും സന്തോഷവും കൊണ്ട് പൂത്തുലയുകയായിരുന്നു അനു.

ദിവസങ്ങളിങ്ങനെ കടന്നുപോയി.

എല്ലാ ദിവസവും പലപ്പോഴായി അനുവും ജീവനും പരസ്പരം കാണും. അല്ലെങ്കിൽ കാണാനായി എന്തെങ്കിലും കാരണം അവർ തന്നെ ഉണ്ടാക്കും.

കണ്ണുളുടക്കി പരസ്പരമുള്ള പുഞ്ചിരിയും വാക്കുകൾ കുറവായിരുന്നെങ്കിലും മൗനം കൊണ്ടും പുഞ്ചിരികൊണ്ടും അവർ പരസ്പരം സംസാരിച്ചു.

അങ്ങനെ ദൃഢവും ശക്തവുംമായി അവർ പ്രണയിച്ചുകൊണ്ടിരുന്നു. അനു ഒരുക്കലും തന്റെ പ്രണയമവനോട് തുറന്നു പറഞ്ഞിരുന്നില്ല.

അവളുടെ പഠനത്തിലുള്ള ശ്രദ്ധ കുറയാതിരിക്കാൻ, ലക്ഷ്യത്തിൽ നിന്നും മാറാതിരിക്കാൻ ജീവൻ അവളെ അധികം അടുപ്പിച്ചുമില്ല.

എങ്കിലും അവളുടെ തിളങ്ങുന്ന കണ്ണുകളിൽ നിന്നും, അവനെ കാണുമ്പോൾ നാണത്താൽ കൂമ്പുന്ന ചുവന്നുതുടുത്ത മുഖത്തുനിന്നും അതിനെല്ലാം ഉത്തരമവന് കിട്ടിയിരുന്നു.

എങ്കിലും അവളുടെ പഠിത്തത്തിനും ലക്ഷ്യത്തിനും താനൊരു തടസമാവരുത്.

ഒരു ദിവസം കോളേജ് വിട്ടു വീട്ടിൽ എത്തിയപ്പോൾ അകത്തുനിന്ന് അമ്മയുടെയും അപ്പുറത്തെ വീട്ടിലെ ചേച്ചിയും സംസാരം കേട്ടു.

” ദേവിയേച്ചി.. അത് നല്ല ബന്ധമല്ലേ.. സേതുരാമന്റേത് നല്ല കുടുംബമാണ്.. അവരുടെ ഭാര്യയ്ക്ക് ഇച്ചിരി ജാഡ ഉണ്ടെന്നേ ഉള്ളൂ..

അവർ ആരോടും അധികം സംസാരിക്കാറൊഒന്നുമില്ല.ചേച്ചി എന്നിട്ട് അനുവിനോട് സംസാരിച്ചില്ലേ.. ”

” ഞാൻ പറഞ്ഞു. പക്ഷേ അവൾ ഇതുവരെ മറുപടി ഒന്നും പറഞ്ഞില്ല. അവൾക്ക് ഇഷ്ടമില്ലെങ്കിൽ ഞാനൊരിക്കലും നിർബന്ധിക്കില്ല. എന്റെ മോളുടെ ജീവിതം കൂടി തകർക്കാൻ എനിക്ക് വയ്യ..”

” അവൾക്കിനി വേറെ വല്ല ഇഷ്ടവും മറ്റൊ… ഇപ്പോഴത്തെ പിള്ളേരല്ലേ.. കോളേജിലൊക്കെ പഠിക്കുന്നതും..പറയാൻ പറ്റില്ല. ”

” ഏയ്… എന്റെ മോൾ അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് അവളെ പൂർണ്ണ വിശ്വാസവാ.. എങ്കിലും ഞാൻ ഒന്ന് ചോദിച്ചു നോക്കാം.”

” അല്ല.. ജീവനെ പോലൊരു പയ്യനെ ഇഷ്ടപ്പെടാതിരിക്കാൻ വേറൊരു കാരണവും ഞാൻ കാണുന്നില്ല.”
ഈ സംസാരം കേട്ട് കൊണ്ടാണവൾ വീട്ടിലേക്ക് കയറിയത്.

കുളിച്ച് ഫ്രഷായി അമ്മയ്ക്ക് ചായ ഇട്ടു കൊടുക്കുമ്പോൾ അവൾ പറഞ്ഞു.

” എനിക്കിതിന് സമ്മതമാണമ്മേ .. പക്ഷേ എന്റെ പഠിത്തം കഴിയുന്നതുവരെ..”

“മോളെ.. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രംമതി. അമ്മ ഒരിക്കലും നിർബന്ധിക്കില്ല. അമ്മയ്ക്ക് നീയൊരു നിലയിൽ എത്തിയിട്ട് കണ്ണടക്കണം എന്നൊരു ആഗ്രഹം മാത്രമേയുള്ളൂ..

എന്റെ നിർബന്ധത്തിനു വഴങ്ങി ഒരിക്കലും ഇഷ്ടമില്ലാത്തൊരു സമ്മതിക്കേണ്ട.”

” അതൊന്നും കൊണ്ടല്ലമ്മേ.. എനിക്കറിയാം ഇച്ചെട്ടൻ നല്ലൊരു മനുഷ്യനാണ്… എനിക്ക് മനസ്സ് കൊണ്ടിതിന് പൂർണ്ണ സമ്മതമാണ്. ”

അമ്മയുടെ മുഖത്ത് സന്തോഷത്തോടൊപ്പം ഒരു ആശയക്കുഴപ്പം കൂടി നിൽക്കുന്നത് കണ്ടു. ജീവേട്ടനോട് തനിക്കുള്ള പ്രണയം താൻ ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നവൾക്ക് അമ്മയോട് പറയണം എന്നുണ്ടായിരുന്നു. പക്ഷേ എന്തോ പറഞ്ഞില്ല.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവൾ കോളേജിൽ വച്ച് ജീവനെ കണ്ടിരുന്നു. അവരുടെ പ്രണയം പൂത്തുലഞ്ഞ നാളുകളായിരുന്നു പിന്നീട്…

മൗനമായിരുന്നു അവർക്കിടയിൽ കൂടുതലും സംസാരിച്ചിരുന്നത് എങ്കിലും മുൻപത്തേക്കാൾ വാക്കുകളും അവർക്കിടയിൽ സ്ഥലം പിടിക്കാൻ തുടങ്ങിയിരുന്നു.

അവരുടെ പ്രണയം പാർലറുകളിലോ ബീച്ചുകളിലോ ഒന്നുമായിരുന്നില്ല.. പകരം ആ കോളേജിന്റെ മുക്കിലും മൂലയിലും അവരുടെ പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞുനിന്നു.

ജീവന്റെ കുസൃതിയോടെയുള്ള സംസാരവും അവളുടെ കൊച്ചു കൊച്ചു വാശികളും അവരുടെ പ്രണയത്തിന് നിറങ്ങൾ ചാർത്തി. ജീവൻ ഇടയ്ക്കൊക്കെ വീട്ടിൽ വന്നിരുന്നു.

അമ്മയോട് കുറച്ചുനേരം സംസാരിച്ചിരിക്കും.

അതിനേക്കാളേറെ കാര്യങ്ങൾ അനുവിനോട് കണ്ണുകൾ കൊണ്ട് സംസാരിക്കും. ഇരുവരും ഭ്രാന്തമായി സ്നേഹിച്ച തുടങ്ങിയ നാളുകൾ.

മധുരമേറിയ ഓർമ്മകളുടെ പുഞ്ചിരിയിൽ ഒരു ദിവസം കോളേജ് വിട്ടു വീട്ടിൽ കയറുമ്പോഴാണ് സേതുരാമൻ, ജീവന്റെ അച്ഛൻ വരാന്തയിൽ ഇരിക്കുന്നത് കണ്ടത്. അവൾ അദ്ദേഹത്തെ നേരിട്ട് ആദ്യമായി കാണുകയായിരുന്നു.

ഒത്ത പൊക്കവും തടിയുമുള്ള, അവിടവിടായി അല്പം നരച്ച കട്ടിമീശയും മുടിയും, ക്ലീൻ ഷേവും… !! ഗൗരവമേറിയ ആ മുഖത്തിന് ചേരാത്തൊരു പുഞ്ചിരി മുഖത്തുണ്ടായിരുന്നു. അവളൊന്ന് പതറി.

ജീവൻ എല്ലാ കാര്യങ്ങളും ഇദ്ദേഹത്തോട് പറഞ്ഞു എന്നാണറിവ്, എന്നാലും എന്തോ ഒരു ഭയം പോലെ.

” ആ.. മോളു വന്നോ. മോള് വന്നിട്ട് പോകാൻ ഇരിക്കുകയായിരുന്നു ഞാൻ. ”
അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.

” അച്ഛൻ ഇരിക്കൂ.. ഞാൻ ചായ എടുക്കാം.”

“ചായ ഒന്നും വേണ്ട മോളെ.. വെള്ളം കുടിച്ചു..

ഞാൻ ഇറങ്ങുവാ. പിന്നെ ഞാനിപ്പോൾ വന്നത്… ജീവനെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്..

എനിക്ക് സ്വന്തമെന്നു പറയാൻ അവനെ ഉള്ളൂ. അറിയാലോ അവന്റെ അമ്മ ഇത്തിരി ദേഷ്യക്കാരിയാ.. എങ്കിലും എന്റെ മകന്റെ ഒരാഗ്രഹത്തിനും ഞാനിതുവരെ തീർന്നിട്ടില്ല.

അവൻ…. അവനാണെനിക്ക് എല്ലാം. മോളുടെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടത്തെ കോഴ്സ് കഴിഞ്ഞാൽ അവന് ന്യൂയോർക്ക് ഒരു ഇന്റെന്ഷിപ്പ് ചെയ്യണമെന്നാണ് ആഗ്രഹം.

അതുകഴിഞ്ഞാൽ മിക്കവാറും അവിടെത്തന്നെ ജോലിയും കിട്ടും.”

” ജീവൻ പറഞ്ഞിരുന്നു അച്ഛാ..”

” മ്മ്.. അപ്പോ അവൻ ന്യൂയോർക്കിൽ പോകും മുന്നേ നിങ്ങളുടെ ഒരു എൻഗേജ്മെന്റ് നടത്തണം.. എൻഗേജ്മെന്റ് എന്നാൽ ചെറിയൊരു വിവാഹം പോലെ തന്നെ..

കാരണം അവൻ തിരിച്ചു വരാൻ എത്ര നാളെടുക്കും എന്നൊന്നും പറയാൻ പറ്റില്ലല്ലോ…

തിരിച്ചു വന്നതിനു ശേഷം നമുക്ക് ഗ്രാൻഡ് ആയി ഒരു പാർട്ടി ഒക്കെ നടത്താം. മോൾക്ക് സമ്മതം ആണല്ലോ അല്ലേ.”

സന്തോഷം കൊണ്ട് അവൾ കോരിത്തരിച്ചുപോയി.

” വേറെ ഒന്നും ഇപ്പോൾ ആലോചിക്കേണ്ട.. ഒരു ഓഡിറ്റോറിയത്തിൽ വച്ച് തന്നെ നടത്താം ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം ഞാൻ സെറ്റ് ആക്കി കൊള്ളാം.”

അവളുടെ കണ്ണു നിറഞ്ഞു. തങ്ങളെ നന്നായി മനസ്സിലാക്കിയൊരച്ഛൻ..!! ഇതില്പരം എന്ത് ഭാഗ്യമാണ് വേണ്ടത്.. അമ്മയും നന്ദിയോടെ അദ്ദേഹത്തെ നോക്കുന്നുണ്ടായിരുന്നു..

രാത്രി ഒരുതരത്തിലും ഉറക്കം വരാതെ ജീവന്റെ ഫസ്റ്റ് ഗിഫ്റ്റ് എടുത്ത് നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെൽ അടിച്ചത്… ജീവനായിരുന്നു..!!
അവളുടെ ഹൃദയം തുടികൊട്ടി.

സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അവന്റെ ഫോട്ടോ നോക്കി അവൾ അൽപനേരം നിന്നു.

” ഗുഡ് മോണിംഗ് അനു. ”
ഫോണിൽ ജീവനായിരുന്നു.

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4

ജീവരാധ: ഭാഗം 5

ജീവരാധ: ഭാഗം 6